നാല് പതിറ്റാണ്ടിലേറെയായി മലയാള നാടക രചനാ മേഖലയില്‍ അക്ഷരങ്ങള്‍ കൊണ്ട് അഗ്‌നിപടര്‍ത്തുന്ന അനുഗൃഹീതനായ നാടക രചയിതാവാണ് ഫ്രാന്‍സിസ് ടി. മാവേലിക്കര. ലോകത്ത് മലയാളികളുള്ള എല്ലായിടത്തും അദ്ദേഹത്തിന്റെ നാടകങ്ങളും അരങ്ങേറിയിട്ടുണ്ട്. ഭാരതീയ നാടകപാരമ്പര്യത്തിന്റെ ആധുനിക കാലത്തെ കരുത്തുറ്റ വക്താവായ അദ്ദേഹം തന്റെ നാടക ജീവിതാനുഭവങ്ങള്‍ അഭിമുഖത്തിലൂടെ കേസരി വായനക്കാരുമായി പങ്കുവെക്കുന്നു.
♠കേരളത്തിലെ ഏറ്റവും തിരക്കേറിയ പ്രൊഫഷണല്‍ നാടകകൃത്താണ് താങ്കള്‍. എങ്ങനെയാണ് അങ്ങ് നാടകരംഗത്തേക്ക് വന്നത്, വളര്‍ന്നത്, ആ ചരിത്രം ഒന്ന് പങ്കുവെയ്ക്കാമോ?
എന്റെ മുത്തശ്ശി യേശുദാസിന്റെ അച്ഛന്‍ പെങ്ങളാണ്.യേശുദാസിന്റെ അപ്പന്‍ അഗസ്റ്റിന്‍ ജോസഫ് നാടകകാരന്‍ കൂടിയായിരുന്നു. അക്കാലത്ത് പ്രധാനമായും ഉണ്ടായിരുന്നത് ചവിട്ടുനാടകങ്ങള്‍ ആണ്. മുത്തശ്ശി സ്റ്റേജില്‍ കയറിയിട്ടില്ല എങ്കിലും നന്നായി അഭിനയിക്കുമായിരുന്നു. എന്റെ കുട്ടിക്കാലത്ത് മുത്തശ്ശി പല നാടകങ്ങളും അഭിനയിച്ചുകാണിക്കുമായിരുന്നു. അതുകൊണ്ട് നാടകമെഴുതാനുള്ള കഴിവ് എനിക്ക് ജനിതകമായി കിട്ടിയതാകും. വളരെ ചെറുപ്പത്തില്‍ തന്നെ ഞാന്‍ നാടകങ്ങള്‍ എഴുതുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ അമേച്വര്‍ നാടകരംഗത്താണ് ആദ്യം സജീവമായിരുന്നത്. എന്റെ അമേച്വര്‍ നാടകങ്ങള്‍ എം.കെ.അര്‍ജ്ജുനന്‍, എ.പി.ഗോപാലന്‍ എന്നിവര്‍ കാണുകയുണ്ടായി. അന്നത്തെ മിക്ക പ്രൊഫഷണല്‍ നാടകസംഘങ്ങള്‍ക്ക് വേണ്ടിയും ഗാനങ്ങള്‍ എഴുതിയിരുന്നത് ഇവരായിരുന്നു. എ.പി ഗോപാലന്‍ എന്ന കവിയെ സത്യത്തില്‍ നമ്മുടെ നാട് മറന്നുപോയി.
ഉഷസേ നീയെന്നെ വിളിക്കുകില്ലെങ്കില്‍
ഒരിക്കലും ഞാനിന്നുണരുകില്ല… അതുപോലെ
അത്തപ്പൂ ചിത്തിരപ്പൂ
തൃത്താപ്പൂ ചൂടിവായോ
ഈ പാട്ടുകള്‍ മലയാളി ഒരിക്കലും മറക്കില്ല. അതുപോലെ പൊന്നാപുരം കോട്ട സിനിമക്ക് വേണ്ടി പാട്ടെഴുതിയത് ഒക്കെ എ.പി.ഗോപാലന്‍ ആണ്.
ഇവര്‍ രണ്ടുപേരും കൂടി ഞാനെഴുതിയ ഒരു അമേച്വര്‍ നാടകം കാണുകയുണ്ടായി. അതിനുശേഷം എന്നോട് ചോദിച്ചു, രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഏതെങ്കിലും നാടകം എഴുതിവെച്ചിട്ടുണ്ടോ ഉെണ്ടങ്കില്‍ തരൂ എന്ന്. അങ്ങനെ ഇവര്‍ പറഞ്ഞിട്ട് മലയാളത്തിലെ എക്കാലത്തെയും വലിയ നടികളില്‍ ഒരാളായ കെപിഎസി സുലോചനയുടെ ആങ്ങള, സംസ്‌കൃത അധ്യാപകനായ കൃഷ്ണന്‍കുട്ടി എന്റെ വീട്ടില്‍ വന്നു. ഞാന്‍ എപി പറഞ്ഞിട്ട് വരികയാണ്, നിന്റെ കൈയ്യില്‍ ഒരു നാടകമുണ്ടല്ലോ, അതിങ്ങു തരൂ എന്ന് പറഞ്ഞു. ഞാനതെടുത്ത് കൊടുത്തപ്പോള്‍ അദ്ദേഹം വാങ്ങിയില്ല. വരൂ നമുക്കൊന്ന് നടക്കാമെന്നു പറഞ്ഞു അടുത്തുള്ള ഗണപതി ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോള്‍ ഇവിടെവെച്ചു തരൂ എന്ന് പറഞ്ഞു. അങ്ങനെ അത് അദ്ദേഹം വാങ്ങിക്കൊണ്ടുപോയി.
പത്തു ദിവസം കഴിഞ്ഞു അദ്ദേഹം വീണ്ടും വന്ന് അവര്‍ ആ നാടകം അവതരിപ്പിക്കാന്‍ പോവുകയാണ് എന്ന് പറഞ്ഞു.അന്നെനിക്ക് 22 വയസ്സാണ്. അങ്ങനെയാണ് ഞാന്‍ പ്രൊഫഷണല്‍ നാടകരംഗത്തേക്ക് വരുന്നത്. ഇതറിഞ്ഞു ആ വര്‍ഷം തന്നെ എന്നെ തേടി മറ്റൊരു നാടകസംഘം വന്നു. അങ്ങനെ ആദ്യവര്‍ഷം തന്നെ രണ്ടു നാടകങ്ങള്‍ എഴുതിക്കൊണ്ടാണ് ഞാന്‍ പ്രൊഫഷണല്‍ രംഗത്തേക്ക് വരുന്നത്.
♠ഇന്ന് മലയാളത്തില്‍ ഏറ്റവുമധികം പ്രൊഫഷണല്‍ നാടകങ്ങള്‍ എഴുതുന്ന നാടകൃത്താണ് അങ്ങ്. ചില നാടകങ്ങള്‍ നൂറുകണക്കിന് വേദികളില്‍ തുടര്‍ച്ചയായി കളിക്കാറുണ്ട്. എങ്ങനെയാണ് ഇത്രയധികം നാടകങ്ങള്‍ വ്യത്യസ്ത പ്രമേയങ്ങളുമായി എഴുതാന്‍ കഴിയുന്നത്. വലിയൊരു സര്‍ഗ്ഗപ്രക്രിയ അല്ലെ അത്?
നിങ്ങള്‍ വിശ്വസിക്കുമോ എന്നറിയില്ല, ഇരുപത്തഞ്ചു വയസ്സായപ്പോഴേക്കും മാവേലിക്കര പബ്ലിക് ലൈബ്രറിയിലെ മുഴുവന്‍ പുസ്തകങ്ങളും ഞാന്‍ വായിച്ചു തീര്‍ത്തിരുന്നു. ഒരു ദിവസം പതിനാറ് മണിക്കൂര്‍ വരെ ഞാന്‍ വായിക്കുമായിരുന്നു. ആ ശീലം എന്നെ നാടക രചനയില്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. അതുപോലെ ഞാന്‍ ജീവിതം നാടകത്തിനു കൊടുത്തപ്പോള്‍ നാടകം എനിക്കൊരു ജീവിതം തന്നു. കഴിഞ്ഞ നാല്പത് വര്‍ഷം ഞാന്‍ ജീവിച്ചത് നാടകം കൊണ്ടാണ്. ഞാന്‍ ജീവിച്ചത് നാടകത്തിനുവേണ്ടി, അതുകൊണ്ടുതന്നെ ഞാന്‍ ഇപ്പോഴും നാടകത്തിനു വേണ്ട കഥ അന്വേഷിച്ചുകൊണ്ടേ ഇരിക്കും. മുന്നില്‍ കാണുന്ന എന്തിലും ഞാന്‍ തേടുന്നത് ഒരു നാടകത്തിന്റെ സാധ്യതയാണ്. അങ്ങനെയാണ് എനിക്കത് സാധ്യമാകുന്നത്. പന്ത്രണ്ട് നാടകം വരെ എഴുതിയ വര്‍ഷങ്ങള്‍ ഉണ്ട്. ഈ നാല്പത് വര്‍ഷത്തിനിടയില്‍ ഞാന്‍ 375 പ്രൊഫഷണല്‍ നാടകങ്ങള്‍ എഴുതിക്കഴിഞ്ഞു.
♠ഒരു വിഷയം കണ്‍സീവ് ചെയ്താല്‍ പിന്നെ സാറിന്റെ എഴുത്തിന്റെ രീതി എങ്ങനെയാണ്?
ഒരു വിഷയം കണ്‍സീവ് ചെയ്തുകഴിഞ്ഞാല്‍ ഒറ്റയെഴുത്താണ്. തുടങ്ങിയാല്‍ പിന്നെ അത് തീര്‍ത്തിട്ടേ നിര്‍ത്തൂ. അതില്‍ തിരുത്തലുകള്‍ ഒന്നും ഉണ്ടാകില്ല. അതൊരു ക്രാഫ്റ്റ് ആണ്. നിരന്തരമായി ചെയ്തുചെയ്ത് ഉണ്ടാകുന്ന ഒരു ജ്ഞാനമുണ്ടല്ലോ. അതാണത്. ചില വര്‍ഷങ്ങളില്‍ എട്ടും ഒമ്പതും നാടകങ്ങള്‍ മുന്നൂറ്റമ്പതിന് മുകളില്‍ വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒരിക്കല്‍ തോപ്പില്‍ ഭാസി പറയുകയുണ്ടായി, എന്റെ നാടകങ്ങള്‍ അവതരിപ്പിക്കാത്ത ഒരു ദിവസം പോലും കേരളത്തിലുണ്ടാകില്ല എന്ന്. ചില വര്‍ഷങ്ങളില്‍ എന്റെ എട്ടോ പത്തോ നാടകം കളിക്കാത്ത ഒരു രാത്രി പോലും കേരളത്തില്‍ കടന്നുപോകില്ലായിരുന്നു എന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. നമ്മള്‍ ഇപ്പോള്‍ സംസാരിക്കുമ്പോഴും ആറേഴു വേദികളില്‍ എന്റെ നാടകങ്ങള്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. ആകെ ഏതാണ്ട് അമ്പതിനായിരം വേദികളില്‍ എന്റെ നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിന് പുറമെ മറ്റു സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്ത് മലയാളികള്‍ ഉള്ള എല്ലായിടത്തും നാടകങ്ങള്‍ അവതരിപ്പിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്.
♠ഏറ്റവും പഴയ ഒരു കലാരൂപമാണ് നാടകം. നാടകത്തിന്റെ അംശം, അഭിനയം എന്നിവ ഇല്ലാത്ത ഒരു അവതരണകലയുമില്ല. അങ്ങനെ ഇത്രയധികം പാരമ്പര്യമുള്ള ഈ കലാരൂപത്തിന് ആധുനിക കാലത്ത് പ്രസക്തി കുറയുന്നു എന്നൊരു അഭിപ്രായമുണ്ട്?
ലോകത്തില്‍ ഉണ്ടായ ഏറ്റവും ബുദ്ധിമാനായ മനുഷ്യന്‍ പോലും അയാളുടെ തലച്ചോറിന്റെ ചെറിയ ഒരു ഭാഗം മാത്രമേ ഉപയോഗിച്ചിട്ടുള്ളു. അപ്പോള്‍ ഒരു കലാകാരന്റെയും തലച്ചോറില്‍ ബഹുഭൂരിപക്ഷവും അന്വേഷണത്തിന് സാദ്ധ്യതകള്‍ ഏറെയാണ്. അതുകൊണ്ടുതന്നെ എല്ലാ കലയിലും അന്വേഷണങ്ങളും കണ്ടെത്തലുകളും നിരന്തരം നടന്നുകൊണ്ടേയിരിക്കും. അതുകൊണ്ട് നാടകം അവസാനിക്കുന്നു, പ്രസക്തി നഷ്ടപ്പെടുന്നു എന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. ഞാന്‍ തുടങ്ങിയ കാലത്ത് നിന്ന് ഇപ്പോള്‍ എത്തിനില്‍ക്കുന്ന കാലം വരെ ഞാന്‍ സ്വയം നവീകരിക്കപ്പെടുകയായിരുന്നു, അതിലൂടെ നാടകങ്ങളും നവീകരിക്കപ്പെടുകയായിരുന്നു. അവതരണരീതി, കഥപറച്ചിലിന്റെ പുതിയ മാര്‍ഗ്ഗങ്ങള്‍ അങ്ങനെ എല്ലാ മേഖലയും മാറുന്നു. നമ്മള്‍ തെരഞ്ഞെടുക്കുന്ന അടിസ്ഥാനപ്രമേയങ്ങള്‍ പ്രണയവും വിരഹവും പ്രതികാരവുമൊക്കെ ആണെങ്കിലും അത് അവതരിപ്പിക്കുന്ന രീതി മാറിക്കൊണ്ടേ ഇരിക്കും. നമ്മളൊക്കെ പ്രണയിച്ച രീതിയിലല്ല ഇന്നത്തെ യുവതലമുറ പ്രണയിക്കുന്നത്. പ്രണയം പറയുന്നത്, അവന്‍ സങ്കടങ്ങളെ അനുഭവിക്കുന്നത്, സന്തോഷങ്ങള്‍ ഏറ്റുവാങ്ങുന്നത്, അവയുടെ രീതികള്‍ എല്ലാം കാലാന്തരത്തില്‍ മാറിക്കൊണ്ടേ ഇരിക്കും. ഈ മാറ്റങ്ങള്‍ എല്ലാ കലാരൂപത്തിലും സംഭവിക്കും, നാടകത്തിലും സംഭവിക്കുന്നുണ്ട്. നാടകം കാണാത്തവരും, ഒരു അന്വേഷണബുദ്ധിയോടെ ചിന്തിക്കാത്തവരുമാണ് നാടകത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു എന്ന് പറയുന്നത്.
ലങ്കയിലെത്തിയ ഹനുമാന്‍ രാവണനെ തേടുമ്പോള്‍ രാവണന്‍ അവിടുത്തെ തിയേറ്ററില്‍ നാടകം ആസ്വദിക്കുകയായിരുന്നു. സ്വര്‍ണനിര്‍മ്മിതമായ നാടകശാലയില്‍ അപ്‌സരസ്സുകളെ വെല്ലുന്ന സുന്ദരികളോടൊപ്പം നൃത്തം ചെയ്ത് തളര്‍ന്നു കിടക്കുന്ന രാവണനെയാണ് ഹനുമാന്‍ കാണുന്നത്. എന്താണിതില്‍ നിന്ന് മനസ്സിലാക്കേണ്ടത്? തിയേറ്റര്‍, തിയേറ്റര്‍ കലാരൂപങ്ങള്‍ എന്നിവ അന്നേയുണ്ട്. ഗ്രീസില്‍ 2500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിയേറ്ററും നാടകങ്ങളുമുണ്ട് എന്ന് പറയുമ്പോള്‍ നമ്മുടെ നാട്ടില്‍ അതിനു മുന്നെയുണ്ട് എന്നും മനസ്സിലാക്കണം.ഗ്രീസിന്റെ ചരിത്രത്തില്‍ പറയുന്നത് തെസ്പിയന്‍ ആണ് ആദ്യ നാടകകാരന്‍ എന്നാണ്. തെസ്പിയന്‍ എന്ന കലാകാരന്‍ അയാള്‍ക്ക് പറയാനുള്ളത് ഒരു ഉയര്‍ന്ന വേദിയില്‍ കയറിനിന്ന്, നാടകീയമായി പാട്ടിന്റെയും വാദ്യത്തിന്റെയുമൊക്കെ പിന്‍ബലത്തോടെ ഒറ്റക്ക് അവതരിപ്പിക്കുന്നു. അദ്ദേഹം തന്നെയാണ് ഗ്രീസിന്റെ തെരുവീഥികളില്‍ ഇങ്ങനെയൊരു പരിപാടി നടക്കാന്‍ പോകുന്നു എന്ന് ചെണ്ടകൊട്ടി നാട്ടുകാരെ അറിയിച്ചിരുന്നത്. ഈ തെസ്പിയന്റെ അവതരണത്തിന് മുന്നില്‍ കാണികള്‍ ചിരിച്ചു, കൈയ്യടിച്ചു, കരഞ്ഞു. അങ്ങനെ അദ്ദേഹം ജനകീയനായി. അന്നത്തെ ഭരണകൂട അനീതികള്‍ക്കെതിരെ തന്റെ ഏകാംഗ നാടകങ്ങളിലൂടെ തെസ്പിയന്‍ ആക്രമണം നടത്തിയിരുന്നു. അങ്ങനെ തെസ്പിയനെ തുറുങ്കിലടച്ചു. ഭരണകൂടം കലാകാരന്മാരെ വേട്ടയാടുന്ന രീതി അന്നേ ഉണ്ടായിരുന്നു. അതായത്, കലാകാരന്റെ കലാപത്തിന് അത്രത്തോളം പഴക്കമുണ്ട്.
നാടകം എന്നത് കലാപത്തിന്റെ കലാരൂപമാണ്. അതുകൊണ്ടുതന്നെ നാടകം കൊണ്ട് ഒരുപാട് മാറ്റങ്ങള്‍ എല്ലാ സമൂഹത്തിലും ഉണ്ടായിട്ടുണ്ട്. നോക്കൂ.. മഹാകവി കാളിദാസന്റെ ശാകുന്തളത്തിലൂടെ അദ്ദേഹം ഒളിഞ്ഞും തെളിഞ്ഞും ആരെയൊക്കെയാണ് വിമര്‍ശിക്കുന്നത്. സ്ത്രീയോടുള്ള സമീപനം, രാജാവിന്റെ മറവിരോഗം, കണ്വാശ്രമത്തില്‍ നിന്ന് രാജധാനിയിലെത്തുന്ന ശകുന്തള കാവല്‍ക്കര്‍ക്ക് കൈക്കൂലി കൊടുക്കേണ്ടി വരുന്നു. ദുഷ്യന്തന്റെ ഭരണകാലത്തും പോലീസുകാരന്‍ കൈക്കൂലി വാങ്ങുന്നത് മഹാകവി ചിത്രീകരിക്കുന്നു. പറഞ്ഞുവന്നത് മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നത് കൊണ്ട് മനുഷ്യനോടൊപ്പം നാടകവും നിലനില്‍ക്കുക തന്നെ ചെയ്യും.
♠പതിറ്റാണ്ടുകള്‍ നീണ്ട നാടകത്തോടൊപ്പമുള്ള വിജയകരമായ ഈ യാത്രയില്‍ അങ്ങ് ഗുരുസ്ഥാനത്ത് കാണുന്നത് ആരെയൊക്കെയാണ്..?
നാല്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ നാടകരംഗത്ത് വരുമ്പോള്‍ ഇവിടെ തോപ്പില്‍ ഭാസി, എന്‍.എന്‍.പിള്ള,കെ.ടി.മുഹമ്മദ്, എസ്.എല്‍.പുരം സദാനന്ദന്‍, തിക്കോടിയന്‍, സി.എല്‍.ജോസ് എന്നീ മഹാരഥന്മാരുടെ വലിയ നിര ജ്വലിച്ചുനില്‍ക്കുകയാണ്. ഇവരെല്ലാവരുമായും എനിക്ക് നേര്‍ബന്ധം ഉണ്ടായിരുന്നു. ഞാന്‍ മാവേലിക്കരക്കാരനാണ്. ഭാസിച്ചേട്ടന്‍ വള്ളികുന്നം ആണ്. കെപിഎസി ഇവിടുന്ന് പതിനൊന്ന് കിലോമീറ്റര്‍ മാത്രം അകലെയാണ്.അതുകൊണ്ട് ഭാസിച്ചേട്ടനെ മിക്കവാറും നേരില്‍ കാണുമായിരുന്നു. അതൊരു അനുഭവമാണ്. അതുപോലെ എന്‍.എന്‍.പിള്ളയുടെ വീട്ടില്‍ സ്ഥിരമായി പോകുമായിരുന്നു. അദ്ദേഹമാണ് എങ്ങനെയാണു നാടകം എഴുതേണ്ടത് എന്ന് ഇരുത്തി പറഞ്ഞുതന്നത്. അതുപോലെ എസ്.എല്‍.പുരം നല്ല സുഹൃത്തായിരുന്നു, ഒരുപാട് ഒന്നിച്ച് യാത്ര ചെയ്തിട്ടുണ്ട്, കലഹിച്ചിട്ടുണ്ട്. കെ.ടി മുഹമ്മദ് കെ.പി.എസിയില്‍ നാടകം ചെയ്യാന്‍ വന്നപ്പോള്‍ പ്രോംപ്റ്റര്‍ ആയി ഇരുന്നിട്ടുണ്ട്. ഇവരുടെയൊക്കെ നാടകങ്ങളുടെ മുന്നിലിരുന്നാണ് ഞാന്‍ നാടകം പഠിച്ചത്. കേരളത്തിന്റെ സംസ്‌കാരികചരിത്രത്തിലെ ഏറ്റവും വലിയ നിരൂപകനായ കെ.പി.അപ്പന്‍ സാറിന്റെ ഒരു നിരീക്ഷണമുണ്ട്. ഇരുപതാം നൂറ്റാണ്ടില്‍ ഉയര്‍ന്ന ഏറ്റവും വലിയ സാമൂഹ്യ ചോദ്യം ഉയര്‍ന്നത് ഒരു നാടകത്തില്‍ നിന്നാണ്. രോഗം ഒരു കുറ്റമാണോ എന്നതാണ് ആ ചോദ്യം.കുഷ്ഠരോഗികളെ അറസ്റ്റ് ചെയ്ത് സാനിറ്റോറിയത്തില്‍ അടക്കുന്ന സാമൂഹ്യവ്യവസ്ഥക്കെതിരെയാണ് ഒരു നാടകത്തിലൂടെ ഭാസിച്ചേട്ടന്‍ ആ ചോദ്യം ഉയര്‍ത്തിയത്.പിഎം താജ്, ഇബ്രാഹിം വേങ്ങര, സേവിയര്‍, ശ്രീകണ്ഠന്‍നായര്‍, എന്‍.കൃഷ്ണപിള്ള, കാവാലം, പാറപ്പുറത്ത്, നരേന്ദ്രപ്രസാദ് എന്നിവരൊക്കെ ഉണ്ടാക്കിയ ചലനങ്ങള്‍ ചെറുതല്ല. നെടുമുടിവേണുവും ഭാരത് ഗോപിയും, മുരളിയും ഒക്കെ നാടകങ്ങളില്‍ അഭിനയിക്കുന്ന കാലത്ത് ഇവരുടെയൊക്കെ വേദികളുടെ മുന്നിലിരുന്ന് എന്താണ് നാടകം എന്ന് പഠിക്കാന്‍ കഴിഞ്ഞതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. നാടകത്തിലെ മഹാരഥന്മാര്‍ക്കൊപ്പം സഞ്ചരിക്കുകയും അനുഭവിക്കുകയും പഠിക്കുകയുമെല്ലാം ചെയ്ത സമൃദ്ധമായ ആ കാലത്താണ് എന്നെപ്പോലുള്ള ഒരു ചെറുപ്പക്കാരന്‍ നാടകത്തിലേക്ക് കടന്നുവരുന്നതും സ്വന്തമായ ഒരു ഇടം അന്വേഷിക്കുന്നതും. ഭാസിച്ചേട്ടന്‍ എന്നെക്കൊണ്ട് മുറുക്കാന്‍ വാങ്ങിപ്പിച്ചിട്ടുണ്ട്. ആ ഭാസിച്ചേട്ടനും ഞാനും കൂടി പില്‍ക്കാലത്ത് നാടകത്തില്‍ മത്സരിച്ചു. പറഞ്ഞുവന്നത്, ഈ പൂര്‍വ്വസൂരികളെല്ലാം എന്റെ ഗുരുക്കന്മാരാണ്. ഈ മഹാപ്രതിഭകള്‍ എനിക്ക് ഒരുപാട് കാര്യങ്ങള്‍ നല്‍കിയിട്ടുണ്ട്. അവര്‍ തെളിച്ചിട്ട വഴികളിലൂടെ മാത്രമാണ് ഞാനും സഞ്ചരിക്കുന്നത്. അതിലൂടെ ഞാന്‍ എത്ര ദൂരം പോയി എന്നത് കാലം വിലയിരുത്തേണ്ടതാണ്.
♠ഭാരതത്തിന്റെ നാടകപാരമ്പര്യം സഹസ്രാബ്ദങ്ങളോളം നീണ്ടുകിടക്കുന്നതാണ്.കാളിദാസന്‍, ഭവഭൂതി, ഭാസന്‍ അങ്ങനെ വളരെ നീണ്ട ഒരു നിര തന്നെ നമുക്കുണ്ട്.അങ്ങനെ ഈ മേഖലയിലും ലോകത്തിനു വഴികാണിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ടായിട്ടും ഇവിടെ ഈ രംഗത്തിനു വേണ്ടത്ര പരിഗണ ലഭിക്കുന്നില്ല എന്നൊരു വിലയിരുത്തലുണ്ടല്ലോ?
നമ്മുടെ നാട്ടില്‍ നാടകകാരനായ ഗിരീഷ് കര്‍ണാടിന് ജ്ഞാനപീഠം ലഭിച്ചിട്ടുണ്ട്. എങ്കിലും യാഥാര്‍ഥ്യം പറയണമല്ലോ. നാട്യശാസ്ത്രമുണ്ടായ നാട്ടില്‍, കാളിദാസനും ഭവഭൂതിയും ഭാസനുമൊക്കെ ജനിച്ച നാട്ടില്‍ അതിനു അനുയോജ്യമായ നല്ലൊരു തിയേറ്റര്‍ സംസ്‌കാരം ഉണ്ടായില്ല എന്നതാണ് വാസ്തവം. ഇംഗ്ലണ്ടിലെ ഗ്ലോബ് തിയേറ്റര്‍ നോക്കൂ. എം.ടി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, ഗ്ലോബില്‍ ഒരു നാടകം കാണുക എന്നത് വലിയൊരു അഭിലാഷമായിരുന്നു. പക്ഷെ ഓരോ പ്രാവശ്യം ശ്രമിക്കുമ്പോഴും മാസങ്ങള്‍ക്ക് മുമ്പ് ടിക്കറ്റുകള്‍ തീര്‍ന്നിട്ടുണ്ടാകുംഗ്രീസില്‍ രണ്ടായിരത്തഞ്ഞൂറു വര്‍ഷം മുമ്പ് ഉണ്ടായിരുന്ന തിയേറ്റര്‍ നെറ്റില്‍ നോക്കിയാല്‍ കാണാം. അങ്ങനെയൊരു തിയേറ്റര്‍ ഇവിടെയില്ല. എന്നാല്‍ വേറൊന്നു ചിന്തിച്ചുനോക്കൂ. കൂടിയാട്ടം നാടകമല്ലേ, കഥകളി നാടകമല്ലേ. എങ്കിലും നല്ലൊരു തിയേറ്റര്‍ സംസ്‌കാരം ഇനിയെങ്കിലും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അതിലൂടെ നമ്മുടെ നാടക പാരമ്പര്യം സംരക്ഷിക്കപ്പെടുകയും അങ്ങനെ ആ നാടകങ്ങള്‍ നിരന്തരമായി പുതിയ കാലത്തും അവതരിപ്പിക്കപ്പെടുകയും ചെയ്യണം.
ഷേക്‌സ്പിയര്‍ നാടകങ്ങള്‍ അങ്ങനെ തന്നെയും പലരൂപത്തിലും ഇന്നും ലോകത്തിലെ എല്ലാ ഭാഷകളിലും അവതരിപ്പിക്കപ്പെട്ടുകൊണ്ടേ ഇരിക്കുകയാണ്. അതുപോലെ കാളിദാസനും ഭാസനും ഒക്കെ അവതരിപ്പിക്കപ്പെടണം.ഇതിനെല്ലാം ബോധപൂര്‍വ്വമായ ശ്രമം നടക്കണം. ഗ്ലോബ് തിയേറ്റര്‍ എന്നത് വലിയ ഒരു ഉദാഹരണമാണ്.ഇന്ത്യയിലെ ഒരു ബിഗ് ബജറ്റ് സിനിമയേക്കാള്‍ അധികമാണ് ഗ്ലോബിലെ ഒരു നാടകത്തിന്റെ ചെലവ്. ഏകദേശം 400/500 പേരടങ്ങുന്ന ക്രൂ ആണ് നാടകം അവതരിപ്പിക്കുന്നത്. വല്ലാത്ത ഒരു അനുഭവമാണത്. നമുക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത അച്ചടക്കത്തോടെയാണ് പ്രേക്ഷകന്‍ ആ നാടകശാലയിലേക്ക് എത്തുന്നത്. ആദ്യം തന്നെ അന്ന് അവതരിപ്പിക്കപ്പെടുന്ന നാടകത്തിന്റെ വിശദാംശങ്ങള്‍ അടങ്ങിയ ബ്രോഷര്‍ ലഭിക്കും, നാടകത്തിന്റെ വിവിധ ഭാവങ്ങള്‍ ഉള്ള ഒരു എക്‌സിബിഷനിലൂടെ കടന്നുവേണം പ്രേക്ഷകന് തന്റെ സീറ്റിലേക്ക് എത്താന്‍.അപ്പോഴേക്കും ആ പ്രേക്ഷകന്‍ നാടകത്തില്‍ ആയിക്കഴിഞ്ഞു. അദ്ഭുതപ്പെടുത്തുന്ന രംഗസജ്ജീകരണങ്ങള്‍,ദീപവിന്യാസങ്ങള്‍, ശബ്ദക്രമീകരണങ്ങള്‍… സിനിമയെ വെല്ലുന്ന രീതിയിലാണ് അവിടെ നാടകം കാണുന്നത്. ഹോളിവുഡിലെ ഓസ്‌കാര്‍ ലഭിച്ച നടന്‍ ആയാലും ക്യു നിന്ന് ടിക്കറ്റെടുത്തു മാത്രമേ അകത്തു കയറാന്‍ കഴിയൂ. സാധാരണപ്രേക്ഷകരോടൊപ്പമേ കാണാനും കഴിയൂ. അവിടെ നാടകകാരന്‍ ഒരു ഹോളിവുഡ് ഹീറോയെക്കാള്‍ ബഹുമാനിക്കപ്പെടും. അവിടെ ഒരാള്‍ക്ക് കൊടുക്കാവുന്ന ഏറ്റവും വിലയേറിയ സമ്മാനം ഗ്ലോബിലെ ടിക്കറ്റ് ആണ്. ഇതാണ് ആ നാട്ടിലെ നാടകസംസ്‌കാരം. നിര്‍ഭാഗ്യവശാല്‍ നമുക്ക് അങ്ങനെയൊന്നില്ല. ഞങ്ങളുടെ നാട്ടില്‍നിന്ന് അവിടെപ്പോയ ഒരു പുരോഹിതന്‍ വഴി വളരെ നേരത്തെ ബുക്ക് ചെയ്താണ് ഒരിക്കല്‍ ഞാന്‍ ഗ്ലോബില്‍ പോയി നാടകംകണ്ടത്. നമ്മുടെ പ്രേക്ഷകരും ഇങ്ങനെയൊരു നാടകസംസ്‌കാരം അര്‍ഹിക്കുന്നുണ്ട്. കാരണം ലോകത്തില്‍ ആദ്യം സംസ്‌കാരമുണ്ടായത് ഭാരതത്തിലാണ്. അതറിയാന്‍ വയ്യാത്തവരാണ് ഗ്രീസെന്നും ഈജിപ്‌റ്റെന്നുമൊക്കെ പറയുന്നത്. ഉപനിഷത്തുകളില്‍ നാടകം ഉണ്ടല്ലോ. വചശ്രവസ്സും നചികേതസ്സും തമ്മിലുള്ള സംവാദം നോക്കൂ. വിശ്വജിത്ത് യാഗത്തില്‍ തനിക്കുള്ളതെല്ലാം ദാനം ചെയ്യുന്ന അച്ഛന്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ ചോദ്യം ചെയ്തുകൊണ്ട് എന്നെ ആര്‍ക്കാണ് കൊടുക്കാന്‍ പോകുന്നത് എന്ന് നചികേതസ്സ് ചോദിക്കുന്നു. ദേഷ്യം വന്നപ്പോള്‍ നിന്നെ കൊടുക്കാന്‍ പോകുന്നത് യമനാണ് എന്ന് ആ പിതാവ് പറയുന്നു. അടുത്ത സീനില്‍ ആ കുട്ടി യമന്റെ അടുത്തേക്ക് പോകുന്നു. ഇത് വലിയൊരു നാടകത്തിന്റെ സാധ്യതയല്ലേ. യമനുമായുള്ള തര്‍ക്കം, തെറ്റുകള്‍ തിരുത്തിയ അച്ഛനെ തിരിച്ചുതരണം എന്ന് ചോദിക്കുന്ന വരം, ഇതിനൊന്നും സമാനതകളില്ല. ഗണിക്കാന്‍ പോലുമാകാത്ത പഴക്കത്തില്‍ ഭാരതത്തില്‍ നാടകം നിറഞ്ഞുനില്‍ക്കുകയാണ്. സഹസ്രാബ്ദങ്ങള്‍ക്കപ്പുറത്തുള്ള ഈ മഹാപാരമ്പര്യത്തിന്റെ സന്ദേശങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഇന്നും ദഹിക്കാതെ കിടക്കുന്നു. വലിയ ദുഃഖമാണത്.

♠ഒരുകാലത്ത് നാടകങ്ങള്‍ സമൂഹത്തില്‍ വലിയ ചലങ്ങള്‍ ഉണ്ടാക്കി എന്ന് പറഞ്ഞല്ലോ. എന്നാല്‍ ആധുനിക കാലത്ത് അതുപോലെ സമൂഹത്തെ സ്വാധീനിക്കാന്‍ കഴിയുന്ന നാടകങ്ങള്‍ ഉണ്ടാകുന്നില്ല എന്നത് ഒരു പരാതിയായി നിലനില്‍ക്കുന്നില്ലേ.
അത് ആ ഒരു കാലഘട്ടത്തിന്റെ പ്രത്യേകതയും കൂടിയാണ്. ഇന്ന് ലോകത്തിലെ സര്‍വ്വകാഴ്ചകളും നമ്മുടെ പോക്കറ്റിലും വിരല്‍ത്തുമ്പിലുമുണ്ട്. അന്ന് പ്രേക്ഷകരുടെ മുമ്പില്‍ കാഴ്ചയായി നാടകമേയുള്ളു.പകലന്തിയോളം പണിയെടുത്ത് രാത്രിയില്‍ ഒരു ഉത്സവവേദിയിലേക്ക് വന്നു പുലരുവോളം ആസ്വദിച്ചിരുന്ന സാധാരണക്കാരുടെ കാലമാണത്. അത് മാത്രമല്ല, കേരളത്തിലെ ഇടതുപക്ഷം അവരുടെ ആവശ്യങ്ങള്‍ക്കായി പ്രൊപ്പഗണ്ട നാടകങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ചു. അതൊന്നും നാടകമേ ആയിരുന്നില്ല. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ഒരു നാടകമല്ല. അതൊരു രാഷ്ട്രീയ പ്രചാരണ ഉപാധി മാത്രമാണ്. കെപിഎസി സുലോചന, ദേവരാജന്‍ മാഷ്, കെ. എസ്. ജോര്‍ജ്ജ്, ഒഎന്‍വി എന്നിങ്ങനെ എല്ലാ പ്രതിഭകളെയും അവര്‍ ഉപയോഗിച്ചു. ഇരുപത്തിനാല് പാട്ടൊക്കെയാണ് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയതില്‍ ഉണ്ടായിരുന്നത്. ജനങ്ങളെ പിടിച്ചിരുത്താനുള്ള ഒരു തന്ത്രമാണത്.നാടകം നടക്കുമ്പോള്‍ വളരെ ആസൂത്രിതമായി എം.എന്‍ ഗോവിന്ദന്‍ നായര്‍, എന്‍.ഇ.ബലറാം പോലുള്ള ഏതെങ്കിലും നേതാവ് അവിടേക്ക് കടന്നുവരും. അപ്പോള്‍ നാടകം നിര്‍ത്തിവെച്ച് രണ്ടു മണിക്കൂര്‍ രാഷ്ട്രീയ പ്രസംഗം. ഈ പ്രസംഗത്തിന് ശേഷം പതിനാലു പാട്ടുകളുമായി കെ.എസ് ജോര്‍ജ്ജ് എത്തുന്നു എന്ന് പറയുമ്പോള്‍ പ്രേക്ഷകര്‍ അവിടെത്തന്നെ ഇരിക്കും. ഇങ്ങനെയാണ് അവര്‍ നാടകത്തെ ഉപയോഗിച്ചത്. നാടകം കാണാന്‍ പായ് ചുരുട്ടി പോകാം. എന്നാല്‍ കൊടി ചുരുട്ടി പോകുന്നതെന്തിനാണ്. ഈ നാടകത്തിന്റെ അവസാനം പരമുനായര്‍ ഒരു കൊടി ഉയര്‍ത്തും അപ്പോള്‍ എല്ലാവരും കൊടി ഉയര്‍ത്തണം, മുദ്രാവാക്യം വിളിക്കണം എന്ന് പറയും. നാടകത്തിനു ശേഷം ചെറിയ ജാഥകളായി മുദ്രാവാക്യം വിളിച്ച് അവരവരുടെ സ്ഥലങ്ങളിലേക്ക് മടങ്ങണം. കൃത്യമായി സ്‌ക്രിപ്‌റ്റെഴുതി റിഹേഴ്‌സല്‍ ചെയ്ത് യഥാര്‍ത്ഥ നാടകത്തിനു മുന്നിലും പിന്നിലുമായി ഈ നാടകങ്ങള്‍ നടന്നു. സത്യത്തില്‍ ചരിത്രം അങ്ങനെ അടയാളപ്പെടുത്തേണ്ട ഒരു നാടകമായിരുന്നു അത്. ഇത് ഇന്നത്തെ കമ്മ്യൂണിസ്റ്റുകള്‍ സമ്മതിക്കില്ല. തങ്ങള്‍ വളര്‍ന്നത് നാടകത്തിലൂടെ ആണെന്ന് പറയുന്നത് അവര്‍ക്ക് കുറച്ചിലാണ്. ഇങ്ങനെ എല്ലാ കലാരൂപങ്ങളെയും അവര്‍ ഉപയോഗിച്ചു. ഒരു കലാരൂപത്തിന് ജനമനസ്സിലുള്ള സ്വാധീനത്തിന്റെ സാദ്ധ്യതകള്‍ തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ചു എന്നത് ഒരു തരത്തില്‍ അവരെ അഭിനന്ദിക്കേണ്ട കാര്യമാണ്. ഇങ്ങനെയാണ് കമ്യൂണിസ്റ്റ് പച്ച പടര്‍ന്നത് പോലെ അവര്‍ വളര്‍ന്നതും ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് പച്ച ഇല്ലാതാകുന്നത് പോലെ അവര്‍ ഇല്ലാതാകുന്നതും. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ഒരു നാടകമേയല്ല എന്ന് പറഞ്ഞല്ലോ. എന്നാല്‍ വി.ടി.ഭട്ടതിരിപ്പാട്, പ്രേംജി എന്നിവരിലൂടെ വന്ന അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് ഒരു സമുദായത്തിന്റെ കൈപിടിച്ചുയര്‍ത്തി. ആ നാടകത്തിലൂടെയാണ് വിധവ വിവാഹം നടന്നത്. നമ്പൂതിരി സമുദായം നവീകരിക്കപ്പെട്ടത് അതിലൂടെയാണ്. സ്ത്രീക്കും പുരുഷനും ഒരുമിച്ചിരുന്ന് നാടകം കാണാന്‍ അവകാശമില്ലാത്ത കാലത്ത് സ്ത്രീകള്‍ തങ്ങളുടെ മറകള്‍ ഭേദിച്ച് പുരുഷന്മാര്‍ക്കൊപ്പം ഇരുന്ന് നാടകം കണ്ടു. ഈ വിപ്ലവത്തിന് മുന്നില്‍ കമ്മ്യൂണിസ്റ്റ് നാടകങ്ങള്‍ ഒന്നുമല്ല. മറ്റൊരു കാര്യം പറയാനുള്ളത്, വിക്കിന്റെ അസുഖമുണ്ടായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് പൊതുജീവിതത്തിലേക്ക് വരുന്നത് അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തില്‍ പെണ്‍വേഷം കെട്ടി അഭിനയിച്ചുകൊണ്ടാണ്. അതെ തുടര്‍ന്ന് എംആര്‍ബി ഒരു വിധവയെ വിവാഹം കഴിച്ചു. സ്ത്രീകള്‍ക്ക് വേണ്ടി തൊഴില്‍ കേന്ദ്രങ്ങള്‍ ഉണ്ടാക്കി. അവര്‍ ഒരു നാടകം ഉണ്ടാക്കി, അതിനു തൊഴില്‍ കേന്ദ്രത്തിലേക്ക് എന്ന പേരിട്ടു. കേരളത്തില്‍ ഉണ്ടായ ഏറ്റവും വലിയ സാമൂഹ്യവിപ്ലവമാണത്. പക്ഷെ ഇതെല്ലാം പുതിയ തലമുറക്ക് അറിയില്ല. കേരളത്തിന്റെ സാംസ്‌കാരികചരിത്രത്തിലെ ജ്വലിക്കുന്ന ഒരു ഏടാണ് അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്.
♠ഇന്ന് നാടകമെന്നല്ല ഒരു കലാരൂപവും സമൂഹത്തെ പോസിറ്റിവായി സ്വാധീനിക്കുന്നില്ല എന്നതൊരു സത്യമല്ലേ?
താങ്കള്‍ ആടുജീവിതം എന്ന സിനിമ കണ്ടിട്ടുണ്ടാകുമെന്ന് കരുതുന്നു. അത് നല്‍കുന്നൊരു സന്ദേശമുണ്ട്. എന്തുകൊണ്ട് ഇന്ത്യക്കാരന്‍, എന്തുകൊണ്ട് ആഫ്രിക്കക്കാരന്‍, എന്തുകൊണ്ട് ബംഗ്ലാദേശി ഇതുപോലുള്ള അടിമത്തത്തിലേക്ക് എത്തപ്പെടുന്നു. കാജൂറും കഴിച്ചു മീന്‍ പിടിച്ചുനടന്ന അറബിയെ അവിടെ പെട്രോള്‍ ഉണ്ടെന്നു കണ്ടെത്തിക്കൊടുത്തത് സായിപ്പ്. അവരുടെ ഇന്ന് കാണുന്ന അംബരചുംബികളും വലിയ വികസനവുമെല്ലാം ഉണ്ടാക്കിക്കൊടുത്തത് മേല്‍പ്പറഞ്ഞ ഇന്ത്യക്കാരും ആഫ്രിക്കക്കാരുമടങ്ങുന്ന തൊഴിലാളി സമൂഹമാണ്. അറബിക്ക് പണമുണ്ടായപ്പോള്‍ ആ തൊഴിലാളി വര്‍ഗ്ഗത്തിനെയാണ് അവര്‍ ഏറ്റവും ദ്രോഹിച്ചത്. ഇവിടെ ചിലര്‍ പറയുമായിരിക്കും, അന്നം തന്ന നാട് എന്ന്. വെറുതെയല്ലല്ലോ, എല്ലുമുറിയെ പണിയെടുത്തിട്ടല്ലേ. ഈ തൊഴിലാളികള്‍ പണിയെടുത്തു ഉണ്ടാക്കിക്കൊടുത്ത സമ്പത്തിന്റെ എത്ര ശതമാനം അവനു കൊടുത്തിട്ടുണ്ട്. ഇവനെന്തിനു തൊഴിലാളികളെ ദ്രോഹിക്കണം, എന്തിനു അടിമപ്പണി ചെയ്യിക്കണം. ഇവനെന്തിന് വര്‍ഷങ്ങളോളം നജീബിനെപ്പോലുള്ളവരെ അടിമകളാക്കണം. ഇതിനെ സാംസ്‌കാരിക കേരളം കൃത്യമായി വായിച്ചെടുത്തോ എന്നെനിക്ക് സംശയമുണ്ട്.നജീബ് ഉണ്ടാകരുത് എന്ന സന്ദേശം ഇവിടെ ബോധപൂര്‍വ്വം മറക്കപ്പെടുകയാണ് .അതിലൊരു രാഷ്ട്രീയമുണ്ട്. ജര്‍മ്മനിയില്‍ നിന്നോ അമേരിക്കയില്‍ നിന്നോ ബ്രിട്ടനില്‍ നിന്നോ വന്ന ഒരാളുടെ പാസ്‌പോര്‍ട്ട് തട്ടിക്കൊണ്ടുപോയി അവനെ അടിമയാക്കാന്‍ ഏതെങ്കിലും അറബി ധൈര്യം കാണിക്കുമോ? ആ പടത്തില്‍ ജയിലില്‍ നിരത്തി നിര്‍ത്തിയിരിക്കുന്ന ഇന്ത്യക്കാരെയും ആഫ്രിക്കക്കാരെയും കാണിക്കുന്നുണ്ട്. അതില്‍ ഒരൊറ്റ സായിപ്പ് ഉണ്ടോ. ഇതിനൊക്കെ ഇങ്ങനെയും ഒരു വായനയുണ്ട്. നമ്മള്‍ മാറ്റിയെടുക്കേണ്ടത് ഈ അടിമത്തത്തിന്റെ മാനസികാവസ്ഥയാണ്. ഏറ്റവും രസം ഇതെഴുതിയ ബെന്യാമിന്‍ പോലും ഈ സത്യം പറയില്ല. കാരണം അപ്പോള്‍ കമ്മ്യൂണിസ്റ്റുകളും ജിഹാദികളും പിണങ്ങും. അതായത് സന്ദേശമുള്ള കലാരൂപങ്ങള്‍ ഇല്ലാത്തതല്ല, അവയെ അടിച്ചമര്‍ത്തുന്നതും അവഗണിക്കുന്നതുമാണ് പ്രശ്‌നം. നമ്മുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ കഥാപാത്രമാക്കി ഞാനൊരു നാടകമെഴുതി. അതിപ്പോഴും കളിക്കുന്നു. അതിനുശേഷം എനിക്ക് വീണ പേര് ക്രിസംഘി എന്നാണ്. ദേശീയതയും രാജ്യസ്‌നേഹവും പറയുന്നത് വലിയ ഒരു അപരാധമാണ് എന്നൊരു നറേറ്റീവ് ഇവിടെ വിജയകരമായി പ്രചരിക്കുന്നു എന്നതാണ് സത്യം.ഇത് കേരളത്തില്‍ മാത്രം സംഭവിക്കുന്ന ഒരു ദുരന്തമാണ്. കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നത് മഹാപരാധമാണ് എന്ന് പറയുന്ന ഇവിടെയാണ് ക്രിസ്ത്യന്‍ പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും വളരെ മോശമായി ചിത്രീകരിക്കുന്ന കക്കുകളി എന്ന നാടകം അവതരിപ്പിക്കപ്പെട്ടത്. അത് ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഫെസ്റ്റിവലില്‍ അവതരിപ്പിച്ചു. നാടകവുമായോ കളിയുമായോ പുലബന്ധം പോലുമില്ലാത്ത സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഈ നാടകത്തിനു മാത്രം വന്നു കൈയ്യടിച്ചു പ്രശംസിച്ചിട്ടുപോയി. എന്താണ് ഇത് നല്‍കുന്ന സന്ദേശം. ഇവരാണുപറയുന്നത് കേരളസ്റ്റോറി പാപം, കക്കുകളി പുണ്യം എന്ന്. ജോസഫ് മാഷിന്റെ കൈവെട്ടിയത് ഇവിടെ വിപ്ലവപ്രവര്‍ത്തനമായിരുന്നല്ലോ. മന്ത്രി ബേബിയുടെ ഭാഷയില്‍ അവിടെ തെറ്റുകാരന്‍ ജോസഫ് ആണ്. ബേബി എത്ര നികൃഷ്ടമായാണ് ആ മനുഷ്യനെ ആക്ഷേപിച്ചത്. എം.എ.ബേബി അയാളുടെ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ നീചവൃത്തിയാണത്. ജിഹാദികള്‍ ജോസഫിന്റെ കൈവെട്ടിയപ്പോള്‍ സാംസ്‌കാരികമന്ത്രി ബേബി അദ്ദേഹത്തിന്റെ തല തന്നെ വെട്ടി. ബാക്കിയുണ്ടായിരുന്ന പ്രാണന്‍ സഭയും എടുത്തുകളഞ്ഞു. ഇതൊന്നും ചരിത്രം ക്ഷമിക്കുന്നതല്ല. ഇങ്ങനെ പറഞ്ഞുപോയാല്‍ ഒരിക്കലും തീരില്ല. നമ്മുടെ മനസ്സിലെ ആകുലതകളാണ് ഈ പറയുന്നത്.

♠ഒരുപാട് ആള്‍ക്കാര്‍ നാടകത്തെ സിനിമയിലേക്കുള്ള ഒരു ചവിട്ടുപടിയായാണ് കാണുന്നത്. ധാരാളം അനശ്വര നടന്മാര്‍ നാടകത്തില്‍ നിന്നും വന്ന് സിനിമയില്‍ സജീവമായവരുണ്ട്. താങ്കളും ചില സിനിമകള്‍ക്ക് വേണ്ടി എഴുതിയിട്ടുണ്ട്. അവയെല്ലാം വിജയിച്ചിട്ടുമുണ്ട്. എങ്കിലും അങ്ങ് ഇപ്പോഴും നാടകത്തില്‍ മാത്രം ഉറച്ചുനില്‍ക്കാനാണ് താല്‍പര്യപ്പെടുന്നത്. എന്തുകൊണ്ടാണത്?
വെണ്ടര്‍ ഡാനിയല്‍ ചെയ്യുന്നത് ഇരുപത്തിയെട്ട് വര്‍ഷം മുമ്പാണ്. അത് അന്നത്തെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നാണ്.അതിനു ശേഷം ധാരാളം സിനിമാക്കാര്‍ എന്നെ സമീപിച്ചിട്ടുണ്ട്. അന്ന് അത് സ്വീകരിക്കാതിരുന്നത് മണ്ടത്തരമായിപ്പോയോ എന്ന് തോന്നിയേക്കാം. എന്റെയൊപ്പം സ്‌ക്രിപ്റ്റ് പകര്‍ത്തിയെഴുതാന്‍ സഹായിച്ചവര്‍ ഇന്ന് മലയാളത്തിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന തിരക്കഥാകൃത്തുക്കള്‍ ആണ്. ഇങ്ങനെ സിനിമാക്കാര്‍ സമീപിക്കുമ്പോഴും അഞ്ച് നാടകക്കമ്പനികള്‍ എന്റെ നാടകത്തിനു വേണ്ടി അഡ്വാന്‍സും തന്നു കാത്തിരിക്കുകയാണ്. അങ്ങനെയുള്ളവരെ വഞ്ചിക്കാന്‍ മനസ്സ് വന്നില്ല. പിന്നെ നേരെത്തെ പറഞ്ഞല്ലോ, ഞാന്‍ ജീവിതം നാടകത്തിനു കൊടുത്തപ്പോള്‍ നാടകം എനിക്കൊരു ജീവിതം നല്‍കി. നാടകം സുരക്ഷിതമായ ഒരു ജീവിതം നല്‍കുമെന്ന് ഉറപ്പില്ലാത്തത് കൊണ്ടാണ് ധാരാളം പേര്‍ സിനിമയിലേക്കുള്ള ചവിട്ടുപടിയായി നാടകത്തെ ഉപയോഗിക്കുന്നത്. അതില്‍ തന്നെ എത്ര പേര്‍ രക്ഷപ്പെടും എന്നത് വേറെ കാര്യം. എന്‍.എന്‍.പിള്ളയെ നാടകം സംരക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മുന്നില്‍ നൂറു ദിവസം കാത്തുകെട്ടി കിടന്നിട്ടാണ് ഒരു സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിച്ചത്. ഭാസിച്ചേട്ടന്‍ പതിനെട്ട് പ്രൊഫഷണല്‍ നാടകങ്ങളെ എഴുതിയിട്ടുള്ളൂ. പക്ഷെ അദ്ദേഹം നൂറ്റിയാറ് സിനിമകള്‍ക്ക് തിരക്കഥ എഴുതി. എസ്.എല്‍.പുരം സദാനന്ദന്‍ കെ.ടി. മുഹമ്മദ് എന്നിവരുടെ കാര്യവും വ്യത്യസ്തമല്ല. ഇവരെയൊക്കെ പുലര്‍ത്തിയിരുന്നത് നാടകമല്ല, സിനിമയാണ്, പക്ഷെ അവരെല്ലാം അറിയപ്പെടുന്നത് നാടകകാരന്മാര്‍ എന്നും. പതിനാറു സിനിമ സംവിധാനം ചെയ്ത, നൂറ്റിയാറ് സിനിമകള്‍ക്ക് തിരക്കഥ എഴുതിയ തോപ്പില്‍ ഭാസി അന്നും ഇന്നും അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ അശ്വമേധം തുടങ്ങിയ നാടകങ്ങളുടെ മേല്‍വിലാസത്തിലാണ്. ചെമ്മീന്‍ സിനിമക്ക് തിരക്കഥ എഴുതിയ എസ്.എല്‍.പുരം സദാനന്ദന്‍ അറിയപ്പെടുന്നത് കാട്ടുകുതിര എന്ന നാടകത്തിന്റെ പേരിലാണ്.
♠നമ്മുടെ പ്രൊഫഷണല്‍ നാടകങ്ങളില്‍ എല്‍ഇഡി വാള്‍, വോയിസ് ഓവര്‍ എന്നിവയൊന്നും അനുവദിക്കില്ല. ഡയലോഗ് കാണാതെ പഠിച്ച് പറയണം, രംഗപടം വേണം. ശബ്ദസംവിധാനം, പ്രകാശവിന്യാസം എന്നിവയിലൊക്കെ എല്ലാ ആധുനിക ടെക്‌നോളജികള്‍ ഉപയോഗിച്ചിട്ടും ഇപ്പറഞ്ഞ കാര്യങ്ങളോടൊക്കെ എന്തിനാണ് പ്രൊഫഷണല്‍ നാടകം പുറം തിരിഞ്ഞു നില്‍ക്കുന്നത്?
കാളിദാസന്റെ ശാകുന്തളം എന്റേതായ രീതിയില്‍ എഴുതി അവതരിപ്പിച്ചപ്പോള്‍ അതില്‍ ഉപയോഗിച്ചത് എല്‍ഇഡി വാള്‍ ആണ്. നാടകം ആവശ്യപ്പെടുന്ന പൂര്‍ണ്ണരൂപത്തില്‍ എല്‍ഇഡി വാള്‍ സെറ്റ് ചെയ്യാന്‍ ഇരുപത്തിയെട്ട് ലക്ഷം രൂപ വേണ്ടി വന്നു. അതിനു കഴിവുള്ള നാടകസംഘങ്ങള്‍ കുറവാണ്. മറ്റൊരു കാര്യം എല്‍ഇഡി വാളില്‍ ഒരു കൊട്ടാരം സെറ്റ് ചെയ്യുമ്പോള്‍ അഭിനേതാവും കൊട്ടാരവും രണ്ടായി ആണ് നില്‍ക്കുന്നത്. രാജാവ് ജീവനോടെയും കൊട്ടാരം വിര്‍ച്വലും ആകും. അത് നാടകത്തിന്റെ ക്വാളിറ്റിയെ ബാധിക്കും. പിന്നെ വോയ്‌സ് ഓവറിന്റെ കാര്യം. നാടകം നാടകമാകണമെങ്കില്‍ അഭിനേതാവ് ഡയലോഗ് കാണാതെ പഠിച്ച്, കഥാപാത്രത്തെ ഉള്‍ക്കൊണ്ട്, സദസ്സിലെ അവസാനമിരിക്കുന്ന പ്രേക്ഷകനുവരെ തൃപ്തിയാകുന്ന വിധത്തില്‍ അവതരിപ്പിക്കപ്പെടണം. എങ്കിലേ ആ നാടകത്തിനു ജീവനുണ്ടാകൂ. ഓരോ നാടകവും ഓരോ ദിവസവും പുതിയതാണ്. ഓരോ വേദിയും അരങ്ങേറ്റവേദിയാണ്. അതാണ് നാടകത്തിന്റെ സൗന്ദര്യം. റിക്കോര്‍ഡ് ചെയ്ത വോയിസ് ഓവര്‍ കൊടുക്കുമ്പോള്‍ വലിയൊരളവോളം ഈ സ്വാഭാവികത നഷ്ടപ്പെടുകയും നാടകം യന്ത്രികമാവുകയും ചെയ്യും. ഒരു നാടകം ആയിരം വേദികളില്‍ കളിക്കുമ്പോള്‍ ഒന്നാമത്തെ വേദി മുതല്‍ ആയിരമത്തെ വേദിവരെയുള്ള ഒരു വളര്‍ച്ചയുണ്ട്. മഴ പെയ്താല്‍ അത് നാടകത്തെ ബാധിക്കും, വൈദ്യുതി തകരാറിലായത് നാടകത്തെ ബാധിക്കും, അച്ചടക്കമില്ലാത്ത പ്രേക്ഷകരുടെ സാന്നിധ്യവും നാടകത്തെ ബാധിക്കും.അങ്ങനെ എല്ലാ ചുറ്റുപാടുകളുമായും സംവദിക്കുന്ന ജൈവികമായ കലാരൂപമാണ് നാടകം. അതൊക്കെത്തന്നെയാണ് നാടകത്തിന്റെ ജീവനും. ജൈവികത നഷ്ടപ്പെട്ടുപോകാതിരിക്കാനാണ് ഇങ്ങനെ ദുശാഠ്യമെന്നു തോന്നുന്ന ചില കടുംപിടുത്തങ്ങള്‍ വെച്ചിരിക്കുന്നത്.
♠പരീക്ഷണനാടകങ്ങള്‍ ധാരാളമുണ്ടല്ലോ. നാട്യധര്‍മ്മി, ലോകധര്‍മ്മി എന്നിങ്ങനെയുള്ള തരംതിരിവുകളും ഉണ്ട്. സമൂഹത്തിനുവേണ്ടിയുള്ള നാടകം, നാടകത്തിനുവേണ്ടിയുള്ള നാടകം എന്നിങ്ങനെ. ഇതിനോടുള്ള താങ്കളുടെ വീക്ഷണം എന്താണ്?
രണ്ടും നല്ലതാണ്. ആകാം. ഇവയൊക്കെ ഇപ്പോള്‍ കഥകളി കാണുന്ന ഒരു പ്രേക്ഷകന് ദമയന്തിയുടെ ദുഃഖം എങ്ങനെ അനുഭവപ്പെടും. അയാള്‍ കഥയും, കഥകളിയുടെ രീതിശാസ്ത്രവും നന്നായി അറിഞ്ഞാലേ അത് സാധിക്കൂ. ശിക്ഷണം ആവശ്യമുള്ള ഒരു ആസ്വാദനമാണ് കഥകളിക്കുള്ളത്. യാതൊരു ശിക്ഷണവുമില്ലാത്ത ഒരു പ്രേക്ഷകന്‍ വന്നിരുന്നാലും നാടകം സംവദിക്കുന്നു. കാട്ടുകുതിരയിലെ കൊച്ചുവാവ ഒരു സാധാരണക്കാരന് പരിചിതമായ ചുറ്റുപാടുകളില്‍ ഉള്ളവനാണ്. അയാളുടെ ഭാഷ അവന്റെ ഭാഷയാണ്. അതുകൊണ്ടുതന്നെ യാതൊരു ശിക്ഷണവുമില്ലാത്ത പ്രേക്ഷകനുമായും ആ നാടകം സംവദിക്കും. എന്നാല്‍ ശിക്ഷണം ആവശ്യമുള്ളിടത്ത് അതും വേണം. ഇത് രണ്ടും ലക്ഷ്യം വെയ്ക്കുന്നത് രണ്ട പ്രേക്ഷകസമൂഹങ്ങളെ ആണ്. അഹങ്കാരം മാറാന്‍ കൂടിയാട്ടം കണ്ടാല്‍ മതി എന്നൊരു ചൊല്ലുണ്ട്. അത് ശ്രേഷ്ഠമാണ്, ഒപ്പം ദുര്‍ഗ്രാഹ്യവും. അതിന്റെ പ്രേക്ഷകര്‍ എന്നത് വേറെയാണ്. ഒരു സംഭവം പറയാം. അമ്മന്നൂര്‍ മാധവചാക്യാരുടെ ഒരു ഇന്റര്‍വ്യൂ എടുക്കാന്‍ ബിബിസി വന്നപ്പോള്‍ അദ്ദേഹം വേദിയിലായിരുന്നു. ആദ്യം കുറച്ചുപേര്‍ ഉണ്ടായിരുന്നു. പതുക്കെ എല്ലാവരും സ്ഥലം വിട്ടു. പക്ഷെ ഇതൊന്നും ശ്രദ്ധിക്കാതെ ആ കഥ അതിന്റെ എല്ലാ പ്രൗഢിയോടെയും അമ്മന്നൂര്‍ ആടി തീര്‍ത്തു. ഇത് കണ്ട് അമ്പരന്നുപോയ ബിബിസി ടീം, ഒരു പ്രേക്ഷകന് പോലുമില്ലാതെ അങ്ങേക്ക് ഇതെങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചു. അതിന് അദ്ദേഹം പറഞ്ഞ മറുപടിയാണ് ശ്രദ്ധിക്കേണ്ടത്. ആരുമില്ലായിരുന്നെന്നോ, അവിടെയൊരു നിലവിളക്ക് നിറഞ്ഞുകത്തുന്നത് നിങ്ങള്‍ കണ്ടില്ലേ. ആ നിലവിളക്കും ക്ഷേത്ര ശ്രീകോവിലിലെ ഭഗവാനും വേണ്ടിയാണ് ഞാന്‍ ആടിയത്. അതായത് അമ്മന്നൂര്‍ ആടുന്നത് ഭഗവാനുവേണ്ടിയാണങ്കില്‍ ഒരു പ്രൊഫഷണല്‍ കലാകാരന്‍ അഭിനയിക്കുന്നത് തന്റെ മുന്നിലിരിക്കുന്ന ആയിരക്കണക്കിന് സാധാരണ പ്രേക്ഷകന് വേണ്ടിയാണ്. ഈ വ്യത്യാസം മനസ്സിലാക്കിയാല്‍ മതി.
♠അങ്ങയുടെ നാടകങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടത് ഏതാണ്?
അങ്ങനെ പറയാന്‍ പലതുമുണ്ട്. കുട്ടനാടിന്റെ ഇരുനൂറു വര്‍ഷത്തെ ചരിത്രം ഞാന്‍ നാടകമാക്കിയിട്ടുണ്ട്.ദ്രാവിഡവൃത്തം. അത് കെപിഎസിയുടെ അന്‍പതാമത്തെ നാടകമായി അവതരിപ്പിക്കപ്പെട്ടു. അതിന് ഒരുപാട് പുരസ്‌കാരങ്ങളും ലഭിച്ചു. അതുപോലെ കെപിഎസി തന്നെ അവതരിപ്പിച്ച ഭീമസേനന്‍. അതുപോലെ രമണനിലെ ചന്ദ്രികയെ കഥാപാത്രമാക്കി ചന്ദ്രികക്കുണ്ടൊരു കഥ എഴുതി. ചന്ദ്രിക ജീവിച്ചിരുന്ന ഒരു കഥാപാത്രമാണ്. ഒരു വശം മാത്രമല്ലേ നാം കേട്ടിട്ടുള്ളു. ഇടപ്പള്ളിയുടെ പ്രണയം വിശുദ്ധമാണെങ്കില്‍, അവളുടെ വിവാഹദിവസം വരന്റെ വേഷമണിഞ്ഞു കഴുത്തിലൊരു മാല്യവുമായി തൂങ്ങി മരിക്കുമ്പോള്‍ അവളോട് കാണിക്കുന്ന വലിയ ഒരു അനീതിയല്ലേ അത്. ശരിക്കും വിശുദ്ധപ്രണയമാണെങ്കില്‍ അങ്ങിനെ ചെയ്യില്ലല്ലോ. ആ കാലഘട്ടത്തിലെ കാമുകന്‍ അങ്ങനെയായിരുന്നില്ല. പ്രിയസഖീ പോയ്‌വരൂ, നിനക്ക് നന്മകള്‍ നേരുന്നു, മംഗളം നേരുന്നു ഞാന്‍, മനസ്വിനി എന്നൊക്കെ പാടിയ കാമുകനാണ് ആ കാലഘട്ടത്തിന്റെ കാമുകന്‍. പ്രണയിച്ച പെണ്ണ് അകന്നുപോയപ്പോള്‍ അവളുടെ ശേഷമുള്ള ജീവിതത്തെ ദുരിതമയമാക്കാന്‍ ജീവിതമൊടുക്കുന്നത് പ്രണയമല്ല ക്രൂരതയാണ്. അങ്ങനെ ഒരേയൊരു കാമുകനെ ചരിത്രത്തിലുള്ളു, അത് ഇടപ്പള്ളിയാണ്. കാളിദാസകലാകേന്ദ്രം ചെയ്യുന്ന ഈ നാടകത്തില്‍ ഇടപ്പള്ളി യെയും ചങ്ങമ്പുഴയെയും ചന്ദ്രിക അതിനിശിതമായി ചോദ്യം ചെയ്യുന്നുണ്ട്. അങ്ങനെ പ്രിയപ്പെട്ടതെന്ന് പറയാന്‍ ഒരുപാടുണ്ട്.
♠ഇപ്പോള്‍ അങ്ങേക്ക് പ്രിയപ്പെട്ട ചില നാടകങ്ങളുടെ കാര്യം പറഞ്ഞു. അതുപോലെ എഴുതേണ്ടിയിരുന്നില്ല എന്ന് തോന്നിയ അനുഭവങ്ങള്‍ ഉണ്ടോ
മനുഷ്യജീവിതമല്ലേ. അങ്ങനെ അനുഭവങ്ങള്‍ ഉണ്ട്.നാടകം എന്നത് ജീവനോപാധിയായി തിരഞ്ഞെടുത്ത ഒരാള്‍ക്ക് ജീവിക്കാന്‍ വേണ്ടിയും എഴുതേണ്ടിവരും. അവയില്‍ ചിലതൊക്കെ സ്യൂഡോ ആയിരുന്നില്ലേ, എഴുതേണ്ടിയിരുന്നോ എന്നൊക്കെ തോന്നിയിട്ടുണ്ട്.
♠നാലു പതിറ്റാണ്ട് നീണ്ട വിജയകരമായ ഈ യാത്രയില്‍ സാറിന് ലഭിച്ച അംഗീകാരങ്ങള്‍ എന്തൊക്കെയാണ്?
മികച്ച നാടകകൃത്തിനുള്ള അവാര്‍ഡ് ഒന്‍പത് തവണ ലഭിച്ചു. അതുപോലെ കേരള സര്‍ക്കാരിന്റെ നാടകമത്സരത്തില്‍ മികച്ച ഒന്നാമത്തെയും രണ്ടാമത്തെയും നാടകങ്ങളായി പല വര്‍ഷങ്ങളിലും എന്റെ നാടകങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍. പിന്നെ ആരുടെയൊക്കെ പേരില്‍ നാടകരംഗത്ത് അവാര്‍ഡുകള്‍ ഉണ്ടോ അവയെല്ലാം ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ ഏറ്റവുമധികം വേദികളില്‍ അവതരിപ്പിക്കപ്പെട്ടത് എന്റെ നാടകമാണ്. എന്റെ നാടകം കളിക്കാത്ത ഒരു അമ്പലമോ പള്ളിയോ കേരളത്തിലുണ്ടാകുമെന്നു തോന്നുന്നില്ല. ഇതെല്ലാം എനിക്ക് ലഭിച്ച വലിയ സൗഭാഗ്യങ്ങളാണ്. ഇതൊക്കെ ചരിത്രത്തിലെങ്ങനെ രേഖപ്പെടുത്തും എന്നത് കാലം തീരുമാനിക്കേണ്ട കാര്യമാണ്.