ഒഎന്‍വിയും എം.മുകുന്ദനും തമ്മില്‍ ഒരു സാദൃശ്യമുണ്ട് എന്നു പറഞ്ഞാല്‍ സംശയം തോന്നാം. ഒഎന്‍വി കവിയും മുകുന്ദന്‍ കഥാകാരനുമാണല്ലോ. ആദ്യപേരുകാരന്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നില്ല. പിന്നെവിടെയാണു സാമ്യം. രണ്ടുപേരും തങ്ങളുടെ മേഖലയില്‍ നിരന്തരം സ്വയം നവീകരിച്ചു എന്നതാണ് സാരൂപ്യം. ‘ദാഹിക്കുന്ന പാനപാത്രം’ എന്ന തീരെ പാരായണ ക്ഷമതയില്ലാത്ത കാവ്യം എഴുതിയ ഒഎന്‍വിയുമായി ‘ഭൂമിക്കൊരുചരമഗീതം’ എഴുതിയ ഒഎന്‍വിക്ക് ഒരു സാദൃശ്യവുമില്ല. അത്രയ്ക്ക് അദ്ദേഹത്തിലെ കവിത മാറിപ്പോയി. എങ്കിലും തന്റെ സ്ഥിരം ശൈലിയായി ഒഎന്‍വിത്തം എവിടെയും ഉണ്ടായിരുന്നുതാനും.
എം.മുകുന്ദനും അതുപോലെയായിരുന്നു. ആധുനികതയിലെ ഒന്നാം പേരുകാരനായിരുന്ന മുകുന്ദന്‍ ‘ഡല്‍ഹി 1981’ എന്ന ചെറുകഥയിലെത്തിയപ്പോള്‍ ആകാശംമുട്ടെ വളരുന്നതു നാം കാണുന്നു. കേശവന്റെ വിലാപങ്ങളിലും ആദിത്യനും രാധയും മറ്റു ചിലരിലുമൊക്കെ മറ്റൊരു മുകുന്ദനെയാണ് നമ്മള്‍ കാണുന്നത്. ഇങ്ങനെ കാലത്തോടൊപ്പം വളരാന്‍ കഴിഞ്ഞാലേ എഴുത്തുകാരന് നിലനില്പ്പുള്ളൂ. ആധുനികതയില്‍ മുകുന്ദനോടൊപ്പം പിച്ചവച്ച ഒ.വി. വിജയനിലോ കാക്കനാടനിലോ ഈ വളര്‍ച്ച നമ്മള്‍ കാണുന്നില്ല. ആനന്ദ് മുകുന്ദനെപ്പോലെ ഒരു വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ടെങ്കിലും അമിതമായ ബൗദ്ധികവ്യായാമങ്ങള്‍ പലപ്പോഴും അദ്ദേഹത്തിന്റെ കൃതികളുടെ പാരായണ സാധ്യത ഇല്ലാതാക്കുന്നുണ്ട്. ഗോവര്‍ദ്ധന്റെ യാത്രകളും മറ്റും ബുദ്ധിജീവികളെ തൃപ്തിപ്പെടുത്തുമെങ്കിലും ശരാശരി വായനക്കാരെപ്പോലും അത് ആകര്‍ഷിക്കുന്നില്ല. വെറും സാധാരണക്കാരായ വായനക്കാരെ നമുക്ക് അവഗണിക്കാം. എന്നാല്‍ ശരാശരി ഭാഷാജ്ഞാനവും അറിവും ഉള്ള വായനക്കാര്‍ക്കു കൂടി എത്തിപ്പിടിക്കാനാവുന്നില്ലെങ്കില്‍ അവയ്ക്ക് നിലനില്പ്പുണ്ടാവില്ല. ആധുനികതയിലെ എഴുത്തുകാരില്‍ മുകുന്ദനൊഴികെ മറ്റാര്‍ക്കും ഇന്ന് കാര്യമായി വായനക്കാരില്ല എന്നതാണു യാഥാര്‍ത്ഥ്യം.
മാതൃഭൂമി വാരികയില്‍ (ജൂണ്‍ 9-15) സേതു എഴുതിയിരിക്കുന്ന ‘കപ്പല്‍ച്ചേതം’ എന്ന കഥ വായിച്ചപ്പോഴാണ് എഴുത്തുകാരന്റെ സ്വയം നവീകരണത്തെക്കുറിച്ചു ചിന്തിക്കാനിടയായത്. പാണ്ഡവപുരം എന്ന മലയാളത്തിലെ ആദ്യ സര്‍റിയലിസ്റ്റ് നോവലിന്റെ കര്‍ത്താവായ സേതു പിന്നെയും ധാരാളം നോവലുകള്‍ എഴുതിയെങ്കിലും മറ്റുള്ളവയൊന്നും ഈ കൃതിയോളം നമ്മെ ആനന്ദിപ്പിച്ചില്ല എന്നു പറയാം. അവയൊന്നും തന്നെ മോശം കൃതികളായിരുന്നില്ല. എങ്കിലും പാണ്ഡവപുരത്തിന് ഒരു പ്രത്യേക പദവി നല്‍കിയേ കഴിയൂ. സേതു എഴുതിത്തുടങ്ങിയ കാലത്തേതില്‍ നിന്നും മലയാളഫിക്ഷന്‍ വളര്‍ച്ചയെന്നോ മാറ്റം എന്നോ പറയാവുന്ന രീതിയില്‍ വളരെ പരിവര്‍ത്തനങ്ങള്‍ക്കുവിധേയമായിരിക്കുന്നു. മുകുന്ദനെക്കുറിച്ചു സൂചിപ്പിച്ചതുപോലെ ആ മാറ്റങ്ങള്‍ക്കൊത്തു സഞ്ചരിക്കാന്‍ എഴുത്തുകാരനു കഴിഞ്ഞാലേ പുതിയ വായനാ സമൂഹത്തെ തൃപ്തിപ്പെടുത്താനാവൂ.
‘കപ്പല്‍ച്ചേതം’ എന്ന കഥയില്‍ പഴയ ഭ്രമാത്മകതയുടെ ഉള്ളടക്കമുണ്ടെങ്കിലും അവതരണത്തില്‍ അടിമുടി പുതിയ ഒരു സേതുവിനെയാണ് നമ്മള്‍ കാണുന്നത്. പുതിയ കാലത്തെ എഴുത്തുമായി സമ്പൂര്‍ണ്ണമായും ഒത്തുപോകുന്ന രചനാരീതി. കഥാപാത്രങ്ങളുടെ പേരുകള്‍ തെരഞ്ഞെടുക്കുന്നകാര്യത്തില്‍ പോലും പഴയരീതികള്‍ ഉപേക്ഷിച്ച് പുതിയ മാര്‍ഗ്ഗം തേടുന്നതും കാണാം.
ടി.ഡി.രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോരയ്ക്കു ശേഷം മലയാളത്തിലുണ്ടായ ഒരു പ്രധാന Paradigm shift (സമീപനവ്യതിയാനം) കഥാപാത്രനാമങ്ങളിലും പശ്ചാത്തലത്തിലും ഒക്കെ കാണാവുന്ന ക്രിസ്തീയതയാണ്. എഴുത്തില്‍ മാത്രമല്ല ചലച്ചിത്രങ്ങളിലും അതുകാണാനാവും. പുറത്തിറങ്ങുന്ന 80% നോവലുകളിലും സിനിമകളിലും പറയുന്നത് ക്രിസ്ത്യന്‍ വ്യക്തികളുടേയോ സമൂഹത്തിന്റെയോ കഥകളാണ്. അതുബോധപൂര്‍വ്വമോ യാദൃച്ഛികമോ എന്ന് നമുക്കിപ്പോള്‍ തീര്‍ച്ചപ്പെടുത്താന്‍ വയ്യ. ഒരു പക്ഷേ സമ്പത്തിന്റെ കേന്ദ്രീകരണത്തില്‍ വന്ന വ്യതിയാനമാവാം കാരണം. ഒരു കാലത്ത് കേരളത്തിലെ സമ്പന്നര്‍ പൊതുവെ സവര്‍ണഹിന്ദുക്കളായിരുന്നുവെങ്കില്‍ ഇന്ന് സമ്പത്തിന്റെ ഗണ്യമായ പങ്ക് ന്യൂനപക്ഷസമുദായങ്ങളുടെ കൈകളിലാണ്. അതില്‍ത്തന്നെ മുന്നില്‍ നില്‍ക്കുന്നത് സവര്‍ണ്ണ ക്രിസ്ത്യന്‍ സമൂഹമാണ്. അതിസമ്പന്നനും അതിദരിദ്രനുമാണ് എപ്പോഴും കഥകളില്‍ നിറയാറുള്ളത്. ഇടത്തരക്കാരന്റെ ജീവിതം നാടകീയതകള്‍ ഇല്ലാത്തതും അതുകൊണ്ടുതന്നെ നിറങ്ങളില്ലാത്തതുമാണ്.
സമ്പന്നനെ നോക്കി സ്വപ്‌നം കാണലാണല്ലോ ഇടത്തരക്കാരന്റെയും ദരിദ്രന്റെയും പ്രധാനപണി. അതുകൊണ്ടു തന്നെ അവരുടെ സ്വപ്‌നങ്ങളില്‍ വന്നു നിറയുന്നത് പാലായിലെ തോട്ടമുടമകളും ജൂവലറി മുതലാളിമാരായ ചെമ്മണ്ണൂര്‍ക്കാരനും ആലുക്കാസും ബ്ലേഡ് കമ്പനിക്കാരായ മുത്തൂറ്റും കൊശമാറ്റവും വലിയ ഫ്‌ളാറ്റുനിര്‍മ്മാതാക്കളായ ഫേവറൈറ്റ് ഹോംസും കോണ്‍ഫിഡന്റ് ഗ്രൂപ്പും അങ്ങനെ ദരിദ്ര മലയാളികളെ സ്വപ്‌നം കാണാന്‍ പഠിപ്പിക്കുന്ന വലിയ സമ്പന്നരില്‍ ഭൂരിപക്ഷവും ക്രിസ്ത്യന്‍ വ്യവസായികളായതിനാലാവാം സാംസ്‌കാരിക ലോകത്തേയ്ക്കും ഈ ക്രിസ്തീയത പടര്‍ന്നു പിടിച്ചത്.
ക്രിസ്ത്യന്‍ വിഭാഗത്തില്‍ ജനിച്ചവരല്ലാത്ത എഴുത്തുകാരും തങ്ങളുടെ രചനകളില്‍ ഒരു ക്രിസ്ത്യന്‍ അന്തരീക്ഷം ബോധപൂര്‍വ്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും ഈയടുത്തകാലത്തു പുറത്തിറങ്ങിയ മിക്കവാറും എല്ലാ സിനിമകളിലെയും നായകന്മാരുടെ പേരുകള്‍ ക്രിസ്ത്യന്‍ നാമങ്ങളാണ്. ബിബ്ലിക്കല്‍ ആയുള്ള ബിംബങ്ങള്‍, ക്രിസ്ത്യന്‍ മിത്തോളജിയില്‍ നിന്നുള്ള കഥകള്‍, ക്രിസ്തീയമായ ആചാരങ്ങള്‍ ഇവയൊക്കെ എഴുത്തിലെ പ്രധാന വിഭവങ്ങളായി മാറിയിരിക്കുന്നു. സേതുവിന്റെ കഥയിലും ഈ പ്രത്യേകതകള്‍ പ്രകടമാണ്. നായകന്‍ ‘ആന്ത്രോസ്’ ആണ്. ആന്ത്രോസിന്റെ പോറ്റമ്മ ഏശിത്താത്തയും. വേളാങ്കണ്ണിയ്ക്കുപോയപ്പോഴാണ് ആന്ത്രോസിന്റെ അമ്മ വീരോണി അപകടത്തില്‍ മരിക്കുന്നത്. കഥയിലെ പ്രധാന മധ്യസ്ഥന്‍ അക്കരപ്പള്ളിയിലെ പത്രോസച്ചനാണ്. അച്ചനു കൂട്ട് കപ്യാര്‍ പൗലോയും. ഏറ്റവും രസകരമായ വസ്തുത കാറല്‍മാന്‍ ചരിതത്തെക്കുറിച്ചുള്ള പരാമര്‍ശമാണ്.
പോര്‍ച്ചുഗീസ് കാലത്ത് തമിഴ്‌നാട്ടില്‍ നിന്നും ഇവിടേയ്ക്കു വന്ന ക്രിസ്തുമത പ്രചാരകനായിരുന്ന വറീച്ചനുണ്ണാവി അഥവാ ചിന്നത്തമ്പി അണ്ണാവി രചിച്ചതായി പറയപ്പെടുന്ന ‘കാറല്‍ മാന്‍ ചരിതം’ എന്ന ചവിട്ടുനാടകം മലയാള സാഹിത്യത്തിലെ പ്രധാന ഈടുവയ്പുകളിലൊന്നാണ്. കഥയൊക്കെ അങ്ങു റോമിലേതാണ്. കാറല്‍മാന്‍ എമ്പ്രദോറും പാതിരിമാരും ചേര്‍ന്ന് തുര്‍ക്കികളെ തോല്പിച്ച് ക്രിസ്ത്യന്‍ സാമ്രാജ്യം സ്ഥാപിക്കുന്നതാണ് ഇതിവൃത്തം. ചവിട്ടുനാടകക്കാര്‍ക്കല്ലാതെ മറ്റുള്ളവര്‍ക്ക് വലിയ പരിചയമില്ലാത്ത കാറല്‍മാന്‍ ചരിതത്തെ തന്റെ കഥയില്‍ കഥാകൃത്ത് പരിചയപ്പെടുത്തുന്നു. ‘കാറല്‍സ ്മാന്‍’ എന്നാണ് കഥയില്‍ പറയുന്നത്. ശരിയായ പേര് അങ്ങനെയാണോ എന്നറിയില്ല. ഈ കൃതിയെകുറിച്ചു വായിച്ചിട്ടുണ്ട് എന്നല്ലാതെ കൃതി നേരിട്ടു വായിച്ചിട്ടില്ലാത്തതിനാല്‍ സേതുവിന്റെ പരാമര്‍ശം തെറ്റാണോ എന്നു പറയാന്‍ തക്ക നിശ്ചയമില്ല. സാധാരണ വായിച്ചിട്ടുള്ളതെല്ലാം ‘കാറല്‍ മാന്‍ ചരിതം’ എന്നാണ്.
സൂക്ഷ്മമായ പഠനത്തിലൂടെ മലയാളിയുടെ സാംസ്‌കാരിക ലോകത്തു വന്ന പരിവര്‍ത്തനത്തെ കൃത്യമായി തിരിച്ചറിഞ്ഞു തന്നെയാണ് സേതു ഈ കഥ എഴുതിയിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയമേതുമില്ല. അതിനു തെളിവാണ് ‘കാറല്‍ മാന്‍’ ചരിതത്തെ കുറി ച്ചുള്ള പരാമര്‍ശം. ഒഴുക്കിനൊപ്പം നീന്തുന്നവരല്ല ഒഴുക്കിനെതിരേ നീന്തുന്നവരാണ് കാലത്തെ കടന്നു നില്‍ക്കുന്നവര്‍. സേതു ഒഴുക്കിനൊപ്പിച്ചു നീന്താനാണ് ശ്രമിക്കുന്നത്. കുറച്ചുകാലം കൂടി ഈ സാംസ്‌കാരിക വ്യതിയാനം നിലനില്‍ക്കും. പിന്നെ വീണ്ടും മാറ്റമുണ്ടാകും. ആ മാറ്റത്തിനു നേതൃത്വം കൊടുക്കാന്‍ പുതിയ ആരെങ്കിലുമൊക്കെ വരും.
1988ലാണ് ഇന്ത്യന്‍വംശജനായ സല്‍മാന്‍ റുഷ്ദി സാത്താനിക് വെഴ്‌സസ് (Satanic Verses) എന്ന തന്റെ നോവല്‍ പ്രസിദ്ധീകരിക്കുന്നത്. 1989 ഫെബ്രുവരി 14ന് ഇറാനിലെ ഷിയാ മുസ്ലീം പരമോന്നത പുരോഹിതനായിരുന്ന അയത്തുള്ള റൊഹൊള്ള ഖൊമീനി റുഷ്ദിക്ക് വധശിക്ഷ നല്‍കാനുള്ള ഫത്‌വ പുറപ്പെടുവിച്ചു. പല രാജ്യങ്ങളും കൃതി നിരോധിച്ചു. റുഷ്ദിയുടെ അടുത്ത കൃതിയായ Midnight Children ഇന്ത്യയില്‍ ഇന്ദിരാഗാന്ധിയും നിരോധിച്ചു. സാത്താനിക് വെഴ്‌സസ് എന്ന തലക്കെട്ടാണ് മുഖ്യമായും പ്രകോപനപരമായത് എന്നു പറയപ്പെടുന്നു. മുസ്ലീങ്ങളെയും മതഗ്രന്ഥത്തെയും പ്രവാചകനേയും അധിക്ഷേപിക്കാനാണ് ആ തലക്കെട്ടുനല്‍കിയത് എന്നായിരുന്നു പരാതി. നോവലിലെ കഥാപാത്രമായ ബോളിവുഡ് നടന്റെ പേര് ജിബ്രീല്‍ ഫാരിസ്റ്റ(Gibreel Farista) എന്നാണ്. ജിബ്രീല്‍ എന്ന മലക്ക് ആണ് നബിക്ക് ഖുറാന്‍ അവതരിച്ചു കിട്ടാന്‍ കാരണക്കാരനായതെന്നത്രേ പറയപ്പെടുന്നത്. നോവലിലെ മറ്റൊരു കഥാപാത്രമായ സലാദിന്‍ ചാംചയും പ്രകോപനത്തിനു കാരണമായി. കുരിശു യുദ്ധകാലത്തെ ഒരു മുസ്ലീം വീരനായിരുന്നു സലാദിന്‍. അദ്ദേഹത്തെയാണ് റുഷ്ദി ഉന്നം വയ്ക്കുന്നതെന്ന് കരുതപ്പെടുന്നു.
റുഷ്ദിയ്‌ക്കെതിരെ ഫത്‌വ ഇറക്കിയ മതനേതാവ് മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അനുയായികളുടെ മനസ്സില്‍ നിന്ന് വൈരം പോയിരുന്നില്ല. 2022 ആഗസ്റ്റ് 12ന് ന്യൂയോര്‍ക്ക് സംസ്ഥാനത്തില്‍ ഷ ട്ടോക്വ (Chautauqua) സാംസ്‌കാരിക കേന്ദ്രത്തില്‍ പ്രഭാഷണം നടത്താനെത്തിയ റുഷ്ദി 33 വര്‍ഷത്തിനുശേഷം ആക്രമിക്കപ്പെട്ടു. ആ ആക്രമണത്തെക്കുറിച്ചാണ് Meditations after an attempted Murder’ എന്ന ഓര്‍മ്മക്കുറിപ്പ് റുഷ്ദി എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മറ്റു പുസ്തകങ്ങള്‍ പോലെ ഇതും ബെസ്റ്റ് സെല്ലര്‍ ആയിക്കഴിഞ്ഞു. റുഷ്ദിയെ വധിക്കാന്‍ ശ്രമിച്ച ഹാദി മാറ്റര്‍ ജാമ്യമില്ലാതെ ഇപ്പോഴും ജയിലിലാണ്.