കോഴിക്കോട്: പ്രമുഖ പത്രപ്രവർത്തകനും ജന്മഭൂമിയുടെ പത്രാധിപരുമായിരുന്ന പിവികെ നെടുങ്ങാടിയുടെ സ്മരണാർത്ഥം വിശ്വ സംവാദ കേന്ദ്രം – കോഴിക്കോട് നൽകുന്ന യുവ മാധ്യമപ്രവർത്തകർക്കുള്ള അവാര്‍ഡ് ജനം ടി.വി തൃശ്ശൂർ ബ്യൂറോ സ്റ്റാഫ് റിപ്പോർട്ടർ എം. മനോജിനു സമ്മാനിച്ചു. നാരദജയന്തിയോടനുബന്ധിച്ച് ചാലപ്പുറം കേസരി ഭവനിൽ നടന്ന പരിപാടിയിൽ പ്രമുഖ നോവലിസ്റ്റും മലയാള മനോരമ സീനിയർ അസി. എഡിറ്ററുമായ രവിവർമ്മ തമ്പുരാനാണ് അവാർഡ് സമ്മാനിച്ചത്. പാലപ്പിള്ളിയിലെ വന്യമൃഗശല്യത്തെ ആസ്പദമാക്കി ജനം ടി.വി യിൽ മനോജ് ചെയ്ത സ്റ്റോറിയാണ് അവാർഡിന് അർഹത നേടിയത്. പതിനൊന്നായിരത്തി ഒരുനൂറ്റി പതിനൊന്ന് രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പ്രമുഖ മാധ്യമപ്രവർത്തകരായ ഹരീഷ് കടയപ്രത്ത്, അനു നാരായണൻ,വിനോദ് കുമാർ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
ചടങ്ങില്‍ ഹരീഷ് കടയപ്രത്ത് ആധ്യക്ഷം വഹിച്ചു. മാധ്യമപ്രവര്‍ത്തകര്‍ സത്യം പറയുവാനുള്ള ശക്തി നേടണമെന്ന് ചടങ്ങിലെ മുഖ്യാതിഥിയായ രവിവര്‍മ്മ തമ്പുരാന് പറഞ്ഞു. “സത്യം പറയാന്‍ ശ്രമിക്കുന്നവര്‍ ചോദ്യം ചെയ്യപ്പെടുകയോ അക്രമിക്കപ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്യുന്നു . സത്യം ഭാരമുള്ളതാണ്. അത് എടുക്കാന്‍ ശക്തിയുണ്ടാകണം. പലരും സത്യം പറയാന്‍ ശ്രമിച്ച് പരാജയപ്പെടുകയോ തളര്‍ന്നു പോകുകയോ ചെയ്യുന്നു. പാലും വെള്ളവും വേര്‍തിരിച്ചെടുക്കാന്‍ കഴിവുള്ള പരമഹംസത്തെ പോലെ തെറ്റും ശരിയും തിരിച്ചറിഞ്ഞ് ശരിയെ കണ്ടെത്തുകയാണ് പത്രപ്രവര്ത്തകന് ചെയ്യേണ്ടത്.” അദ്ദേഹം പറഞ്ഞു
ജന്മഭൂമി ന്യൂസ് എഡിറ്റര്‍ എം. സതീശൻ നാരദജയന്തി സന്ദേശം നല്കി. ഭാവനയുടെ വേലിയേറ്റകാലത്ത് സത്യത്തെ മുറുകെ പിടിച്ച മാര്‍ഗദര്‍ശിയായിരുന്നു പി.വി.കെ. നെടുങ്ങാടിയെന്ന് അദ്ദേഹം പറഞ്ഞു. ആരെയും ഭയക്കാതെ, ആരും ഭയഭക്തി ബഹുമാനത്തോടെ കാണുന്ന നാരദന് സര്‍വ്വഭൂത ഹിതൈഷിയായ ഋഷിയായിരുന്നുവെന്ന് സതീശന് ചൂണ്ടിക്കാട്ടി. ലോകത്തിന് ഹിതകരമായത് പറഞ്ഞ നാരദന് കടന്നു ചെല്ലാന്‍ പറ്റാത്ത ഇടമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുതിർന്ന മാധ്യമപ്രവർത്തകരായ എം.ബാലഗോപാൽ, സി.എം കൃഷ്ണപ്പണിക്കർ, കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (മാഗ്കോം) ഡയറക്ടർ എ. കെ അനുരാജ് എന്നിവരെ ആദരിച്ചു. വ്യത്യസ്ത മേഖലകളിൽ അവാർഡ് ലഭിച്ച മാധ്യമപ്രവര്‍ത്തകരായ, മാതൃഭൂമി ഡോട്ട് കോം സീനിയര്‍ കണ്ടന്റ് റൈറ്റര്‍ എന്‍.ടി. സഞ്ജയ് ദാസ്, കേരള കൗമുദി ഫോട്ടോഗ്രാഫര്‍ സി. അരുണ്‍ കുമാര്‍, സുപ്രഭാതം ന്യൂസ് ഫോട്ടോഗ്രാഫര്‍ നിധീഷ് കൃഷ്ണന്, ഗൃഹലക്ഷ്മി സബ്എഡിറ്റര്‍ സൂരജ് സുകുമാരന്‍, ദീപിക ഫോട്ടോഗ്രഫര്‍ രമേഷ് കോട്ടൂളി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
എം.ബാലഗോപാൽ, സി.എം കൃഷ്ണപ്പണിക്കർ, എ. കെ അനുരാജ്, എം. മനോജ്, എ.എന്‍ അഭിലാഷ്, കെ.എം അരുണ്‍ എന്നിവര്‍ സംസാരിച്ചു.