ഒരു ജൈവവസ്തു എന്നതിലപ്പുറം താന്‍ ഒരു ദൗത്യ നിര്‍വ്വഹണത്തിനായി പിറന്നവനാണെന്നും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുക എന്നതാണ് ആ ദൗത്യമെന്നും തനിക്കു തോന്നുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് വിവാദമാക്കാനും കളിയാക്കാനും അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികള്‍ ശ്രമിച്ചിരുന്നു. എന്തുകൊണ്ട് മോദി ഇങ്ങനെ പറഞ്ഞു എന്നു ചിന്തിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറല്ല. കഴിഞ്ഞ പത്തു വര്‍ഷത്തെ രാജ്യത്തിന്റെ മുന്നേറ്റം സ്വതന്ത്രമനസ്സോടെ വീക്ഷിക്കുന്ന ആര്‍ക്കും മോദിയെ കുറ്റപ്പെടുത്താനാവില്ല. മോദിഭരണം എട്ടുവര്‍ഷം പിന്നിട്ടപ്പോള്‍ ഇത്തരമൊരു അന്വേഷണം നടത്തിയ ഡോ.സി.വി.ജയമണി കണ്ടെത്തിയ കാര്യങ്ങളാണ് ‘അമൃതവര്‍ഷം ആത്മനിര്‍ഭരം’ എന്ന പുസ്തകത്തിലുള്ളത്. മോദി സര്‍ക്കാരിന്റെ പരിവര്‍ത്തനാത്മകമായ പരിഷ്‌കാരങ്ങളുടെ ഒരു ഏകദേശ രൂപം നല്‍കുക എന്നതിനാണ് ഈ പുസ്തകം രചിച്ചതെന്ന് അവതാരികയില്‍ ഗ്രന്ഥകാരന്‍ കുറിച്ചിട്ടുമുണ്ട്.
മോദിയുടേതാണ് എന്നു പറയുന്ന പല പദ്ധതികളും മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവെച്ചതല്ലേ എന്ന് ചോദിക്കുന്നവരുണ്ട്. ആര് തുടങ്ങി എന്നതാണോ ആര് അവ ജനോപകാരപ്രദമായി നടപ്പാക്കി എന്നതാണോ രാഷ്ട്രഹിതം വെച്ച് ചിന്തിച്ചാല്‍ പ്രധാനം? ഇത്തരത്തില്‍ തിരിച്ചു ചോദിച്ചാല്‍ അവര്‍ മൗനം പാലിക്കും. കോണ്‍ഗ്രസ് കാലത്തെ പദ്ധതികള്‍ പോലും രാജ്യനന്മയ്ക്കായി നടപ്പാക്കാന്‍ മോദി വേണ്ടിവന്നു എന്ന് അവര്‍ക്ക് സമ്മതിക്കേണ്ടിയും വരും. മോദി ഭരണകാലത്തെ രാജ്യത്തിന്റെ കുതിപ്പിനെ നരേന്ദ്രജാലം എന്നു തന്നെ വിശേഷിപ്പിക്കാം. ആത്മനിര്‍ഭരഭാരതം എന്ന മോദിയുടെ പ്രഖ്യാപനം സമഗ്രമേഖലയിലുമുള്ള പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്. ഇതിനായുള്ള വികസന കാഴ്ചപ്പാട്, അതിനു പാകത്തിനുള്ള ബജറ്റ്, അതിനായുള്ള നികുതി മെച്ചപ്പെടുത്തുന്ന നടപടികള്‍, വന്‍കിട മേഖലയ്‌ക്കൊപ്പം കര്‍ഷരുടെയും ചെറുകിട മേഖലയുടെയും വികസനം മുന്നില്‍ കണ്ടുള്ള ആസൂത്രണം, സാമ്പത്തിക പുരോഗതിയ്ക്കുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നിങ്ങനെ വികസനക്കുതിപ്പിനെ പരിശോധിക്കുകയാണ് ഗ്രന്ഥകാരന്‍ ചെയ്യുന്നത്. തികഞ്ഞ ഒരു സാമ്പത്തിക വിദഗ്ദ്ധന്റെ കാഴ്ചപ്പാടിലൂടെയാണ് അദ്ദേഹം ഈ ധര്‍മ്മം നിര്‍വ്വഹിച്ചത്.
മികവുറ്റ മനുഷ്യവിഭവശേഷി രാഷ്ട്രമാക്കി ഭാരതത്തെ മാറ്റുക എന്നതിനാണ് ഈ സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കിയത്. ഇതിനായി സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത് എല്ലാവര്‍ക്കും ഭക്ഷണം, പാര്‍പ്പിടം, വൈദ്യുതി, ഗ്യാസ് കണക്ഷന്‍, വെളിയിടവിസര്‍ജനമില്ലാത്ത പരിസരം എന്നിവയ്ക്കാണ്. ഇതെല്ലാം തന്നെ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നവയാണെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തിക സ്വയംപര്യാപ്തതയിലൂടെ പുരോഗതിയ്ക്ക് ആക്കം കൂട്ടുന്നതാണ്. ഇതിനായാണ് ജന്‍ധന്‍യോജന, മുദ്രാബാങ്ക്, മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, ശുചിത്വഭാരതം, പാര്‍പ്പിട പദ്ധതി തുടങ്ങിയവ ആസൂത്രണം ചെയ്തു പ്രാവര്‍ത്തികമാക്കിയത്.
സാമ്പത്തിക രംഗത്തെ കുതിപ്പിനു ശക്തി പകരാനുള്ള പദ്ധതികള്‍ക്കൊപ്പം സമ്പദ്‌വ്യവസ്ഥയെ തുരങ്കം വെയ്ക്കുന്ന തന്ത്രങ്ങളെ മുളയിലെ നുള്ളുന്ന നീക്കങ്ങളും നിഷ്‌ക്കരുണം ആവിഷ്‌ക്കരിച്ചു. നോട്ടുനിരോധനം പോലുള്ള വിപ്ലവാത്മകമായ നടപടി പാളിയിരുന്നെങ്കില്‍ സര്‍ക്കാര്‍ തന്നെ നിലംപതിച്ചേനേ.
ഈ മുന്നേറ്റത്തിനിടയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്ന പ്രതിസന്ധികളാവട്ടെ വളരെ ഗുരുതരമായവയാണ്. കോവിഡ് മൂലം സമ്പൂര്‍ണ്ണമായി അടച്ചിട്ടകാലത്ത് ലോകം മുഴുവന്‍ സാമ്പത്തികമായി പിന്നോട്ടടിച്ചു. എന്നാല്‍ ആ തകര്‍ച്ചയെ അതിജീവിക്കാന്‍ മാത്രമല്ല കോവിഡിനുള്ള പ്രതിരോധ മരുന്ന് ഉല്പാദിപ്പിച്ച് പല ലോകരാജ്യങ്ങള്‍ക്കും നല്‍കുന്ന സുഹൃദ് രാജ്യമായും ഭാരതത്തിനു ഉയരാനായി. അതുപോലെയുള്ള മറ്റൊരു പ്രതിസന്ധിയായിരുന്നു ദല്‍ഹിയിലെ കര്‍ഷകസമരം. കര്‍ഷകനേതാക്കളുടെ പ്രകോപന നീക്കങ്ങളില്‍ വഴിതെറ്റാതെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കി. അതോടെ കര്‍ഷകസമരം എന്ന അട്ടിമറി നീക്കത്തിന് വേരോട്ടം കുറഞ്ഞു. ജയ്റ്റിലിയുടെയും നിര്‍മ്മലസീതാരാമന്റെയും ബജറ്റുകള്‍ പ്രത്യേക പരിഗണന നല്‍കിയത് ജനപ്രിയ പദ്ധതികള്‍ എന്നതിനേക്കാള്‍ ജനോപകാരപ്രദമായ പദ്ധതികള്‍ക്കായിരുന്നു.
ഡിജിറ്റല്‍ സാങ്കേതിക രംഗത്ത്, ലോകത്തെ ഡിജിറ്റല്‍ പ്രാവീണ്യം നേടിയ മനുഷ്യമൂലധനത്തിന്റെ ഹബ്ബായി ഭാരതം അറിയപ്പെട്ടു. ഓപ്പണ്‍ ഡിജിറ്റല്‍ എക്കോസിസ്റ്റം വഴി അതിവേഗം ബഹുദൂരം സേവനങ്ങള്‍ എത്തിക്കാന്‍ സാധിച്ചത് എടുത്തു പറയേണ്ടതാണ്. ആരോഗ്യരംഗത്ത് വലിയ കുതിപ്പുണ്ടാക്കിയത് ലോകജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഭാരതമാണെന്നത് ഏറെ അതിശയത്തോടെയാണ് ലോകം വീക്ഷിച്ചത്. ഇതേസമയം തന്നെ ലോകരാഷ്ട്ര പര്യടനം വഴി മോദി പ്രകടിപ്പിച്ച നയതന്ത്രചാതുര്യം ഗള്‍ഫ് രാജ്യങ്ങളിലടക്കം വലിയ മതിപ്പാണുണ്ടാക്കിയത്. പല വിദേശരാജ്യങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കിക്കൊണ്ട് മോദി കാണിച്ച നയതന്ത്ര സമീപനം നയതന്ത്രബന്ധത്തിലെ രജതരേഖയായിരുന്നു. ഈ പുസ്തകത്തിലൂടെ ഡോ.സി.വി.ജയമണി ഇത്തരത്തിലുള്ള ഓരോ കാര്യത്തെക്കുറിച്ചും ആധികാരികമായി വിശദീകരിക്കുകയാണ്. വികസ്വരഭാരതം വിശാലമായ ആല്‍മരം പോലെ ലോകത്തിനു തണലേകുന്നതിന്റെ കണക്കുകള്‍ ഈ പുസ്തകത്തില്‍ ലഭ്യമാണ്. അതോടൊപ്പം കേരളത്തിന്റെ വികസനം ബോണ്‍സായി വികസനമാണെന്ന് കളിയാക്കുന്നുമുണ്ട്. വേദ ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം ഭാരതത്തിന്റെ വികസനക്കുതിപ്പിന്റെ ആഴത്തിലുള്ള പഠനമാണ്.
അമൃതവര്‍ഷം ആത്മനിര്‍ഭരം
ഡോ.സി.വി.ജയമണി
വേദ ബുക്‌സ്, കോഴിക്കോട്
പേജ്: 257 വില: 390 രൂപ
ഫോണ്‍: 9539009979