പ്രശസ്ത കഥകളി ആചാര്യന്‍ പത്മശ്രീ സദനം ബാലകൃഷ്ണനുമായുള്ള അഭിമുഖം
കഥകളി അഭ്യാസം തുടങ്ങുന്നതിനുമുമ്പുള്ള ജീവിത പശ്ചാത്തലം ഒന്ന് വിശദീകരിക്കാമോ.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് നഗരത്തില്‍ നിന്നും 35 കിലോമീറ്റര്‍ കിഴക്ക് ഭാഗത്ത് ചുഴലി എന്ന ഗ്രാമത്തിലെ തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്താണ് എന്റെ വീട്. പുതിയ വീട്ടില്‍ ഉമ്മങ്ങയെന്നാണ് (ഉമയമ്മ) അമ്മയുടെ പേര്. കുന്നത്ത് ആര്‍ക്ക്യത്ത് വീട്ടില്‍ കൃഷ്ണനാണ് എന്റെ അച്ഛന്‍. ഞാന്‍ ജനിച്ചത് 1944 ജൂണ്‍ 19ന്ആണ്. കൂനം എലിമെന്ററി സ്‌കൂളില്‍ അടിസ്ഥാന വിദ്യാഭ്യാസം കഴിഞ്ഞ് കുറുമാത്തൂര്‍ സെക്കന്ററി സ്‌കൂളില്‍ 6-ാം ക്ലാസ്സില്‍ ചേര്‍ന്ന് പഠനം തുടരുകയാണ് ചെയ്തത്.
സ്‌കൂള്‍ വിദ്യാഭ്യാസത്തിനിടയില്‍ കഥകളി അഭ്യാസം തുടങ്ങി സദനത്തില്‍ ചേരുന്നത് വരെയുള്ള കഥകളി അനുഭവങ്ങള്‍ ചുരുക്കി വിവരിക്കാമോ.
ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്താണ് വൈകുന്നേരം റഗുലര്‍ ക്ലാസ് കഴിഞ്ഞ് കഥകളി അഭ്യസിച്ചത്. കഥകളി പരിശീലനം ഉള്ള ദിവസങ്ങളില്‍ ഇരുളാകുന്നതിന് മുമ്പേ വീട്ടിലെത്തണമെങ്കില്‍ സാധാരണ നിലയില്‍ പലപ്പോഴും അഞ്ച് നാഴിക ദൂരത്തോളം ഓടിയാണ് ഇരുട്ടിന് മുമ്പേ അച്ഛന്റെ വീട്ടിലെത്താറ്. ഒരു ദിവസം കഥകളി ക്ലാസ്സ് കഴിഞ്ഞ് കുറുമാത്തൂര്‍ ഇല്ലത്തിന് മുന്നിലെ പൊതുവഴിയില്‍ കൂടി ഓടി പ്പോകുന്ന എന്നെ വലിയനാരായണന്‍ നമ്പൂതിരിപ്പാട് കാണാനിടയായതാണ്എന്നെ ഇന്നത്തെ നിലയിലുള്ള ഒരു കഥകളി കലാകാരനാക്കി മാറ്റിയത് എന്നാണ് ഞാന്‍ കരുതുന്നത്. ആ വലിയ മനുഷ്യന്‍ അന്ന് കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞ് നാളെ മുതല്‍ കഥകളി ക്ലാസ്സുകള്‍ ഉള്ള ദിവസങ്ങളില്‍ ഇല്ലത്ത് താമസിക്കാന്‍ എന്നോട് പറഞ്ഞു. അങ്ങനെയാണ് കുറുമാത്തൂരില്ലം എനിക്ക് ഒരു ആശ്രയസ്ഥാനമായത്. ദല്‍ഹിയില്‍ പോകുന്നതുവരെ നാട്ടില്‍ താമസിക്കുന്ന കാലത്ത് ഏറിയ പങ്കും ഞാന്‍ ഇല്ലത്താണ് താമസിച്ചിരുന്നത്. ഇ.എസ്.എസ്.എല്‍.സി പരീക്ഷ പാസ്സായി ഒമ്പതാം ക്ലാസ്സില്‍ മുത്തേടത്ത് ഹൈസ്‌കൂളില്‍ ചേര്‍ന്ന് പഠിച്ചപ്പോഴും ചന്തു പണിക്കരാശാന്റെ ശിഷ്യരില്‍ പ്രമുഖനായിക്കൊണ്ടിരുന്ന നാരായണന്‍ നായരാശാനാണ് എന്നെ കഥകളി അഭ്യസിപ്പിച്ചിരുന്നത്. ദുര്യോധനവധത്തിലെ ശ്രീകൃഷ്ണനായിട്ടായിരുന്നു കഥകളിയിലേക്ക് അരങ്ങേറ്റം. കുചേലവൃത്തം, കൃഷ്ണനും പിന്നെ കിരാതത്തിലെ അര്‍ജ്ജുനവേഷവും അഭ്യസിച്ച് ആ കാലങ്ങളില്‍ രംഗത്ത് അവതരിപ്പിച്ചിരുന്നു. കുറുമാത്തൂര്‍ സ്‌കൂളില്‍ എന്റെ കൂടെ കഥകളി അഭ്യസിച്ചയാളാണ് പറശ്ശിനി മഠപ്പുര മുത്തപ്പന്‍ കഥകളി യോഗത്തില്‍ കഥകളി അഭ്യസിച്ച് സ്ത്രീവേഷക്കാരനായി പ്രശസ്തി നേടിയ കുറുമാത്തൂര്‍ മാധവന്‍ എന്ന പരേതനായ കഥകളി നടന്‍.
ഒറ്റപ്പാലം പരുത്തിപ്പാല ഗാന്ധിസേവാ സദനത്തിലെ കഥകളി കളരി അനുഭവങ്ങളും കഥകളിയുമായി ബന്ധപ്പെട്ട മറ്റ് അനുഭവങ്ങളും ഒന്ന് ഓര്‍ത്തെടുക്കാമോ.
ഒമ്പതാം ക്ലാസ്സില്‍ പഠിച്ച് വേനല്‍ക്കാല അവധി കഴിഞ്ഞ് ജൂണിലാണ് പേരൂര്‍ ഗാന്ധി സേവാസദനത്തില്‍ കഥകളി കളരിയില്‍ ചേര്‍ന്നത്. ആദ്യം തേക്കിന്‍ക്കാട് രാവുണ്ണിനായരുടെ ശിക്ഷണത്തില്‍ മൂന്ന് വര്‍ഷവും തുടര്‍ന്ന് 5 വര്‍ഷം കീഴ്പ്പടം കുമാരനാശന്റെ ശിക്ഷണത്തിലും കഥകളി അഭ്യസിച്ചു. സദനത്തിലെ പഠന കാലത്തെപ്പറ്റി പറയുമ്പോള്‍ എന്നെ സംബന്ധിച്ചിടത്തോളം അതിനു മുന്നേ തന്നെ മൂന്ന് വര്‍ഷം പ്രഗല്‍ഭനായ ഒരു കഥകളി ആശാനില്‍ നിന്നും ലഭിച്ച ശിക്ഷണം അരങ്ങുകളില്‍ ഇടത്തരം കുട്ടിത്തരം കൂടാതെ രണ്ടാംകിട വേഷങ്ങള്‍ വരെ കെട്ടാന്‍ അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സദനത്തിലെ ഡിപ്ലോമ പരീക്ഷയില്‍ തിയറിയിലും പ്രാക്ടിക്കലിലും എനിക്ക് ഫസ്റ്റ് ക്ലാസ്സ് ഗ്രേഡ് ഉണ്ടായിരുന്നു. പഠനകാലത്തു തന്നെ ഞാന്‍ സീതാസ്വയംവരത്തില്‍ പരശുരാമന്റെ വേഷം രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. സദനന്‍ രാമന്‍ കുട്ടിയും ഞാനും ഒരേ കാലഘട്ടത്തിലാണ് സദനത്തില്‍ പഠിച്ചത്. കൃഷ്ണന്‍കുട്ടി എന്റെ മുന്‍ഗാമിയായിരുന്നു.
സദനത്തിലെ പഠനം കഴിഞ്ഞശേഷം കണ്ണൂര്‍ ജില്ലയില്‍ ആദ്യം അരങ്ങത്ത് അവതരിപ്പിച്ച വേഷം എന്തായിരുന്നു? എവിടെയായിരുന്നു അത്.
സദനത്തിലെ എട്ട് വര്‍ഷത്തെ പഠനകാലം കഴിഞ്ഞ് ഒരു വര്‍ഷമാണ് ഞാന്‍ പറശ്ശനിക്കടവില്‍ ഉണ്ടായത്. പിന്നീട് കേന്ദ്ര സാഹിത്യ അക്കാദമിയുടെ സ്‌കോളര്‍ഷിപ്പോടെ സദനത്തില്‍ തന്നെ രണ്ടു വര്‍ഷം ഉപരിപഠനം നടത്തുകയുണ്ടായി. കീഴ്പ്പടം ആശാന്റെ കീഴില്‍തന്നെ ഉപരിപഠനം ചെയ്യണമെന്ന എന്റെ ആഗ്രഹം ആ സമയത്ത് സദനവുമായി അകന്ന് നില്‍ക്കുന്ന കുമാരന്‍ നായരാശാനോട് ധരിപ്പിച്ചപ്പോള്‍ ഞാന്‍ വരാം, പഠിപ്പിക്കാമെന്ന് സമ്മതിച്ചു. അത് എന്റെ കലാജീവിതത്തിലെ മഹാഭാഗ്യമായി ഞാന്‍ കരുതുന്നു.
സദനത്തില്‍ വേഷക്കാരനായും അദ്ധ്യാപകനായും എത്രകാലം പ്രവര്‍ത്തിച്ചു.
ഈ ഉപരിപഠനം കഴിഞ്ഞ് ഞാന്‍ മൂന്നര വര്‍ഷക്കാലമാണ് സദനത്തില്‍ അധ്യാപകനായും വേഷക്കാരനായും പ്രവര്‍ത്തിച്ചത്. ഈ സമയത്ത് കേരളത്തിലും പുറത്തും ചുരുക്കം വിദേശത്തും അരങ്ങുകളില്‍ പ്രവര്‍ത്തിക്കാന്‍ ധാരാളം അവസരം ലഭിച്ചിട്ടുണ്ട്. സ്‌കോളര്‍ഷിപ്പ് കിട്ടിയിരുന്ന 250 രൂപയില്‍ 100 രൂപ സദനത്തില്‍ ഫീസ് വകയില്‍ കൊടുത്ത് ബാക്കി 150 രൂപ കയ്യില്‍ കിട്ടുമായിരുന്നു. സദനത്തില്‍ അധ്യാപകനായ കാലഘട്ടത്തില്‍ വെറും 125 രൂപയാണ് മാസ ശമ്പളം ലഭിച്ചിരുന്നത്. ഞാന്‍ വിവാഹിതനായി കുടുംബജീവിതം ആരംഭിച്ചതും ഈ കാലഘട്ടത്തിലാണ്. രാവിലെ മൂന്ന് മൂന്നരയ്ക്ക് ഏഴുന്നേറ്റ് ആറേഴ് പേരെ ചവിട്ടി തടവുകയും ക്ലാസ്സുകളെടുക്കുന്നതുമൊക്കെ നല്ല അധ്വാനമുള്ള ജോലിയായിരുന്നു. സദനം കളിയോഗത്തിന്റേതല്ലാത്ത കളികള്‍ക്ക് പോയാല്‍ അന്നത്തെ രീതിയനുസരിച്ച് 50, 60 രൂപ കിട്ടും. മറ്റ് കളികള്‍ നന്നേ കുറവായിരുന്നു. സാമ്പത്തികമായി വളരെ വിഷമിച്ച കാലഘട്ടമായിരുന്നു എങ്കിലും ഒരുപാട് ആദ്യവസാന വേഷങ്ങള്‍ കെട്ടുവാന്‍ അവസരം ലഭിച്ചത് ഞാന്‍ അഭിമാന സമേതം ഇന്നും ഓര്‍ക്കും. ഞെരളത്ത് ഒരമ്പലത്തില്‍ ദുര്യോധനവധം ആയിരുന്നു കഥ. എന്റെ കത്തിവേഷത്തിലുള്ള ചുട്ടി പൂര്‍ത്തിയായി എഴുന്നേറ്റപ്പോള്‍ കീഴ്പ്പടം ആശാന്‍ പറഞ്ഞു കഥ മാറ്റിയെന്ന്. രാവണ ഉത്ഭവം മാറ്റി കഥ ബാലി വിജയം ആക്കിയിരിക്കുന്നു. ഉത്ഭവത്തിന്റെ ആദ്യഭാഗം ആശാന്‍ കാണുന്നുണ്ടായിരുന്നു. കളി കഴിഞ്ഞ് ആശാന്‍ എന്നെ മുക്തകണ്ഠം അഭിനന്ദിച്ചു. ഹരികുമാറും നരിപ്പറ്റ നാരായണനും ഞാന്‍ അദ്ധ്യാപകനായിരുന്ന കാലത്തെ വിദ്യാര്‍ത്ഥികളായിരുന്നു.
പറശ്ശിനി മടപ്പുര മുത്തപ്പന്‍ കളിയോഗത്തില്‍ കുറച്ച് കാലം താങ്കള്‍ കഥകളിരംഗത്ത് ഉണ്ടായിരുന്നതായി അറിയാം. ഈ അനുഭവങ്ങളെക്കുറിച്ചും ആ കാലത്തെ കളിയരങ്ങ് അനുഭവങ്ങളെ കുറിച്ചും പറയാമോ.
പറശ്ശിനിക്കടവില്‍ ഉള്ള കാലത്ത് കളിയരങ്ങുകളില്‍ വൃശ്ചികം, ധനു മുതല്‍ ഇടവം ആദ്യകാലം വരെയുള്ള ഉത്സവ കാലഘട്ടങ്ങളില്‍ മാസത്തില്‍ 300 രൂപ ശമ്പളം തന്നിരുന്നു. വേഷം കെട്ടാനുള്ള ധാരാളം അവസരങ്ങള്‍ ലഭിച്ചുവെന്നത് എനിക്ക് നല്ല പ്രോത്സാഹനമായി. കൊച്ചു ഗോവിന്ദനാശാന്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ പലപ്പോഴും ആദ്യവസാനവേഷം എന്നെ ഏല്പിക്കാറാണ് പതിവ്. അങ്ങിനെയാണ് ഒരരങ്ങില്‍ യാതൊരു തയ്യാറെടുപ്പുമില്ലാതെ ആദ്യമായി ബാലി വിജയത്തിലെ രാവണവേഷം കെട്ടിയത്. വേഷം അണിയറയില്‍ അഴിച്ചുവെച്ചപ്പോള്‍ ആശാന്‍ അന്ന് എന്നെ പ്രത്യേകം വിളിച്ച് അഭിനന്ദിച്ചത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. തിങ്ങിനിറഞ്ഞ ആസ്വാദകരുള്ള ഒരു സദസ്സില്‍ ആദ്യം ആദ്യവസാനവേഷം അവതരിപ്പിച്ചത് കോഴിക്കോടാണ്. അവിടെ സൗഗന്ധികത്തിലെ ഹനുമാന്‍ വേഷത്തിന് കോഴിക്കോട്ടെ ഒരു പ്രധാന വ്യക്തി ഒരു കസവ് വേഷ്ടി ധരിപ്പിച്ചുകൊണ്ട് എന്നെ ആദരിക്കുകയുണ്ടായി. എനിക്ക് കിട്ടിയ ആദ്യത്തെ ആദരവായിരുന്നു അത്.
പൊതുവെ വടക്കേ മലബാറിലെ അക്കാലത്തെ കഥകളി പശ്ചാത്തലത്തെ കുറിച്ചും അരങ്ങുകളെകുറിച്ചും എന്താണ് പറയാനുള്ളത്.
മലബാര്‍ ഭാഗത്ത് മഞ്ചേരിക്ക് വടക്ക് ഭാഗം കഥകളി നന്നേ കുറവായിരുന്ന ആ കാലഘട്ടത്തില്‍ കൊച്ചു ഗോവിന്ദനാശാന്റെ നേതൃത്വത്തില്‍ പറശ്ശിനി കുഞ്ഞിരാമന്‍, കൃഷ്ണന്‍ മാരാര്‍, രാഘവന്‍, കുറുമാത്തൂര്‍ മാധവന്‍ തുടങ്ങിയവര്‍ അടങ്ങുന്ന മടപ്പുര ശ്രീമുത്തപ്പന്‍ കഥകളി ട്രൂപ്പ് മാത്രമാണ് ഈ ഭാഗത്തുണ്ടായിരുന്നത്. ക്ഷേത്രങ്ങളിലെ ഉത്സവത്തിന് ശുഷ്‌ക്കമായ കഥകളി ആസ്വാദകസദസ്സുകളില്‍ മാത്രമാണ് കഥകളിയരങ്ങുകളുണ്ടായിരുന്നത്. വലിയ ആഘോഷങ്ങളിലും, സാംസ്‌കാരിക വേദികളിലും കഥകളി വിരളമായേ അവതരിപ്പിക്കാറുള്ളൂ. എഴുപതുകളുടെ ആരംഭത്തിലാണ് വടക്കേ മലബാറില്‍ കഥകളി ആസ്വാദകരും കലാകാരന്മാരും സ്വന്തം നിലയില്‍ കഥകളി സംഘടിപ്പിക്കാന്‍ തുടങ്ങിയത്.
താങ്കള്‍ ദല്‍ഹി കഥകളി സെന്ററില്‍ എത്തുന്നത് ഏത് വര്‍ഷമാണ്? അവിടെയെത്താനുള്ള സാഹചര്യം എന്തായിരുന്നു.
സദനത്തില്‍ ഏതാണ്ട് നാല് വര്‍ഷം തികയുന്നതിന് മുന്നെ പല വിഷമതകളും പ്രശ്‌നങ്ങളും കാരണം എന്റെ സേവനം അവസാനിപ്പിച്ച് ഞങ്ങള്‍ കുറച്ച് കലാകാരന്മാര്‍ ഒരു ചെറിയ കഥകളി സംഘം രൂപീകരിച്ച് കളികള്‍ ഏറ്റെടുത്ത് നടത്തുകയുണ്ടായി. പഴയ ഒരു കഥകളി കോപ്പ് വാടകയ്ക്ക് ഏറ്റെടുത്ത് ഒരു കളിയോഗം സംഘടിപ്പിക്കാന്‍ ശ്രമിച്ചു. ആരംഭത്തില്‍ തന്നെ ചില കഥകളി കലാകാരന്മാരുടെ അനാവശ്യമായ പെരുമാറ്റം കാരണം ആ സംരംഭം അവസാനിപ്പിക്കേണ്ടിയും വന്നു. ആ സാഹചര്യത്തില്‍ ദല്‍ഹിയില്‍ ഒരു പരിപാടിയില്‍ കളിക്ക് പോയി. അന്ന് ദല്‍ഹി കഥകളി കേന്ദ്രത്തിന്റെ സംഘാടകനായ ഫിലിപ്‌സ് കമ്പനിയില്‍ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ആലുവക്കാരനായ ശിവശങ്കരമേനോന്‍ എന്റെ സൗഗന്ധികത്തിലെ ഹനുമാന്‍ വേഷം കണ്ടിരുന്നു. കളികഴിഞ്ഞ് ശിവശങ്കരമേനോന്‍ എന്നെക്കണ്ട് കഥകളി കേന്ദ്രത്തിന്റെ തല്‍ക്കാല സ്തംഭനാവസ്ഥയെപ്പറ്റിയും അത് വീണ്ടും നല്ല നിലയില്‍ നടത്താന്‍ ഉദ്ദേശിക്കുന്നതായും എന്നെ അതിന്റെ കാര്യങ്ങള്‍ ഏല്പിക്കാനുള്ള താല്‍പ്പര്യവും അറിയിച്ചു. ഞാന്‍ നാട്ടില്‍ വന്നതിനു ശേഷം ചിന്തിച്ച് തീരുമാനം അറിയിക്കാമെന്ന് പറയുകയും പിന്നീട് ശിവശങ്കരന്‍ സാറുമായി ബന്ധപ്പെട്ട് കഥകളി കേന്ദ്രത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. യാദൃച്ഛികമായാണെങ്കിലും ഞാന്‍ നാട്ടില്‍ ഒരു സ്ഥിരമായ ജീവിത സമ്പാദനമാര്‍ഗ്ഗമില്ലാതെ അലയുമ്പോഴാണ് ഈ ഉത്തരവാദിത്തം എന്നെത്തേടിയെത്തിയത്. അതുകൊണ്ട് ഞാന്‍ അത് സന്തോഷത്തോടെ സ്വീകരിക്കുകയുണ്ടായി. 1974ല്‍ ആണ് ഞാന്‍ കഥകളി സെന്ററില്‍ അധ്യാപകനായി പ്രവേശിച്ചത്. അന്ന് പ്രധാനാദ്ധ്യാപകന്‍ മാമ്പുഴ മാധവ പണിക്കരായിരുന്നു. രണ്ടുവര്‍ഷത്തിനുശേഷം ദല്‍ഹിയില്‍ മുന്നേ കഥകളി സെന്ററില്‍ പ്രവര്‍ത്തിച്ച ചിലര്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കീഴ്പ്പടം ആശാന്‍ വന്നു.അപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ താമസസ്ഥലത്ത് ചെന്ന് സെന്ററിന്റെ ചുമതലക്കാരോടൊപ്പം ഒരു പുതിയ കഥ തയ്യാറാക്കി അവതരിപ്പിക്കാനുള്ള ഞങ്ങളുടെ സംരംഭത്തില്‍ ആശാന്റെ സഹായം തേടുകയും അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കീഴ്പ്പടം കുമാരന്‍ നായര്‍ കഥകളി സെന്ററില്‍ എത്തുന്നത്. അദ്ദേഹം പ്രധാനാദ്ധ്യാപകനായി അഞ്ചുവര്‍ഷത്തോളം ഉണ്ടായിരുന്നു.
ഒരു കഥകളിക്കാരനെന്ന നിലയില്‍ താങ്കളുടെ ജീവിത കാലഘട്ടത്തിന്റെ ഒരു പ്രധാനഭാഗം ദല്‍ഹിയിലായിരുന്നുവെന്ന് തോന്നുന്നു. കഥകളിയുമായി ബന്ധപ്പെട്ട അവിടുത്തെ അനുഭവങ്ങള്‍ പങ്കുവെക്കാമോ.
മൂന്ന് ദശകത്തിലേറെ കാലഘട്ടം ദല്‍ഹിയില്‍ കഥകളി രംഗത്ത് പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. രാജ്യതലസ്ഥാന നഗരം എന്ന നിലയില്‍ ഗണനീയമായ ഒരു മലയാളി സമൂഹമുള്ള ദല്‍ഹിയില്‍ കഥകളിയെന്ന ലോകോത്തര കലയ്ക്ക് വേണ്ടത്ര സ്വീകാര്യതയും സ്ഥാനവും അക്കാലത്ത് ലഭ്യമായിരുന്നില്ല. കഥകളി സെന്ററിന്റെ അശ്രാന്ത പരിശ്രമത്തിലൂടെയും ടജകഇങഅഇഅഥ (സ്പിക്‌മെകെ) പോലുള്ള പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെയും സ്ഥിതി മാറ്റിയെടുക്കുന്നതില്‍ ഒരു പരിധിയോളം വിജയിച്ചിട്ടുണ്ട് എന്നത് വളരെ കൃതാര്‍ത്ഥത നല്‍കുന്ന കാര്യമാണ്. കഥകളി കേന്ദ്രം ദല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലും മാസത്തില്‍ രണ്ടു പരിപാടിയെന്ന നിലയില്‍ സാധാരണക്കാരന് ഉള്‍ക്കൊള്ളാവുന്ന രീതിയില്‍ 20, 25 മിനുട്ട് കഥകളി പ്രദര്‍ശന ക്ലാസ്സും രംഗത്തവതരിപ്പിക്കുന്ന കഥാഭാഗത്തെകുറിച്ച് വ്യക്തമായ വിവരണത്തോടെയുള്ള ഒരു കഥകളി പരിപാടി മുടങ്ങാതെ അവതരിപ്പിക്കുകയുണ്ടായി. കഥകളിയുടെ പ്രഗല്‍ഭനായ ആചാര്യനെന്ന് വിശേഷിപ്പിക്കാവുന്ന കലാമണ്ഡലം രാമന്‍കുട്ടിനായര്‍ ഒരു കഥകളി സംഘത്തെ നയിച്ച് പരിപാടി അവതരിപ്പിക്കാന്‍ 2007ല്‍ ദല്‍ഹിയില്‍ വന്നപ്പോള്‍ തന്റെ സംഘത്തിലെ കലാകാരന്മാര്‍ക്ക് കൊടുത്ത നിര്‍ദ്ദേശം എനിക്ക് കിട്ടിയ ഏറ്റവും വില മതിപ്പുള്ള യോഗ്യതാപത്രമായിരുന്നു. സദനം ബാലകൃഷ്ണനൊക്കെ കഥകളി അവതരിപ്പിക്കുന്നത് കണ്ട് ആസ്വദിച്ച നല്ല അനുവാചകരാണ് ഈ പ്രദേശത്തുള്ളത് എന്ന് മനസ്സിലാക്കി കരുതലോടെ വേണം നമ്മള്‍ അരങ്ങത്ത് പ്രവര്‍ത്തിക്കാന്‍ എന്നായിരുന്നു ആ നിര്‍ദ്ദേശം. ഇന്ന് ദല്‍ഹിയില്‍ കഥകളിക്ക് വളരെ പ്രധാനമായ ഒരു സ്ഥാനമുണ്ട്.
ഭാരതത്തില്‍ മിക്കവാറും എല്ലാ പ്രധാന നഗരങ്ങളിലും കലാകേന്ദ്രങ്ങളിലും മറ്റുമായി ഏറെ അരങ്ങുകളില്‍ താങ്കള്‍ കഥകളി അവതരിപ്പിച്ചിട്ടുണ്ടല്ലോ? ആ അനുഭവം വിവരിക്കാമോ.
ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളിലും കഥകളി അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചിട്ടുള്ളത് എന്റെ സൗഭാഗ്യമായി ഞാന്‍ കരുതുന്നു. രണ്ട് അരങ്ങുകളെ ഞാനിവിടെ സൂചിപ്പിക്കാം. ഗോഹട്ടിയിലെ കാമാഖ്യക്ഷേത്രത്തില്‍ കഥകളി സെന്റര്‍ ഒരു ദക്ഷയാഗം അവതരിപ്പിക്കുകയുണ്ടായി. കഥകളിയില്‍ ദക്ഷയാഗത്തിലെ ശിവന്‍ സാത്വിക വേഷമെന്ന് പറയുന്ന വേഷവിധാനമാണ് പതിവ്. കഥകളിയിലെ വേഷവിധാനങ്ങള്‍ അത്രയൊന്നും പരിചയമില്ലാത്ത ആസ്സാമില്‍ ശിവനെ കഥകളിയുടെ ശൈലിയില്‍ തീരെ മാറ്റം വരുത്താതെ കിരീടത്തിലും ഉടുത്ത് കെട്ടിലെ ഉടയാടയിലും ചില പരിഷ്‌ക്കരണം നടത്തി ഞങ്ങള്‍ വേഷം ചിട്ടപ്പെടുത്തി. കിരീടത്തില്‍ ഗംഗയും നാഗവുമൊക്കെ ചിത്രീകരിച്ചുകൊണ്ടുള്ളതും ഉടുത്തുകെട്ടിലുള്ള പാവാട പുലിത്തോലിന്റെ ഡിസൈനിലും തയ്യാറാക്കി. കഴുത്തില്‍ മാലയുടെ സ്ഥാനത്ത് പാമ്പിന്റെ രൂപം നിര്‍മ്മിക്കപ്പെട്ടതായിരുന്നു. ഈ രീതിയില്‍ ശിവനെ കാമാഖ്യക്ഷേത്രത്തില്‍ അവതരിക്കപ്പെട്ടത് അവിടുത്തെ പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസക്ക് കാരണമായി. അതുകൊണ്ട് തന്നെ അവിടുന്നങ്ങോട്ട് ദല്‍ഹി കഥകളി സെന്ററില്‍ ദക്ഷയാഗത്തിലെ ശിവനെ ആ രീതിയിലാണ് അവതരിപ്പിക്കാറ്. പഞ്ചാബില്‍ ഒരു നിറഞ്ഞ സദസ്സിന് മുമ്പാകെ കീചകവധം അരങ്ങേറുകയുണ്ടായി. വലലന്റെ നിര്‍ദ്ദേശപ്രകാരം സൈരന്ധ്രി കീചകനെ ഒരു രാത്രി താന്‍ ശയിക്കുന്ന ഇടത്ത് വിളിച്ച് നിശ്ചിത സ്ഥലത്ത് വലലന്‍ തന്നെ ഇരുട്ടില്‍ മൂടി പുതച്ച് കിടക്കുകയും കീചകന്‍ വന്നപ്പോള്‍ കെട്ടിപ്പിടിച്ച് ചങ്ക് ഞെരിച്ച് കൊല്ലുകയും ചെയ്യുന്ന രംഗം അഭിനയിക്കുമ്പോള്‍ സദസ്സിലെ ഒരു വലിയ വിഭാഗം കാണികള്‍ ഹിന്ദി ഭാഷയില്‍ ”കൊല്ലവനേ കൊല്ല്” എന്ന് ആവേശത്തോടെ വിളിച്ചു പറയുകയുണ്ടായി. അതോര്‍ക്കുമ്പോള്‍ ഇന്നും ആ ശബ്ദം എന്റെ ചെവികളില്‍ മുഴങ്ങുന്നതായി തോന്നുന്നു. ആ കലാപ്രകടനം കഥയിലെ ഇതിവൃത്തം സ്വന്തം ജീവിതത്തിലെ സംഭവമെന്നോണം അനുവാചകര്‍ക്ക് അനുഭവഭേദ്യമാക്കാന്‍ കഴിഞ്ഞുവെന്നാണല്ലോ അത് വ്യക്തമാക്കുന്നത്.
![](https://kesariweekly.com/wp-content/uploads/2024/06/ktakali-1-jpg.webp)
കഥകളിയെ കുറിച്ച് ആധികാരികമായി ഒരുപാട് എഴുതിയിട്ടുള്ള ആളാണ് താങ്കള്‍. ശ്രദ്ധേയങ്ങളായ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നറിയാം. മറ്റ് മതകഥകളും പാശ്ചാത്യ സാഹിത്യകൃതികളും ഇതിവൃത്തമാക്കി താങ്കള്‍ രചിച്ചതും അല്ലാത്തതുമായ ആട്ടക്കഥകള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. അതെകുറിച്ച് പറയാമോ?
ഒരു എഴുത്തുകാരന്‍ എന്ന് അവകാശപ്പെടുവാന്‍ അര്‍ഹനല്ലെന്നു കൃത്യമായ തിരിച്ചറിവുള്ള ആള് തന്നെയാണ് ഞാന്‍. പ്രത്യേകിച്ചും ഈ ഒരു മഹത്തായ കലയെകുറിച്ച് പറയുമ്പോള്‍. ‘കഥകളി ഒരു നാടിന്റെ വീക്ഷണത്തില്‍’ എന്ന ഇംഗ്ലീഷ് ഭാഷയില്‍ ഒരു പുസ്തകവും, കഥകളിയെന്ന ഭാരതീയ പൈതൃക കലയെ കുറിച്ചുള്ള ഒരു പുസ്തകവും പ്രസിദ്ധീകരിക്കാന്‍ എനിക്ക് കഴിഞ്ഞുവെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. പത്ത് പതിനൊന്ന് ഭാരതീയ പുരാണേതിഹാസങ്ങളും ഷേക്ക്‌സ്പിയര്‍ നാടകവും ഗ്രീക്ക് സാഹിത്യവും ഇതിവൃത്തമാക്കപ്പട്ട ആട്ടക്കഥകളും കഥകളി അവതരിപ്പിക്കുവാന്‍ പദങ്ങള്‍ നിര്‍മ്മിക്കാനും സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ അവതരണകലകളില്‍ സര്‍വ്വശ്രേഷ്ഠ കലയായ കഥകളിയുടെ സാഹിത്യത്തിന്റെ പ്രസക്തിയും ലഭ്യതയും വെച്ച് നോക്കുമ്പോള്‍ ആ മേഖലയില്‍ താരതമ്യേന ഗ്രന്ഥങ്ങള്‍ കുറവാണ്. കഥകളി രംഗത്തുള്ള വായനക്കാരുടെ അലംഭാവവും ഇതിന് കാരണമാകാം. ഈ സാഹചര്യം മാറ്റിയെടുക്കാന്‍ കഥകളി കലാകാരന്മാരും ആസ്വാദകരും സംഘാടകരും കിണഞ്ഞ് ശ്രമിക്കണം എന്നാണ് എന്റെ അഭ്യര്‍ത്ഥന.
വിദേശരാജ്യങ്ങളിലെ ഏറെ വേദികളില്‍ കഥകളി അവതരിപ്പിച്ചയാളെന്ന നിലയില്‍ എന്താണ് പറയാനുള്ളത്.
വിദേശങ്ങളിലെ പ്രശസ്ത നഗരങ്ങളില്‍ പല സ്ഥലങ്ങളിലും കഥകളി അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കലാ ആസ്വാദകരുടെ നിലവാരവും ആസ്വാദനശേഷിയും പൊതുവെ വിദേശങ്ങളില്‍ വളരെ ഉയര്‍ന്നതാണ്. കഥകളിയെ പോലുള്ള ക്ലാസ്സിക്കല്‍ കലയ്ക്ക് വിദേശത്ത് ആസ്വാദകരെ ആകര്‍ഷിക്കാനും സ്വാധീനിക്കാനും കഴിയുന്നുണ്ട് എന്നതാണ് എന്റെ അനുഭവം. കഥകളിയെ യഥാര്‍ത്ഥമായി അറിയാനും ആസ്വദിക്കാനും അവര്‍ ഏറെ തല്‍പരരാണ്. സൗത്ത് അമേരിക്കയിലെ കൊളംബിയയില്‍ വലിയ ഒരു അന്തര്‍ദേശീയ കലാ സാംസ്‌കാരിക മേളയില്‍ ആറ് ദിവസം തുടര്‍ച്ചയായി കഥകളി അവതരിപ്പിക്കുവാനുള്ള അവസരം ലഭിക്കുകയുണ്ടായി. ആദ്യത്തെ ദിവസം കാണികളുടെ സാന്നിദ്ധ്യം വളരെ ശുഷ്‌ക്കമായിരുന്നു.. ടിക്കറ്റ് തീരെ കുറച്ച് മാത്രം വിറ്റഴിച്ചതില്‍ സംഘാടകര്‍ക്കുള്ള വിഷമം അവര്‍ നേരിട്ട് ഞങ്ങളെ അറിയിക്കുകയുണ്ടായി. ഇന്നും നാളെയും പ്രേക്ഷകരുടെ എണ്ണം വേണ്ടത്ര വര്‍ദ്ധിച്ചിട്ടില്ലെങ്കില്‍ ബാക്കി പരിപാടികള്‍ നിര്‍ത്തിവെക്കേണ്ടി വരുമെന്ന് അവര്‍ ഞങ്ങളെ ബോധ്യപ്പെടുത്തുകയുണ്ടായി. കല്യാണ സൗഗന്ധികം, കീചകവധം, കിരാതം എന്നീ കഥകള്‍ രണ്ട് തവണ അവതരിപ്പിക്കാനായിരുന്നു പരിപാടി ഇട്ടിരുന്നത്. ഏതായാലും ആദ്യത്തെ പരിപാടി തന്നെ സദസ്സ് വളരെ നല്ല നിലയില്‍ സ്വീകരിച്ചു എന്നാണ് ഞങ്ങളുടെ നിഗമനം. അടുത്ത ദിവസം നേരെ ഇരട്ടിയോളം വന്ന കാണികളുടെ സംഖ്യ അതിന് തെളിവായിരുന്നു. എന്തിനേറെ പറയണം, ബാക്കി നാല് ദിവസവും ക്രമാതീതമായി ടിക്കറ്റ് വില്‍പ്പന വര്‍ദ്ധിച്ചുവെന്ന് മാത്രമല്ല ഒടുവിലത്തെ ദിവസം വരാന്തയിലും മറ്റും കാണികള്‍ക്ക് സൗകര്യം ചെയ്തിട്ടും ഒടുവില്‍ ടിക്കറ്റ് ക്ലോസ്സ് ചെയ്യേണ്ടി വന്നു എന്നതാണ് ആശ്ചര്യകരമായ വസ്തുത. മുസ്ലിം രാജ്യമായ പാകിസ്ഥാനെന്ന നമ്മുടെ അയല്‍രാജ്യത്തില്‍ സാധാരണയായി ഭാരതത്തിന്റെ പരമ്പരാഗത പ്രദര്‍ശന കലകള്‍ വളരെ വിരളമായേ അവതരിപ്പിക്കപ്പെടാറുള്ളൂവെന്നതാണ് സത്യം. ദല്‍ഹി കഥകളി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലാഹോറില്‍ ഒരു തവണ കീചകവധം കഥ അരങ്ങത്ത് അവതരിപ്പിക്കുകയുണ്ടായി. രംഗത്ത് നിലവിളക്ക് കൊളുത്തുന്ന കാര്യത്തിലൊക്കെ സംശയങ്ങളും തടസ്സങ്ങളും ബാധിക്കുമോയെന്ന പരാധീനതയുണ്ടായിരുന്നു. പക്ഷെ ലാഹോറിലെ സംഘാടകര്‍ അവരുടെ മുന്നില്‍ കാവ്യം അവതരിപ്പിച്ചപ്പോള്‍ പറഞ്ഞത് ഞങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിച്ചു. എങ്ങിനെയാണോ നിങ്ങള്‍ കഥകളി അതിന്റെ ചിട്ടവട്ടങ്ങളും സാങ്കേതികതകളും ഒന്നും ഒഴിവാക്കാതെ അവതരിപ്പിക്കാറ് അത് അങ്ങനെ തന്നെ അണുവിട വ്യത്യാസമില്ലാതെ വേണം ഇവിടെ അവതരിപ്പിക്കാന്‍ എന്നായിരുന്നു അവര്‍ ഞങ്ങളോട് പറഞ്ഞത്.
പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായ ഒരു കലാകാരനെന്ന നിലയില്‍ ആസ്വാദകരോടും പൊതുജനങ്ങളോടും താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്.
എന്റെ കഥകളി, ഗുരുക്കന്മാരില്‍ നിന്നും പഠിച്ചതും പ്രഗത്ഭരായ മുന്‍ഗാമികളില്‍ നിന്നും മനസ്സിലാക്കിയതും എന്റെ അഭ്യുദയകാംക്ഷികളില്‍ നിന്നും കലാസ്‌നേഹികളായ പരിണതപ്രജ്ഞരുമായവരില്‍ നിന്നും പറഞ്ഞറിഞ്ഞിട്ടും കിട്ടിയകലാശേഷിയാണ്. കഴിവ് പരമാവധി ഉപയോഗപ്പെടുത്തിയാണ് ഞാന്‍ അവതരിപ്പിച്ചത്. അതിന് എനിക്ക് എന്റെ ജന്മനാട് തന്ന ഈ മഹത്തായ ആദരവിന് എന്റെ ഗുരുക്കന്മാരോടും, രക്ഷാകര്‍ത്താക്കളോടും ആസ്വാദ്യലോകത്തോടും എന്നെന്നും കടപ്പെട്ടവനാണ്. അതിന് ഞാന്‍ സന്തോഷത്തോടെ വിനീതവിധേയനായിരിക്കുമെന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ.
ഒരു കഥകളി ആശാന്‍ എന്ന നിലയില്‍ കഥകളി ലോകത്തോട് ഈ വേളയില്‍ എന്താണ് പറയാനുള്ളത്.
മഹാഭാരതം, രാമായണം, മറ്റുപുരാണ കഥകള്‍ എന്നിവയില്‍ നിന്നും ഷെയ്ക്‌സ്പിയര്‍ നാടകങ്ങളില്‍ നിന്നുമൊക്കെ ഇതിവൃത്തങ്ങള്‍ സ്വീകരിച്ച് പതിനഞ്ചോളം ആട്ടക്കഥകള്‍ രചിച്ച് സംവിധാനം ചെയ്ത് രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ സര്‍വ്വകലകളുടേയും സമന്വയ കലയായ കഥകളിയുടെ അടിസ്ഥാന തത്വത്തിനും അതിന്റെ സ്വത്വത്തിനും കോട്ടം വരാതെയാണ് പുതിയ കഥകള്‍ സംവിധാനം ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളത്. കഥകളി കലാകാരന്മാരോട് ഒന്നേ പറയാനുള്ളൂ. സ്വന്തം ജീവിതത്തേയും സഹപ്രവര്‍ത്തകരേയുമൊക്കെ പരിഗണിക്കുമ്പോള്‍ ഇതിലൊക്കെ ഉപരിയായി നാം എപ്പോഴും കഥകളിയെ കാണണം. പൂര്‍വ്വസൂരികളില്‍ നിന്നും നമുക്ക് കിട്ടിയ ഈ കലാവൈഭവം പൈതൃകമായി ലഭിച്ച തനിമയും സത്തയും ചൈതന്യവും മങ്ങാതെ സൂക്ഷിക്കാന്‍ നമ്മള്‍ സര്‍വ്വ സന്നദ്ധരാകണം. കലാരംഗത്ത് കഥാപാത്രങ്ങളുടെ അഭിനയത്തിലും രംഗത്തെ അഭിനയവേളകളിലും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ തിരുകി കയറ്റരുത്.
പൊതുവെ കഥകളി രംഗത്ത് ഇന്നുള്ള പ്രവണതകളെകുറിച്ച് എന്താണ് അഭിപ്രായം.
കഥകളിയില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ കൊണ്ട് ഒരു കഥ അവതരിപ്പിക്കുകയെന്നത് തീരേ പ്രായോഗികമല്ല. ഒരു കഥയിലെ പ്രത്യേക സന്ദര്‍ഭങ്ങള്‍ തിരഞ്ഞെടുത്ത് അതിനെ കഥകളിയുടെ ആദിമ ആചാര്യന്മാരുടെ അവതരണശൈലിയോട് നീതി പുലര്‍ത്തിക്കൊണ്ട് അവതരിപ്പിക്കുന്നതാണ് ഇന്നത്തെ കാലത്ത് അനുയോജ്യമാകുക. കഥകളി ഒട്ടെല്ലാ ദൃശ്യ-ശ്രവ്യ കലകളുടേയും സമന്വയമാണെന്ന് പറയാം. ആംഗികം, സാത്വികം, ആഹാര്യം, വാചികം എന്നീ നാല് ഘടകങ്ങള്‍ക്ക് ഒരുപോലെ പ്രാധാന്യം കൊടുക്കുന്നതാവണം അവതരണരീതിയെന്ന് എനിക്ക് അഭിപ്രായമുണ്ട്. വാചികത്തിന് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള അവതരണ ശൈലി ഇപ്പോള്‍ കണ്ടുവരുന്നുണ്ട്. ഇത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലായെന്നാണ് ഞാന്‍ കരുതുന്നത്.
കഥകളി പ്രേക്ഷകര്‍ക്കും കഥകളികലാകാരന്മാര്‍ക്കും എന്ത് സന്ദേശങ്ങളാണ് താങ്കള്‍ക്ക് നല്‍കാനുള്ളത്.
കലാകാരന്മാരും ആസ്വാദകരും കൂടിയതാണല്ലോ കഥകളി ലോകം. കഥകളിയെ പോഷിപ്പിക്കുകയെന്നത് ഈ രണ്ടു വിഭാഗത്തിന്റേയും ഉത്തരവാദിത്തമാണ്. കഥകളി വില്പനച്ചരക്കാക്കാതിരിക്കാന്‍ കലാകാരന്മാര്‍ ശ്രദ്ധിക്കണം. അതുപോലെ കലാകാരന്മാര്‍ക്ക് മാന്യമായ ജീവിത സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്ന തരത്തില്‍ പ്രതിഫലം ലഭ്യമാക്കാന്‍ സംഘാടകരും ആസ്വാദകരും ശ്രദ്ധിക്കണം.