മഹാത്മാ അയ്യങ്കാളിയുടെ വക്താക്കള്‍ എന്നനിലയില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തെ അപമാനിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സമുദായസ്പര്‍ദ്ധ വളര്‍ത്തുന്നവരാണ് തങ്ങള്‍ അയ്യങ്കാളിയുടെ വക്താക്കളാണെന്ന് അവകാശപ്പെടുന്നത്. എന്നാല്‍ ആ മഹാത്മാവ് ജീവിതത്തില്‍ ഒരിക്കല്‍ പോലും അന്യസമുദായവിരുദ്ധ പ്രസംഗമോ പ്രവര്‍ത്തനമോ നടത്തിയിട്ടില്ല. ഹിന്ദു സമൂഹത്തിലെ ജീര്‍ണതകള്‍ക്കെതിരെയായിരുന്നു യുദ്ധം! ഹിന്ദുക്കള്‍ക്കെതിരെയോ അതിലെ ഏതെങ്കിലും സമുദായങ്ങള്‍ക്കെതിരെയോ ആയിരുന്നില്ല.
അയ്യങ്കാളി സനാതനധര്‍മ്മത്തിന്റെ കാവല്‍ക്കാരനായിരുന്നു. അതിന്റെ കാരണം അദ്ദേഹത്തെ സ്വാധീനിച്ചതും പരുവപ്പെടുത്തിയതും ആത്മീയാചാര്യന്മാരായിരുന്നു എന്നതാണ്. സദാനന്ദ സ്വാമികള്‍, തൈക്കാട്ട് അയ്യാവ്, ശ്രീനാരായണഗുരു തുടങ്ങിയവരായിരുന്നു വഴികാട്ടികള്‍! സദാനന്ദ സ്വാമികളെ കൂട്ടിക്കൊണ്ടുപോയി വെങ്ങാനൂരില്‍ ബ്രഹ്‌മനിഷ്ഠാമഠം സ്ഥാപിച്ചു. സമുദായാംഗങ്ങളെ വിളിച്ചുചേര്‍ത്ത് അവര്‍ക്കായി ആദ്ധ്യാത്മിക ക്ലാസ്സുകള്‍ എടുപ്പിച്ചു. ഭക്തിയും വിവേകവും ശുചിത്വവും ഓരോ വ്യക്തിയിലും കുടുംബത്തിലും സൃഷ്ടിക്കാന്‍ യത്‌നിച്ചു. വെങ്ങാനൂരില്‍ സമുദായ മന്ദിരത്തില്‍ ഞായറാഴ്ചതോറും പ്രാര്‍ത്ഥനാപരിപാടി സംഘടിപ്പിച്ചു. പ്രജാസഭയില്‍ പ്രസംഗിക്കവേ ഒരിക്കല്‍, ഞങ്ങളുടെ ആള്‍ക്കാര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ ക്ഷേത്രം ഉണ്ടാക്കിത്തരണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മതവിരുദ്ധനോ ഹിന്ദുവിരുദ്ധനോ ആണെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നോ?
ശ്രീനാരായണഗുരുവിനെ ഇടയ്ക്കിടയ്ക്ക് കാണുമായിരുന്നു. വിഷമങ്ങളും സങ്കടങ്ങളും സംശയങ്ങളും ഇറക്കിവയ്ക്കും. ഗുരു അതെല്ലാം പരിഹരിച്ച്, ആശ്വസിപ്പിച്ച്, ആത്മവിശ്വാസം നല്‍കി പറഞ്ഞയയ്ക്കും. സമുദായപുരോഗതിയ്ക്കു വേണ്ട പ്രധാന കാര്യങ്ങളിലൊന്ന് മദ്യത്തില്‍നിന്ന് മുക്തമാക്കുക എന്നത് ഗുരുവില്‍നിന്നായിരിക്കണം സ്വീകരിച്ചത്. സാധുജനപരിപാലനയോഗത്തിന്റെ സമ്മേളനങ്ങളില്‍ മദ്യവിരുദ്ധ പ്രതിജ്ഞ എടുപ്പിക്കുക എന്നത് അയ്യങ്കാളിയുടെ പതിവു പരിപാടിയായിരുന്നു. കള്ളുകുടിച്ചു വരുന്ന ഭര്‍ത്താക്കന്മാര്‍ക്ക് കഞ്ഞിവച്ചു കൊടുക്കരുതെന്ന് സ്ത്രീകളോട് ആഹ്വാനം ചെയ്യുമായിരുന്നു.
തൈക്കാട്ട് അയ്യാവിന്റെ അടുത്തും മിക്കപ്പോഴും പോകുമായിരുന്നു. അയ്യാവിന്റെ സമാധിക്കു പതിനൊന്നു ദിവസം മുമ്പ് അയ്യങ്കാളിയെ കണ്ടപ്പോള്‍ പറഞ്ഞത്, അയ്യങ്കാളിയെ ഉടനെതന്നെ പ്രജാസഭയില്‍ എടുക്കുമെന്നായിരുന്നു. കൊട്ടാരവാസികളുടെ ആത്മീയോപദേഷ്ടാവായ അയ്യാഗുരുവിന്റെ നിര്‍ദ്ദേശമോ സ്വാധീനമോ ആകാം ഇത്തരമൊരു പ്രവചനത്തിനു കാരണമായത്. ഇവരെ കൂടാതെ ഡോ.പല്‍പ്പു, പ്രാക്കുളം പത്മനാഭപിള്ള, ഗോവിന്ദന്‍ ജഡ്ജി, പി.എച്ച്.ഗോവിന്ദപ്പിള്ള, അക്കാലത്തെ ദിവാന്‍ പി.രാജഗോപാലാചാരി, ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള തുടങ്ങിയവരും അയ്യങ്കാളിയുടെ സൗഹൃദവലയത്തില്‍ ഉള്ളവരായിരുന്നു. കൊല്ലത്തിനടുത്ത് പെരിനാട് ലഹളയുണ്ടായപ്പോള്‍ അയ്യങ്കാളി വിളിച്ചുചേര്‍ത്ത ഹിന്ദുസമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കാന്‍ ക്ഷണിച്ചുകൊണ്ടുവന്നത് ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയെയായിരുന്നു. അതാരുടെയും സമ്മര്‍ദ്ദംകൊണ്ടായിരുന്നില്ല, സ്വന്തം ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. പെരുന്നയില്‍ മന്നത്തുഭവനത്തില്‍ അയ്യങ്കാളി പതിവായി വരാറുണ്ടായിരുന്നു എന്ന് മന്നത്തിന്റെ കൊച്ചുമകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ‘അയ്യങ്കാളിയപ്പൂപ്പനും മാധവന്‍ അമ്മാവനും’ (ടി.കെ.മാധവന്‍) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പി. രാജഗോപാലാചാരിക്കു ശേഷം ദിവാനായി വന്ന വി.സുബ്രഹ്‌മണ്യ അയ്യരെ, ‘സാക്ഷാല്‍ സുബ്രഹ്‌മണ്യ ഭഗവാന്‍’ എന്നാണ് അയ്യങ്കാളി വിശേഷിപ്പിച്ചത്. അങ്ങനെയെല്ലാമുള്ള ആ മഹാത്മാവിനെ ജാതിവെറി ചുട്ടെടുക്കാനുള്ള ചട്ടുകമായി ഉപയോഗിക്കുന്നത് അദ്ദേഹത്തിനോടുള്ള ആദരവുകൊണ്ടായിരിക്കില്ല. മറിച്ച്, തങ്ങളുടെ ഹീനരാഷ്ട്രീയത്തെ മറയ്ക്കാനുള്ള പരിച മാത്രമാണ് അത്തരക്കാര്‍ക്ക് അയ്യങ്കാളി എന്നതുകൊണ്ടാണ്.
അയിത്തത്തെയും മറ്റ് അനാചാരങ്ങളെയും എതിര്‍ക്കുമ്പോഴും അത് യഥാര്‍ത്ഥ ഹിന്ദു സംസ്‌കാരത്തിനോ സമൂഹത്തിനോ ദോഷമാകാതിരിക്കാന്‍ ജാഗ്രത പാലിച്ചയാളാണ് അയ്യങ്കാളി. പ്രജാസഭയില്‍ അംഗമായിരിക്കുമ്പോള്‍ അവശസമുദായത്തിന് പുതിയൊരു പ്രതിനിധിയെക്കൂടി നാമനിര്‍ദ്ദേശം ചെയ്യണമെന്ന് അയ്യങ്കാളി ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം മതംമാറിപ്പോയ ചരതന്‍ സോളമനെ പ്രതിനിധിയാക്കി. പക്ഷെ സഭയിലെ പ്രസംഗങ്ങളിലെല്ലാം സോളമന്‍ ക്രിസ്ത്യന്‍ സമുദായത്തിന്റെ ഉയര്‍ച്ചയ്ക്കുവേണ്ടിയാണ് വാദിച്ചത്. ഒടുവില്‍ അയ്യങ്കാളിതന്നെ ഇടപെട്ട്, ചരതന്‍ സോളമന്‍ ‘പുലയവക്താവല്ല’, അതിനാല്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. അയ്യങ്കാളിയുടെ ഉദ്ദേശ്യം അവശസമുദായോദ്ധാരണമായിരുന്നു; മതപരിവര്‍ത്തന പ്രോത്സാഹനമായിരുന്നില്ല.
മറ്റൊരിക്കല്‍ ഇതുപോലെതന്നെ മതം മാറിപ്പോയ വെള്ളിക്കര മത്തായി ആശാനെ അയ്യങ്കാളി നോമിനേറ്റു ചെയ്തു. ക്രിസ്ത്യന്‍ അംഗങ്ങളുടെ സീറ്റുകളെല്ലാം പൂര്‍ണ്ണമായി, ഇനി നിവൃത്തിയില്ല എന്ന് ദിവാന്‍ അറിയിച്ചു. അയ്യങ്കാളിയും മത്തായിയും കൂടിയാലോചിച്ചു. മത്തായിയെ നിന്നനില്‍പ്പില്‍ അയ്യങ്കാളി മതപരിവര്‍ത്തനം നടത്തി ചോതിയാക്കി. വീണ്ടും ദിവാനെക്കണ്ട് ചോതിയെ പ്രജാസഭയില്‍ അംഗമാക്കി ചേര്‍ത്തു. വെള്ളിക്കര മത്തായിയെ ഘര്‍വാപസി നടത്തി വെളളിക്കര ചോതിയെന്ന ഹിന്ദുവാക്കിയത് എന്തിനായിരിക്കും? ഹിന്ദുവിരുദ്ധനായതുകൊണ്ടാണോ?
ഒരു സന്ദര്‍ഭത്തില്‍ സാല്‍വേഷന്‍ ആര്‍മി എന്ന വിദേശ സുവിശേഷ സംഘടനയുടെ നേതാവ് കേണല്‍ ക്ലാരാ കെയ്‌സ് എന്ന വനിത അയ്യങ്കാളിയെ തങ്ങളുടെ പ്രാര്‍ത്ഥനാകേന്ദ്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. മതം മാറ്റാനായിരുന്നു ഉദ്ദേശ്യം. നേതാവു വീണാല്‍ പതിനായിരക്കണക്കിന് അനുയായികളെ വലയിലാക്കാന്‍ എളുപ്പമാണല്ലോ. നിര്‍ബ്ബന്ധിച്ചു, പ്രോത്സാഹിപ്പിച്ചു, വാഗ്ദാനങ്ങള്‍ പലതും നല്‍കി. ഒന്നിനും വഴങ്ങാന്‍ മഹാത്മാ തയ്യാറായില്ല. ഒടുവില്‍ അവരുടെ വലയില്‍നിന്നും പുറത്തുചാടി, നേരെ മഹാരാജാവിനെ മുഖം കാണിച്ചു. തന്നെയും തന്റെ ആള്‍ക്കാരെയും നിര്‍ബ്ബന്ധിച്ചു മതംമാറ്റാന്‍ ശ്രമിക്കുന്നു, തടയണം എന്നാവശ്യപ്പെട്ടു. രാജാവിന് ആരുടെയും വോട്ട് ആവശ്യമില്ലാതിരുന്നതുകൊണ്ട് പിറ്റേന്നുതന്നെ വിളംബരം പുറപ്പെടുവിച്ചു. ആരെയും നിര്‍ബ്ബന്ധിച്ചോ പ്രേരിപ്പിച്ചോ ചതിയില്‍ പെടുത്തിയോ മതം മാറ്റരുത്; സ്വമേധയാ ആരെങ്കിലും മാറുന്നെങ്കില്‍ തടയുകയുമരുത്! ഒരുപക്ഷേ ആധുനിക ഭാരതചരിത്രത്തില്‍ ആദ്യമായിരിക്കാം മതപരിവര്‍ത്തന നിരോധനനിയമം! കാരണക്കാരന്‍ മഹാത്മാ അയ്യങ്കാളിയും!
പെരിനാടു ലഹളയ്ക്കു ശേഷം സ്വദേശിയും വിദേശിയുമായ സുവിശേഷ പ്രവര്‍ത്തകര്‍ മതപരിവര്‍ത്തനത്തിനു ശക്തി കൂട്ടി. സ്വദേശി മതപരിവര്‍ത്തനവാദികളില്‍ മുഖ്യന്‍ പാറായി തരകന്‍ എന്നയാളായിരുന്നു. അയാളുടെ പ്രവര്‍ത്തനത്തില്‍ ചിലരൊക്കെ മതം മാറിത്തുടങ്ങി. പ്രധാനമായും ആലപ്പുഴയുടെ വടക്കുഭാഗത്തായിരുന്നു തരകന്റെ വിഹാരകേന്ദ്രം! ഇതുകണ്ട് ചില ഹിന്ദു സ്വാഭിമാനികള്‍ സാധുജന പരിപാലന സംഘത്തിന്റെ പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് അയ്യങ്കാളിയെ വിവരമറിയിച്ചു. അദ്ദേഹം ചേര്‍ത്തലയ്ക്കു വരാമെന്ന് സമ്മതിച്ചു. അദ്ദേഹത്തിന്റെ വരവു പ്രമാണിച്ച് വലിയ സ്വീകരണം ഏര്‍പ്പാടു ചെയ്തു. പൂച്ചാക്കല്‍ എന്ന സ്ഥലത്ത് ബോട്ടില്‍ വന്നിറങ്ങിയ മഹാത്മാ അയ്യങ്കാളിയെ കൊട്ടും കുരവയുമായി ആയിരക്കണക്കിന് ഹിന്ദുക്കള്‍ സ്വീകരിച്ചു.
സമ്മേളനത്തില്‍ പ്രസംഗിച്ച വിശാഖന്‍ തേവന്‍ മതപരിവര്‍ത്തനത്തിനെതിരെ രൂക്ഷമായി പ്രസംഗിച്ചു. സഹികെട്ട തരകന്‍ അനുവാദം വാങ്ങി മറുപടി പ്രസംഗം നടത്തി. വാദപ്രതിവാദങ്ങള്‍ നീണ്ടു. പിറ്റേന്നും സംവാദം തുടരാന്‍ തീരുമാനിച്ചു. ജനങ്ങള്‍, വിശേഷിച്ചും പുലയസമൂഹം ആവേശംകൊണ്ടു. പിറ്റേന്നും ഉഗ്രമായ വാദങ്ങള്‍! വൈകുന്നേരമായിട്ടും ആരും കീഴടങ്ങുന്നില്ല. ഒടുവില്‍ അയ്യങ്കാളിയുടെ പ്രഖ്യാപനം, ‘തേവനെ ക്രിസ്ത്യാനിയാക്കാമെങ്കില്‍ ഞാനും ക്രിസ്തുമതം സ്വീകരിക്കാം.’! അതു സംഭവിക്കാന്‍ പോകുന്നില്ല എന്ന് ഹിന്ദു അഭിമാനികളായ എല്ലാവര്‍ക്കും മനസ്സിലായി. വടക്കന്‍ തിരുവിതാംകൂറില്‍ മതപരിവര്‍ത്തനവാദികളുടെ ഇരയാകാതെ പിന്നാക്ക വിഭാഗത്തെ സംരക്ഷിച്ചു നിര്‍ത്തിയ കോട്ടയായി വിശാഖം തേവന്‍ തലയുയര്‍ത്തിനിന്നു; അയ്യങ്കാളിയുടെ ഉത്തമനായ പടനായകനായി നിലകൊണ്ടു.
യഥാര്‍ത്ഥ ഹിന്ദുത്വത്തെ വലിച്ചെറിയാന്‍ അയ്യങ്കാളി തയ്യാറല്ലായിരുന്നു എന്ന് ചരിത്രം! വിശാഖം തേവനും വെള്ളിക്കര ചോതിയും കുറുമ്പന്‍ ദൈവത്താനും എല്ലാം അയ്യങ്കാളിയുടെ ഹൈന്ദവ നവോത്ഥാന മുന്നേറ്റത്തിലെ മഹാരഥന്മാരായി പടനയിച്ചു. അതുകൊണ്ടാണ് ലക്ഷക്കണക്കിന് ഹിന്ദുസമൂഹം ഇന്നും അവശേഷിക്കുന്നത്.
സനാതനധര്‍മ്മമല്ല അധ:പതിച്ചത്, മനുഷ്യനാണ്. ധര്‍മ്മചിന്ത അസ്തമിച്ചപ്പോള്‍ അയിത്തവും അനാചാരവുമുണ്ടായി. അതില്‍നിന്ന് അധ:പതനവും ദാരിദ്ര്യവും സംജാതമായി; അവയില്‍നിന്ന് സംഘര്‍ഷവും. അത് പരിഹരിക്കാന്‍ കുളിപ്പിച്ച വെള്ളം കളയുന്നതിനൊപ്പം കുട്ടിയെക്കൂടി കളയുന്ന വിഡ്ഢിത്തമല്ല അദ്ദേഹം അനുവര്‍ത്തിച്ചത്. ഹിന്ദു സമൂഹശരീരത്തിലെ അഴുക്കുകളഞ്ഞാല്‍ മതിയാകും. അതാണ് നവോത്ഥാനനായകര്‍ ചെയ്തത്. അതു മറച്ചുവച്ച് സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് അവരെ ബലിയാടാക്കുന്ന ഏര്‍പ്പാടാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. അതിന് ഏറ്റവും കൂടുതല്‍ ഇരയായ വ്യക്തിയാണ് മഹാത്മാ അയ്യങ്കാളി. ദളിതവാദികളുടെയും അരാജകവാദികളുടെയും കൂത്തരങ്ങില്‍ ആ മഹാത്മാവിനെ വലിച്ചിഴയ്ക്കുന്നു! അദ്ദേഹത്തിന്റെ മഹത്വത്തെ ഇനിയെങ്കിലും മലിനമാക്കരുത്. അനുസരിക്കാനോ അനുകരിക്കാനോ കഴിയില്ലെങ്കില്‍ വെറുതെ വിടുക. ഉന്നതശീര്‍ഷനായ ഒരു മഹാവ്യക്തി യെ വലിച്ചുതാഴ്ത്താനുള്ള ഏതു ശ്രമങ്ങളും അപലപനീയമാണ്.