കോഴിക്കോട്: താമരശ്ശേരി കാരാടി മുസ്ലിം പള്ളിയില്‍ അതിക്രമിച്ച് കയറി സാമൂഹ്യവിരുദ്ധന് ജയ് ശ്രീരാം വിളിച്ച വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ അടിക്കുറിപ്പുകളോടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ആര്‍എസ്എസ് പോലീസിന് പരാതി നല്കി. ശനിയഴ്ച വൈകിട്ട് നടന്ന സംഭവത്തിന്റെ വീഡിയോ എഡിറ്റ് ചെയ്യുകയും സംഭവത്തിന് ആര്‍എസ്എസിന് പങ്കുണ്ടെന്ന തരത്തില്‍ അടിക്കുറിപ്പുകള്‍ ചേര്‍ത്തുമാണ് പ്രചരിപ്പിക്കുന്നത്. ആരാധനാലയത്തില്‍ അതിക്രമിച്ച് കയറിയ സാമൂഹ്യവിരുദ്ധന് ആര്‍എസ്എസുമായോ വിവിധക്ഷേത്ര സംഘടനകളുമായോ ബന്ധമില്ല. മതസ്പര്‍ധ വളര്‍ത്താനും സംഘര്ഷമുണ്ടാക്കാനുമായി വീഡിയോ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തണമെന്നും സൈബര്‍ നിയമപ്രകാരം നടപടിയെടുക്കണമെന്നും ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ കാര്യവാഹ് സി.കെ. മനോജ്കുമാര്‍ താമരശ്ശേരി ഡിവൈഎസ്പിക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച രാത്രിയാണ് താമരശ്ശേരി ആലിക്കുന്നുമ്മല്‍ പുത്തന്‍പുരയില്‍ അഭിജയ് കാരാടി എന്നയാള്‍ സെന്‍ട്രല്‍ ജുമാ മസ്ജിദിന്റെ വരാന്തയില്‍ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരിച്ചത്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. പള്ളിക്കമ്മിറ്റിയുടെ പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസ് വിളിച്ചുകൂട്ടിയ സര്‍വ്വകക്ഷിയോഗം സംഭവത്തെ അപലപിക്കുകയും പ്രകോപനങ്ങള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് വീഡിയോയുടെ അടിയില്‍ ആര്‍എസ്എസിന്റെ പേര് ചേര്‍ത്ത് വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു.