ഭാരതത്തിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ച് വളരെ മുന്‍പ് തന്നെ പ്രതിപക്ഷ നേതാക്കള്‍ അടക്കം ആര്‍ക്കും യാതൊരു സംശയവുമുണ്ടായിരുന്നില്ല. എന്‍ഡിഎ നേതൃത്വത്തില്‍ നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകും എന്നകാര്യത്തില്‍ ദേശീയതലത്തില്‍ ആര്‍ക്കും ഒരു സംശയവുമുണ്ടായിരുന്നില്ല. സംശയം കേരളത്തിലെ ചില മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും മാത്രമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങള്‍എത്രമാത്രം വേട്ടയാടി എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. മോദിയുടെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് വ്യത്യസ്തമായി ഉപയോഗിക്കുകയും അതിനെ വളച്ചൊടിച്ച് വിവാദമാക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവങ്ങള്‍ നിരവധിയാണ്. പക്ഷേ, തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല എന്ന പഴഞ്ചൊല്ലിനെ ഓര്‍മിപ്പിക്കുമാറ് വിവാദങ്ങളെയും മാധ്യമ പ്രചാരണങ്ങളെയും തെല്ലും കൂസാതെയാണ് നരേന്ദ്രമോദി എന്ന ജനനായകന്‍ അജയ്യനായി നടന്നുനീങ്ങുന്നത്. ജനങ്ങള്‍ തന്നോടൊപ്പം ഉണ്ടെന്ന ഉറച്ച വിശ്വാസവും ഭാരതത്തെ വീണ്ടും വിശ്വഗുരുവായി മാറ്റിയെടുക്കുക എന്ന ദൈവദത്ത ദൗത്യം തന്നില്‍ നിക്ഷിപ്തമാണെന്നുമുള്ള ഉറച്ച വിശ്വാസവുമാണ് നരേന്ദ്രമോദിയെ അചഞ്ചലനായി മുന്നോട്ട് നയിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഏകാന്ത ധ്യാനത്തിന് പോകുന്നത് ആദ്യത്തെ സംഭവമല്ല. 2014 ലെ തിരഞ്ഞെടുപ്പിന് ശേഷം വോട്ടെണ്ണലിന് മുമ്പ് ഛത്രപതി ശിവജിയുടെ പ്രതാപ്ഘട്ടിലേക്കായിരുന്നു നരേന്ദ്രമോദിയുടെ യാത്ര. മുഗളരുടെ കോട്ടകൊത്തളങ്ങള്‍ തകര്‍ത്തെറിഞ്ഞ്, ഹിന്ദു സാമ്രാജ്യം സ്ഥാപിച്ച ഭാരതത്തിന്റെ അഭിമാനത്തിന്റെയും ശൗര്യത്തിന്റെയും വീര്യത്തിന്റെയും പ്രതിപുരുഷനായിരുന്ന, ശിവാജിയുടെ കോട്ടയില്‍ ധ്യാനിച്ച് അദ്ദേഹം അന്ന് നല്‍കിയ സന്ദേശം ഭാരതത്തിന്റെ പുനരുത്ഥാനമായിരുന്നു, ഈ നാടിന്റെ നവോത്ഥാനമായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പ്രചാരണത്തിനുശേഷം അദ്ദേഹം കേദാര്‍നാഥിലേക്കാണ് പോയത്. അവിടെയും ഒരുദിവസം ഗുഹയില്‍ സാധാരണ തീര്‍ത്ഥാടകരെ പോലെ ധ്യാനനിമഗ്‌നനായി. ഇത്തവണ തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം വന്നത് കന്യാകുമാരിയിലേക്കാണ്. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ നരേന്ദ്രമോദിയെ ധ്യാനമിരിക്കാന്‍ അനുവദിക്കരുതെന്ന ആവശ്യവുമായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെയാണ് സമീപിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരപരിധി തിരഞ്ഞെടുപ്പ് പ്രക്രിയയിലാണ്. പാര്‍ലമെന്റ്തിരഞ്ഞെടുപ്പിലെ ഒരു സ്ഥാനാര്‍ത്ഥി അദ്ദേഹം മത്സരിക്കുന്ന മണ്ഡലത്തിന് പുറത്ത് ഏതെങ്കിലും ഒരു സ്ഥലത്ത് ക്ഷേത്രത്തിലോ ധ്യാനമണ്ഡപത്തിലോ പ്രാര്‍ത്ഥിക്കാനോ ധ്യാനിക്കാനോ പോകരുതെന്ന് പറയാന്‍ ജനപ്രാതിനിധ്യനിയമം അനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കഴിയുമോ?
ഒരു ഭക്തന്‍ എന്ന നിലയിലും ഒരു വിശ്വാസി എന്ന നിലയിലും കന്യാകുമാരിയിലെ നരേന്ദ്രമോദിയുടെ പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനും ഒരു പ്രത്യേക പ്രാധാന്യമുണ്ട്. പാരതന്ത്ര്യത്തിന് അടിമപ്പെട്ട ഭാരതഭൂമിയെ സാഗരസംഗമത്തിലെ ശിലാഖണ്ഡത്തില്‍ ഇരുന്നുകണ്ട്, ഹിമവാന്റെ മടിത്തട്ട് വരെയുള്ള മാതൃസങ്കല്പത്തിലുള്ള ഭാരതഭൂദേവിയുടെ മോചനത്തിനുവേണ്ടി ഉള്ളുരുകി പ്രാര്‍ത്ഥിച്ച നരേന്ദ്രന്‍ എന്ന സ്വാമി വിവേകാനന്ദന്റെ പാതയില്‍, വീണ്ടും ഭാരതത്തെ ജഗദ്ഗുരുവാക്കാന്‍ അതേ ധ്യാനമണ്ഡപത്തില്‍ ധ്യാനിക്കാന്‍ നരേന്ദ്രമോദിയെക്കാള്‍ യോഗ്യതയുള്ള വേറെ ഏത് രാഷ്ട്രീയ നേതാവാണ് ഭാരതത്തിലുള്ളത്? ഇന്ദിരാഗാന്ധിക്ക് ശേഷം ഏതെങ്കിലും പ്രധാനമന്ത്രിമാര്‍ ഇവിടെ എത്തിയോ? നരേന്ദ്രന് സാക്ഷാത്കാരം നല്‍കി വിവേകാനന്ദനാക്കി ഭാരതത്തിന്റെ, ആര്‍ഷസംസ്‌കൃതിയുടെ ക്ഷാത്രവീര്യത്തിന്റെയും സംസ്‌കൃതിയുടെയും ദര്‍ശനത്തിന്റെയും പ്രതീകമാക്കി മാറ്റിയ ആ ശിലാഖണ്ഡത്തിലേക്ക് നരേന്ദ്രമോദി എത്തുമ്പോള്‍ വീണ്ടും ഭാരതത്തിലുടനീളം- ഹിമാലയം മുതല്‍ കന്യാകുമാരി വരെയും കച്ച് മുതല്‍ കാമരൂപം വരെയും പ്രതീക്ഷകള്‍ ഉണരുകയാണ്. ഭാരതത്തിന്റെ മുന്നോട്ടുള്ള, ഉജ്ജ്വലവും, അജയ്യവുമായ പ്രയാണത്തിന്റെ സൂചനകളാണ് അതില്‍നിന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നരേന്ദ്രമോദി ധ്യാനത്തിന് എത്തിയാല്‍ അത് ചാനലുകളില്‍ മുഴുവന്‍ വാര്‍ത്തയായി നിറഞ്ഞു നില്‍ക്കും എന്ന ആക്ഷേപമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. വോട്ട് നേടാന്‍ വേണ്ടി മുസ്ലിം ഏരിയയില്‍ ചെല്ലുമ്പോള്‍ മുസ്ലിം വേഷവും ഹിന്ദുപ്രദേശത്ത് ചെല്ലുമ്പോള്‍ ഹിന്ദു വേഷവും കെട്ടുന്ന അവസരവാദി രാഷ്ട്രീയക്കാരനല്ല നരേന്ദ്രമോദി. തനതു വ്യക്തിത്വവും അസ്തിത്വവും അഭിമാനബോധവുമുള്ള, എല്ലാവരെയും സമനിലയില്‍ കാണുന്ന, ആരോടും പ്രീണനമില്ലാത്ത വേറിട്ട രാഷ്ട്രീയ നേതാവാണ്. നരേന്ദ്രമോദി ധ്യാനത്തില്‍ ഇരിക്കുന്ന വിവേകാനന്ദ സ്മാരകം ആര്‍എസ്എസ് നേതൃത്വം നല്‍കി നിര്‍മ്മിച്ചതാണ്. കന്യാകുമാരി അല്ല കന്യകാമേരിയാണ് എന്നുപറഞ്ഞ് നടത്തിയ കുരിശുകൃഷി നീക്കം ചോദ്യം ചെയ്ത് ആര്‍എസ്എസിന്റെ മുതിര്‍ന്ന പ്രചാരകന്‍ ഏകനാഥ റാനഡേയുടെ നേതൃത്വത്തില്‍ മന്നത്ത് പത്മനാഭന്‍ അധ്യക്ഷനായ സമിതിയാണ് അവിടെ വിവേകാനന്ദ സ്മാരകം നിര്‍മ്മിച്ചത്. ആ സ്മാരകത്തിന് സംഭാവന കൊടുക്കാത്ത ഏക സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ഇഎംഎസ് സര്‍ക്കാര്‍ ആണെന്ന കാര്യം മറക്കരുത്. കേരളത്തില്‍ നിന്നുപോയ സ്വയംസേവകരാണ് അന്ന് വിവേകാനന്ദപ്പാറ വീണ്ടെടുത്തത്. ആ വിവേകാനന്ദ സ്മാരകത്തില്‍ നരേന്ദ്രമോദി പോകാന്‍ പാടില്ലെന്ന് പറയാന്‍ കോണ്‍ഗ്രസിന് എന്ത് അധികാരമാണുള്ളത്?
അവസാനഘട്ട തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് മോദി എബിപി ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലെ ഒരുഭാഗം മഹാത്മാഗാന്ധിക്ക് എതിരാണെന്ന് പറഞ്ഞ് ഒരു വിഭാഗം മാധ്യമങ്ങള്‍ പ്രചാരണം നടത്തുകയുണ്ടായി. എന്താണ് നരേന്ദ്രമോദി അഭിമുഖത്തില്‍ ഗാന്ധിജിയെ കുറിച്ച് പറഞ്ഞത്, ‘കഴിഞ്ഞ 75 വര്‍ഷത്തിനിടെ ഗാന്ധിജിയെ കുറിച്ച് ലോകത്തെ മുഴുവന്‍ അറിയിക്കേണ്ട ഉത്തരവാദിത്തം രാജ്യത്തിന് ഉണ്ടായിരുന്നില്ലേ? ആരും അദ്ദേഹത്തെ അറിഞ്ഞില്ല. നിര്‍ഭാഗ്യവശാല്‍ ഗാന്ധി സിനിമ നിര്‍മ്മിക്കപ്പെട്ടപ്പോള്‍ മാത്രമാണ് ലോകത്തിന് അദ്ദേഹത്തെക്കുറിച്ച് അറിയാന്‍ ആകാംക്ഷയുണ്ടായത്. പക്ഷേ, നമ്മളത് നിറവേറ്റി കൊടുത്തില്ല. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെയും നെല്‍സണ്‍ മണ്ടേലയെയും ലോകം തിരിച്ചറിഞ്ഞെങ്കില്‍ അവരെക്കാള്‍ ഒട്ടും പുറകില്‍ അല്ലാത്ത ഗാന്ധിജിക്ക് എന്തുകൊണ്ട് ആ അംഗീകാരം കിട്ടിയില്ല? ലോകമാകെ സഞ്ചരിച്ച ശേഷമുള്ള അനുഭവമാണ് ഞാന്‍ പറയുന്നത്’. നരേന്ദ്രമോദി പറഞ്ഞ ഇക്കാര്യം, ഗാന്ധിജിയെ ലോകം അറിഞ്ഞത് ആറ്റന്‍ബറോ ചിത്രത്തിലൂടെയാണ്, എന്ന രീതിയില്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്താണ് ചില മാധ്യമങ്ങള്‍ വിവാദമാക്കാന്‍ ശ്രമിച്ചത്.
കേരളത്തില്‍ നിന്നുള്ള മാധ്യമങ്ങളും ഈ പ്രസ്താവനയില്‍ പങ്കുചേര്‍ന്നു. മാത്രമല്ല മോദിയെ താറടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനും നെല്‍സണ്‍ മണ്ടേലക്കും കിട്ടിയ അംഗീകാരം മഹാത്മാഗാന്ധിക്ക് കിട്ടാന്‍ ഭാരതത്തിന്റെ സര്‍ക്കാര്‍ എന്തു ചെയ്തു? 1947 മുതല്‍ ഭാരതം ഭരിച്ച കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹറാവു, മന്‍മോഹന്‍ സിംഗ് എന്നിവര്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ അക്കമിട്ടു നിരത്തട്ടെ. ആറ്റന്‍ബറോ എടുത്ത സിനിമ പോലും ഭാരത സര്‍ക്കാര്‍ നിര്‍മ്മിച്ചതല്ല.ഗാന്ധിജിയുടെ സ്വപ്‌നങ്ങള്‍, അദ്ദേഹത്തിന്റെ രാഷ്ട്ര സങ്കല്പം, അദ്ദേഹത്തിന്റെ സാമ്പത്തികശാസ്ത്രം, അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്ന രാമരാജ്യം, അദ്ദേഹം ഭാരതത്തിന്റെ മോചനത്തിനുവേണ്ടി മുന്നോട്ടുവെച്ച ഗ്രാമസ്വരാജ് ഇവയില്‍ എത്രകാര്യങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നടപ്പിലാക്കി?ഗാന്ധിജിയുടെ സങ്കല്പങ്ങളെ പൂര്‍ണ്ണമായും തൃണവല്‍ഗണിച്ച് കമ്മ്യൂണിസ്റ്റ് ആശയധാരയുമായി ചേര്‍ന്ന് ഭാരതത്തില്‍ റഷ്യന്‍ മാതൃക അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് നെഹ്‌റു ചെയ്തത്.
മഹാത്മാഗാന്ധി ജീവിതത്തില്‍ ചെയ്ത ഏറ്റവും ഗണ്യമായ കാര്യങ്ങള്‍ക്ക് ഉചിതമായ സ്മാരകം നിര്‍മ്മിച്ചത് നരേന്ദ്രമോദിയാണ്. ദണ്ഡിയില്‍ ഗാന്ധിജി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഉപ്പുസത്യഗ്രഹം നടത്തിയ അതേസ്ഥലത്ത് ‘ദണ്ഡികുടീര്‍’ എന്നപേരില്‍ നരേന്ദ്രമോദി മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ സ്മാരകം നിര്‍മ്മിച്ചു. ഗാന്ധിജിയുടെ ജീവിതം, പോരാട്ടം, ദര്‍ശനം എന്നിവ മണിക്കൂറുകള്‍ കൊണ്ട് ആര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ ദൃശ്യഭാഷയിലും ചലച്ചിത്ര രൂപത്തിലും അവിടെ മണിക്കൂറുകള്‍ പ്രദര്‍ശിപ്പിക്കുന്നു. ഗാന്ധിജിയുടെ ജീവിതത്തിലെ സംഭവങ്ങള്‍ മാത്രമല്ല, ഓരോ നാഴികക്കല്ലുകളും അവിടെ വിദേശിക്കും സ്വദേശിക്കും ഒരേപോലെ മനസ്സിലാകുന്ന രീതിയില്‍ മികച്ച പ്രദര്‍ശനിയായി ഒരുക്കിയിരിക്കുന്നത് നരേന്ദ്രമോദിയാണ്. അതുപോലെ ഗാന്ധിജി ഏറെക്കാലം ജീവിതം ചെലവിട്ട സബര്‍മതിയിലെ ആശ്രമത്തിന്റെ മുന്നിലെ നദി പൂര്‍ണമായും മാലിന്യമുക്തമാക്കി അവിടെ നടപ്പാതയും മറ്റു സൗകര്യങ്ങളും ഒരുക്കിയതു കൂടാതെ ആശ്രമത്തെ അന്താരാഷ്ട്രനിലവാരമുള്ള സ്മാരകമാക്കി തനത് രീതിയില്‍ തന്നെ സംരക്ഷിച്ചു നിലനിര്‍ത്തിയിരിക്കുന്നതും നരേന്ദ്രമോദിയാണ്. ഗാന്ധിദര്‍ശന്‍ എന്ന പ്രദര്‍ശിനിയില്‍ ഗാന്ധിജിയുടെ കത്തുകളും ലേഖനങ്ങളും അദ്ദേഹത്തിന്റെ ദര്‍ശനപരതയും ഒക്കെ തന്നെ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. നരേന്ദ്ര മോദി മുഖ്യമന്ത്രിയായി അധികാരം ഏല്‍ക്കുന്നതിന് മുമ്പ് എത്രയോ കാലം കോണ്‍ഗ്രസ് ഗുജറാത്ത് ഭരിച്ചിരുന്നു. ദണ്ഡിയിലും സബര്‍മതിയിലും എന്തെങ്കിലും ചെയ്യാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നോ?
ആധുനിക കാലത്ത് ഗാന്ധിജിയുടെ ജീവിതം ചര്‍ച്ചയായത് ആറ്റന്‍ബറോയുടെ ചലച്ചിത്രം വന്നപ്പോഴാണ്. എന്തുകൊണ്ട് രാജ്യത്ത് നെഹ്‌റുവിനും ഇന്ദിരക്കും ഒക്കെ കിട്ടിയ പ്രാധാന്യം ഗാന്ധിജിക്ക് കിട്ടാതെ പോയി എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അതാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. അതിനുപകരം ചലച്ചിത്രം വന്നപ്പോഴാണ് ഗാന്ധിജി ലോകശ്രദ്ധ നേടിയത് എന്ന രീതിയില്‍ ഇതിനെ വളച്ചൊടിക്കുന്നത് അപമാനകരം മാത്രമല്ല വസ്തുതാവിരുദ്ധവുമാണ്.
മോദി താന്‍ ദൈവമാണെന്ന് പറഞ്ഞു എന്നായിരുന്നു മറ്റൊരു ആരോപണം. മോദി എന്താണ് പറഞ്ഞത്? മോദിയുടെ വാക്കുകള്‍ ഇതാണ്, ‘ഞാന്‍ ജനിച്ചു വളര്‍ന്ന കുടുംബ സാഹചര്യം വെച്ച് ഞാന്‍ ഇവിടെ ഒന്നും എത്തേണ്ട ആളല്ല. ഞാന്‍ ഒരു അധ്യാപകന്‍ ആയിരുന്നെങ്കില്‍ പോലും എന്റെയമ്മ അതൊരു വലിയ നേട്ടമായി കണക്കാക്കി ഗ്രാമത്തില്‍ മധുരം വിതരണം ചെയ്യുമായിരുന്നു. അത്തരം ഒരു സാഹചര്യത്തില്‍ നിന്നാണ് ഞാന്‍ ഇന്ന് ഇവിടെ എത്തിനില്‍ക്കുന്നത്. അതൊരുപക്ഷേ പരമാത്മാവിന്റെ ഇഷ്ടമാണ്. ഈശ്വരന്‍ എന്നെ ഇങ്ങനെയൊരു നിയോഗവുമായി അയച്ചതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈശ്വരനാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. എനിക്ക് രണ്ട് തരം ദൈവങ്ങളുണ്ട്. ഒന്ന് രൂപം ഉള്ള, കാണാന്‍ പറ്റുന്ന ദൈവവും മറ്റേത് നിരാകാരവും. എനിക്ക് കാണാന്‍ പറ്റുന്ന ദൈവം ഭാരതത്തിലെ 140 കോടി ദേശവാസികളാണ്. അവരെ പരമാത്മാവിന്റെ രൂപത്തില്‍ ഞാന്‍ കാണുന്നു. അവരെയാണ് ഞാന്‍ ദിവസവും പൂജിക്കുന്നത്. നിരാകാരനായ ഈശ്വരനെ ഞാനും കണ്ടിട്ടില്ല, ആരും കണ്ടിട്ടില്ല. നിരാകാരനായ ഈശ്വരനെ അന്വേഷിച്ച് സമയം കളയാതെ കാണാന്‍ പറ്റുന്ന ഈശ്വരനെ സേവിക്കാനാണ് എനിക്ക് ദൈവം തന്ന നിയോഗം.’ ഈ വാക്കുകളില്‍ എവിടെയാണ് മോദി ദൈവമാണെന്ന് പറഞ്ഞത്? മാധ്യമപ്രവര്‍ത്തനം മോദി വിരോധത്തില്‍ നിന്ന് മോദി വേട്ടയിലേക്ക് കൂപ്പുകുത്തുകയാണ്. പ്രത്യേകിച്ചും കേരളത്തില്‍.
എല്ലാതവണയും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കേരളത്തിലെ മുത്തശ്ശി പത്രങ്ങളായ മനോരമക്കും മാതൃഭൂമിക്കും മോദി വിരുദ്ധത മാത്രമല്ല ബിജെപി വിരുദ്ധതയും തികട്ടി വരും. മനോരമ എല്ലാകാലവും അത് ചെയ്യുന്നതാണ്. കഴിഞ്ഞ തവണയും രാഹുല്‍ഗാന്ധി വരുമ്പോള്‍ അദ്ദേഹത്തിന്റെ സ്വകാര്യവിമാനത്തില്‍ മനോരമയുടെ മുതിര്‍ന്ന ആള്‍ക്കാര്‍ ഉണ്ടായിരുന്നു എന്ന ആരോപണം ഉണ്ടായിരുന്നു. പത്രപ്രവര്‍ത്തനത്തിന്റെ നിഷ്പക്ഷതയും സത്യസന്ധതയും ഇല്ലാതെയാണ് ഇത്തവണയും ഈ മുത്തശ്ശി പത്രങ്ങള്‍ ബിജെപിക്കും നരേന്ദ്രമോദിക്കും എതിരെ വാര്‍ത്തകള്‍ നല്‍കിയത്. ഇന്‍ഡി മുന്നണി ജയിക്കും എന്നോ ഭൂരിപക്ഷം നേടുമെന്നോ ഒക്കെ പറയാനുള്ള അവകാശവും അധികാരവും അതത് പത്രസ്ഥാപനങ്ങള്‍ക്കുണ്ട്. പക്ഷേ ജനാധിപത്യ മര്യാദകള്‍ ഇല്ലാതെ നല്‍കിയ വാര്‍ത്തകളുടെ എണ്ണം ആരാണ് മുന്‍പില്‍ എന്ന രീതിയില്‍ മത്സരിക്കുന്നതായിരുന്നു. ‘ധര്‍മ്മോസ്മദ് കുല ദൈവം’, ‘സത്യം സമത്വം സ്വാതന്ത്ര്യം’ എന്നിവ ആപ്തവാക്യമാണെന്ന് പറഞ്ഞു നടക്കുന്നവര്‍ വല്ലപ്പോഴും എങ്കിലും ധര്‍മ്മവും സത്യവും പാലിക്കണം.
കേരളത്തിലെ പത്രങ്ങളും മാധ്യമങ്ങളും നടത്തിയിട്ടുള്ള മോദി വിരുദ്ധ പ്രചാരണവും വാര്‍ത്തകളും തിരഞ്ഞെടുപ്പിന് ശേഷമെങ്കിലും പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥികള്‍ പഠന വിഷയമാക്കേണ്ടതാണ്. എങ്ങനെയാണ് മാധ്യമപ്രവര്‍ത്തനം വിഷലിപ്തമാക്കുന്നതെന്നും എങ്ങനെയാണ് വാര്‍ത്ത വളച്ചൊടിക്കുന്നതെന്നും പെയ്ഡ് ജേണലിസം എങ്ങനെയാണ് സ്വന്തം രാഷ്ട്രീയ താല്‍പര്യത്തിനനുസരിച്ച് അടിമജേണലിസം ആയി രൂപപ്പെടുന്നതെന്നും ഈ മാധ്യമങ്ങള്‍ നമുക്ക് കാട്ടിത്തരുന്നു. പത്രപ്രവര്‍ത്തക പരിശീലന പരിപാടിയില്‍ സത്യമേ പറയാവൂ, സത്യം മാത്രമേ പറയാവൂ, അപ്രിയസത്യം പറയാന്‍ ഒരിക്കലും മടികാണിക്കരുത് എന്ന് പഠിപ്പിച്ച പി.രാജനും എന്‍.എന്‍. സത്യവ്രതനും വി.എം. കൊറാത്തും കെ. രാമചന്ദ്രനും വിംസിയും ഒക്കെ അടങ്ങിയ പൂര്‍വ്വസൂരികളോട് ഈ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ മാപ്പ് പറയാന്‍ തോന്നുന്നത്, ഗാന്ധിജി കയറിയ കോണിപ്പടിയുള്ള സ്ഥാപനം നെഞ്ചില്‍ നിന്ന് പറിച്ചു കളയാന്‍ കഴിയാത്തത് കൊണ്ട് തന്നെയാണ്. 1947 ആഗസ്റ്റ് 14 വരെ ഗാന്ധിജിയെ മി. ഗാന്ധി എന്നു വിളിച്ചിരുന്ന വിഷവൃക്ഷത്തിന്റെ അടിവേരുകള്‍ പുറത്തുവരികയാണ്. പത്രമുതലാളിമാരുടെ താല്പര്യത്തിന് അവരുടെ ഈര്‍ക്കില്‍ പാര്‍ട്ടിക്ക് വേണ്ടിയും മാധ്യമപ്രവര്‍ത്തനം അടിമപ്പണിയാക്കുന്ന പത്രപ്രവര്‍ത്തക സിംഹങ്ങള്‍ക്ക് ആദരാഞ്ജലികള്‍. സത്യം പറയാന്‍, സത്യത്തിനു വേണ്ടി നിലപാടെടുക്കാന്‍ കഴിയാത്ത മാധ്യമങ്ങള്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെടുമെന്ന സത്യം ഇനിയെങ്കിലും അവര്‍ മനസ്സിലാക്കട്ടെ.