ആറു നദികളാല്‍ ജലസേചനം ചെയ്യപ്പെടുന്ന പ്രദേശത്ത് ജീവിച്ചുപോന്ന പഞ്ചജനങ്ങള്‍ എന്നു ഋഗ്വേദം വിവരിക്കുന്ന ആ അഞ്ചു ഗോത്രക്കാരാണ്അവരുടെ കാലത്തെ ലോകത്ത് മൂന്നു വേദങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള ഒരു സംഘടിതസമാജത്തിന് ആദ്യമായി രൂപം കൊടുത്തത്. ഋഗ്വേദം (ഭാഗം 1, പുസ്തകം 7, മന്ത്രം 101) വേദങ്ങള്‍ മൂന്നെണ്ണം മാത്രമാണെന്ന് തീര്‍ത്തുപറയുന്നു. നാലാമത്തേതായ അഥര്‍വവേദം വളരെ പിന്നീടുള്ള സൃഷ്ടിയാണ്. അഥര്‍വന്‍ എന്ന ഋഷിയാണ് അത് നിര്‍മ്മിച്ചത്. രാജനൈതികമായി ഒരു സംയുക്ത ഭരണത്തിന്റെ അടിസ്ഥാനസിദ്ധാന്തം എന്ന നിലയ്ക്കാണത്രെ അതുണ്ടാക്കിയത്. മൃഗബലിയിലൂടെ വിവിധഗണങ്ങളിലുള്ള ദേവതകളുടെ ആരാധന, സോമം, സുരാ എന്ന ഒരു തരം മദ്യം എന്നിവ യഥേഷ്ടം ഉണ്ടാക്കി ആവോളം കുടിക്കുക, മദമത്തരായി കൂട്ടംകൂടുക, വേദം വിഭാവനം ചെയ്യുന്നതരത്തിലുള്ള സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കായി മുഴുവന്‍ സമൂഹത്തെയും നാലായി തരം തിരിക്കല്‍ എന്നിങ്ങനെയുള്ള വൈദിക സിദ്ധാന്തത്തെ സ്വീകരിക്കാന്‍ സ്വാഭാവികമായും ആ അഞ്ചു ഗോത്രങ്ങളിലുള്ള എല്ലാവരും തയാറായില്ല. സങ്കീര്‍ണ്ണവും വേദനാജനകങ്ങളുമായ ചടങ്ങുകളുള്ളതും വിവേചനപരമായ സമൂഹഘടനയുള്ളതുമായ വൈദികമതം അടിച്ചേല്‍പ്പിക്കുന്നതിനെ ആ ഗോത്രങ്ങളിലെ ന്യൂനപക്ഷം എതിര്‍ക്കുകയും ബഹിഷ്‌കരിക്കുകയും ചെയ്തു. അവരെ ദാസന്മാര്‍ എന്നു വിളിക്കുകയും വേട്ടയാടാന്‍ വൈദികരായ ഭൂരിപക്ഷം ഒരുമ്പെടുകയും ചെയ്തു എന്നാണ് വേദങ്ങളില്‍ കാണുന്ന ആര്യ-ദസ്യു ദ്വന്ദ്വത്തിനു ഡോക്ടര്‍ സദാശിവന്‍ നല്‍കുന്ന വിശദീകരണം. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ഇരുകൂട്ടരും മേല്‍പ്പറഞ്ഞ പഞ്ചഗോത്രക്കാര്‍ തന്നെയാണ്, വേറെ വേറെ വംശ (റെയ്‌സ്) ക്കാരല്ല.
വൈദിക സമൂഹഘടനയ്ക്ക് ആരാധകരും അനുയായികളും ഏറിവന്നതോടെ ആര്യന്‍ എന്ന പദത്തിന് ഒരു മാസ്മരികപ്രഭാവം ഉണ്ടായി. പലരും ആര്യനാകാന്‍ കൊതിച്ചു, അഭിമാനിച്ചു. ശ്രേഷ്ഠന്‍, മാന്യന്‍, സാംസ്‌കാരികമായി ഉയര്‍ന്നവന്‍ എന്നെല്ലാം അര്‍ത്ഥങ്ങള്‍ ആ പദത്തിനു കൈവന്നു. ഗൗതമബുദ്ധന്‍ തന്നെ നാല് ആര്യസത്യങ്ങളാണുപദേശിച്ചത്, ആര്യസംഘത്തെയാണ് സ്ഥാപിച്ചത്. റിച്ചാര്‍ഡ്എ. ഗാര്‍ഡിന്റെ അഭിപ്രായത്തില്‍ ബുദ്ധമതത്തില്‍ ആര്യന്‍ എന്നതിന് വംശപരമോ, സാമൂഹ്യമോ ആയ അര്‍ത്ഥമില്ല, ബുദ്ധമതം സ്വീകരിച്ചയാള്‍ ആര്യനും മറ്റുള്ളവര്‍ പൃഥഗ്ജനങ്ങളും ആണത്രെ. ക്‌ളാസിക്കല്‍ സംസ്‌കൃതത്തിന്റെ കാലഘട്ടത്തില്‍ രാജാക്കന്മാരെ രാജപത്‌നിമാര്‍ ആര്യ, ആര്യപുത്ര എന്നാണ് വിളിച്ചിരുന്നത്. വിന്‍സന്റ്എ.സ്മിത്തിന്റെ അഭിപ്രായം ആര്യപദം ആദ്യകാലത്ത് സ്വന്തക്കാര്‍ എന്ന അര്‍ത്ഥത്തിലാണ് പ്രയോഗിച്ചിരുന്നത്. പിന്നീട് ജന്മം കൊണ്ട് ഉയര്‍ന്നവന്‍ ആര്യന്‍ അല്ലാത്തവന്‍ അനാര്യന്‍ എന്നു കരുതാന്‍ തുടങ്ങി എന്നാണ്. എങ്കിലും ആര്യന്‍, ദാസന്‍ എന്നത് ഒരേ സമൂഹത്തിലെ രണ്ടു വിഭാഗങ്ങളെക്കുറിക്കുന്നതായി ബുദ്ധന്റെ കാലത്തും തുടര്‍ന്നു. എന്നുമാത്രമല്ല ആര്യന്‍ ആശയത്തെ സ്വീകരിച്ച പല രാജ്യങ്ങളിലും ആര്യന്‍ ദാസനും ദാസന്‍ ആര്യനുമാകുമായിരുന്നു എന്നു ബുദ്ധന്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. അതായത് ഇവ രണ്ടും ജന്മത്തിന്റെ അടിസ്ഥാനത്തിലുള്ള മാറ്റമില്ലാത്ത തരംതിരിവായിരുന്നില്ല എന്നു കാണാം.
ഋഗ്വേദം മിക്ക ചരിത്രകാരന്മാരും അംഗീകരിക്കുന്നതനുസരിച്ച് 1500-900 ബി.സിയിലാണ് എഴുതപ്പെട്ടത്. അതിലെ മന്ത്രങ്ങള്‍ നിര്‍മ്മിച്ചവരോ, അതിനെ സ്വമ തഗ്രന്ഥമായി സ്വീകരിച്ചവരോ വിദേശികളാണെന്നോ, മറ്റിടങ്ങളില്‍നിന്നും കുടിയേറിപ്പാര്‍ത്തവരാണെന്നോ കരുതാന്‍ വേണ്ട ഒരു സൂചനയും അത് തരുന്നില്ല. കൂടിയേറിപ്പാര്‍ക്കുന്നവര്‍ സാധാരണയായി അവരുടെ സാമൂഹ്യസ്ഥാപനങ്ങളെ മാത്രമല്ല, സ്ഥലങ്ങളുടെ പേരുകള്‍ പോലും കൂടെക്കൊണ്ടുവരികയും വൈകാരികതയോടെ അവയെ കുടിയേറിയ നാട്ടില്‍ നിലനിര്‍ത്തുകയും ചെയ്യും. ഇവിടെ നേരെ മറിച്ച് വൈദികസമുഹത്തിന്റെ സാമൂഹ്യ-സാമ്പത്തിക ജീവിതം, സമൂഹഘടനകള്‍, പൊതു മാനസികാവസ്ഥ എന്നിവ വ്യക്തമാക്കുന്നത് അവര്‍ സ്വദേശികള്‍ തന്നെ ആയിരുന്നു എന്നാണ്. മനുഷ്യചരിത്രമനുസരിച്ച് കുടിയേറ്റക്കാര്‍ ഒന്നുകില്‍ സ്വരാജ്യത്തിലെ തരം താഴ്ത്തപ്പെട്ടവര്‍, അല്ലെങ്കില്‍ ആശയഭിന്നത മൂലം വേര്‍പെട്ടവര്‍, അല്ലെങ്കില്‍ സ്വന്തം രാജ്യത്ത് സ്ഥാനമൊന്നും കിട്ടാത്തവര്‍ എന്നീ വിഭാഗങ്ങളില്‍ പെടുന്നവരായിരിക്കും. പ്രകൃതിക്ഷോഭം, ആക്രമണം എന്നിങ്ങനെയുള്ള വന്‍വിപത്തുകള്‍ കൊണ്ടല്ലാതെ ഒരു ഗോത്രവും സ്വന്തം വാസഭൂമി ഉപേക്ഷിച്ച് അന്യനാട്ടിലേക്കു കുടിയേറാന്‍ ഒരുമ്പെടുകയില്ല, മാതൃഭൂമി അവര്‍ക്ക് എപ്പോഴും സാംസ്‌കാരികമായും ബൗദ്ധികമായും ഉയര്‍ന്നതും വൈകാരിക ഉത്തേജനം നല്‍കുന്നതുമായിരിക്കും. സ്വദേശത്തിന്റെ തുടരുന്ന ഉയര്‍ച്ചയില്‍ അവര്‍ ആഹ്ലാദിക്കും, അഭിമാനം കൊള്ളും. അങ്ങനെയാണെങ്കില്‍, ആര്യന്‍കുടിയേറ്റവാദത്തിന്റെ പൊള്ളത്തരം വ്യക്തമാണ്. കാരണം ആ വാദം ഏതു ജനതയെ ഉദ്ദേശിച്ചാണോ അവര്‍ക്ക് ഇന്ത്യയ്ക്കു വെളിയില്‍ മറ്റൊരു മൂലദേശമോ, അവരുടെ പിതൃസമൂഹം വസിക്കുന്ന ഏതെങ്കിലും പ്രദേശമോ (ലോകത്തെവിടെയെങ്കിലും), സാംസ്‌കാരികമായ തുടര്‍ബന്ധങ്ങളോ, പ്രേരണാകേന്ദ്രമോ ഉള്ളതായി ഇന്നേവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതു തന്നെ.
ഇന്ത്യന്‍ ചരിത്രത്തിന്റെ ആദ്യകാലത്തെ വിദ്യാര്‍ത്ഥികളായിരുന്ന ആംഗ്ലോ-ജര്‍മ്മന്‍ പണ്ഡിതരെ ആര്യന്‍വംശം, ആര്യന്‍ ആക്രമണം എന്നിവയോട് അനുകൂലമായ മുന്‍വിധിയോടെ സമീപിക്കാന്‍ നിര്‍ബ്ബന്ധിതരാക്കിയത് രണ്ടു സമ്മര്‍ദ്ദങ്ങളാണ്. ഒന്നാമത്തേത് ഖൈബര്‍, കാരക്കോറം ചുരങ്ങളിലൂടെ നടന്നുകൊണ്ടിരുന്ന ജനങ്ങളുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള വരവും പോക്കും ആയിരുന്നു. രണ്ടാമത്തേത് ടുറേനിയക്കാര്‍, ഗ്രീക്കുകാര്‍, ടാര്‍ടാറുകള്‍, സ്‌കിതിയക്കാര്‍, പാര്‍ത്തിയക്കാര്‍, കുഷാണന്മാര്‍ (Yueh- Chi), അറബികള്‍, പഠാണികള്‍, മുഗളന്മാര്‍ തുടങ്ങിയ നിരവധി വിദേശീയ അക്രമിക്കൂട്ടങ്ങളുടെ ഒന്നിനു പുറകേ ഒന്നായുള്ള തള്ളിക്കയറ്റങ്ങള്‍ ആയിരുന്നു. ഇവ രണ്ടും മുന്‍കാലങ്ങളിലും ഇതേപോലെ വൈദേശികവര്‍ഗങ്ങള്‍ കടന്നുവന്നിട്ടുണ്ടാകാമെന്ന സ്വയംപ്രേരിത കാഴ്ചപ്പാട് സ്വീകരിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കി. ആര്യന്‍, ദസ്യു എന്ന രണ്ടുവിഭാഗങ്ങളെയും അവര്‍ തമ്മില്‍ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന പോരുകളെയും പറ്റി ഋഗ്വേദത്തില്‍ കാണുന്ന പരാമര്‍ശങ്ങള്‍ ഇതിന് അനിഷേധ്യമായ തെളിവുകളാകുകയും ചെയ്തു. മറ്റൊരു വസ്തുത പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഇന്ത്യയുടെ ചരിത്രത്തിന് ലിഖിതരൂപം ഉണ്ടായത്. അപ്പോള്‍ ഇന്ത്യ ഒരു അടിമരാജ്യമായിരുന്നു. ഈ അടിമത്തം പതിനൊന്നു നൂറ്റാണ്ടുകള്‍ക്കു മുമ്പു തൊട്ടേ തുടങ്ങിയതാണ്. ഏതാണ്ട് ആറാം സഹസ്രാബ്ദം തൊട്ട് സര്‍ഗശക്തി നഷ്ടപ്പെട്ട രാജ്യം എന്ന നിലയ്ക്ക്, തങ്ങള്‍ കണ്ടെത്തിയ വളരെ വലുതും തനിമയാര്‍ന്നതുമായ ബൗദ്ധികസ്വത്തിന്റെ കര്‍ത്തൃത്വം വിദേശത്തു വേരുള്ള തികച്ചും വ്യത്യസ്തരായ ജനതയ്ക്കു നല്‍കണമെന്ന നിര്‍ബന്ധവും ആ പണ്ഡിതര്‍ക്കുണ്ടായി.
അസാധാരണമായ, വൈദേശികമായ, എന്തിനും, മനുഷ്യര്‍ക്കും വസ്തുക്കള്‍ക്കും സ്വന്തം നാട്ടിലുള്ളവയേക്കാള്‍ മേന്മ കല്‍പ്പിക്കുന്നവരും തങ്ങളുടെ ഉന്നതപദവിയെക്കുറിച്ചു ബോധവാന്മാരുമായ ഇന്ത്യന്‍ സമൂഹത്തിലെ മേല്‍ത്തട്ടുകാര്‍ ഉടനെ തന്നെ ആര്യന്മാരും അവരുടെ ആക്രമണവും എന്ന കണ്ടുപിടുത്തത്തെ സ്വാഗതം ചെയ്തു. അതുവഴി വൈയക്തികവും ഭീഷണവുമായ വേര്‍തിരിവുകള്‍ക്കു വിധേയരായവരും ദീനരും ആത്മാഭിമാനം നഷ്ടപ്പെട്ടവരുമായ കീഴ്ത്തട്ടിലുള്ള മറ്റുകൂടപ്പിറപ്പുകളില്‍ നിന്നും കൂടുതല്‍ വ്യത്യസ്തരാകുകയും സമൂഹത്തില്‍ കൂടുതല്‍ ഔന്നത്യം കൈവരിക്കുകയുമായിരുന്നു ഇതിന്റെ പിന്നിലുണ്ടായിരുന്ന ഉദ്ദേശ്യം. അടിമത്തവും ഔന്നത്യചിന്തയും പാകപ്പെടുത്തിയ ഇന്ത്യന്‍ മന:സ്ഥിതി ആയിരുന്നു മുഴുവന്‍ സമൂഹത്തെയും ഗ്രസിച്ച ആര്യന്‍രോഗത്തിന്റെ പ്രധാന കാരണം. പ്രദേശത്തിന്റെയോ, ദേശത്തിന്റെയോ, രാജ്യത്തിന്റെ തന്നെയോ വെളിയില്‍ നിന്നു വന്നവരാണ് തങ്ങള്‍ എന്ന് അവകാശപ്പെടാത്ത ഒരു ജാതിയോ, സമൂഹമോ ഇന്ത്യയിലില്ല എന്നത് സാമൂഹ്യനരവംശശാസ്ത്രത്തിന് (സോഷ്യല്‍ ആന്ത്രോപ്പോളജി) ഇന്നും ഉത്തരം കിട്ടാത്ത പ്രഹേളികയാണ്.
വെറും ഭാവനാസൃഷ്ടി മാത്രമായ ആര്യന്മാരോടുള്ള തങ്ങളുടെ താദാത്മ്യത്തെക്കുറിച്ച് അന്വേഷിക്കാനും അവരെ ഇന്ത്യയിലേക്ക് ഓടിക്കാനും വംശ (റെയ്‌സ്) വെറി പൂണ്ട പാശ്ചാത്യ പണ്ഡിതന്മാരെ പ്രേരിപ്പിച്ച മറ്റൊരു പ്രധാന ഘടകം അവരുടെ ഉള്ളില്‍ വേരൂന്നി ഉറങ്ങിക്കിടന്നതോ ഉപബോധത്തില്‍ ഈട്ടിവളര്‍ത്തപ്പെട്ടതോ ആയ അപകര്‍ഷതാബോധമാണ്. മെഡോ ടെയ്‌ലര്‍ ഇപ്രകാരം പറയുന്നു- ”ഇന്നു ‘വളരെ പരിഷ്‌കൃതമായ’ യൂറോപ്പ് പ്രാകൃതത്വത്തിന്റെയും അജ്ഞതയുടെയും ഇരുട്ടില്‍ ആണ്ടു കിടന്നപ്പോള്‍, അവിടുത്തെ ജനത ദേഹംമുഴുവന്‍ ചായം പൂശി വൃത്തികെട്ടവരായി നടന്നപ്പോള്‍, അന്ന് ഇന്ത്യ അറിവിന്റെ കൊടുമുടിയേറിയിരുന്നു. അവിടുത്തെ ചിന്തകര്‍ ഗ്രീക്ക് ചിന്തകരുമായി മാറ്റുരച്ചു. അവിടത്തെ ജനങ്ങള്‍ ലോകത്തിലെ ഏറ്റവും സുന്ദരവും മൃദുലവുമായ നിര്‍മ്മിതികള്‍ സൃഷ്ടിച്ചു. അവരുടെ സാമൂഹ്യവ്യവസ്ഥിതിയുടെ രേഖകള്‍ പരിശോധിച്ചാല്‍ പരസ്പരസംരക്ഷണം, വസ്തുവകസംരക്ഷണം മുതലായ കാര്യങ്ങളുള്‍പ്പെടുത്തിക്കൊണ്ടുള്ള വിസ്തൃതമായ നിയമ-നയതന്ത്രസംഹിതകള്‍ നിലവിലിരുന്നു എന്നു കാണാം. പാശ്ചാത്യരാജ്യങ്ങള്‍ക്ക് ഈവക കാര്യങ്ങള്‍ വളരെക്കാലം അപരിചിതങ്ങളായിരുന്നല്ലോ. ദൈവനിയോഗത്താല്‍ നമ്മള്‍, ബ്രിട്ടീഷുകാര്‍ പുരാതന ഇന്ത്യക്കാര്‍ നേടിയിരുന്ന പുരോഗതിയെ മറികടന്നുവെങ്കിലും അവര്‍ കാത്തുസൂക്ഷിച്ച കാര്യങ്ങള്‍ കാണുമ്പോള്‍ അവര്‍ നമ്മുടെ പ്രശംസയും സഹതാപവും ഒട്ടും കുറവില്ലാതെ അര്‍ഹിക്കുന്നു.” ഒട്ടും അപ്രധാനമല്ലാത്ത മറ്റൊരു കാരണം വൈദികസാഹിത്യം പഠിച്ച ആംഗ്ലോ -ജര്‍മ്മന്‍ പണ്ഡിതരെ അതിന്റെ പൗരാണികതയും ബൗദ്ധികമായ മേന്മയും കണക്കറ്റ് ആകര്‍ഷിച്ചു എന്നതാണ്. അതിന്റെ അവതാരകരുടെ പിന്‍തലമുറക്കാരാകാന്‍ അവര്‍ വെമ്പല്‍കൊണ്ടു. അവരുടെ അറിവിന്റെ കഴിവുപയോഗിച്ച് ആദിമആര്യന്മാരെന്നു വെറുതെ സങ്കല്‍പ്പിച്ച കൂട്ടരുടെ ഒരു ശാഖ യുറോപ്പിലേക്കു കുടിയേറി എന്ന് ആരും വിശ്വസിച്ചുപോകുന്ന തരത്തില്‍ ചരിത്രപരമായ പശ്ചാത്തലം അവര്‍ സമര്‍ത്ഥമായി ഒരുക്കി.
ചരിത്രപരവും സാംസ്‌കാരികവുമായ തെളിവുകളുടെ മുന്നില്‍ തങ്ങളുടെ ആര്യന്‍വാദത്തിന്റെ കോട്ടകള്‍ ഒന്നൊന്നായി തകര്‍ന്നടിഞ്ഞപ്പോള്‍ അതിന്റെ വക്താക്കള്‍ മനുഷ്യശരീരഘടനയില്‍ കാണപ്പെടുന്ന വൃത്യാസങ്ങളിലുന്നിക്കൊണ്ട് തങ്ങളുടെ പ്രിയപ്പെട്ട സിദ്ധാന്തത്തെ പുനസ്സംഘടിപ്പിക്കാന്‍ ഒരുമ്പെട്ടു, ഒരു ജീവിയുടെ സവിശേഷതകളെ നിര്‍ണ്ണയിക്കുന്നത് അതിന്റെ വാസസ്ഥലമാണെന്ന ജീവശാസ്ത്രപരവും (ബയോളജിക്കല്‍) പ്രകൃതിശാസ്ത്രപരവും (എക്കോളോജിക്കല്‍) ആയ സൂചികയെ (ഇന്‍ഡക്‌സ്) യെ കണ്ടില്ലെന്നു നടിച്ചാണ് അവര്‍ ഇതിനു തുനിഞ്ഞതെന്നു തോന്നുന്നു. വര്‍ണ്ണബോധമുള്ളവരാണ് ഇന്ത്യക്കാരെങ്കിലും, വെളുപ്പും കറുപ്പും നിറങ്ങള്‍ ഏതെങ്കിലും പ്രദേശത്തുമാത്രമായി കാണപ്പെടുന്നില്ല. സത്യത്തില്‍ ആ നിറങ്ങള്‍ എല്ലാ സമുദായങ്ങളിലും പ്രദേശങ്ങളിലുമായി വ്യത്യസ്ത തോതുകളില്‍ പരന്നു കിടക്കുന്നതായി കാണാം. പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിനുകള്‍ എന്നിവ വേണ്ട തോതില്‍ കഴിക്കാതെ ഇന്ത്യയെപ്പോലുള്ള ഉഷ്ണരാജ്യത്ത് തുറസ്സായ സ്ഥലത്ത് പണിയെടുക്കുന്നവരുടെ ദേഹത്തിന് ഇരുനിറമോ കറുപ്പു തന്നെയോ ഉണ്ടാകും. താരതമ്യേന വെയിലധികം കൊള്ളാതെ വിശ്രമജീവിതം നയിക്കുകയും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും ചെയ്യുന്നവരുടെ ദേഹത്തിന് വെണ്മയും ആകര്‍ഷകമായ ശരീരവടിവും ഉണ്ടായിരിക്കും. ഉഷ്ണപ്രദേശങ്ങളില്‍ കുടിയേറിപ്പാര്‍ത്ത പാശ്ചാത്യരുടെ മൂന്നാം തലമുറക്കാരുടെ തൊലിയും കണ്ണും കറുപ്പുനിറം ആകുകയും അമേരിക്കയിലെ നീഗ്രോകള്‍ക്ക് അവിടെ കേറിപ്പാര്‍ത്ത പാശ്ചാത്യരുടെ നിറത്തോടടുത്ത നിറം കൈവരുകയും ചെയ്യുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ പോര്‍ച്ചുഗീസുകാരുടെ അനന്തരതലമുറക്കാര്‍ ഇന്ത്യക്കാരേക്കാള്‍ കറുത്തവരായെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് നിറംമാറ്റത്തിനു കാരണം കാലാവസ്ഥ തന്നെയാണെന്നു ബിഷപ്പ് കാള്‍ഡ്വെല്‍ തന്റെ എ കംപരേറ്റീവ് സ്റ്റഡി ഓഫ് ദ്രവീഡിയന്‍ ലാംഗ്വേജസ് എന്ന പുസ്തകത്തില്‍ പറയുന്നു.
ഡോക്ടര്‍ എസ്. എന്‍. സദാശിവന്‍ ആര്യ -ദ്രാവിഡവാദം, ഇന്‍ഡോ-യൂറോപ്യന്‍ ഭാഷ, വ്യത്യസ്ത ശരീരാകൃതികളുടെ അടിസ്ഥാനത്തില്‍ ഇന്ത്യക്കാരെ വിഭജിക്കല്‍ തുടങ്ങിയ ആംഗ്ലോ-ജര്‍മ്മന്‍ പണ്ഡിതരുടെ സൃഷ്ടികള്‍ക്കു പിന്നിലെ ഗൂഢോദ്ദേശ്യങ്ങള്‍, ആ സിദ്ധാന്തങ്ങളുടെ വിവിധവശങ്ങള്‍, അവയെല്ലാം തന്നെ കേവലം കെട്ടിച്ചമച്ച നുണക്കഥകള്‍ മാത്രമാണെന്നു പല പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും യുക്തികളും ശാസ്ത്രീയ നിഗമനങ്ങളും നിരത്തി തെളിയിക്കല്‍, ഇന്ത്യക്കാര്‍ പുറമേ നിന്നും വന്നവരല്ല ഇന്നാട്ടുകാര്‍ തന്നെയാണ് എന്ന സത്യം സ്ഥാപിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് തന്റെ കാഴ്ചപ്പാടിലൂടെ നടത്തിയ പരിശ്രമത്തെ അല്‍പം വിശദമായി നാം കണ്ടു. യുക്തിപരവും, ചരിത്രപരവും ശാസ്ത്രപരവുമായ തെളിവുകള്‍ എന്നിവയെ അവലംബിച്ച് ഇത്തരം നുണപ്രചരണങ്ങളുടെ കള്ളി വെളിച്ചത്ത് കൊണ്ടുവരേണ്ടതെങ്ങനെ എന്നതിന് ഡോക്ടര്‍ സദാശിവന്റെ ഈ അവതരണം ഒരു മാതൃകയാണ്.
പാശ്ചാത്യ പണ്ഡിതന്മാര്‍ അവരുടെ അധീശത്വ (ഹെജുമണി) മനോഭാവത്താല്‍ കൊളോണിയല്‍ കാലഘട്ടത്തില്‍ അവരുടെ സര്‍വസന്നാഹങ്ങളുമുപയോഗിച്ച് പടച്ചതും മെക്കാളെയുടെ കുപ്രസിദ്ധമായ വിദ്യാഭ്യാസ പദ്ധതിയിലൂടെ മസ്തിഷ്‌കപ്രക്ഷാളനം നടത്തി അടിച്ചേല്‍പ്പിച്ചതും പ്രചരിപ്പിച്ചതുമായ ഇത്തരം അബദ്ധങ്ങളായ ആശയങ്ങളെ ജനമനസ്സില്‍ നിന്നും വേരോടെ പിഴുതെറിയാനുള്ള പരിശ്രമങ്ങള്‍ക്ക് ഇന്ന് ഊര്‍ജ്ജം കൂടിവരുന്നു. ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ ഇതിനാക്കം കൂട്ടുന്നു. ഉദാഹരണത്തിന് വേദപുരാണാദികളില്‍ വര്‍ണ്ണിക്കപ്പെടുന്ന, അന്തര്‍ധാനം ചെയ്തു എന്നു വിശ്വസിക്കപ്പെടുന്ന, സരസ്വതീനദി വേദത്തിലെ സപ്തസിന്ധുപ്രദേശത്തുകൂടി ഒഴുകിയിരുന്ന വഴി സ്ഥിരീകരിച്ചത് ശാസ്ത്രത്തിന്റെ സഹായത്തോടെയാണ്. ഡോക്ടര്‍ സദാശിവന്‍ തെളിവില്ലാത്തതിനാല്‍ ഇതു വൈദികര്‍ മെനഞ്ഞ കെട്ടുകഥയാണെന്നു തന്റെ പുസ്തകത്തില്‍ പറയുന്നു. ഹിന്ദുവിരുദ്ധരായ സ്വദേശി വിദേശിപണ്ഡിതര്‍ ഈ നദി ഭാരതത്തിനു വെളിയിലുള്ളതാണെന്നു പറഞ്ഞു നടന്നിരുന്നു. മിഷേല്‍ ഡാനിനോ, ഡേവിഡ് ഫ്രോളി, കല്യാണരാമന്‍, രാജാറാം, നാഗസ്വാമി, സുഭാഷ് കക്ക്, രാജീവ് മല്‍ഹോത്ര തുടങ്ങിയ വിദേശികളും സ്വദേശികളും ആയ നാനാതുറകളിലുള്ള പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ പഠനഗവേഷണങ്ങള്‍ നടത്തി ആധികാരിക ഗ്രന്ഥങ്ങളും ഈടുറ്റ ലേഖനങ്ങളും സംവാദങ്ങളും നടത്തിക്കൊണ്ട് ഈ രംഗത്ത് ഇന്ന് സജീവമാണ്.
ദി ഇന്‍വേഷന്‍ ദാറ്റ് നെവര്‍ വാസ്, ദി ലോസ്റ്റ് റിവര്‍-ഓണ്‍ ദി ട്രെയില്‍സ് ഓഫ് സരസ്വതി, ഇന്‍ സേര്‍ച്ച്ഓഫ് ദി ക്രേഡില്‍ ഓഫ് സിവിലൈസേഷന്‍, ദി പൊളിറ്റിക്‌സ് ഓഫ് ഹിസ്റ്ററി- ആര്യന്‍ ഇന്‍വേഷന്‍ തിയറി ആന്‍ഡ് ദി സബേര്‍ഷന്‍ ഓഫ് സ്‌കോളര്‍ഷിപ്പ്, സരസ്വതീ-വേദിക് റിവര്‍ ആന്‍ഡ് ഹിന്ദു സിവിലൈസേഷന്‍, തമിള്‍നാഡു-ദി ലാന്‍ഡ് ഓഫ് ദി വേദാസ്, അക്കാദമിക് ഹിന്ദു ഫോബിയ, ദി ബാറ്റില്‍ ഫോര്‍ സാന്‍സ്‌ക്രിറ്റ്, ബ്രേക്കിങ്ങ് ഇന്ത്യ, ദി അസ്ട്രണോമിക്കല്‍ കോഡ് ഓഫ് ദി ഋഗ്വേദ തുടങ്ങിയ പുസ്തകങ്ങള്‍ നമ്മുടെ ശരിയായ ചരിത്രം മനസ്സിലാക്കാന്‍ നമ്മെ വളരെയേറെ സഹായിക്കും. ഇവ വായിക്കുമ്പോഴാണ് ഇടതുപക്ഷ പണ്ഡിതര്‍ പാശ്ചാത്യകെട്ടുകഥകളെ പിന്തുടര്‍ന്ന് അതേ ദുരുദ്ദേശ്യത്തോടെ ഇന്നും നമ്മുടെ ചരിത്രത്തിന് വികലവ്യാഖ്യാനങ്ങളാണ് നല്‍കുന്നതെന്നു നമുക്ക് ബോദ്ധ്യമാകുക.
ഇത്തരത്തില്‍ പ്രധാനപ്പെട്ട ഒരു പുസ്തകമാണ് ആര്‍ക്കിയോളജിസ്റ്റ് (പുരാവസ്തു ശാസ്ത്രജ്ഞന്‍ ) ആയ ദിലീപ് കെ. ചക്രബര്‍ത്തി എഴുതിയ ഇന്ത്യ ആന്‍ ആര്‍ക്കിയോളജിക്കല്‍ ഹിസ്റ്ററി (2001). പുരാതനചരിത്രരചനയ്ക്ക് ഏറ്റവും ആധികാരിക അവലംബം ആയി ചരിത്രകാരന്മാര്‍ കരുതുന്നത് പുരാവസ്തുശാസ്ത്രത്തെയാണ്. ഹിന്ദുക്കളുടെ ചരിത്രവുമായി ബന്ധപ്പെട്ട് ഏറ്റവും അടുത്തകാലത്തു സ്ഥിരീകരിച്ച പുരാവസ്തുശാസ്ത്ര നിഗമനങ്ങളെയും ഈ പഠനം ഉള്‍ക്കൊള്ളുന്നു എന്നതാണ് ഈ പുസ്തകത്തെ കൂടുതല്‍ ശ്രദ്ധേയവും ആധികാരികവുമാക്കുന്നത്. ഈ പുസ്തകത്തിലെ ‘ഏന്‍ഷ്യന്റ് ഇന്ത്യ- ദി ഇംപോര്‍ട്ടന്‍സ് ഓഫ് ആര്‍ക്കിയോളജിക്കല്‍ എവിഡെന്‍സ്’ എന്ന ആമുഖ അദ്ധ്യായത്തില്‍ പാശ്ചാത്യപണ്ഡിതരുടെ ഉള്ളിലിരുപ്പ് തുറന്നുകാട്ടുന്നതോടൊപ്പം അവര്‍ ഭാവനയില്‍ മെനഞ്ഞെടുത്ത മേല്‍വിവരിച്ച വാദങ്ങളെ വ്യക്തമായി നിരാകരിക്കുകയും ചെയ്യുന്നു.
യാഥാര്‍ത്ഥ്യം എന്ത് എന്ന ചോദ്യത്തിന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ (1968-72) ആയിരുന്ന പ്രൊഫ. ബി. ബി.ലാല്‍ പറയുന്നത് ഇപ്രകാരമാണ് – ”കുറേക്കാലങ്ങളായി തുടര്‍ച്ചയായി ചില നിഗമനങ്ങള്‍ ഇന്ത്യയുടെ ഭൂതകാലത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാടിനെ വികലമാക്കിക്കൊണ്ടിരിക്കുകയാണ്. (1) വേദങ്ങള്‍ക്ക് 1200 ബിസിഇ യേക്കാള്‍ (Before Common Era) പഴക്കമില്ല. വൈദിക ജനത നാടോടികള്‍ (Nomads) ആയിരുന്നു. (2) 3000 ബിസിഇ-യില്‍ ഉണ്ടായതെന്നു കരുതാവുന്ന ഹാരപ്പന്‍ നാഗരികതയുടെ ഉപജ്ഞാതാക്കള്‍ ദ്രാവിഡഭാഷ സംസാരിക്കുന്നവരായിരുന്നു. ഈ നാഗരികതയെ ആര്യന്‍ ആക്രമണകാരികള്‍ നിശ്ശേഷം നശിപ്പിച്ചു. (3) ആര്യന്‍ ആക്രമണം (AIT) എന്നൊന്നില്ലായിരുന്നു എന്നു തെളിയിക്കപ്പെട്ടപ്പോള്‍ ആര്യന്മാര്‍ മധ്യേഷ്യയിലെ Bactria-Margiana Archeological Complex) ല്‍ നിന്നുള്ള കുടിയേറ്റക്കാരാണ് എന്ന് മറ്റൊരു സിദ്ധാന്തം (AMT) പ്രചരിപ്പിക്കപ്പെട്ടു. സമീപകാലത്ത് രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങളില്‍ നടത്തിയ ഉത്ഖനനങ്ങളും വൈദികഗ്രന്ഥങ്ങളുടെ പുതിയ പഠനവും മേല്‍പ്പറഞ്ഞ മൂന്നു സിദ്ധാന്തങ്ങളും അടിസ്ഥാനരഹിതമാണെന്ന് തെളിയിച്ചിരിക്കുന്നു. ഇന്ന് താഴെപ്പറയുന്ന അഞ്ചു കാര്യങ്ങളെക്കുറിച്ച് നമുക്ക് വ്യക്തതയുണ്ട്, തീര്‍ച്ചയുണ്ട്.
1. ഋഗ്വേദം 2000 ബിസിഇ-യേക്കാള്‍ വളരെയേറെ പഴക്കമുള്ളതാണ്. ഈ ഗ്രന്ഥത്തിന്റെ സൂക്ഷ്മപഠനത്തിലൂടെ തെളിയുന്നത് ഋഗ്വേദ ജനത നാടോടികളായിരുന്നില്ല എന്നതാണ്.
2. ഋഗ്വേദത്തിന്റെ പ്രദേശവും ഹാരപ്പന്‍ നാഗരികതയുടെ പ്രദേശവും ഒന്നുതന്നെയാണ്. വൈദികസംസ്‌കാരവും ഈ നാഗരികതയും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍ മാത്രമാണ്.
3. ഹാരപ്പന്‍ നാഗരികത നാമാവശേഷമായില്ല. നേരേമറിച്ച് അതിന്റെ പല സവിശേഷതകളും ഇന്നും കാണാം.
4. ഹാരപ്പന്‍ നാഗരികതയുടെ വേരുകള്‍ സി-14 റേറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ 5000 ബിസിഇ-യിലേക്കോ അതിലും പിന്നോട്ടോ നീളുന്നു. അതായത് ഹാരപ്പന്‍- വേദിക് ജനതകള്‍ ആക്രമണകാരികളോ കൂടിയേറ്റക്കാരോ ആയിരുന്നില്ല എന്നു മാത്രമല്ല സ്വദേശികള്‍ (ഇന്‍ഡിജിനസ്) തന്നെയായിരുന്നുവെന്നും തീര്‍ച്ചപ്പെടുത്താം.
5. കൂടാതെ വൈദിക ജനത 2000- ബിസിഇ-യുടെ തുടക്കത്തില്‍ തന്നെ ഇറാന്‍ വഴി പടിഞ്ഞാറ് ടര്‍ക്കി വരെ എത്തിയിരുന്നുവെന്ന് ആര്‍ക്കിയോളജിയുടേയും സാഹിത്യത്തിന്റെയും സംയുക്തമായ തെളിവുകള്‍ വ്യക്തമാക്കുന്നു.”
ഭാരതത്തിലെ ഹിന്ദുക്കളുടെ പൂര്‍വികര്‍ വിദേശങ്ങളിലെ പല പ്രദേശങ്ങളില്‍ നിന്നും വന്ന് കുടിയേറിപ്പാര്‍ത്തവരല്ല തികച്ചും ഇന്നാട്ടുകാര്‍ തന്നെയാണെന്ന യാഥാര്‍ത്ഥ്യം, അനിഷേധ്യമായ തെളിവുകളുടെ വെളിച്ചത്തില്‍, പണ്ഡിതലോകം കൂടുതല്‍ കൂടുതല്‍ അംഗീകരിച്ചു വരുകയാണ് എന്നു നാം കണ്ടു. ഷെല്‍ഡണ്‍ പൊള്ളോക്ക്, വെന്ഡി ഡോണിജര്‍, ആസ്‌കോ പര്‍പോള തുടങ്ങിയ സ്ഥാപിത താല്‍പ്പര്യക്കാരായ ചുരുക്കം ചില വിദേശപണ്ഡിതരും ഇവിടുത്തെ ഇടതുപക്ഷസൈദ്ധാന്തികരും മാത്രമാണ് കൊളോണിയല്‍ കാലത്തെ വംശവെറി നിറഞ്ഞ ആംഗ്ലോ-ജര്‍മ്മന്‍ പണ്ഡിതരുടെ കപോലകല്‍പ്പിതങ്ങളാണെന്നു തെളിഞ്ഞ നിലപാടുകളെ ഇന്നും അന്ധമായി ആവര്‍ത്തിക്കുന്നത്.
മാത്രമല്ല, ഭാഷകളുടെ താരതമ്യപഠനത്തിനായി ഇക്കൂട്ടര്‍ ആശ്രയിച്ചുപോന്ന വൃക്ഷമാതൃകയെ (Tree Model) യെ ആധുനിക ഭാഷാശാസ്ത്രജ്ഞര്‍ അശാസ്ത്രീയം എന്നു കണ്ട് ഉപേക്ഷിച്ചിരിക്കുന്നു. പകരം തരംഗമാതൃകയെ (Wave Model) ആണ് അവര്‍ ഇന്ന് അവലംബിക്കുന്നത്.
ഇനി നമുക്ക് നമ്മുടെ സവിശേഷമായ സാമൂഹ്യഘടനയുടെ വെളിച്ചത്തില്‍ ജാതി, വര്‍ണ്ണം, കാസ്റ്റ്, അയിത്തം, വൈദികകര്‍മ്മകാണ്ഡം, ഹിന്ദു ആധ്യാത്മികത തുടങ്ങിയവയെ സംബന്ധിച്ച ആശയക്കുഴപ്പത്തെക്കുറിച്ചും യാഥാര്‍ത്ഥ്യത്തെക്കുറിച്ചും മനസ്സിലാക്കാം.
(തുടരും…)