ജൂണ്‍ 6
കേസരി എം. രാഘവന്‍ ചരമദിനം
2024 മെയ് 21ന് തൃച്ചിയിലെ ജയേന്ദ്ര വിദ്യാലയത്തില്‍ നടന്ന ആര്‍.എസ്.എസ്സിന്റെ ദക്ഷിണക്ഷേത്ര കാര്യകര്‍ത്താ വികാസ് വര്‍ഗ് പ്രഥമയുടെ സമാപന പൊതുസമ്മേളനത്തില്‍ സംസാരിച്ച സംഘത്തിന്റെ അഖിലഭാരതീയ സഹസേവാപ്രമുഖ് എ.സെന്തില്‍കുമാര്‍ പറഞ്ഞത് സാധാരണ വ്യക്തികളെ അസാധാരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാക്കുന്നതാണ് ആര്‍.എസ്.എസ്സിന്റെ ശാഖ എന്നാണ്. ഇതിന് ഉദാഹരണമായി നിരവധി സംഘകാര്യകര്‍ത്താക്കളെ എടുത്തുകാട്ടാനാവും. അക്കൂട്ടത്തില്‍ പ്രമുഖനായ വ്യക്തിയാണ് 2003 ജൂണ്‍ 6ന് അന്തരിച്ച കേസരി സ്ഥാപക മാനേജര്‍ എം.രാഘവന്‍. തലശ്ശേരി ചേറ്റംകുന്നില്‍ ഒരു സാധാരണ കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ചെറുപ്പകാലവും സാധാരണപോലെ. വിദ്യാഭ്യാസം കഴിഞ്ഞ് ഒരു സര്‍ക്കസ് കമ്പനിയില്‍ ജോലി ചെയ്യവെയാണ് അദ്ദേഹം ആര്‍.എസ്.എസ്സിന്റെ ശാഖയില്‍ വരാന്‍ തുടങ്ങിയത്. കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരിയില്‍ സംഘശാഖ ആദ്യം തുടങ്ങിയ സ്ഥലം ചേറ്റംകുന്നായിരുന്നു (1943ല്‍). ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ച് കരുണന്‍ എന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ ശാഖയില്‍ പോകാന്‍ തുടങ്ങി. വൈകാതെ കരുണന്‍ സംഘപ്രവര്‍ത്തകനായി മാറുകയും പാര്‍ട്ടിബന്ധം ഉപേക്ഷിക്കുകയും ചെയ്തു. സ്വല്പം വിക്കുണ്ടായിരുന്നതുകൊണ്ട് കക്കന്‍ കരുണന്‍ എന്നറിയപ്പെട്ട അദ്ദേഹവുമായി 1944ല്‍ രാഘവന്‍ അപ്രതീക്ഷിതമായി പരിചയത്തിലാവുകയും ശാഖയില്‍ വരാന്‍ തുടങ്ങുകയും ചെയ്തു. ക്രമേണ കരുണനോടൊപ്പം പുതിയ ശാഖ തുടങ്ങാനും മറ്റുമായി സജീവ പ്രവര്‍ത്തനത്തിലിറങ്ങി. അതിനിടെയാണ്, മലബാര്‍ ഭാഗത്തിന്റെ സംഘപ്രചാരകനായ ശങ്കര്‍ശാസ്ത്രി ചേറ്റംകുന്നു ശാഖയില്‍ വന്നത്. കോഴിക്കോട് സംഘപ്രവര്‍ത്തനമാരംഭിച്ച ദത്തോപന്ത് ഠേഗ്ഡിജി ബംഗാളിലേക്ക് പോയപ്പോള്‍ പകരം വന്നതാണ് ശങ്കര്‍ ശാസ്ത്രി. ശങ്കര്‍ശാസ്ത്രിയുമായുള്ള അടുപ്പം മൂലം സംഘപ്രചാരകനാകാനുള്ള മോഹം രാഘവനില്‍ ദൃഢപ്പെട്ടു. എന്നാല്‍ രാഘവനോട് ബാംഗ്ലൂരിലെ ഹിന്ദുസ്ഥാന്‍ എയര്‍ക്രാഫ്റ്റില്‍ ജോലിചെയ്യാന്‍ പോകാനായി നിര്‍ബ്ബന്ധിക്കുകയാണ് ശങ്കര്‍ശാസ്ത്രി ചെയ്തത്. രാഘവന്‍ വലിയൊരു ചുമതല വഹിക്കാന്‍ കഴിയുന്ന പ്രവര്‍ത്തകനായി മാറണം എന്ന ചിന്ത ചിലപ്പോള്‍ ശങ്കര്‍ശാസ്ത്രിക്കുണ്ടായിരിക്കാം. സൈനിക പരിശീലനത്തിനു തുല്യമായ പരിശീലനവും ഭാഷാജ്ഞാനവും ഹിന്ദുസ്ഥാന്‍ എയര്‍ക്രാഫ്റ്റിലെ ജോലി വഴി രാഘവന്‍ നേടി. തനിക്കു സംഘപ്രവര്‍ത്തനത്തില്‍ മുഴുകണമെന്നും ജോലി ഉപേക്ഷിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം നിരന്തരം ആവശ്യപ്പെട്ടപ്പോഴെല്ലാം ‘ഞാന്‍ വിളിക്കുമ്പോള്‍ വന്നാല്‍ മതി’ എന്ന മറുപടിയാണ് ശങ്കര്‍ശാസ്ത്രിയില്‍ നിന്നുണ്ടായത്.
ഒടുവില്‍ രാഘവന് ശങ്കര്‍ശാസ്ത്രിയുടെ കത്ത് കിട്ടി. ഉടനെ ജോലി രാജിവെച്ച് പെട്ടിയുമായി അദ്ദേഹം പോന്നത് സ്വന്തം വീട്ടിലേയ്ക്കല്ല, കോഴിക്കോട്ടെ സംഘകാര്യാലയത്തിലേക്കായിരുന്നു. ഗാന്ധിവധത്തിന്റെ കുറ്റം ചുമത്തി ആര്‍.എസ്.എസ്സിനെ നിരോധിച്ച വേളയായിരുന്നു അത്. ഈ പ്രതിസന്ധിഘട്ടത്തില്‍ സംഘപ്രവര്‍ത്തനത്തിനു ചുക്കാന്‍ പിടിക്കാന്‍ യോഗ്യരായ ആളുകള്‍ വേണമെന്നു ശങ്കര്‍ശാസ്ത്രിക്കറിയാമായിരുന്നു. ഗാന്ധിവധത്തില്‍ സംഘത്തിനു പങ്കില്ല എന്നു തെളിഞ്ഞിട്ടും നിരോധനം നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവാത്തതിനെ തുടര്‍ന്നു സത്യഗ്രഹ സമരം ആരംഭിച്ചു. അതിന്റെ പ്രചരണത്തിനാവശ്യമായ പോസ്റ്ററുകള്‍ തയ്യാറാക്കി എത്തിക്കലും സത്യഗ്രഹികള്‍ക്ക് വേണ്ട വ്യവസ്ഥ ചെയ്യലും രാഘവന്റെ ചുമതലയായിരുന്നു. സത്യഗ്രഹത്തിന്റെ മൊത്തം ചുമതല മാധവ്ജിക്കായിരുന്നു. എല്ലാം കുറ്റമറ്റരീതിയില്‍ നിര്‍വ്വഹിക്കപ്പെട്ടു (ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് കേസരി പ്രസിദ്ധീകരിച്ച ‘മൗന തപസ്വി’ എന്ന പുസ്തകം കാണുക).
ഹിന്ദുസ്ഥാന്‍ സമാചാര്‍ എന്ന വാര്‍ത്താ ഏജന്‍സി ആരംഭിച്ചപ്പോള്‍ കോഴിക്കോട്ടെ അതിന്റെ ചുമതലക്കാരനായി ശങ്കര്‍ശാസ്ത്രി നിശ്ചയിച്ചത് രാഘവനെയായിരുന്നു. അദ്ദേഹം അങ്ങനെ സമാചാര്‍ രാഘവനായി. പത്രപ്രവര്‍ത്തനരംഗത്തെ ഈ പരിശീലനമാണ് കേസരിയുടെ സ്ഥാപക മാനേജരായി പ്രവര്‍ത്തിക്കാനുള്ള അദ്ദേഹത്തിന്റെ മൂലധനം. കോഴിക്കോട്ടുനിന്നും കേസരി വാരിക ആരംഭിച്ചപ്പോള്‍ ബാലാരിഷ്ടതകളുടെ നടുവിലായിരുന്നു ആ വാരിക. ദീര്‍ഘകാലം കേസരിയുടെ പത്രാധിപരായിരുന്ന ആര്‍.വേണുഗോപാല്‍ പറഞ്ഞത് ശങ്കര്‍ശാസ്ത്രിയുടെ പ്രേരണ, പരമേശ്വര്‍ജിയുടെ പേന, നിയമപരമായ ഉടമയായ ഗോപാലകൃഷ്ണന്‍ നായരുടെ കോഴിക്കോട്ടെ പൗരന്മാര്‍ക്കിടയിലുള്ള സമ്പര്‍ക്കം – ഇവയായിരുന്നു കേസരിയുടെ മൂലധനം എന്നാണ്. അച്ചടിക്കാനുള്ള പണവും കടലാസിന്റെ വിലയുമായി പതിമൂന്നു രൂപയാണ് മുടക്കുമുതല്‍; ഈ ശൂന്യതയില്‍ ആരംഭിച്ച കേസരിയ്ക്ക് ഒരു ഓഫീസ് വാടകയ്ക്ക് സംഘടിപ്പിച്ചത് രാഘവനാണ്. അദ്ദേഹത്തെ തന്നെ ആദ്യ മാനേജരായും നിശ്ചയിച്ചു.
ഈ ശൂന്യതയില്‍നിന്ന് കേസരി വളര്‍ന്നു വലിയ പ്രസ്ഥാനമായി മാറി. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അസാധ്യമായ കാര്യമാണ് ഈ വളര്‍ച്ച. ഇക്കാലത്തിനിടയ്ക്ക് മണ്ണടിഞ്ഞു പോയത് എത്ര പത്രങ്ങളാണ് എന്നു പരിശോധിക്കുമ്പോഴാണ് ഇതിന്റെ ഗൗരവം വ്യക്തമാകുക. സമാചാര്‍ രാഘവന്‍ കേസരി രാഘവനായി മാറി. ആദ്യം വാരികയെ സ്വന്തം കാലില്‍ നിര്‍ത്താനുള്ള ശ്രമങ്ങളായിരുന്നു. അടുത്ത പടി അതിനു സ്വന്തമായ ഭൂമി വാങ്ങാനുള്ള പണം സ്വരൂപിക്കലായിരുന്നു. ഇതോടൊപ്പം സമൂഹത്തില്‍ കഷ്ടപ്പെടുന്നവരെ കൈപിടിച്ചുയര്‍ത്തുക എന്ന ദൗത്യവും ഏറ്റെടുത്തു. കടലോരത്തെ പഠിക്കാന്‍ താല്പര്യമുള്ള നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി. വനവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വിവേകാനന്ദ മെഡിക്കല്‍ മിഷന് സാമ്പത്തികസഹായം നല്‍കി. ഇന്ന് മലയാള മാധ്യമരംഗത്തും ദേശീയ മാധ്യമരംഗത്തും കേസരിയ്ക്ക് ഗണനീയമായ സ്ഥാനമുണ്ട്. ആ തരത്തിലേയ്ക്ക് കേസരിയെ ഉയര്‍ത്തിയത് എം.രാഘവനാണ്.
1996ല്‍ ഒരു വാഹനാപകടത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചു. മാനേജര്‍ പദവിയില്‍ നിന്ന് വിരമിക്കുന്ന ചടങ്ങില്‍ അദ്ദേഹം പ്രതികരിച്ചത് ഇത്രമാത്രം. ”ആര്‍ക്കു നന്ദി, ആരോടുനന്ദി.” തന്റെ ദൗത്യം നിര്‍വ്വഹിക്കുക, അതില്‍ തൃപ്തി കാണുക എന്നതിനപ്പുറം ഒന്നും കൊട്ടിഘോഷിക്കാനില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ശുദ്ധശൂന്യതയില്‍ നിന്ന് കേസരി എന്ന മഹാപ്രസ്ഥാനത്തെ വളര്‍ത്തിയെടുത്തു എന്ന അസാധാരണ പ്രവൃത്തി എം.രാഘവന് ചെയ്യാന്‍ സാധിച്ചത് സംഘസംസ്‌കാരത്തില്‍ നിന്നാണ്.