ജീവിതം മുഴുവനും മേളകലയ്ക്കായി ഉഴിഞ്ഞുവച്ച വ്യക്തിയായിരുന്നു ഈയിടെ അന്തരിച്ച മേളപ്രമാണി കേളത്ത് അരവിന്ദാക്ഷമാരാര്‍. മേളകലയുടെ രാജരസം തുളുമ്പുന്ന പഞ്ചാരിയും രൗദ്രതയുടെ കൂട്ടിപ്പെരുക്കം തീര്‍ക്കുന്ന പാണ്ടിയും ആസ്വാദകര്‍ക്ക് ആവോളം സമ്മാനിച്ച, ആയിരക്കണക്കിന് ആരാധകരുള്ള, പ്രമാണം മോഹിക്കാത്ത പ്രമാണിയായിരുന്നു കേളത്ത്. അരനൂറ്റാണ്ടിലേറെക്കാലം വാദ്യകലാരംഗത്ത്് സജീവമാകുകയും വാര്‍ധക്യത്തിലെ വിശ്രമകാലത്തും കൊട്ടണം കൊട്ടണം എന്ന ഒരേയൊരു മോഹവുമായി മേളകലയുടെ ചെമ്പടവട്ടങ്ങളെ മനസ്സില്‍ പെരുക്കിക്കൊണ്ടിരുന്ന അതുല്യകലാകാരനുമായിരുന്നു കേളത്ത് അരവിന്ദാക്ഷന്‍ എന്ന അടുത്തറിയുന്നവരുടെ അനിയേട്ടന്‍. പിതാവായ മാക്കോത്ത് ശങ്കരന്‍കുട്ടിമാരാരില്‍നിന്നും തായമ്പകയും തിമിലയും ക്ഷേത്രാടിയന്തിരച്ചടങ്ങുകളും അഭ്യസിച്ച അരവിന്ദന്‍ 12-ാമത്തെ വയസ്സില്‍ ഒല്ലൂര്‍ എടക്കുന്നി ദുര്‍ഗ്ഗാഭഗവതിക്ഷേത്രത്തില്‍ തായമ്പകയില്‍ അടന്തക്കൂറു കൊട്ടിയാണ് അരങ്ങേറിയത്. തിമിലയില്‍ അരങ്ങേറ്റമുണ്ടായില്ലെങ്കിലും ആദ്യനാളുകളില്‍ അനവധി പൂരങ്ങള്‍ക്ക് തിമിലക്കാരനായി പങ്കെടുത്തു. തായമ്പകയില്‍ കുറച്ചുനാള്‍ പരിയാരത്ത് കുഞ്ചുമാരാരുടെ ശിക്ഷണത്തില്‍ ഉപരിപഠനം നടത്തി. ശങ്കരന്‍കുട്ടിമാരാരുടെ മൂത്തമകനാണ് അരവിന്ദന്‍. പഞ്ചവാദ്യപ്രമാണിയായ കേളത്ത് കുട്ടപ്പന്മാരാരും മേളകലാകാരന്‍മാരായ കേളത്ത് പ്രഭാകരന്‍മാരാരും രാജന്‍മാരാരും സഹോദരങ്ങളാണ്. ഇതില്‍ രാജന്‍ നേരത്തെ ജീവിതകാലം കൊട്ടിക്കയറി. കുറുമാലിക്കാവ്, ചേന്ദംകുളങ്ങര, മേടംകുളങ്ങര ഭഗവതിക്ഷേത്രങ്ങളിലെ പാനപ്പറയോഗങ്ങളില്‍ എത്രയോകാലം ചെണ്ടക്കാരനും പൊന്നാനിപ്പാട്ടുകാരനുമായിരുന്നു അരവിന്ദന്‍. മേളപ്രമാണിയായി അറിയപ്പെട്ടപ്പോഴും പാനപ്പറയും ക്ഷേത്രാടിയന്തിരവും മാരാര്‍ മറന്നില്ല. എടക്കുന്നിയിലേയും ചേന്ദംകുളങ്ങരയിലേയും അടിയന്തിരം ഒഴിവാക്കി എത്രവലിയ പൂരത്തിനും പോകാന്‍ മാരാര്‍ ഒരുക്കമായിരുന്നില്ല.
പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍പൂരത്തിന് അരവിന്ദാക്ഷമാരാര്‍ ആദ്യകാലത്ത് പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളനിരയിലായിരുന്നു. പിന്നീട് തിരുവമ്പാടിയിലേക്ക് മാറി. പെരുവനം കുട്ടന്‍മാരാര്‍ ഇലഞ്ഞിത്തറമേളത്തിന്റെ അമരക്കാരനായപ്പോള്‍ പെരുവനത്തിന്റെ നിര്‍ബന്ധത്തിനുകൂടി വഴങ്ങിയാണ് കേളത്ത് വീണ്ടും ഇലഞ്ഞിത്തറയിലെത്തിയത്. രണ്ടുപതിറ്റാണ്ടോളം മേടത്തിലെ പൂരംനാളില്‍ ഇലഞ്ഞിത്തറയിലെ മേളനിരയിലെ രണ്ടാംസ്ഥാനക്കാരനായി കേളത്ത് തുടര്‍ന്നു. കേരളത്തില്‍ കേളത്ത് കൊട്ടാത്ത പൂരങ്ങളില്ല. പ്രമാണത്തിന് മോഹമില്ലാത്ത പ്രമാണിയാണ് കേളത്ത്. പ്രമാണിയുടെ ഒരുപുറം നിന്നുകൊട്ടാനാണ് കേളത്തിനിഷ്ടം. അതാകട്ടെ പ്രമാണിക്ക് വലിയ ബലവുമാണ്. മുന്‍തലമുറയിലെ തൃപ്പേക്കുളം അച്യുതമാരാര്‍, ചക്കംകുളം അപ്പുമാരാര്‍, മഠത്തില്‍ ഗോപാലമാരാര്‍ എന്നിവര്‍ക്കൊപ്പം അനവധി വാദ്യവേദികളില്‍ കേളത്ത് കരുത്തും കരുതലുമുള്ള മേളക്കാരനായിരുന്നു. പിന്നീട് പെരുവനം കുട്ടന്‍മാരാര്‍, കിഴക്കൂട്ട് അനിയന്‍മാരാര്‍ എന്നിവരുടെ മേളങ്ങള്‍ക്കും രണ്ടാംസ്ഥാനക്കാരനായി കേളത്ത് മേളപ്പെരുക്കം തീര്‍ത്തു. ചേന്ദംകുളങ്ങര കുംഭഭരണിക്ക് പതിറ്റാണ്ടുകളായി കേളത്താണ് പ്രമാണം. ഇക്കഴിഞ്ഞ കുംഭഭരണിക്കും പഞ്ചാരിയും പാണ്ടിയും കേളത്തിന്റെ കരങ്ങളില്‍ ഭദ്രമായിരുന്നു. ആറാട്ടുപുഴ പൂരത്തിന് എടക്കുന്നിയുടെ പഞ്ചാരിക്കു കേളത്തിന്റെ കരനാദം കോല്‍കനവും ശ്രദ്ധേയമാണ്. ആ കൈ-കോല്‍നാദം മാത്രമല്ല മെലിഞ്ഞ് സഹപ്രവര്‍ത്തകരോട് പരസ്പരം ചിരിച്ചും ആംഗ്യംകാട്ടിയും നെല്ലിട കൊട്ടിക്കയറുന്ന ആ മേളവൈഭവം ആസ്വാദകര്‍ക്ക് അനുപമമായ അരങ്ങായിരുന്നു. സംഗീതനാടക അക്കാദമിയുടെ ഉള്‍പ്പെടെ ഒട്ടനവധി പുരസ്‌കാരങ്ങള്‍ മാരാരെ തേടിയെത്തി. പുരസ്‌കാരങ്ങളോ അംഗീകാരങ്ങളോ മാരാരെ മതിപ്പിച്ചിരുന്നില്ലെന്നു മാത്രമല്ല അത് അദ്ദേഹത്തിന് അരോചകവുമായിരുന്നു. വാദ്യവേദികളിലെ കൊട്ടിത്തിമിര്‍ക്കല്‍ മാത്രമായിരുന്നു മാരാരുടെ മനസ്സിന് സന്തോഷം നല്‍കിയിരുന്നത്. എങ്കിലും നാട്ടുകാരുടെ അഭ്യര്‍ത്ഥന മാനിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് പാലിയേക്കര ചേന്ദംകുളങ്ങര ഭഗവതിക്ഷേത്രസന്നിധിയില്‍വെച്ച് അരവിന്ദാക്ഷന്‍മാരാരേയും സഹോദരന്‍ കുട്ടപ്പന്‍മാരാരേയും വീരശൃംഖല അണിയിച്ച് ആദരിച്ചിരുന്നു. വിപുലമായ സംഘാടകസമിതിരൂപീകരിച്ച് നടത്തിയ സമാദരണച്ചടങ്ങില്‍ രണ്ടുപേര്‍ക്കും യഥാക്രമം ചേന്ദംകുളങ്ങര, എടക്കുന്നി ദേവസ്വങ്ങളായിരുന്നു വീരശൃംഖല പ്രദാനം ചെയ്തത്.