കര്‍ണാടകയിലെ ആരോഗ്യ വകുപ്പ് സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ചികിത്സക്ക് നല്‍കിയ മരുന്ന് മൃഗചികിത്സക്ക് നിര്‍മ്മിച്ചത്. മരുന്നിന്റെ ലേബലില്‍ എഴുതിയിട്ടുള്ളത് മൃഗചികിത്സയ്ക്കുള്ളത് എന്നാണ്. ഒന്നല്ല ഏഴ് മരുന്നുകളാണ് ഇത്തരത്തില്‍ ആശുപത്രികളില്‍ വിതരണം ചെയ്തത്. മാസങ്ങള്‍ക്കു ശേഷമാണ് ഇതു ശ്രദ്ധയില്‍ പെട്ടതും വാര്‍ത്തയായതും. വാര്‍ത്ത പുറത്തു വന്നതോടെ നാട്ടുകാര്‍ ഭീതിയിലായി. ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്നു സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞിട്ടുണ്ട്. മരുന്നിനു കുഴപ്പമൊന്നുമില്ല, പുറത്തു ഒട്ടിച്ച ലേബലില്‍ തെറ്റുപറ്റിയതാണ് എന്നാണ് ആരോഗ്യ വകുപ്പും മരുന്നുവിതരണം ചെയ്ത കമ്പനിയും പറഞ്ഞത്. മരുന്നു തിരിച്ചെടുക്കാം എന്നും അവര്‍ ഏറ്റിട്ടുണ്ട്.
സാധാരണ ഒരു മരുന്നിന് ഓര്‍ഡര്‍ നല്‍കുമ്പോള്‍ അതിന്റെ ഉള്ളടക്കം സംബന്ധിക്കുന്ന കാര്യങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ രേഖാമൂലം നിര്‍മ്മാണകമ്പനിയെ അറിയിക്കണം. അതനുസരിച്ച് മരുന്നു വന്നാല്‍ അതിന്റെ ഗുണനിലവാരവും കാലവധി ഉള്‍പ്പെടെയുള്ള കാര്യങ്ങളും പരിശോധിച്ചു ഉറപ്പുവരുത്തിയ ശേഷമേ ആശുപത്രികളിലേക്ക് അയക്കാന്‍ പാടുള്ളു. ഇതൊക്കെ കൃത്യമായി പാലിച്ചിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലല്ലോ. ഇന്ന് എല്ലാം കമ്മീഷന്‍ നോക്കി ചെയ്യുന്ന കാലമായി മാറിയതിനാല്‍ മനുഷ്യന് മൃഗത്തിനുള്ള മരുന്ന് നല്‍കുന്നതില്‍ അതിശയിക്കാനില്ല. കര്‍ണ്ണാടകം ബി.ജെ.പി ഭരിക്കുന്ന കാലത്തോ അല്ലെങ്കില്‍ ബി.ജെ.പി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്തോ ആയിരുന്നു ഈ സംഭവം ഉണ്ടായതെങ്കില്‍ മാധ്യമങ്ങള്‍ ഈ വാര്‍ത്ത ആഘോഷിക്കുമായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തായതുകൊണ്ട് തമസ്‌കരിക്കപ്പെടേണ്ട ചെറുവാര്‍ത്തയായി അതു ഒതുങ്ങിപ്പോയി.