ഓര്‍മ്മയില്‍ തിളങ്ങും താരങ്ങള്‍
ടി.കെ. കൃഷ്ണകുമാര്‍
ഇന്ത്യ ബുക്‌സ്, കോഴിക്കോട് – 2
വില: 500 പേജ്: 432
ഫോണ്‍: 944739 4322
മലയാള സിനിമയിലെ മണ്‍മറഞ്ഞ താരങ്ങളുടെ മഹാനിര കണ്ടെത്താനുള്ള പരിശ്രമമാണ് ഈ പുസ്തകം. മലയാളത്തില്‍ ഇത്തരമൊരു രേഖപ്പെടുത്തല്‍ ആദ്യമാണ്. പലര്‍ക്കും ആദ്യകാല മലയാള നടീനടന്മാരെ കുറിച്ച് ഓര്‍മ്മയുണ്ടെന്നല്ലാതെ അവരുടെ സിനിമാ ജീവിതവും സിനിമകളും വ്യക്തിജീവിതവും ഓര്‍മ്മയുണ്ടാവില്ല. ഓരോ കലാകാരനെയും അവരുടെ സിനിമാ ചിത്രത്തോടൊപ്പം വിശദമായി പ്രതിപാദിച്ചിട്ടുള്ള ഈ പുസ്തകം സിനിമാ വ്യവസായത്തിനും വിദ്യാഭ്യാസത്തിനും മുതല്‍ക്കൂട്ടാണ്. ഇന്നത്തെ സിനിമാപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഒഴിച്ചുകൂടാനാവാത്ത റഫറന്‍സ് എന്നതിലുപരി ഈ രംഗത്തെ പുത്തന്‍ തലമുറക്ക് പ്രചോദനകരവുമാണ്. ശ്രീകുമാരന്‍ തമ്പിയുടെ കുറിപ്പും മണ്‍മറഞ്ഞവരോടൊപ്പം അഭിനയിച്ച് ഇന്നും ജീവിച്ചിരിക്കുന്ന മഹാനടന്‍ പത്മശ്രീ മധുവിന്റെ മുഖക്കുറിപ്പും പുസ്തകത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു.
അനശ്വര നടീനടന്മാരുടെ ജീവിതം പകര്‍ത്തുകയെന്ന ശ്രമകരമായ ഉദ്യമം വിജയിച്ചുവെന്നത് പുസ്തകം ഓര്‍മ്മിപ്പിക്കുന്നു. പ്രേക്ഷക മനസ്സില്‍ നടന വിസ്മയങ്ങളായി തങ്ങിനില്‍ക്കുന്ന സത്യന്‍ മുതല്‍ കെ.പി.എ.സി. ലളിത വരെയുള്ള മഹാപ്രതിഭകളുടെ ഒരു നിര തന്നെ ഇതില്‍ കാണാം. അറിയപ്പെടുന്നതും അല്ലാത്തവരുമായ കുറച്ചധികം പേര്‍ കൂടി ഇനിയും ഉണ്ടെന്നത് പുസ്തകം വിപുലീകരിക്കേണ്ട ആവശ്യകത ചൂണ്ടിക്കാണിക്കുന്നു.
ജ്ഞാനപ്രബോധം
സമാഹരണം : ആര്‍. മോഹനന്‍
വേദ ബുക്‌സ്
പേജ്: 246 വില: 320 രൂപ
ഫോണ്‍: 9539009979
തയ്യില്‍ സ്വാമി രചിച്ച പദ്യ കൃതികള്‍ ആര്‍.മോഹനന്‍ സമാഹരിച്ചതാണ് ജ്ഞാനപ്രബോധം എന്ന കൃതി. തയ്യില്‍ സ്വാമി പന്തളത്ത് ഏറെ പതിറ്റാണ്ടുകള്‍ക്കുമുമ്പ് ജീവിച്ചിരുന്ന ഒരു അവധൂതവര്യനായിരുന്നു. തയ്യില്‍ സ്വാമിയുടെ പൂര്‍വ്വാശ്രമത്തിലെ നാമം പന്തളം കൃഷ്ണക്കുറുപ്പ് എന്നായിരുന്നു. വശ്യവചസ്സായ കവിയായിരുന്നു അദ്ദേഹം. ശ്രീമദ് ഭഗവദ്ഗീത പാന, ശ്രീമദ് ഭഗവദ്ഗീതാ ഗാഥ, യോഗമഞ്ജരി, ജ്ഞാനപ്രബോധം തുടങ്ങിയ മഹത് ഗ്രന്ഥങ്ങളും ആനച്ചന്തം, ശബരിഗിരീശസ്‌തോത്രം, സ്വാന്തോപദേശം എന്നിങ്ങനെ കുറെ കവിതകളും സ്വാമികള്‍ രചിച്ചിട്ടുണ്ട്.
പന്തളം കൃഷ്ണ കുറുപ്പ് എന്ന കവിയെ ഇന്നത്തെ തലമുറയ്ക്ക് അറിയില്ല. അദ്ദേഹത്തിന്റെ രചനകളുടെ കാര്യം പറയേണ്ടതില്ലല്ലോ. കാലാതിവര്‍ത്തിയായ ആ കൃതികള്‍ എല്ലാം ജ്ഞാനപ്രബോധം എന്ന ഈ കൃതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ആനന്ദം ചുരുങ്ങിയ മാര്‍ഗത്തില്‍ കൂടി പ്രയത്‌നിച്ചാലും സുഗമമായി സാധിക്കാം എന്ന് വിവരിക്കുന്ന കാവ്യമാണ് ‘ജ്ഞാനപ്രബോധം.’
പന്തളം കൃഷ്ണക്കുറുപ്പ് ഭഗവദ്ഗീത തര്‍ജ്ജമ ചെയ്തിരിക്കുന്നത് ഭാഷാവൃത്തങ്ങളായ മഞ്ജരിയിലും പാനയിലുമാണ്. അനുവാചക മനസ്സുകളില്‍ ഇടം നേടാന്‍ പോന്ന വിധം ലളിതമനോഹരങ്ങളായ തര്‍ജ്ജമകളാണവ.
ഇവിടെയാണ് പന്തളം കൃഷ്ണക്കുറുപ്പ് ഭാഷാവൃത്തങ്ങളില്‍ പരിഭാഷപ്പെടുത്തിയ ഭഗവദ്ഗീതകളുടെ പ്രസക്തി. ഗീതാ സാരമായ സ്വധര്‍മ്മാചരണം പ്രമാണമാക്കിയ കവി യശസ്സോ, ധനമോ മോഹിച്ചല്ല ഈ കൃതികള്‍ രചിച്ചത്. ലളിത മനോഹരങ്ങളായ ഈ തര്‍ജ്ജമകള്‍ മലയാളത്തിലെ ആധ്യാത്മിക സാഹിത്യ ശാഖയ്ക്കു ലഭിച്ച അമൂല്യമായ സമ്പത്താണെന്നു ഉറപ്പിച്ചു പറയാം. ഇനിയൊരു പതിപ്പ് ഉണ്ടാകുമ്പോള്‍ തയ്യില്‍ സ്വാമിയെ കുറിച്ചുള്ള ഒരു ലഘുവിവരണം ഉള്‍പ്പെടുത്തിയാല്‍ നന്നായിരിക്കും.
സിലിക്കണ്‍ വാലിയിലെ വിശേഷങ്ങള്‍
പ്രകാശന്‍ ചുനങ്ങാട്
ലിപി പബ്ലിക്കേഷന്‍സ്, കോഴിക്കോട്
പേജ്: 136 വില: 230
ഫോണ്‍: 9847262583
യാത്രകള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ആ യാത്ര ഒരു വിവരണമാക്കി എഴുതിയാലോ. അത്തരത്തില്‍ പ്രകാശന്‍ ചുനങ്ങാട് എഴുതിയ യാത്രാവിവരണ ഗ്രന്ഥമാണ് ‘സിലിക്കണ്‍ വാലിയിലെ വിശേഷങ്ങള്‍.’
തന്റെ മക്കളോടൊത്ത് ആറുമാസം ചെലവഴിക്കാനായി സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് വിമാനം കയറിയതു മുതല്‍ ആ നാട്ടില്‍ തന്നെ ആകര്‍ഷിച്ച ചെറിയ കാര്യങ്ങള്‍ വരെ ഈ പുസ്തകത്തില്‍ മനോഹരമായി അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് അകലെ മില്‍പ്പിറ്റാസ് എന്ന ടൗണ്‍ഷിപ്പും അവിടുത്തെ ജനങ്ങളുടെ ജീവിതരീതികളും സവിശേഷതകളും വളരെ തനിമയോടെ സ്വാഭാവികതയോടെ ഇതില്‍ ആവിഷ്‌കരിച്ചിരിക്കുന്നു.
അലസമായി എഴുതിപ്പോവാതെ അമേരിക്കയുടെ ചരിത്രം വിശദമായി പഠിച്ചതിന് ശേഷമാണ് അദ്ദേഹം ഇങ്ങനെയൊരു ഉദ്യമത്തിന് തയ്യാറായത്. മരംകൊണ്ട് പണിത വീടുകളും പര്‍ഗോളയും പൊട്ട്‌ലക്കും തുടങ്ങി അദ്ദേഹം കണ്ടറിഞ്ഞതും അനുഭവിച്ചറിഞ്ഞതുമായ വസ്തുതകളാണ് ഈ ചെറിയ പുസ്തകത്തില്‍ ഹൃദ്യമായി വിവരിച്ചിട്ടുള്ളത്. സിലിക്കണ്‍ വാലിയിലെ വിശേഷങ്ങള്‍ സത്യസന്ധവും മനസ്സിലാക്കാവുന്നതുമായ ഒരാഖ്യാന രീതി പുലര്‍ത്തുന്നു.