മെയ് 28
സാവര്‍ക്കര്‍ ജന്മദിനം
സ്വതന്ത്രഭാരതത്തില്‍ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമാണ് വിനായക ദാമോദര്‍ സാവര്‍ക്കര്‍. കോണ്‍ഗ്രസിനോടുള്ള സാവര്‍ക്കറുടെ എതിര്‍പ്പും, മഹാത്മാഗാന്ധിയുടെ വധത്തില്‍ അദ്ദേഹം പങ്കാളിയാണെന്ന തെറ്റിദ്ധാരണയും കാരണം, ഇടതുപക്ഷ, നെഹ്‌റുവിയന്‍ ചരിത്രകാരന്മാര്‍ സാവര്‍ക്കറുടെ ജീവിതത്തെയും പ്രവൃത്തികളേയും അവഗണിച്ചു. ഒരു തെളിവിന്റെയും പിന്‍ബലമില്ലാതെ, മരണാനന്തരവും, ഇക്കൂട്ടര്‍ സാവര്‍ക്കറെ അധിക്ഷേപിച്ചുകൊണ്ടേയിരിക്കുന്നു. അദ്ദേഹത്തിന്റെ ആശയങ്ങളെക്കുറിച്ചുള്ള ഏതൊരു പരാമര്‍ശവും വര്‍ഗീയവും അസ്വീകാര്യവുമാണെന്ന് മുദ്ര കുത്തുന്നു.
സാവര്‍ക്കര്‍ രചനകള്‍ക്ക് ബ്രിട്ടീഷ് ഇന്ത്യയില്‍ നിരോധനമുണ്ടായിരുന്നു (സാവര്‍ക്കര്‍ എഴുതിയ ഗ്രന്ഥങ്ങള്‍ക്കും, സാവര്‍ക്കറെക്കുറിച്ചെഴുതിയ ഗ്രന്ഥങ്ങള്‍ക്കും). സാവര്‍ക്കറെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും സ്വതന്ത്ര ഭാരതത്തിലും നടന്നിട്ടില്ല. സ്വാതന്ത്ര്യത്തിനുശേഷവും സാവര്‍ക്കറെക്കുറിച്ചെഴുതിയ നിരവധി എഴുത്തുകാര്‍ക്കും, അഭ്യുദയകാംക്ഷികള്‍ക്കും, ഭരണത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്നും പ്രതികാര നടപടികള്‍ നേരിടേണ്ടി വന്നു. അതിലൊരാളായിരുന്നു ലതാ മങ്കേഷ്‌ക്കരുടെ സഹോദരന്‍ ഹൃദയനാഥ് മങ്കേഷ്‌ക്കര്‍. സാവര്‍ക്കര്‍ കവിതകളിലൊന്ന്, സംഗീതം നല്‍കി ഓള്‍ ഇന്ത്യ റേഡിയോയില്‍ അവതരിപ്പിച്ചതിന് അദ്ദേഹം ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ടു. എങ്കിലും എണ്ണപ്പെട്ട സാവര്‍ക്കര്‍ ജീവചരിത്രങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ആദ്യ സാവര്‍ക്കര്‍ ജീവചരിത്രം, 1926 ല്‍ പുറത്തുവന്ന ‘ദി ലൈഫ് ഓഫ് ബാരിസ്റ്റര്‍ സാവര്‍ക്കര്‍’ (The life of Barrister Savarkar) എന്ന ഇംഗ്ലീഷ് കൃതിയാണ്. ചിത്രഗുപ്തന്‍ എന്ന തൂലികാ നാമത്തില്‍ മദ്രാസില്‍ നിന്നാണ്, ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചിത്രഗുപ്തന്‍ ആരാണെന്നുള്ളത് ഇന്നും അവ്യക്തമായി തുടരുന്നു. ചിത്രഗുപ്തന്‍, സാവര്‍ക്കര്‍ തന്നെയാണെന്നും, സ്വയം മഹത്ത്വവല്‍ക്കരിക്കുവാന്‍ വേണ്ടി എഴുതിയ ജീവചരിത്രമാണെന്നും ഒരാരോപണം നിലനില്‍ക്കുന്നുണ്ട്. ഇങ്ങനെ ഒരാരോപണം ആദ്യമായി ഉന്നയിക്കുന്നത്, ഈ പുസ്തകത്തിന്റെ രണ്ടാമത്തെ പ്രസാധകനായ ഡോ. രവീന്ദ്ര രാംദാസ് ആണ്. അതും, ആദ്യ പ്രസിദ്ധീകരണത്തിന് 60 വര്‍ഷങ്ങള്‍ക്കുശേഷം 1986-ല്‍. തന്റെ പ്രസ്താവനയെ പിന്തുണക്കുന്ന യാതൊരു തെളിവുകളും രാംദാസ് നല്‍കിയിട്ടുമില്ല.
1937ല്‍ സാവര്‍ക്കര്‍ പൂര്‍ണമായും ജയില്‍ മോചിതനായപ്പോള്‍, ബോംബെ പ്രവിശ്യാ നിയമനിര്‍മാണ സഭ (Bombay Provincial Legislative Assembly) അദ്ദേഹത്തിന്, ഉജ്ജ്വലമായ ഒരു പൊതു സ്വീകരണം നല്‍കി. ജവഹര്‍ലാല്‍ നെഹ്‌റുവും, സുഭാഷ് ചന്ദ്രബോസും, സി.രാജഗോപാലാചാരിയും ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കള്‍ ഈ അവസരത്തില്‍ തങ്ങളുടെ സന്ദേശം നല്‍കി. ആ സ്വീകരണയോഗത്തില്‍ വച്ചാണ്, ചിത്രഗുപ്തന്‍ താനായിരുന്നു എന്നും, ഇരുപതുകൊല്ലങ്ങള്‍ക്കു മുന്‍പ്, താന്‍ സാവര്‍ക്കറുടെ ജീവചരിത്രം എഴുതിയിട്ടുണ്ടെന്നും രാജാജി വെളിപ്പെടുത്തുന്നത്.
അന്ന് രാജാജി പറഞ്ഞതിതാണ്. ”ഏകദേശം ഇരുപത് വര്‍ഷം മുന്‍പ് ഞാന്‍ എഴുതിയ അദ്ദേഹത്തിന്റെ (സാവര്‍ക്കറുടെ) ജീവചരിത്രത്തോട് എനിക്ക് ഇപ്പോള്‍ എന്താണ് പുതിയതായി ചേര്‍ക്കുവാന്‍ സാധിക്കുക. അന്നുമുതല്‍ അദ്ദേഹത്തിന്റെ ബൗദ്ധിക പ്രാഗല്‍ഭ്യത്തിന്റെ ആഴം, തന്റെ നീണ്ട തടവുകാലത്തെ ആത്മ പരിശോധനയിലൂടെ കൂടിയിട്ടേയുള്ളു.”
ഇത് 1937 ജൂണ്‍ 27 ലെ ‘ലോകമാന്യ’യില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
‘ദി ലൈഫ് ഓഫ് ബാരിസ്റ്റര്‍ സാവര്‍ക്കര്‍’ (The Life of Barrister Savarkar) എന്ന ജീവചരിത്ര ഗ്രന്ഥം, വിപ്ലവ പ്രവര്‍ത്തനകാലത്തെ സാവര്‍ക്കറുടെ അടുത്ത സഹയാത്രികനായിരുന്ന വി.വി.എസ് അയ്യരും (V.V.S Aiyer) രാജഗോപാലാചാരിയും ചേര്‍ന്നെഴുതിയതാവാനെ തരമുള്ളു. അതിന് ഉപോല്‍ബലകമായ ചില തെളിവുകള്‍, ഡോ.വിക്രം സമ്പത്ത്, ‘സാവര്‍ക്കര്‍-എ കണ്‍ട്ടസ്റ്റഡ് ലെഗസി’ (Saverkar A Contested Legacy) എന്ന പുസ്തകത്തില്‍ പറയുന്നുണ്ട് (Page 183).
ഡോ.സമ്പത്തിന്റെ അഭിപ്രായത്തില്‍ ‘ബാരിസ്റ്റര്‍ സാവര്‍ക്കര്‍’ ഒന്നുകില്‍ രാജഗോപാലാചാരിയോ, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ സഹായത്തോടെ വി.വി.എസ് അയ്യരോ, എഴുതിയതാണ്. 1925 ല്‍ അകാല മരണത്തിനു മുന്‍പ്, അയ്യരും മദ്രാസ് പ്രവശ്യയിലുണ്ടായിരുന്നു. അയ്യരുടെ സംഭാവന, രചയിതാവെന്ന നിലയിലാണോ, അതോ, സാവര്‍ക്കറുടെ ഇംഗ്ലണ്ടിലെ വിപ്ലവ പ്രവര്‍ത്തനങ്ങളുടെ ദൃക്‌സാക്ഷി എന്ന നിലയിലാണോ എന്നു വ്യക്തമല്ല. ഈ ഗ്രന്ഥത്തില്‍ സാവര്‍ക്കറുടെ ബാല്യവും, യൗവനവും സംബന്ധിച്ച വിശദാംശങ്ങള്‍, അത്രവ്യക്തമല്ലാതെ, ഒരു രേഖാചിത്രമായാണ് എഴുതിയിരിക്കുന്നത്. എന്നാല്‍ സാവര്‍ക്കറുടെ ലണ്ടന്‍ ദിനങ്ങള്‍, വളരെ സുദീര്‍ഘമായിത്തന്നെ വിവരിച്ചിട്ടുണ്ട്. അതുകൊണ്ട്, ആ കാലയളവില്‍ അദ്ദേഹത്തോടൊപ്പം ലണ്ടനില്‍ ഉണ്ടായിരുന്ന ഒരാളായിരിക്കാം (വി.വി.എസ്.അയ്യര്‍) ഇതെഴുതിയിരിക്കുന്നത് എന്നു സംശയിക്കണം.
1927 ജൂലായിലെ ‘ബോംബെ ക്രോണിക്കിളില്‍’ മദ്രാസ് ആസ്ഥാനമായുള്ള ബി.ജി.പബ്ലിക്കേഷന്‍സ് (B.G Publications), ഈ പുസ്തകത്തിന്റെ പ്രകാശനം പ്രഖ്യാപിക്കുന്ന ഒരു പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. സാവര്‍ക്കറുടെ അടുത്ത കൂട്ടാളി ആണ് ഈ പുസ്തകം എഴുതിയിരിക്കുന്നത് എന്ന വാദത്തെ ഈ പരസ്യവും ശക്തിപ്പെടുത്തുന്നു. പരസ്യത്തില്‍ ഈ പുസ്തകത്തിന്റെ അന്നത്തെ വില Rs. 180 എന്നു കാണിച്ചിട്ടുണ്ട്.
ആ പരസ്യത്തില്‍ ഇപ്രകാരം എഴുതിയിരുന്നു.
”ഒരു വിപ്ലവപാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ അദ്ദേഹം (സാവര്‍ക്കര്‍) ഭാരതത്തിലും ഇംഗ്ലണ്ടിലും പ്രസ്ഥാനത്തെ നയിച്ചതിന്റെ ആവേശകരമായ സംഭവങ്ങളാല്‍ നിറഞ്ഞതും, അടുത്ത സുഹൃത്ത് എഴുതിയതുമായ, പ്രശസ്തനായ ദേശസ്‌നേഹിയുടെ ജീവിതകഥ.”
സദാശിവ രാജാറാം റാനഡെ എഴുതിയ ‘സ്വതന്ത്രവീര്‍ വിനായക റാവു സാവര്‍ക്കര്‍’ എന്ന മറാത്തി കൃതിയാണ്. ആദ്യകാലങ്ങളില്‍ പുറത്തുവന്ന മറ്റൊരു സാവര്‍ക്കര്‍ ജീവചരിത്രം. 1924 വരെയുള്ള സാവര്‍ക്കറുടെ പ്രവര്‍ത്തനങ്ങളാണ് ഈ കൃതിയിലെ പ്രതിപാദ്യം.
1943 ല്‍ ശിവറാം പന്ത് കരണ്ടിക്കര്‍ എഴുതിയ ജീവചരിത്രമാണ് മറ്റൊരു വിപുലമായ സാവര്‍ക്കര്‍ ജീവചരിത്രം. 1947 വരെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ പുസ്തകത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സര്‍ക്കാരിന്റെ ഇത്തരം നടപടികളില്‍ നിരാശനായ കരണ്ടിക്കര്‍ പ്രസിദ്ധീകരിച്ച എല്ലാ പകര്‍പ്പുകളും കത്തിച്ചു കളയുവാന്‍ ഒരു ശ്രമം നടത്തിയിരുന്നു.
ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി, ആദ്യമായൊരു സംഘടിത വിപ്ലവസംഘടന രൂപീകരിക്കുന്നത് സാവര്‍ക്കറാണ്. തന്റെ 16-ാം വയസ്സില്‍ സാവര്‍ക്കര്‍ ആരംഭിച്ച ‘അഭിനവ ഭാരത്’ എന്ന വിപ്ലവ സംഘടന ഭാരതത്തിനകത്തും പുറത്തും ധാരാളം വിപ്ലവകാരികളെ നമ്മുടെ ദേശീയ സമരത്തിനു സംഭാവന ചെയ്തു. 1950 അവസാനത്തോടെ ബോംബെ ഗവണ്‍മെന്റ് ‘അഭിനവ ഭാരതു’മായി ബന്ധപ്പെട്ട ചില രഹസ്യ രേഖകള്‍ അതിന്റെ ശേഖരത്തില്‍ നിന്നും പുറത്തുവിട്ടു. ഈ രേഖകളെ ആസ്പദമാക്കി, മഹാരാഷ്ട്രയിലെ പ്രസിദ്ധ ജീവചരിത്രകാരനായ ധനഞ്ജയകീര്‍ എഴുതിയ സാവര്‍ക്കര്‍ ജീവചരിത്രം ഏറ്റവും ആധികാരികവും വിശദവുമായ ഒന്നാണ്.
സാവര്‍ക്കര്‍ ഒരേസമയം വിപ്ലവകാരിയും സാമൂഹിക പരിഷ്‌ക്കര്‍ത്താവും ഭാഷാ പണ്ഡിതനും, വാഗ്മിയും, ചരിത്രകാരനും, കവിയും നാടകകൃത്തും ഒക്കെ ആയിരുന്നു. മേല്‍പറഞ്ഞ ജീവചരിത്രങ്ങളൊക്കെ സാവര്‍ക്കറുടെ ഒന്നോ, രണ്ടോ പ്രവര്‍ത്തനമേഖലകളെ (പ്രത്യേകിച്ചും വിപ്ലവ പ്രവര്‍ത്തനം) മാത്രം കേന്ദ്രീകരിച്ചെഴുതിയിരിക്കുന്നവയാണ്. ആ നിലക്ക് അവയൊക്കെ ഒരു സമ്പൂര്‍ണ ജീവചരിത്രമായി കരുതുവാന്‍ സാധ്യമല്ല. എന്നിരുന്നാലും, 2019 ല്‍ പുറത്തിറങ്ങിയ ഡോ. വിക്രം സമ്പത്തിന്റെ രണ്ട് വാല്യം സാവര്‍ക്കര്‍ ജീവചരിത്രം ഈ പോരായ്മകള്‍ പരിഷ്‌കരിക്കുന്നതാണ് Volume1: ‘Savarkar: Echoes from a forgotten past’. Volume 2 ‘Savarkar: A Contested Legacy’). ജാനകി ബാഖ്‌ലെ എഴുതിയ, സാവര്‍ക്കര്‍ ആന്റ് ദി മെയ്ക്കിങ് ഓഫ് ഹിന്ദുത്വ (Savarkar and the making of Hinduvta) ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സാവര്‍ക്കര്‍ ജീവചരിത്രം (ഫെബ്രുവരി 2024). മറാത്തിയില്‍ സാവര്‍ക്കര്‍ രചിച്ച മുഴുവന്‍ ശ്രേണികളെയും പരിശോധിച്ചു തയ്യാറാക്കിയതാണ് ബാഖ്‌ലെയുടെ ഈ കൃതി.
ഇന്നും സാവര്‍ക്കറും അദ്ദേഹത്തിന്റെ ആശയങ്ങളും ഭാരതത്തിന്റെ രാഷ്ട്രീയത്തെ അതുല്യമായി സ്വാധീ നിക്കുന്നുണ്ട്. മഹാനായ ആ ദേശീയവാദിയെക്കുറിച്ച് പുതുതലമുറയെ പഠിപ്പിക്കേണ്ടത്, ദേശീയ ബോധമുള്ള ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുവാന്‍ അനിവാര്യമാണ്.