കേരളത്തില്‍ ‘ആര്‍.എസ്.എസ്. നിരോധിത മേഖല’ എന്ന് ബോര്‍ഡ് വെച്ച സ്ഥലങ്ങളുണ്ട്. കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിഗ്രാമങ്ങളിലാണത്. ഇതിന്റെ പേരില്‍ ഊറ്റം കൊള്ളുന്ന മാര്‍ക്‌സിസ്റ്റു സഖാക്കളുമുണ്ട്. പാര്‍ട്ടിഗ്രാമങ്ങളിലെ ഈ ആവേശം ഉള്‍ക്കൊണ്ടിട്ടാണോ എന്നറിയില്ല, സംസ്ഥാന ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ ‘ആര്‍.എസ്.എസ്. നിരോധിത മേഖല’ എന്ന ബോര്‍ഡ് ക്ഷേത്രങ്ങളുടെ മുമ്പില്‍ സ്ഥാപിക്കാന്‍ പോകുകയാണത്രെ. ദേവസ്വം മന്ത്രിയായ നാള്‍ മുതല്‍ അദ്ദേഹം പറയുന്നതാണ് ക്ഷേത്ര പരിസരത്ത് ആര്‍.എസ്.എസ്. ശാഖ അനുവദിക്കില്ല എന്ന്. ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രഭൂമിയില്‍ ആയുധമുപയോഗിച്ചോ അല്ലാതെയോ ഉള്ള മാസ്ഡ്രില്ലോ കായിക വ്യായാമമോ നടത്താന്‍ പാടില്ല എന്നു നിഷ്‌കര്‍ഷിക്കുന്ന ബില്ല് മന്ത്രി ചെത്തികൂര്‍പ്പിക്കാന്‍ തുടങ്ങിയിട്ട് മാസം എട്ട് കഴിഞ്ഞു.
ഈ ബില്ലനുസരിച്ച് ക്ഷേത്രപരിസരത്ത് വ്യായാമം ചെയ്താല്‍ പോലീസ്സിനു നേരിട്ട് കേസ്സെടുക്കാം. ആറുമാസം തടവും അയ്യായിരം രൂപ പിഴയും വിധിക്കുന്നതാണ് ഈ ബില്ല്. ക്ഷേത്രഭൂമിയില്‍ ആരാധന തടയുന്ന വിധത്തില്‍ ആയുധപരിശീലനം നടക്കുന്നു, അമ്പലം ആയുധപ്പുരയാക്കുന്നു എന്നൊക്കെയുള്ള ഭയം കൊണ്ടാണ് ഈ നിയമം കൊണ്ടുവരുന്നത് എന്നൊന്നും കരുതണ്ട. ക്ഷേത്രപരിസരത്ത് ആയുധപരിശീലനം നടക്കുന്നുണ്ടോ, ഇതു സംബന്ധിച്ച് കേസ്സെടുത്തിട്ടുണ്ടോ എന്ന് നിയമസഭയില്‍ ഒരു കോണ്‍ഗ്രസ് അംഗം ചോദ്യം ഉന്നയിച്ചപ്പോള്‍, ‘ഇല്ല’ എന്ന മറുപടിയാണ് ആഭ്യന്തരവകുപ്പു നല്‍കിയത്. പിന്നെ എന്തിനാണ് ഇത്തരമൊരു ബില്ല് എന്നാണ് ചോദ്യമെങ്കില്‍, ഉത്തരം ഒന്നുമാത്രം, ആര്‍.എസ്.എസ്. ശാഖ തടയാന്‍. എലിയെ കൊല്ലാന്‍ ഇല്ലം ചുട്ട പഴയ കാരണവരുടെ കഥ കടകമ്പള്ളി ഓര്‍ക്കുന്നത് നല്ലത്. വടക്കുന്നാഥ ക്ഷേത്രമൈതാനം ഉള്‍പ്പെടെയുള്ള ക്ഷേത്രമൈതാനങ്ങളില്‍ വ്യായാമം ചെയ്യുന്ന സാധാരണക്കാരന്‍ ഈ ബില്ലിനോട് പ്രതികരിച്ചോളും. ശബരിമലയ്ക്ക് യുവതികളെ കയറ്റാന്‍ അങ്കക്കച്ച മുറുക്കിയ കടകമ്പള്ളി സഖാവിനും പാര്‍ട്ടിയ്ക്കും പൊള്ളിയതിലൂടെ അനുഭവിക്കുന്ന നീറ്റല്‍ ഇപ്പോഴും മാറിയിട്ടില്ലല്ലോ? അതു മറക്കണ്ട.