ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയായിത്തീര്‍ന്ന രാജീവ് ഗാന്ധി വിശേഷിപ്പിക്കപ്പെട്ടത് ‘മിസ്റ്റര്‍ ക്ലീന്‍’ എന്നായിരുന്നുവല്ലോ. ഇന്ദിരയുടെ മരണശേഷം തിരഞ്ഞെടുപ്പിലൂടെയാണ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായതെന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ട്. ഈ തെറ്റിദ്ധാരണ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ബോധപൂര്‍വ്വം ശ്രമിച്ചിട്ടുമുണ്ട്. സത്യം ഇതായിരുന്നില്ലെന്ന് അറിയുന്നവര്‍ ഇന്നത്തെ തലമുറയില്‍ ചുരുക്കമായിരിക്കും. ഇന്ദിരയുടെ ദാരുണ മരണത്തിനുശേഷം വളരെ തിടുക്കത്തില്‍ രാജീവ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. ഇന്ദിരയുടെ അഭാവത്തില്‍ കോണ്‍ഗ്രസിലെ പലരും പ്രധാനമന്ത്രി പദവിയില്‍ കണ്ണുവച്ചിരുന്നു എന്നത് ഒരു സത്യമാണ്. ഈ സാദ്ധ്യത ഇല്ലാതാക്കാന്‍ ചിലര്‍ ചേര്‍ന്ന് തിടുക്കത്തില്‍ രാജീവിനെ രാജ്യത്തിന്റെ ഭരണാധികാരിയായി വാഴിക്കുകയായിരുന്നു. അതിന് ഒരു കൊട്ടാര വിപ്ലവത്തിന്റെ സ്വഭാവമുണ്ടായിരുന്നു.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും നിരവധി ജീവചരിത്രങ്ങള്‍ പുറത്തുവരികയുണ്ടായി. എന്നാല്‍ രാജീവ് ഗാന്ധിയുടെ കാര്യത്തില്‍ അങ്ങനെ സംഭവിച്ചില്ല. മരിച്ച് മൂന്നു പതിറ്റാണ്ടായപ്പോഴും രാജീവിനെക്കുറിച്ച് ആധികാരികമായ ജീവചരിത്രങ്ങളൊന്നും വന്നില്ല. മണിശങ്കരയ്യരെപ്പോലുള്ളവരുടേത് വാഴ്ത്തിപ്പാടലുകള്‍ ആയിരുന്നു. രാജീവ് പ്രധാനമന്ത്രിയായ സാഹചര്യവും, അതിനുവേണ്ടി നടത്തിയ ചരടുവലികളും ജനങ്ങള്‍ അറിയരുതെന്ന് കരുതിയും ജീവചരിത്രങ്ങള്‍ എഴുതേണ്ടെന്ന് തീരുമാനിച്ചവരുണ്ടാവാം. ഇന്ദിരയുടെ മരണത്തിനുശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സഹതാപതരംഗത്തില്‍ കോണ്‍ഗ്രസിന് 400 ലേറെ സീറ്റുകള്‍ ലഭിച്ച് രാജീവ് പ്രധാനമന്ത്രിയായതാണ് പലരുടെയും മനസ്സിലുള്ളത്. ഇത് രാജീവിനുള്ള അംഗീകാരമായി നെഹ്‌റുകുടുംബത്തിന്റെ വിധേയന്മാര്‍ പ്രചരിപ്പിച്ചു.
ഇന്ദിരാ വധവും അധികാരമോഹവും
പശ്ചിമ ബംഗാളില്‍ പ്രണബ് കുമാര്‍ മുഖര്‍ജിക്കൊപ്പം പ്രചാരണം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് അമ്മയായ ഇന്ദിരാഗാന്ധി വധിക്കപ്പെട്ട വിവരം രാജീവ് അറിയുന്നത്. ഇന്ദിര ആക്രമിക്കപ്പെട്ടു എന്നുമാത്രമാണ് അറിയിച്ചിരുന്നതെങ്കിലും എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചിട്ടുള്ളതെന്ന് ഏറെക്കുറെ വ്യക്തമായിരുന്നു. ദല്‍ഹിയിലേക്കുള്ള വിമാനയാത്രയില്‍ ആരാണ് ഇന്ദിരയുടെ പിന്‍ഗാമിയാവേണ്ടതെന്ന ചര്‍ച്ച നടന്നുവത്രേ. ഏറ്റവും മുതിര്‍ന്ന നേതാവ് പ്രധാനമന്ത്രിയാകണമെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞത് രാജീവിനെ അസ്വസ്ഥനാക്കി എന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇക്കാര്യം മുഖര്‍ജി പിന്നീട് നിഷേധിച്ചിട്ടുണ്ടെങ്കിലും ഇതില്‍ ചില വാസ്തവങ്ങളുണ്ട്. അതുകൊണ്ടാണല്ലോ ഇന്ദിരയുടെ മന്ത്രിസഭയില്‍ രണ്ടാമനായിരുന്ന പ്രണബിനെ രാജീവ് മന്ത്രിസഭയില്‍ എടുക്കാതിരുന്നത്. രാജീവ് ഗാന്ധിയുമായുള്ള ഈ ഏറ്റുമുട്ടലുകള്‍ അവസാനിച്ചത് പ്രണബ് കോണ്‍ഗ്രസ്സില്‍നിന്ന് പുറത്തുപോയതോടെയാണ്.
ഇന്ദിരാ ഗാന്ധി കൊലചെയ്യപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്ത വന്ന സമയം ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും അവശേഷിപ്പിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരു കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നു. ഇന്ദിരയുടെ കൊലപാതകം സംബന്ധിച്ച വാര്‍ത്തയും രാജീവ് പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ചുള്ള വാര്‍ത്തയും ഔദ്യോഗികമായി ഒരുമിച്ച് അറിയിച്ചാല്‍ മതിയെന്ന് അവര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച ചര്‍ച്ച കൊല്‍ക്കത്തയില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള വിമാനയാത്രയില്‍ തന്നെ നടന്നിരുന്നതായി പ്രണബ് മുഖര്‍ജി ആത്മകഥയില്‍ പറയുന്നുണ്ട്.
1984 ഒക്ടോബര്‍ 31 നാണ് ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയുണ്ടകളേറ്റു കൊല്ലപ്പെടുന്നത്. മണിക്കൂറുകള്‍ക്കകം രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസ് പാര്‍ലമെന്റെറി ബോര്‍ഡ് രാജീവിനെ തിരഞ്ഞെടുക്കുകയായിരുന്നു. ഈ തിരഞ്ഞെടുപ്പ് ഒരു പ്രഹസനമായിരുന്നു. ഒന്‍പതംഗ പാര്‍ലമെന്റെറി ബോര്‍ഡില്‍ ആ സമയത്ത് നാലുപേരുടെ ഒഴിവുണ്ടായിരുന്നു. രണ്ടുപേര്‍ ദല്‍ഹിയില്‍ ഉണ്ടായിരുന്നില്ല. ഒരേയൊരു അനൗദ്യോഗിക അംഗമായ ഇന്ദിരാഗാന്ധി കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഫലത്തില്‍ രാജീവിനെ നേതാവായി തെരഞ്ഞെടുത്തത് രണ്ടുപേരുടെ മാത്രം പിന്‍ബലത്തില്‍ ആയിരുന്നു. പി.വി. നരസിംഹ റാവുവിന്റെയും പ്രണബ് കുമാര്‍ മുഖര്‍ജിയുടെയും. കോണ്‍ഗ്രസിന്റെ ഭരണഘടനയനുസരിച്ച് പ്രധാനമന്ത്രിയാവേണ്ടയാളെ തെരഞ്ഞെടുക്കാനുള്ള അധികാരം പാര്‍ലമെന്ററി ബോര്‍ഡിനാണ്. 1991 ല്‍ രാജീവിന്റെ മരണശേഷം ഈ സമിതിയും ഇല്ലാതായി. ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടിവരുമെന്നതിനാല്‍ കോണ്‍ഗ്രസ് പ്രസിഡന്റുമാരായ നരസിംഹ റാവുവിന്റെയും സീതാറാം കേസരിയുടെയും സോണിയയുടെയും കാലത്ത് പാര്‍ലമെന്ററി ബോര്‍ഡ് പുനഃസംഘടിപ്പിച്ചതുപോലുമില്ല.
പ്രധാനമന്ത്രിയായി സ്ഥാനമേറ്റ രാജീവ് ഗാന്ധി ദൂരദര്‍ശനിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. ”ഭാരതത്തിന്റെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊലചെയ്യപ്പെട്ടിരിക്കുന്നു. അവര്‍ എന്റെ മാത്രമല്ല നിങ്ങളുടെയും അമ്മയായിരുന്നു” എന്ന് ജനങ്ങളെ അറിയിച്ചു. നാല്‍പ്പതാം വയസ്സിലാണ് രാജീവ് പ്രധാനമന്ത്രിയായത്. സഹോദരന്‍ സഞ്ജയ് വിമാനാപകടത്തില്‍ മരിക്കുന്നതുവരെ യാതൊരു ഭരണപരിചയവും രാജീവിന് ഇല്ലായിരുന്നു. സഞ്ജയിന്റെ മരണത്തെ തുടര്‍ന്ന് രാജീവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ‘ഡംപി’ എന്ന വിളിപ്പേരുള്ള അക്ബര്‍അഹമ്മദ് നിര്‍ദ്ദേശിച്ചപ്പോള്‍ ”ഭോഷത്തം പറയാതെ, അയാളുടെ രാഷ്ട്രീയം നമ്മുടേതുപോലെയല്ല” എന്നാണ് ഇന്ദിര പ്രതികരിച്ചത്. ഇങ്ങനെ ഒരാളെയാണ് ചില കോണ്‍ഗ്രസുകാര്‍ ചേര്‍ന്ന് രാജ്യത്തിനുമേല്‍ പ്രധാനമന്ത്രിയായി കെട്ടിയേല്‍പ്പിച്ചത്. ഇതിന്റെ ദുരന്തഫലം ജനങ്ങള്‍ അനുഭവിക്കേണ്ടിയും വന്നു.
അന്ന് നടന്നത് കൊട്ടാര വിപ്ലവം
രാജീവിനെ പ്രധാനമന്ത്രിയാക്കുന്നതില്‍ വലിയ പങ്കുവഹിച്ചയാള്‍ നരസിംഹറാവു ആയിരുന്നു. രാജീവിനെ ഉടന്‍തന്നെ പുതിയ പ്രധാനമന്ത്രിയാക്കണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ വാദിച്ചു. ഇന്ദിരാഗാന്ധിയുമായുള്ള ബന്ധം വഷളായിരുന്ന രാഷ്ട്രപതി ജ്ഞാനി സെയില്‍സിംഗ് വിദേശത്തായിരുന്നു. സെയില്‍സിംഗ് മടങ്ങിയെത്തിയാല്‍ വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ലെങ്കിലോ എന്ന ആശങ്ക നെഹ്‌റു കുടുംബത്തിനുണ്ടായിരുന്നു. ഉപരാഷ്ട്രപതി ആര്‍. വെങ്കിട്ടരാമനു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് രാജീവ് പ്രധാനമന്ത്രിയായി അധികാരമേല്‍ക്കണമെന്ന് ചിലര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ കീഴ്‌വഴക്കം ലംഘിക്കുന്നത് പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നതിനാല്‍ യമനില്‍ നിന്ന് സെയില്‍സിംഗ് മടങ്ങിയെത്തുന്നതു വരെ കാത്തിരിക്കാന്‍ തീരുമാനിക്കപ്പെട്ടു. വൈകീട്ട് അഞ്ചിന് സെയില്‍സിംഗ് എത്തി. എന്നാല്‍ ഇതിനു മുന്‍പുതന്നെ കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡ് രാജീവ് ഗാന്ധിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തിരുന്നു. നിര്‍ണായകമായ ഘട്ടങ്ങളില്‍ നെഹ്‌റു കുടുംബത്തിന്റെ രക്ഷയ്‌ക്കെത്തിയ നരസിംഹ റാവുവിനും പ്രണബ് മുഖര്‍ജിക്കും പിന്നീട് ആ കുടുംബത്തില്‍ നിന്ന് നിരവധി അപമാനങ്ങള്‍ സഹിക്കേണ്ടിവന്നു.
പണിയറിയാവുന്നയാളല്ല രാജീവ് ഗാന്ധിയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്തുതന്നെ തെളിയിക്കപ്പെട്ടതാണ്. പരാജയത്തിന്റെ ഒരു പരമ്പരതന്നെ രാജീവ് സൃഷ്ടിച്ചു. രാജീവ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ച ആന്ധ്രാപ്രദേശിലെയും കര്‍ണാടകയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് ദയനീയമായി പരാജയപ്പെട്ടു. രാജീവിന്റെ പ്രസന്നമായ മുഖഭാവമാണ് ‘മിസ്റ്റര്‍ ക്ലീന്‍’ എന്ന പ്രതിച്ഛായ സൃഷ്ടിച്ചത്. കഠോര സ്വഭാവമുള്ള സഹോദരന്‍ സഞ്ജയില്‍നിന്ന് വ്യത്യസ്തനാണ് ഇയാളെന്ന തോന്നലും ഇതുമൂലം ജനങ്ങളിലുണ്ടായി. രാജീവിന്റെ അധികാരമോഹവും കഴിവുകേടുകളും മൂടിവയ്ക്കാന്‍ ഇത് സഹായിച്ചു. രാജീവിന്റെ ‘മിസ്റ്റര്‍ ക്ലീന്‍’ പ്രതിച്ഛായ യഥാര്‍ത്ഥത്തില്‍ വെറും കൗശലമായിരുന്നു. വാക്കും പ്രവൃത്തിയും തമ്മിലെ വൈരുദ്ധ്യം ഇത് തെളിയിക്കുകയും ചെയ്തു. ജമ്മുകശ്മീര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ടത് ഇതിലൊന്നായിരുന്നു. ‘ഓപ്പറേഷന്‍ ടോപ്പിള്‍’ എന്നാണ് ഇത് അറിയപ്പെട്ടത്. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിലും രാജീവ് വഴിവിട്ട് ഇടപെട്ടു.
സുവര്‍ണ ക്ഷേത്രത്തിലെ സൈനിക നടപടിയിലേക്ക് സ്ഥിതിഗതികള്‍ എത്തിക്കുന്നതില്‍ തന്റെ പാര്‍ട്ടിയും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളും കുറ്റക്കാരാണെന്ന് ഇന്ദിരാ ഗാന്ധിക്ക് നന്നായി അറിയാമായിരുന്നു. രാജ്യതാല്‍പ്പര്യത്തെ ബലികഴിച്ച് പാര്‍ട്ടി താല്‍പ്പര്യം സംരക്ഷിച്ചതിന് ചരിത്രം തങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യുമെന്ന് ഇന്ദിര കരുതിയിരിക്കണം. അതിനാല്‍ ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്റെ ഉത്തരവാദിത്തം കയ്യൊഴിയാന്‍ അവര്‍ ശ്രമിച്ചു. ഇതിന്റെ ഭാഗമായിരുന്നു സുവര്‍ണ ക്ഷേത്രത്തിന്റെ തകര്‍ച്ച നേരില്‍ കണ്ടപ്പോള്‍ ‘ഇത് ചെയ്യാന്‍ അല്ലല്ലോ ഞാന്‍ നിങ്ങളോട് ആവശ്യപ്പെട്ടത്’ എന്ന് ജനറല്‍ സുന്ദര്‍ജിയോടുള്ള ഇന്ദിരയുടെ ചോദ്യം.
രാജീവ് ഗാന്ധിയും മൂവര്‍ സംഘവും
ബ്ലൂസ്റ്റാര്‍ ഓപ്പറേഷന് ഇന്ദിര എതിരായിരുന്നുവെന്നും, അധികാരം നിയന്ത്രിച്ചിരുന്ന ഒരു മൂവര്‍ സംഘമാണ് ഇതിന് ഉത്തരവാദികളെന്നും ആര്‍.കെ. ധവാന്‍ പറയുന്നതിനു പിന്നില്‍ ഇന്ദിരയെ വെള്ളപൂശുക എന്ന ലക്ഷ്യമുണ്ടായിരുന്നു. രാജീവ് ഗാന്ധി, അരുണ്‍ സിംഗ്, അരുണ്‍ നെഹ്‌റു എന്നിവരാണ് ധവാന്‍ ചൂണ്ടിക്കാട്ടുന്ന മൂവര്‍ സംഘം. നീണ്ടകാലം സെക്രട്ടറിയായി പ്രവര്‍ത്തിച്ചയാളെന്ന നിലയ്ക്ക് ഇന്ദിരയുടെ നിഴലായി നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയിലും സര്‍ക്കാരിലും അതിരറ്റ അധികാരം കയ്യാളിയിരുന്ന ധവാനെ ഒതുക്കാന്‍ ഈ മൂവര്‍ സംഘം ശ്രമിച്ചിരുന്നു എന്നത് സത്യമായിരിക്കാം. ഇതില്‍ ധവാന് അമര്‍ ഷവും ഉണ്ടായിരുന്നിരിക്കാം. എങ്കിലും മൂവര്‍സംഘത്തെക്കുറിച്ച് ധവാന്‍ പറയുന്നതില്‍ കാര്യമുണ്ടെന്നുവേണം വിചാരിക്കാന്‍. ഇതിനെ പിന്തുണയ്ക്കുന്ന മറ്റു തെളിവുകളുമുണ്ട്.
”ബ്ലൂസ്റ്റാര്‍ ഓപ്പറേഷനു ശേഷം രാജീവ്ഗാന്ധിയുടെ ഉപദേശകനായ അരുണ്‍ സിംഗ് സുവര്‍ണ്ണ ക്ഷേത്രം സന്ദര്‍ശിക്കുകയും, സൈനിക നടപടിയിലൂടെ ആരാധനാലയത്തിന് നാശം സംഭവിച്ചതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിക്കൊണ്ടുവന്ന് ഇന്ദിരയെ കാണിക്കുകയും ചെയ്തു. ഇന്ദിര ഭയന്നുപോയി. അപ്പോള്‍ അരുണ്‍ സിംഗ് അവിടെയുണ്ടായിരുന്നു, രാജീവ് അവിടെയുണ്ടായിരുന്നു, അരുണ്‍ നെഹ്‌റുവും അവിടെയുണ്ടായിരുന്നു” എന്നാണ് ഒരു അഭിമുഖത്തില്‍ ധവാന്‍ പറഞ്ഞിട്ടുള്ളത്. തനിക്ക് വലിയ നിരാശ തോന്നുന്നുവെന്ന് ഇന്ദിര പറഞ്ഞതായും ധവാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ധവാന്‍ പറയുന്ന ഈ മൂവര്‍ സംഘത്തിന്റെ നേതാവ് രാജീവ് ഗാന്ധിയായിരുന്നു. ഇന്ദിരാഗാന്ധിയുടെ അനുവാദത്തോടെ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ കഥ തുടങ്ങിവച്ചത് അവരുടെ ഇളയ മകന്‍ സഞ്ജയ് ഗാന്ധി ആയിരുന്നെങ്കിലും, ദുരന്തപൂര്‍ണ്ണമായ അതിന്റെ പരിസമാപ്തിയിലേക്ക് കാര്യങ്ങളെ എത്തിച്ചത് മൂത്തമകന്‍ രാജീവ് ഗാന്ധിയായിരുന്നു. 1982 ഏഷ്യന്‍ ഗെയിംസിന്റെ സമയത്ത് സ്വയം വിമാനം പറത്തിയുണ്ടായ അപകടത്തില്‍ സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം പഞ്ചാബിലെ കാര്യങ്ങള്‍ രാജീവ് ഗാന്ധി നേരിട്ട് കൈകാര്യം ചെയ്യാന്‍ തുടങ്ങിയിരുന്നു. അകാലി ദളുമായുള്ള സംഭാഷണങ്ങളെല്ലാം നടന്നത് രാജീവ് ഗാന്ധിയുടെ മേല്‍നോട്ടത്തില്‍ ആയിരുന്നു. സ്വാഭാവികമായും അരുണ്‍ സിംഗും ഇതില്‍ ഇടപെട്ടു കാണും.
ഖാലിസ്ഥാന്‍ വിഘടന വാദത്തിന്റെ വക്താവായിരുന്ന ഭിന്ദ്രന്‍ വാലയെ വളരെ മുന്‍പുതന്നെ രാജീവ് ഗാന്ധി പരസ്യമായി പിന്തുണച്ചിരുന്നു. ”ഭിന്ദ്രന്‍വാല ഒരു മതനേതാവ് മാത്രമാണ്, അയാള്‍ക്ക് യാതൊരു രാഷ്ട്രീയ ആഭിമുഖ്യവുമില്ല” എന്നാണ് 1982 ഏപ്രിലില്‍ ചണ്ഡിഗഡില്‍ വാര്‍ത്താ സമ്മേളനത്തില്‍ രാജീവ് പറഞ്ഞത്. പഞ്ചാബില്‍ വന്‍തോതില്‍ അക്രമം നടക്കുമ്പോഴായിരുന്നു രാജീവിന്റെ ഈ പ്രസ്താവന. ബ്ലൂസ്റ്റാര്‍ ഓപ്പറേഷനു മുന്‍പ് 1984 പകുതിയായപ്പോഴേക്കും 300 പേരോളം ഭീകരാക്രമണങ്ങളില്‍ പഞ്ചാബില്‍ കൊല്ലപ്പെടുകയുണ്ടായി. ഈ ഭീകരവാദികളുടെ നേതാവാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഭിന്ദ്രന്‍വാലയെ രാജീവ് പിന്തുണച്ചത്.
രാജീവിന്റെ നേതൃത്വത്തിലുള്ള മൂവര്‍ സംഘത്തിന്റെ വൈദഗ്ധ്യം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതുതായിരുന്നു എന്നാണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും ‘റോ’യുടെ തലവനുമായിരുന്ന എം.കെ.ധര്‍ ‘ഓപ്പണ്‍ സീക്രട്ട്’ എന്ന പുസ്തകത്തില്‍ പറയുന്നത്. അപക്വതയായിരുന്നു ഇവരുടെ മുഖമുദ്ര. ഏഷ്യാഡിന്റെ സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഒരു യോഗത്തില്‍ രാജീവും പങ്കെടുത്തിരുന്നു. സിഖ് ഭീകരവാദികള്‍ ഏഷ്യാഡ് വില്ലേജ് ആക്രമിക്കാനുള്ള സാധ്യതയെക്കുറിച്ചും ചര്‍ച്ചാവിഷയമായി. ”ഭീകരരുടെ രീതികള്‍ ഉപയോഗിച്ചുതന്നെ അവരെ നേരിടണം” എന്നായിരുന്നുവത്രേ ഈ യോഗത്തില്‍ രാജീവ് പറഞ്ഞത്. വലിയതോതില്‍ അക്ഷമയുള്ളയാളും തീരുമാനങ്ങളെടുക്കുന്നതില്‍ അസഹിഷ്ണുവും ആയിരുന്നു രാജീവ് എന്നാണ് ധര്‍ വിലയിരുത്തുന്നത്.
എല്ലാം നടന്നത് രാജീവ് അറിഞ്ഞ്
കൊടുംഭീകരനായി വളര്‍ന്നുകൊണ്ടിരുന്ന ഭിന്ദ്രന്‍വാലയെ പല മാധ്യമപ്രവര്‍ത്തകരും നേരിട്ട് കാണുമായിരുന്നു. അതിലൊരാളായിരുന്നു മാര്‍ക് ടുളി. ബിബിസിയില്‍ നിന്നുള്ള ആളായതിനാല്‍ തനിക്ക് എല്ലാ ദിവസവും ഭിന്ദ്രന്‍വാലയെ കാണാന്‍ അനുവാദം ലഭിച്ചിരുന്നു എന്നാണ് ഇതിനെക്കുറിച്ച് ടുളി പറഞ്ഞിട്ടുള്ളത്. ഇത്തരം കൂടിക്കാഴ്ചകളിലൊന്നില്‍ ഭിന്ദ്രന്‍വാലയോട് ടുളി ഒരു ചോദ്യം ഉന്നയിച്ചു- സൈന്യം വന്നാല്‍ നിങ്ങള്‍ എന്തു ചെയ്യും? ”ഞങ്ങള്‍ തുടക്കക്കാരല്ല. ഒരു കിലോമീറ്റര്‍ ദൂരമുള്ള അതിര്‍ത്തിയിലേക്ക് കാല്‍നടയായി സഞ്ചരിക്കുന്നവരാണ്. ഷെഹ്‌ബെഗ് (ഭീകരവാദ നേതാവ്) ഒരു ഗറില്ല യുദ്ധസേന സംഘടിപ്പിച്ചിട്ടുണ്ട്. അതിര്‍ത്തിക്ക് അപ്പുറത്തുനിന്ന് സഹായിക്കാമെന്ന് പാകിസ്ഥാനും ഞങ്ങള്‍ക്ക് വാക്ക് തന്നിട്ടുണ്ട്” എന്നായിരുന്നുവത്രേ ഭിന്ദ്രന്‍ വാലയുടെ മറുപടി. ദല്‍ഹിയില്‍ മടങ്ങിയെത്തിയ സുഹൃത്തായ അരുണ്‍ സിംഗിനോടും രാജീവ് ഗാന്ധിയോടും ടുളി ഇക്കാര്യം പറഞ്ഞു.
ഇതായിരിക്കാം സുവര്‍ണ ക്ഷേത്രത്തിലെ തിരക്കിട്ടുള്ള സൈനിക നടപടിക്ക് കാരണമെന്ന് മാര്‍ക് ടുളി ഊഹിക്കുന്നുണ്ട്. 1990 ല്‍ കുല്‍ദീപ് നയ്യാര്‍ ലണ്ടന്‍ ഹൈകമ്മീഷണര്‍ ആയിരുന്നപ്പോള്‍ അരുണ്‍ നെഹ്‌റു ഒപ്പം താമസിക്കാനെത്തി. ബ്ലൂസ്റ്റാര്‍ ഓപ്പറേഷനുമായി മുന്നോട്ടു പോകാനുള്ള തീരുമാനം ആരുടേതായിരുന്നുവെന്ന് നയ്യാര്‍ ചോദിച്ചു. ”രാജീവ് ഗാന്ധിയും അരുണ്‍ സിംഗും ഇതിന് വളരെയധികം അനുകൂലമായിരുന്നു” എന്നാണ് അരുണ്‍ നെഹ്‌റു മറുപടി പറഞ്ഞത്. കൂട്ടത്തില്‍ തന്റെ പേര് അരുണ്‍ നെഹ്‌റു പറഞ്ഞില്ല. തീരുമാനങ്ങളെല്ലാം ഈ മൂവര്‍സംഘം ഒരുമിച്ചാണ് എടുത്തിരുന്നത്.
കുല്‍ദീപ് നയ്യാര്‍-അരുണ്‍ നെഹ്‌റു സംഭാഷണത്തെക്കുറിച്ച് ആര്‍.കെ. ധവാനോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ അതിനെ ശരിവയ്ക്കുന്ന മറുപടിയാണ് ലഭിച്ചത്. അരുണ്‍ സിംഗ് എല്ലാ കാര്യങ്ങളിലും ഇടപെട്ടിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ രാജീവിലൂടെയാണ് അതെല്ലാം നടത്തിയിരുന്നത്. ജനറല്‍ സുന്ദര്‍ജിയുമായും ഇവര്‍ ബന്ധപ്പെട്ടിരുന്നു. തന്നെക്കുറിച്ച് വലിയ മതിപ്പുണ്ടായിരുന്ന സുന്ദര്‍ജി അരുണ്‍ സിംഗിലൂടെയാണ് പലതും നടത്തിയിരുന്നത്. ഇന്ദിരാഗാന്ധി ഉണ്ടായിരുന്നപ്പോള്‍ പോലും രാജീവ് ഗാന്ധിക്കും അരുണ്‍ സിംഗിനും ഇടയില്‍ സംഭവിച്ചതെല്ലാം അരുണ്‍ നെഹ്‌റുവിന്റ അറിവോടെയായിരുന്നു എന്നാണ് ധവാന്‍ പറഞ്ഞിട്ടുള്ളത്. ”എനിക്ക് അറിയാവുന്നിടത്തോളം ബ്ലൂസ്റ്റാര്‍ ഓപ്പറേഷന് രണ്ടുമൂന്നു മാസം മുന്‍പുതന്നെ ഇങ്ങനെയൊരു സൈനിക നടപടിക്കായി രാജീവ് ഉള്‍പ്പെടുന്ന സംഘം നിര്‍ബന്ധം ചെലുത്തിയിരുന്നു. സൈനിക നടപടി വിജയകരമായാല്‍ തിരഞ്ഞെടുപ്പില്‍ വന്‍നേട്ടമുണ്ടാക്കാനാവും എന്നായിരുന്നു ഇവരുടെ കണക്കുകൂട്ടല്‍. ഇക്കാര്യം ഇന്ദിരാഗാന്ധിയെയും ധരിപ്പിച്ചിരുന്നു.” എന്നാല്‍ ഓപ്പറേഷന്‍ ബ്ലുസ്റ്റാര്‍ വലിയ മണ്ടത്തരം ആയിരുന്നു എന്നും, ഇന്ദിരാഗാന്ധിക്ക് അതിന് വലിയ വില കൊടുക്കേണ്ടി വന്നുവെന്നും ധവാന്‍ പറയുന്നു.
ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ പെട്ടെന്ന് എടുത്ത തീരുമാനമല്ലെന്ന് വ്യക്തം. അത് നടന്നത് 1984 ജൂണ്‍ ഒന്നു മുതല്‍ 10 വരെയായിരുന്നു. ഇങ്ങനെയൊരു സൈനിക നടപടി എങ്ങനെ ഫലപ്രദമായി നടത്താമെന്നതിനെക്കുറിച്ച് ഇതേ വര്‍ഷം ഫെബ്രുവരിയില്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയുമായി ഇവിടെനിന്നുള്ളവര്‍ ബന്ധപ്പെട്ടിരുന്നു. ഒരു ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥന്‍ സുവര്‍ണക്ഷേത്രത്തിലെത്തി പരിശോധനയും നടത്തിയിരുന്നുവത്രേ. രാജീവ് ഉള്‍പ്പെടുന്ന മൂവര്‍ സംഘത്തിന്റെ അറിവോടും സമ്മതത്തോടും കൂടിയായിരുന്നു ഇതെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.
പഞ്ചാബ് പ്രതിസന്ധിയിലുടനീളം നിരന്തരമായി ഇടപെട്ട രാജീവിനെ ‘മാറ്റമില്ലാത്ത കഴുകന്‍’ എന്നാണ് ഔട്ട്‌ലുക്ക് പത്രാധിപരായിരുന്ന വിനോദ് മേത്ത വിശേഷിപ്പിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയെന്ന നിലയ്ക്ക് പഞ്ചാബില്‍ ‘കടുത്ത നടപടികള്‍’ എടുക്കാത്തതിന് അമ്മ ഇന്ദിരയെ രാജീവ് ഇടക്കിടെ വിമര്‍ശിക്കുമായിരുന്നു. സൈനിക നടപടിക്കുശേഷം സുവര്‍ണ ക്ഷേത്രം സിഖ് പുരോഹിതര്‍ക്ക് മടക്കി നല്‍കിയപ്പോള്‍ ചില ബഹളങ്ങള്‍ നടന്നിരുന്നു. ഇത് തുടര്‍ന്നാല്‍ സുവര്‍ണ ക്ഷേത്രം സൈന്യത്തിന് തിരിച്ചെടുക്കേണ്ടിവരുമെന്ന് രാജീവ് ഭീഷണി മുഴക്കി. ഇന്ദിരാഗാന്ധി പുരോഹിതന്മാരുമായുണ്ടാക്കിയ ധാരണ രാജീവിന് ഇഷ്ടപ്പെട്ടില്ല. സുവര്‍ണ ക്ഷേത്ര നടത്തിപ്പു സംബന്ധിച്ച് രേഖാമൂലമുള്ള ഉറപ്പുകള്‍ വാങ്ങണമെന്ന് ആവശ്യപ്പെട്ടു. ഇത് ഇന്ദിര അനുസരിച്ചില്ല. ഭിന്ദ്രന്‍വാലയെ പിന്തുണച്ച് സിഖ് ഭീകരവാദം വളരാന്‍ അനുവദിച്ചയാളാണ് ഇങ്ങനെയൊക്കെ പെരുമാറിയത്.
(തുടരും)