ലോക വ്യാപാര സംഘടന അതിന്റെ കിരീടം തന്നെ നഷ്ടപ്പെട്ട അവസ്ഥയിലാണ് പതിമൂന്നാം മന്ത്രിതല സമ്മേളനം ചേര്‍ന്നത്. ലോകവ്യാപാര സംഘടനയുടെ തര്‍ക്കപരിഹാര സംവിധാനമാണ് ഈ കിരീടം. ഏതാനും വര്‍ഷങ്ങളായി ഈ സംവിധാനം പ്രവര്‍ത്തനരഹിതമാണ്. അതിന്റെ പുനരുത്ഥാനം അബുദാബിയില്‍ ചേര്‍ന്ന 13-മത് മന്ത്രിതല സമ്മേളനത്തില്‍ ഉണ്ടാകുമോ എന്നാണ് ലോകം ഉറ്റുനോക്കിയത്. നാളിതുവരെ ലോക വ്യാപാര സംഘടനയെ കുറിച്ചുള്ള വാര്‍ത്തകള്‍ നിറഞ്ഞുനിന്നിരുന്നത് അതിന്റെ മന്ത്രിതല സമ്മേളനങ്ങളോട് അനുബന്ധിച്ചാണ്. അത്തരത്തിലുള്ള ഒരു സമ്മേളനത്തിനാണ് അബുദാബി വേദി ആയത്. MC13 എന്ന ചുരുക്കപ്പേരില്‍ വിളിക്കപ്പെട്ട ഇത്തവണത്തെ സമ്മേളനത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള രണ്ടാമത്തെ ഉച്ചകോടിക്ക് നേതൃത്വം നല്‍കിയത് ഇന്‍ഗോസി ഒകോഞ്ചോ ഇവേല എന്ന സംഘടനയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഡയറക്ടര്‍ ജനറലാണ്.
ഇന്ത്യയുടെ കൃഷി, മത്സ്യ മേഖലകളില്‍ നെഞ്ചിടിപ്പേറുന്നു എന്നതാണ് ഇൗ സമ്മേളനത്തിന്റെ ബാക്കി പത്രം. ഈ മേഖലകള്‍ക്ക് ഇന്ത്യ നല്‍കിവരുന്ന സബ്‌സിഡികള്‍ നിര്‍ത്തലാക്കുകയോ നിയന്ത്രിക്കുകയോ വേണമെന്നാണ് വികസിതരാജ്യങ്ങളുടെ ആവശ്യം. മന്ത്രിതലയോഗത്തില്‍ യു.എസ്. ഉള്‍പ്പെടെയുള്ള വികസിതരാജ്യങ്ങളുടെ മേധാവിത്വം കാര്‍ഷികവിളകള്‍ക്ക് താങ്ങുവില എന്നതുള്‍പ്പെടെയുള്ള ഇന്ത്യയുടെ സബ്‌സിഡി നയങ്ങളെ ബാധിച്ചിരിക്കയാണ്. കൂടുതല്‍ വിളകള്‍ക്ക് താങ്ങുവില ആവശ്യപ്പെട്ട് കര്‍ഷകസംഘടനകള്‍ സമരം തുടരുന്നതിനിടയിലാണ് ഡബ്ല്യു.ടി.ഒ. യോഗം നടന്നത്. 164 രാജ്യങ്ങളില്‍ നിന്നുള്ള വാണിജ്യമന്ത്രിമാരാണ് പങ്കെടുത്ത്. ഇന്ത്യയെ വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ പ്രതിനിധാനം ചെയ്തു. കൃഷി, മത്സ്യമേഖല, ഇ-കൊമേഴ്‌സ് ഇടപാടില്‍ കസ്റ്റംസ് ഡ്യൂട്ടി എന്നീ വിഷയങ്ങളാണ് ഇന്ത്യക്ക് നിര്‍ണായകമായിത്തീര്‍ന്നത്. വികസ്വരരാജ്യങ്ങളെ അണിനിരത്തി ചെറുക്കാന്‍ ഇന്ത്യ ശ്രമിച്ചെങ്കിലും വിജയം കൈവന്നില്ല. കാര്‍ഷികമേഖലയില്‍ നിലവിലുള്ള മിനിമം താങ്ങുവില, സംഭരണത്തിനുള്ള സബ്‌സിഡി എന്നിവ ഒഴിവാക്കണമെന്നതാണ് ഇന്ത്യക്കുമേലുള്ള വികസിതരാജ്യങ്ങളുടെ സമ്മര്‍ദ്ദം. നെല്ലുള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ ഇന്ത്യ പൊതുമേഖലയില്‍ താങ്ങുവില നല്‍കി സംഭരിക്കുകയും പൊതുവിതരണ സമ്പ്രദായപ്രകാരം സബ്‌സിഡിയോടെ വിതരണംചെയ്യുകയും ചെയ്യുന്നത് രാജ്യാന്തര കരാറുകളുടെ ലംഘനമാണെന്ന് യു.എസിന്റെ നേതൃത്വത്തില്‍ വികസിതരാജ്യങ്ങള്‍ ആരോപിക്കുന്നു. ഇത് ലോകവാണിജ്യത്തെ തടസ്സപ്പെടുത്തുമെന്നും അവര്‍ പറയുന്നു. ലോക വാണിജ്യസംഘടന നിര്‍ദ്ദേശിക്കുന്ന താങ്ങുവിലയുടെ പരിധി ഇന്ത്യ മറികടന്നിരിക്കുന്നതായും വിമര്‍ശനമുണ്ട്. എന്നാല്‍, ഇക്കാര്യങ്ങളില്‍ ശാശ്വതപരിഹാരം കണ്ടെത്തണമെന്നതാണ് ഇന്ത്യയുടെ ആവശ്യം. സബ്‌സിഡിയില്‍ വികസിതരാജ്യങ്ങളുടെ ഇടപെടലിനെ ചെറുക്കാനായി പ്രത്യേകവ്യവസ്ഥ കൊണ്ടുവരണമെന്നും നിയമപരമായി പരിഹാരം തേടുന്നതിന് വികസ്വരരാജ്യങ്ങള്‍ക്ക് തടയിടുന്ന സ്ഥിതി ഒഴിവാക്കണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു. ആഫ്രിക്കന്‍ രാജ്യങ്ങള്‍, ജി-33 രാജ്യങ്ങള്‍ തുടങ്ങിയവര്‍ ഇന്ത്യയുടെ നിലപാടിനെ പിന്തുണയ്ക്കുന്നുണ്ട്. മത്സ്യമേഖലയിലെ സബ്‌സിഡിയാണ് ഇന്ത്യയെ സംബന്ധിച്ച് മറ്റൊരു തലവേദന. സബ്‌സിഡി വെട്ടിക്കുറയ്ക്കണമെന്നതാണ് വികസിതരാജ്യങ്ങളുടെ ആവശ്യം. എന്നാല്‍, സബ്‌സിഡികള്‍ കുറച്ചാല്‍, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാകുമെന്നതാണ് ഇന്ത്യയുടെ നിലപാട്. അനധികൃത മത്സ്യബന്ധനം, രേഖപ്പെടുത്താത്ത മത്സ്യബന്ധനം, അനിയന്ത്രിത മത്സ്യബന്ധനം എന്നിവയ്ക്ക് സബ്‌സിഡി നല്‍കരുതെന്ന് 2022-ല്‍ ചേര്‍ന്ന ലോകവാണിജ്യസംഘടനയുടെ മന്ത്രിതലയോഗം തീരുമാനിച്ചിരുന്നു. ഇന്ത്യ ഇതുവരെ ഈ കരാര്‍ അംഗീകരിച്ചിട്ടില്ല. വികസിതരാജ്യങ്ങള്‍ തങ്ങള്‍ നല്‍കുന്നതിനെക്കാള്‍ സബ്‌സിഡി നല്‍കുന്നുണ്ടെന്നുകാട്ടിയാണ് ഇന്ത്യ എതിര്‍പ്പുയര്‍ത്തുന്നത്. ഇന്ത്യയിലെ ചെറുകിട-ഇടത്തരം മത്സ്യമേഖലയുടെ നിലനില്‍പ്പിന് അനിവാര്യമായ സബ്‌സിഡി ഒഴിവാക്കാന്‍ തയ്യാറല്ലെന്ന് ഇന്ത്യ യോഗത്തില്‍ വ്യക്തമാക്കി. എക്‌സ്‌ക്ലുസീവ് ഇക്കണോമിക് സോണുകളില്‍ നിന്ന് മത്സ്യം പിടിക്കുന്നതിനുകൂടി സബ്‌സിഡി നല്‍കാന്‍ അനുവദിക്കണമെന്ന ആവശ്യവും ഇന്ത്യ ഉന്നയിച്ചു. യൂറോപ്യന്‍ യൂണിയന്‍, നോര്‍വേ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയുടെ നിലപാടിനെ എതിര്‍ക്കുന്നത്. ലോക വാണിജ്യസംഘടനയുടെ നിലവിലുള്ള കരാര്‍പ്രകാരം രാജ്യാതിര്‍ത്തി കടന്നുള്ള ഇ-കൊമേഴ്‌സ് ഇടപാടുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ചുമത്താനാകില്ല. 1988 മുതല്‍ ഇതുസംബന്ധിച്ച മൊറട്ടോറിയം നിലവിലുണ്ട്. ഇതിന്റെ കാലാവധി സംഘടന നീട്ടിവരികയാണ്. ഈ മൊറട്ടോറിയം സംബന്ധിച്ച് അബുദാബിയോഗം തീരുമാനത്തില്‍ എത്തിയില്ല. ഈ വിഷയത്തില്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ ചേരിതിരിവുണ്ട്. രാജ്യത്തിന്റെ വരുമാനത്തെ ഈ മൊറട്ടോറിയം ബാധിക്കുമെന്ന നിലപാടാണ് ഇന്ത്യയടക്കം ഒരുവിഭാഗത്തിനുള്ളത്. എന്നാല്‍, യു.എസ്., യു.കെ, കാനഡ, യൂറോപ്യന്‍ യൂണിയന്‍ അടങ്ങിയ വികസിതചേരിക്ക് മൊറട്ടോറിയം തുടരണമെന്ന സമീപനമാണുള്ളത്. നികുതിയിളവിനെ യോഗത്തില്‍ ഇന്ത്യ എതിര്‍ത്തു.
ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) 13-ാമത് മന്ത്രിതല സമ്മേളനം ആറുനാള്‍ അബുദാബിയില്‍ ചേര്‍ന്നു പിരിയുമ്പോള്‍ അത്ഭുതങ്ങളൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. സമ്പന്നരാജ്യങ്ങളുടെയും കോര്‍പ്പറേറ്റുകളുടെയും താല്‍പ്പര്യംമാത്രം സംരക്ഷിക്കാനായി ഇങ്ങനെയൊരു ആഗോള സംഘടനയുടെ ആവശ്യമുണ്ടോയെന്ന ചോദ്യം ഇപ്പോള്‍ വീണ്ടും ഉയരുകയാണ്. വ്യാപാരവും തീരുവയുമായി ബന്ധപ്പെട്ട ഗാട്ട് സംവിധാനത്തിനുശേഷം 1995ല്‍ നിലവില്‍ വന്ന ലോകവ്യാപാര സംഘടന തുടക്കം മുതല്‍ വികസ്വര-അവികസിത രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കെതിരായാണ് നിലകൊണ്ടത്. അബുദാബിയില്‍ ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് രണ്ടുവരെ ചേര്‍ന്ന മന്ത്രിതല സമ്മേളനവും ആ നിലപാടില്‍നിന്ന് അണുവിട മാറാന്‍ തയ്യാറായില്ല. നിര്‍ണായകമായ ഒരു തീരുമാനവും ഈ സമ്മേളനത്തിന്റേതായി പറയാനില്ല. നാലുവര്‍ഷമായി ഏതാണ്ട് നിശ്ചലമായ തര്‍ക്കപരിഹാര സമിതിയെ ചലിപ്പിക്കാന്‍പോലും ഒരു നടപടിയുമില്ല. ഓണ്‍ലൈന്‍ വ്യാപാരത്തിന് കസ്റ്റംസ് തീരുവ ഏര്‍പ്പെടുത്തണമെന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ആവശ്യത്തിലും തീരുമാനമൊന്നുമുണ്ടായില്ല. വ്യാപാര സംഘടനയുടെ രൂപീകരണം മുതല്‍ സ്വീകരിച്ച നടപടികളും എടുത്ത തീരുമാനങ്ങളും വികസ്വര അവികസിത രാജ്യങ്ങളിലെ കൃഷിയെയും കൃഷിക്കാരെയും പാവപ്പെട്ടവരെയും ദോഷകരമായി ബാധിക്കുന്നതായിരുന്നു. സമ്പന്നരാജ്യങ്ങളില്‍ കൃഷിക്കാര്‍ക്ക് സബ്‌സിഡി നല്‍കുമ്പോള്‍ വികസ്വര- അവികസിത നാടുകളില്‍ സബ്‌സിഡി പാടില്ല. വികസ്വര രാജ്യങ്ങളില്‍ കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില, സൗജന്യനിരക്കില്‍ റേഷന്‍ നല്‍കുന്നതിനുള്ള പൊതുസംഭരണം എന്നിവയ്ക്കും ലോകവ്യാപാര സംഘടന എതിരാണ്. ഭക്ഷ്യോല്‍പ്പന്നങ്ങളെ കമ്പോളത്തിലെ ചരക്കായി മാത്രമാണ് ഡബ്ല്യുടിഒ കാണുന്നത്. വികസ്വര രാജ്യങ്ങളിലെ പാവപ്പെട്ട മനുഷ്യരുടെ ഭക്ഷണത്തെക്കുറിച്ച് സംഘടനയ്ക്ക് ഒരു ഉല്‍ക്കണ്ഠയുമില്ല. കൃഷിയെ കോര്‍പ്പറേറ്റ്‌വല്‍ക്കരിക്കാനും അഗ്രി ബിസിനസാക്കി മാറ്റാനുമാണ് അവര്‍ക്ക് താല്‍പ്പര്യം. എഗ്രിമെന്റ് ഓഫ് അഗ്രികള്‍ച്ചര്‍പോലുള്ള അസമമായ കരാറുകള്‍ അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും താല്‍പ്പര്യങ്ങള്‍മാത്രം സംരക്ഷിക്കാനുള്ളതാണ്. അതുപോലെ ആമസോണ്‍, വാള്‍മാര്‍ട്ട് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികള്‍ ഓണ്‍ലൈനായി പ്രാദേശിക ഭക്ഷ്യവിപണിയില്‍ വലിയ തോതില്‍ ഇടപെടുന്നുണ്ട്. കൃഷിക്കാരുടെയും ചെറുകിട വ്യാപാരികളുടെയും ജീവിതം തകര്‍ക്കുന്ന ഇടപെടലാണിത്. ഇന്ത്യ ലോകവ്യാപാര സംഘടനയില്‍ അംഗമാകുമ്പോള്‍ ഇന്ത്യന്‍ കൃഷിക്കാര്‍ക്ക് വലിയ വാഗ്ദാനങ്ങളാണ് നല്‍കിയിരുന്നത്. ആഗോള വിപണി സാധ്യതകള്‍, കയറ്റുമതിക്ക് കൂടുതല്‍ സൗകര്യം, കര്‍ഷകര്‍ക്ക് അധിക വരുമാനം എന്നിവയൊക്കെയായിരുന്നു അത്. എന്നാല്‍, ഡബ്ല്യുടിഒ മൂന്നു പതിറ്റാണ്ടോടടുക്കുമ്പോള്‍, വികസ്വര- അവികസിത രാജ്യങ്ങളുടെ ചെലവില്‍ പാശ്ചാത്യ ബഹുരാഷ്ട്ര കോര്‍പറേറ്റുകള്‍ക്ക് ലാഭമുണ്ടാക്കാന്‍ വഴിയൊരുക്കുക മാത്രമാണുണ്ടായത്. വികസിതനാടുകളില്‍ വലിയതോതില്‍ സബ്‌സിഡി നല്‍കി ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വികസ്വര നാടുകളെ കമ്പോളങ്ങളാക്കി മാറ്റുകയാണ് ചെയ്തത്. അമേരിക്കയില്‍ നിന്നും ന്യൂസിലന്‍ഡില്‍ നിന്നുമെല്ലാം ഓറഞ്ചും ആപ്പിളുമൊക്കെ ഇന്ത്യയില്‍ കുമിഞ്ഞു കൂടുകയാണ്. ഇന്ത്യന്‍ കര്‍ഷകന് ഉല്‍പ്പാദനച്ചെലവിന്റെ പകുതിപോലും വില കിട്ടാത്തപ്പോഴാണ് വലിയ വിലയ്ക്ക് ധനികരാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇവിടെ വിറ്റഴിക്കുന്നത്. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലെ കാര്‍ഷിക മേഖലയ്ക്കും ഫിഷറീസ് മേഖലയ്ക്കും സബ്‌സിഡി, ഭക്ഷ്യസുരക്ഷയെ മുന്‍നിര്‍ത്തിയുള്ള പൊതുസംഭരണം എന്നിവയുടെ കാര്യത്തില്‍ ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിയാതെ പോയത് സമ്മേളനത്തിന്റെ പരാജയംതന്നെ. രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം സുഗമമാക്കലാണ് ലോക വ്യാപാര സംഘടന ലക്ഷ്യമായി പറയുന്നത്. അത് ഒരിടത്തേക്കുമാത്രമാണെന്ന് കാണാന്‍ ലോകവ്യാപാരത്തില്‍ ഇന്ത്യയുടെ പങ്കാളിത്തംമാത്രം പരിശോധിച്ചാല്‍ മതി. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയ 1947 കാലയളവില്‍ ലോകവ്യാപാരത്തില്‍ ഇന്ത്യയുടെ പങ്ക് 2.53 ശതമാനമായിരുന്നു. 2022-23ല്‍ ഇന്ത്യയുടെ പങ്ക് 1.8 ശതമാനംമാത്രം. 1947ലേതിനേക്കാള്‍ കുറവ്. നവഉദാര സാമ്പത്തികനയത്തിന് തൊണ്ണൂറുകളില്‍ തുടക്കമിടുമ്പോള്‍, കയറ്റുമതി വര്‍ദ്ധിക്കുമെന്നായിരുന്നു ഒരു പ്രധാന വാദം. കയറ്റുമതി കാര്യമായി വര്‍ദ്ധിച്ചില്ലെന്ന് മാത്രമല്ല, ഇറക്കുമതി പ്രളയംതന്നെ സംഭവിക്കുകയും ചെയ്തു. ലോകവ്യാപാര സംഘടന പ്രോത്സാഹിപ്പിക്കുന്നതും വന്‍കിട രാജ്യങ്ങളില്‍നിന്ന് വികസ്വര-അവികസിത രാജ്യങ്ങളിലേക്കുള്ള ഇറക്കുമതിയാണ്. അബുദാബി സമ്മേളനവും ഈ വഴിയില്‍ത്തന്നെ സമാപിച്ചു. ഐഎംഎഫും ലോകബാങ്കും വികസ്വര രാജ്യങ്ങളെ കടക്കെണിയിലാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ഡബ്ല്യുടിഒ വ്യാപാര-കാര്‍ഷിക മേഖലകളില്‍ ഈ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്നു. ഇത്തരം ആഗോള സ്ഥാപനങ്ങള്‍ എന്തിന് തുടരുന്നുവെന്ന ചോദ്യമാണ് വീണ്ടും ഉയരുന്നത്. രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടന്നിരുന്ന മന്ത്രിതല സമ്മേളനങ്ങള്‍ ഒരിക്കലും സമവായത്തിലല്ല പിരിഞ്ഞിരുന്നതും. ആഗോളവല്കരണ വിരുദ്ധരുടെ പ്രധാന സമരവേദികൂടിയായിരുന്നു മന്ത്രിതല സമ്മേളനങ്ങള്‍. അതുകൊണ്ടാണ് ദോഹ ഉച്ചകോടി, കാന്കൂന്‍ സമ്മേളനം, ജനീവ ചര്‍ച്ചകള്‍ എന്നിവയൊക്കെ കാര്‍ഷിക സബ്‌സിഡിയുമായി ബന്ധപ്പെട്ട കരാറുകളിലെല്ലാം ഇപ്പോഴും നിറഞ്ഞു നില്കുന്നത്. എന്നാല്‍ ഇപ്പോള്‍ ന്യൂ നോര്‍മല്‍ യുഗത്തില്‍ ലോകം വ്യാപാരവുമായി ബന്ധപ്പെട്ടു പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് മറ്റൊന്നാണ്. വാക്‌സിന്‍ ദേശസാല്ക്കരണം ഇല്ലാതാകണമെന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒക്കെ ആവശ്യപ്പെടുന്നു.
ലോകവ്യാപാര സംഘടനക്ക് ആദ്യമായി വനിത മേധാവി വന്നിരിക്കയാണ്. ഇത് ഏറെ ശുഭകരമാണ്. നൈജീരിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞയായ ഇന്‍ഗോസി ഒകോഞ്ചോ ഇവേലയാണ് ഡബ്ലു.ടി.ഒ തലപ്പത്ത്. ലോകബാങ്ക് ചുമതലയിലും നൈജീരിയയുടെ ധനമന്ത്രിയായും 25 വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള വ്യക്തികൂടിയാണ് ഇന്‍ഗോസി. ലോക വ്യാപാര സംഘടനയെ ആദ്യമായി നയിക്കുന്ന വനിതയും ആഫ്രിക്കന്‍ വംശജയും എന്ന ബഹുമതിയും ഇന്‍ഗോസിക്കു സ്വന്തം. 2021 മാര്‍ച്ച് ഒന്നു മുതലാണ് ഇന്‍ഗോസി സ്ഥാനമേറ്റെടുത്തത്. യു. എസ്-ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വ്യാപാര ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കുക, വ്യാപാര നിയമങ്ങള്‍ പരിഷ്‌കരിക്കുക തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് ഒകോന്‍ജോയെ കാത്തിരിക്കുന്നത്.
രണ്ടാം ലോകമഹായുദ്ധാനന്തരം നടന്ന ബ്രെട്ടന്‍വുഡ്‌സ് ഉച്ചകോടിയില്‍ ജെ.എം.കെയിന്‍സ് എന്ന സാമ്പത്തികശാസ്ത്രജ്ഞന്‍ മുന്നോട്ടുവച്ച ആശയമാണ് ലോകവ്യാപാരം നിയന്ത്രിക്കുന്നതിനായുള്ള ഒരു സംവിധാനം. ലോകബാങ്ക്, അന്താരാഷ്ട്ര നാണയ നിധി എന്നിവ 1945-ല്‍ തന്നെ നിലവില്‍ വന്നു. എന്നാല്‍ ലോകവ്യാപാരം നിയന്ത്രിക്കുന്നതിനായുള്ള സംവിധാനം 1947ല്‍ മാത്രമാണ് ഗാട്ട് എന്ന പേരില്‍ നിലവില്‍ വന്നത്. ഗാട്ടില്‍ തര്‍ക്ക പരിഹാരത്തിനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. 1984 മുതല്‍ 1994 വരെ നടന്ന ഉറുഗ്വായ് വട്ടമേശ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഗാട്ടിനു പകരമായി ലോകവ്യാപാര സംഘടന രൂപവല്കരിക്കാന്‍ തീരുമാനിച്ചത്. ജനീവ ആസ്ഥാനമായി രൂപീകരിച്ച ലോകവ്യപാരസംഘടനയില്‍ ഇപ്പോള്‍ 164 അംഗങ്ങള്‍ ഉണ്ട്. ചരക്കു വ്യാപാരങ്ങളാണ് ഗാട്ട് പ്രധാനമായും നിയന്ത്രിച്ചിരുന്നതെങ്കില്‍ ലോകവ്യാപാര സംഘടന പ്രധാനമായും നിയന്ത്രിക്കുന്നത് സേവനങ്ങള്‍, ബൗദ്ധിക സ്വത്തവകാശങ്ങള്‍ മുതലായവയാണ്.
ഏഴ് അംഗങ്ങളുള്ള ഡിഎസ്ബി ലോക വ്യാപാര സംഘടനയെ അതിന്റെ മുന്‍ഗാമിയായ ഗാട്ടില്‍ നിന്നും വ്യതിരിക്തമായി നിര്‍ത്തുന്നതായിരുന്നു. തര്‍ക്ക പരിഹാര വേദിയില്‍ ഏഴ് അംഗങ്ങള്‍ ആണുള്ളത്. ഇതില്‍ അഞ്ചു പേരെയും കൊടുക്കേണ്ടത് അമേരിക്കയാണ്. ലോകവ്യാപാര സംഘടനയുടെ കിരീടം എന്നാണ് പ്രശ്‌നപരിഹാര വേദി അറിയപ്പെടുന്നത്. ആ കിരീടം തച്ചുടച്ചാല്‍ മെച്ചം അമേരിക്കക്കല്ലാതെ മറ്റാര്‍ക്കും അല്ല. ഇപ്പോള്‍ ഒരു അംഗമായി ചുരുങ്ങിയ പ്രശ്‌ന പരിഹാര വേദിയുടെ അഭാവത്തില്‍ അന്താരാഷ്ട്ര തലത്തിലുള്ള വ്യാപാര യുദ്ധങ്ങളും തര്‍ക്കങ്ങളും എങ്ങനെ പരിഹരിക്കപ്പെടും എന്നറിയാതെ ഉഴലുകയാണ് അമേരിക്ക ഒഴിച്ചുള്ള അംഗ രാജ്യങ്ങള്‍.
ലോക വ്യാപാരത്തിന്റെ കേവലം രണ്ടു ശതമാനം മാത്രമാണ് ഇന്ത്യയുടെ വിഹിതം. എന്നാല്‍ നാളിതുവരെ മറ്റു മുപ്പതിലധികം തര്‍ക്കങ്ങള്‍ ഇന്ത്യയുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാര വേദിക്കു മുന്‍പാകെ എത്തിയിട്ടുണ്ട്. ഇ.യു, അമേരിക്ക, തായ്‌വാന്‍, ബ്രസീല്‍, ജപ്പാന്‍, ആഫ്രിക്ക, അര്‍ജന്റീന, തുര്‍ക്കി, ആസ്‌ത്രേലിയ, ഗട്ടിമാല തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യക്കു വ്യാപാര തര്‍ക്കങ്ങള്‍ ഉണ്ട്. ഇതൊക്കെ ഇനി ഏതു നിലക്ക് പരിഹരിക്കപ്പെടുമെന്നറിയാതെ വലയുകയാണ് ഇന്ത്യയുടെ വാണിജ്യ മന്ത്രാലയം. പ്രശ്‌ന പരിഹാര വേദിക്കു (DSB) മുമ്പാകെ 592 തര്‍ക്കങ്ങള്‍ക്ക് നാളിതുവരെ പരിഹാരം കണ്ടിട്ടുണ്ട്. പ്രശ്‌നപരിഹാര വേദിക്കു മുമ്പാകെ എത്തിയ ഭൂരിഭാഗം കേസുകളിലും അമേരിക്കക്കു അനുകൂലമായാണ് വിധി വന്നിട്ടുള്ളതെന്നാണ് വൈചിത്ര്യം. അടുത്തകാലത്തുതന്നെ അമേരിക്കന്‍ ബോയിങ് കമ്പനിക്കനുകൂലമായി നെതര്‍ലാന്‍ഡ് കമ്പനിയായ എയര്‍ ബസിനെതിരായി ഒരു വിധി വന്നതും എടുത്തു പറയേണ്ടതാണ്. പ്രശ്‌നപരിഹാര വേദിക്കു മുന്‍പാകെ ലോകവ്യാപാര സംഘടനയുടെ കീഴിലുള്ള ബോക്‌സ് മെക്കാനിസം വലിയൊരു കീറാമുട്ടിയായിരിന്നു. ബ്ലൂ ബോക്‌സ്, ഗ്രീന്‍ ബോക്‌സ്, ആംബര്‍ ബോക്‌സ് എന്നിങ്ങനെയുള്ള സബ്‌സിഡിയുമായി ബന്ധപ്പെട്ട നിബന്ധനകള്‍ വ്യാഖ്യാനിച്ച് വികസിത രാജ്യങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുന്നു എന്നൊരു ആരോപണം തുടക്കം മുതല്‍ക്കേ ഉണ്ടായിരുന്നു. ഇതിനൊക്കെ പുറമേ ബൗദ്ധിക സ്വത്തവകാശങ്ങളെ ചൊല്ലിയുള്ള തര്‍ക്കങ്ങളും പൊതിയാ തേങ്ങയായി തുടരുക തന്നെയാണ്. കോപ്പി റൈറ്റ്, പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ട്രേഡ് സീക്രട്ട്, ഭൗമ സൂചിക, സോഫ്റ്റ്‌വെയര്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ട്രിപ്‌സ് എന്നൊരു കരാറും ലോകവ്യാപാര സംഘടനയില്‍ ഉണ്ട്. എന്നാല്‍ ഇതെല്ലം വികസിത രാജ്യങ്ങള്‍ക്കു വേണ്ടിയുള്ളതെന്നാണ് ഇന്ത്യ അടക്കമുള്ള വികസ്വര രാഷ്ട്രങ്ങളുടെ നിലപാട്.
ഇതിനിടെയാണ് മലേഷ്യയുമായി ഒരു പാമോയില്‍ യുദ്ധത്തില്‍ ഇന്ത്യ ഏര്‍പ്പെട്ടിരിക്കുന്നത്. കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുന്ന മലേഷ്യയില്‍ നിന്ന് പാമോയില്‍ ഇറക്കുമതി നിര്‍ത്തിവച്ചിരിക്കുന്നത് വ്യാപാര നിയമങ്ങള്‍ക്ക് എതിരാണ്. ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ വിപണി. മലേഷ്യയും ഇന്തോനേഷ്യയും ഈ രംഗത്ത് വലിയ ഉല്പാദകരും കയറ്റുമതിക്കാരുമാണ്. മലേഷ്യയുടെ വിദേശ നാണ്യയത്തിന്റെ വലിയൊരു പങ്കും വരുന്നത് ഇന്ത്യന്‍ വിപണിയില്‍ നിന്നാണ്. ആ രാജ്യത്തെ പാമോയില്‍ കര്‍ഷകര്‍ ഇന്ത്യന്‍ ഉപരോധം കാരണം വലിയ ദുരിതത്തിലാണ്.
അന്തര്‍ദേശീയ കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്ന സംഘടന(ഐഎംഒ) ചില പുതിയ പരിസ്ഥിതി നിയമങ്ങള്‍ ചരക്കുകടത്തിനുപയോഗിക്കുന്ന കപ്പലുകളില്‍ ബാധകമാക്കിയത് ഇന്ത്യക്കും വലിയ തിരിച്ചടി ആയിരിക്കുകയാണ്. ആഗോള വ്യാപാരത്തിന്റെ 90 ശതമാനവും നടക്കുന്നത് കപ്പല്‍ വഴിയാണ്. മൊത്തം ലോക വ്യാപാര മൂല്യത്തിന്റെ 80ശതമാനത്തിലധികം നടക്കുന്നതും കടല്‍ മാര്‍ഗമാണ്. ലണ്ടന്‍ ആസ്ഥാനമായ ഐഎംഒ വികസിത രാജ്യങ്ങളിലെ കപ്പല്‍ കമ്പനികള്‍ക്ക് വേണ്ടി നിയമമുണ്ടാക്കുന്നു എന്നൊരു വാദം ഇന്ത്യ ഇതിനകം ഉന്നയിച്ചിട്ടുണ്ട്.
ഏതൊരു ചരക്കിന്റെയും അന്താരാഷ്ട്ര വില/ഇആര്‍പി ആഗോള ഡിമാന്‍ഡ്-സപ്ലൈ ശക്തികളെ അടിസ്ഥാനമാക്കിയുള്ളതാണ്, അത് മത്സരാധിഷ്ഠിത രീതിയിലാണ് നിര്‍ണ്ണയിക്കുന്നത്. എല്ലാ കര്‍ഷകര്‍ക്കും അവരുടെ സ്ഥാനം പരിഗണിക്കാതെ തന്നെ ഈ വില ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ പറയുന്ന ഒരു അംഗരാജ്യത്തിന്റെ ഗവണ്‍മെന്റിന്റെ ഇടപെടല്‍ കാരണം, അതിലെ കര്‍ഷകര്‍ക്ക് ഇതിലും കൂടുതല്‍ വില/എംഎസ്പി ലഭിക്കുകയാണെങ്കില്‍, ഇആര്‍പിയേക്കാള്‍ അധികമായുള്ള എംഎസ്പിയുടെ പരിധി വരെ അവര്‍ക്ക് സബ്‌സിഡി ലഭിച്ചതായി അനുമാനിക്കപ്പെടുന്നു.
രാസവളങ്ങള്‍, വിത്തുകള്‍, ജലസേചനം, ഊര്‍ജ്ജം തുടങ്ങിയ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കുള്ള സബ്‌സിഡികളെക്കുറിച്ചും ഡബ്ല്യുടിഒ ശ്രദ്ധാലുക്കളാണ്, ഇതിനെ ‘ഉല്‍പ്പന്നേതര നിര്‍ദ്ദിഷ്ട’ സബ്‌സിഡികള്‍ എന്ന് വിളിക്കുന്നു.
ഇത്തരം സബ്‌സിഡികള്‍ അന്താരാഷ്ട്ര വ്യാപാരത്തെ വളച്ചൊടിക്കുന്നുവെന്ന് വികസിത രാജ്യങ്ങള്‍ വാദിക്കുന്നു; അതിനാല്‍ ഇവ നിയന്ത്രിക്കേണ്ടതുണ്ട്. അവരുടെ വാദത്തിന് ഡബ്ല്യുടിഒയില്‍ സ്വീകാര്യത ലഭിച്ചു. അതനുസരിച്ച്, അഗ്രിക്കള്‍ച്ചര്‍ ഓണ്‍ അഗ്രിക്കള്‍ച്ചര്‍ (AoA) പ്രകാരം, ഒരു വികസ്വര രാജ്യത്തിന് (വികസിത രാജ്യങ്ങള്‍ക്ക്) കാര്‍ഷിക ഉല്‍പ്പാദനത്തിന്റെ മൂല്യത്തിന്റെ 10 ശതമാനമായി മൊത്തം ഉല്‍പ്പന്നവും ഉല്‍പ്പന്നേതര-നിര്‍ദ്ദിഷ്ട സബ്‌സിഡികള്‍ അല്ലെങ്കില്‍ മൊത്തം അളക്കല്‍ പിന്തുണ (AMS) പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ പരിധി 5 ശതമാനമാണ്). ഒരു അംഗ രാജ്യം പത്ത് ശതമാനത്തില്‍ കൂടുതല്‍ എഎംഎസ് നല്‍കിയാല്‍ അത് ലംഘനമാണ്.
1995-ല്‍ AoA നിലവില്‍ വന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം 2005 വരെ എംഎസ്പി ഇആര്‍പിയെക്കാള്‍ കുറവായിരുന്നു. അതിനുശേഷം, എംഎസ്പി ഇആര്‍പിയേക്കാള്‍ ഉയര്‍ന്നതാണ്, കഴിഞ്ഞ ദശകത്തില്‍ ഈ വിടവ് വര്‍ദ്ധിച്ചു. 2018-19 കാലയളവില്‍, അരിയുടെ കാര്യത്തില്‍ എഎംഎസ് പത്ത് ശതമാനം ഉണ്ടായിരുന്നത് പതിനൊന്ന് ശതമാനമായി. 2019-20ല്‍ ഇത് 13.7 ശതമാനമായി ഉയര്‍ന്നു. അരിയുടെ സബ്‌സിഡിയുടെ കാര്യത്തില്‍ പത്ത് ശതമാനം പരിധി ലംഘിച്ചതിന് ഡബ്ല്യുടിഒയില്‍ ഇന്ത്യ പലതവണ ‘സമാധാന വ്യവസ്ഥ’ പ്രയോഗിച്ചു – 2020-21 വിപണന വര്‍ഷത്തിലെ ഏറ്റവും പുതിയതാണ്. എന്നിരുന്നാലും, വികസിത രാജ്യങ്ങള്‍ അത്തരം ആഹ്വാനത്തെ എതിര്‍ത്തു. ഇന്ത്യ അതിന്റെ പിഎസ്എച്ച് പ്രോഗ്രാമിനെക്കുറിച്ച് കൂടുതല്‍ സുതാര്യമാകണമെന്നും ‘നിയമവിരുദ്ധമായ’ കയറ്റുമതി തടയാന്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തണമെന്നും അവര്‍ ആഗ്രഹിക്കുന്നു, പക്ഷേ, ഇത് അനന്തമായി തുടരാന്‍ കഴിയില്ല. AoA കീഴിലുള്ള AMSന്റെ കണക്കുകൂട്ടലിനുള്ള സൂത്രവാക്യം നിരവധി ന്യൂനതകള്‍ നേരിടുന്നുണ്ടെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. എംഎസ്പിയുമായി താരതമ്യം ചെയ്യാന്‍ ഉപയോഗിക്കുന്ന ഇആര്‍പി (നിലവിലുള്ളതാണെങ്കിലും) 1986-88 മുതലുള്ളതാണ്. ഇത് സബ്‌സിഡി ‘കൃത്രിമമായി’ വര്‍ദ്ധിപ്പിക്കും. നിലവിലെ ഇ.ആര്‍.പി ഉപയോഗിക്കുന്നതിലൂടെ, ഇന്ത്യയുടെ സബ്‌സിഡി സ്വയമേവ പത്ത് ശതമാനം പരിധിക്ക് താഴെ പോകും.
കൊറോണ വൈറസ് രാജ്യാന്തര ബന്ധങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. പുതിയ രക്ഷകരായി രാജ്യങ്ങളും മനുഷ്യരും വമ്പന്‍ രാജ്യങ്ങളെയല്ല കാണുന്നത്. വാക്‌സിന്‍ കണ്ടെത്തുന്ന സ്ഥാപനങ്ങളും അതിന് ചുക്കാന്‍ പിടിക്കുന്നവരുമൊക്കെയാണ് അവര്‍ക്ക് പുതിയ ദൈവങ്ങള്‍. രാഷ്ട്രങ്ങള്‍ നിര്‍മ്മിച്ച ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ ഇല്ലാതാകുന്ന ഇക്കാലത്തും വാക്‌സിന്റെ കുത്തകക്കായി വന്‍രാഷ്ട്രങ്ങള്‍ ശ്രമിച്ചാല്‍ ഈ സംഘടനയുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലായേക്കാം.നവ സാധാരണ കാലഘട്ടത്തില്‍ ചില വെള്ളപ്പുകകള്‍ ഈ സംഘടനയില്‍ നിന്ന് ലോകം ആഗ്രഹിച്ചിരുന്നു. അബുദാബിയില്‍ നടന്ന ലോകവ്യാപാര സംഘടനയുടെ 13-ാമത് മന്ത്രിതല സമ്മേളനത്തിലെങ്കിലും പുതു തീരുമാനങ്ങള്‍ വരുമെന്ന് കരുതിയെങ്കിലും ഒന്നുമുണ്ടായില്ല എന്നതാണ് യാഥാര്‍ത്ഥ്യം.