നേതാജി എന്ന് വിളിക്കപ്പെടുന്നവർ വേറെയും ഇല്ലാതല്ല . എന്നാൽ ഇന്ത്യൻ ജനതയുടെ ഹ്യദയങ്ങളിൽ അനശ്വര പ്രതിഷ്ഠ നേടിയ നേതാജി ഒന്നേയുള്ളൂ -സുഭാഷ് ചന്ദ്ര ബോസ്. ആ പേരിൻ്റെ ദേശീയ മൂല്യം തിരിച്ചറിയാൻ നാം അല്പം വൈകിയോ എന്ന സംശയം തീർത്തും അസംഗതമാണെന്ന് പറയാനാവില്ല. എന്നാൽ ഇപ്പോൾ വിവാദങ്ങൾക്ക് പ്രസക്തിയില്ല. മഹാനായ ആ നേതാവിന്റെ പാവന സ്മരണയ്ക്ക് മങ്ങലേൽപ്പിക്കുന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങളും വിവാദങ്ങളും ഒരു നിലക്കും സ്വാഗതം ചെയ്യപ്പെടുകയില്ല.
ഭാരതജനത ആ മഹാപുരുഷനെ ഒരു ഇതിഹാസനായകനായി എന്നേ മനസ്സിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനം മഹാത്മാക്കളായ നിരവധി നേതാക്കൾക്ക് ജന്മം നൽകിയിട്ടുണ്ട്. എന്നാൽ വിധിനിർണായകമായ നേതൃത്വസിദ്ധിയിൽ ഗാന്ധിജിയും നേതാജിയും മറ്റുള്ളവരെയൊക്കെ ബഹുദൂരം പിന്തള്ളുന്നു. ഗാന്ധിജി പാവനമായ രാഷ്ട്രീയ ധാർമികതയുടെ നിസ്‌തുല നിദർശനമാണെങ്കിൽ സുഭാഷ് ചന്ദ്രൻ വിപ്ലവ ദർശനികതയുടെ കിടയറ്റ പ്രതീകവും പ്രതിനിധിയും ആയിരുന്നു. ചരിത്രപരമായ കാരണങ്ങളാൽ അവർക്ക് വ്യത്യസ്‌ത സരണികളിൽ സഞ്ചരിക്കേണ്ടിവന്നിട്ടുണ്ടെന്നത് ശരിതന്നെ. അന്യോന്യം ഉണ്ടായിരുന്ന സ്നേഹത്തിനോ ആദരവിനോ ഒരു കോട്ടവും സംഭവിച്ചില്ല. രാഷ്ട്രപിതാവ് എന്ന് ഗാന്ധിജിയെ ഇദംപ്രഥമമായി സംബോധന ചെയ്ത് അദ്ദേഹത്തോടുള്ള അനന്യമായ സ്നേഹവും ആദരവും നേതാജി പ്രകടമാക്കി. ഗാന്ധിജി ആകട്ടെ നേതാജിയെ വിശേഷിപ്പിച്ചത് ദേശസ്നേഹികൾക്കിടയിലെ രാജകുമാരൻ എന്നായിരുന്നു. ആശയതലത്തിലും അടിസ്ഥാന മൂല്യങ്ങളുടെ കാര്യത്തിലും അവർക്ക് ഒരു വിയോജിപ്പും ഇല്ലായിരുന്നു. രാഷ്ട്രീയം ആത്മീയ സാധനയായിരുന്നു ഇരുവർക്കും. ലോകതലത്തിൽ ഭാരതത്തിന് മഹത്തായ ഒരു ദൗത്യം നിർവഹിക്കാനുണ്ടെന്ന് അവർ ഉറച്ചു വിശ്വസിച്ചു. ആ ദൃഢവിശ്വാസമായിരുന്നു അവരുടെ കരുത്ത്. രാഷ്ട്രീയ പ്രവർത്തനം ആത്മീയസാക്ഷാത്‌കാരത്തിനുള്ള അന്വേഷണ വഴിയായി കണ്ട അവർ പൂർണ്ണ സമർപ്പിതചേതസ്സുകളായ കർമ്മയോഗികളായിരുന്നു അക്രമരഹിതമായ ചെറുത്തുനിൽപ്പിലൂടെ വൈദേശിക ആധിപത്യത്തെ നിരാകരിക്കാൻ ഇന്ത്യൻ ജനതയെ സന്നദ്ധരാക്കിയത് ഗാന്ധിജിയാണെങ്കിൽ ബ്രിട്ടീഷ് ഇന്ത്യൻ നേവിയെ കലാപോന്മുഖ ദേശസ്നേഹത്തിൻ്റെ തലത്തിലേക്ക് ഉണർത്തിയത് നേതാജി സുഭാഷ് ചന്ദ്രബോസ് ആയിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ വിജയകരമായ പരിസമാപ്‌തിയിൽ നേവികലാപത്തിൻ്റെ നിർണായക പ്രാധാന്യം തള്ളിക്കളയാനാവില്ല. അധീശശക്തിയെ ധിക്കരിക്കാനുള്ള ജനസാമാന്യത്തിന്റെ കരുത്തും ബ്രിട്ടീഷ് ഇന്ത്യൻ നേവിയുടെ കലാപസന്നദ്ധതയും ഒത്തുചേർന്നപ്പോൾ ബ്രിട്ടിഷുകാർക്ക് ഇന്ത്യ വിടുകയേ നിർവാഹകമുണ്ടായിരുന്നുള്ളൂ.
നേതാജിക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് 1945ല്‍, ഗാന്ധിജി പറഞ്ഞു “ധീരത അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തികളിലും തിളങ്ങിനിന്നു. നേതാജിയുടെയും അദ്ദേഹം സ്ഥാപിച്ച ഇന്ത്യൻ നാഷണൽ ആർമിയുടെയും മാസ്‌മരികത എന്നും നമ്മെ പ്രചോദിപ്പിക്കും. അദ്ദേഹത്തിൻറെ നാമം അനശ്വരമാകട്ടെ, വീര പാരമ്പര്യത്തിന് പേര്കേട്ട ‘ഹരികിരി’യുടെ നാട്ടിലെ അന്നത്തെ പ്രധാനമന്ത്രി ഏഷ്യയുടെ എക്കാലത്തെയും അതുല്യ വിപ്ലവകാരിയായാണ് നേതാജിയെ കണ്ടത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രകാരനായ പട്ടാഭിസീതാരാമയ്യ എഴുതി ” മഹത്വം ഒരിക്കലും സ്വയം പരസ്യപ്പെടുത്തുന്നില്ല, മറിച്ച് സ്വയം പ്രകാശിതമാവുകയാണ്. സുഭാഷ് ഒരു അതികായനാകുന്നു. അദ്ദേഹത്തിന്റെ നാമം സദാമുഖരിതമായിരിക്കും. ഹിന്ദുസ്ഥാൻ ധീരതയുടെയും ശക്തിയുടെയും നാടാണ് എന്ന് ലോകത്തിന് അദ്ദേഹം കാട്ടിക്കൊടുത്തു.” (കോൺഗ്രസ് അധ്യക്ഷ പദവിയിലേക്കുള്ള മത്സരത്തിൽ ബോസിനോട് ഏറ്റു തോറ്റ വ്യക്തിയാണ് ലേഖകൻ എന്ന് ഓർക്കുക)
ഇരുപതുരാജ്യങ്ങളിൽ നേതാജി തൻ്റെ വിപ്ലവ സംഘടന സ്ഥാപിച്ചു. ശൂന്യതയിൽ നിന്ന് ഭിന്നഭൂഖണ്ഡങ്ങളിൽ വിമോചന സേനയുടെ ദളങ്ങൾ രൂപകരിച്ചു. ലോകോത്തര സൈനികശക്തിക്കെതിരെ മാത്യഭൂമിയുടെ വിമോചനത്തിനുള്ള യുദ്ധത്തിന് തുടക്കമിട്ടു.അസാമാന്യ ധീരതയുടെതായ ഈ ഗംഭീര നേട്ടത്തിന്റെറെ രാജശില്‌പിയെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ഉന്നതനായ വിപ്ലവകാരി എന്നല്ലാതെ മറ്റെന്ത് വിശേഷിപ്പിക്കും!
1943 ഒക്ടോബർ ഇരുപത്തിയൊന്നാം തീയതി ‘സ്വതന്ത്ര ഇന്ത്യയുടെ താൽക്കാലിക സർക്കാരിൻ്റെ തലവൻ’ എന്ന നിലക്ക് അദ്ദേഹം രാജ്യസ്വതന്ത്ര്യത്തിന് വേണ്ടിയുള്ള യുദ്ധം പ്രഖ്യാപിച്ചു. അനുഗ്രഹീത കലാകാരനും വിഖ്യാത ചിത്രകാരനുമായ ചിന്താമണി കാർ ആലേഖനം ചെയ്ത നേതാജിയുടെ പടം പാർലമെൻറ് ഹാളിൽ അനാവരണം ചെയ്‌തപ്പോൾ ആ യുദ്ധപ്രഖ്യാപനത്തിന്റെ സാഫല്യം രാഷ്ട്രം ഓർത്തെടുക്കുകയായിരുന്നു.
അലക്സാണ്ടർ, ഡാലിയൂസ്,സീസർ, ഹാനിബോൾ, ജോര്‍ജ് വാഷിംഗ്‌ടൻ, നെപ്പോളിയൻ തുടങ്ങിയ വീരയോദ്ധാക്കളുടെ പംക്തിയിൽ താരത്തിളക്കത്തോടെ നേതാജിയും ഇടം കണ്ടെത്തിയെന്ന് നിസ്സംശയം പറയാം.
ഒരു മനുഷ്യൻ ലോകമഹായുദ്ധത്തിന്റെ ഭീകരസാഹചര്യത്തിൽ ഭൂഖണ്ഡങ്ങളിൽ നിന്ന് ഭൂഖണ്ഡങ്ങളിലേക്ക് കടലിലും കരയിലും ആകാശത്തുമായി ആയിരക്കണക്കിന് കിലോമീറ്റർ താണ്ടുക — അനന്യമായ മനോദാർഢ്യ ത്തോടെ . അതും മരണത്തെ മുഖാമുഖം കണ്ടു കൊണ്ട് യക്ഷിക്കഥകളെ അതിശയിക്കുന്ന അവിശ്വസനീയത. ഇത്തരം സാഹസകൃത്യങ്ങൾക്ക് ചരിത്രത്തിൽ സമാനതകൾ ഇല്ല. പ്രതിബന്ധങ്ങൾ അതിനുമുമ്പിൽ സ്വയം വഴിമാറുകയായിരുന്നു.
1945 ഓഗസ്റ്റ് പതിനെട്ടാം തീയതി ഫോർമോസിൽ ഉണ്ടായ ഉണ്ടായ ഒരു വിമാന അപകടത്തിൽ വിശ്രമരഹിതമായ ആ ജീവിതയാത്രയ്ക്ക് നിത്യ വിശ്രമം വിധിക്കപ്പെട്ടു എന്ന് പറയപ്പെടുന്നു. പക്ഷേ പലരും ഇന്ന് പോലും അത് അവിശ്വസിക്കുന്നു. അദ്ദേഹം ദിവംഗതനായി എന്ന് സങ്കൽപ്പിക്കാൻ ആർക്കും കഴിയുന്നില്ല എന്നതാണ് നേതാജിയെ അനശ്വരനാക്കുന്നത്.