തൃപ്പൂണിത്തുറക്കാര്‍ക്ക് പ്രിയപ്പെട്ട രാജേട്ടന്‍ (ടി.ആര്‍. രാജരാജവര്‍മ്മ -85) കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. തിരുവല്ല പാലിയേക്കര കൊട്ടാരത്തിലാണ് അദ്ദേഹം ജനിച്ചത്. കൗമാരത്തില്‍ ത്തന്നെ അദ്ദേഹം സംഘ ആദര്‍ശത്താല്‍ സ്വാധീനിക്കപ്പെട്ടു. മുതിര്‍ന്ന പ്രചാരകനായ എസ്.സേതുവേട്ടനായിരുന്നു അദ്ദേഹത്തെ ഒരു ഉറച്ച സ്വയം സേവകനായി വാര്‍ത്തെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്. സിവില്‍ എഞ്ചിനീയറിംഗ് ബിരുദത്തിന് ശേഷം കെഎസ്ഇബിയില്‍ അസി.എഞ്ചിനീയറായി നിയമനം കിട്ടിയ അദ്ദേഹത്തിന് ആ ജോലിയില്‍ പൂര്‍ണ്ണ തൃപ്തി ഉണ്ടായിരുന്നില്ല. ഒന്ന്, ഇലക്ട്രിസിറ്റി ബോര്‍ഡിലെ ജോലി നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട് വനാന്തരങ്ങളിലുള്ള പ്രോജക്ടുകളിലായിരുന്നതിനാല്‍ സംഘ പ്രവര്‍ത്തനത്തിനുള്ള സൗകര്യങ്ങള്‍ കുറവായിരിക്കും എന്നതായിരുന്നു പ്രശ്‌നം. ഇലക്ട്രിസിറ്റി ബോര്‍ഡിലെ തൊഴില്‍ സംസ്‌കാരം രാജേട്ടനെപ്പോലൊരാള്‍ക്ക് അത്ര സ്വീകാര്യവുമല്ലായിരുന്നു. കൊച്ചി രാജകുടുംബത്തിലെ രത്‌നം തമ്പുരാനെ വിവാഹം കഴിച്ചതോടെ അദ്ദേഹത്തിന്റെ കര്‍മ്മമേഖലയും തൃപ്പൂണിത്തുറയായി. അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഏറെക്കാലവും കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍, ടാറ്റാകമ്പനി, ഗ്രേറ്റര്‍ കൊച്ചിന്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഡപ്യൂട്ടേഷനില്‍ ജോലി ചെയ്തതിനാല്‍ ശിഷ്ട ജീവിതം തൃപ്പൂണിത്തുറക്കാരനായി ജീവിക്കുകയായിരുന്നു. എഞ്ചിനിയറിംഗ് ബിരുദത്തിന് പുറമേ എം.ബി.എ ബിരുദം കൂടി നേടിയ അദ്ദേഹം കെ.എസ്.ഇ. ബിയില്‍ ഡപ്യൂട്ടി ചീഫ് എഞ്ചിനീയറായിട്ടാണ് വിരമിച്ചത്.
സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉദ്യോഗസ്ഥനായിരിക്കുമ്പോഴും സംഘ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നിരുന്നില്ല. ഡപ്യൂട്ടി ചീഫ് എഞ്ചിനീയറായിരിക്കുമ്പോഴും ഗണവേഷധാരിയായി സംഘപരിപാടികളില്‍ പങ്കെടുക്കാനും സംഘചുമതലകള്‍ വഹിക്കാനും അദ്ദേഹം മടി കാണിച്ചില്ല. ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ശക്തിയായി പ്രവര്‍ത്തിച്ചു. തൃപ്പൂണിത്തുറയിലും പരിസര പ്രദേശങ്ങളിലും സംഘ പ്രവര്‍ത്തനങ്ങളുടെ അടിത്തറ പാകിയതില്‍ രാജേട്ടന്റെ പങ്ക് വളരെ വലുതായിരുന്നു. സംസ്‌കൃത കോളേജ് പ്രിന്‍സിപ്പാളായിരുന്ന ഗോപാലകൃഷ്ണയ്യരും തേവര കോളേജ് പ്രൊഫസറായിരുന്ന നാരായണന്‍മാഷുമൊന്നിച്ച് വീടുകള്‍ കയറി നടത്തിയ സമ്പര്‍ക്ക പ്രവര്‍ത്തനങ്ങള്‍ തൃപ്പൂണിത്തുറയില്‍ ഹൈന്ദവ ആദ്ധ്യാത്മിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ വ്യാപകമാകുന്നതിന് പശ്ചാത്തലമൊരുക്കി. കൊച്ചി രാജകുടുംബാംഗങ്ങള്‍ പലരും ഇടതുപക്ഷചിന്താഗതിക്കാരായി മാറുകയും പാര്‍ട്ടി ഫ്രാക്ഷന്‍ രാജകുടുംബാംഗങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത കാലത്ത് മറിച്ചൊരുചിന്താഗതി വളര്‍ത്തിയെടുക്കുന്നതിന് തുടക്കം കുറിച്ചത് രാജേട്ടനായിരുന്നു. പിന്നീട് സോമശേഖരന്‍ നായര്‍ (ടെല്‍ക് ജനറല്‍ മാനേജരായിരുന്ന അദ്ദേഹം പില്‍ക്കാലത്ത് സന്ന്യാസം സ്വീകരിച്ചു) വിശ്വന്‍ ചേട്ടന്‍, രവിയച്ചന്‍ തുടങ്ങി പല പ്രമുഖരും സംഘ നേതൃത്വത്തിലേക്ക് കടന്നുവന്നു. തൃപ്പൂണിത്തുറയില്‍ വിശ്വഹിന്ദുപരിഷത്ത്, തപസ്യ തുടങ്ങിയ സംഘടനകളുടെ തുടക്കം കുറിച്ചതിലും വളര്‍ത്തിയെടുത്തതിലും രാജേട്ടന്റെ പങ്ക് പ്രധാനമായിരുന്നു.
വീടിന്റെ ഒരു ഭാഗം സംഘകാര്യാലയമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം അനുവാദം നല്‍കി. അന്ന് തൃപ്പൂണിത്തുറയില്‍ ഉണ്ടായ ചില സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംഘപ്രവര്‍ത്തകരെ പോലീസ് വേട്ടയാടിയ സമയത്ത് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വീട്ടില്‍ കയറി രാജേട്ടനോട് കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ വളരെ മോശമായി പെരുമാറി. പക്ഷേ രാജേട്ടന്‍ സംയമനത്തോടു കൂടി പെരുമാറിയെന്ന് മാത്രമല്ല സംഘ കാര്യാലയം തന്റെ വീട്ടില്‍ത്തന്നെ തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തു.
തൃപ്പൂണിത്തുറയില്‍ വിശ്വഹിന്ദുപരിഷത്തും തപസ്യയും നല്ല അടിത്തറയുള്ള പ്രസ്ഥാനങ്ങളായി മാറിയപ്പോള്‍ അതിന്റെ ആദ്യകാല നേതൃനിരയില്‍ രാജേട്ടന്റെ പങ്ക് നമുക്ക് വിസ്മരിക്കാനാകില്ല. ഇന്ന് ബിജെപിക്ക് നഗരസഭയില്‍ 17 സീറ്റ് വരെ നേടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഒരു കൗണ്‍സിലര്‍ പോലും ഇല്ലാതിരുന്ന കാലത്ത് ഹൈന്ദവ മനസ്സുകളെ മാറ്റിയെടുക്കുന്നതില്‍ രാജേട്ടന്‍ അടക്കമുള്ളവരുടെ അധ്വാനം മറക്കാന്‍ സാധിക്കുന്നതല്ല.
നല്ലൊരു കഥകളി പ്രേമികൂടിയായിരുന്നു അദ്ദേഹം. കലാ ഉണ്ണികൃഷ്ണ കുറുപ്പിന്റെ സുവര്‍ണ്ണ കാലത്ത് എറണാകുളത്ത് സ്വന്തം സഹോദരനും സംഘപ്രവര്‍ത്തകനുമായ കേരളവര്‍മ്മയും പിറവം ദേവദാസും (ഇന്നത്തെ നാഗാര്‍ജുന എം.ഡി) ഒന്നിച്ച് കഥകളി സംഗീത സദസ് എന്ന സംഘടന രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതിലും രാജേട്ടന്‍ ഉണ്ടായിരുന്നു. തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെയും തൃപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയിശ സേവാ സംഘത്തിന്റെയും അധ്യക്ഷ പദവും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. സംഘത്തിന്റെ നഗര്‍ സംഘചാലക് ആയും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജേട്ടന്റെ പുത്രി സരിതാ വര്‍മ്മ അനുഗ്രഹീതയായ ഒരു കഥകളി കലാകാരി കൂടിയാണ്.
വടക്കാഞ്ചേരി ജ്ഞാനാശ്രമത്തിലെ മഠാധിപതിയും പ്രശസ്ത വേദാന്ത പണ്ഡിതനുമായിരുന്ന സ്വാമി ദയാനന്ദതീര്‍ത്ഥരുമായുള്ള ബന്ധമാണ് അദ്ദേഹത്തിന് ആദ്ധ്യാത്മിക അടിത്തറ പാകിയത്. സ്വാമി തൃപ്പൂണിത്തുറ വന്നാല്‍ രാജേട്ടനോടൊപ്പമായിരുന്നു പലപ്പോഴും താമസം. ദയാനന്ദസ്വാമി പൂജനീയ ഗുരുജി ഉള്‍പ്പെടെയുള്ള ഉയര്‍ന്ന സംഘ അധികാരികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു. യാത്രകള്‍ക്കിടയില്‍ ഞങ്ങളുടെ രണ്ടു പേരുടെയും ഭവനങ്ങള്‍ സ്വാമിയുടെ ഇടത്താവളങ്ങള്‍ ആയിരുന്നു. പിന്നീട് രാജേട്ടന്‍ ഭഗവാന്‍ സത്യസായി ബാബയുടെ ഭക്തനായിത്തീര്‍ന്നു. സായി ഭക്തനായിരിക്കുമ്പോഴും മാതാ അമൃതാനന്ദമയി മഠം, ശ്രീരാമകൃഷ്ണാശ്രമം, ചിന്മയാമിഷന്‍ തുടങ്ങി എല്ലാ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളോടും അദ്ദേഹം സജീവമായി സഹകരിച്ചിരുന്നു.
ജീവിതത്തിലെ ലാളിത്യം, സമൂഹത്തില്‍ ഏറ്റവും താഴേക്കിടയിലുള്ള വ്യക്തികളോടുപോലുമുള്ള സൗഹാര്‍ദ്ദം, ഒരിക്കലും ആരോടും കോപിക്കാതെ സ്‌നേഹത്തോടും വിനയത്തോടു മുള്ള പെരുമാറ്റം ഇതൊക്കെ രാജേട്ടനെ ഒരു മാതൃകാ സ്വയംസേവകനാക്കി മാറ്റി. അദ്ദേഹത്തിന്റെ ശതാഭിഷേകം തൃപ്പൂണിത്തുറയിലെ സംഘബന്ധുക്കളായ സുഹൃത്തുക്കള്‍ രണ്ട് വര്‍ഷം മുമ്പ് വിപുലമായി ആഘോഷിക്കുകയുണ്ടായി. സവിതാ വര്‍മ്മ (തൃപ്പൂണിത്തുറ) സരിതാ വര്‍മ്മ (പാലക്കാട്) സൗമിനി വര്‍മ്മ (ന്യൂസിലാണ്ട്) എന്നിവരാണ് മക്കള്‍. ആ ധന്യാത്മാവിന് പ്രണാമം അര്‍പ്പിക്കുന്നു.