ഈ ലേഖകന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ദേശാഭിമാനി വാരികയില്‍ എഴുതിയ ഒരു കവിതയാണ് ‘പ്രഹേളിക.’ കവിത നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയെക്കുറിച്ചാണ്. അത് ആരംഭിക്കുന്നത് ‘ദളിതനും സവര്‍ണനുമിടയില്‍ ഒരു ചോദ്യചിഹ്നംപോലെ വളഞ്ഞുപോയ ഗാന്ധി’ എന്ന വരികളിലാണ്, അവസാനിക്കുന്നത് ‘ഇപ്പോള്‍ ദളിതനും സവര്‍ണ്ണനും ഹിന്ദുവും മുസ്ലീമും ചാരനും രാജ്യസ്‌നേഹിയും ഗാന്ധിയെ തള്ളിപ്പറയുന്നു. ഹേ റാം ആ വെടിയുണ്ട വിശുദ്ധമായിരുന്നെങ്കില്‍’ എന്നിങ്ങനെയാണ്. കവിതയ്ക്കു ഞാന്‍ നല്‍കിയ തലക്കെട്ട് കടംകഥ എന്നര്‍ത്ഥം വരുന്ന ‘പ്രഹേളിക’യാണ്. അങ്ങനെയൊരു കവിതയെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് ഗാന്ധിജി എന്നെ അത്ഭുതപ്പെടുത്തിയതു കൊണ്ടുതന്നെയാണ്. ചരിത്രത്തില്‍ ഗാന്ധിയോളം സങ്കീര്‍ണ്ണമായ വ്യക്തിത്വമുള്ള മറ്റൊരു ജനനേതാവുമില്ല. അദ്ദേഹത്തിന്റെ പല ചെയ്തികളും നമ്മെ അത്ഭുതപ്പെടുത്തുന്നവയാണ്. ചിലപ്പോ മനുഷ്യസാധ്യമല്ലാത്ത മഹത്വമുള്ള ഒരു വലിയ പ്രതിഭാസമാണ് ഗാന്ധി എന്നു തോന്നും. മറ്റു ചിലപ്പോള്‍ ഒരു കിറുക്കന്‍ വ്യക്തിത്വമാണോ എന്നു നമ്മള്‍ സംശയിക്കും. ചില സന്ദര്‍ഭങ്ങളില്‍ അസാധാരണ ധീരനാണെന്നു തോന്നും. മറ്റൊരിക്കല്‍ ഭീരുവെന്നും. അങ്ങനെ തികച്ചും വ്യത്യസ്തമായ മനോഭാവങ്ങളും ചെയ്തികളും ഗാന്ധിയില്‍ കാണാം. കൃത്യമായി അദ്ദേഹത്തെ വിലയിരുത്തുക ദുഷ്‌കരം.
അമ്മയെ തല്ലിയാലും രണ്ടുണ്ടുപക്ഷം എന്നൊരു പഴഞ്ചൊല്ല് ഉള്ളതുപോലെയാണ് മഹാത്മാവിന്റെ കാര്യവും. ഗാന്ധിജിയുടെ ചെയ്തികളെല്ലാം രണ്ടു രീതിയില്‍ വ്യാഖ്യാനിക്കപ്പെടുകയുണ്ടായി. ബൂവര്‍ യുദ്ധകാലത്ത് വെള്ളക്കാരെ സഹായിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. യുദ്ധരംഗത്ത് മുറിവേറ്റു വീഴുന്ന ബ്രീട്ടിഷു പട്ടാളക്കാരെ ശുശ്രൂഷിക്കാന്‍ ഗാന്ധിജി മുന്‍കയ്യെടുത്തത് പില്‍ക്കാലത്ത് പല വിമര്‍ശനങ്ങള്‍ക്കും വഴിവച്ചു. 1899 മുതല്‍ 1902 വരെ 3 വര്‍ഷക്കാലം നീണ്ട ആ യുദ്ധത്തില്‍ കോളനിവാഴ്ചയ്‌ക്കെതിരെ പൊരുതിയ കറുത്തവരോടൊപ്പം നില്‍ക്കാതെ കമ്പനിയോടൊപ്പം നിന്ന ഗാന്ധിജിയ്ക്ക് എന്താദര്‍ശം എന്നു ചിലര്‍ ചോദിച്ചു. ഗാന്ധിജിയുടെ ക്രാന്തദര്‍ശിത്വമാണ് അതില്‍ കാണാനാവുക എന്നു തോന്നുന്നു. അദ്ദേഹത്തിന്റെ ആത്യന്തിക ലക്ഷ്യം ഭാരതത്തിന്റെ മോചനവും ഭാരതീയരുടെ ക്ഷേമവുമാണ്. അതു നേടിയെടുക്കാന്‍ ഒരു സായുധ സമരത്തിലൂടെ കഴിയില്ലെന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നതിനാല്‍ ആദ്യം ബ്രിട്ടീഷ് അധികാരികളുടെ വിശ്വാസ്യത നേടിയെടുക്കാനാണ് ഗാന്ധി ശ്രമിച്ചത്. അതില്‍ മഹാത്മജി വിജയിക്കുകയും ചെയ്തു. പില്‍ക്കാലത്ത് ഗാന്ധിജിയോട് ബ്രിട്ടന്‍ ഒരു മൃദുസമീപനം സ്വീകരിച്ചത് ഈ നിലപാടുമൂലമാണ്.
ബ്രിട്ടീഷുകാര്‍ ഗാന്ധിജിയോടു കാണിച്ച മൈത്രിയും ബഹുമാനവും പലരേയും തെറ്റിദ്ധരിപ്പിച്ചു. അടുത്തകാലത്ത് സുപ്രീംകോടതി ജഡ്ജി ആയിരുന്ന മാര്‍ക്കണ്ഡേയ കഡ്ജു പറഞ്ഞതുപോലെ പലരും മഹാത്മജിയെ ബ്രിട്ടീഷ് ഏജന്റ് എന്നു വിളിച്ചു. ഏറ്റവും കൂടുതല്‍ അങ്ങനെ വിളിച്ചത് മാര്‍ക്‌സിസ്റ്റുകളായിരുന്നു. പരസ്യമായിത്തന്നെ ബ്രിട്ടീഷ് ചാരന്‍ എന്ന് അവര്‍ ഗാന്ധിജിയെ വിളിച്ചുപോന്നു.
വിപ്ലവമാര്‍ഗ്ഗത്തിലൂടെ സ്വാതന്ത്ര്യം നേടാന്‍ കഴിയാതെ പോയത് ഗാന്ധിജിയുടെ അഹിംസവാദംകൊണ്ടായിരുന്നുവെന്നു ശകാരിക്കുന്ന പലരുമുണ്ട്. ബ്രിട്ടനെ വെല്ലുവിളിച്ച അനേകം ചെറുത്തുനില്പുകള്‍ ഉണ്ടായിട്ടുണ്ട് എന്നതു ശരിയാണെങ്കിലും ഒരു ഏകീകൃത സ്വഭാവത്തോടെ ഭാരതീയര്‍ അത്തരം ഒരു മുന്നേറ്റത്തിനു തയ്യാറാകും എന്ന് വിശ്വസിക്കുക പ്രയാസം. കാരണം തമ്മില്‍ത്തല്ലും ഭീരുത്വവുമൊക്കെ കൈമുതലായുണ്ടായിരുന്ന ഭാരതീയര്‍ ഒരു ഏകീകൃത സമരത്തിന് അക്കാലത്ത് തയ്യാറാവുമായിരുന്നുവെന്ന് വിശ്വസിക്കാന്‍ വയ്യ. സ്വതവേ സാധുക്കളും സമാധാനകാംക്ഷികളുമായ ഭാരതീയരെ ഒരു സായുധവിപ്ലവത്തിനു പ്രാപ്തരാക്കുക സാധ്യമല്ലെന്ന് ഗാന്ധിജിക്ക് നന്നായി അറിയാമായിരുന്നു. അതാവണം ഇങ്ങനെ ഒരു സമാധാന വഴി തെരഞ്ഞെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ഗാന്ധിജി വിഭജനത്തിന് കാരണക്കാരനാണെന്ന് ചിലര്‍ പറയുന്നു. എന്നാലത് ശരിയാണെന്നു തോന്നുന്നില്ല. ജിന്നയെ പ്രധാനമന്ത്രിയാക്കിയെങ്കിലും വിഭജനം ഒഴിവാക്കണമെന്നതായിരുന്നു ഗാന്ധിജിയുടെ പക്ഷം. വിഭജനത്തില്‍ എല്ലാ ഭാരതീയര്‍ക്കും വേദനയുണ്ടെങ്കിലും വിഭജനം ഒരര്‍ത്ഥത്തില്‍ നന്നായി എന്ന് പറയുന്നവരുമുണ്ട്. എന്തുകൊണ്ടെന്നാല്‍ ഭാരതത്തിലെ 20 കോടി മുസ്ലീങ്ങള്‍ക്കു പുറമെ ബംഗ്ലാദേശിലെ 15 കോടിയും പാകിസ്ഥാനിലെ 20 കോടിയും ചേര്‍ ന്നാല്‍ 55 കോടിയിലധികം മുസ്ലീം ജനവിഭാഗം അധിവസിക്കുന്ന നാടായിരുന്നേനേ അവിഭക്തഭാരതം. അങ്ങനെയൊരു ഭാരതത്തില്‍ ജനാധിപത്യമോ പരസ്പരസഹവര്‍ത്തിത്വമോ ഒന്നുമുണ്ടാകാനിടയില്ല. ഏതെങ്കിലും മുസ്ലിം ചക്രവര്‍ത്തി ഭരിക്കുന്ന ഒരു സ്വേച്ഛാധിപത്യ രാഷ്ട്രമായിരുന്നേനേ ഭാരതം. അവിടെ അടിമകളെ പോലെ കഴിഞ്ഞേനേ ഈ നൂറുകോടി ഹിന്ദുക്കള്‍.
സ്വാതന്ത്ര്യത്തിനു മുന്‍പുണ്ടായ വര്‍ഗീയ കലാപങ്ങളില്‍ ഹിന്ദുക്കളും സിഖുകാരും ലക്ഷക്കണക്കിനു കൊല്ലപ്പെട്ടു. അപൂര്‍വ്വം ചിലയിടങ്ങളില്‍ കുറച്ചു സിഖുകാര്‍ മാത്രമാണ് അന്ന് തിരിച്ചടിച്ചത്. ഹിന്ദുക്കള്‍ പതിവുപോലെ പലായനം ചെയ്തതേയുള്ളൂ. എങ്കിലും ഹിന്ദു-മുസ്ലിം ലഹളയെന്നാണതിനെ വിളിക്കുന്നത്. ലക്ഷക്കണക്കിനു ഹിന്ദുക്കള്‍ കൊല്ലപ്പെട്ടിട്ടും ഒരു മുസ്ലിം പോലും വധിക്കപ്പെടാന്‍ പാടില്ല എന്ന നിലപാടാണ് അന്നു ഗാന്ധിജി കൈക്കൊണ്ടത്. മുസ്ലീങ്ങള്‍ എത്രപേരെ വധിച്ചാലും നമ്മുടെ ഭവനങ്ങള്‍ കൈയേറിയാലും ഒരു ഹിന്ദുവും തിരിച്ചടിക്കാന്‍ പാടില്ല എന്ന നിലപാടാണ് ഗാന്ധിജി എടുത്തത്. അതുപലരേയും ചൊടിപ്പിച്ചു. അതായിരിക്കണം പില്‍ക്കാലത്ത് മഹാത്മാവിന്റെ വധത്തിലേയ്ക്കു നയിച്ചത്.
തന്റെ മൂത്ത മകന്‍ ഹരിലാല്‍ ഗാന്ധി മതം മാറി അബ്ദുള്ള ഗാന്ധിയായപ്പോള്‍ ഗാന്ധിജിയുടെ പ്രതികരണം അത്ഭുതകരമായിരുന്നു. ”ഇസ്ലാം മതത്തെ പഠിച്ചു മനസ്സിലാക്കിയാണ് ഹരിലാല്‍ മതം മാറിയതെങ്കില്‍ ഞാനതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ പണം വാങ്ങിക്കൊണ്ടാണ് അപ്രകാരം ചെയ്‌തെങ്കില്‍ എനിക്ക് അവനോട് ഒരു മമതയുമില്ല” എന്നിങ്ങനെയാണ് ഗാന്ധിജി എഴുതിയത്. കസ്തൂര്‍ബാ യ്ക്ക് ചികിത്സ നിഷേധിച്ചതും ബ്രഹ്‌മചര്യം പരീക്ഷിച്ചതും തുടങ്ങി വിചിത്രമെങ്കിലും അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായത്തില്‍ ആദര്‍ശപ്രേരിതമായ പല സംഗതികളും ആ ജീവിതത്തിലുണ്ട്. വള്ളത്തോള്‍ എഴുതിയതു പോലെ ”ഗീതയ്ക്കു മാതാവായ ഭൂമിയേ ദൃഢമിതുമാതിരിയൊരു കര്‍മയോഗിയെ പ്രസവിക്കൂ.”
യൂറോപ്യന്മാരും ഗാന്ധിജിയെ കൗതുകത്തോടും അത്ഭുതത്തോടുമാണ് നോക്കിക്കണ്ടത്. ബര്‍ട്രന്റ് റസ്സലും ബര്‍ണാഡ്ഷായും റൊമയിന്‍ റോളാണ്ടുമെല്ലാം അദ്ദേഹത്തെ അത്ഭുതത്തോടെ നോക്കിയവരാണ്. എന്നാല്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചലിന് വലിയ അവജ്ഞയായിരുന്നു ഗാന്ധിയെ. ‘ഒമഹളിമസലറ ളമസസശൃ’ എന്ന് വിളിച്ച് ആ അവജ്ഞ അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.
ഒരു കാലത്ത് ഗാന്ധിജിയെ ഏറ്റവും കൂടുതല്‍ നിന്ദിച്ച ഇടതുപക്ഷം പില്‍ക്കാലത്ത് ആ നിലപാടു തിരുത്തി. ഇന്ന് അവര്‍ അദ്ദേഹത്തെ ബഹുമാനിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഗാന്ധിജിയെ വധിച്ചത് ആര്‍.എസ്.എസ്സാണെന്ന് ഏറ്റവും കൂടുതല്‍ പ്രചരിപ്പിക്കുന്ന ഇടതുപക്ഷം അതിനുബദലായിക്കൂടിയാണ് ഗാന്ധിജിയുടെ മഹത്വം ഘോഷിക്കുന്നത്. അതിനാണെന്ന് തോന്നുന്നു അന്‍വര്‍ അലിയെക്കൊണ്ട് ഒരു ഗാന്ധിക്കവിത എഴുതി വലിയ ആമുഖമൊക്കെക്കൊടുത്തു പ്രസിദ്ധീകരിക്കുന്നത്. കവിതയില്‍ കഴമ്പൊന്നുമില്ല. പണ്ടു വൈക്കം മുഹമ്മദ് ബഷീര്‍ ഗാന്ധിയെ തൊട്ടെന്ന് പറഞ്ഞസംഭവമാണ് കവിതയിലുള്ളത്. ദേശാഭിമാനി ഏപ്രില്‍ 24 ലക്കം ഗാന്ധിയുടെ മുഖചിത്രത്തോടെ അന്‍വര്‍അലിയുടെ കാരിക്കേച്ചറുമൊക്കെ കൊടുത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പുകാലമായതുകൊണ്ടാവാം. വൈക്കം മുഹമ്മദ് ബഷീര്‍ ജനിച്ചത് 1908ല്‍ ആണ്. 1924ലായിരുന്നു വൈക്കം സത്യഗ്രഹം. അന്നു ഗാന്ധിജി വൈക്കത്തു വന്നിരുന്നില്ല. അന്ന് ഗാന്ധിജിയെ തൊട്ടു എന്നാണ് ബഷീര്‍ പറയുന്നത്. മാത്രവുമല്ല 1924ല്‍ ബഷീറിന്റെ പ്രായം 16 കഴിഞ്ഞിരുന്നു. അപ്പോഴും അദ്ദേഹം സ്‌കൂളില്‍ പഠിക്കുകയായിരുന്നു എന്നതും പൊരുത്തപ്പെടുന്നില്ല. ഗാന്ധിജി അഞ്ച് തവണയാണു കേരളം സന്ദര്‍ശിച്ചത് അത് 1920, 25, 27, 34, 37 എന്നിങ്ങനെയാണ്. 1924ല്‍ അദ്ദേഹം കേരളത്തില്‍ വന്നിട്ടില്ല. 25-ല്‍ വൈക്കത്തുവന്ന ഗാന്ധിജിയെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ബഷീര്‍ തൊട്ടുവെങ്കില്‍ 17-18 വയസ്സിലും അദ്ദേഹം സ്‌കൂളില്‍ പഠിക്കുകയായിരുന്നിരിക്കണം. ഈ തൊടല്‍ കഥാകൃത്ത് ഭാവന ചെയ്തതു മാത്രമാണോ എന്നറിയില്ല. എന്തായാലും അതുതന്നെയാണ് അന്‍വര്‍ അലിയുടെ കവിതയുടെ ഇതിവൃത്തവും. കവിത എന്നു പറയാന്‍ പറ്റുന്ന ഒന്നും അന്‍വറിന്റെ എഴുത്തിലില്ല. കവിതയുടെ തലക്കെട്ടും വിചിത്രമാണ്. ‘ഗാന്ധി തൊടല്‍ മാല’. അതിനൊരു രണ്ടാം ഭാഗവുമുണ്ട് ‘ഒടുക്കം’ കവി പറയുന്നത് മരണസമയത്ത് ഗാന്ധിജി ‘ഹേ റാം’ എന്നല്ല ‘റാം റഹിം’ എന്നാണ് പറഞ്ഞതെന്നാണ്. ഐന്‍സ്റ്റീന്‍ ഒരിക്കല്‍ പറഞ്ഞതുപോലെ ഇങ്ങനെയൊരാള്‍ ഭൂമിയില്‍ ജീവിച്ചിരുന്നുവെന്നു പറഞ്ഞാല്‍ വരുംതലമുറ വിശ്വസിക്കാനിടയില്ല എന്നു പറയാവുന്ന തരത്തില്‍ അത്ഭുതകരമായിരുന്നു മഹാത്മാവിന്റെ ജന്മം (“”Generations to come will scarce believe that such a one as this walked the earth in flesh and blood” þAlbert Einstein).
ദേശാഭിമാനിയില്‍ വേറേയും കവിതകളുണ്ട്. ബി.കെ. ഹരിനാരായണന്റെ ‘കോട്ടൊരുമ’, സുകുമാരന്‍ ചാലിഗദ്ധയുടെ ‘മാന്‍ മസാല’, വിജിലയുടെ രണ്ടു കടല്‍ കവിതകള്‍, എം.എം.പൗലോസിന്റെ ജാതിക്കുമ്പ. പണ്ഡിറ്റ് കറുപ്പന്റെ ‘ജാതിക്കുമ്മി’യെ അനുകരിച്ചാണ് എം.എം.പൗലോസിന്റെ ‘ജാതിക്കുമ്പ’. കേരളത്തില്‍ മതം പറയുന്നത് വര്‍ഗീയതയും ജാതി പറയുന്നത് സദ്കര്‍മ്മവുമാണ്. മതവും ചിലര്‍ക്കു പറയാം.
മാധ്യമം വാരികയില്‍ വി.കെ.സുധി എഴുതിയിരിക്കുന്ന കഥയാണ് (ഏപ്രില്‍ 22-29) ‘മേരി വിജയം’. മനുഷ്യഭാവനയ്ക്ക് അതിരുകളില്ലല്ലോ. പത്രാധിപര്‍ മുതല്‍ പ്രസ് ജീവനക്കാര്‍ വരെ എഴുത്തുകാരുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്താറുണ്ട്. ഈ ലേഖകന്‍ ‘പണ്ഡിതമ്മന്യന്‍’ എന്നൊരു പദം ഒരു ലേഖനത്തില്‍ എഴുതിയതിനെ ഒരിക്കല്‍ പ്രസ്സുകാര്‍ ‘പണ്ഡിതമാന്യനെന്നു തിരുത്തി. വീണ്ടും തിരുത്തി’ ‘പണ്ഡിതമ്മന്യ’നാക്കി അയച്ച എനിക്ക് വീണ്ടുമൊരു തിരുത്തും കൂട്ടത്തില്‍ പ്രസ്സുകാരുടെ ഉപദേശവും കിട്ടി. അങ്ങനെ ഒരു പദം ഇല്ല എന്നായിരുന്നു അവരുടെ ഉപദേശം. ‘കണ്ണടക്കുന്നു’ എന്നൊരു കവിതയില്‍ എഴുതിയപ്പോള്‍ ഒരു പത്രാധിപര്‍ക്ക് അത് തീരെ ദഹിക്കാത്തതിനാല്‍ അദ്ദേഹം ‘കണ്ണടയ്ക്കുന്നു’ എന്നു തിരുത്തിക്കളഞ്ഞു.
‘മേരി വിജയം’ എന്ന കഥ പാവം ഒരു കപ്യാരെഴുതിയ കഥയില്‍ ഒരു പ്രസ്സ് ജീവനക്കാരന്‍ ഒരശ്ലീല കഥയിലെ വരികള്‍ മനഃപൂര്‍വ്വം കയറ്റി വിടുന്നതാണ്. എന്തിനാണ് രത്‌നാകരന്‍ എന്ന പ്രസ്സ് ജീവനക്കാരന്‍ അങ്ങനെ ചെയ്തതെന്ന് കഥാകൃത്ത് പറയുന്നില്ല. എന്തായാലും മേരിവിജയത്തിന്റെ കര്‍ത്താവ് ഇക്കാരണം കൊണ്ടു തന്നെ ആത്മഹത്യ ചെയ്തു കളഞ്ഞു. സാധുകുഞ്ഞപ്പി എന്ന ആ എഴുത്തുകാരന്റെ മരണത്തിനിടയാക്കിയ സംഭവമെന്തെന്ന് അന്വേഷിച്ചുപോകുന്ന മകനാണ് രത്‌നാകരന്റെ കൈക്രിയ കണ്ടെത്തുന്നത്. രത്‌നാകരന്‍ കുറ്റം ഏറ്റു പറയുന്നുമുണ്ട്. ഭാവനയുടെ വിചിത്ര സഞ്ചാരം എന്നേ കഥയെക്കുറിച്ചു പറയാന്‍ പറ്റൂ. പതിവുകളില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു ഇതിവൃത്തം. കഥകള്‍ക്ക് പുതിയ ഇതിവൃത്തങ്ങള്‍ സ്വീകരിക്കുന്നതില്‍ നമ്മുടെ ചെറുകഥാകൃത്തുകള്‍ അഭിനന്ദനീയമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നു പറയാതെ വയ്യ.