2008 ബീജിങ്ങ് ഒളിമ്പിക്‌സില്‍ വിജേന്ദര്‍ സിങ്ങിന്റേയും 2012 ലണ്ടനില്‍ എം.സി. മേരികോമിന്റേയും വെങ്കല നേട്ടങ്ങള്‍ക്ക് ശേഷം ഒളിമ്പിക്‌സ് ബോക്‌സിങ് റിങ്ങില്‍ നിന്നും മറ്റൊരു മെഡല്‍ മോഹിക്കുന്ന ഇന്ത്യക്ക് തെല്ലൊരാഹ്ലാദത്തിന് വക നല്‍കുംവിധമുള്ള സൂചനകളാണ് സപ്തംബര്‍ 22ന് റഷ്യയിലെ എക്കറ്ററിന്‍ബര്‍ഗില്‍ സമാപിച്ച ലോകബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പ് ഫലം നല്‍കുന്നത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ നടന്നുവരുന്ന ലോകചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ 2009ന് ശേഷം മെഡല്‍ പട്ടികയില്‍ തുടര്‍ച്ചയായി (2013ല്‍ ഒഴികെ) ഇന്ത്യന്‍ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ആകെ പത്തിനങ്ങളിലായി നാല്‍പ്പത് മെഡലുകള്‍ നല്‍കുന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ ഒരു മെഡല്‍ – അതും വെങ്കലം – ഒരു നേട്ടമായി മറ്റുള്ളവര്‍ക്ക് കാണാനാകില്ലെങ്കിലും ഈ രംഗത്ത് വന്‍പുകളൊന്നും അവകാശപ്പെടാനില്ലാത്ത ഇന്ത്യയ്ക്ക് അതാശ്വാസം തന്നെയായിരുന്നു.
2009ല്‍ വിജേന്ദര്‍ സിങ്ങും 2011ല്‍ വികാസ് കൃഷ്ണനും 2015ല്‍ ശിവ്താപ്പയും 2017ല്‍ ഗൗരവ് ബദൂരിയുമാണ് ഓരോ വെങ്കല മെഡലുകള്‍ സമ്പാദിച്ച് ഇന്ത്യയെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. ഈ വിജയങ്ങള്‍ നല്‍കിയ ഉണര്‍വ്വും ആത്മവിശ്വാസവുമായിരുന്നു ബോക്‌സിങ്ങ് കൂടുതല്‍ ഗൗരവത്തിലെടുക്കുന്നതിനും ടാര്‍ജറ്റ് ഒളിമ്പിക് പോഡിയം (ടിഒപി) പദ്ധതിയുടെ ഭാഗമാക്കുന്നതിനും ഇന്ത്യന്‍ ബോക്‌സിങ്ങ് ഫെഡറേഷന് പ്രേരകമായത്. അതിന്റെ ഫലമായിരുന്നു ഹരിയാനയിലെ ഭിവാനി ഇന്ത്യന്‍ ബോക്‌സിങ്ങിന്റെ പരിശീലനക്കളരിയായി സ്ഥാനമുറച്ചത്. ഈ ദശകത്തില്‍ ഏഷ്യന്‍ ഗെയിംസ് കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ തിളങ്ങുകയും ഒളിമ്പിക്‌സ് ക്വാര്‍ട്ടര്‍ ഫൈനല്‍വരെയെത്തുകയും ചെയ്ത അഖില്‍കുമാര്‍, ദിനേശ്കുമാര്‍, ജിതേന്ദര്‍, മനോജ്കുമാര്‍ എന്നീ കരുത്തരും മേല്‍ സൂചിപ്പിച്ച താരങ്ങള്‍ക്കൊപ്പം അന്തര്‍ദ്ദേശീയ രംഗത്ത് ഉദയം ചെയ്തതും ‘ഭിവാനി’യുടെ സംഭാവനയാണ്.
ഈ പാരമ്പര്യത്തിന്റെ പിന്‍തുടര്‍ച്ചയാണ് ഇത്തവണത്തെ ലോകചാമ്പ്യന്‍ഷിപ്പ് വേദിയില്‍ അമിത് പംഗല്‍ എന്ന 23 കാരനിലൂടെ ബോക്‌സിങ്ങ് ലോകം ദര്‍ശിച്ചത്. ഫ്‌ളൈവെയിറ്റ് (52 കി.ഗ്രാം) വിഭാഗം അന്തിമ മത്സരത്തില്‍ നിലവിലുള്ള ഒളിമ്പിക് ചാമ്പ്യന്‍ ഷാക്കൊബിദിന്‍ സൈറോവിനോട്, കടുത്ത മത്സരത്തിനൊടുവില്‍ വെള്ളിയിലേക്ക് ഒതുങ്ങേണ്ടി വന്നെങ്കിലും അതിലൂടെ ഇന്ത്യന്‍ ബോക്‌സിങ്ങിലെ എക്കാലത്തേയും മികച്ച അന്താരാഷ്ട്ര നേട്ടമാണ് അമിത് കൈവരിച്ചത്. എക്കറ്ററിന്‍ബര്‍ഗിലെ റിങ്ങില്‍ തുടക്കം മുതല്‍ മികച്ച ഫോമിലായിരുന്ന അമിത് പംഗല്‍, ആദ്യ റൗണ്ടുകളിലെ അനായാസ വിജയങ്ങള്‍ക്ക്‌ശേഷം ക്വാര്‍ട്ടര്‍ ഒളിമ്പിക്‌ഫൈനലില്‍ ഫിലിപ്പീന്‍സിലെ കാര്‍ലോസ് പാലമിനെതിരെ തിളക്കമാര്‍ന്ന പ്രകടനത്തോടെയാണ് മെഡല്‍മേഖലയിലേക്ക് കടന്നെത്തിയത്. യൂറോപ്യന്‍ ചാമ്പ്യനായ അര്‍മീനിയയുടെ ആര്‍തര്‍ ഹൊവാനിസുനെ അട്ടിമറിച്ചെത്തിയ കസാഖിസ്ഥാന്റെ സകന്‍ ബിബിനോവിനെ തീക്ഷ്ണമായ പോരാട്ടത്തില്‍ വീഴ്ത്തി ഫൈനലിലേക്കെത്തിയപ്പോള്‍, അത് ഒരിന്ത്യക്കാരന്റെ ഏറ്റവും മികച്ച അന്തര്‍ദ്ദേശീയ നേട്ടമായി. ഇടങ്കയ്യന്‍ ക്രോസ് പഞ്ചുകളും പ്രതിരോധം തകര്‍ക്കുന്ന ജാബുകളുമായി സാധാരണ എതിരാളികളെ നേരിടുന്ന ശീലമുള്ള ഈ അഞ്ചടി മുന്നിഞ്ചുകാരന്‍ ഇവിടെ പ്രബലനായ കസാഖുകാരനെതിരെ തന്ത്രമൊന്ന് മാറ്റിപ്പയറ്റുകയാണുണ്ടായത്. പ്രതിരോധം ഉറപ്പിച്ച് പിന്‍വാങ്ങുകയും ഇടയ്ക്കിടെ സ്‌ട്രെയിറ്റ് പഞ്ചുകള്‍ പ്രയോഗിച്ച് എതിരാളിയെ കുഴപ്പത്തിലാക്കി കീഴ്‌പ്പെടുത്തുകയുമാണ് ചെയ്തത്. അന്തിമ പോരാട്ടത്തില്‍, കൂടുതല്‍ ഉയരമുണ്ടായിരുന്നു ഉസ്ബക്കിസ്ഥാന്റെ ഒളിമ്പിക് ചാമ്പ്യന്‍ ഷാക്കോബിദിന്‍ സൈറോവിനെതിരെ തന്റെ പതിവു തന്ത്രങ്ങള്‍ ഫലപ്രദമാകാതെ പോയതാണ് സുവര്‍ണ മുദ്രയെന്ന ചരിത്രനേട്ടത്തിലെക്കെത്താന്‍ അമിതിന് കഴിയാതിരുന്നത്. ഒളിമ്പിക് വിജയത്തിന് ശേഷം പ്രൊഫഷണല്‍ രംഗത്തേക്ക് പോയ സൈറോവിനെ ലോകചാമ്പ്യന്‍ഷിപ്പിനായി ഉസ്ബക്ക് ഫെഡറേഷന്‍ തിരിച്ചു വിളിക്കുകയാണുണ്ടായത്. (നിലവില്‍ പ്രൊഫഷണല്‍ താരങ്ങള്‍ക്ക് ഒളിമ്പിക്‌സ്, ലോകചാമ്പ്യന്‍ഷിപ്പ് അടക്കമുള്ള മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള അനുമതിയുണ്ട്.)
റഷ്യയിലെ വെള്ളിനേട്ടത്തിലൂടെ അമിത് പംഗല്‍ 2020 ടോക്കിയോ ഒളിമ്പിക്‌സിനുള്ള ക്വാട്ടാ സ്ഥാനം ഉറപ്പാക്കിക്കഴിഞ്ഞു. 63 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച മനീഷ് കൗശിക് ഈ ലോകചാമ്പ്യന്‍ഷിപ്പ് സെമിയില്‍ കടക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി. ആദ്യ റൗണ്ട് വിജയങ്ങള്‍ക്ക് ശേഷം ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിന്റെ വാന്‍ഡേഴ്‌സണ്‍ ഡി ഒലിവേരയെ തോല്‍പ്പിച്ച് സെമിയില്‍ കടന്ന് വെങ്കലമുറപ്പിച്ച മനീഷ്, ഇന്ത്യക്ക് വേണ്ടി രണ്ടാമത്തെ വിജയമുദ്ര സമ്പാദിച്ചു.
ഈ നേട്ടത്തിന്റെ ബലത്തില്‍ ഇന്ത്യ ഒരു ലോകചാമ്പ്യന്‍ഷിപ്പില്‍ രണ്ടു മെഡലെന്ന പുതുചരിത്രമെഴുതി. എന്നാല്‍ ഫൈനലില്‍ പാന്‍ അമേരിക്കന്‍ ചാമ്പ്യനായ ക്യൂബയിലെ ആന്‍ഡി ഗോമസ് ക്രൂസിനെതിരെ മിന്നുന്ന പോരാട്ടത്തിന് ശേഷം കീഴടങ്ങുകയായിരുന്നു. വെങ്കലമുറപ്പാക്കിയതോടെ 2020 ആദ്യം ചൈനയിലെ വൂഹാനില്‍ നടക്കുന്ന ഒളിമ്പിക് ക്വാളിഫൈയിങ്ങ് മത്സരങ്ങള്‍ക്ക് മനീഷ് കൗശിക് യോഗ്യത നേടുകയും ചെയ്തു. അമിതിനും മനീഷിനുമൊപ്പം മത്സരങ്ങളില്‍ പങ്കെടുത്ത് സന്‍ജീത് (91 കിലോ), കവിന്ദര്‍ ബിഷ്ത് (57 കിലോ) എന്നിവരുടെ പ്രകടനവും മോശമായില്ല. ആദ്യ മത്സരങ്ങള്‍ വിജയിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ഇരുവരും മെഡലിന് ഒരു വിജയം മാത്രം അകലെ വച്ച് എതിരാളികളോടേറ്റ് പുറത്താകുകയായിരുന്നു.
കൂടുതല്‍ പ്രശസ്തനും ഇപ്പോള്‍ പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ കരുത്തനുമായ വിജേന്ദര്‍ സിങ്ങിന് പോലും കൈവരിക്കാനാകാത്ത ഉയരത്തിലേക്കാണ് അമിത് നടന്നു കയറിയത്. പന്ത്രണ്ടാം വയസ്സില്‍ ജ്യേഷ്ഠസഹോദരനായ അജയിന്റെ ശിക്ഷണത്തില്‍ മുഷ്ടിയുദ്ധത്തിന്റെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചു തുടങ്ങിയ അമിത് 2017ല്‍ ഏഷ്യന്‍ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയാണ് ആദ്യമായി അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് വരുന്നത്. തുടര്‍ന്ന് 2018ല്‍ ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നേട്ടം വെള്ളിയിലേക്കുയര്‍ത്തി കരുത്തറിയിച്ചു. തൊട്ടുപിന്നാലെ അതേവര്‍ഷം ജക്കാര്‍ത്തയില്‍, ഏഷ്യന്‍ ഗെയിംസില്‍ അമിത് പംഗല്‍ എന്ന പോരാളി ഉരുകിത്തെളിഞ്ഞ് സ്വര്‍ണ്ണശോഭ നേടി; കലാശമത്സരത്തില്‍ ലോകചാമ്പ്യനായ ഉസ്ബക്കിസ്ഥാന്റെ ഹസന്‍ബോയ് ഡസ്ബറ്റോവിനെ നിശിതമായി മത്സരത്തില്‍ അടിയറവ് പറയിച്ചുകൊണ്ട്.
1978, 82 ഏഷ്യന്‍ ഗെയിംസുകളില്‍ ഹെവിവെയ്റ്റ് വിഭാഗത്തില്‍ കൗര്‍സിങ്ങിനും, പിന്നീട് ദീര്‍ഘമായ 16 വര്‍ഷങ്ങള്‍ക്ക് ശേഷം 1998ല്‍ ബാന്റംവെയിറ്റ് ഇനത്തില്‍ ഡിങ്കോസിങ്ങിനും 2010ല്‍ വികാസ് കൃഷ്ണനും വിജേന്ദറിനും ശേഷം ആദ്യമായാണ് ഒരിന്ത്യക്കാരന്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം അണിയുന്നതെന്ന സവിശേഷതയും അമിതിന്റെ നേട്ടത്തിനുണ്ടായിരുന്നു. 2019ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണം കൂടി കരസ്ഥമാക്കിയതിലൂടെ ഒളിമ്പിക്‌സ് ഒഴികെയുള്ള എണ്ണപ്പെട്ട ഔദ്യോഗിക അന്താരാഷ്ട്ര മത്സരങ്ങളിലെല്ലാം മെഡല്‍ കൈവരിച്ചയാളെന്ന ബഹുമതിയും ഇതിനകം തന്നെ ഈ ചെറുപ്പക്കാരന്‍ നേടിക്കഴിഞ്ഞു. ഉയരത്തിന്റെ പരിമിതികളുണ്ടായിട്ടും അതിവേഗതയുള്ള മാരകമായ ഇടങ്കയ്യന്‍ ഹൂക്കുകളും ഓവര്‍ഹെഡ് പഞ്ചുകളും സന്ദര്‍ഭത്തിനനുസരിച്ചുള്ള തന്ത്രം മാറ്റവും മികച്ച ഫുട്‌വര്‍ക്കും കൊണ്ട് നിലവില്‍ സര്‍ക്യൂട്ടിലുള്ള ഏതൊരു എതിരാളിക്കും വെല്ലുവിളി ഉയര്‍ത്താനാകും അമിത് പംഗലിന്.
വല്ലപ്പോഴുമുണ്ടാകുന്ന ഒറ്റപ്പെട്ട വിജയങ്ങളില്‍ നിന്നും ബോക്‌സിങ്ങ് രംഗത്ത് അന്താരാഷ്ട്ര ശക്തിയായി ഉയരുന്നതിനുള്ള അടിത്തറ രാജ്യത്ത് ഇപ്പോള്‍ പാകമായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ബോക്‌സിങ്ങിന് ഇത് പ്രതീക്ഷയുടെ കാലമാണ്. മേരികോമില്‍ നിന്നും പ്രചോദനം കൊണ്ട് ഇടിക്കൂട്ടില്‍ ഒരു പെണ്‍വസന്തവും രൂപപ്പെട്ടവരുന്നുണ്ട്. കഴിഞ്ഞ രണ്ട് വനിതാ ലോകബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പുകളില്‍ ഈ ഉണര്‍വ്വ് പ്രകടമായിട്ടുണ്ട്. പിന്നിട്ട ഒരു പതിറ്റാണ്ടിനിടയില്‍ ഈ രംഗത്ത് കൈവന്ന നേട്ടങ്ങളുടെ ഗരിമ വര്‍ദ്ധിപ്പിക്കാനും ഒളിമ്പിക് സ്വര്‍ണ്ണലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുമാകുംവിധം പ്രതിഭകള്‍ സ്ഫുടപാകം ചെയ്യപ്പെടുകയാണ്, ദേശീയ ബോക്‌സിങ്ങ് നഴ്‌സറിയെന്ന് മറുപേര് വീണ ‘ഭിവാനി’യിലെ പോരാട്ടനിലങ്ങളില്‍.
1996 അറ്റ്‌ലാന്റാ, ഒളിമ്പിക്‌സില്‍ ലൈറ്റ് ഹെവിവെയ്റ്റിനത്തില്‍ അവസാന സെക്കന്റിലെ പരിചയക്കുറവുമൂലമുണ്ടായ ഒരശ്രദ്ധയാണ് ഗുരുചരണ്‍ സിങ്ങിന് ഉറപ്പായ ഒരു മെഡല്‍ നഷ്ടമാക്കിയത്. അതിന്റെ ഖേദമാണ് 2008ല്‍ ബീജിങ്ങില്‍ വിജേന്ദ്രറും 2012ല്‍ ലണ്ടനില്‍ മേരികോമും തീര്‍ത്തത്. 2016ല്‍ റിയോവില്‍ പ്രതീക്ഷകള്‍ കനത്തതായിരുന്നുവെങ്കിലും ഫലമുണ്ടായില്ല. 2020 ടോക്കിയോവില്‍ കേവലം ഒരു മെഡലല്ല, മൂന്നിലധികമാകണം, അതിലൊന്നെങ്കിലും സുവര്‍ണമാകണം റിംഗില്‍ നിന്നും, എന്നാഗ്രഹിക്കാനാകുംവിധം പ്രതിഭാസമ്പന്നമാണ് ബോക്‌സിങ്ങ് അറീനയിലെ സമകാല ഇന്ത്യന്‍ സാഹചര്യം. ഇത് ഓര്‍മ്മിപ്പിക്കുന്നതാണ്, റഷ്യയിലെ എക്കറ്ററിന്‍ബര്‍ഗില്‍ നിന്നും ലഭിക്കുന്ന പ്രതീക്ഷയുടെ സന്ദേശം