പ്രമീളാദേവിയുടെ കവിതകള്‍
പ്രമീളാദേവി
മാതൃഭൂമി ബുക്‌സ്
പേജ്:408 വില:500രൂപ
ഫോണ്‍: 0495-2362000
കവിതയിലേക്ക് പല വഴികളുണ്ട്. വാക്കുകളുടെ വിരലില്‍ തൂങ്ങി കവിതയിലേക്ക് പ്രവേശിക്കാം. ഉള്ളടക്കത്തിന്റെ ഒഴുക്കിനൊത്ത് കവിതയില്‍ തുഴഞ്ഞുപോകാം. രൂപകങ്ങളുടെ ആഴങ്ങളിലേക്ക് മുങ്ങാങ്കുഴിയിടാം. ഇതൊന്നുമല്ലാതെ നേരിട്ടും കവിതയെ പിന്തുടരാം. അടിത്തട്ടോളം തെളിഞ്ഞുകാണുന്ന പുഴയുടെ ലാളിത്യമുള്ള കവിതകള്‍ വായനക്കാരെ ആകര്‍ഷിക്കുന്നത് അതിന്റെ സുതാര്യതകൊണ്ടാണ്. ഇത്തരം കവിതകള്‍ക്ക് വ്യാഖ്യാനങ്ങള്‍ ആവശ്യമില്ല. പ്രമീളാദേവിയുടെ കവിതകള്‍ ഈ വിഭാഗത്തില്‍പ്പെടുന്നവയാണ്. ഈ കവിതകളിലേക്ക് നമുക്ക് നേരിട്ട് കടന്നുചെല്ലാം. അവിടെ സങ്കീര്‍ണ്ണതയുടെയോ സന്നിഗ്ദ്ധതയുടെയോ വിഷയമുണ്ടാവുന്നില്ല.
എല്ലാ കവികളും അസംസ്‌കൃതവസ്തുക്കള്‍ ശേഖരിക്കുന്നത് മിക്കവാറും പ്രകൃതിയില്‍നിന്നായിരിക്കും. തങ്ങള്‍ക്കാവശ്യമുള്ള വിഭവങ്ങള്‍ തങ്ങളുടേതാക്കി മാറ്റിയാണ് അവര്‍ ഉപയോഗിക്കുക. ഈ സംസ്‌കരണപ്രക്രിയയില്‍ കവിയുടെ വ്യക്തിത്വം തിരിച്ചറിയുംവിധം അടയാളങ്ങള്‍ ശേഷിപ്പിക്കുമ്പോഴാണ് കവിത പാരായണക്ഷമമാവുന്നത്. പ്രമീളാദേവിയുടെ കവിതകളിലും ഇത്തരം അടയാളങ്ങളുണ്ട്. പ്രകൃതിശക്തികളില്‍ തന്റെ ആത്മസ്വത്വത്തിന്റെ അവശേഷിപ്പുകള്‍ സ്വയം തിരിച്ചറിയുന്ന കവിയെ ഈ കവിതകളില്‍ നാം കാണുന്നു.
പ്രമീളാദേവിയുടെ കവിതകളിലേക്ക് പ്രവേശിക്കുമ്പോള്‍ നാം ആദ്യം ശ്രദ്ധിക്കുക ഒരേ രൂപകങ്ങളുടെ ആവര്‍ത്തനമാണ്. രൂപകങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും അത് വിരസമാവുന്നില്ല എന്നതാണ് ഈ കവിതകളുടെ പ്രത്യേകത. വൃക്ഷം, വെള്ളം, മണ്ണ് തുടങ്ങിയ പ്രകൃതിവിഭവങ്ങള്‍ പ്രമീളാദേവി ആവര്‍ത്തിച്ചുപയോഗിക്കുന്നുണ്ട്. ഇത്തരം വിഭവങ്ങള്‍ ഉപമയും ഉല്‍പ്രേക്ഷയുമായി പഴയ കവികള്‍ സ്വീകരിച്ചുപയോഗിക്കാറുണ്ട്. പ്രമീളാദേവിയാവട്ടെ അവയെ പലപ്പോഴും രൂപകങ്ങളായാണ് ഉപയോഗിച്ചിട്ടുളളത്. ഭാഷ എന്ന കവിത നോക്കുക. ഏതൊരു കവിയുടെയും ഏറ്റവും പ്രധാന ആയുധം ഭാഷയാണ്. സമുദ്രത്തിലെ തിരകള്‍പോലെ അനുസ്യൂതമായി വാക്കുകള്‍ തനിക്ക് നല്‍കണേയെന്ന് വാണീദേവിയോട് പ്രാര്‍ത്ഥിക്കാത്ത കവികളുണ്ടാവില്ല. വാക്കുകളുണ്ടായാല്‍ മാത്രം പോര, അത് അര്‍ത്ഥങ്കയ്ക്കിടയില്ലാതെതന്നെ മനസ്സിലെത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് മഹാകവികള്‍.
‘ഭാഷ’ എന്ന കവിതയില്‍ വൃക്ഷരൂപകത്തിലാണ് വാക്കിന്റെ വിനിമയം കവയത്രി അവതരിപ്പിക്കുന്നത്.
പറയേണ്ടത് ചില മടിയന്‍ വിത്തെന്നപോല്‍ പതുങ്ങിക്കിടപ്പാണ് മണ്ണിന്റെയിടനെഞ്ചില്‍ എന്നുതുടങ്ങി
പറയാനാവുന്നില്ല ഒരു പൂവിരിയുന്നോരഴകിന്നാഴംപോലും വാക്കുകള്‍ക്കൊരിക്കലും എന്നവസാനിക്കുന്ന ഈ കവിതയില്‍ ഭാഷയുടെ വിനിമയസാധ്യതകളും പരിമിതികളും വൃക്ഷത്തിന്റെ രൂപകസാന്നിദ്ധ്യത്തില്‍ ഇലകള്‍ വിരിച്ചുനില്‍ക്കുന്നു. പ്രമീളാദേവിയുടെ മിക്ക കവിതകളിലും വൃക്ഷം ഏതെങ്കിലും തരത്തില്‍ തണല്‍വിരിച്ചുനില്‍പ്പുണ്ട്. വേരുമുതല്‍ ഇലഞരമ്പുകള്‍വരെ അവിടെ സജീവ സാന്നിദ്ധ്യമറിയിക്കുന്നു. ശബ്ദമായി, മൗനമായി വൃക്ഷരൂപകം നിവര്‍ന്നുനില്‍ക്കുന്നു. അനുഭവങ്ങള്‍, ആശയങ്ങള്‍, സമീപനങ്ങള്‍, വീക്ഷണങ്ങള്‍- എല്ലാം ആ വൃക്ഷരൂപകത്തിലേക്ക് ചേക്കേറുന്നു. ഇല, വിത്ത്, ചില വേരുകള്‍, ഒരു പൂവിരിയുന്നു, ഇലപ്പച്ചയെപ്പറ്റി, മരം മുറിക്കുമ്പോള്‍, മരച്ചുവട്ടില്‍ നില്‍ക്കുമ്പോള്‍, എന്തു ഭംഗി തുടങ്ങിയ അനേകം കവിതകളില്‍ നാം ഈ രൂപകസാന്നിദ്ധ്യം നേരിട്ടനുഭവിക്കുന്നു. മാത്രമല്ല, പ്രമീളാദേവിയുടെ ഒട്ടുമിക്ക കവിതകളിലും പരോക്ഷസാന്നിദ്ധ്യമായി വൃക്ഷരൂപകം കടന്നുവരുന്നുണ്ട്.
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രമീളാദേവിയുടെ കവിതകള്‍ എന്ന സമാഹാരത്തില്‍ നൂറിലധികം കവിതകളുണ്ട്. നിഷാദം, രാമേശ്വരം കല്‍, വാടകവീട്ടിലെ സന്ധ്യ, നാടകാന്തം, അവിടുത്തെ ഹിതം, നേരാഴം തുടങ്ങിയ മുന്‍ കവിതാസമാഹാരങ്ങളില്‍നിന്നും തെരഞ്ഞെടുത്ത കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. പി.കെ.രാജശേഖരന്‍ അവതാരികയെഴുതിയ ഈ സമാഹാരത്തില്‍ മുന്‍ സമാഹാരങ്ങള്‍ക്ക് എഴുതപ്പെട്ട അവതാരികകളും അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. ഒ.എന്‍.വി. കുറുപ്പ്, എം. ലീലാവതി, കെ.പി.അപ്പന്‍, പ്രഭാവര്‍മ്മ, കെ.പി. ശങ്കരന്‍, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവരുടെ അവതാരികകളാണ് ഇവിടെയുള്ളത്.
കാമധേനു
കെ.ജി.രഘുനാഥ്
ലിറ്റില്‍ ഗ്രീന്‍,
കോഴിക്കോട്
പേജ്: 132 വില: 190 രൂപ
ഫോണ്‍: 0495-4854662
ഗ്രാമീണ പശ്ചാത്തലത്തില്‍ തന്മയത്വത്തോടെ എഴുതിയ ബാലസാഹിത്യ കൃതിയാണ് കാമധേനു. കണ്ണന്‍ എന്ന കുട്ടിയും അവന്റെ വീട്ടില്‍ വളര്‍ത്തുന്ന കറുമ്പി, നന്ദിനി എന്നീ പശുക്കളും കഥാപാത്രങ്ങളായി വരുന്ന നോവല്‍, പുതുതലമുറയിലെ കുട്ടികള്‍ക്ക് മുന്നില്‍ ആസ്വാദ്യകരമായ ഒരു വായനാനുഭവം തന്നെയായിരിക്കും തുറന്നിടുന്നത്. ഗ്രാമീണജീവിതത്തിന്റെ ദൈന്യത, കുടുംബ ബന്ധങ്ങളുടെ ഊഷ്മളത, വ്യക്തിബന്ധങ്ങളുടെ ഇഴയടുപ്പം, പങ്കിട്ടു കഴിക്കുന്നതിലൂടെ വളരുന്ന സ്‌നേഹബന്ധം എന്നിവയെല്ലാം ഈ നോവലില്‍ അനാവരണം ചെയ്യുന്നു. കുട്ടികളോടൊപ്പം തന്നെ മുതിര്‍ന്നവര്‍ക്കും രസകരമായി വായിച്ചു പോകാവുന്ന ഈ കൃതി ബാലസാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ട് തന്നെയാണ്.