കേരളത്തിലെ വാഗ്ഗേയകാരന്മാരില്‍ മലയാളികള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോയ ഒരു പ്രതിഭാധനനായിരുന്നു നീലകണ്ഠശിവം എന്ന നീലകണ്ഠ ശിവനാര്‍ (1839-1900). തമിഴകത്തെ ശൈവ പാരമ്പര്യത്തിന്റെ ഒരു തുടര്‍ക്കണ്ണിയായിരുന്നു തിരുവനന്തപുരത്ത് കരമന നിവാസിയായിരുന്ന നീലകണ്ഠശിവം. മഹേശ്വരനായിരുന്നു അദ്ദേഹത്തിന്റെ ഉപാസനാമൂര്‍ത്തിയെങ്കിലും ശൈവ വൈഷ്ണവ സ്പര്‍ദ്ധ രൂക്ഷമായിരുന്ന കാലത്ത് രണ്ടിനോടും ഐക്യപ്പെട്ട് നാദോപാസനയില്‍ നിമഗ്നനായ വാഗ്ഗേയകാരനായിരുന്നു ചരിത്രപുരുഷന്‍. ഒരു വൃക്ഷത്തിന്റെ രണ്ടു ശാഖകളായിട്ടാണ് ശൈവവൈഷ്ണവമതങ്ങളെ അദ്ദേഹം കണ്ടത്. അയ്യായിരത്തിനു മേല്‍ ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. തിരുനീലകണ്ഠബോധം എന്ന പേരില്‍ അവ സമാഹരിക്കപ്പെട്ടിട്ടുണ്ട്. ദൈവത്തിന്റെ പാദങ്ങളില്‍ സ്വയം അര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു നീലകണ്ഠശിവനാരുടേത്. ഈ വാഗ്ഗേയകാരന്റെ ‘തിരുനീലകണ്ഠബോധം’ എന്ന ഗാനസമാഹാരത്തെ പ്രൊഫ. ഡോ. നയിനാര്‍ കൂലങ്കഷമായി പഠിക്കുകയും ഭാഷാപരവും സാഹിത്യപരവും രൂപപരവുമായ സവിശേഷതകള്‍ അപഗ്രഥിക്കുകയും ചെയ്തതിന്റെ ഫലമായുണ്ടായ കൃതിയാണ് ‘നീലകണ്ഠശിവം – വാഴ്‌ക്കൈക്കുറിപ്പും പാടല്‍തൊകുപ്പും’. ഈ ഗ്രന്ഥം മലയാളികള്‍ക്കു ഭാഷാന്തരണത്തിലൂടെ പരിചയപ്പെടുത്തിയിരിക്കുന്നത് പ്രൊഫ. കെ.കെ. രാധാനന്ദകുമാറാണ്. തമിഴില്‍ അസാമാന്യ പാണ്ഡിത്യമുള്ള പ്രൊഫ. നയിനാരുടെ ഗ്രന്ഥത്തിന്റെ ഗരിമയും പ്രാധാന്യവും ഉള്‍ക്കൊണ്ട് പരിഭാഷ നിര്‍വ്വഹിച്ച പ്രൊഫ. ഡോ.രാധാനന്ദകുമാര്‍ തമിഴകത്തെ ശൈവവൈഷ്ണ പ്രസ്ഥാനങ്ങളെ പഠിച്ച് കേരളത്തിലെ കൃഷ്ണാരാധനയെക്കുറിച്ച് ശ്രദ്ധേയമായ ഒരു പ്രബന്ധം തയ്യാറാക്കിയ ഗവേഷകയാണ്(Achanchalabhakti History of Krishna Devotion in Kerala Dr. K.K. Radha.2015).
തിരുനീലകണ്ഠബോധത്തിന്റെ പഠനം തമിഴ്ഭാഷയിലാണ് ഡോ.നയിനാര്‍ രചിച്ചത്. ഈ പഠനത്തില്‍ നീലകണ്ഠശിവന്റെ പാട്ടുകള്‍ ധാരാളം ഉദ്ധരിച്ചിട്ടുണ്ട്. നീലകണ്ഠ ശിവന്റെ ഗാനങ്ങളിലെ ഭാഷ ലളിതവും പ്രസന്നവുമായ തമിഴാണ്. ആ ഗീതികള്‍ പരിഭാഷപ്പെടുത്താതെ ലിപ്യന്തരണത്തിലൂടെ മലയാളികള്‍ക്കു പരിചയപ്പെടുത്തുന്ന രീതിയാണ് ഡോ. രാധ അവലംബിച്ചിട്ടുള്ളത്. ഭാഷാന്തരണത്തില്‍ സ്വാഭാവികമായും ചില നഷ്ടപ്പെടലുകള്‍ ഉണ്ടാകും. മലയാളവുമായി ഏറ്റവും ചാര്‍ച്ചയുള്ള ഭാഷയെന്ന നിലയ്ക്കു ശിവനാരുടെ പാട്ടുകളുടെ മലയാളഭാഷാന്തരണം ഒഴിവാക്കിയതു നന്നായി. കരമന നിവാസിയായ നീലകണ്ഠശിവനാരുടെ തമിഴിനു മലയാളത്തിന്റെ ആഹാര്യശോഭ വിശേഷാലുണ്ടെന്ന വസ്തുതയും ഇത്തരുണത്തില്‍ ഓര്‍ക്കാവുന്നതാണ്. കഴക്കൂട്ടത്തു പെരുമാളിനെപ്പറ്റി നീലകണ്ഠശിവനാര്‍ പാടിയത് ഇങ്ങനെയാണ്.
പെരുമൈ ചിറന്ത മലൈക്ക് അരചേ
പേചരിതായ പെരും പൊരുളേ
ഒരുമൈ മനത്തു അടിയാര്‍ക്കു അമൃതേ
ഉത്തമനേ അരുള്‍വൈത്ത് എനൈയാള്‍
ശരണമടൈന്തതും അറിവായേ
ശങ്കരനേ ശശിശേഖരനേ
കരുമണി സുന്ദരസുന്ദരനേ കലൈ-
കോട്ടത്ത് അമര്‍പെരുമാനേ
ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമി
തിങ്കള്‍ വെണ്‍പുനല്‍ശെന്നിശേര്‍ത്ത
ചെഴും ചുടരപ്പന്‍ ശെല്‍വനേ
പൊങ്കഴല്‍ച്ചികൈ അവുണവീരപ്പൊ-
രുപ്പൈതൂളിട്ട വേലനേ
മങ്കൈവള്ളി മണാളനേ അരുള്‍വന്ത്
നിന്നടി പോറ്റിനേന്‍
തങ്കുശോലൈകള്‍ ശൂഴ് അരിപ്പാടൂര്‍
തന്നില്‍ മന്നും പെരുമാളേ
മാവേലിക്കര ശ്രീകൃഷ്ണസ്വാമി
കാര്‍മുകില്‍ നേര്‍ തികഴ് മേനിയന്‍ നീള്‍പൂവി
കാലിന്‍ ഓരടിയാകി അളന്തവന്‍
താര്‍പൊഴില്‍ ചൂഴ് മധുരാനകര്‍ ദേവകിതാങ്കു
ഉതരത്ത് ഉരുവായ് വെളിവന്തവന്‍
മാര്‍മുലൈയാട മലര്‍ക്കരമേന്തിയ മത്തിനൈ
നാട്ടി ഉറൈത്തയിരൈക്കടൈ-
വാരി ഇതഴുണ്ട അരുള്‍ മായവനായ് അവന്‍
മാവലി ഊരുറൈ മാധവനാമേ.
ഇതുപോലെ ലളിതമായ തമിഴിലാണ് നീലകണ്ഠശിവം കീര്‍ത്തനങ്ങളെല്ലാം രചിച്ചിട്ടുള്ളത്. ലിപ്യന്തരണത്തില്‍ തമിഴിന്റെ ഉച്ചാരണരീതിതന്നെ ഡോ. രാധ സ്വീകരിച്ചിരിക്കുന്നു. തമിഴില്‍ ലിപി കുറവാണെങ്കിലും ഉച്ചാരണത്തില്‍ അതിഖരമൃദുഘോഷങ്ങള്‍ കേള്‍ക്കാം. അതിനെ മാനിച്ചുകൊണ്ട് ലിപ്യന്തരണം ചെയ്തതിന്റെ ഫലമാണ് ശങ്കരനേ, ശശിശേഖരനേ, ശരണം, സുന്ദരസുന്ദരനേ, മധുരാനകര്‍, ദേവകി, മാധവന്‍, ശൂഴ്, ശോലകള്‍, ശിവകൃപൈ എന്നീ പ്രയോഗങ്ങള്‍.
സംഗീതശാസ്ത്രവിധികള്‍ക്കനുസരിച്ച് നീലകണ്ഠശിവന്റെ ഗീതികള്‍ ഡോ. നയിനാര്‍ വര്‍ഗ്ഗീകരിക്കുകയും പഠിക്കുകയും ചെയ്തിരിക്കുന്നുവെന്ന് നിസ്സംശയം പറയാം. തേവാരം പാടിയ മൂവര്‍ക്കും തിരുവാചകം പാടിയ മാണിക്യവാചകര്‍ക്കും ഒപ്പത്തിനൊപ്പം നില്ക്കുന്ന കീര്‍ത്തിക്കുടമയാണ് നീലകണ്ഠശിവം എന്ന നിരീക്ഷണം ഉചിതം തന്നെ. അറുപത്തിനാലാമത്തെ നായനാരായും ഡോ.നയിനാര്‍ നീലകണ്ഠശിവത്തെ കാണുന്നുണ്ട്. ഈ വാഗ്ഗേയകാരന്‍ എടുത്തുപെരുമാറിയിട്ടുള്ള രാഗങ്ങള്‍ നിരവധിയാണ്. തോടി, ധനാശി, ഭൈരവി, കാനട, കാംബോജി, പുന്നാഗപാളി, ആനന്ദഭൈരവി, സൗരാഷ്ട്രം, ഭൂപാളം, കേദാരം, മുഖാരി എന്നിങ്ങനെ പട്ടിക നീളുന്നു. അവധൂതനെപ്പോലെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ക്ഷേത്രങ്ങളിലെല്ലാം ദര്‍ശനം നടത്തിയ നീലകണ്ഠ ശിവന്‍ ഒരേകാന്തപഥികനായിരുന്നു. ഷഡ്കാല ഗോവിന്ദമാരാരെപ്പോലെ ദേശാന്തരങ്ങളിലൂടെ ആ ഗായകശ്രേഷ്ഠന്‍ പരംപൊരുളിനെ തേടി സഞ്ചരിച്ചു. ആ രസനയില്‍ നിന്ന് നിര്‍ഗ്ഗളിച്ച ഗാനങ്ങള്‍ക്ക് കണക്കില്ല. ‘നീലകണ്ഠബോധ’-ത്തില്‍ കാണുന്നവയെക്കാള്‍ കൂടുതല്‍ ഗീതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ടാകണം. ലൗകികജീവിതക്ലേശങ്ങളെ ഈശ്വരോപാസനയിലൂടെ അദ്ദേഹം വിസ്മരിക്കാന്‍ ശ്രമിച്ചു. ലൗകികവും ആദ്ധ്യാന്മികവുമായ ജീവിതത്തെ ഇണക്കിക്കൊണ്ടു പോകാനാവാതെ തീവ്രവേദനയില്‍ സ്വയം ഉരുകിയാണ് ഈശ്വരനോട് തന്റെ ഹൃദയം അദ്ദേഹം തുറന്നത്.
എന്നെപ്പോല്‍ തുമ്പമുറ്റവര്‍കള്‍
ഇവ്വുലകില്‍ ഏവരുമില്ലൈ
എന്‍ കൂറൈകളൈ എവരിടം
എടുത്തുരൈപ്പേന്‍
എന്ന നിസ്സാഹായതയ്ക്ക് ഒരൗഷധമായിട്ടായിരുന്നു അദ്ദേഹത്തിന്റെ തേനുലാവുന്ന ഗീതികള്‍.
വടിവീശ്വരത്തു ജനിച്ച് പത്മനാഭപുരത്ത് വളര്‍ന്ന് കരമനയില്‍ ഗൃഹസ്ഥാശ്രമജീവിതം നയിച്ച നീലകണ്ഠശിവനാരുടെ ശിഷ്യനായിരുന്നു പാപനാശം ശിവന്‍. പ്രിയശിഷ്യനിലൂടെയാണ് നീലകണ്ഠശിവനാരുടെ യശസ്സ് കേരളത്തിലും വിശിഷ്യ തമിഴ്‌നാട്ടിലും വ്യാപിച്ചത്. ഡോ. നയിനാരുടെ ‘നീലകണ്ഠശിവം- വാഴ്‌ക്കൈക്കുറിപ്പും പാടല്‍ തൊകുപ്പും’ ഒരു സ്മരണാഞ്ജലിയാണ്. അതിനെ മലയാളിക്കു പരിചയപ്പെടുത്തിയ ഡോ. രാധാനന്ദകുമാര്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.