കേരളത്തിലെ പശ്ചിമഘട്ട പ്രദേശങ്ങളില്‍ അങ്ങോളമിങ്ങോളമുള്ള കുടിയേറ്റ-കൈയേറ്റ മേഖലകളില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം നിരവധി വര്‍ഷമായി നിലനില്‍ക്കുന്നുണ്ടെങ്കിലും അത് അനുക്രമം വര്‍ദ്ധിച്ച് ഇന്നൊരു അസന്നിഗ്ദഘട്ടത്തില്‍ എത്തിനില്‍ക്കുന്നു. വയനാട് ഭാരതത്തിലേറ്റവും കൂടുതല്‍ വന്യജീവി ആക്രമണം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ ഒന്നാണ്. വന പരിസരത്തും വനമദ്ധ്യത്തിലുമുള്ള ഗ്രാമങ്ങളില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം അതീവ ഗുരുതരാവസ്ഥയിലെത്തി നില്‍ക്കുകയാണ്. ഭീമമായ തോതില്‍ മനുഷ്യരുടെയും അതിന്റെ പതിന്മടങ്ങ് വന്യജീവികളുടെയും ജീവനഷ്ടം ഉണ്ടായിട്ടുണ്ട്. കോടികളുടെ കൃഷിനാശവും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ മുഖ്യ ഉത്തരവാദി വനം വകുപ്പും സര്‍ക്കാരും തന്നെയാണ്. പ്രശ്‌നത്തെ ഗൗരവതരമായി ഇന്നു വരെ സര്‍ക്കാര്‍ അഭിമുഖീകരിച്ചിട്ടില്ല. കുറ്റകരമായ നിസ്സംഗതയാണ് ഇക്കാര്യത്തില്‍ അവര്‍ പുലര്‍ത്തുന്നതെന്ന് പറയാതെ തരമില്ല.
കുടിയേറ്റവും അതിന് വളരെ മുന്‍പേ ബ്രിട്ടീഷുകാര്‍ ആരംഭിച്ച തോട്ടവല്‍ക്കരണവും വയനാടിന്റെ പരിസ്ഥിതി സന്തുലനത്തിന്റെ നട്ടെല്ലൊടിച്ചു കഴിഞ്ഞിരുന്നെങ്കിലും കുറെയൊക്കെ പച്ചപ്പും ജലസുരക്ഷയും കാര്‍ഷിക സമൃദ്ധിയും സവിശേഷമായ കാലാവസ്ഥയും വയനാടിന് സ്വന്തമായി ഉണ്ടായിരുന്നു. സംസ്ഥാന രൂപീകരണത്തിനു ശേഷമാണ് അതിന്റെ കടക്കല്‍ കത്തിവെക്കപ്പെട്ടത്. പശ്ചിമഘട്ടം വിഭവങ്ങളുടെ ഒരു നിധികുംഭമാണ്. വൈദേശിക ശക്തികളുടെയും സ്വാതന്ത്ര്യത്തിനു ശേഷം ജനകീയ സര്‍ക്കാരുകളുടെയും മുഖ്യതാത്പര്യം ഈ അനര്‍ഘമായ വിഭവങ്ങള്‍ ആവുന്നത്ര കൊള്ളയടിക്കുകയായിരുന്നു.
കേരളത്തിലെ ആദ്യത്തെ ജനകീയ ഗവണ്‍മെന്റ് വലിയ സൗജന്യങ്ങള്‍ നല്‍കി കേരളത്തിലേക്ക് ആനയിച്ച മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിന് അസംസ്‌കൃത വിഭവങ്ങള്‍ നല്‍കുന്നതിനു വേണ്ടി വിശാലമായ മുളങ്കാടുകള്‍ വെട്ടിമാറ്റിയത് വയനാടിന്റെ പരിസ്ഥിതി സുസ്ഥിരതയിലും സമൂഹ്യ സുരക്ഷയിലും ഉണ്ടാക്കിയ പ്രത്യാഘാതം വിവരണാതീതമാണ്. കരാര്‍ പ്രകാരം നല്‍കാന്‍ ബാധ്യതപ്പെട്ട അസംസ്‌കൃത വിഭവങ്ങള്‍ക്ക് വേണ്ടിയാണ് ആയിരക്കണക്കിന് ഏക്കര്‍ യൂക്കാലിപ്റ്റ്‌സും മറ്റും വെച്ചുപിടിപ്പിച്ചത്. 345 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുള്ള വയനാട് വന്യജീവി കേന്ദ്രത്തിന്റെ 100 സ്‌ക്വയര്‍ കി. മീറ്റര്‍ തേക്ക്-യൂക്കാലിപ്റ്റ്‌സ് തോട്ടങ്ങളാണ്. 90000 ഹെക്ടര്‍ വിസ്തൃതിയിയുള്ള വയനാടന്‍ കാടിന്റെ 36000 ഹെക്ടര്‍ വ്യവസായിക തോട്ടങ്ങളാണ്.
മരുസമാനമായ തോട്ടങ്ങള്‍ വന്യജീവികള്‍ക്ക് തീറ്റയോ കുടിവെള്ളമോ തണല്‍ പോലുമോ നല്‍കുന്നില്ല. ശേഷിച്ച സ്വാഭാവിക വനങ്ങള്‍ വര്‍ഷംതോറും കത്തിയമരുന്നു. സാങ്ച്വറിയിലടക്കം ആയിരക്കണക്കിന് കന്നുകാലികള്‍ മേയുന്നു. സോഷ്യല്‍ ഫോറസ്ട്രി കൊണ്ടുവന്ന ‘സന്നസ്‌പെക്ടാബിലസ്’ എന്നു പേരായ അധിനിവേശ സസ്യം കാടിനെയാകെ ഗ്രസിച്ചിരിക്കുന്നു. ഇതൊന്നും പോരാഞ്ഞിട്ട് കാടിനുള്ളില്‍ വനംവകുപ്പിന്റെ ഇക്കോ ടൂറിസം തിമര്‍ത്താടുന്നു. കാടിനുള്ളിലും വനയോരങ്ങളിലും കുമിള്‍ പോലെ റിസോട്ടുകളും ഹോം സ്റ്റേകളും അനിയന്ത്രിതമായി പെരുകിയിരിക്കുന്നു. 1979ല്‍ വയനാട് പ്രകൃതിസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കര്‍ഷകരും ആദിവാസികളും ചേര്‍ന്ന് കാടുവെട്ടുന്നതിനെതിരെ പ്രക്ഷോഭം നടത്തുന്നതുവരെ വനനാശം തുടര്‍ന്നു കൊണ്ടേയിരുന്നു.
വയനാട് വന്യജീവികളുടെയും വനവാസികളുടെയും പരമ്പരാഗത കര്‍ഷകരുടെയും സമ്പന്നമായ ആവാസവ്യവസ്ഥയായിരുന്നു. പശ്ചിമഘട്ട നിരകളില്‍ നിന്നും പിറവിയെടുക്കുന്ന കബനിയും അതിന്റെ ആയിരക്കണക്കായ കൈവഴികളും മുളങ്കൂട്ടങ്ങളും വിശാലമായ ചതുപ്പുകളും ചേര്‍ന്ന ഒരു സ്വര്‍ഗ്ഗഭൂമി! സത്യമംഗലം ബന്ധിപ്പൂര്‍ വനമേഖലയില്‍ നിന്നും പരമ്പരാഗത സഞ്ചാരപഥങ്ങളിലൂടെ ദേശാടനത്തിനെത്തുന്ന ആനകളെയും മറ്റു സസ്തനികളെയും ഉള്‍ക്കൊള്ളാന്‍ വയനാടന്‍ കാടുകള്‍ക്ക് കെല്‍പ്പുണ്ടായിരുന്നു. അതിനെ ഇന്നു കാണുന്ന നരക ഭൂമിയാക്കി മാറ്റിയത് കേരളം മാറി മാറി ഭരിച്ച ഇടതു-വലതു സര്‍ക്കാരുകളാണ്. ചുരുങ്ങിയത് മൂന്നു പതിറ്റാണ്ടെങ്കിലുമായി രൂക്ഷതരമായി കൊണ്ടിരിക്കുന്ന മനുഷ്യ-വന്യ ജീവി സംഘര്‍ഷത്തെ ലാഘവത്തോടെയാണ് സര്‍ക്കാരുകള്‍ കണ്ടത്. പരിഹാര ക്രിയകള്‍ ആവിഷ്‌കരിക്കുന്നതില്‍ വിമുഖത കാണിച്ചു. എം എല്‍എമാര്‍, എംപി മാര്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്നിവര്‍ സര്‍ക്കാരുകളെ ഒരിക്കലും ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തിയില്ല. പ്രതിരോധ നടപടികളാകട്ടെ അഴിമതിയുടെ പര്യായമായി മാറി.
സംഘര്‍ഷം ഏതര്‍ത്ഥത്തിലും മനുഷ്യരുടെ സൃഷ്ടിയാണ്. വന്യജീവികളുടെ ആവാസസ്ഥാനങ്ങളില്‍ വന്‍തോതില്‍ ഉണ്ടാക്കിയ ശോഷണം തന്നെയാണ് സംഘര്‍ഷത്തിന്റെ മൂലകാരണം. വന്യജീവികളുടെ തീറ്റയും വെള്ളവും സ്വസ്ഥതയും അവയുടെ വാസസ്ഥലത്ത് ഉറപ്പ് വരുത്തുകയാണ് പരിഹാരക്രിയകളില്‍ പ്രധാനം. തകര്‍ക്കാനെടുത്തതിനേക്കാള്‍ സമയമെടുക്കുന്നതും ശ്രമകരവുമാണ് പുനഃ സൃഷ്ടി. അതുകൊണ്ട് തന്നെ പുനഃസ്ഥാപനത്തിന്റെ കാലയളവില്‍ സംഘര്‍ഷം തടയുന്നതിനോ ലഘൂകരിക്കുന്നതിനോ ഉള്ള ശ്രമങ്ങളും സുപ്രധാനമാണ്. ഇല്ലെങ്കില്‍ പുനഃസ്ഥാപനം സാധ്യമല്ലാതെയും വരും. രണ്ടും രണ്ടായി, എന്നാല്‍ തുല്യ പ്രാധാന്യത്തോടെ കാണണം.
പ്രതിരോധ മാര്‍ഗങ്ങള്‍ അതത് പ്രദേശത്തിന്റെയും വനത്തിന്റെയും പ്രത്യേകതകള്‍ക്ക് അനുസരിച്ച് വ്യത്യസ്തമായിരിക്കും. ഇപ്പോള്‍ ചെയ്തു വരുന്ന കിടങ്ങ്, സോളാര്‍ ഫെന്‍സ്, റെയില്‍ ഫെന്‍സിംഗ്, മതില്‍ തുടങ്ങിയവയൊക്കെ പരിമിതികള്‍ ഉള്ളതെങ്കിലും പരിച്ഛേദം ഒഴിവാക്കാവുന്നവയല്ല.
വന്യജീവികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്ന വാദം ചിലര്‍ ശക്തമായി ഉയര്‍ത്തുന്നുണ്ടെങ്കിലും ഇന്ന് രൂക്ഷതരമായിട്ടുള്ള സംഘര്‍ഷത്തിന്റെ കാരണം വന്യജീവികളുടെ എണ്ണത്തിലെ വര്‍ദ്ധനവല്ലെന്നത് നിസ്സംശയമാണ്. വനങ്ങളുടെ വിസ്തൃതി കാര്യമായ വ്യത്യാസമില്ലാതെ തുടരുന്നുണ്ടെങ്കിലും വനത്തിന്റെ ഗുണനിലവാരം വന്‍തോതില്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. പരിസ്ഥിതി ധര്‍മ്മം നിര്‍വ്വഹിക്കാന്‍ കെല്‍പ്പുള്ള യഥാര്‍ത്ഥ വനം നന്നേ ശുഷ്‌കമായിക്കൊണ്ടിരിക്കുന്നു. ഏകവിളത്തോട്ടങ്ങള്‍, കാട്ടുതീ, ടൂറിസം, കന്നുകാലിമേയ്ക്കല്‍, അധിനിവേശ സസ്യങ്ങളുടെ വ്യാപനം തുടങ്ങിയവയും റോഡുകള്‍, ഖനനം തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങളും നഗരവല്‍ക്കരണവും ഒക്കെയാണ് മുഖ്യകാരണങ്ങള്‍. അതുകൊണ്ട് ആവാസവ്യവസ്ഥാ പുനരുജ്ജീവനത്തിനായി ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ഉടനടി ഒരു വിദഗ്ദ സമിതിയെ നിയോഗിക്കണം. ടൂറിസം കര്‍ക്കശമായി നിയന്ത്രിക്കുകയും ഏകവിളത്തോട്ടങ്ങള്‍ ക്രമേണ സ്വാഭാവിക വനമായി പുന:പരിവര്‍ത്തിപ്പിക്കുകയും വേണം. അധിനിവേശ സസ്യങ്ങള്‍ നശിപ്പിക്കാനും കന്നുകാലി മേച്ചില്‍ തടയാനും നടപടികള്‍ ഉണ്ടാവണം. കാട്ടുതീ പ്രതിരോധിക്കണം. കാട്ടുതീ തടയാനെന്ന പേരില്‍ സമീപകാലത്ത് തുടങ്ങിയ നിയന്ത്രിത കത്തിക്കല്‍ (controlled burning) അടിയന്തിരമായി നിര്‍ത്തിവെക്കണം.
കാടും നാടും വേര്‍തിരിക്കണമെന്ന് പലരും പറയുന്നുണ്ടെങ്കിലും സംഘര്‍ഷം അത്യന്തം രൂക്ഷതരമായ വയനാട്ടില്‍ അത് അപ്രായോഗികമാണ്. കാടും നാടും ഇടകലര്‍ന്ന ഒരു ഭൂഭാഗം വയനാട് പോലെ ഭാരതത്തില്‍ വേറെയെവിടെയുമില്ല. ഈ അടിസ്ഥാന യാഥാര്‍ത്ഥ്യം മനസ്സിലാക്കണം. നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വയര്‍ ഫെന്‍സിംഗ്, കിടങ്ങുകള്‍, റെയില്‍ ഫെന്‍സിംഗ്, മതിലുകള്‍ എന്നിവയൊന്നും നൂറു ശതമാനം ഫലപ്രദമല്ലെങ്കിലും കുറെയൊക്കെ ആശ്വാസപ്രദമാണ്. എന്നാല്‍ ഇവയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടക്കുന്നുണ്ട്. നിലവാരം കുറഞ്ഞ സാമഗ്രികള്‍ രണ്ടും മൂന്നും ഇരട്ടി വിലക്ക് വാങ്ങിയാണ് വനംവകുപ്പ് ഉപയോഗിക്കുന്നത്. കിടങ്ങുകള്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായല്ല നിര്‍മ്മിക്കുന്നത്. കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നില്ല. ഈ അവസ്ഥയ്ക്ക് അറുതിയുണ്ടായാല്‍ തന്നെ പ്രയോജനം ഇന്നത്തെതിന്റെ ഇരട്ടിയില്‍ അധികമാക്കാന്‍ സാധിക്കും. ഇവയുടെ സ്ഥാപനവും സംരക്ഷണവും അടക്കമുളള മുഴുവന്‍ ചുമതലയും ഗ്രാമപഞ്ചായത്തുകളുടെ ഉത്തരവാദിത്വത്തില്‍ ജനകീയ കമ്മറ്റികള്‍ക്കു കൈമാറണം. നിലവിലുള്ള കിടങ്ങുകള്‍, ഫെന്‍സിംഗ്, മതിലുകള്‍ തുടങ്ങിയവയുടെ ഇന്നത്തെ അവസ്ഥയും ഇതിനോടകം അവയ്ക്ക് ചിലവായ പണവും മറ്റു വിവരങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കുകയും വനം വകുപ്പിന്റെ വിശ്യാസ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യേണ്ടത് ഇന്നത്തെ അവസ്ഥയില്‍ അത്യാവശ്യമാണ്.
സ്വയം സംരക്ഷിക്കുന്നതാണ് ഏറ്റവും നല്ല സംരക്ഷണം. ഷോക്ക് ഫെന്‍സിംഗ്, വേലി തുടങ്ങിയ പ്രതിരോധ സംവിധാനത്തിന്ന് വ്യക്തികള്‍ക്ക് നേരിട്ട് വനം വകുപ്പ് പണം നല്‍കുന്നത് വലിയ ഗുണം ചെയ്യും. ചിലവിന്റെ 75 ശതമാനമെങ്കിലും സബ്‌സിഡിയും വാര്‍ഷിക സംരക്ഷണ ചെലവിനുള്ള അലവന്‍സും കൊടുക്കേണ്ടതാണ്. വയനാട്ടിലും മലയോര മേഖലയില്‍ പലയിടത്തും നെല്‍വയലുകളില്‍ community guarding (സമൂഹ കാവല്‍) മുന്‍പുണ്ടായിരുന്നു. വനംവകുപ്പും ഗ്രാമസഭകളും മുന്‍കൈയെടുത്ത് അതു പുന:സ്ഥാപിക്കണം. കാവല്‍ക്കാര്‍ക്കുള്ള വേതനം വനംവകുപ്പ് നല്‍കുകയോ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യാവുന്നതാണ്.
വന്യജീവികള്‍ രാഷ്ട്രത്തിന്റെ സ്വത്തും അഭിമാനവുമാണെന്ന് എല്ലാവരും ഉദ്‌ഘോഷിക്കാറുണ്ട്. അവയെ സംരക്ഷിക്കേണ്ടത് വനപരിസരത്തുള്ള കര്‍ഷകരുടെ മാത്രം ബാധ്യതയാ ണെന്ന ചിന്ത മാറണം. വനത്തോടു ചേര്‍ന്ന ഭാഗത്തുളള കൃഷിയിടങ്ങളിലെ വന്യജീവി സാന്നിധ്യത്തിന്റെ സാന്ദ്രതയനുസരിച്ച് കര്‍ഷകര്‍ക്ക് ഇന്‍സെന്റ്റീവ് (incentive) നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ സമയമായി. അവരുടെ വിളകള്‍ക്കും ജീവനും സംസ്ഥാന സര്‍ക്കാര്‍ പ്രീമിയം അടച്ച് ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്താന്‍ ഇപ്പോഴും അമാന്തിക്കുന്നത് അത്ഭുതകരമാണ്.
അതുപോലെ തന്നെ സുപ്രധാനമാണ് കാര്‍ഷിക വിളകള്‍ക്ക് നല്‍കി വരുന്ന നഷ്ടപരിഹാരം. ഇപ്പോള്‍ നല്‍കി വരുന്ന സമാശ്വാസധനം കര്‍ഷകരെ അപമാനിക്കുന്നതും അവഹേളിക്കുന്നതുമാണ്. കൃഷി വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും പഴയ മാനദണ്ഡമനുസരിച്ചാണ് ഇപ്പോള്‍ നഷ്ടം കണക്കാക്കുന്നത്. നഷ്ടപരിഹാരത്തുക അടിയന്തിരമായി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. അതിന് കാലതാമസം വരികയാണെങ്കില്‍ ഇടക്കാലത്തേക്ക് നിലവിലുളളതിന്റെ ഇരട്ടിയാക്കി ഉയര്‍ത്തണം. ഒരു ഹെക്ടര്‍ നെല്‍കൃഷിക്ക് 80000 രൂപ ചിലവു വരുമ്പോള്‍ നഷ്ടപരിഹാരം 11000 രൂപയാണ്. അത് എട്ടിരട്ടിയെങ്കിലുമാക്കി വര്‍ദ്ധിപ്പിക്കണം. നെല്ല് തുടങ്ങിയ ഹൃസ്വവിളകള്‍ക്ക് താങ്ങുവില കണക്കാക്കി നഷ്ടം കൊടുക്കണം. തെങ്ങ് തുടങ്ങിയവയ്ക്ക് പ്രതിവര്‍ഷആദായത്തിന്റെ പത്ത് ഇരട്ടി തുക കണക്കാക്കി നല്‍കണം. കാലവിളംബം അവസാനിപ്പിച്ച് പരമാവധി ഒരാഴ്ച കൊണ്ട് നല്‍കുകയും നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും വേണം. മരണപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം ചുരുങ്ങിയത് 25 ലക്ഷം രൂപയെങ്കിലുമാക്കി വര്‍ദ്ധിപ്പിക്കണം. കര്‍ഷകരുടെ കൃഷി നഷ്ടപരിഹാര നിര്‍ണ്ണയത്തിന് വാര്‍ഡ് മെമ്പറും ഫോറസ്റ്റ് ഉദ്യോഗസ്ഥരും കൃഷി ഉദ്യോഗസ്ഥരുമടങ്ങിയ കമ്മറ്റികള്‍ രൂപീകരിക്കണം.
പല വനമേഖലകളും ഒറ്റപ്പെട്ട തുരുത്തുകളായി മാറിപ്പോയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ തന്നെ ടൂറിസം റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ തുടങ്ങിയവയും വന്‍നിര്‍മ്മിതികളും അഭംഗുരം തുടരുന്നു. ആനത്താരകളിലും വനമേഖലയിലെയും ഇത്തരം സ്ഥാപനങ്ങള്‍ അടിയന്തിരമായി നിരോധിക്കുകയുംനിലവിലുള്ളവ പൊളിച്ചു നീക്കുകയും വേണം.
കേരളത്തില്‍ 85 ഓളം ഇക്കോടൂറിസം കേന്ദ്രങ്ങള്‍ ഉണ്ട്.MOEF & CC യുടെ നിര്‍ദ്ദേശമനുസരിച്ചുള്ള വാഹകശേഷി പഠനമോ (carrying Capacity Study) ഗൈഡ് ലൈനോ ഇല്ലാതെയാണ് ഇവയത്രയും പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ നിന്നുളള ഓഡിറ്റിന് വിധേയമാകാത്ത കൂറ്റന്‍ വരുമാനം FDA കള്‍ അവര്‍ക്കിഷ്ടപ്പെട്ട രീതിയില്‍ ചിലവഴിക്കുകയാണ്. വാഹകശേഷി നിര്‍ണ്ണയം, ഗൈഡ്‌ലൈന്‍ എന്നിവ ഉടനടി നടപ്പാക്കുകയും ടൂറിസത്തില്‍ നിന്നുള്ള വരുമാനം മുഴുവനും മനുഷ്യ-വന്യജീവി സംഘര്‍ഷം കുറക്കാനും കാട്ടുതീ തടയാനും ഉപയോഗിക്കേണ്ടതാണ്.
ഫോറസ്റ്റ് മാനേജ്‌മെന്റ് സമിതികള്‍ രൂപീകരിക്കണമെന്ന MOEF & CCയുടെ മാനദണ്ഡങ്ങളോ നിര്‍ദ്ദേശങ്ങളോ സംസ്ഥാന വനംവകുപ്പ് നടപ്പിലാക്കുന്നില്ല. വന്യജീവി കേന്ദ്രങ്ങള്‍ക്ക് മാനേജ്‌മെന്റ് കമ്മറ്റികള്‍ വേണമെന്ന് നിര്‍ദ്ദേശമുണ്ട്. കേരളത്തിലെ മുഴുവന്‍ വനംഡിവിഷനുകള്‍ക്കും മാനേജ്‌മെന്റ് കമ്മറ്റികള്‍ സമയബന്ധിതമായി രൂപീകരിക്കണം. തൊഴിലുറപ്പു പദ്ധതിയുടെ പേരില്‍ കാടിനകത്ത് കുഴിയെടുക്കുന്നതും പാതയോരത്തെ കാടുവെട്ടിത്തെളിയിക്കുന്നതും വനനാശമുണ്ടാക്കുന്നതും വ്യാപകമാണിപ്പോള്‍. അവ നിര്‍ത്തണം. കമ്യൂണിറ്റി ഗാര്‍ഡിംഗ്, ട്രഞ്ചുകളുടെ അറ്റകുറ്റപ്പണികള്‍, അധിനിവേശ സസ്യങ്ങളുടെ ഉന്മൂലനം എന്നിവയ്ക്ക് മാത്രമേ തൊഴിലുറപ്പു പദ്ധതി കാടിനുള്ളില്‍ അനുവദിക്കാവൂ. പരിമിതമായ കാലത്തേക്ക് കാടിനുള്ളിലെ തുറസ്സായ സ്ഥലങ്ങളില്‍ തദ്ദേശീയമായ പുല്‍വര്‍ഗ്ഗങ്ങളും ചില ചെടികളും നട്ടുപിടിപ്പിക്കാവുന്നതാണ്. ആവാസസ്ഥാനങ്ങള്‍ മെച്ചപ്പെടുന്നതോടെ ഇത് അവസാനിപ്പിക്കാം. വനംവകുപ്പുദ്യോഗസ്ഥരും പ്രാദേശിക സമൂഹവുമായുള്ള ബന്ധം അനുദിനം കുറഞ്ഞുവരികയാണ്. ട്രൈബല്‍ വകുപ്പും കൃഷി വകുപ്പും പഞ്ചായത്തുമായുളള ബന്ധം ഏറ്റവും പരിതാപകരാണ്. ഇത് പുനഃസ്ഥാപിക്കണം.
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനും അഭിമുഖീകരിക്കാനുമുള്ള ഉത്തരവാദിത്തം ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കാനുള്ള നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ നിര്‍ദ്ദേശം ഏറെ സ്വാഗതാര്‍ഹമാണ്. കേരളത്തില്‍ അത് ഉടനടി നടപ്പാക്കുകയും പഞ്ചായത്തുകളെ ഇതിനായി പരിശീലിപ്പിക്കുകയും ചെയ്യണം. വയനാട്ടിലെ വന്യജീവി സംഘര്‍ഷം കുറക്കുന്നതും ജൈവ ജില്ലയായി മാറുന്നതും പരസ്പരബന്ധിതമാണ്. വയനാടിനെ ജൈവജില്ലയായി പ്രഖ്യാപിക്കാന്‍ വനം വകുപ്പ് മുന്‍കൈ എടുക്കണം. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കുറെയെങ്കിലും നടപ്പിലാക്കിയാല്‍ യുദ്ധസമാനമായ ഇന്നത്തെ അവസ്ഥയ്ക്ക് വലിയൊരളവുവരെ പരിഹാരമാകും.
(വയനാട് പ്രകൃതിസംരക്ഷണ സമിതി പ്രസിഡന്റാണ് ലേഖകന്‍)