അഗര്‍ത്തലയില്‍ നിന്നും 53 കി.മീറ്റര്‍ ദൂരെയാണ് നീര്‍മഹല്‍കൊട്ടാരം സ്ഥിതിചെയ്യുന്നത്. പേരു കേട്ടപ്പോള്‍ തന്നെ മനസ്സിലായിക്കാണും, ഇത് ജലത്തിനു നടുവിലായി പണിത കൊട്ടാരമാണെന്ന്.
ഇന്ത്യയില്‍ ഇത്തരത്തിലുള്ള രണ്ടുകൊട്ടാരങ്ങളാണുള്ളത്, ഒന്ന് ത്രിപുരയിലെ നീര്‍മഹല്‍. രാജസ്ഥാനിലെ ജല്‍മഹളാണ് രണ്ടാമത്തേത്.
ത്രിപുര രാജാവ് ബീര്‍ ബിക്രം മാണിക്യ ബഹദൂറിന്റെ വേനല്‍ക്കാല വസതിയായിരുന്നു ഈ കൊട്ടാരം. രുദ്രസാഗര്‍ എന്ന തടാകത്തിലാണ് ഇത് പണിതിരിക്കുന്നത്. 1930 കളിലാണ് ഇതു നിര്‍മ്മിച്ചത്. ബ്രിട്ടീഷ് കമ്പനിയായ മാര്‍ട്ടിന്‍ ആന്റ് ബ്ണ്‍സ് ആണ് നിര്‍മ്മാതാക്കള്‍. ഹിന്ദു-മുഗള്‍ നിര്‍മ്മിതികളുടെ സമഞ്ജസ സമ്മേളനമാണ് അവിടെ കണ്ടത്.
ഞങ്ങളുടെ കുട്ടിബസ്സ് രുദ്രസാഗറിന്റെ ജെട്ടിക്കടുത്ത് ഞങ്ങളെയെത്തിച്ചു. പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന (കിടക്കുന്ന) മോട്ടോര്‍ ബോട്ടില്‍ ഞങ്ങളും കയറി. 35-40 പേര്‍ക്ക് ഇരുന്ന് യാത്രചെയ്യാന്‍ പറ്റുന്ന ബോട്ടാണ്. 10-12 മിനിറ്റ് യാത്ര ചെയ്ത് ഞങ്ങള്‍ നീര്‍മഹലിന്റെ ജെട്ടിയിലെത്തി. കാലിയായ വലിയ കന്നാസുകള്‍ കൂട്ടിക്കെട്ടി, മുകളില്‍ പലകകള്‍ ഉറപ്പിച്ചു നിര്‍മ്മിച്ച ഫ്‌ളോട്ടിംഗ് ജെട്ടിയായിരുന്നു അത്.
ബോട്ടിലിരിക്കുമ്പോള്‍ നീര്‍മഹലിന്റെ സൗന്ദര്യം ആസ്വദിച്ചു. വെള്ളത്തിനു തൊട്ടുമുകളില്‍ കാണുന്ന ഭാഗത്തിന് ടെറാക്കോട്ട (ഇഷ്ടികയുടേയും ഓടിന്റേയും നിറം) നിറവും, കൊട്ടാരത്തിന് തൂവെള്ള നിറവുമാണ്. ഞങ്ങള്‍ യാത്ര തുടങ്ങിയ ജെട്ടിയില്‍ നിന്നു മാത്രമേ കൊട്ടാരം മുഴുവന്‍ ക്യാമറയില്‍ പതിയുകയുള്ളൂ. ഏതാണ്ട് 800 മീറ്ററോളം നീളം കാണും ആ കൊട്ടാരത്തിന്.
ജെട്ടിയില്‍ നിന്നും മണ്ണിട്ടു നികത്തിയ ഒരു സ്ഥലത്തെത്തി. അവിടെ നിന്ന് മനോഹരമായ പടികള്‍ കയറി കൊട്ടാരത്തിന്റെ ‘അന്തര്‍മഹള്‍’ എന്ന ഭാഗത്തെത്തി. 24 മുറികളും, ദര്‍ബാര്‍ ഹാളും, ഡാന്‍സിംഗ് ഹാളും അടങ്ങുന്ന ഈ ഭാഗം രാജകുടുംബാംഗങ്ങള്‍ക്ക് സൈ്വരമായി താമസിക്കാനുള്ളതാണ്. എല്ലാ മുറികള്‍ക്കും തടാകത്തിനു നേരെ തുറന്നിരിക്കുന്ന മുഗള്‍ മാതൃകയിലുള്ള ജനാലകളുണ്ട്.
കൊട്ടാരത്തിന്റെ ഒന്നാം നിലയില്‍ മനോഹരമായ ഉദ്യാനം. അലങ്കാരത്തിനുമാത്രമായി ഉപയോഗിക്കുന്ന കവുങ്ങുകളില്‍ കുലകുലയായി തൂങ്ങിക്കിടക്കുന്ന അടയ്ക്കാക്കുലകള്‍!
കൊട്ടാരത്തിന്റെ പടിഞ്ഞാറുഭാഗമായ അന്തര്‍മഹലില്‍ മാത്രമേ സന്ദര്‍ശകര്‍ക്കു പ്രവേശനമുള്ളൂ. കിഴക്കുവശത്തെ ‘ഓപ്പണ്‍ എയര്‍’ ഭാഗത്തേക്ക് പ്രവേശനമില്ല.
റഷ്യ, സ്വീഡന്‍, ഡെന്മാര്‍ക്ക് തുടങ്ങി പലരാജ്യങ്ങളിലേയും കൊട്ടാരങ്ങള്‍ സന്ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. അവിടത്തെ കൊട്ടാരങ്ങള്‍ സംരക്ഷിച്ചിരിക്കുന്നതു കാണണം. ഇപ്പോഴും രാജാവ് അവിടെ താമസിക്കുന്നുണ്ടെന്നു തോന്നും. എല്ലാമുറികളിലും ഫര്‍ണിച്ചര്‍, പുസ്തകങ്ങള്‍, കര്‍ട്ടനുകള്‍, മനോഹരമായ എണ്ണച്ചായചിത്രങ്ങള്‍ എന്നിവ വിന്യസിച്ചിരിക്കുന്നതു കണ്ടാല്‍ വിസ്മയംതോന്നും. ഇവിടെ ഒരു മുറിയില്‍ പോലും ഒരു മേശയോ കസേരയോ ഒന്നും കണ്ടില്ല. രാജാവിന് കൊട്ടാരത്തില്‍ നിന്നും സ്വന്തം ബോട്ടിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ പ്രത്യേകം കോണിപ്പടികളുണ്ട്. അദ്ദേഹം സ്വയം തുഴഞ്ഞു കൊണ്ടാണത്രെ ബോട്ടുയാത്ര നടത്തിയിരുന്നത്.
ഞങ്ങള്‍ക്ക് കരയിലേക്ക് തിരിച്ചു പോകാനുള്ള സമയമായി. ബോട്ട് റെഡി. വേഗം കയറി, സീറ്റിലിരുന്നു. തടാകത്തില്‍ പലതരം ദേശാനടപ്പക്ഷികള്‍ വിരുന്ന് വരാറുണ്ടെന്ന് ലഘുലേഖയില്‍ എഴുതിയിട്ടുണ്ട്. ശരിയാണ് – ഇതുവരെ കാണാത്ത ചില പക്ഷികള്‍ തടാകത്തില്‍ നീന്തുന്നതും, ചാഞ്ഞുകിടക്കുന്ന മരച്ചില്ലകളില്‍ ഇരിക്കുന്നതും കണ്ടു.
ബോട്ട് ജെട്ടിയ്ക്കടുത്ത് ഇളനീര്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നു. വെയിലിന് നല്ല ചൂട്. ഓരോ ഇളനീര്‍ വാങ്ങി, ദാഹശമനം വരുത്തി.
ഉച്ചഭക്ഷണസമയമായി. വീണ്ടും ‘ഷേറോവാലി’ റസ്റ്ററന്റിലെത്തി. ഇന്ന് ആരും സലാഡ്, ചട്‌നി എന്നിവ കഴിക്കരുതെന്ന് എല്ലാവരേയും പറഞ്ഞു മനസ്സിലാക്കി. ഞങ്ങള്‍ ദോശയും സാമ്പാറും കഴിച്ചു.
ഭക്ഷണം കഴിച്ചുകഴിഞ്ഞ് പതിവുപോലെ ശ്രീദേവിയും പ്രാചുവും തലയെണ്ണി. ഒരാള്‍കുറവ്! അത് ഞങ്ങളുടെ എക്‌സൈസ് ചേട്ടന്‍ തന്നെ (Mr. X എന്ന് പേരിടാം). ഞങ്ങളെല്ലാവരും ബസ്സിനകത്തെ തണലിലും, തണുപ്പിലും വിശ്രമിച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴതാ, പ്രാചു Mr. Xനെ കയ്യോടെ പിടിച്ചു കൊണ്ടുവരുന്നു. ഹോട്ടലിനടുത്തുള്ള ഉജ്ജയന്തമ്യൂസിയം കാണണമെന്ന് അയാള്‍ക്ക് തോന്നി. ആരോടും പറയാതെ ഒറ്റമുങ്ങല്‍! ഭയങ്കര ചൂടനായ അയാളോട് ആരും തര്‍ക്കിക്കാന്‍ പോയില്ല.
ബംഗ്ലാദേശ് – ത്രിപുര ബോര്‍ഡറിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന കമലാസാഗര്‍ കാളീക്ഷേത്രമാണ് അടുത്ത ലക്ഷ്യം. ഞങ്ങളവിടെ എത്തിയപ്പോള്‍ 5 മണിയായി. ഇരുട്ടായിത്തുടങ്ങി. പ്രശാന്തസുന്ദരമായ ഗ്രാമപ്രദേശം. പക്ഷികള്‍ ചേക്കേറാന്‍ വെമ്പുന്നു. മനോഹരമായ കമലാസാഗര്‍ തടാകം. തടാകത്തിന്റെ നാലതിരുകളിലും കോണ്‍ക്രീറ്റ് ചെയ്ത് പടവുകള്‍ കെട്ടിയിരിക്കുന്നു. ഒരു ഭാഗത്ത് വളരെ ഉയരത്തില്‍ കമ്പിവേലി. വള്ളികള്‍ അതില്‍ പടര്‍ന്നുകയറിയിരിക്കുന്നു. ആ കമ്പിവേലിയ്ക്കപ്പുറത്താണ് ബംഗ്ലാദേശ്!
15-ാം നൂറ്റാണ്ടില്‍ മഹാരാജാ ധന്യമാണിക്യന്‍ പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രവും തടാകവും. അദ്ദേഹത്തിന്റെ രാജ്ഞി കമലാദേവിയുടെ പേരാണ് തടാകത്തിനു നല്‍കിയിരിക്കുന്നത്.
അല്പം ഉയര്‍ന്ന സ്ഥലത്താണ് ക്ഷേത്രം. തടാകക്കരയില്‍ നിന്നും തുടങ്ങുന്ന കോണ്‍ക്രീറ്റ് പാത ക്ഷേത്രത്തിനു മുന്‍പിലേക്കു നീളുന്നു. അതില്‍ മനോഹരമായ പൂക്കളങ്ങള്‍ പെയ്ന്റു ചെയ്തിട്ടുണ്ട്. പൂക്കളങ്ങളുടെ ഭംഗി ആസ്വദിച്ചു നടന്ന ഞങ്ങളെ (‘അമ്പേ’) യെന്ന് വിളിച്ച് സ്വാഗതം ചെയ്തു, ഒരു പശുക്കുട്ടി! എത്ര നാളായി ഇങ്ങനെ ഒരു വിളി കേട്ടിട്ട്. ഞങ്ങളുടെ കയ്യില്‍ പഴമോ ബിസ്‌ക്കറ്റോ ഒന്നും ഇല്ലായിരുന്നു അതിനു കൊടുക്കാന്‍.
ത്രിപുരസുന്ദരിയുടെ മിനി പതിപ്പായിരുന്നു ഇവിടത്തെ കാളിമാത. ഓറഞ്ചു നിറത്തിലെ വസ്ത്രവും, ചെമ്പരത്തിപ്പൂമാലകളും സായാഹ്നസൂര്യന്റെ പ്രഭയില്‍ മനോഹരമായി കാണപ്പെട്ടു. തിരുമേനിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ രണ്ടു സ്‌തോത്രങ്ങള്‍ ചൊല്ലി.
‘സര്‍വ്വമംഗള മാംഗല്യേ
ശിവേ സര്‍വ്വാര്‍ത്ഥസാധികേ
ത്രയംബകേ മൂകാംബികേ ഗൗരി
നാരായണി നമോസ്തുതേ’
‘കാളി കാളി മഹാകാളി
ഭദ്രകാളി നമോസ്തുതേ
കുലം ച കുല ധര്‍മ്മം ച
മാം ച പാലയ പാലയ’
പൂജാരി ഞങ്ങള്‍ക്കെല്ലാവര്‍ക്കും തീര്‍ത്ഥവും പൂക്കളും തന്നു. ബംഗ്ലാദേശില്‍ നിന്നും അത്യുച്ചത്തില്‍ ബാങ്കുവിളി ഉയര്‍ന്നു.
ഞങ്ങള്‍ ബസ്സില്‍ കയറുന്നതിനു തൊട്ടുമുമ്പ് ചില പുരുഷന്മാര്‍ക്ക് മൂത്രശങ്ക! മുള്ളുവേലിയ്ക്കരികിലെ പച്ചിലപ്പടര്‍പ്പിനടുത്തേക്ക് അവര്‍ നടന്നു. അവര്‍ കൃത്യനിര്‍വ്വഹണം നടത്തിക്കഴിഞ്ഞിരിക്കണം – അപ്പോഴേക്കും തോക്കേന്തിയ ഇന്ത്യന്‍ പട്ടാളക്കാരന്‍ അവിടെയെത്തി. ബോര്‍ഡറിനടുത്തു നിന്നും നിങ്ങള്‍ ഉടനെ പോകണമെന്ന് മാന്യമായി അപേക്ഷിച്ചു. ഞങ്ങള്‍ ഉടനെ സ്ഥലം വിട്ടു.
ഈ ക്ഷേത്രത്തിലെ ദേവിയ്ക്ക് കസ്‌ബേശ്വരി കാളിമാത എന്നും പേരുണ്ടെന്ന് ലഘുലേഖയില്‍ വായിച്ചത് ഓര്‍മ്മവന്നു (കസ്ബ എന്നാല്‍ ഗ്രാമം). ദശഭുജദുര്‍ഗ്ഗയെ സാന്‍ഡ് സ്റ്റോണ്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. പട്ടുസാരികൊണ്ട് മൂടിപ്പുതച്ചിരിക്കുന്നതുകൊണ്ട് ഭുജങ്ങളൊന്നും ഞങ്ങള്‍ കണ്ടില്ല.
ഗീതാഞ്ജലിയിലേക്കുള്ള 24 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ ഒരുപാട് സമയമെടുത്തു. സരസ്-2022 മേള നടക്കുന്ന സ്ഥലത്ത് വന്‍ തിരക്ക്; ഗതാഗതക്കുരുക്ക്. അതിനിടയിലൂടെ വാഹനം കൊണ്ടുപോകാന്‍ ഡ്രൈവര്‍ പാടുപെട്ടു.
എല്ലാവരും മിതമായി ഭക്ഷണം കഴിച്ച് അവരവരുടെ മുറികളിലേക്കു പോയി.
ത്രിപുര പ്രാദേശിക കാഴ്ചകള്‍
ഇഞ്ചിയിട്ടു തിളപ്പിച്ച ചൂടുകട്ടന്‍ ചായ! ഹായ്, എന്തുരുചി! ഇന്ന് ഡൈനിംഗ് റൂമില്‍ അതായിരുന്നു സ്‌പെഷ്യല്‍. ഇഡ്ഡലി, സാമ്പാര്‍, കോണ്‍ഫ്‌ളേക്‌സ്, പാല്‍ എന്നിവ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു.
ഇന്ന് ഗൈഡിനൊരു മാറ്റം പ്രാചുവിന് കടുത്ത പനി. പ്രാചു, അവിഷേക് ചൗധരി എന്ന പയ്യനെ പകരക്കാരനായി അയച്ചിരിക്കുന്നു. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന പയ്യന്‍, ത്രിപുരക്കാരന്‍ – അയാള്‍ക്ക് ത്രിപുരയെപ്പറ്റി കൂടുതല്‍ അറിവുണ്ടായിരുന്നു.
അഗര്‍ത്തലയിലെ ബസ്സ് സ്റ്റോപ്പുകള്‍ അതിമനോഹരമായി പരിപാലിച്ചിരിക്കുന്നതു കണ്ടു. ത്രിപുരയിലെ ഏതെങ്കിലും മനോഹരദൃശ്യമാണ് അതിന്റെ ചുവരില്‍. Agartala Smart City എന്ന് എല്ലാ കാത്തിരുപ്പുകേന്ദ്രത്തിലും എഴുതിയിട്ടുണ്ട്.
അഗര്‍ത്തലയിലെ റെയില്‍വേ ട്രാക്കും കണ്ടു. (മറ്റ് രണ്ട് സംസ്ഥാനങ്ങളെക്കാളും കൂടുതല്‍ വികസനം ഇവിടെ നടന്നിട്ടുണ്ട്.)
രാജ്ഭവന്‍, സെക്രട്ടറിയേറ്റ് എന്നിവ ബസ്സിലിരുന്നു കണ്ടു. ഞങ്ങളുടെ ആദ്യത്തെ സ്റ്റോപ്പ് 1971 War memorial അഥവാ Albert Ekka War Memorial എന്ന സ്ഥലത്തായിരുന്നു. വെറും മൂന്നുമാസം മുന്‍പാണ് ഈ സ്ഥലം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത് എന്ന് അവിഷേക് പറഞ്ഞു.
പ്രവേശന കവാടത്തിനടുത്ത് ലാന്‍സ് നായിക്ക് ആല്‍ബര്‍ട്ട് എക്ക എന്ന സൈനികന്റെ അര്‍ദ്ധകായ പ്രതിമ.
1971ല്‍ ബംഗ്ലാദേശിനെ പാകിസ്ഥാന്റെ പിടിയില്‍ നിന്നും മോചിപ്പിച്ച്, ബംഗ്ലാദേശിന് സ്വാതന്ത്ര്യം നേടി കൊടുക്കുന്നതില്‍ ഇന്ത്യയും പാകിസ്ഥാനോട് പൊരുതി. ‘ഓപ്പറേഷന്‍ കാക്ടസ് ലില്ലി’ എന്നായിരുന്നു ഈ യുദ്ധത്തിന്റെ പേര്.
ആദിവാസികളുടെ ഊരില്‍ ജനിച്ചുവളര്‍ന്ന ആല്‍ബര്‍ട്ട് എക്ക എന്ന പയ്യന് ചെറുപ്പം മുതലേ അമ്പെയ്ത്തില്‍ വല്യ താല്‍പര്യമായിരുന്നു. ഉന്നം തെറ്റാതെ അമ്പെയ്ത് അവന്‍ കൂട്ടുകാരുടെ കയ്യടി നേടി. യുവാവായപ്പോള്‍ എക്ക സൈന്യത്തില്‍ ചേര്‍ന്നു. അമ്പു വില്ലും ഉപേക്ഷിച്ച് തോക്കേന്തി. ഈ യുവാവാണ് 1971ലെ വീരനായത്. യുദ്ധത്തിനിടയ്ക്ക് ഒരു ലൈറ്റ് മെഷീന്‍ ഗണ്ണും, മീഡിയം മെഷീന്‍ ഗണ്ണും അദ്ദേഹം നിര്‍വീര്യമാക്കി. ഇവ രണ്ടും ഒരുപാട് ഇന്ത്യന്‍ സൈനികരുടെ ജീവന്‍ കവര്‍ന്നെടുത്തു. മാരകമായി മുറിവേറ്റുവെങ്കിലും, എക്ക ഇഴഞ്ഞിഴഞ്ഞ് മീഡിയം മെഷീന്‍ ഗണ്‍ പ്രവൃത്തിപ്പിച്ചു കൊണ്ടിരുന്ന പാക് ഭടനെ ബയണറ്റ് ഉപയോഗിച്ച് കാലപുരിയ്ക്കയച്ചു. ഈ പ്രവര്‍ത്തി യുദ്ധത്തിന് ഒരറുതി വരുത്തി. എക്ക അതോടെ അന്ത്യശ്വാസം വലിക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹത്തിന് പ്രായം വെറും 29 വയസ്സേ ഉണ്ടായിരുന്നുള്ളൂ.
യുദ്ധത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ആല്‍ബര്‍ട്ട് എക്കയ്ക്ക് രാജ്യം ‘പരംവീര്‍ ചക്ര’ നല്‍കി ആദരിച്ചു. ഇന്ത്യയുടെ 50-ാം റിപ്പബ്ലിക് ദിനത്തിലാണ് മരണാനന്തര ബഹുമതിയായി ഈ (പരമോന്നത ബഹുമതി) സ്ഥാനം നല്‍കിയത്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഝാര്‍ഖണ്ഡില്‍ ആല്‍ബര്‍ട്ട് എക്ക ചൗക്കും പ്രതിമയും നിര്‍മ്മിച്ചു. പോസ്റ്റല്‍ വകുപ്പ് ആല്‍ബര്‍ട്ട് എക്കയുടെ ചിത്രമുള്ള സ്റ്റാമ്പ് ഇറക്കി.
1971ലെ യുദ്ധത്തിന് ബാറ്റില്‍ ഓഫ് ഗംഗാസാഗര്‍ (കിഴക്കന്‍ പാകിസ്ഥാന്‍) എന്നും പേരുണ്ട്. അന്നത്തെ യുദ്ധത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ച എല്ലാ സൈനികര്‍ക്കും പ്രണാമം അര്‍പ്പിച്ചുകൊണ്ട് വലിയൊരു ശിലാഫലകം പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
പലതരം പീരങ്കികള്‍, തോക്കുകള്‍ എന്നിവയും കണ്ടു. ഉദ്യാനപാലകര്‍ ചെടികള്‍ നട്ടു തുടങ്ങുന്നേയുള്ളൂ. പാര്‍ക്ക് ഇപ്പോള്‍ ശൈശവാവസ്ഥയിലാണ്.