ടാമ്പയിലെ ഹിന്ദു ക്ഷേത്രം
1983ല്‍ ഫ്‌ളോറിഡയില്‍ ഒരു ഹിന്ദുക്ഷേത്രം ആരംഭിച്ചതോടെ മറ്റൊരു നഗരമായ ടാമ്പയില്‍ തങ്ങളുടെ ആരാധനക്ക് ഒരിടം ആവശ്യമാണെന്ന് കുറച്ചു ആളുകളുടെ മനസ്സില്‍ തോന്നി. അവര്‍ സമാനമനസ്‌കരുമായി ആശയം കൈമാറുകയും ചെയ്തു. സംസ്‌കാരം പുതിയ തലമുറയിലേക്കു പകര്‍ന്നു നല്‍കാനും ഒത്തു കൂടാനും ആരാധനക്കുമായി ഒരിടം വേണമെന്ന ആശയം അതില്‍ നിന്ന് ഉരുത്തിരിഞ്ഞു.
അതിനു മുന്‍പുതന്നെ ചെറു ഗ്രൂപ്പുകളായി പലരുടെയും വസതികളില്‍ ഒത്തുചേരുന്നതും ഭജനകളും ആഘോഷങ്ങളും മറ്റും നടത്തുന്നതും ടാമ്പയില്‍ പതിവായിരുന്നു. ഇത്തരമൊരു പശ്ചാത്തലത്തില്‍ ലാഭേച്ഛയില്ലാത്ത ഒരു സംഘടന രൂപീകരിച്ച് സ്ഥലം വാങ്ങി ക്ഷേത്രം പണിയാനുള്ള പരിശ്രമം ആരംഭിച്ചു. 1989 ആയതോടെ ഇതിനു അനുയോജ്യമായ 15 ഏക്കര്‍സ്ഥലം കണ്ടെത്താനും അത് വാങ്ങാനുമായി.
വാങ്ങിയ ഭൂമിയില്‍ ഉണ്ടായിരുന്ന പഴയ കെട്ടിടത്തില്‍ ആദ്യം പൂജകളും മറ്റും ആരംഭിച്ചു. വ്യാപകമായി സമാജത്തെ സമീപിച്ചു ക്ഷേത്രനിര്‍മാണത്തിന് ആവശ്യമായ സംഭാവനകളും മറ്റും ശേഖരിക്കാനായത് 1994ല്‍ മാത്രമായിരുന്നു. പിന്നെ വൈകാതെ പണി തുടങ്ങി, 1996ല്‍ മഹാ കുംഭാഭിഷേകം നടത്തുകയും എല്ലാ വിഗ്രഹങ്ങള്‍ക്കുമായി വിമാനഗോപുരങ്ങള്‍ നിര്‍മ്മിക്കുകയും 2006ല്‍ രാജഗോപുരം പൂര്‍ത്തിയാവുകയും ചെയ്തു.
2000ല്‍ പ്രസാദ സാധന എന്ന പേരില്‍ ഒരു ക്ഷേത്ര കാന്റീന്‍ ആരംഭിച്ചു. 2013 ശിവരാത്രി നാളില്‍ പുതിയ കെട്ടിടവും നിര്‍മിക്കാനായി. ക്ഷേത്രത്തില്‍ 2015ല്‍ പഞ്ചമുഖ ആഞ്ജനേയന്റെയും സായി ബാബയുടെയും പ്രതിഷ്ഠ നടത്തി.
ശില്പ ചാതുരി ഏറുന്ന ജോലികള്‍ക്കായി ഇന്ത്യയില്‍ നിന്ന് 15 ഓളം പണിക്കാരെ ഇവിടേക്ക് കൊണ്ടുവന്നിരുന്നു. കല്ലില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന കൊത്തു പണികള്‍ പലതും കോണ്‍ക്രീറ്റ് ഉപയോഗിച്ച് വളരെ വിദഗ്ദ്ധമായാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
വെങ്കിടാചലപതി, ശ്രീരാമന്‍, ശിവന്‍, ദുര്‍ഗ, മഹാലക്ഷ്മി, പഞ്ചമുഖ ആഞ്ജനേയന്‍, ഗണപതി, നവഗ്രഹങ്ങള്‍ മുതലായവയാണ് പ്രതിഷ്ഠകള്‍. മകരസംക്രമം, വൈകുണ്ഠ ഏകാദശി, മഹാശിവരാത്രി, യുഗാദി, ശങ്കര ജയന്തി, രാമനവമി, ഹനുമത് ജയന്തി മുതലായവയാണ് പ്രധാന ആഘോഷങ്ങള്‍.
ഇത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രമായി കണക്കാക്കപ്പെടുന്നു. കേവലം പൂജകള്‍ക്കും ആരാധനക്കുമപ്പുറം ഭാരതീയ സംസ്‌കാരത്തെയും ഭാഷകളെയും പരിചയപ്പെടുത്താനുള്ള ഒരു വേദി കൂടിയാണ് ഈ ക്ഷേത്രം.
ഇതിന്റെ മനോഹരമായ സഭാഗൃഹത്തില്‍ തമിഴ്, ഗുജറാത്തി, കന്നഡ തുടങ്ങിയ ഭാഷാ പഠനത്തിനുള്ള സൗകര്യമുണ്ട്. അമേരിക്കയില്‍ വളരുന്ന പുതു തലമുറയ്ക്ക് തങ്ങളുടെ നാടുകളിലെ ഭാഷ പരമ്പരാഗതമായ രീതിയില്‍ അഭ്യസിക്കാന്‍ സൗകര്യങ്ങളുണ്ട്. കലാപരമായി നൃത്തം, ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം എന്നിവയിലും ക്ലാസ്സുകള്‍ നടത്തുന്നു.
പുരാണ ഗ്രന്ഥങ്ങളായ ഭാഗവതം, രാമായണം തുടങ്ങി സംസ്‌കൃത ശ്ലോകങ്ങളിലും ക്ലാസ്സുകള്‍ ലഭിക്കുന്നു. ഈ കമനീയമായ ക്ഷേത്രത്തിലേക്ക് ഞങ്ങള്‍ ആദ്യം താമസിച്ചിരുന്ന സ്ഥലത്തു നിന്ന് 40 മിനിറ്റു നടന്നാല്‍ എത്താം എന്നതിനാല്‍ വൈകുന്നേരത്തെ നടപ്പില്‍ ആ വഴി കൂടി പലപ്പോഴും ഉള്‍പ്പെടുത്തിയിരുന്നു. നമ്മുടെ നാട്ടിലെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നല്ല രുചിയില്‍ ഇവിടെ ആസ്വദിക്കുകയുമാവാം.
ശ്രീ അയ്യപ്പ ക്ഷേത്രം
പേര് സൂചിപ്പിക്കുന്നതു പോലെ ഇത് നമ്മുടെ ധര്‍മ്മ ശാസ്താ ക്ഷേത്രം തന്നെയാണ്. പൂജാരി കേരളീയനാണ്. നമുക്ക് അസ്സല്‍ മലയാളത്തില്‍ അദ്ദേഹവുമായി സംസാരിക്കാം. തണുപ്പ് ഉള്ളതുകൊണ്ടാവാം കുപ്പായം ഊരാതെ ദര്‍ശനം നടത്താന്‍ അനുവാദമുണ്ട്. ധര്‍മ്മശാസ്താവിന്റെ ശബരിമലയിലെ വിഗ്രഹം പോലെയുള്ള പഞ്ചലോഹ വിഗ്രഹമാണ് ഇവിടെയും പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇത് കൂടാതെ നാരായണന്‍, ശിവന്‍, മാളികപ്പുറത്തമ്മ, ഗണപതി എന്നീ വിഗ്രഹങ്ങളും ഈ ക്ഷേത്രത്തില്‍ കാണാം.
ശ്രീ അയ്യപ്പ സൊസൈറ്റി ഓഫ് ടാമ്പാ (ശാസ്താ) എന്ന സംഘടന 2000ല്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം ആരംഭിച്ചു. പതിനെട്ടു പടികളോട് കൂടിയ ഒരു അയ്യപ്പ ക്ഷേത്രം നിര്‍മ്മിക്കുകയെന്നതായിരുന്നു ലക്ഷ്യം. ശബരിമലയില്‍ കിഴക്കു വശത്താണ് പടികള്‍ ഉള്ളതെങ്കില്‍ ഇവിടെ പടിഞ്ഞാറു ഭാഗത്താണ് പടികള്‍. മാത്രമല്ല പടികളിലൂടെയല്ലാതെ ഇരുവശത്തുനിന്നും വരുന്ന ചെറിയ പടവുകള്‍ ഈ പതിനെട്ടാം പടിക്കു മുകളില്‍ സന്ധിക്കുകയാണ്. അവിടെ ശബരിമലയിലെ പോലെ സ്വര്‍ണ കൊടിമരം ഉണ്ട്. 2011 ല്‍ ആണ് ക്ഷേത്ര പ്രതിഷ്ഠ നടത്തിയത്.
തങ്ങളുടെ അടുത്ത തലമുറ ദൈവവിശ്വാസികളാവണമെന്നും ക്ഷേത്രകാര്യങ്ങളില്‍ തല്പരരായിത്തീരണമെന്നും മറുനാട്ടില്‍ കഴിയുന്നവര്‍ക്ക് ആഗ്രഹമുണ്ട്. അത്തരം ഒരു സാഹചര്യത്തില്‍ നമ്മുടെ ക്ലാസ്സിക്കല്‍ കലകളും സംഗീതവും മറ്റും കുട്ടികള്‍ക്ക് പരിചയപ്പെടുത്താന്‍ വിദഗ്ദ്ധരായ അധ്യാപകരും ഇവിടെയുണ്ട്. മലയാളികള്‍ ആണ് കൂടുതല്‍ എങ്കിലും മിക്കവാറും വടക്കേ ഇന്ത്യക്കാരും ഭരണ സമിതിയിലുമുണ്ട്.
ഗീത, യോഗ ക്ലാസ്സുകളും ശ്രീ ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് ക്ലാസ്സുകളും ഇവിടെ നടത്തുന്നു. ഒരിക്കല്‍ ക്ഷേത്ര പരിസരത്തുവച്ചു രണ്ടു അമേരിക്കന്‍ സ്ത്രീകള്‍ വാഹനം കൈകാട്ടി നിര്‍ത്തി ആര്‍ട്ട് ഓഫ് ലിവിങ് കോഴ്‌സിനെക്കുറിച്ചു ലഘുലേഖ നല്‍കി വിശദികരിക്കുന്നുണ്ടായിരുന്നു. പണ്ടെങ്ങോ അതിന്റെ തുടക്കത്തില്‍ ഒരു അഭ്യുദയ കാംക്ഷിയുടെ ശ്രമഫലമായി ഞാനും എത്തിപ്പെട്ട ഓര്‍മ്മയായിരുന്നു മനസ്സില്‍.
പിന്നീടൊരിക്കല്‍ കുട്ടികളുടെ ശാസ്ത്രീയ സംഗീത കച്ചേരി കേള്‍ക്കാന്‍ പോയിരുന്നു. തുടക്കക്കാരായിരുന്നു കുട്ടികള്‍. പക്ഷെ ഓരോരുത്തരെയും ഗുരു പരിചയപ്പെടുത്തുകയും കൊച്ചു ഗായകര്‍ ആംഗലത്തില്‍ കീര്‍ത്തനം, രചയിതാവ്, രാഗം എന്നിവ പറഞ്ഞശേഷം ഭംഗിയായി സംഗീതം ആലപിക്കുകയും ചെയ്തു. ഇതിന്റെ ഹാള്‍ സംഭാവന നല്‍കിയിരിക്കുന്നത് ഇപ്പോള്‍ ടാമ്പയില്‍ ഉള്ള ഒരു മലയാളി ഡോക്ടര്‍ കുടുംബമാണ്. തങ്ങളുടെ മുത്തശ്ശിയുടെ സ്മരണക്കായാണ് സംഭാവന. ആ പുണ്യവതി എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ സ്വദേശിനിയാണ്.
നമ്മുടെ നാട്ടുകാരെ കാണുമ്പോള്‍ സന്തോഷം കൊണ്ട് മനസ്സ് തുള്ളിച്ചാടുന്നു. ഇവിടെയും ഒരു കാന്റീന്‍ ഉണ്ട്. നെയ് റോസ്റ്റ്, മസാലദോശ, വട എന്നിവയൊക്കെ ലഭിക്കും. ഭാരത് കോഫീ ഹൗസില്‍ എത്തിയപോലെതോന്നും. മൂന്ന് നാലു മയിലുകള്‍ ഭക്തരില്‍ കൗതുകമുണര്‍ത്തികൊണ്ടു ചിലപ്പോഴൊക്കെ മനോഹരമായ പീലി നിവര്‍ത്തി ആടാറുണ്ട്.
മണ്ഡലകാലത്തു ശബരിമലക്ക് പോകുന്ന പോലെ വൃതമെടുത്തു, കറുപ്പുടുത്തു ശരണം വിളിച്ചു ഇരുമുടിക്കെട്ടുമായി ഈ ക്ഷേത്രത്തിലേക്ക് അമേരിക്കയുടെ പലഭാഗത്തുനിന്നും അയ്യപ്പന്മാര്‍ എത്തുന്നു. ഈ പരിസരത്തു നില്‍ക്കുമ്പോള്‍ ഒരു കെട്ടു നിറയിലെന്നപോലെ മനസ്സ് മന്ത്രിക്കുന്നു. സ്വാമിയേ ശരണം അയ്യപ്പ !