എം.മുകുന്ദനെയും സച്ചിദാനന്ദനെയും പോലെ ഇടതുപക്ഷക്കാരാണെന്ന് പറയുന്ന സാഹിത്യ വമ്പന്മാര്‍ പോലും കേരളത്തിലെ ഇടതുസര്‍ക്കാരിനെ തോണ്ടുന്നതു കണ്ട് സഖാക്കള്‍ക്കാകെ കടുത്ത നിരാശ. അവര്‍ക്ക് ചെറിയൊരു ആശ്വാസം കിട്ടാന്‍ എം. എ.ബേബി സഖാവ് മനസ്സില്‍ കണ്ട ഒറ്റമൂലി ചികിത്സയായിരുന്നു കണ്ണൂരുകാരനായ കഥാകാരന്‍ ടി.പത്മനാഭനെക്കൊണ്ട് ഹിന്ദുത്വത്തിനെതിരെ രണ്ടു ഡയലോഗ് കാച്ചിക്കുക എന്നത്. മാതൃഭൂമിയുടെ അക്ഷരോത്സവത്തില്‍ ”ബഹുസ്വരങ്ങള്‍ വേണ്ടേ എഴുത്തിലും രാഷ്ട്രീയത്തിലും” എന്ന വിഷയത്തില്‍ ഇരുവരും തമ്മിലുള്ള സംഭാഷണത്തെ അങ്ങനെ തിരിച്ചുവിടാനാണ് ബേബി ശ്രമിച്ചത്. സഖാവ് ബഹുസ്വരത വിട്ട് നേരെ ഹിന്ദുത്വത്തിലേക്ക് കടന്നു. അപ്പോഴാണ് ബേബിയാശാനെ ഞെട്ടിച്ചുകളഞ്ഞ വാക്കുകള്‍ പത്മനാഭനില്‍ നിന്നുണ്ടായത്. തന്റെ മാതാപിതാക്കള്‍ ഹിന്ദുക്കളായതുകൊണ്ടു താനും ഹിന്ദുവാണെന്നു പറഞ്ഞ പത്മനാഭന്‍ ഹിന്ദുവായതില്‍ ലജ്ജിക്കുന്നില്ലെന്നു മാത്രമല്ല അഭിമാനിക്കുന്നുവെന്നും തറപ്പിച്ചു പറഞ്ഞപ്പോള്‍ ബേബിയുടെ മുഖത്തെ പ്രകാശം ഫ്യൂസായി. ഹിന്ദുവില്‍ താന്‍ കാണുന്നത് രാമകൃഷ്ണ പരമഹംസരെയും വിവേകാനന്ദനെയും ശ്രീശങ്കരനെയുമൊക്കെയാണെന്നും അവരുടെ ഹിന്ദു മതമാണ് തന്റേത് എന്നും പത്മനാഭന്‍ പറഞ്ഞതോടെ ബേബിക്ക് വേദിയില്‍ സ്ഥലം പോര എന്ന സ്ഥിതിയായി
എന്നാലും സഖാവിന്റെ സ്ഥിരം പല്ലവികള്‍ പറയാതെ വേദി വിടാന്‍ പറ്റില്ലല്ലോ. ജയ് ശ്രീറാം എന്നു പറഞ്ഞില്ലെങ്കില്‍ കൊല്ലപ്പെടുമെന്നതാണ് രാജ്യത്തെ അവസ്ഥ എന്നു പറഞ്ഞ് സഖാവ് സമാധാനിച്ചു. പിന്നെ ആശ്രയം ഗാന്ധിയാണ്. തനിക്ക് രാമനും റഹീമും ഒരുപോലെയാണ് എന്നു ഗാന്ധിജി പറഞ്ഞിട്ടുണ്ട് എന്നും അതേ നിലപാടാണ് തന്റേത് എന്നും പറഞ്ഞ് ബേബി സ്വയം ഗാന്ധിക്ക് തുല്യനായി തന്നെ പ്രതിഷ്ഠിച്ചു. മാതൃഭൂമിയുടെ മറ്റൊരു ദിവസത്തെ അക്ഷരോത്സവം പരിപാടിയില്‍ പങ്കെടുത്ത സി.പി.എം ജന. സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സങ്കടം, തന്റെ പാര്‍ട്ടി ഒഴിച്ചുള്ളവര്‍ രാമഭക്തിയില്‍ ബി.ജെ.പിയോട് മത്സരിക്കാന്‍ ശ്രമിക്കുന്നതിലാണ്. യെച്ചൂരിയും കൂട്ടരും രാവണനൊപ്പമാണ്. രാവണന്റെ ഗതിതന്നെ യെച്ചൂരിയുടെ പാര്‍ട്ടിക്കും വരുമെന്നുസാരം.