ഓര്‍ത്തഡോക്‌സ് – യാക്കോബായ സഭാ തര്‍ക്കം സുപ്രീം കോടതി ഇടപെട്ടിട്ടും തീരാതെ നിയമനിര്‍മ്മണത്തിലേക്ക് പോകുകയാണത്രെ. അതും രണ്ടഭിപ്രായത്തില്‍ നില്‍ക്കുകയാണ്. അതിനിടക്കാണ് മഞ്ഞാനിക്ക പള്ളി പെരുന്നാളിന്റെ തീര്‍ത്ഥാടക സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പത്രിയാര്‍ക്കീസ് ബാവ ചെയ്ത പ്രസംഗം ശ്രദ്ധിക്കപ്പെട്ടത്. തമ്മിലടിക്കുന്ന രണ്ടു സഭക്കാരും ഒരേ ആചാരക്കാര്‍, ഒരേ ആരാധന പിന്തുടരുന്നവര്‍, ഒരു കുടുംബം. രണ്ടിനും പൗരോഹിത്യത്തിന്റെ ഉറവിടം സുറിയാനി. ഒരു കുടുംബം പോലെ കഴിയേണ്ടവര്‍ തമ്മില്‍ തല്ലി തലകീറുന്നു. അവര്‍ക്ക് പരിഹാരത്തിന്റെ വഴി വിശാലതയും സഹിഷ്ണുതയും ആണെന്നും ഭാരതീയ സംസ്‌കാരമാണ് അതെന്നും പത്രിയാര്‍ക്കീസ് ബാവ പറഞ്ഞു. ഒരേ ചോരയായിട്ടും ക്രിസ്ത്യാനിയുടെ തമ്മിലടി എന്ന സംസ്‌കാരത്തില്‍ നിന്ന് ഭാരതത്തിന്റെ വിശാലതയുടെയും സഹിഷ്ണുതയുടെയും വഴിയിലേക്ക് വരാന്‍ പറഞ്ഞതില്‍ നിന്ന് അദ്ദേഹം ഭാരതത്തിന്റേത് എന്നതുകൊണ്ട് ഉദ്ദേശിച്ചത് ഹിന്ദുവിന്റെ വഴിയാണ് എന്നു വ്യക്തം.
നേരത്തെ നിലക്കലില്‍ മഹാദേവ ക്ഷേത്ര സങ്കേതത്തിലെ വിഗ്രഹം തകര്‍ത്ത് തല്‍സ്ഥാനത്ത് പള്ളി പണിത കത്തോലിക്കര്‍ക്ക് ഒടുവില്‍ പിന്‍വാങ്ങേണ്ടി വന്നു. ഹിന്ദുവിന്റെ സഹിഷ്ണുതാ മാര്‍ഗ്ഗം സ്വീകരിച്ച പള്ളി നേതൃത്വത്തെ അന്നത്തെ ആര്‍.എസ്.എസ്. സര്‍സംഘചാലക് ബാലാസാഹേബ് ദേവറസ് അഭിനന്ദിച്ചിരുന്നു. സഭയ്ക്കുള്ളിലെ തര്‍ക്കം ഇതേ രീതിയില്‍ തീര്‍ക്കണമെന്ന് ബന്ധപ്പെട്ടവര്‍ തന്നെ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. പൂര്‍വ്വികതയിലേക്ക് തിരിച്ചു ചിന്തിച്ചാല്‍ അവര്‍ക്ക് കാണാന്‍ കഴിയുക ഹിന്ദു പാരമ്പര്യമാകും.