Saturday, July 12, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home യാത്രാവിവരണം

ത്രിപുരസുന്ദരിയുടെ നാട്ടില്‍

ഡോ.ആശ

Print Edition: 9 February 2024

ത്രിപുരസുന്ദരീ ദര്‍ശന ലഹരി
തൃഭുവന സൗന്ദര്യലഹരി – ലഹരീ –
സൗന്ദര്യലഹരീ
ആദികാരണ കാരണി
അദ്വൈത മന്ത്ര വിഹാരിണി
ആനന്ദ നന്ദന വാസിനി
അംബികേ ജഗദംബികേ
മാനസ സാരസ മധ്യവിലാസിനീ
വാണീമണീ വരവര്‍ണിനീ
ജ്ഞാന ക്ഷീരാര്‍ണ്ണവ നവമോഹിനീ
വീണാപുസ്തകധാരിണീ – മണി
വീണാപുസ്തക ധാരിണീ…
ത്രിപുരാന്തക വര സുന്ദരീ
ഹിമഗിരി നന്ദിനി ഗൗരീ മനോഹരീ
ശാതോദരീ മാഹേശ്വരി
ശങ്കരി ഓംകാര സ്വരരൂപിണീ
ഓംകാര സ്വരരൂപിണീ – ത്രിപുരസുന്ദരീ…

ജഗദ്ഗുരു ആദിശങ്കരന്‍ എന്ന സിനിമയ്ക്കുവേണ്ടി പി. ഭാസ്‌ക്കരന്‍ രചിച്ച, ദക്ഷിണാമൂര്‍ത്തിസ്വാമി ഈണം പകര്‍ന്ന് ഗാനഗന്ധര്‍വ്വന്‍ യേശുദാസ് പാടിയ ഈ ഗാനം ത്രിപുര എന്ന വാക്കു കേട്ടപ്പോഴെല്ലാം എന്റെ മനസ്സിലേക്ക് ഒഴുകിയെത്താറുണ്ട്.
‘ത്രിപുരാന്തകവരസുന്ദരി’ എന്ന പദങ്ങളുടെ അര്‍ത്ഥം കണ്ടുപിടിക്കാന്‍ ഗൂഗിളിന്റെ സഹായം തേടി. അപ്പോഴല്ലേ കഥകളുടെ ചുരുളഴിയുന്നത്!

താരകാസുരന്റെ മൂന്നു മക്കളായിരുന്നു താരകാക്ഷനും, കമലാക്ഷനും, വിദ്യുന്മാലിയും. അവര്‍ കഠിന തപസ്സു ചെയ്ത് ബ്രഹ്‌മാവില്‍ നിന്നും സ്വര്‍ണ്ണം, വെള്ളി, ഇരുമ്പ് എന്നിവ കൊണ്ട് നിര്‍മ്മിച്ച കോട്ടകള്‍ സ്വന്തമാക്കി. ഈ കോട്ടകള്‍ നവഗ്രഹങ്ങളെപ്പോലെ കറങ്ങിക്കൊണ്ടേയിരിക്കും. ഇവയാണ് ത്രിപുര. ”ആയിരം വര്‍ഷത്തിലൊരിക്കല്‍ ഒരു സെക്കന്റ് നേരത്തേക്ക് അവ മൂന്നും ലയിച്ച് ഇമ്മിണി ബല്യ കോട്ടയാകും. ആ സമയത്ത് ഒരൊറ്റ അമ്പെയ്ത് ഈ കോട്ടയെ നശിപ്പിക്കുവാന്‍ കെല്പുള്ളവന്‍ നിങ്ങളുടേയും അന്തകനാകും” – ബ്രഹ്‌മാവ് അസുരന്മാര്‍ക്ക് വരം നല്‍കി.
അസുരന്മാര്‍ ആദ്യമൊക്കെ ‘ഗുഡ്‌ബോയ്‌സ്’ ആയിരുന്നുവെങ്കിലും കാലക്രമേണ ‘ബാഡ് ബോയ്‌സ്’ ആയി മാറി. ശിവന്‍ പാശുപതാസ്ത്രം തൊടുത്തു വിട്ട് ത്രിപുരത്തെ ഭസ്മമാക്കി; ഒപ്പം അസുരന്മാരെയും. അങ്ങനെ ശിവന്‍ ത്രിപുരാന്തകനായി. അദ്ദേഹത്തിന്റെ സുന്ദരിയായ മിസ്സിസ്സ്, ത്രിപുരസുന്ദരിയുമായി. ത്രിപുര സുന്ദരി വാഴുന്ന സംസ്ഥാനമാണ് ഇപ്പോഴത്തെ ത്രിപുര.

ത്രിപുര സംസ്ഥാനം
ഭാരതത്തിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനമാണ് ത്രിപുരയ്ക്ക്. മൂന്നുവശത്തും ബംഗ്ലാദേശിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ത്രിപുരയുടെ കിഴക്കുവശത്ത് അസമും മിസോറാമും അതിരുപങ്കിടുന്നു. പുരാതനഭാരതത്തിലെ ഏറ്റവും പഴയ രാജ്യമായിരുന്നു ത്രിപുര. തലസ്ഥാനവും ഏറ്റവും വലിയ നഗരവും അഗര്‍ത്തലയാണ്. 8 ജില്ലകളാണ് ഈ സംസ്ഥാനത്തുള്ളത്. ബംഗാളികളാണ് ജനസംഖ്യയിലധികവും. 19 തരം ഗോത്രവര്‍ഗ്ഗക്കാരുമുണ്ട്. ബംഗാളിയാണ് ഔദ്യോഗികഭാഷ.

2022 നവംബര്‍ 23 ബുധനാഴ്ച രാവിലെ ബ്രേക്ക് ഫാസ്റ്റ്, സമൂഹപ്രാര്‍ത്ഥന എന്നിവയ്ക്കുശേഷം ഞങ്ങള്‍ ഇംഫാല്‍ എയര്‍പോര്‍ട്ടിലേക്കു പുറപ്പെട്ടു. ഞങ്ങള്‍ താമസിച്ച ഹോട്ടലില്‍ നിന്നും വിമാനത്താവളത്തിലേക്ക് ഏതാണ്ട് പത്തു കിലോമീറ്റര്‍ ദൂരമേ കാണൂ. അവിടെ എത്തിയപ്പോഴോ? എയര്‍പോര്‍ട്ട് വൃത്തിയാക്കുന്നതേയുള്ളൂ; സെക്യൂരിറ്റിക്കാരന്‍ ഞങ്ങളോട് വെയ്റ്റിംഗ് ഏരിയയിലെ കസേരകളില്‍ ഇരിക്കാന്‍ പറഞ്ഞു.

ബീര്‍ തികേന്ദ്രജിത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നാണ് നോര്‍ത്ത് ഈസ്റ്റിലെ രണ്ടാം സ്ഥാനക്കാരനായ ഈ വിമാനത്താവളത്തിന്റെ പേര് (ഒന്നാമത് അസം; മൂന്നാമത് ത്രിപുര). 1200 യാത്രക്കാരെ വരെ കൈകാര്യം ചെയ്യാനുള്ള കാര്യക്ഷമത ഇവിടെയുണ്ട്. ഇംഫാലില്‍ നിന്നും ത്രിപുരവരെ വേഗം എത്താന്‍ ഫ്‌ളൈറ്റാണ് ഉചിതം. റോഡുമാര്‍ഗ്ഗം യാത്ര ചെയ്യാന്‍ രണ്ടു ദിവസമെങ്കിലും വേണ്ടിവരും. ഇംഫാലില്‍ നിന്നും ഗുവാഹട്ടിവരെ ആകാശമാര്‍ഗ്ഗം 269 കി. മീറ്ററും അവിടെ നിന്നും ത്രിപുര (അഗര്‍ത്തല) വരെ 262 കി.മീറ്ററുമാണ് ദൂരം (ഇവ റോഡുമാര്‍ഗ്ഗമാകുമ്പോള്‍ യഥാക്രമം 498 കി.മീ, 552 കി.മീ. ആകും).

കുറച്ചുനേരം പുറത്തെ കാഴ്ചകളൊക്കെ കണ്ടു. ദേശീയ പതാക ഇളം കാറ്റില്‍ പാറിക്കളിക്കുന്നു. കുറച്ചുയാത്രക്കാര്‍ മാത്രമേ ആ സമയത്ത് അവിടെ എത്തിയിരുന്നുള്ളൂ. അല്പസമയത്തിനകം സെക്യൂരിറ്റിക്കാരന്‍ ഞങ്ങള്‍ക്കുവേണ്ടി വാതായനം തുറന്നു തന്നു. ഇന്‍ഡിഗോയുടെ ഫ്‌ളൈറ്റ് വളരെ നന്നായിരുന്നു. മാംഗോ സ്മൂത്തിയും ‘നട്ട് കേസി’ല്‍ വറുത്ത അണ്ടിപ്പരിപ്പും കിട്ടി.

പുഴകള്‍, മലകള്‍, വയലേലകള്‍, വളഞ്ഞു പുളഞ്ഞൊഴുകുന്ന നദികള്‍, ഗര്‍ത്തങ്ങള്‍ എന്നിവയുടെ മനോഹാരിത വര്‍ണ്ണിക്കുവാന്‍ എനിക്കു വാക്കുകള്‍ കിട്ടുന്നില്ല.
”പുഴകള്‍, മലകള്‍, പൂവനങ്ങള്‍
ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങള്‍
സന്ധ്യകള്‍ മന്ദാരച്ചാമരം വീശുന്ന

ചന്ദന ശീതള മണല്‍പ്പുറങ്ങള്‍” എന്ന വരികള്‍ മൂളി ഭൂമിയിലേക്കു കണ്ണുനട്ട് ഞാനങ്ങനെ ഇരുന്നു. കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ കൂട്ടിയിട്ട വൈക്കോല്‍ കൂനകള്‍ കൗതുകകരമായ കാഴ്ചയായിരുന്നു. ബ്രഹ്‌മപുത്രയുടെ ഒരു കൈവഴി, വേവിച്ച ന്യൂഡില്‍സിന്റെ ഒരിഴപോലെ കാണപ്പെട്ടു. അസമിലെത്താറായപ്പോള്‍ നല്ലയിനം വീടുകളും വിശാലമായ റോഡുകളും കണ്ടുതുടങ്ങി. യാത്രയ്ക്ക് വേണ്ടിവന്ന സമയം 55 മിനിറ്റ്.

ലോക്പ്രിയ ഗോപിനാഥ് എയര്‍പോര്‍ട്ടില്‍ ഇറങ്ങി; സെക്യൂരിറ്റി ചെക്കിംഗ് മാത്രമേ ഞങ്ങള്‍ക്കു വേണ്ടിയിരുന്നുള്ളൂ. ലഗേജ് എയര്‍പോര്‍ട്ടുകളില്‍ തന്നെ എത്തിച്ചു തരും. സ്വര്‍ണനിറത്തിലുള്ള ഭീമാകാരമായ രണ്ടുവിളക്കുകള്‍ യാത്രക്കാരുടെ മനം കവര്‍ന്നു.
പകല്‍ 11.30ന് ഞങ്ങള്‍ ത്രിപുരയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കയറി. ബ്രഹ്‌മപുത്ര സമുദ്രം പോലെ പരന്നു കിടക്കുന്ന കാഴ്ചകണ്ട് അറിയാതെ കൈകള്‍ കൂപ്പി. ഭാരതത്തിലെ എല്ലാ നദികളും പുത്രിമാരാണെങ്കിലും ബ്രഹ്‌മപുത്ര ഭാരതാംബയുടെ പുത്രനാണ് – ഒരേയൊരു ആണ്‍തരി!
കിരൃലറശയഹല കിറശമ യുടെ ഭൂപ്രകൃതി വീണ്ടും ആസ്വദിച്ചു. 40 മിനിറ്റു കഴിഞ്ഞ് ഞങ്ങള്‍ അഗര്‍ത്തലയിലെ മഹാരാജാ ബീര്‍ബിക്രം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തി. മഹാരാജാ ബീര്‍ബിക്രം കിഷോര്‍ മാണിക്യ എയര്‍പോര്‍ട്ട് എന്നാണ് പൂര്‍ണ്ണനാമം. അഗര്‍ത്തലയുടെ ഹൃദയഭാഗത്തു നിന്നും 12 കി.മീ ദൂരത്താണ് വിമാനത്താവളം സ്ഥിതിചെയ്യുന്നത്.

അതിമനോഹരമായ എയര്‍പോര്‍ട്ടായിരുന്നു അത്. മുള, ചൂരല്‍ എന്നിവ ഉപയോഗിച്ചു നിര്‍മ്മിച്ച കരകൗശല വസ്തുക്കളാണ് അലങ്കാരത്തിനുപയോഗിച്ചിരിക്കുന്നത്. മഞ്ഞമുളയുടെ ഒരു കൂട്ടം മേല്‍ക്കൂരവരെ വളര്‍ന്നു നില്‍ക്കുന്നത് സ്‌പോട്ട് ലൈറ്റുകളുടെ പ്രഭയില്‍ അതിസുന്ദരമായി കാണപ്പെട്ടു (ആര്‍ട്ടിഫിഷ്യല്‍ മുള).

ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാന്‍ മാരിവില്ലിലെ ഏഴുനിറങ്ങളും വാരിപ്പൂശിയ ഒരു കുട്ടിബസ്സ് വന്നു. ഇന്നു മുതല്‍ ഞങ്ങളുടെ ടീം മുഴുവന്‍ ഒറ്റ വണ്ടിയിലായിരിക്കും യാത്ര ചെയ്യുക എന്ന് വേണുജി പറഞ്ഞു.
സമയം ഉച്ചയായി. ‘ഷേറോവാലി’ വെജ് റെസ്റ്റോറന്റിലാണ് ഞങ്ങളാദ്യം പോയത്. ഗൈഡ്പ്രാചു എല്ലാവര്‍ക്കും വേണ്ടി വെജ് ഥാലി ഓര്‍ഡര്‍ ചെയ്തു. റൊട്ടി, ചോറ്, ആലുഗോബി, മിക്‌സഡ് വെജ്കറി, പപ്പടം എന്നിവയും തക്കാളിയും വെള്ളരിക്കയും തൈരും റോക്ക് സോള്‍ട്ടും ചേര്‍ത്ത റൈത്തയും, മധുരമുള്ള അച്ചാറുമായിരുന്നു വിഭവങ്ങള്‍.

ഭക്ഷണം കഴിച്ചതിനുശേഷം റോഡിന് എതിര്‍വശത്തുള്ള ഉജ്ജയന്തപാലസ് മ്യൂസിയം കാണാന്‍ പോയി. റോഡ് മുറിച്ചുകടക്കാന്‍ കാത്തുനില്‍ക്കുമ്പോള്‍ യന്ത്രസഹായത്താല്‍ ഓടുന്ന സൈക്കിള്‍ റിക്ഷ കണ്ടു – ”എന്തൊരു സ്പീഡ്”!

ഉജ്ജയനും കൊട്ടാരവും മ്യൂസിയവും
തൂവെള്ള നിറമുള്ള അതിമനോഹരമായ ഇരുനിലക്കെട്ടിടമായിരുന്നു ഉജ്ജയന്‍ കൊട്ടാരം. 1849 ലാണ് അന്നത്തെ രാജാവ് മഹാരാജാ ഇഷാന്‍ ചന്ദ്ര മാണിക്യന്‍ ഈ കൊട്ടാരത്തിന്റെ പണി തുടങ്ങിവച്ചത്. 1862ല്‍ പൂര്‍ത്തിയായി. പക്ഷെ 1897ലെ ഭൂകമ്പത്തില്‍ കൊട്ടാരം തകര്‍ന്നുപോയി. എങ്കിലും മഹാരാജാ രാധാകൃഷ്ണ മാണിക്യന്‍ ”മാര്‍ട്ടിന്‍ ആന്റ് ബേണ്‍ (ആഡഞച)” കമ്പനിയ്ക്ക് കോണ്‍ട്രാക്ട് കൊടുത്ത് പുതിയൊരു കൊട്ടാരം പണിയിച്ചു. 1949ല്‍ ത്രിപുര എന്ന സമ്പല്‍സമൃദ്ധമായ നാട്ടുരാജ്യം ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഭാഗമായി. 2013ല്‍ ഈ കെട്ടിടത്തില്‍ ഭൂകമ്പത്തെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ ചേര്‍ത്ത് ബലവത്താക്കി. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയാണ് നാം ഇന്നു കാണുന്ന മ്യൂസിയം ഉദ്ഘാടനം ചെയ്തത്.

20 രൂപയാണ് പ്രവേശനഫീസ്. 1 ചതുരശ്ര കിലോമീറ്ററിലാണ് മ്യൂസിയം പരന്നു കിടക്കുന്നത്. ത്രിപുരയിലെ ഈ കാഴ്ചബംഗ്ലാവ് അവിടത്തെ ജീവിതരീതി, സംസ്‌കാരം, കല, കരകൗശല വസ്തുക്കള്‍, ഗോത്രവര്‍ഗ്ഗക്കാരുടെ ആചാരങ്ങള്‍, വസ്ത്രധാരണ രീതികള്‍ എല്ലാം കാണിച്ചുതരുന്നു. ഇതുകൂടാതെ എണ്ണച്ചായചിത്രങ്ങള്‍, ആഭരണങ്ങള്‍, നാണയങ്ങള്‍, യുദ്ധോപകരണങ്ങള്‍, വാദ്യോപകരണങ്ങള്‍, ചെമ്പ്, ടെറാകോട്ട, കരിങ്കല്ല് എന്നിവയില്‍ നടത്തിയ കൊത്തുപണികള്‍ എന്നിവയും കാണാം.

ലൈബ്രറി, ദര്‍ബാര്‍ ഹാള്‍, സ്വീകരണമുറി എന്നിവ വൃത്തിയായി സംരക്ഷിച്ചു വച്ചിട്ടുണ്ട്. ഈ കാഴ്ചകളൊക്കെ വിശദമായി കണ്ട് അടിക്കുറിപ്പുകള്‍ വായിച്ചു നോക്കി കാര്യങ്ങളൊക്കെ മനസ്സിലാക്കണമെങ്കില്‍ ഒരു ദിവസം തികയുകയില്ല. മ്യൂസിയത്തില്‍ ഫോട്ടോ, വീഡിയോ എന്നിവ നിഷിദ്ധമാണ്. മിക്ക മുറികളിലും എയര്‍ കൂളറുകള്‍ വച്ചിട്ടുണ്ട്.

ഞങ്ങള്‍ മഹാരാജാക്കന്മാരുടെ വസ്ത്രങ്ങളും ആഭരണങ്ങളും കണ്ടുകൊണ്ട് നില്‍ക്കുമ്പോള്‍ ബൂട്ട്‌സിട്ട കാലുകളുടെ ഒച്ച! ഒരു പറ്റം പോലീസുകാരുടെ അകമ്പടിയോടെ കോട്ടും സൂട്ടും കൂളിംഗ് ഗ്ലാസ്സും ധരിച്ച ദീര്‍ഘകായനായ ഗൗരവഭാവമുള്ള ഒരാള്‍ കടന്നു വന്നു. ഏറ്റവും പുറകില്‍ ഭവ്യതയോടെ നിന്നിരുന്ന പോലീസുകാരനോട് ”ഇതാരാ” എന്ന് ഞാന്‍ ആംഗ്യരൂപേണ ആരാഞ്ഞു. ”ഡിജിപി” എന്ന് ഉത്തരം കിട്ടി. ഉന്നത അധികാരത്തിലെത്തുമ്പോള്‍ ഗൗരവത്തോടെ, പുഞ്ചിരിക്കാതെ നടക്കണമെന്ന് ഏതെങ്കിലും നിയമം അനുശാസിക്കുന്നുണ്ടോ? മാമ്പഴക്കുലകളുടെ ഭാരം കൂടുന്തോറും കൊമ്പുകള്‍ താഴ്ന്നു വരികയില്ലേ? നെല്‍ക്കതിരുകള്‍ വിളഞ്ഞു വളഞ്ഞു വരുന്നതല്ലേ നമ്മള്‍ കണ്ടിട്ടുള്ളൂ. എ.പി.ജെ. അബ്ദുള്‍ കലാം എന്ന ഭാരതരത്‌നം കൊച്ചുകുഞ്ഞുങ്ങളെപ്പോലെ കളിച്ചും ചിരിച്ചും ഓടിച്ചാടി നടന്നത് നമ്മള്‍ കണ്ടതാണ്. എന്നിട്ടും ആര്‍ക്കും അദ്ദേഹത്തോട് ബഹുമാനക്കുറവ് തോന്നിയിട്ടില്ല.
കൊട്ടാരത്തിനു മുന്‍പില്‍ ദീര്‍ഘചതുരാകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന തടാകങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കുന്നു. ഞങ്ങള്‍ കൊട്ടാരത്തിന്റെ മുന്‍വശത്തെ പടിക്കെട്ടുകളില്‍ നിരന്നിരുന്ന് ഫോട്ടോയെടുത്തു. സമയം വൈകുന്നേരം 4.30; വെയിലാറി. പെട്ടെന്നാണ് ഇരുട്ടായത്. തണുപ്പ് അരിച്ചരിച്ചു കടന്നുവരുന്നു; ഈ സംസ്ഥാനത്ത് നാഗാലാന്റിലുള്ളയത്രയും തണുപ്പില്ല. രാത്രി 17-18 ഡിഗ്രി കാണും. പകല്‍ 23-24 ഉം.

ഞങ്ങള്‍ ‘കളര്‍ഫുള്‍’ ബസ്സില്‍ കയറി ഗീതാഞ്ജലി ഗസ്റ്റ്ഹൗസിലേക്കു പോയി. വളരെ വിശാലമായ മുറികളും മുറ്റവും മരങ്ങളും നിറഞ്ഞ ഗീതാഞ്ജലിയിലെത്തിയെപ്പോള്‍ ജനിച്ചുവളര്‍ന്ന തറവാട്ടിലെത്തിയതുപോലെ!

ഉത്സവപ്പറമ്പില്‍
ഗീതാഞ്ജലിയിലെ മുറികളും വിസ്താരമേറിയ വായുസഞ്ചാരമുള്ള ഇടനാഴികളും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. മുള, ചൂരല്‍, ചണം എന്നിവ ഉപയോഗിച്ചു നിര്‍മ്മിച്ച കുതിരകളും കാവല്‍ക്കാരും റാന്തലും എല്ലാവരുടേയും മനം കവര്‍ന്നു.

ചൂടുചായ കുടിച്ചതിനുശേഷം ഞങ്ങളില്‍ മിക്കവരും അല്പം അകലെയുള്ള മൈതാനത്തു നടക്കുന്ന ഉത്സവം (മേള) കാണാന്‍ പോയി. സരസ് എന്നായിരുന്നു അതിന്റെ പേര്. ഏതൊരു ഉത്സവപ്പറമ്പിലും കാണുന്നതുപോലെ ബലൂണ്‍, പീപ്പി, വള, മാല, മിഠായി, കരിമ്പ് എന്നിവയുടെ വില്‍പ്പന തകൃതിയായി നടക്കുന്നു. സ്വന്തം പറമ്പിലും കൃഷിയിടത്തിലും നിന്ന് കൊണ്ടുവന്ന വിളകളാണ് ഞങ്ങളെ ആകര്‍ഷിച്ചത്. വാളന്‍ പുളി, അമ്പഴങ്ങ, വെറ്റില, അടയ്ക്ക, കുമ്പളങ്ങ, പച്ചപ്പയര്‍, നാരങ്ങ, മഞ്ഞള്‍, മുളക്, മുള്ളങ്കി, കറിക്കായ എന്നിവ നിരത്തിവച്ചിരിക്കുന്നത് കാണണം!

കടും നിറങ്ങളുള്ള കമ്പിളി നൂലു കൊണ്ട് നിര്‍മ്മിച്ച കളിപ്പാട്ടങ്ങളും കര്‍ട്ടനുകളും തോരണങ്ങളും മേളയെ ഒന്നുകൂടി നിറമുള്ളതാക്കി. ചൂരലും മുളയും കലാകാരന്റെ അനുഗൃഹീത വിരലുകളിലൂടെ കടന്നുപോയപ്പോള്‍ ദുര്‍ഗ്ഗയും ഗണപതിയും കൃഷ്ണനും വീണ്ടും അവതരിച്ചു. റാന്തല്‍, ബാഗുകള്‍, തൊട്ടില്‍, ലാമ്പ് ഷേയ്ഡ്, പക്ഷിക്കൂട്, മീന്‍ പിടിക്കാനുള്ള കൂട എന്നിവയും മനോഹരം.

മൈക്കിലൂടെ ഇമ്പമുള്ള ഗാനം ഒഴുകി വരുന്നുണ്ടായിരുന്നു. സ്റ്റേജില്‍ നൃത്തമാണ് അരങ്ങേറുന്നതെന്നു മനസ്സിലായി. ഞങ്ങളവിടെ എത്തിയപ്പോള്‍ 10-12 വയസ്സുള്ള ബാലികമാരുടെ സംഘനൃത്തമാണ് നടന്നുകൊണ്ടിരിക്കുന്നത്. സ്റ്റേജിലെ വിളക്കുകള്‍ വര്‍ണ്ണങ്ങള്‍ വാരിവിതറി നൃത്തത്തി നു ചാരുതയേകി. കുട്ടികളുടെ മാതാപിതാക്കള്‍ സ്റ്റേജിനു തൊട്ടുമുന്‍പില്‍ നിരന്നു നിന്ന് മൊബൈലില്‍ വീഡിയോ റെക്കോഡു ചെയ്യുന്നു.

”പദ് ഗുംഗുരു ബാന്ദ് മീരാ നാചീ രേ” എന്ന വിഖ്യാത ഗാനത്തിനനുസരിച്ചാണ് 12 കുട്ടികള്‍ മനോഹരമായി നൃത്തം ചെയ്യുന്നത്. കാണികള്‍ക്ക് സൗകര്യപ്രദമായി സ്റ്റേജിലെ കാഴ്ചകള്‍ കാണാന്‍ നല്ല ഇരിപ്പിടങ്ങളും പന്തലുകളും സജ്ജമാക്കിയിട്ടുണ്ട്. സ്റ്റേജിലെ പരിപാടി ദൂരെ നില്‍ക്കുന്നവര്‍ക്കും വലിയ എല്‍ഇഡി സ്‌ക്രീനുകളില്‍ കാണാന്‍ സൗകര്യമൊരുക്കിയിരുന്നു. കുട്ടികളുടെ നൃത്തത്തിനു ശേഷം യുവാക്കളുടെ സംഘനൃത്തം, ഒരു കവയിത്രിയുടെ കവിതാലാപനം എന്നിവയും കണ്ടതിനുശേഷം ഞങ്ങള്‍ ബസ്സില്‍ കയറി ഗീതാഞ്ജലിയിലെത്തി.

ഗീതാഞ്ജലിയില്‍ നിന്നും സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചു. രാത്രി ബാംഗ്ലൂര്‍നാരികള്‍ ഗീതാഞ്ജലിയിലേക്കുപോന്നു. അവര്‍ താമസിക്കുന്ന ഹോട്ടല്‍ സുരക്ഷിതമല്ല എന്നു തോന്നിയത്രെ.

അന്നു രാത്രി മുതല്‍ ഞങ്ങളുടെ കൂട്ടത്തിലെ പലര്‍ക്കും വയറുവേദന, വയറിളക്കം, ഛര്‍ദ്ദി എന്നിങ്ങനെയുള്ള അസ്വസ്ഥതകള്‍ തുടങ്ങി. അവരെല്ലാം ഞങ്ങളെ സമീപിച്ച് മരുന്നു വാങ്ങിക്കഴിച്ചു (ഞങ്ങളുടെ ‘എമര്‍ജന്‍സി കിറ്റി’ല്‍ അതിനുള്ള ഗുളികകള്‍ ഉണ്ടായിരുന്നു). ഉച്ചയ്ക്ക് ഹോട്ടലില്‍ നിന്നും കഴിച്ച സാലഡാണ് പണിപറ്റിച്ചതെന്നു മനസ്സിലായി (അത് രുചിച്ചു നോക്കാത്തവര്‍ക്ക് അസുഖമൊന്നും വന്നില്ല.). എല്ലാവരോടും ഉപ്പുചേര്‍ത്ത നാരങ്ങാവെള്ളം കുടിക്കാന്‍ പറഞ്ഞു. ഡൈനിംഗ് റൂമില്‍ ഒരു പ്ലേറ്റ് നിറയെ നാരങ്ങ മുറിച്ചുവച്ചിരുന്നു. ആവശ്യക്കാര്‍ രണ്ടുമൂന്നു കഷ്ണങ്ങള്‍ വീതം മുറികളിലേക്കു കൊണ്ടുപോയി.

അടുത്തദിവസം നമ്മള്‍ ത്രിപുരസുന്ദരി ക്ഷേത്രം, നീര്‍മഹള്‍, കമലാസാഗര്‍, കാളീക്ഷേത്രം എന്നിവയാണ് സന്ദര്‍ശിക്കാന്‍ പോകുന്നതെന്ന് വേണുജി പറഞ്ഞു. റിസപ്ഷനില്‍ നിന്നും ഈ സ്ഥലങ്ങളെപ്പറ്റി വിവരങ്ങളടങ്ങുന്ന ലഘുലേഖകള്‍ വാങ്ങി ഞങ്ങള്‍ മുറിയിലേക്കു പോയി.
(തുടരും)

ShareTweetSendShare

Related Posts

ഓര്‍മ്മകളുണര്‍ത്തുന്ന കാന്തല്ലൂര്‍

ആത്മസുരഭിലങ്ങളായ ശില്പചാരുതയിലേക്ക്‌

സ്വപ്നശലഭങ്ങളുടെ സ്വര്‍ഗ്ഗഭൂമി

ക്ഷേത്രഗോപുരം

മാതൃഭാഷയുടെ ഗുണം (പൂര്‍ബ്ബശ്രീകള്‍ 8)

നേതാജിയും ഐഎന്‍എയും (പൂര്‍ബ്ബശ്രീകള്‍ 7)

മണിപ്പൂര്‍ വിശേഷങ്ങള്‍ (പൂര്‍ബ്ബശ്രീകള്‍ 6)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies