ആഗോള ചിന്മയാമിഷൻ പരമാചാര്യൻ സ്വാമി സ്വരൂപാനന്ദജി കർമ്മയോഗത്തെ ആധാരമാക്കി ” സമ്മർദം ഇല്ലാതെ വിജയം” എന്ന വിഷയത്തിൽ ജനുവരി 24 മുതൽ 30 വരെ പാലക്കാട് നടത്തിയ പ്രഭാഷണത്തിൽ നിന്ന് സംഗ്രഹിച്ചതാണ് ലേഖനം.
വേദങ്ങളെ തത്വസംഹിതകൾ എന്ന് വിളിക്കാനാവില്ല. കാരണം അവ ആരാലും കണ്ടുപിടിക്കപ്പെട്ടവയോ കണ്ടെത്തപ്പെട്ടവയോ അല്ല. പ്രപഞ്ചത്തിന്റെ പരമമായ സത്യമാണ് വേദങ്ങൾ. എന്നും നിലനിൽക്കുന്നവയും ഒരിക്കലും ഇല്ലാതാകുകയും ചെയ്യാത്ത നിത്യഹരിതമാണ് വേദങ്ങളുടെ ഉള്ളടക്കം. അത് മനസിലാക്കിയ ഭാരതീയ ആചാര്യന്മാർ ഉപനിഷത്തുകളിലൂടെ ലോകത്തിന് നിത്യസത്യത്തെ മനസിലാക്കി കൊടുക്കുകയായിരുന്നു.
ആകർഷണസിദ്ധാന്തം ഐയ്ൻസ്റ്റീൻ കണ്ടുപിടിച്ചതാണെന്ന് പറയുന്നതിലെ അപാകതയും അതുതന്നെയാണ്. അദ്ദേഹത്തിന് മുമ്പും എന്നും ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുകയും ആകർഷണവലയത്തിൽ വരുന്ന വസ്തുക്കളെ ആകർഷിക്കുകയും ചെയ്യ്തുകൊണ്ടിരുന്നു. ഐൻസ്റ്റീൻ പരമമായ ആകർഷണസത്യത്തെ കണ്ടറിഞ്ഞ് ലോകത്തിന് മനസിലാക്കി കൊടുക്കുകയായിരുന്നു.
ഉയർന്ന തലത്തിലുള്ള ചിന്തനം സാധാരണക്കാർക്ക് മനസിലാക്കുവാൻ ഭാരതീയ ആചാര്യന്മാർ സ്വീകരിച്ച വഴികളും വ്യാഖ്യാനങ്ങളും അത്യന്തം അനുകരണീയമാണ്.മഹത്തായ ഒരു ലക്ഷ്യത്തെ ചൂണ്ടിക്കാട്ടിതരിക മാത്രമല്ല ആ ലക്ഷ്യം പ്രാപിക്കാനുള്ള പ്രായോഗിക മാർഗ്ഗങ്ങൾ കൂടി സർവ്വശാസ്ത്രസാരമായ ഭഗവത് ഗീതയിലൂടെ വിവരിക്കുന്നു.
കർമ്മം എന്ന കല
കർമ്മം ചെയ്യുക ഒരു കലയാണ്. സചേതനമായ ഒരു വസ്തുവിനും ഒരു നിമിഷം പോലും ഏതെങ്കിലും കർമ്മം ചെയ്യാതെ ഇരിക്കാനാവില്ല. ജീവിതം കർമ്മനിരതമാണ്. ജീവിതത്തിന്റെ അതിവേഗത്തിലുള്ള പ്രയാണത്തിൽ കർമ്മം ആസ്വാദ്യകരമാകണമെങ്കിൽ പ്രതിബദ്ധതയോടും അർപ്പണബോധത്തോടും കൂടി കാര്യനിർവ്വഹണം നടത്തണം. അപ്പോഴാണ് മികവുറ്റ രീതിയിൽ വിജയം കൈവരിക്കാനാവുന്നത് .
യാന്ത്രികമായി ചെയ്യുന്ന ജോലിയെ കർമ്മം എന്ന് പറയാനാവില്ല. അതാണ് യുവതലമുറയ്ക്ക് നാം മനസിലാക്കികൊടുക്കേണ്ടത്. സ്വാമി ചിന്മയാനന്ദജിയുടെ പ്രസിദ്ധമായ വാക്കുകൾ ഇവിടെ പ്രസക്തമാണ്.
” Youngsters are not useless; they are used less.”.
ചെറുപ്പക്കാരുടെ കർമ്മശേഷിയും പ്രവർത്തനമികവും വേണ്ടരീതിയിൽ ഉപയോഗിക്കാൻ നമുക്ക് കഴിയുന്നില്ല. അവരുടെ പല ചോദ്യങ്ങൾക്കും ഉത്തരങ്ങൾ നൽകാൻ മുതിർന്നവർക്കാകുന്നില്ല എന്നത് വളരെ പരിതാപകരമാണ്. ഭാരതീയ സംസ്കൃതിയും ഇതിഹാസങ്ങളും യുവജനതയുടെ ആശങ്കകളും ആകുലതകളും പരിഹരിക്കാനുള്ള പ്രായോഗിക തലങ്ങളാണ്. മാനവ വിഭവ ശേഷിയുടെ അത്യുന്നത കാര്യനിർവ്വഹണ കലയുടേയും പ്രായോഗിക ജഞാനത്തിൻറ്റെയും അമൂല്യശേഖരമായ ഭഗവദ്ഗീത ബൌദ്ധികതലത്തിലല്ല നിലകൊള്ളുന്നത്. അസ്വസ്ഥതയും മനോചാഞ്ചല്യവുമുള്ള സാധാരണ മനുഷ്യന്റെ പ്രക്ഷുബ്ധമായ മനസിനോടാണ് ഭഗവദ്ഗീത സംസാരിക്കുന്നത്.
ജീവിതത്തിൽ വിജയിക്കാൻ ഏത് കർമ്മം ചെയ്യണം?
ഏത് കർമ്മം ഉപേക്ഷിക്കണം?
സ്വകർമ്മം എങ്ങനെയാണ് ചെയ്യേണ്ടത് ?
കർമ്മത്തെ കുറിച്ച് മുകളിലെ മൂന്ന് ചോദ്യങ്ങളുടെ ഉത്തരങ്ങൾ മനസിലാക്കിയാൽ എല്ലാം സംശയങ്ങളും ദൂരീകരിക്കപ്പെടും.
കർമ്മവും കർമ്മഫലവും
ജ്ഞാനാധിഷ്ഠിതമായ കർമ്മം മാത്രമാണ് നിത്യമായ ഫലപ്രാപ്തി കൈവരിക്കുന്നത്. എന്നാൽ കർമ്മം മാനസികസമ്മർദ്ദം നൽകൂന്നു എന്നൊരു ചിന്താധാര ലനിൽക്കുന്നുണ്ട്. മനസിലാക്കുക. ആഗ്രഹങ്ങളാണ് ഏത് കർമ്മത്തിനും പ്രചോദനമാകുന്നത്. ആഗ്രഹങ്ങൾ ഉണ്ടാകുന്നത് നമ്മുടെ ഉള്ളിൽ അപൂർണ്ണത അനുഭവപ്പെടുമ്പോഴാണ്. സ്വന്തം സ്വത്വത്തിന്റെ മഹത്വം അറിയാത്ത അജ്ഞാനിയായ വ്യക്തി ആഗ്രഹങ്ങളുടെ സമ്മർദ്ദത്താൽ കർമ്മം ചെയ്തുകൊണ്ടേയിരിക്കുന്നു.
കർമ്മവും ജ്ഞാനവും പരസ്പര പൂരകങ്ങളാണ്. കർമ്മയോഗികൾ രണ്ട് തരക്കാരുണ്ട്. സ്വന്തം ആഗ്രഹപൂരണത്തിനായി കർമ്മം ചെയ്യുന്നവരാണ് ആദ്യത്തെ വിഭാഗം. കഠിന പരിശ്രമത്തിലൂടെ ഇവർ ലക്ഷ്യം നേടി എടുക്കും. ലക്ഷ്യപ്രാപ്തി കുടുതൽ ആഗ്രഹങ്ങൾ ജനിക്കാൻ ഇടയാക്കുകയും വീണ്ടും ആഗ്രഹപൂരണത്തിനായി അശ്രാന്ത പരിശ്രമം ചെയ്യുകയും ചെയ്യുന്നു. ഇത് മാനസികസമ്മർദ്ദത്തിന് വഴി തെളിക്കുമെന്ന് പറയേണ്ടതില്ലല്ലോ. കാരണമുണ്ട്. ഇവരുടെ ആഗ്രഹങ്ങൾ ജനിക്കുന്നത് പഞ്ചേന്ദ്രിയങ്ങളുടെ സ്വാധീനത്തിലായിരിക്കും. തന്നിൽ തന്നെ അന്തർലീനമായി കിടക്കുന്ന സത്വഗുണം, രജോഗുണം, തമോഗുണം ഇവയുടെ നിയന്ത്രണത്താലുണ്ടാകുന്ന ആഗ്രഹങ്ങൾ എപ്പോഴും അസ്വസ്ഥത സൃഷ്ടിക്കുന്നു. അവ ജ്ഞാനത്തിലേക്ക് എത്തിച്ചേരുന്നില്ല. എന്നാൽ അസ്വസ്ഥതയിൽ നിന്നും മാനസികപിരിമുറുക്കത്തിൽ നിന്നും രക്ഷപ്പെടാൻ കർമ്മം ചെയ്യാതിരിക്കക എന്നത് സംഭവ്യമല്ല. ചുരുക്കത്തിൽ വിവേകപൂർവ്വമല്ലാത്ത കർമ്മം ചെയ്യുന്നവർ വെറും ജോലി മാത്രമാണ് ചെയ്യുന്നത്.
രണ്ടാമത്തെ കൂട്ടർ അനാസക്തിയോടെ കർമ്മം ചെയ്യുകയും മാനസികവൈകല്യങ്ങളെ അകറ്റി ജ്ഞാനത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.
ഗീതയിൽ പറയുന്നു;
യസ്ത്വിന്ദ്രിയാണി മനസാ നിയമ്യാരഭതേഽര്‍ജുന
കര്‍മേന്ദ്രിയൈഃ കര്‍മയോഗമസക്തഃ സ വിശിഷ്യതേ
ആഗ്രഹങ്ങളെ സ്വന്തം നിയന്ത്രണത്തിൽ നിർത്തുവാനുള്ള വഴി ഗീതയിലൂടെ മനസിലാക്കാം.
ഇന്നത്തെ തലമുറയോട് ഒന്ന് ചോദിക്കട്ടെ!
കർമ്മം ജ്ഞാനത്തിലൂടെ ;കർമ്മം ആസക്തിയിലൂടെ; ഏതാണ് കൂടുതൽ സന്തോഷം തരുന്നത്?
ആസക്തിയുടെ സ്വാധീനത്തിൽ കർമ്മം ചെയ്യുന്നവരുടെ വീര്യം ചിലവഴിക്കപ്പെടുന്നത് ഇന്ദ്രിയ വിഷയങ്ങളിലാണ്. സഹജീവികൾക്കും സമൂഹത്തിനും അവ ഗുണപ്രദമാകുന്നില്ല . എന്നാൽ കർമ്മത്തിലൂടെ ജ്ഞാനത്തിലെത്തുന്ന കർമ്മയോഗി സമൂഹത്തിന്‍റെയും അവനവന്റെ തന്നെയും ക്ഷേമത്തിനായി കർമ്മം ചെയ്യുന്നു.
എല്ലാ കർമ്മത്തിന്‍റെയും പിന്നിൽ ഒരു കാരണം ഉണ്ടാകും. എന്നാൽ കർമ്മഫലം നമുക്ക് പൂർണ്ണ സംതൃപ്തി നൽകുന്നുണ്ടോ? ഭൗതിക സൗകര്യങ്ങൾക്കുവേണ്ടി കർമ്മം ചെയ്യുമ്പോൾ ആവർത്തനവിരസതയും മടുപ്പും ഉണ്ടാകുന്നു. വിജയം നാം കാംക്ഷിക്കുന്നു. ഉയർന്ന വിദ്യാഭ്യാസവും മികച്ച ജോലിയും ജീവിത സൗകര്യങ്ങളും നാം ആഗ്രഹിക്കുന്നു. ഇവയെല്ലാം ആവശ്യങ്ങളും ഒരു പരിധിവരെ അവകാശങ്ങളുമായി നമ്മൾ കണക്കാക്കുന്നു. എന്നാൽ നമ്മുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് നമ്മൾ എത്രമാത്രം ബോധവാന്മാരാണ്? കൂട്ടായ പ്രവർത്തനത്തിൽ നിന്നുണ്ടാകുന്ന ഊർജ്ജത്തിന്റെ തോത് എത്രമാത്രം നമ്മളെ പ്രചോദിപ്പിക്കുന്നുണ്ട് ?
കാലം മൽസരാധിഷ്ഠിതമായി മുന്നേറുമ്പോൾ യജ്ഞഭാവനയോടെ ചെയ്യുന്ന കർമ്മങ്ങൾ മാത്രമാണ് മികവുറ്റതാകുകയും അവനവനും സമൂഹത്തിനും പ്രയോജനകരമായി തീരുകയും ചെയ്യുന്നത്. പ്രകൃതിയിൽ നിന്നു പഠിക്കാനുള്ള ഏറ്റവും വലിയ പാഠവും ഇതുതന്നെയാണ്.
പ്രകൃതേർഗുണസംമൂഢാ: എന്ന് ഗീതയിൽ പറയുന്നത് പ്രകൃതിയുടെ ഗുണങ്ങളെ കുറിച്ച് മനസിലാക്കാത്തവരെ ഉദ്ദേശിച്ചാണ്. പ്രപഞ്ചശക്തികൾ എല്ലാം തന്നെ , സചേതനവും അചേതനവുമായവ എന്നും സേവനപാതയിലാണ് . സൂര്യപ്രകാശം ഭൂമിയിലെ സർവ്വചരാചരങ്ങൾക്കും അവകാശപ്പെട്ടതാണ്. സമുദ്രവും മഴയും വായുവും യജഞനിയമത്തെ പിന്തുടരുകയും കർമ്മചക്രം നിർവിഘ്നമായി കറങ്ങാൻ സഹായകരമായി നിലകൊള്ളുകയും ചെയ്യുന്നു. നദികൾ പരിശുദ്ധവും സമൃദ്ധവുമായ പർവ്വതനിരകളിൽ നിന്നും താഴേക്ക് ഇറങ്ങി വന്ന് സഞ്ചാരവഴികളിലെ ചെളിയും അഴുക്കും ഉൾക്കൊണ്ട് ഭൂമിയെ ജലസമൃദ്ധമാക്കുന്നു. ഇവയെല്ലാം നമ്മുടേത് മാത്രമാണ് എന്ന സ്വാർത്ഥതയാണ് പ്രകൃതി ചൂഷണത്തിലേക്ക് മനുഷ്യനെ കൊണ്ടെത്തിക്കുന്നത്.
ഓർക്കുക! ഓരോ കർമ്മവും ഒരു യജ്ഞമാണ്. അർപ്പണബോധത്തോടും സേവനഭാവത്തോടും കൂടി ചെയ്യുന്ന കർമ്മം മാനസിക പിരിമുറുക്കം സൃഷ്ടിക്കുന്നില്ല.ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ അത് കോർപ്പറേറ്റോ ഫാക്ടറിയോ ആയിക്കൊള്ളട്ടെ ലക്ഷ്യത്തിലെത്താൻ കൂട്ടായ പരിശ്രമം ചെയ്യുമ്പോൾ അവിടെ സ്ഥാപനം മാത്രമല്ല ഓരോ വ്യക്തിയും വളരുകയാണ്. നിങ്ങളുടെ ഉള്ളിലുള്ള ഊർജ്ജം പതിന്മടങ്ങ് വർദ്ധിക്കുകയും കൂടുതൽ സംതൃപ്തി ഉണ്ടാകുകയും ചെയ്യുന്നു.
മയി സർവ്വാണി കർമ്മാണി സംന്യസ്യ
ലോകം കണ്ടതിൽ വെച്ചേറ്റവും സ്പഷ്ടവും ലളിതവുമായ ജീവിതശാസ്ത്രമാണ് ഗീതയിൽ അടങ്ങിയിരിക്കുന്നത്. ജീവിതത്തിന് അനന്തമായ സാധ്യതകളാണുള്ളത്. അവനവൻറ്റെ ഉള്ളിലെ കഴിവുകളെ ഉണർത്തലാണ് കർമ്മയോഗത്തിലൂടെ ഗീത ഉദ്ഘോഷിക്കുന്നത്. ജീവിതമാകുന്ന പോർക്കളത്തിൽ ആശങ്കാകുലനായി നിൽക്കുന്ന ഒരു മനുഷ്യനോട് തന്റെ വീക്ഷണത്തിൽ രചനാത്മകമായ ഒരു പുന: സംവിധാനം ചെയ്യാനാണ് ഗീത ഉദ്ബോധനം ചെയ്യുന്നത്. ആസക്തി ഇല്ലാതെ ചെയ്യപ്പെടുന്ന കർമ്മങ്ങളാണ് ഉത്കൃഷ്ടമാകുന്നത്. എന്നാൽ സത്വരജസ്തമോഗുണങ്ങളെകൊണ്ട് സംസാരസാഗരത്തിൽ നട്ടം തിരിയുന്ന ഒരു സാധാരണ മനുഷ്യന് ആസക്തി ഇല്ലാതെ കർമ്മം ചെയ്യുക എളുപ്പമുള്ള കാര്യമല്ല.
വാസനകളാണ് കർമ്മങ്ങളായി പ്രകടമാകുന്നത്. വാസനകൾ നന്നായാൽ കർമ്മങ്ങളും നന്നാകുന്നു. മൂഢവും മാലിന്യമസൃണവുമായ വാസനകൾ നിന്ദ്യമായ കർമ്മങ്ങൾക്ക് വഴിയൊരുക്കുന്നു.മനുഷ്യനെ ഊർജ്ജസ്വലനാക്കുന്നത് കർമ്മം ആയതിനാൽ എങ്ങനെയുള്ള കർമ്മം തിരഞ്ഞെടുക്കുന്നു എന്നത് വളരെ പ്രധാനമാണ്. എല്ലാ കർമ്മങ്ങളും ഉടലെടുക്കുന്നത് മനസിൽ നിന്നാണ്. കഴിഞ്ഞകാല അനുഭവങ്ങളിൽ നിന്നുണ്ടായ ജയപരാജയങ്ങൾ ഇന്നത്തെ കർമ്മത്തെ സ്വാധീനിക്കാൻ അനുവദിച്ചു കൂടാ. കാരണം പരാജയത്തെക്കുറിച്ചുള്ള ആശങ്കയോടെ കർമ്മം ചെയ്താൽ പരാജയം തന്നെയാകും കർമ്മഫലം. ഇനിയും പിറന്നു കഴിഞ്ഞിട്ടില്ലാത്ത ഭാവിയിലോ നിർജീവമായിതീർന്ന ഭൂതകാലത്തിലോ പിടിച്ചു തൂങ്ങി കർമ്മം ചെയ്താൽ പ്രവർത്തിക്കാനും മുന്നേറാനുള്ള വർത്തമാന കാലത്തിന്റെ സുവർണ്ണാവസരമാണ് പാഴായി പോകുന്നത്.
ജീവിതം ഒരു കളിക്കളമാണ്. അവിടെ ജയം ഉണ്ടാവാം. പരാജയം ഉണ്ടാവാം.അവയിലൂടെ സ്വന്തം കർമ്മങ്ങളെ സാക്ഷിരൂപത്തിൽ നോക്കി കാണാനുള്ള കഴിവാണ് ആർജ്ജിക്കേണ്ടത്. ഉദ്ദേശങ്ങളെ ശുദ്ധീകരിക്കുകയാണ് കർമ്മം ഉൽകൃഷ്ടമാക്കാനുള്ള ഏകമാർഗമെന്ന് ഗീത വിശദമാക്കുന്നു. ” എൻെറ കർമ്മം കൊണ്ട് എനിക്ക് എന്താണ് ലഭിക്കുന്നത്” എന്ന ചിന്തയിൽ നിന്ന് ” എൻെറ കർമ്മം കൊണ്ട് എന്നിൽ നിന്ന് സമൂഹത്തിന് എന്താണ് ലഭിക്കുന്നത്” എന്ന ചിന്തനത്തിലേക്കുള്ള ദൂരമാണ് കർമ്മയോഗം.
മാനസിക സമ്മർദം ഇല്ലാതെ എങ്ങനെ കർമ്മം ചെയ്യാം ?
ലക്ഷ്യങ്ങൾ കൈവരിക്കാൻ Key Performance indicators (KPIs) ബിസിനസ് ലോകം ചർച്ച ചെയ്യുമ്പോൾ മാനസിക പിരിമുറുക്കം ഇല്ലാതെ കർമ്മം ചെയ്ത് ലക്ഷ്യം കൈവരിക്കാൻ ഗീത ഉദ്ഘോഷിക്കുന്നത് Krishna Powerful Instructions (KPIs) പിന്തുടരാനാണ്. നിങ്ങളുടെ ലക്ഷ്യത്തിലേക്ക് ശ്രദ്ധിച്ചു നോക്കുക. അതെത്ര മാത്രം മനസിന് സംതൃപ്തി നൽകുന്നതാണ്? മനസ് മോഹിക്കുന്ന ഫലപ്രാപ്തിയാണ് ലക്ഷ്യമെങ്കിൽ അതിലേക്കുള്ള കർമ്മം ആനന്ദപ്രദമായ ഒരു യാത്ര തന്നെ ആയിരിക്കും. യാത്രയുടെ ഊർജ്ജം നൽകുന്നത് സ്വന്തം മനസ് തന്നെയാണ്.
ലക്ഷ്യം എത്രത്തോളം ഉദാത്തവും ഉയർന്നതുമാകുന്നുവോ അത്രത്തോളം ഉത്സാഹം മനസ് കരുതി വയ്ക്കുന്നു. ലക്ഷ്യത്തോടുള്ള അതിരറ്റ സ്നേഹമാണ് അളവില്ലാത്ത ഊർജ്ജത്തിന്റെ ഉറവിടം. കർമ്മത്തിൻറ്റെ പ്രത്യാഘാതങ്ങൾ ഇവിടെ തെല്ലുപോലും നിങ്ങളെ ബാധിക്കുന്നില്ല.
സൂര്യ ശിഷ്യനും സുഗ്രീവൻറ്റെ വിശ്വസ്തനുമായിരുന്ന ഹനുമാൻ അപാരമായ സ്വന്തം കഴിവ് തിരിച്ചറിഞ്ഞത് ശ്രീരാമചന്ദ്രനോട് ചേർന്ന് നിന്ന് രാവണവധമെന്ന മഹാലക്ഷ്യത്തിലേക്ക് നടന്നു കയറിയപ്പോഴാണ്.
യുവജനങ്ങൾ തിരിച്ചറിയുക!
നിങ്ങൾ ഓരോരുത്തരും അളവില്ലാത്ത കഴിവിൻറ്റെ ഭണ്ഡാരങ്ങളാണ്. ഉദാത്തമായ ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രാപ്തരാണ്. അനന്തമായ സാധ്യതകളാണ് നിങ്ങൾ ഓരോരുത്തരേയും കാത്തിരിക്കുന്നത്.
കർമ്മകുശലതയാണ് കർമ്മയോഗം. അതിസമർത്ഥമായി നിർവ്വഹിക്കപ്പെടുന്ന കർമ്മത്തിനു മാത്രമാണ് അതിമഹത്തായ ഫലം ഉണ്ടാക്കാനാവുന്നത്. വ്യക്തിത്വത്തിന്റെ പ്രകാശത്തെ അമർത്തി വച്ച് ലക്ഷ്യബോധം ഇല്ലാതെ മറ്റുള്ളവരെ അനുകരിച്ച് അപകടമായ ജീവിതയാത്ര ചെയ്യാതിരിക്കക.
അതിനാൽ, മയി സർവ്വാണി കർമ്മാണി സംന്യസ്യ എന്ന ഗീതാവാക്യം വിജയമന്ത്രമായി കരുതി അദ്ധ്യാത്മചേതസാ സ്വന്തം ലക്ഷ്യത്തിലേക്ക് നടക്കുക.
വിജയം നിങ്ങളുടേതാണ് !