മാര്‍ക് ചെര്‍ണോഫ് (March Chernof) ഇപ്പോള്‍ കേരളത്തില്‍ വ്യാപകമായി മുളച്ചുപൊന്തുന്ന മോട്ടിവേഷണല്‍ സ്പീക്കര്‍മാരെപ്പോലെ ഒരു പാശ്ചാത്യ പതിപ്പാണ്. അദ്ദേഹത്തിന് ധാരാളം ആരാധകരും പ്രഭാഷണവേദികളും ഉണ്ടെന്നു പറയപ്പെടുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹവും ഭാര്യയും ചേര്‍ന്നെഴുതിയ പുസ്തകങ്ങള്‍ക്കു നല്ല പ്രചാരമുണ്ട്. അദ്ദേഹം പറയുന്ന ഒരു ചെറിയ കഥയാണ് ‘All the difference in the world’ സ്വന്തം കഥയാണോ അതോ മറ്റുവല്ലവരുടേയും കഥ അദ്ദേഹം എടുത്തു പറയുന്നതാണോ എന്നറിയില്ല. കഥയിങ്ങനെയാണ്. കഥാകൃത്ത് എന്നും നടക്കാനിറങ്ങുമ്പോള്‍ വഴിയരുകില്‍ ഒരു സ്ത്രീയെകാണാറുണ്ട്. കുറച്ച് ശുദ്ധജല ആമകളുമായാണ് അവര്‍ ഇരിക്കുന്നത്. ഒരു ദിവസം അദ്ദേഹം ചോദിച്ചു ”നിങ്ങള്‍ ഈ ആമകളുമായി എന്തു ചെയ്യുകയാണെന്ന്” അവരുടെ ഉത്തരം അയാളെ അത്ഭുതപ്പെടുത്തി. അവര്‍ ആമകളുടെ തോട് വൃത്തിയാക്കി വീണ്ടും അവയെ ജലത്തിലേയ്ക്കുതന്നെ അയയ്ക്കുമത്രേ! എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് ആമകളുടെ തോട് വൃത്തിയാക്കുന്നതെന്നു ചോദിച്ചപ്പോള്‍ അവയ്ക്കു കൂടുതല്‍ നന്നായി നീന്താന്‍ സഹായിക്കാനാണത്രേ!
എത്രയോ ശുദ്ധജല ആമകള്‍ ആരുടേയും സഹായമില്ലാതെ നീന്തുന്നു എന്ന് കഥാകൃത്ത് അതിശയം പ്രകടിപ്പിച്ചപ്പോള്‍ പുള്ളിക്കാരി പറയുന്നത് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നാണ് കേരളത്തിലെ പൊതുസമൂഹത്തോട് പറയാന്‍ പറ്റിയ കഥ!
എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് മലയാളികളില്‍ പലരും. പക്ഷേ അവര്‍ ചെയ്യുന്നത് കഥയിലെ സ്ത്രീയെപ്പോലെ ‘ആമയുടെ തോടുമിനുക്കല്‍’ ആണ്. പ്രയോജനമുള്ള ഒരു കാര്യവും ആരും ചെയ്യുന്നില്ല. അഥവാ ആരെങ്കിലും ചെയ്താല്‍ അവരെ കടന്നാക്രമിച്ചു നശിപ്പിക്കുക തന്നെ ചെയ്യും. നമ്മുടെ മജീഷ്യന്‍ മുതുകാട് വലിയ സാമൂഹ്യ സേവനതല്‍പ്പരനായി പല നല്ലകാര്യങ്ങളും ചെയ്തു കൊണ്ടിരുന്നു. അദ്ദേഹത്തിന് കിട്ടിയ സാമൂഹ്യാംഗീകാരവും പ്രശസ്തിയും പലരേയും വിറളി പിടിപ്പിച്ചു. അവര്‍ സംഘടിച്ച് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ നീങ്ങുന്നു. പ്രത്യക്ഷത്തില്‍ ഒരു കഴമ്പുമില്ലാത്ത ചില കാര്യങ്ങള്‍ പറഞ്ഞ് യുട്യൂബിന്റെയും മറ്റു സാമൂഹ്യ മാധ്യമങ്ങളുടെയും സഹായത്തോടെ ‘ആമയുടെ തോടു മിനുക്കുന്നവരെല്ലാം’ കൂടി അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുന്നു. ഇതൊക്കെ കാണുമ്പോള്‍ ‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രി’ എന്ന നമ്മുടെ സ്വയം പൊങ്ങച്ചം മാറ്റി വെള്ളരിക്കാപട്ടണം’ എന്നാക്കി മാറ്റുന്നതല്ലേ ശരി എന്നു തോന്നിപ്പോകുന്നു.
ഒരാള്‍ ശാസ്ത്രജ്ഞന്‍ ആയതുകൊണ്ടു മാത്രം സമൂഹത്തിനു ഗുണം ചെയ്യണമെന്നില്ല. നല്ല മനോഭാവങ്ങളില്ലാത്ത വ്യക്തികളുടെ കൈയില്‍ ശാസ്ത്രം അത്യന്തം അപകടകാരിയായി മാറും. ആറ്റംബോംബ് കണ്ടുപിടിക്കാന്‍ ഐന്‍സ്റ്റീനും ഓപ്പന്‍ഹീമറും കാരണക്കാരായെങ്കിലും രണ്ടുപേരും മാനവികതയില്‍ ഉറച്ചുവിശ്വസിച്ചിരുന്നവരാണ്. അതുകൊണ്ടുതന്നെ അവര്‍ അണുബോംബിന്റെ പ്രയോഗത്തെ ശക്തിയായി എതിര്‍ത്തിരുന്നു. എന്നാല്‍ ഹൈഡ്രജന്‍ ബോംബിന്റെ പിതാവായി കണക്കാക്കപ്പെടുന്ന ഹംഗേറിയന്‍ – അമേരിക്കന്‍ ശാസ്ത്രജ്ഞനായ എഡ്വേര്‍ഡ് ടെല്ലര്‍ (Edward Teller) ഇവരെപ്പോലെ ആയിരുന്നില്ല. കടുത്ത ആക്രമണോത്സുക മനോഭാവം പുലര്‍ത്തിയിരുന്ന അദ്ദേഹം അമേരിക്കയുടെ ആയുധപ്പുര വലുതാക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. ഓപ്പന്‍ നീമറെപ്പോലുള്ളവര്‍ കൂടുതല്‍ ന്യൂക്ലിയര്‍ പരീക്ഷണങ്ങളെ എതിര്‍ത്തതു വഴി യു.എസ്. ഗവണ്‍മെന്റിന്റെ ബ്ലാക് ലിസ്റ്റില്‍പ്പെട്ടു. പണ്ടു കമ്മ്യൂണിസ്റ്റായിരുന്നുവെന്ന പേരു പറഞ്ഞ് അവര്‍ ഹീമറെ പീഡിപ്പിക്കാന്‍ തുടങ്ങി. എന്നാല്‍ ടെല്ലര്‍ സര്‍ക്കാരിന്റെ നല്ലപിള്ളയായിരുന്നു.
പ്രശസ്ത ജര്‍മന്‍ എഴുത്തുകാരനായിരുന്ന ഗേയ്‌ഥേയുടെ (Johanan Wolfgang von Goethe) കഥാപാത്രം ഫോസ്റ്റിനെപ്പോലെ ചെകുത്താനുമായി കരാറിലേര്‍പ്പെടുന്ന ശാസ്ത്രജ്ഞന്മാര്‍ സമൂഹത്തിനാപത്താണ്. ഗാന്ധിജി ഏഴുപാപങ്ങളെക്കുറിച്ചു പറഞ്ഞപ്പോള്‍ അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു. മാനവികതയില്ലാത്ത ശാസ്ത്രം (Science without Humanity). ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍ പൊ തുവെ പ്രായോഗിക നേട്ടങ്ങളെക്കാള്‍ മാനവികതയ്ക്കു പ്രാധാന്യം കൊടുക്കുന്നവരാണ്. എന്നാല്‍ രണ്ടും ഒരേ അളവില്‍ അനിവാര്യമാണ്. മാനവികതയും പ്രായോഗികതയും ഒരേ രീതിയില്‍ സമ്മേളിച്ചാലേ ശാസ്ത്രം ലോകോപാകരപ്രദമാകൂ! അത്തരക്കാരില്‍ ഒരാളാണ് ഐഎസ്ആര്‍ഓയുടെ ചെയര്‍മാനും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌പെയ്‌സ് സെക്രട്ടറിയും മലയാളിയുമായ ഡോക്ടര്‍. എസ്. സോമനാഥ്. അദ്ദേഹവുമായി നോവലിസ്റ്റ് വി.ജെ. ജെയിസ് മാതൃഭൂമിയില്‍ നടത്തുന്ന അഭിമുഖം (ജനുവരി 21-27) ശാസ്ത്രജ്ഞന്റെ സവിശേഷമായ മനോഭാവങ്ങള്‍ വഴി ശ്രദ്ധേയമാകുന്നു. അഭിമുഖത്തിനു നല്‍കിയിരിക്കുന്ന തലക്കെട്ടുതന്നെ ‘എന്റെ വിശ്വാസത്തെ വിട്ടു നമ്മുടെ വിജയത്തെ കാണൂ’ എന്നാണ്.
സൈക്കിളില്‍ റോക്കറ്റ് വച്ചു കെട്ടിക്കൊണ്ടുപോയി വിക്ഷേപണം നടത്തിയിരുന്ന പഴയ കാലത്തുനിന്നും ഇന്ന് സൂര്യയാന്‍ വരെ എത്തിനില്‍ക്കുന്ന നേട്ടങ്ങള്‍ക്കു പിറകില്‍ ഡോക്ടര്‍ വിക്രം സാരാഭായ്, എപിജെ അബ്ദുല്‍ കലാം, ഡോക്ടര്‍ മാധവന്‍ നായര്‍ തുടങ്ങി എത്രയോ ശാസ്ത്രജ്ഞന്മാരുടേയും എഞ്ചിനീയര്‍മാരുടേയും കഠിനാദ്ധ്വാനവും പ്രതിഭയുമുണ്ട്. നമ്മുടെ ബഹിരാകാശ ഗവേഷണത്തിന്റെ സുവര്‍ണ്ണകാലം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇക്കാലത്ത് അതിനു നേതൃത്വം കൊടുക്കാന്‍ ഒരു മലയാളി എത്തിയത് എല്ലാ കേരളീയര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ്. എന്നാല്‍ ഡോക്ടര്‍ എസ്.സോമനാഥ് ഈശ്വര വിശ്വാസിയാണ് എന്ന കാരണം പറഞ്ഞ് കേരളത്തിലെ ഒരുകൂട്ടം ‘കൂപമണ്ഡൂകങ്ങള്‍’ അദ്ദേഹത്തിനെതിരെ വാളെടുക്കുന്നതു കാണുമ്പോള്‍ സഹതാപം തോന്നുന്നു.
ഈശ്വരന്‍ ഉണ്ടെന്നോ ഇല്ലെന്നോ തെളിയിക്കാന്‍ തക്ക സാമഗ്രികളൊന്നും ശാസ്ത്രത്തിനില്ല. ഇനിയൊട്ട് ഉണ്ടാകാനും പോകുന്നില്ല. ശാസ്ത്രം എത്ര വളര്‍ന്നാലും ഈശ്വരന്‍ ഉണ്ടോ? ഇല്ലയോ? എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ കഴിയില്ല. അതിനാല്‍ത്തന്നെ ഭൂമിയെന്നു പറയുന്ന ഒരു ചെറിയ മണ്‍തരിയില്‍ കഴിയുന്ന അത്യന്തം നിസ്സാരനായ മനുഷ്യന്‍ അത്തരം കാര്യങ്ങളില്‍ തീര്‍പ്പു പറയാതിരിക്കുന്നതാണ് യുക്തിസഹമായ നിലപാട്. ഒരു വിദ്യാസമ്പന്നനും നിരീശ്വരവാദിയാകാന്‍ പറ്റില്ല. അത് നിരക്ഷരനുമാത്രം കഴിയുന്ന കാര്യമാണ്. കാരണം പ്രപഞ്ചത്തിന്റെ വലുപ്പം, അതില്‍ മനുഷ്യന്റെ നിസ്സാരത ഇവയൊക്കെ തിരിച്ചറിഞ്ഞ ആരും ഈശ്വരനെന്ന പ്രപഞ്ചത്തോളം വലിയ പ്രതിഭാസത്തെക്കുറിച്ച് ആധികാരികമായ അഭിപ്രായപ്രകടനത്തിനു തുനിയില്ല. അതിനെക്കുറിച്ച് അറിയില്ല, അഭിപ്രായം പറയാന്‍ തക്ക തെളിവുകളില്ല എന്നൊക്കെ പറഞ്ഞ് ഒഴിയാം എന്നല്ലാതെ ഈശ്വരനില്ല എന്നു തീര്‍ച്ച പറയുന്നവര്‍ തീര്‍ച്ചയായും അന്ധവിശ്വാസികള്‍ ആണെന്നേ പറയാനാവൂ. ഏറിയാല്‍ ആജ്ഞേയവാദി (Agnostic) ആകാം. എന്നാല്‍ നിരീശ്വരവാദം Atheism ഒരുതരം മൂഢവിശ്വാസമാണ്. പ്രപഞ്ചത്തിന്റെ സവിശേഷമായ താളക്രമം അതിനെ നിയന്ത്രിക്കുന്ന ഒരു ശക്തിയിലേയ്ക്കു വിരല്‍ ചൂണ്ടുന്നുണ്ട്. എന്നാല്‍ അതൊന്നും കണ്ടതായി ഭാവിക്കാതെ ഈശ്വരനില്ലെന്ന് മൂഢമായി വിശ്വസിക്കുന്നവരെ അന്ധവിശ്വാസികള്‍ എന്നു വിളിക്കാനേ കഴിയൂ. അത്തരം അന്ധവിശ്വാസികളാണ് സോമനാഥിനെപ്പോലുള്ള പ്രതിഭകള്‍ക്കെതിരെ വാളെടുക്കുന്നത്. ഇത്തരക്കാര്‍ മതതീവ്രവാദികളെപ്പോലെതന്നെ മൂഢവിശ്വാസങ്ങള്‍ പുലര്‍ത്തുന്നവരാണ്.
ഫ്രാന്‍സിസ് ബേക്കണ്‍, കോപ്പര്‍നിക്കസ്, കെപ്ലാര്‍, ജോണ്‍ ഡാള്‍ട്ടന്‍, ചാള്‍സ് ഡാര്‍വിന്‍ മേരിക്യൂറി, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, റോസാലിന്റ് ഫ്രാങ്ക്‌ളിന്‍ തുടങ്ങി ലോകപ്രശസ്തരായ എത്രയോ ശാസ്ത്രജ്ഞന്മാര്‍ തികഞ്ഞ ഈശ്വരവിശ്വാസികളായിരുന്നു. ഈശ്വരവിശ്വാസികളല്ലാത്തവരായിരുന്ന കാള്‍സാഗനെയും സ്റ്റീഫന്‍ ഹോക്കിങ്‌നേയും പോലുള്ളവരും സമ്പൂര്‍ണ്ണ നിരീശ്വരവാദികളായിരുന്നില്ല. സാഗനും പറയുന്നത് ശാസ്ത്രം ഒരു ദിവസം ഈശ്വരന്റെ സാന്നിധ്യം തെളിയിക്കുമെന്നാണ്. അതുവരെ അന്വേഷിക്കാമെന്നല്ലാതെ അവിശ്വസിക്കാമെന്ന് അദ്ദേഹവും കരുതുന്നില്ല.
ഇത്തരം വലിയ അറിവുകളുടെ പിറകെ പോകാന്‍ സമയമോ കഴിവോ ഇല്ലാത്ത കേരളത്തിലെ ഒരു കൂട്ടം ബുദ്ധിജീവിനാട്യക്കാര്‍ പരസ്യമായി ഈശ്വരവിശ്വാസത്തെ നിന്ദിച്ചു മിടുക്കന്മാരാകാന്‍ ശ്രമിക്കുന്നു (ഇത്തരക്കാരില്‍ ചിലര്‍ രഹസ്യമായി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നുമുണ്ട്). ഇത്തരം അന്ധവിശ്വാസികളെ അവഗണിച്ച് നമുക്ക് മുന്നോട്ടു പോകേണ്ടതുണ്ട്. അതുകൊണ്ട് യുക്തിബോധം ഉള്ളവര്‍ക്ക് സോമനാഥിനൊപ്പം നില്‍ക്കാനേ കഴിയൂ. അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യാന്‍ ഒരു സാഹിത്യക്കാരനെത്തന്നെ ചുമതലപ്പെടുത്തിയ മാതൃഭൂമിയുടെ ഔചിത്യത്തെ അംഗീകരിക്കാം. അസാധാരണമായ ഉള്‍ക്കാഴ്ചയോടെയാണ് ഡോക്ടര്‍ സോമനാഥ് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത്. അദ്ദേഹം പറയുന്നതു നോക്കൂ; ഈശ്വരന്‍ ഇല്ല എന്നു പറയുന്നതും വിശ്വാസമാണ്. ഉണ്ട് എന്നതും വിശ്വാസമാണ്. രണ്ടിനും അനുഭവതലം ഇല്ലാത്ത കാലത്തോളം രണ്ടുപേരും ശഠിക്കുകയാണ്. ആകെ ചെയ്യാവുന്നത് അനുഭവത്തിലൂടെ എങ്ങനെ അതു പ്രാപ്തമാകുന്നുവെന്ന് നിരന്തരമായി നിരീക്ഷിക്കുക എന്നതാണ്. പ്രപഞ്ചം ശാശ്വതമോ ഉറച്ചതോ അല്ല. എല്ലാം ചലനാത്മകമാണ്. സൗരയൂഥവും സ്ഥിരതയുള്ളതല്ല. ഈ ചലനാത്മകതയില്‍ സാറ്റ്‌ലെറ്റുകളുടെ ചെറിയ സാന്നിധ്യങ്ങള്‍ വലിയ പ്രഭാവമുണ്ടാക്കുമെന്നു തോന്നുന്നില്ല. അതിനെക്കാള്‍ എത്രയോ അധികപ്രഭാവമുള്ള മാറ്റങ്ങള്‍ വേറെ എവിടെയെല്ലാം നടക്കുന്നുണ്ട്. ഇനിയെങ്കിലും മലയാളി തങ്ങളുടെ അജ്ഞത ഉപേക്ഷിച്ച് ആധുനിക വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കട്ടേ.
കെ. രാജഗോപാല്‍ മിക്കവാറും ഗദ്യത്തിലാണ് എഴുതുന്നതെങ്കിലും അദ്ദേഹം നല്ല കവിയാണ്. ഇതിനുമുമ്പും മാതൃഭൂമിയില്‍ വന്ന അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ച് ഈ പംക്തിയില്‍ നല്ല അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ലക്കം മാതൃഭൂമിയിലെ അദ്ദേഹത്തിന്റെ കവിത, ‘ചെക്‌പോസ്റ്റില്‍ ഒരു കവിത’ തീര്‍ച്ചയായും നല്ല രചനതന്നെയാണ്. ഇവിടെ കവിത തന്നെയാണ് പ്രതിപാദ്യവിഷയം. കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്: നിനക്കു കഴിയാമിനി വേദനയുടെ വിവര്‍ത്തനക്യാമ്പൊന്നില്‍ സമാനപദമില്ലാത്തൊരുഭാഷയില്‍ സാഹിത്യോത്സവ നഗറില്‍ കവിയുടെ ഉള്‍ക്കണ്ഠപോലെ തന്നെയാണ് മലയാളത്തില്‍ കവിതയുടെ ഇന്നത്തെ അവസ്ഥ. ഒരു കവിയ്‌ക്കെങ്കിലും അതു തിരിച്ചറിയാന്‍ കഴിയുന്നുണ്ടല്ലോ!