പ്രാദേശിക ജീവിതത്തിന്റെ ചൂടും ചൂരും അലൗകിക സ്വഭാവമുള്ള ഭാഷയുംപോലെ തന്നെ ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തെ ശ്രദ്ധേയമാക്കിയ മറ്റൊരു ഘടകം ആത്മീയതയുടെ നാട്ടുവെളിച്ചമാണ്. രവിയുടെയും മാധവന്‍നായരുടെയും വേദാന്തമോ കൊഴണശ്ശേരിയില്‍ നിന്നു വന്ന സഖാക്കളുടെ ബോധ്യങ്ങളോ ഈ വെളിച്ചത്തിന്റെ ശോഭ കെടുത്തുന്നില്ല. നടക്കാനിറങ്ങിയ രണ്ടു ജീവബിന്ദുക്കളുടെ കഥയോ ഏകാധ്യാപകവിദ്യാലയത്തിലെ കുട്ടികള്‍ക്ക് രവി പറഞ്ഞുകൊടുത്ത മറ്റു കഥകളോ അല്ല പില്‍ക്കാലവായനയില്‍ എനിക്ക് തെളിഞ്ഞുകിട്ടിയ ജ് ഞാനാധാരം. ചാന്തുമ്മയുടെയും കുഞ്ഞാമിനയുടെയും അള്ളാപ്പിച്ചാ മൊല്ലാക്കയുടെയും ഗ്രാമീണരായ സ്ത്രീപുരുഷന്മാരുടെയും കുട്ടികളുടെയും ആത്മീയതയും അതു പ്രതിഫലിപ്പിച്ച പാത്രഭാഷണങ്ങളും. സമാന്തരമായി നാട്ടുജീവിതത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയ ആത്മീയതയെക്കുറിച്ചും അതിന്റെ ഭിന്നഭാവങ്ങളെക്കുറിച്ചുമാണ് ഇവിടെ കോറിയിടുന്നത്. ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള പൊറത്തിശ്ശേരിയാണ് എന്റെ നാട്. പണ്ട് ഇതേ പേരിലുള്ള പഞ്ചായത്ത് നിലവിലുണ്ടായിരുന്നു. ഇപ്പോള്‍ ഇരിങ്ങാലക്കുട നഗരസഭയുടെ 32, 33 വാര്‍ഡുകളും മറ്റു വാര്‍ഡുകളിലെ ചില പ്രദേശങ്ങളും ഉള്‍പ്പെട്ട സ്ഥലമാണ് നാടെന്ന സങ്കല്പത്തിന്റെ അടിസ്ഥാനം. നഗരത്തിന്റെ പ്രാന്തപ്രദേശമാണിത്. 1980 കളിലാണ് വികസനത്തിന്റെ പ്രധാനമുഖമായ റോഡുകളും ബസ് സര്‍വ്വീസുകളും കാര്യമായ രീതിയില്‍ ഈ ഭാഗത്ത് ഉണ്ടാവുന്നത്. നഗരത്തിലേക്ക് എളുപ്പത്തിലെത്താവുന്ന ശ്രീനാരായണ റോഡുണ്ടായതും ഇതര പ്രദേശങ്ങളുമായി ബന്ധപ്പെടുത്തുന്ന റോഡുകള്‍ വികസിച്ചതും ഈ കാലഘട്ടത്തിനുശേഷമാണ്. മൂന്നുദശകമായി നാട്ടില്‍ പാര്‍ക്കാത്ത എന്റെ നാട്ടുവിചാരങ്ങള്‍ സഞ്ചാരിയുടെ ഗൃഹാതുരത മാത്രമല്ല. കഴിഞ്ഞ ഒരു ദശകമായി നവോത്ഥാനപൂര്‍വ്വ കേരളത്തെക്കുറിച്ച് ഞാന്‍ നടത്തുന്ന അന്വേഷണങ്ങളുടെ തുടര്‍ച്ചകൂടിയാണ് അത്. അഞ്ചുദശകങ്ങള്‍ പിന്നിടുന്ന ജീവിതയാത്രയില്‍ വിദ്യാഭ്യാസം, തൊഴില്‍, സൗഹൃദം എന്നിങ്ങനെ പലതിന്റെയും ഭാഗമായി പലേടത്തും സഞ്ചരിച്ചു. എന്നാല്‍ ശരീരത്തിന്റെ മഹാസാദ്ധ്യതകളെക്കുറിച്ച് ബോദ്ധ്യമുള്ള മനുഷ്യരെ വേറെയധികം ഇടങ്ങളില്‍ കണ്ടില്ല. ആകയാല്‍ പലേടത്തും തെണ്ടാനിറങ്ങിത്തിരിച്ചുവന്ന കാലുവെന്ത നായിന്റെ പേച്ചുകളായി കരുതപ്പെടാവുന്ന ഈ ലിഖിതങ്ങളെ ആരെങ്കിലും അവഗണിച്ചാല്‍ അവരോട് മന്ദഹസിക്കാന്‍ എനിക്ക് കഴിയും. ഇവിടെ ഞാന്‍ കുറിച്ചിടുന്ന ഓര്‍മ്മകൊണ്ട് നാടു നീങ്ങിയ മഹാജ്ഞാനികളുടെ പരമ്പരയില്‍ പെട്ട ഏതൊരാളിനും എന്തെങ്കിലും ഖേദമുണ്ടാകുമെങ്കില്‍ അവര്‍ക്ക് കൂപ്പുകൈ അര്‍പ്പിക്കുന്നു.
അദ്വൈതിയുടെ കടുത്ത നിലപാടുകള്‍
1970 കളുടെ അവസാനം, ഞാന്‍ കാണുമ്പോള്‍ കുട്ടിരാമേട്ടന് എഴുപതിലേറെയുണ്ടായിരുന്നു പ്രായം. വെളുത്തുമെലിഞ്ഞ്, മുടി നരച്ച ശാന്തസ്വരൂപി. പഴനിയ്ക്കുപോകാന്‍ ഊരുതെണ്ടുന്നതാണു കാഴ്ച, ഒപ്പം ഒരു വടി കുത്തി പതിയെ നീങ്ങുന്ന, അങ്ങനെ അല്ലാത്ത കാഴ്ചകളുമുണ്ട്. അന്യരുടെ പറമ്പുകളില്‍നിന്നും പാടങ്ങളില്‍ നിന്നും വയല്‍ച്ചുള്ളിയും മറ്റു നാട്ടു മരുന്നുകളും പറിച്ചുകൊണ്ടുപോകുന്നതാണ് ഒരു കാഴ്ച. അദ്ദേഹം പൂച്ചയെ തിന്നുമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. വല്ലാതെ മദിച്ഛേണ്ടടാ, കുട്ടിരാമന്‍ കാണാതെ നോക്കിക്കോ എന്ന ആപ്തവാക്യം കേള്‍ക്കാത്ത പൂച്ചകള്‍, വിശേഷിച്ച് കറുത്തുതടിച്ച കണ്ടന്മാര്‍ ചരിത്രത്തില്‍നിന്ന് അപ്രത്യക്ഷമായിരുന്നതായി നാട്ടിലെ പൂച്ചകളുടെ ചരിത്രകാരന്മാര്‍ പറഞ്ഞിട്ടുണ്ട്. ഓറഞ്ച് നിറമുള്ള മുണ്ടും വെള്ള ഷര്‍ട്ടുമായി ഭക്തിഭാവത്തോടെ ആണ്ടവന്റെ അടയാളമുദ്രകളുമായി വീടുകളില്‍ നിന്ന് ധനവും ധാന്യവും ശേഖരിക്കുന്ന കുട്ടിരാമേട്ടനെ ഒരാഴ്ച കാണാതാവുമ്പോള്‍ അദ്ദേഹം പഴനിയിലേക്കുള്ള യാത്രയിലാകുമെന്ന് പരിചയക്കാരായ ആരും കരുതാറില്ല. ആളുകള്‍ പണ്ടെങ്ങോ കണ്ട പഴനി അവിടെത്തന്നെയുണ്ടാകും. ശേഖരിച്ച അരിയും പണവും വീട്ടില്‍ ഭദ്രമായി വച്ച്, തൊട്ടടുത്ത പൊറത്തൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ പത്തുരൂപായും ചില നാണയത്തുട്ടുകളും സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചശേഷം സ്വസ്ഥനാകുന്ന ഭക്തന്‍, മിച്ചം വന്ന മൂലധനത്തെ കള്ള്, ചാരായം എന്നിവയാക്കി വീട്ടിലെ തട്ടിന്‍പുറത്ത് സുഖമായി കഴിയും. കൂട്ടിന് പൂച്ചവിഭവങ്ങളുമുണ്ടാകും ടച്ചിംഗ്സായി. അദ്വൈതത്തിന്റെ ബാലപാഠം ഞാനുള്‍ക്കൊണ്ടത് ഈ മഹാജ്ഞാനിയില്‍ നിന്നാണ്. ഈ തിരിച്ചറിവ് കുറച്ചുപേര്‍ക്കേ നാട്ടില്‍ത്തന്നെ ലഭിച്ചിരുന്നുള്ളൂ. അത് എന്റെ മഹിമയല്ല. പിതൃ പരമ്പരയുടെയും മാതൃപരമ്പരയുടെയും ആര്‍ജ്ജിതപുണ്യം.
കല്ലുകളിലെയും മനസ്സിലെയും ശക്തി
അമ്മയുടെ നാട് കിഴുത്താനി എന്ന പ്രദേശത്തായിരുന്നു. പുരോഗമനസാഹിത്യകാരന്മാരുടെ ആദ്യ സമ്മേളനം നടന്നതിവിടെയാണ്. പ്രധാനനിരത്തില്‍ നിന്ന് ഒന്നരക്കിലോമീറ്റര്‍ അകലെയായിരുന്നു വീട്. നെടുമ്പുള്ളി മനക്കാരുടെ സ്വത്തുവകകളുടെ നോട്ടക്കാരന്‍ ആയിരുന്നു അമ്മയുടെ പിതാവ്. ആയതിനാല്‍ ഒരേക്കറിലേറെ ഭൂമി അവര്‍ക്കുണ്ടായിരുന്നു. എഴുപതുകളില്‍ എന്റെ കാഴ്ചയില്‍ മണ്ണുകൊണ്ടു പൂര്‍ണ്ണമായും നിര്‍മ്മിച്ച ഓല മേഞ്ഞ വീടായിരുന്നു അമ്മയുടെ കുടുംബവീട്. പി.കെ.ബാലകൃഷ്ണനും മറ്റ് ആധുനികര്‍ക്കും ഒരു വലിയ മാളം എന്നു വിളിക്കാവുന്ന ഇടം. അമ്മയ്ക്ക് രണ്ടുസഹോദരിമാരും മൂന്ന് സഹോദരന്മാരുമുണ്ടായിരുന്നു. നാടുവിട്ടുപോയി, അവസാനകാലത്ത് തിരിച്ചുവന്ന, ഇളയ സഹോദരനും വിവാഹിതരായി ഭര്‍തൃഗൃഹങ്ങളിലേക്ക് പോയ സഹോദരിമാരും കഴിഞ്ഞുള്ള രണ്ടുപേരില്‍ ഇളയ ആള്‍ കുടുംബവീട്ടിലും മൂത്തയാള്‍ തൊട്ടപ്പുറത്തുമായിരുന്നു താമസം. ദീര്‍ഘകാലം മദിരാശിയില്‍ ചായക്കടക്കാരായി കഴിഞ്ഞശേഷം പലനാടു ചുറ്റിവന്ന് ഗൃഹസ്ഥരായി കഴിയുകയാണ് ഞാന്‍ കാണുമ്പോള്‍ ഇരുവരും. ഇളയ ആളുടെ ഭാര്യ തമിഴ്നാട്ടുകാരിയായിരുന്നു. മൂത്ത സഹോദരനുമായി അമ്മയും മറ്റേ സഹോദരനും വലിയ ലോഗ്യത്തിലായിരുന്നില്ല. അതെന്തുകൊണ്ടാണെന്ന് ഞാന്‍ അന്വേഷിച്ചുമില്ല. ഇടക്കു വല്ലപ്പോഴും ചെന്നുകാണും. രൗദ്രഭാവമായിരുന്നു. പക്ഷെ കുട്ടികളോട് മന്ദഹസിക്കും. ഉള്‍നാട്ടിലെ തോടുകളിലും പാടങ്ങളിലും പുഴകളിലും നിന്ന് മീന്‍പിടിക്കുന്ന തൊഴിലായിരുന്നു ഇരുവര്‍ക്കും. കൂടയില്‍നിന്ന് പുറത്തേക്ക് ചൊരിയുന്ന മീനുകളുടെ വലുപ്പത്തിലും മുഴുപ്പിലും അവരുടെ വീടുകളില്‍ അന്നം വിളഞ്ഞു. മീനുകള്‍ക്ക് അവരെ ബന്ധിക്കുന്നവരെ ശപിക്കാനാവുമെന്ന് അമ്മ കരുതിയിരുന്നു. പുഴമീനുകളെക്കാള്‍ കടല്‍മീനുകളെയാണ് അമ്മ ഇഷ്ടപ്പെട്ടത്. മാമന്മാരുടെ പാരമ്പര്യം പിന്തുടര്‍ന്ന മൂത്ത മകന്‍ (എന്റെ ജ്യേഷ്ഠന്‍) മീനുകളെ പിടിക്കുന്നതില്‍ അതിവിദഗ്ധനായിരുന്നു.
അക്കാലത്ത് നടന്നാണ് ഞങ്ങള്‍ മൂന്നരക്കിലോമീറ്റര്‍ അകലെയുള്ള അമ്മ വീട്ടിലേക്ക് പോയിരുന്നത്. മലബാര്‍ തീരവാസിയും പട്ടാളത്തില്‍ ഓഫീസറുമായിരുന്ന അച്ഛന്‍ റിട്ടയര്‍മെന്റിനുശേഷം വീടു വച്ചത് അമ്മവീടിനടുത്തായിരുന്നു. അമ്മവീടിന്റെ പുറത്ത് ഒരു ചെറിയ കെട്ടുപുരയുണ്ടായിരുന്നു. അതിന്റെ പലകത്തട്ടില്‍ നിറയെ കല്ലുകളും. വെള്ളാരംകല്ലുകള്‍, പാറക്കല്ലുകള്‍, ചെങ്കല്‍ക്കഷണങ്ങള്‍. ദൈവപ്പുരയായിരുന്നു അത്. ദൈവങ്ങളായിരുന്നു ആ കല്ലുകള്‍. പൂര്‍വ്വികരുടെ സാന്നിദ്ധ്യമായിരുന്നു കല്ലുകളില്‍. കൊച്ചിരാജ്യത്ത് ക്ഷേത്രപ്രവേശനം നടപ്പായിട്ട് മൂന്നു ദശാബ്ദമായിക്കാണണം അപ്പോള്‍. ഉത്സവത്തിനും മറ്റേതെങ്കിലും അടിയന്തിരത്തിനുമായല്ലാതെ പുതുതായി പ്രവേശനം ലഭിച്ച കുട്ടികള്‍ അങ്ങോട്ടു പോയിരുന്നില്ല. പഴനിയും ശബരിമലയും മാത്രം എല്ലാവര്‍ക്കുമായി തുറന്നുകിടന്നു. മേല്‍സൂചിപ്പിച്ച ദൈവപ്പുരയില്‍ ഇടക്കു ഞാന്‍ ചെന്ന് നോക്കാറുണ്ടായിരുന്നു. കുട്ടിയുടെ കൗതുകം കല്ലുകളിലെ ശക്തി മനസ്സിലാക്കിയിരുന്നില്ല. അമ്പതു തികഞ്ഞ കുട്ടിയായിട്ടും കല്ലുകളില്‍ ശക്തിയുണ്ടെന്ന് കരുതാനെനിക്കാവുന്നില്ല. എന്റെ ജന്മം സന്ദേഹിയുടേത്, യുക്തിയും ന്യായവും ചേര്‍ത്തു പണിത് അതിനെ പാകപ്പെടുത്തിയ പുസ്തകങ്ങളോട് ഇപ്പോള്‍ രാഗശ്ശേഷങ്ങളാണുള്ളത്. കല്ലുകളില്‍ പ്രതിമയും ജീവിതത്തിന്റെ സഹനങ്ങളും തീര്‍ത്ത രാഘവന്‍ അത്തോളിയ്ക്ക് നമസ്‌കാരം – അമ്മയുടെ സഹോദരന്റെ പെണ്‍മക്കളിലൊരാള്‍ ഒരിക്കല്‍ പറഞ്ഞു: ഈ കല്ലുകളില്‍ ഓടിക്കയറിയ, കടിപിടിക്കാരായ പൂച്ചകളിലൊരെണ്ണം പിടഞ്ഞുമരിച്ചുവെന്ന്. ഞാനതു വിട്ടുകളഞ്ഞു. കല്ലുകളില്‍ ശക്തിയില്ലെങ്കില്‍, പൂച്ചയുടെ മരണം ഒരു നുണയായിരിക്കുമോ, അതോ അക്രമിയുടെ കടിയേറ്റുമരിച്ചതോ? എന്തായാലും പഴയ വീടും, കല്ലുകളുള്ള ദൈവപ്പുരയും കാലഗതിയില്‍ അപ്രത്യക്ഷമായിരിക്കുന്നു, കല്ലുകളിലെ പ്രാര്‍ത്ഥനാശക്തിയുടെ രഹസ്യം തേടി പിറകേ ആരും പോവുകയുമില്ല. പൂശാര് എന്ന് എന്റെ അച്ഛന്‍ വിളിക്കാറുള്ള അളിയന്‍ (അമ്മയുടെ മൂത്ത സഹോദരന്‍) മാന്ത്രികനായിരുന്നുവെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. കഥയിങ്ങനെ: ബസ്സുകള്‍ ഒന്നോ രണ്ടോ മാത്രമുള്ള കാലം. നഗരത്തിലേക്ക് പോകാനിറങ്ങിയ പൂശാരിക്കുമുന്നില്‍ നിര്‍ത്താതെ പോയ വണ്ടി. സ്റ്റോപ്പിലെ നിര്‍ത്തൂ എന്നോ അധ:കൃതന്‍ കയറേണ്ട എന്നോ ആയിരിക്കും ശാഠ്യം. ജപിച്ച് മനസ്സുരുകി നിന്ന മാന്ത്രികന്‍. തൊട്ടു മുമ്പത്തെ സ്റ്റോപ്പില്‍ അയാളുടെ വരവിനായി കാത്തുകിടന്ന നിശ്ചലമായ ബസ്സ്. പതിയെ നടന്ന് മീന്‍ കൂടയും കയറ്റി ഒന്നിളകിയിരുന്നപ്പോള്‍ പതിയെ ചലിക്കാന്‍ തുടങ്ങി. ഇതൊരു നുണയായിരിക്കുമെന്ന് എക്കാലവും ഞാന്‍ കരുതി. പുസ്തകങ്ങള്‍ വായിച്ച് ഒരു പുഴുവായിത്തീര്‍ന്നപ്പോള്‍ മനുഷ്യജന്മം വെടിഞ്ഞവന്‍ എന്തിനെയും ശാസ്ത്രീയതയുടെ കൊമ്പുകള്‍ കൊണ്ടളന്നു. അമ്മയില്‍ നിന്നകന്നു. മാതൃവചനങ്ങള്‍ പൊളിവചനങ്ങളായി. തന്റെ അമ്മ ഒരു വിഡ്ഢിയാണ് എന്നു പറഞ്ഞ തത്ത്വശാസ്ത്രവിദ്യാര്‍ത്ഥിയായിരുന്നു എന്റെ അക്കാലത്തെ ഹീറോ. ആത്മവിമര്‍ശനത്തിന്റെ മികച്ച മാതൃകയായി അവനെ ഞാനെണ്ണി. എന്നാല്‍ അമ്മയോടുള്ള സ്‌നേഹം അതു പറഞ്ഞയാളില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമായി ഓര്‍ക്കുന്നു. മുമ്പേ പറഞ്ഞ സംഭവത്തില്‍ മാന്ത്രികന്‍ ബസ്സിന്റെ എഞ്ചിന്‍ നിര്‍ത്തുകയോ അതോ ഡ്രൈവറുടെ ശരീരത്തില്‍ പ്രകമ്പനമുണ്ടാക്കി വയറിളക്കുകയാണോ ചെയ്തതെന്ന വിചാരത്തില്‍ ശിഷ്ടകാലം കഴിക്കുകയാണ് ഞാന്‍. സന്ദേഹികള്‍ക്ക് അവരുടെ ജന്മം പാഴ്‌വസ്തുവല്ലെങ്കിലും, ചിലേടത്ത് എല്ലാ വിചാരങ്ങളും പാഴാകുന്നത് പുത്തരിയല്ല.
മന്ത്രത്തിന്റെ ദീപ്തി
മന്ത്രം എന്ന പേരുചേര്‍ത്ത് അഭിസംബോധന ചെയ്യപ്പെടുന്ന ഒരു വീട്ടുകാര്‍ എന്റെ നാട്ടിലുണ്ട്. ചൊവ്വയുടെ ഉപാസകരായ ഈ വീട്ടുകാരിലെ ഇപ്പോഴത്തെ ഉപാസകന്‍ ഏറെ സൗമ്യന്‍. മൂന്നു മുല്ലത്തറകള്‍ ഈ വീട്ടില്‍ കാണാം. പുതുതലമുറയിലെ ചെറുപ്പക്കാരില്‍ ചിലര്‍ ഇദ്ദേഹത്തിനു പിന്നില്‍ ധ്യാനലീനരായി കൂപ്പുകൈകളുമായി സന്ധ്യാസമയത്ത് നില്‍ക്കുന്നതു കാണാറുണ്ട്. ഇപ്പോഴത്തെ ഉപാസകന്റെ പരേതനായ പിതാവ് മന്ത്രത്തിന്റെ കഠിനമായ പ്രയോഗങ്ങള്‍ നടത്തിയതായി കേട്ടിട്ടുണ്ട്. കറുത്ത ചരടുകള്‍ എങ്ങനെ കടും കെട്ടിട്ടു നല്‍കിയാലും ഞൊടി നേരം കൊണ്ട് അവയഴിച്ച് അദ്ദേഹം നല്‍കുമായിരുന്നു. ഒരിക്കല്‍ നഗരത്തിലേക്ക് പോകാന്‍ ബസ്സുകാത്തുനില്‍ക്കുകയായിരുന്നു ഞാന്‍. എനിക്കു പിറകേ സ്റ്റോപ്പിലെത്തിയ ഉപാസകനും ബസ്സുകാത്തുനില്‍ക്കുകയാണ്. കുശലങ്ങള്‍ക്കുശേഷം വണ്ടിവരാത്തതിനെക്കുറിച്ചായി സംസാരം. അപ്പോള്‍ അദ്ദേഹം ഒരു കഥ പറഞ്ഞു: കുറച്ചുമാസം മുമ്പ് കൊടുങ്ങല്ലൂരിലേക്ക് (ശ്രീകുരുംബക്കാവിലേക്ക്) പോകാനായി സ്റ്റോപ്പില്‍ വന്നു നില്‍ക്കുകയായിരുന്നു. ഒരു വഴിപാടുണ്ടായിരുന്നു, പ്രാര്‍ത്ഥനയും. കയ്യില്‍ അല്പം പണമേയുള്ളൂ. എന്തുചെയ്യുമെന്ന് ഖിന്നനായി നില്‍ക്കെ ഇറക്കമിറങ്ങി വന്ന ഒരു ഓട്ടോറിക്ഷ, മുന്നില്‍ ചവിട്ടിയിട്ട് എവിടേയ്ക്കാണെന്ന് ചോദിച്ചു. ഡ്രൈവര്‍ അപരിചിതന്‍. വണ്ടി നാട്ടിലേതുമല്ല. കൊടുങ്ങല്ലൂരിലേക്കാണെന്നു പറഞ്ഞപ്പോള്‍ കയറിക്കൊള്ളാന്‍ പറഞ്ഞു. ക്ഷേത്രത്തിനു മുന്നില്‍ ഇറക്കി ഒരു പൈസയും വാങ്ങാതെ സാരഥി പോയി. ഇതുകേട്ടപ്പോള്‍ ഉദ്യോഗസ്ഥനും ഉപകരണയുക്തിയുടെ താന്ത്രികനുമായ ഞാന്‍ ഇങ്ങനെ വിചാരിച്ചു: ഇപ്പോള്‍ വീണ്ടുമൊരു ഓട്ടോ വന്ന് ഇപ്രകാരം തന്നെ ചോദിച്ചാല്‍ എനിക്കും ഇദ്ദേഹത്തോടൊപ്പം നഗരത്തില്‍ പോകാം. പത്തുരൂപാ ലാഭം. ഈ ചിന്തയുണര്‍ന്ന സമയത്തുതന്നെ വൈകിയ ബസ് വന്നു മുന്നില്‍ നിന്നു. ഉപാസകനും ഞാനും കയറി. എന്റെ വാ തുറക്കും മുമ്പ് രണ്ടുപേരുടെ ടിക്കറ്റെടുത്ത് അദ്ദേഹമൊന്ന് മന്ദഹസിച്ചു. അണ്ടിപോയ അണ്ണാനെപ്പോലെയായിരുന്നു അപ്പോഴത്തെ എന്റെ മുഖം.
പാദമുദ്രകള്‍ തേടുമ്പോള്‍: മുരുകന്‍ തുണൈ
മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച പത്തുപ്രകടനങ്ങളില്‍ ഒന്നാണ് പാദമുദ്രയിലേത്. ആര്‍.സുകുമാരന്‍ സംവിധാനം ചെയ്ത ആ സിനിമയില്‍ മാതുപ്പണ്ടാരമായും സമനില തെറ്റിയ മകനായുമുള്ള പകര്‍ന്നാട്ടം വീണ്ടും കാണുമ്പോള്‍ അദ്ദേഹത്തോടുള്ള ആദരവ് പതിന്മടങ്ങാകുന്നു. അഭിമുഖങ്ങളില്‍ ലാല്‍ പറയുന്ന ചില കഥയില്ലായ്മകള്‍ പൊറുക്കാനും കഴിയുന്നു. മാതുപ്പണ്ടാരത്തിന്റെ, ഏതു പെണ്ണിനെയും തുറക്കുന്ന രതിവിദ്യകളല്ല, കാവടിയെടുക്കാനാഗ്രഹിക്കുന്ന മകന്‍ കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷങ്ങളാണ് എന്റെ മുന്നിലിപ്പോള്‍ ഉള്ളത്. പതിയെ പണ്ടാരവും മകനും പഴനിക്കു പോയ പാതകള്‍ പ്രത്യക്ഷമാവുന്നു. മുമ്പേ പറഞ്ഞ കുട്ടിരാമേട്ടന്‍ കഥയിലെ പൊറത്തൂര്‍ ശ്രീ സുബ്രഹ്‌മണ്യക്ഷേത്രം എന്റെ കുട്ടിക്കാലത്ത് ചുറ്റുമതിലില്ലാതെ, നാഥനില്ലാതെ കിടക്കുകയായിരുന്നു. ക്ഷേത്രസമീപത്തുള്ള കുടുംബസുഹൃത്തിന്റെ വീട്ടിലേക്ക് പോകാനായി ഞാനവിടെപ്പോകാറുണ്ടായിരുന്നു. മാപ്രാണം ഭാഗത്തുനിന്ന് നടന്നുവരുമ്പോള്‍ വീട്ടിലേക്കുള്ള എളുപ്പവഴിയും അതിലൂടെയുണ്ട്. വല്ലപ്പോഴും മാത്രം ഞാനവിടെ കയറി. കയറിയപ്പോള്‍ പ്രാര്‍ത്ഥിച്ചതുമില്ല. ആ ക്ഷേത്രത്തിനു തൊട്ട് ഒരു വലിയ കുഴിയുണ്ടായിരുന്നു. പണ്ടെന്നോ ചരിഞ്ഞ ഒരാനയെ അടക്കം ചെയ്തതാണ് ആ കുഴിയെന്ന് ഏതോ സഹപാഠി പറഞ്ഞത് ഞാനും വിശ്വസിച്ചിരുന്നു. എന്റെ ക്ലാസില്‍ പഠിച്ചിരുന്ന വിനോദ്, അനിലന്‍ തുടങ്ങിയവരുടെ വീടുകള്‍ അമ്പലത്തിന് സമീപത്തുമായിരുന്നു. കുഴിയുടെ മുകള്‍ഭാഗത്തെ ചെയ്തികളില്‍ ചില പഴങ്ങളുണ്ടായിരുന്നു. ആനയുടെ മരണമോര്‍ത്ത് ഞാന്‍ അവ പൊട്ടിച്ചില്ല. പിന്നീട് ക്ഷേത്രവും പരിസരവും വല്ലാതെ മാറി. ചുറ്റുമതിലും മതിലിനകത്ത് കായികാഭ്യാസികളും വന്നു. ഞാനോ, ദേശങ്ങളും ചിന്തകളുമെല്ലാം മാറി അകലേക്കു പോവുകയും ചെയ്തു. ഇപ്പോള്‍ എന്നാണ് ഷഷ്ഠിയെന്ന് നാട്ടിലുള്ള സഹോദരനോടോ കൂട്ടുകാരനായ സുനിയോടോ ചോദിക്കാറുണ്ടെന്ന് മാത്രം. ഈ ക്ഷേത്രത്തിനു സുമാര്‍ രണ്ടുകിലോമീറ്റര്‍ അകലെയാണ് ചെമ്മണ്ട അമ്പലം എന്ന് നാട്ടുകാര്‍ പറയുന്ന ചാമുണ്ട സുബ്രഹ്‌മണ്യസ്വാമിക്ഷേത്രം. മുപ്പത്തിരണ്ട് ബ്രാഹ്‌മണഗ്രാമങ്ങളില്‍ ഒന്നായ ഇവിടത്തെ ക്ഷേത്രത്തില്‍ പുരാവസ്തുപരമായ ചില തെളിവുകളുണ്ട്. പ്രാചീനമായ ഈ പ്രദേശത്തെ ബ്രാഹ്‌മണര്‍ നാടുവിട്ടു പോയതിനെക്കുറിച്ച് അമ്മ ചില കഥകള്‍ പറഞ്ഞിരുന്നു. കാലപ്പഴക്കത്താല്‍ ഞാനവ കൃത്യമായി ഓര്‍ക്കുന്നില്ല. സമ്പന്നരായ ക്രിസ്ത്യന്‍ കുടുംബക്കാരും ചുമര്‍ ചിത്രങ്ങളുള്ള മനോഹരമായ പള്ളിയുമുണ്ട് ഈ പ്രദേശത്ത്. ബസ്സുകളുടെ സ്റ്റാര്‍ട്ടിങ് പോയിന്റുമാണ് ഇവിടം. ഇവിടെനിന്ന് കുറച്ചകലെയുള്ള പാലം കടന്നാല്‍ കുമരഞ്ചിറ ഭഗവതിക്ഷേത്രമായി. എന്റെ അമ്മയുടെ സഹോദരിയുടെ വീട് പാലത്തിനടുത്തായിരുന്നു. കൈലാസത്തില്‍ നിന്ന് ഭഗവാനുമായി പിണങ്ങിയ സുബ്രഹ്‌മണ്യന്‍ മയില്‍വാഹനനായി ആദ്യമെത്തിയത് ചെമ്മണ്ടയിലെ ആരൂഢത്തിലായിരുന്നുവെന്നും അവിടെ ദീര്‍ഘവിശ്രമം ചെയ്താണ് പഴനിക്കുപോയതെന്നുമാണ് ഒരു കഥ. ഇപ്പോള്‍ ക്ഷേത്രസമീപത്തുള്ള അപൂര്‍വ്വം ബ്രാഹ്‌മണരില്‍ പലരും ദരിദ്രരുമാണ്. പിന്നോക്കവിഭാഗക്കാരും ദളിതരും നാട്ടുപണി ചെയ്തും ഉദ്യോഗലബ്ധിയിലൂടെയും അല്പം മെച്ചപ്പെട്ടിട്ടുണ്ട്. അവരില്‍ പലരും എന്നോടൊപ്പം പഠിച്ചവരാണ്. പേരുകളും മുഖങ്ങളും പഴയതുപോലെ ഓര്‍മ്മയിലില്ല. പ്രായമേറുകയാണ്. വെയില്‍ ചായുകയാണ്. സന്ധ്യയുടെ ശോഭയും കെടുകയാണ്. കിഴക്കോട്ടുള്ള പാതയിലൂടെ ഊരുതെണ്ടി പഴനിക്കുപോകാന്‍ നോമ്പെടുത്ത് വരുന്നതാരാണ്? കുട്ടിരാമേട്ടനല്ല. അദ്ദേഹമെത്രയോ മുമ്പ് ശിവാലയം പൂകി. അല്ല അതു പിന്നെ ആരാണ്? നാടും വീടും വിട്ട് പല പാത താണ്ടി പരവശനായി ആ വഴി വീണ്ടും പോകുന്നത് മരിച്ച ദൈവത്തിന്റെ പുനര്‍ജന്മചിന്തയും താങ്ങി വരുന്ന ഞാന്‍ തന്നെയാണോ? ആവണമെന്നില്ല. പക്ഷെ, കഴിഞ്ഞ രാത്രിയില്‍ ഏറ്റവും വേദനാജനകമായ ചില സംഭവങ്ങളുടെ പരിസമാപ്തിയില്‍ ബോംബെ ജയശ്രീയുടെ കന്താവന്തരുള്‍ എന്നാരംഭിക്കുന്ന സാന്ത്വനഗാനം കേട്ടുകിടന്നതു ഞാന്‍ തന്നെയാണ്.
(കേരളസര്‍വ്വകലാശാല മലയാളമഹാനിഘണ്ടുവിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജാണ് ലേഖകന്‍)