പ്രയാഗ്‌രാജിലും ഉജ്ജയനിയിലും മറ്റും നടന്നുവരാറുള്ള കുംഭമേളയ്ക്ക് സമാനമായ ഒരു നദീ ഉത്സവം പൗരാണികമായി കേരളത്തിലും നടന്നിരുന്നു. കേരളത്തിന്റെ സാംസ്‌ക്കാരിക ചരിത്രത്തിലെ അടഞ്ഞ അദ്ധ്യായമായ മാമാങ്ക മഹോത്സവമാണ് കേരളത്തിലെ കുംഭമേള എന്നു വിശേഷിപ്പിക്കാവുന്ന പ്രസ്തുത നദീ ഉത്സവം. ഇത് ഭാരതപ്പുഴയുടെ ഉത്സവമാണ്. മാഘമാസത്തില്‍ മകം വരെയുള്ള 28 ദിവസങ്ങളിലായാണ് ഭാരതപ്പുഴയുടെ ഉത്സവം ആഘോഷിച്ചു വന്നിരുന്നത്.
മാഘമക മഹോത്സവം, മഹാമകമഹോത്സവം എന്നീ പേരുകളിലും ഭാരതപ്പുഴയുടെ ഈ ഉത്സവം അറിയപ്പെട്ടിരുന്നു. ഇരുപത്തേഴു ദിവസം സാധാരണമായും ഇരുപത്തെട്ടാമത്തെ ദിവസമായ മകം നക്ഷത്രത്തില്‍ മഹോത്സവമായും ആഘോഷിച്ചു വന്നതിനാലാണ് മഹാമക മഹോത്സവം എന്നറിയപ്പെട്ടത്. മാഘമാസത്തില്‍ മകം വരെയുള്ള ഇരുപത്തെട്ട് ദിവസവും ഭാരതപ്പുഴയില്‍ ഗംഗ തുടങ്ങിയ പുണ്യനദികളുടെ പ്രവാഹമുണ്ടാകുമെന്നും ഈ ദിവസങ്ങളില്‍ നിളയില്‍ സ്‌നാനം ചെയ്താല്‍ സപ്ത നദികളില്‍ സ്‌നാനം ചെയ്ത ഫലം ലഭിക്കുമെന്നായിരുന്നു പരമ്പരാഗത വിശ്വാസം. ഭാരതപ്പുഴയുടെ ഉത്സവം തുടങ്ങിയ കാലഘട്ടത്തിന്റെ രേഖയൊന്നുമില്ല. ഭാരതപ്പുഴയുടെ ഉത്സവത്തിന്റെ അടിവേരു തേടിയിറങ്ങിയാല്‍ ചെന്നെത്തുക വാമൊഴി ചരിത്രത്തിലും സംഘകാല രചനകളിലുമാണ്. ദിവ്യ പ്രബന്ധം ഉള്‍പ്പെടെയുള്ള സംഘകാല രചനകളില്‍ ഭാരതപ്പുഴയുടെ ഉത്ഭവത്തിന്റേയും ഭാരതപ്പുഴയുടെ ഉത്സവത്തിന്റേയും വിവരങ്ങളുണ്ടെന്ന് തവനൂരിലെ ബ്രഹ്‌മാവിന്റെ ക്ഷേത്ര ചരിത്രം പറയുന്നു. എ.ഡി. 1810 ല്‍ അന്നത്തെ കോഴിക്കോട് സാമൂതിരി രാജാവ് മാമാങ്ക മഹോത്സവത്തെക്കുറിച്ച് ബ്രിട്ടീഷ് ചക്രവര്‍ത്തി മക്കിഞ്ചന്‍ സായിപ്പിന് നല്‍കിയ കൈപ്പീത്തില്‍ പറയുന്നതിങ്ങനെയാണ് – ‘മാമാങ്കം വേലയുടേയും ചാവേറ്റിന്റെയും വിവരം അറിയണമെന്നു ചോദിച്ചതിന്റെ വിവരം എഴുതുന്നു. എന്തെന്നാല്‍, കേരള രാജ്യത്തിങ്കല്‍ പുരാണ പ്രസിദ്ധമായി നിള എന്നും പ്രതിചി എന്നും പേരാറ് എന്നും പേരായിട്ടുള്ള നദിയുടെ ഉത്തര തീരത്തിങ്കല്‍ നവയോഗിയുടെ പ്രതിഷ്ഠയായിരിക്കുന്ന മഹാവിഷ്ണുവിന്റെ നിത്യസാന്നിദ്ധ്യം പരിപൂര്‍ണ്ണമായിരിക്കുന്ന തിരുന്നാവായ എന്ന പുണ്യ ക്ഷേത്രത്തില്‍ മഹാവിഷ്ണുവിനും, മേലെഴുതിയ പേരാറ് എന്ന മഹാനദിക്കും ചിങ്ങ വ്യാഴം വരുന്ന കാലങ്ങളില്‍ മാഘമാസം ഇരുപത്തെട്ടാം ദിവസം വലുതായിട്ടുള്ള മഹോത്സവം ആകുന്നത്. മേല്‍ എഴുതിയ മാഘമാസത്തില്‍ ഗംഗ തുടങ്ങിയ പുണ്യ തീര്‍ത്ഥങ്ങളുടെ സാന്നിദ്ധ്യം മേല്‍ എഴുതിയ നിളാ നദിയില്‍ ഉണ്ടാകുമെന്ന് പുരാണങ്ങളില്‍ പറയുന്നുമുണ്ട്.’
മാഘമാസത്തില്‍ ഗംഗ തുടങ്ങിയ പുണ്യനദികളുടെ പ്രവാഹം ഉണ്ടാകുമെന്ന പരമ്പരാഗത വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നതാണ് സാമൂതിരിയുടെ കൈപ്പീത്ത്. സാമൂതിരി കോവിലകത്തെ താളിയോല ഗ്രന്ഥശേഖരത്തില്‍ ഭാരതപ്പുഴയുടെ ഉത്സവത്തിന്റെ ഓലകളില്‍ സാമൂതിരിക്ക് നിളാ സ്‌നാനം നടത്താന്‍ നീരാട്ടുകുളിപ്പന്തല്‍ ഉയര്‍ത്തുന്നതിന്റെ വിവരണമുണ്ട്. ഏറ്റവും പുതിയ രേഖകള്‍ പ്രകാരം എ.ഡി. 1766 ലാണ് ഭാരതപ്പുഴയുടെ ഉത്സവം ഒടുവില്‍ നടത്തിയത്. മലപ്പുറം ജില്ലയിലാണ് കുംഭമേളയ്ക്ക് സമാനമായ ഭാരതപ്പുഴയുടെ ഉത്സവം നടന്നിരുന്ന തിരുന്നാവായ ത്രിമൂര്‍ത്തി സ്‌നാനഘട്ട്. ഈ പൈതൃകോത്സവം പുന:സ്ഥാപിക്കാന്‍ പില്‍ക്കാലത്ത് യാതൊരു ശ്രമവും ഉണ്ടായില്ല. അതിന് വ്യക്തമായ കാരണമുണ്ടായിരുന്നു. ഭാരതപ്പുഴയുടെ ഉത്സവം പുനരാരംഭിച്ചാല്‍ മലപ്പുറം ജില്ലയിലേക്ക് സന്ന്യാസിമാരുടെ പ്രവാഹമുണ്ടാകും. അതേസമയം ചരിത്രപ്രസിദ്ധമായ മാമാങ്കത്തെ അവഗണിച്ചുവെന്ന് വരാനും പാടില്ല. അതിന് കണ്ടെത്തിയവഴി മാമാങ്കം ഒരു യുദ്ധോത്സവമായിരുന്നുവെന്നും വാണിജ്യോത്സവമായിരുന്നുവെന്നും വരുത്തി തീര്‍ക്കുകയായിരുന്നു. വള്ളുവനാട്ടില്‍ നിന്നും ചാവേറുകള്‍ വന്ന് മൃതിയടഞ്ഞതും ഈ ദിവസങ്ങളില്‍ വലിയ വ്യാപാരം നടന്നിരുന്നതും മാത്രം ആധാരമാക്കിയായിരുന്നു ഭാരതപ്പുഴയുടെ ഉത്സവത്തിന്റെ യഥാര്‍ത്ഥ ചരിത്രം മറച്ചുവെച്ചത്. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ ചരിത്ര സത്യങ്ങളെ എക്കാലവും മൂടി വെക്കാന്‍ കഴിയില്ലെന്ന് കാലം തെളിയിച്ചു. മാമാങ്കം രേഖകള്‍ പുറത്തു വന്നതും ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ പുറത്തുവിട്ട തെളിവുകളും നിമിത്തം എ.ഡി. 1766 ല്‍ ബ്രിട്ടീഷ് ഭരണത്തോടെ നിലച്ചു പോയ ഭാരതപ്പുഴയുടെ ഉത്സവം 2016ല്‍ പുനരാരംഭിച്ചു. ഇതോടെ തകര്‍ന്നൊടുങ്ങിയത് തെറ്റായ ചരിത്രത്തിന്റെ നുണക്കൊട്ടാരമായിരുന്നു. തിരുന്നാവായ ത്രിമൂര്‍ത്തി സ്‌നാനഘട്ടില്‍ ഓരോ വര്‍ഷവും മാഘമാസത്തില്‍ കുംഭമേളയ്ക്ക് സമാനമായി ഭാരതപ്പുഴയുടെ ഉത്സവം നടത്തി വരുന്നുണ്ട്. 2024 ജനുവരി 22മുതല്‍ 28വരെയാണ് ഇത്തവണത്തെ ഭാരതപ്പുഴയുടെ ഉത്സവം. ഇത് ദക്ഷിണ ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകോത്സവമാണ്; കേരളത്തിന്റെ ഏക നദീ ഉത്സവമാണ്. കുംഭമേളയുടെ പ്രസക്തി നിറഞ്ഞ ഈ പൈതൃകോത്സവത്തിന്റെ പിന്നാമ്പുറ ചരിത്രത്തിലേക്ക് പ്രവേശിച്ചാല്‍ നമുക്കു ലഭിക്കുന്ന ഭാരതപ്പുഴയുടെ ഉത്സവത്തിന്റെ ചരിത്ര ചിത്രങ്ങള്‍ ഇങ്ങനെയാണ്.
ബ്രഹ്‌മാവിന്റെ യാഗവും ദേവതകളുടെ ശാപവും
കേരളത്തിന്റെ അഭിവൃദ്ധിക്കായി ഒരു യാഗം നടത്തണമെന്ന് പരശുരാമന്‍ ബ്രഹ്‌മാവിനോട് അഭ്യര്‍ത്ഥിച്ചു. പശ്ചിമഘട്ട മലനിരകളില്‍ പെട്ട ആനമുടിയില്‍ യാഗം നടത്താനായിരുന്നു തീരുമാനം. യാഗത്തില്‍ യജമാന പത്‌നിയായി സരസ്വതി ദേവിയെയാണ് തീരുമാനിച്ചത്. യാഗം തുടങ്ങേണ്ട മുഹൂര്‍ത്തത്തില്‍ സരസ്വതി ദേവി എത്തിച്ചേര്‍ന്നില്ല. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ഗായത്രീ ദേവിയെ യജമാന പത്‌നിയാക്കി യാഗം തുടങ്ങി. ഈ സമയത്താണ് സരസ്വതി ദേവി യാഗഭൂമിയിലെത്തിയത്. താന്‍ ഇരിക്കേണ്ട സ്ഥാനത്ത് ഗായത്രീ ദേവിയെ കണ്ട സരസ്വതീ ദേവിക്ക് അപമാനിക്കപ്പെട്ടുവെന്ന തോന്നലുണ്ടായതിനെത്തുടര്‍ന്ന് ഗായത്രീ ദേവി ഒരു നദിയായിത്തീരട്ടെയെന്ന് ശപിച്ചു. ഗായത്രീ ദേവിയാകട്ടെ, സരസ്വതീ ദേവി ഒരു നദിയായിത്തീരട്ടെയെന്ന് തിരിച്ചും ശപിച്ചു. ഇതോടെയാഗം മുടങ്ങി. ശാപത്തിന്റെ കാഠിന്യം കുറയ്ക്കാന്‍ ദേവന്മാര്‍ ദേവിമാരോട് അപേക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗായത്രി സരസ്വതി ദേവിമാരുടെ ഓരോ അംശങ്ങള്‍ നദിയായി ഒഴുകാനും ശചി തുടങ്ങിയ ദേവപത്‌നിമാര്‍ പോഷകനദികളായി ഒഴുകിയെത്താനും തീരുമാനിച്ചു. തുടര്‍ന്ന് സരസ്വതി, ഗായത്രിദേവിമാരുടെ അംശങ്ങള്‍ യാഗഭൂമിയില്‍ നിന്നും നദിയായി ഒഴുകി. ഭാരതപ്പുഴയുടെ വൃഷ്ടി പ്രദേശം തമിഴ്‌നാട്ടിലെ ആനമുടിയില്‍ നിന്നാണ്.
ഗോവര്‍ദ്ധന പുരത്തെ യാഗവും സപ്ത നദികളുടെ സാന്നിദ്ധ്യവും
ആനമുടിയില്‍ മുടങ്ങിയ യാഗം ഗോവര്‍ദ്ധനപുരത്ത് നടത്താനാണ് പിന്നീടു തീരുമാനിച്ചത്. ഇന്നത്തെ പൊന്നാനി താലൂക്കിന്റെ കിഴക്കു ഭാഗം പഴയ കാലത്തെ ഗോവര്‍ദ്ധന പുരമാണ്. രാജഭരണകാലത്ത് ഗോവര്‍ദ്ധന പുരത്തെ രാജാവ് തിരുമനശ്ശേരി നമ്പൂതിരിമാരായിരുന്നു. ഭാരതപ്പുഴയുടെ തെക്കേ കരയിലാണ് ഗോവര്‍ദ്ധനപുരം. ഇവിടെ താപസ്സന്നൂരിലാണ് യാഗം നടത്താന്‍ തീരുമാനിച്ചത്. ഇന്ന് തവനൂര്‍ എന്നറിയപ്പെടുന്ന പ്രദേശമാണ് പഴയ കാലത്തെ താപസന്നൂര്‍. ഇവിടം വനപ്രദേശമായിരുന്നുവെന്നും ഋഷീശ്വരന്മാര്‍ ഇവിടെ തപസ്സു ചെയ്തിരുന്നുവെന്നുമാണ് പഴമൊഴി. ഇപ്പോള്‍ ബ്രഹ്‌മാവിന്റെ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം യാഗഭൂമിയായിരുന്നു. മാഘമാസത്തില്‍ നടത്തിയ യാഗം 28 ദിവസം നീണ്ടു നിന്നു. യാഗത്തിന്റെ ശ്രേഷ്ഠത നിമിത്തം ഗംഗ തുടങ്ങിയ പുണ്യനദികളുടെ പ്രവാഹം ഭാരതപ്പുഴയിലുണ്ടായി. ഇതു തിരിച്ചറിഞ്ഞത് പരശുരാമനാണ്. ഭാരതത്തില്‍ ഒരു നദിക്കും ഇല്ലാത്ത ശ്രേഷ്ഠതയാണ് സപ്ത നദീ പ്രവാഹത്തോടെ കൈവന്നിരിക്കുന്നതെന്നും എല്ലാവര്‍ഷവും മാഘമാസത്തില്‍ 28 ദിവസവും നദിയില്‍ സപ്തനദീ പ്രവാഹമുണ്ടാവുമെന്നും ഈ ദിനങ്ങള്‍ നദിയുടെ ഉത്സവമായി ആഘോഷിക്കണമെന്നും പരശുരാമന്‍ നിര്‍ദ്ദേശിച്ചുവെന്നാണ് ഐതിഹ്യം.
ത്രിമൂര്‍ത്തി സ്‌നാനാനഘട്ടും മാഘമക മഹോത്സവവും
നദിയുടെ ഉത്സവം ആഘോഷിക്കണമെന്ന് പരശുരാമന്‍ നിര്‍ദ്ദേശിക്കുന്നത് വരെ ഭാരതപ്പുഴ പ്രതിചി, പേരാറ് എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. മാഘമാസത്തില്‍ ഗംഗ തുടങ്ങിയ പുണ്യനദികളുടെ പ്രവാഹമുണ്ടാകുന്ന ഭാരതത്തിലെ ഏകനദി ആയതിനാലാണ് കേരളത്തില്‍ ഒഴുകുന്ന ഈ പുഴയ്ക്ക് ഭാരതത്തിന്റെ പേരു വന്നത്. ഭാരതപ്പുഴയുടെ തെക്കെ കരയില്‍ ചതുര്‍മുഖ ബ്രഹ്‌മാവിന്റേയും ശിവന്റേയും ക്ഷേത്രങ്ങളും വടക്കെ കരയില്‍ മഹാവിഷ്ണുവിന്റെ (നവാ മുകുന്ദന്‍) ക്ഷേത്രവുമാണ്. ഈ ക്ഷേത്രങ്ങളുടെ സ്ഥാനം ഒരു രേഖയായി വരച്ചാല്‍ ഗണിതശാസ്ത്ര പ്രകാരമാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും ഈ ക്ഷേത്രങ്ങളുടെ സ്ഥാനം ത്രികോണ്‍ ഭാവത്തിലാണെന്നും കാണാം. മദ്ധ്യേ സരസ്വതി, ഗായത്രി ദേവതമാരുടെ അംശങ്ങളായ ഭാരതപ്പുഴയും ഗംഗ തുടങ്ങിയ പുണ്യനദികളുടെ സാന്നിദ്ധ്യവും പരാശക്തിയുടെ ശക്തമായ കേന്ദ്രമായി കണക്കാക്കുന്നു. പഴയ കാല കേരളത്തിന്റെ ഭൂരേഖ പരിശോധിച്ചാല്‍ കേരളത്തിന്റെ രണ്ട് അറ്റങ്ങളിലേക്കും പരാശക്തിയുടെ ചൈതന്യം വിതറുന്ന പ്രഭവകേന്ദ്രമാണ് ഇതെന്നും വ്യക്തമാവും. അതിനാല്‍ ഭാരതപ്പുഴയിലെ ത്രികോണ്‍സ്ഥാനം ത്രിമൂര്‍ത്തി സ്‌നാന ഘട്ട് എന്ന പേരില്‍ അറിയപ്പെട്ടു. പരശുരാമന്റെ കാലത്തു തന്നെ മാഘമാസ കാലത്ത് ത്രിമൂര്‍ത്തി സ്‌നാനഘട്ടില്‍ സ്‌നാനം ചെയ്യാനും ഭാരതപ്പുഴയെ പൂജിക്കാനും ജനങ്ങള്‍ സ്വയമേവ വന്നുകൊണ്ടിരുന്നു. ഇതാണ് മാമാങ്കം എന്നറിയപ്പെടുന്ന ഭാരതപ്പുഴയുടെ ഉത്സവം ത്രേതാ യുഗത്തില്‍ തുടങ്ങിയതാണെന്ന പരമ്പരാഗത വിശ്വാസത്തിനു കാരണം.
മാഘമക മഹോത്സവത്തിന് നടത്തിപ്പിന്റെ സ്വഭാവം വരുന്നു
ബി.സി. 113 വരെ ഭാരതപ്പുഴയുടെ ഉത്സവത്തിന് ഒരു നടത്തിപ്പിന്റെ സ്വഭാവം ഉണ്ടായിരുന്നില്ല. പ്രാദേശിക ഭരണകൂടത്തിന്റെ അധികാരിയായി വാള്‍ നമ്പിമാരെ തിരഞ്ഞെടുക്കാന്‍ തുടങ്ങിയത് ബി.സി. 113 മുതലാണ്. തവനൂരിലെ വെള്ള ഗൃഹക്കാരായ നമ്പൂതിരി കുടുംബമാണ് ഇതിനു നേതൃത്വം നല്‍കിയിരുന്നത്. ഇന്ന് ഭാരതപ്പുഴയോടു ചേര്‍ന്നുള്ള വാല്‍പ്പറമ്പ് എന്ന മണല്‍ക്കുന്നില്‍ വെച്ചായിരുന്നു വാള്‍ നമ്പിമാരെ തിരഞ്ഞെടുത്തിരുന്നത്. വാള്‍പറമ്പ് പില്‍ക്കാലത്താണ് വാല്‍പറമ്പ് എന്ന പേരില്‍ അറിയപ്പെട്ടത്. മൂന്ന് വര്‍ഷമാണ് വാള്‍ നമ്പിയുടെ ഭരണകാലാവധി. മാഘമാസത്തില്‍ ഭാരതപ്പുഴയുടെ ഉത്സവകാലത്താണ് വാള്‍ നമ്പി തിരഞ്ഞെടുപ്പ് നടന്നിരുന്നത്. ഈ സമയത്തെ ഭാരതപ്പുഴയുടെ ഉത്സവ നടത്തിപ്പിന്റെ ചുമതല വാള്‍ നമ്പിമാര്‍ ഏറ്റെടുക്കാന്‍ തുടങ്ങിയതോടെയാണ് ഭാരതപ്പുഴയുടെ ഉത്സവത്തിന് നടത്തിപ്പിന്റെ സ്വഭാവം വന്നത്. എല്ലാ മൂന്നാമത്തെ വര്‍ഷത്തെയും മാഘമക മഹോത്സവം വാള്‍ നമ്പിമാരുടെ നിയന്ത്രണത്തിലായെങ്കിലും അതിനിടക്കുള്ള രണ്ടു വര്‍ഷം ജനങ്ങള്‍ സ്വയമേവ ത്രിമൂര്‍ത്തി സ്‌നാന ഘട്ടില്‍ ഭാരതപ്പുഴയുത്സവം ആഘോഷിച്ചു വന്നു. ചേരമാന്‍ പെരുമാക്കന്മാരുടെ തിരഞ്ഞെടുപ്പോടെ വാള്‍ നമ്പി സ്ഥാനം ഇല്ലാതായി. വാള്‍ പറമ്പില്‍ വച്ചായിരുന്നു പന്ത്രണ്ടു വര്‍ഷത്തേക്ക് ചേരമാന്‍ പെരുമാക്കന്മാര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഈ കാലഘട്ടത്തിലും പന്ത്രണ്ടാമത്തെ വര്‍ഷം മാഘമകമഹോത്സവം നടത്താന്‍ ചേരമാന്‍ പെരുമാള്‍ നേതൃത്വം നല്‍കിവന്നു. പതിനൊന്നുവര്‍ഷം ആരും നിയന്ത്രിക്കാതെ ജനങ്ങള്‍ ഭാരതപ്പുഴയില്‍ സ്‌നാനം ചെയ്തും പൂജിച്ചും ഭാരതപ്പുഴയുത്സവം നടത്തി. ഒടുവിലെ ചേരമാന്‍ പെരുമാള്‍ കൊച്ചി രാജവംശജനായ തൃപ്പൂണിത്തുറയിലെ ചേരമാന്‍ രാമവര്‍മ്മയായിരുന്നു. അദ്ദേഹം രാജ്യഭാരം ഉപേക്ഷിച്ച് സന്ന്യാസം സ്വീകരിച്ച് സുന്ദരമൂര്‍ത്തി സ്വാമികള്‍ എന്ന പേരില്‍ അറിയപ്പെട്ടു. രാജ്യഭാരം ഉപേക്ഷിച്ചപ്പോള്‍ ഭാരതപ്പുഴയുടെ ഉത്സവം നടത്താനുള്ള അധികാരം വള്ളുവക്കോനാതിരിക്കാണ് നല്‍കിയത്. വള്ളുവക്കോനാതിരി 100 വര്‍ഷത്തിനിടയ്ക്ക് 8 തവണ ഭാരതപ്പുഴയുടെ ഉത്സവം നടത്തിയിട്ടുണ്ട്.
ഭാരതപ്പുഴയുടെ ഉത്സവം സാമൂതിരി പിടിച്ചടക്കുന്നു
വള്ളുവനാട് രാജാവ് ഗോവര്‍ദ്ധനപുരം അക്രമിച്ചേക്കുമെന്ന സൂചന ലഭിച്ച ഗോവര്‍ദ്ധനപുരത്തെ തിരുമനശ്ശേരി രാജാവ് സാമൂതിരിയുടെ സഹായം തേടി. സാമൂതിരി ഗോവര്‍ദ്ധനപുരത്തു വന്ന് സഹായം ഉറപ്പിച്ചു. ഈ വലിയ ഉപകാരത്തിന് തിരുമനശ്ശേരി സ്വന്തം വ്യക്തിത്വവും നാടും സാമൂതിരിക്ക് അടിയറവു വച്ചു. സാമൂതിരിയാകട്ടെ ഗോവര്‍ദ്ധന പുരത്ത് കോവിലകം പണിത് അവിടെ വാസവും തുടങ്ങി. പൊന്നാനി തൃക്കാവില്‍ കോവിലകമാണത്. തൃക്കാവ് കോവിലകം കേന്ദ്രീകരിച്ചാണ് പിന്നീട് പ്രധാനമായും സാമൂതിരി ഭരണം നിര്‍വ്വഹിച്ചിരുന്നത്. വള്ളുവക്കോനാതിരി നടത്തുന്ന ഭാരതപ്പുഴയുടെ മാഘമക മഹോത്സവം തനിക്ക് ലഭിക്കണമെന്ന ആഗ്രഹം സാമൂതിരി തിരുമനശ്ശേരിയോടു പങ്കു വെച്ചു. തുടര്‍ന്ന് ഒരു മാമാങ്ക കാലത്ത് തിരുമനശ്ശേരിയുടെ ചാത്തിര സംഘം വള്ളുവക്കോനാതിരിയെ വധിച്ച് ഭാരതപ്പുഴയുടെ ഉത്സവം നടത്താനുള്ള അധികാരം സാമൂതിരിക്ക് നേടിക്കൊടുത്തു. എ.ഡി. 1101 ലാണ് ഇപ്രകാരമുള്ള പിടിച്ചെടുക്കല്‍ നടന്നതെന്ന് ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നു.
നാവാ മണപ്പുറത്ത് പിടഞ്ഞൊടുങ്ങിയത് ആയിരങ്ങള്‍
വള്ളുവക്കോനാതിരിയെ അരിഞ്ഞു വീഴ്ത്തി ഭാരതപ്പുഴയുടെ ഉത്സവം നടത്താനുള്ള അധികാരം പിടിച്ചടക്കിയ സാമൂതിരിയുടെ നടപടി വള്ളുവനാട്ടുകാര്‍ക്ക് അഭിമാനക്ഷതമുണ്ടാക്കി. തങ്ങളുടെ രാജാവിനെ വധിച്ചവരോട് പകയുണ്ടാവുന്നത് സ്വാഭാവികമാണല്ലോ. രേഖകള്‍ പ്രകാരം കോഴിക്കോട് സാമൂതിരി 55 മാമാങ്കങ്ങള്‍ (ഭാരതപ്പുഴയുടെ ഉത്സവം) നടത്തി. കോഴിക്കോട് വളയനാട് കാവ് ഭഗവതിയെ മാമാങ്ക കാലത്ത് തിരുന്നാവായ തളിമഹാദേവ ക്ഷേത്രഭൂമിയില്‍ നിര്‍മ്മിക്കുന്ന താല്‍ക്കാലിക കോവിലകത്ത് കുടിയിരുത്തുന്ന നിരവധി ചടങ്ങുകളുണ്ട്. മാമാങ്കത്തിന് തിരുന്നാവായയിലേക്ക് വരുന്ന സാമൂതിരിയെ വധിച്ച് ഭാരതപ്പുഴയുടെ ഉത്സവം നടത്താനുള്ള അധികാരം വള്ളുവക്കോനാതിരിക്ക് തിരികെ നേടികൊടുക്കുന്നതിനാണ് ചാവേര്‍ പോരാളികള്‍ വരാറുള്ളത്. സാമൂതിരിയുടെ അകമ്പടിക്കാരായ വയ്യാട്ട് മുപ്പതിനായിരത്തിന്റെയും നെന്‍മിനി ചാത്തിരരുടേയും വാള്‍ത്തലകളില്‍ ചാവേറുകള്‍ പിടഞ്ഞൊടുങ്ങാറാണ് പതിവ്. ഒരു മാമാങ്ക കാലത്ത് വള്ളുവനാട്ടില്‍ നിന്നും വന്ന പന്ത്രണ്ട് വയസ്സുള്ള ചന്തുണ്ണിയെന്ന ചാവേര്‍ ബാലന്‍ നിലപാടു തറയില്‍ ചാടിക്കയറി സാമൂതിരിയെ വെട്ടിയത് മാമാങ്ക ചരിത്രത്തിലെ പ്രധാന അദ്ധ്യായമാണ്. ചന്തുണ്ണിയുടെ വാളിനു മുന്നില്‍ പെട്ടെന്ന് തല കുനിച്ചതിനാല്‍ സാമൂതിരി വധിക്കപ്പെട്ടില്ല. സാമൂതിരി കൊല്ലപ്പെട്ടിരുന്നുവെങ്കില്‍ ഭാരതപ്പുഴയുത്സവത്തിന്റെ ചരിത്രം പിന്നേയും മാറിമറിയുമായിരുന്നു. സാമൂതിരിയുടെ കഴുത്തിന് വാളു വീശിയ ചന്തുണ്ണിയെ തല്‍ക്ഷണം വധിച്ചത് സാമൂതിരിയുടെ അംഗരക്ഷകനായ കോഴിക്കോട് വെങ്ങേരിയിലെ വിളക്കിനാല്‍ കളരിഗുരുക്കള്‍ കണ്ടപ്പന്‍ നായരാണ്. സാമൂതിരി നടത്തിയ 55 മാമാങ്കങ്ങളില്‍ 2750 നും 3300 നുമിടയില്‍ ആളുകള്‍ കൊല്ലപ്പെട്ടതായാണ് സാമൂതിരി രേഖകള്‍ പ്രകാരമുള്ള ഏകദേശ കണക്ക്. ഇതില്‍ നിന്നും ചാവേര്‍ പോരാളികള്‍ മാത്രമല്ല കൊല്ലപ്പെട്ടത് എന്നു വ്യക്തം. സാമൂതിരിയുടെ കാലത്ത് 54 തൈപ്പൂയ്യങ്ങളും തിരുന്നാവായ ത്രിമൂര്‍ത്തി സ്‌നാനഘട്ടില്‍ നടത്തിയിട്ടുണ്ട്. ഓരോ പതിനൊന്നാമത്തെ വര്‍ഷം തൈപ്പൂയ്യവും പന്ത്രണ്ടാമത്തെ വര്‍ഷം ഭാരതപ്പുഴയുടെ ഉത്സവവും ആഘോഷിച്ചു വന്നു.
പൈതൃകോത്സവം നിലച്ചത് എ.ഡി. 1766 ല്‍
മാമാങ്കം എന്നറിയപ്പെടുന്ന ഭാരതപ്പുഴയുടെ മാഘമക മഹോത്സവം അവസാനമായി നടന്നത് എ.ഡി. 1766 ലാണെന്ന് ഡോ. എന്‍.എം.നമ്പൂതിരി സാമൂതിരി ഗ്രന്ഥശേഖരത്തെ ആധാരമാക്കി രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തോടെയാണ് ഭാരതപ്പുഴയുടെ ഉത്സവം നിലച്ചുപോയത്. സാമൂതിരിയുടെ കാലത്തെ മാഘ മക മഹോത്സവത്തെക്കുറിച്ച് മാത്രമേ നമുക്ക് ഇത്രയും കാലം അറിവുണ്ടായിരുന്നുള്ളു. ശ്രേഷ്ഠനദികളുടെ സാന്നിദ്ധ്യമുണ്ടാകുന്ന മാഘമാസത്തില്‍ ഭാരതപ്പുഴയില്‍ സ്‌നാനം ചെയ്തും ഭാരതപ്പുഴയെ പൂജിച്ചും കുംഭമേളയ്ക്ക് സമാനമായ ഉത്സവത്തെക്കുറിച്ചും ഈ ഉത്സവം ത്രേതായുഗത്തില്‍ തുടങ്ങിയതാണെന്ന വസ്തുതയും ആരുമറിയാതെ നൂറ്റാണ്ടുകളായി മണ്‍മറഞ്ഞു കിടന്നു. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ ഉന്നതസ്ഥാനമുള്ള ഭാരതപ്പുഴയുടെ ഉത്സവം 2016 ലാണ് ത്രിമൂര്‍ത്തി സ്‌നാന ഘട്ടില്‍ പുന:രാരംഭിച്ചത്. ഓരോ വര്‍ഷവും മാഘമാസത്തില്‍ കേരളത്തിനകത്തും പുറത്തുമുള്ള സന്ന്യാസിമാര്‍ മലപ്പുറം ജില്ലയിലേക്ക് ഒഴുകിയെത്തുന്നു. ത്രിമൂര്‍ത്തി സ്‌നാനഘട്ടില്‍ നടക്കുന്ന ഉത്സവത്തില്‍ നിളാ ആരതി, നിളാ പൂജ, ആറാട്ട്, സന്ന്യാസി സംഗമം, ഭജനസംഗമം, തൈപ്പൂയ്യ മഹോത്സവം ശ്രീചക്ര പൂജ, നക്ഷത്ര ഇഷ്ടി സത്രയാഗം തുടങ്ങി വിവിധ പരിപാടികളോടെയാണ് അരങ്ങേറുന്നത്. ശബരിമല മുന്‍ മേല്‍ശാന്തിയും തത്ത്വമസി ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയുമായ എ.കെ.സുധീര്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടത്തുന്ന ശ്രീ ചക്ര രഥയാത്ര മാഘമക മഹോത്സവത്തിന്റെ മുഖ്യ ആകര്‍ഷണമാണ്. ഭാരതപ്പുഴ കേരളത്തില്‍ തുടങ്ങി അവസാനിക്കുന്നതു വരെയുള്ള ഇരുപതോളം പൈതൃകഗ്രാമങ്ങളിലൂടെ ഭാരതപ്പുഴയെ പൂജിച്ചു കൊണ്ടാണ് രഥയാത്ര ത്രിമൂര്‍ത്തി സ്‌നാന ഘട്ടിലെത്തുക. ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന്‍, തത്ത്വമസി ട്രസ്റ്റ്, ശാന്തി ക്ഷേമസഭ, ശബരിമല അയ്യപ്പസേവാസമാജം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തിരുന്നാവായ സംഘാടക സമിതിയാണ് മാഘമക മഹോത്സവം നടത്തുന്നത്.
അവലംബം:-
1.സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്‍: ഡോ.എന്‍.എം.നമ്പൂതിരി (വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം)
2. മാമാങ്കം രേഖകള്‍: ഡോ: എന്‍.എം. നമ്പൂതിരി (വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം)
3. മാമാങ്കം ഐതിഹ്യവും ചരിത്രവും: തിരൂര്‍ ദിനേശ് (ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന്‍, തിരൂര്‍)
4. 2024 ലെ കേരള സംസ്ഥാന പുരാവസ്തു വകുപ്പ് മലപ്പുറം ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ച ഗവേഷണ റിപ്പോര്‍ട്ട്.
5. 2023 ല്‍ തിരൂര്‍ ദിനേശ് കേന്ദ്ര സാംസ്‌കാരിക വകുപ്പിനു സമര്‍പ്പിച്ച ഗവേഷണ റിപ്പോര്‍ട്ട്.
6. വാമൊഴി ചരിത്രങ്ങള്‍.
7. തവനൂര്‍ ബ്രഹ്‌മക്ഷേത്രം ചരിത്രം.
8. മാമാങ്കം കാഴ്ച (അഞ്ചാം സര്‍ഗ്ഗം) കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍.