പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്തുമസ് വിരുന്നില്‍ പങ്കെടുത്ത് ‘മതേതര’ ശുദ്ധം മാറിപ്പോയ ബിഷപ്പു മാര്‍ക്ക് സി.പി.എം വിധിച്ച പരിഹാരക്രിയകള്‍ പഴയ ബൂര്‍ഷ്വാസികളുടേതിനേക്കാള്‍ കടുത്തതായിപ്പോയി. പരിഹാര ക്രിയയില്‍ ഒന്നാമത്തേത് ബിഷപ്പുമാര്‍ ഒരു കടുത്ത കമ്മ്യൂണിസ്റ്റ് ക്രിസ്ത്യാനിയില്‍ നിന്ന് മാനഹാനി നേരിടണം എന്നതായിരുന്നു. അതിന് പാര്‍ട്ടി നിശ്ചയിച്ചത് ചില്ലറക്കാരനെയല്ല. ഭരണഘടനയെ കുന്തവും കൊടച്ചക്രവുമാക്കിയ ആഭിചാര മന്ത്രവീരന്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാനെയാണ്. കേക്ക്, വീഞ്ഞ്, രോമാഞ്ചം തുടങ്ങിയ താമസ പ്രയോഗങ്ങള്‍ തന്നെ ചെറിയാന്‍ എടുത്തു പയറ്റി. ബിഷപ്പുമാര്‍ മാത്രമല്ല സാദാ വിശ്വാസിയായ ക്രിസ്ത്യാനിയുടെ പോലും വികാരം വ്രണപ്പെട്ടുവിറച്ചു പോകുന്ന അവസ്ഥ. എന്നിട്ടും കേരളാ കോണ്‍ഗ്രസ്സിലെ കുഞ്ഞുമാണിയും മന്ത്രിമാരും കണ്ണും പൂട്ടിയിരുന്നു. ചെറിയാന്റെ പ്രയോഗത്തില്‍ ചില ബിഷപ്പുമാര്‍ അമര്‍ഷം കൊണ്ടതിലപ്പുറം ഒന്നും സംഭവിച്ചില്ല. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതിലുള്ള അശുദ്ധി മാറി ശുദ്ധം വരുത്തലാണ് അടുത്ത ക്രിയ. അതു മുഖ്യന്‍ വിജയന്‍ സഖാവ് തന്നെ ചെയ്യുന്ന കര്‍മ്മമാണ്. എല്ലാ ബിഷപ്പുമാരെയും മുഖ്യമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നിനു ക്ഷണിച്ചു. വിരുന്നില്‍ പങ്കെടുത്ത് മുഖ്യന്റെ കൈ തൊട്ടതോട അശുദ്ധി ഒഴിഞ്ഞു. എല്ലാ ബിഷപ്പുമാര്‍ക്കും സന്തോഷമായി. ക്ലിമ്മീസ് ബാവയെ സജി ചെറിയാന്‍ കൈകൊടുത്ത് സമാധാനിപ്പിച്ചതോടെ എല്ലാം കോമ്പ്രമൈസായി.
എന്നാല്‍ സി.പി.ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി വിരാജിക്കുന്ന ബിനോയ് വിശ്വത്തിന് കലശലായ സംശയം ബിഷപ്പുമാരുടെ അശുദ്ധി മാറിയോ? ഒരു പരിഹാരക്രിയ കൂടി ചെയ്താലേ അത് പൂര്‍ത്തിയാവൂ എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പുത്തനച്ചി എന്തൊക്കെയോ ചെയ്യുമെന്നല്ലേ പഴഞ്ചൊല്ല്. ബിഷപ്പു മാരെക്കൊണ്ട് ഗുരുജി ഗോള്‍വല്‍ക്കറുടെ വിചാരധാര വായിപ്പിക്കണം എന്നതാണ് അദ്ദേഹത്തിന്റെ വിധി, എവിടെ നിന്നോ തപ്പിയെടുത്ത വിചാരധാരയുമായി അദ്ദേഹം ഓടിയെത്തുമ്പോഴേക്കും ചടങ്ങുകള്‍ മതിയാക്കി മാര്‍ക്‌സിസ്റ്റ് സഖാക്കളും ബിഷപ്പുമാരും സ്ഥലം വിട്ടിരുന്നു. അതുകൊണ്ട് ബിനോയ് വിശ്വം അവിടെയിരുന്ന് ഒറ്റയിരിപ്പില്‍ വിചാരധാര വായിച്ചുതീര്‍ത്തു എന്നാണ് എം.എന്‍. മന്ദിരത്തിലുള്ളവര്‍ അടക്കം പറഞ്ഞത്.