2014ല്‍ തുടങ്ങിയ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണം അതിന്റെ രണ്ടാമൂഴവും പൂര്‍ത്തിയാക്കി ഒരു പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന സാഹചര്യത്തില്‍ പുറത്ത് വന്ന അന്താരാഷ്ട്ര നാണയ നിധിയുടെ അവലോകനം ഏറെ ശ്രദ്ധേയമാണ്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ സാമ്പത്തിക ശക്തിയായി ഭാരതം മുന്നേറുന്നതിന്റെ നേര്‍സാക്ഷ്യമായി മാറി ഈയിടെ പ്രസിദ്ധീകരിച്ച ഐഎംഎഫിന്റെ അവലോകന റിപ്പോര്‍ട്ട്. ആഗോള വെല്ലുവിളികള്‍ക്കിടയിലും ഭാരതത്തിന്റെ അനിതര സാധാരണമായ അതിജീവന ശേഷിയും വളര്‍ച്ചയും മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാണെന്നാണ് ഈ അന്താരാഷ്ട്ര സമിതിയുടെ അഭിപ്രായം. ആഗോള വളര്‍ച്ചയുടെ പതിനാറു ശതമാനത്തിലധികം സംഭാവന നല്‍കാന്‍ കെല്‍പ്പുള്ള ഭാരതം കോവിഡാനന്തര വികസനത്തില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമായാണ് മാറിയിരിക്കുന്നത്.
അഞ്ചാമത്തെ സാമ്പത്തിക ശക്തി
വിവര സാങ്കേതിക വിദ്യ, സേവന മേഖല, കാര്‍ഷിക മേഖല, ഉത്പാദന മേഖല എന്നീ പ്രധാന രംഗങ്ങളില്‍ സര്‍ക്കാരിന് ഉണ്ടാക്കാന്‍ സാധിച്ച വികസനത്തിലെ വൈവിധ്യവും വളര്‍ച്ചയുടെ വേഗവുമാണ് ഭാരതത്തെ 2023 വര്‍ഷം, ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റിയത്. വൈവിധ്യമാര്‍ന്ന പദ്ധതികളാലും വിവേക പൂര്‍ണമായ സാമ്പത്തിക നടപടികളാലും സമ്പന്നമായ സര്‍ക്കാരിന്റെ ഭരണ പരിഷ്‌ക്കാരങ്ങള്‍ ഭാരതത്തെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായി മാറ്റിയിരിക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിലെ നിക്ഷേപവും അതിനനുസൃതമായ ലോജിസ്റ്റിക് സംവിധാനങ്ങളുമാണ് വികസന കാര്യത്തില്‍ ഭാരതത്തെ വ്യത്യസ്തമാക്കുന്നത്. ഡിജിറ്റല്‍ രംഗത്താണ് ഭാരതം ഈ അടുത്തകാലത്ത് ഏറ്റവും ശ്രദ്ധേയമായ കുതിപ്പ് കാഴ്ചവെച്ചിരിക്കുന്നത്. യൂണിവേഴ്‌സല്‍ പെയ്‌മെന്റ് സിസ്റ്റത്തില്‍ ലോകത്തിന് തന്നെ മാതൃകയായി മാറി. കോവിഡാനന്തരം ഭാരതം. പണരഹിത സാമ്പത്തിക ഇടപാടുകളില്‍ ആഗോള തലത്തില്‍ ഏറെ മുന്നിലാണ്.
റിസര്‍വ് ബാങ്കിന്റെ ക്രിയാത്മകമായ ധന നടപടികളെയും വിലസ്ഥിരത ഉറപ്പാക്കിയുള്ള പണപ്പെരുപ്പനിയന്ത്രണ പരിശ്രമങ്ങളെയും അന്താരാഷ്ട്ര നാണയനിധിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ആഗോള സാമ്പത്തിക അസ്ഥിരതയിലും ഭാരതത്തിന്റെ വളര്‍ച്ച 6.3 ശതമാനത്തില്‍ കൂടുതലാകും എന്നാണ് ഐഎംഎഫിന്റെ അനുമാനം. ഭാരതത്തിന്റെ പശ്ചാത്തല സൗകര്യ വികസന നിക്ഷേപമാണ് വളര്‍ച്ചാ നിരക്കിലെ വര്‍ദ്ധനയ്ക്ക് കാരണമെന്ന് സാമ്പത്തിക വിദഗ്ദ്ധനും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുമായ രഘുറാം രാജന്‍ അഭിപ്രായപ്പെടുന്നു. ഭാരതത്തിന്റെ സാമ്പത്തിക നടപടികളെ പ്രശംസിക്കാന്‍ പിശുക്കു കാട്ടാറുള്ള രഘുറാം രാജന്റെ അഭിപ്രായം ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ജിഡിപിയുടെ ഏകദേശം നാലര ശതമാനത്തോളം വരുന്ന പശ്ചാത്തല വികസനത്തിനായുള്ള കേന്ദ്ര ബജറ്റ് വിഹിതം വികസനത്തെ വളരെയേറെ സഹായിക്കുന്ന ഒരു കാര്യമാണ്. ഇത് ഈ വര്‍ഷത്തെ ആദ്യ പാദത്തെ വളര്‍ച്ച 7.8 ശതമാനവും, രണ്ടാം പാദത്തിലേത് 7.6 ശതമാനവുമായി ഉയരാന്‍ സഹായിച്ചു എന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. 2023-24 ലെ ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പശ്ചാത്തല വികസനത്തിനായുള്ള വിഹിതം 33 ശതമാനമായി വര്‍ദ്ധിപ്പിക്കുകയുണ്ടായി. പത്ത് ലക്ഷം കോടിരൂപയായി വര്‍ദ്ധിപ്പിച്ച ഈ തുക ജിഡിപിയുടെ ഏകദേശം 3.3 ശതമാനം വരും. സാമ്പത്തിക വിദഗ്ദ്ധരെ വിസ്മയത്തുമ്പത്ത് നിര്‍ത്തിയതായിരുന്നു ഇതു വഴിയുണ്ടാക്കിയ ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച.
രാജ്യത്തിന്റെ അടിസ്ഥാന ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറും, സര്‍ക്കാറിന്റെ പൊതു ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാമുകളും ഭാരതത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന മുന്‍നിര രാജ്യമായി മാറ്റിയിരിക്കുകയാണ്. ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും, മാനവശേഷിയെ പരമാവധി പ്രയോജനപ്പെടുത്തി കൂടുതല്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് കൈവരിക്കാനും സാധിക്കുമെന്ന ശുഭാപ്തി വിശ്വാസക്കാരിയാണ് അന്താരാഷ്ട്ര നാണയ നിധിയുടെ അമരക്കാരിയായ (എം ഡി) ക്രിസ്റ്റലിന ജോര്‍ജിയ.
വരുമാനത്തിലെ വര്‍ദ്ധന
പ്രവാസികളുടെ പണത്തില്‍ കാര്യമായ വര്‍ദ്ധനവാണ് ഈ കാലയളവില്‍ ഉണ്ടാക്കാന്‍ സാധിച്ചത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിലെ അവസാന പാദത്തിലെ പ്രവര്‍ത്തനം ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് പ്രവാസികളെയാണെന്ന് വേണം കരുതാന്‍. സ്വന്തം പ്രധാനമന്ത്രിക്ക് വിദേശ രാജ്യങ്ങളില്‍ ഹൃദ്യമായ സ്വീകരണമൊരുക്കുക മാത്രമല്ല, തങ്ങളുടെ സമ്പാദ്യം സ്വന്തം നാട്ടില്‍ സുരക്ഷിതമായി നിക്ഷേപിക്കാനും അവര്‍ തയ്യാറായി എന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ലോകത്തിലെ ഏറ്റവും കൂടുതല്‍ പണം ലഭിക്കുന്ന രാജ്യമായി മാറിയിരിക്കുന്നു നരേന്ദ്ര ഭാരതം. ലോക ബാങ്കിന്റെ 2023 ലെ കണക്കനുസരിച്ച് 12500 കോടി ഡോളര്‍ (ഏകദേശം 10.41 ലക്ഷം കോടി രൂപയാണ് പ്രവാസികള്‍ ഭാരതത്തിലേയ്ക്ക് അയച്ചത്. ഇതൊരു സര്‍വകാല റെക്കോര്‍ഡാണ്.
2021-ല്‍ 8700 കോടി ഡോളറും, 2022ല്‍ 11222 ഡോളറുമായിരുന്നു ഭാരതത്തില്‍ ഒഴുകിയെത്തിയ വിദേശ പണം. 2022 ലാണ് ഈ തുക ആദ്യമായി പതിനായിരമെന്ന പരിധി മറികടന്നത്. മെക്‌സിക്കോ, ചൈന, ഫിലിപ്പൈന്‍സ്, ഈജിപ്ത് എന്നീ മുന്‍നിര രാജ്യങ്ങളെ വളരെ പിന്നിലാക്കിയാണ് ഭാരതം ഒന്നാം സ്ഥാനം കൈവരിച്ചത്. ഭാരതത്തിലേയ്ക്ക് വിദേശ പണമയക്കുന്നതില്‍ അമേരിക്കന്‍ ഇന്ത്യക്കാരാണ് മുന്‍ പന്തിയില്‍. ഇന്ത്യന്‍ വംശജര്‍ ഭാരതത്തിലേയ്ക്ക് അയക്കുന്ന പണത്തില്‍ 2023 വര്‍ഷം 26 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
വരുമാനത്തിലെ വര്‍ദ്ധന ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച ഐഎംഎഫിന്റെ അനുമാനത്തിനനുസരിച്ചു 6.3 ശതമാനത്തിന് മുകളില്‍ പിടിച്ചു നിര്‍ത്താന്‍ സഹായകമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. വന്‍ ശക്തിയായ ചൈനയുടെ വളര്‍ച്ച ഈ വര്‍ഷം അഞ്ച് ശതമാനവും അടുത്ത വര്‍ഷം 4.2 ശതമാനവുമായിരിക്കും എന്ന അന്താരാഷ്ട്ര നാണയ നിധിയുടെ എസ്റ്റിമേറ്റിന്റെ പശ്ചാത്തലത്തില്‍, ഭാരതത്തിന്റെ സ്ഥിതി ഏറെ പ്രതീക്ഷയ്ക്ക് വക നല്‍കുന്നു.
ഓഹരി വിപണിയുടെ സുവര്‍ണ കാലം
മോദി സര്‍ക്കാരിന്റെ രണ്ടാമൂഴം ഓഹരി വിപണിയുടെ സുവര്‍ണ കാലമായിരുന്നു. സെന്‍സക്‌സ് നാല്‍പ്പതിനായിരം ഭേദിച്ചായിരുന്നു ഓഹരി വിപണി മോദി ഭരണത്തെ സ്വാഗതം ചെയ്തത്. സാമ്പത്തിക പരിഷ്‌കരണത്തിന്റെ ആദ്യ രണ്ട് വര്‍ഷം ഓഹരി വിപണി ഉയര്‍ന്നു കൊണ്ടേയിരുന്നു. രണ്ടാം വര്‍ഷം അത് സര്‍വകാല റെക്കാര്‍ഡായ അറുപതിനായിരത്തിലേയ്ക്ക് കുതിക്കുകയായിരുന്നു. ആഗോള സാമ്പത്തിക മാന്ദ്യവും, റഷ്യാ-ഉക്രൈന്‍ യുദ്ധവും ആഗോള തലത്തില്‍ ഓഹരി വിപണിയില്‍ ഉയര്‍ച്ച താഴ്ചകള്‍ക്ക് കാരണമാക്കി. എന്നാല്‍ മോദി ഭരണത്തിന്റെ രണ്ടാമൂഴത്തിലെ അവസാന പാദത്തില്‍ മൂന്ന് സംസ്ഥാനങ്ങളിലെ ഹളരഞ്ഞെടുപ്പ് ഫലം മോദി ഭരണത്തിന്റെ തുടര്‍ച്ചയുടെ സൂചനകളാണ് സ്റ്റോക്ക് എക്‌സേഞ്ചിന് നല്‍കിയത്. ഇത് ഓഹരി വിപണിയെ സര്‍വകാല റെക്കോര്‍ഡായ എഴുപതിനായിരത്തിന് മുകളിലേയ്ക്ക് നയിക്കാനിടയാക്കി.
ആദായ നികുതി പിരിവിലും കാര്യമായ മാറ്റമുണ്ടാക്കാന്‍ മോദിഭരണത്തിന് സാധിച്ചു. ഈ വര്‍ഷത്തെ നികുതി പിരിവില്‍ 23.4 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 2023 നവമ്പര്‍ മാസത്തെ കണക്കനുസരിച്ച് 10.64 ലക്ഷം കോടി പിരിച്ചെടുക്കാന്‍ നികുതി വകുപ്പിന് സാധിച്ചു. ഇത് ഏകദേശം ബജറ്റ് എസ്റ്റിമേറ്റിന്റെ 58 ശതമാനത്തോളം വരും. വ്യക്തിഗത നികുതി വരുമാനത്തിലും കോര്‍പറേറ്റ് നികുതി വരുമാനത്തിലും ഒരുപോലെ വര്‍ദ്ധനയുണ്ടാക്കാന്‍ സാധിച്ചത് ഏറെ ശ്രദ്ധേയമാണ്. നികുതി സമ്പ്രദായം ലഘൂകരിച്ചതും, നടപടികള്‍ ലളിതമാക്കിയതും, നികുതി പിരിവ് കാര്യക്ഷമമാക്കിയതും സര്‍ക്കാറിന് സഹായകരമായി എന്നാണ് വിലയിരുത്തപ്പെടുന്നത്. റീഫണ്ടിലെ വേഗതയും കൃത്യതയും നികുതിദായകരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു. ഈ വിശ്വാസം റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന്റെ വര്‍ദ്ധനവ് വ്യക്തമാക്കുന്നു. 2023 ഒക്ടോബര്‍ വരെ എട്ട് കോടി റിട്ടേണുകള്‍ എന്നത് ആശാവഹമായ സംഗതിയാണ്.
പ്രതീക്ഷകള്‍ക്കും ഉപരിയായിരുന്നു പ്രതിമാസ ജിഎസ്ടി വരുമാനം. ഒന്നര ലക്ഷം കോടിക്ക് മുകളില്‍ സ്ഥിരമായി സഞ്ചരിക്കുന്ന പ്രതിമാസ ചരക്ക് സേവന നികുതി വരുമാനം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സര്‍ക്കാരിനെ ഏറെ സഹായിച്ച ഒരു ഘടകമാണ്. 2023 ഒക്ടോബര്‍ മാസം പതിമൂന്ന് ശതമാനം വര്‍ദ്ധിച്ച് 1.72 ലക്ഷം കോടി രേഖപ്പെടുത്തിയ പ്രതിമാസ ജിഎസ്ടി സര്‍വകാല റെക്കാര്‍ഡായിരുന്നു. കയറ്റുമതിയിലും, നേരിട്ടുള്ള വിദേശ നിക്ഷേപത്തിലും (FD) ക്രമാനുഗതമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണത്തിന്റെയും കാര്യക്ഷമതയുടെയും പരിണതഫലമാണ് ഈ നേട്ടങ്ങള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.
ആഗോള മാന്ദ്യവും വന്‍ ശക്തികള്‍ തമ്മിലുള്ള യുദ്ധസമാനമായ സാഹചര്യവും നില നില്‍ക്കുമ്പോഴും ഭാരതം ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായാണ് അറിയപ്പെടുന്നത്. 7.2 ശതമാനം വളര്‍ച്ചാ നിരക്കോടെ ഭാരതംG20 രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ്. ഇപ്പോള്‍ നാല് ട്രില്ല്യനില്‍ എത്തി നില്‍ക്കുന്ന ഭാരതത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഉത്പാദന മികവിനും കാര്‍ഷിക പുരോഗതിക്കും ഒപ്പം പാരമ്പര്യേതര മേഖലകളായ സേവന മേഖലയ്ക്കും, ഐ ടി മേഖലയ്ക്കും, MSMEമേഖലയ്ക്കും ഡിജിറ്റല്‍ പിന്‍ബലത്തോടെ കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ടിയിരിക്കുന്നു. പ്രതിവര്‍ഷം എട്ട് ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിച്ചെങ്കില്‍ മാത്രമെ സമീപ ഭാവിയില്‍ അഞ്ച് ട്രില്ല്യന്‍ എന്ന ലക്ഷ്യം നേടാന്‍ സാധിക്കുകയുള്ളൂ എന്നാണ് വിദഗ്ധ അഭിപ്രായം. ലഭ്യമായ മാനവ വിഭവ ശേഷി കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഉത്പാദന രംഗങ്ങളില്‍ ഉപയോഗിച്ചെങ്കില്‍ മാത്രമേ അമൃത കാലത്തേക്ക് ഭാരതത്തെ ആത്മനിര്‍ഭരതയോടെ മുന്നോട്ട് നയിക്കാന്‍ സാധിക്കുകയുള്ളൂ.
(കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മാനേജ്‌മെന്റ് വകുപ്പില്‍ മുന്‍ പ്രൊഫസറും ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷനുമാണ് ലേഖകന്‍).