അടല്‍ ബിഹാരി വാജ്‌പേയ്‌യെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ 2004 ല്‍ സോണിയാ ഗാന്ധിയും ഇടതുപക്ഷവും ചേര്‍ന്ന് രൂപീകരിച്ച യു.പി.എ എന്ന രാഷ്ട്രീയ സഖ്യം 4 മാസം മുമ്പാണ് പിരിച്ചു വിട്ടത്. യു.പി.എ എന്ന പേരു കേട്ടാല്‍ ജനമനസ്സുകളിലേക്ക് ഓടിയെത്തുന്ന അഴിമതിയുടെ തീരാകളങ്കം മായ്ച്ചു കളയുന്നതിനായിരുന്നു യു.പി.എ സഖ്യം അവസാനിപ്പിച്ച് ഇന്‍ഡി സഖ്യം എന്ന പേരില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പുതിയ രാഷ്ട്രീയമുന്നണി തട്ടിക്കൂട്ടിയത്. എന്നാല്‍ പേരു മാറി എന്നതിലപ്പുറം ഘടനാപരമായ ഒരു മാറ്റവും ഈ പ്രതിപക്ഷ സഖ്യത്തിന് അവകാശപ്പെടാന്‍ ഉണ്ടായിരുന്നില്ല. പാറ്റ്‌നയില്‍ നടന്ന ഇന്‍ഡി സഖ്യത്തിന്റെ ആദ്യ യോഗത്തിന്റെ വേദിയില്‍ ഒത്ത നടുവില്‍ അഴിമതിരാഷ്ട്രീയത്തിന്റെ എക്കാലത്തെയും പ്രതീകമായ ലാലു പ്രസാദ് യാദവ് നെഞ്ചു വിരിച്ച് ഇരിക്കുന്ന ചിത്രമാണ് ജനം കണ്ടത്. 950 കോടിയുടെ കാലിത്തീറ്റ അഴിമതിക്കേസില്‍ വിചാരണ പൂര്‍ത്തിയായ 5 കേസിലും ശിക്ഷലഭിച്ച ലാലൂ യാദവ് ഇന്ഡി സഖ്യത്തിന് അലങ്കാരമാണെങ്കില്‍ നമ്മുടെ ജനാധിപത്യത്തിന് അപമാനമാണ്. മദ്യശാല അഴിമതി കേസില്‍ നട്ടം തിരിയുന്ന ആം ആദ്മിയും, മമതയും, ഡി.എം.കെ യുമടക്കം അഴിമതിരാഷ്ട്രീയക്കാരുടെ കേന്ദ്രമായി തന്നെ പ്രതിപക്ഷസഖ്യം തുടരുന്നു.
ബി.ജെ.പി. വിരുദ്ധ പ്രതിപക്ഷസഖ്യത്തിന്റെ ആദ്യ തീരുമാനം വിഭജനത്തിന്റെതായിരുന്നു. നരേന്ദ്ര മോദി മുന്നോട്ടു വെക്കുന്ന അഴിമതിരഹിത വികസനരാഷ്ട്രീയത്തോടപ്പം ഉറച്ചു നില്‍ക്കുന്ന രാജ്യത്തെ ഭൂരിപക്ഷം വരുന്ന വോട്ടര്‍മാരെ ജാതിയുടെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ രാജ്യത്ത് ജാതിസര്‍വ്വേ നടത്തുമെന്ന വാഗ്ദാനമാണ് കോണ്‍ഗ്രസ് നല്‍കിയത്. തിരഞ്ഞെടുപ്പ് യോഗങ്ങളിലെല്ലാം രാഹുല്‍ ഇത് ആവര്‍ത്തിച്ചു പറയുകയായിരുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് ശേഷം പതിറ്റാണ്ടുകളോളം ഭൂരിപക്ഷത്തോടെ അധികാരത്തിലിരുന്ന കാലത്തൊന്നും വേണ്ടാതിരുന്ന ജാതിരാഷ്ട്രീയത്തെ പൊടിതട്ടിയെടുത്ത് ജനങ്ങളെ വിഭജിക്കാമെന്ന കോണ്‍ഗ്രസിന്റെ വ്യമോഹത്തിനേറ്റ തിരിച്ചടിയാണ് 3 സംസ്ഥാനങ്ങളിലെ ബി.ജെ.പി യുടെ ആധികാരിക തിരഞ്ഞെടുപ്പ് വിജയം. രാജ്യത്തും ലോകത്തിന്റെ ഏത് കോണിലും നടക്കുന്ന രാഷ്ട്രീയചലനങ്ങളുടെ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് വൈകാരിക സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ രാജ്യതാല്‍പര്യത്തിന് അനുസൃതമായി ചിന്തിക്കുവാനും വോട്ട് രേഖപ്പെടുത്തുവാനുമുള്ള ഉള്‍ക്കരുത്ത് ഇന്ത്യയിലെ വോട്ടര്‍മാര്‍ നേടിക്കഴിഞ്ഞു എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ വിജയം. അധികാരം നിലനിര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ രാജ്യത്ത് നടപ്പാക്കിയ ജാതി-മത വിഭജന രാഷ്ട്രീയവും പിന്നീട് കോണ്‍ഗ്രസ് തുടര്‍ന്ന വോട്ട് ബാങ്ക് പ്രീണന രാഷ്ട്രീയവും എന്നന്നേക്കുമായി അവസാനിക്കുകയാണ്.
രാജ്യത്തിന്റെ അധികാരം പിടിക്കുക എന്നതിനപ്പുറം സനാധനധര്‍മ്മത്തെ തകര്‍ക്കുകയാണ് ഇന്‍ഡി സഖ്യത്തിന്റെ ലക്ഷ്യമെന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകന്റെ തുറന്നുപറച്ചിലോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി. രാജ്യത്തെ ജാതീയമായി വിഭജിച്ചും ഹിന്ദു വിരുദ്ധരെ ഏകോപിപ്പിച്ച് കൂടെ നിര്‍ത്തിയും കേന്ദ്രത്തില്‍ അധികാരം തിരിച്ചു പിടിക്കുകയായിരുന്നു ലക്ഷ്യം. ഒക്‌ടോബര്‍ 7 ന് ഹമാസ് ഭീകരര്‍ ഇസ്രായെലിനു മേല്‍ അതിര്‍ത്തി കടന്നു നടത്തിയ ഭീകരാക്രമണവും തുടര്‍ന്നുണ്ടായ പശ്ചിമേഷ്യന്‍ സംഘര്‍ഷവും മുതലെടുത്ത് തീവ്ര ഇസ്ലാമിസ്റ്റുകളെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളാണ് പിന്നീട് കണ്ടത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ ഹമാസ് ഭീകരരെ സ്വതന്ത്യസമരപോരാളികളായി മഹത്വവല്‍കരിക്കുകയും, പിന്നാലെ മുസ്ലീം ലീഗും കോണ്‍ഗ്രസും പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി എന്ന പേരില്‍ തീവ്രവാദത്തെ പിന്തുണച്ചതും തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു എന്ന് വ്യക്തം. രാജസ്ഥാനില്‍ ഹമാസ് അനുകൂല സി.പി.എമ്മിന്റെ കൈവശമുണ്ടായിരുന്ന രണ്ടു സീറ്റുകളും ജനം തിരിച്ചെടുത്ത് ബി.ജെ.പി. യെ ഏല്‍പ്പിച്ചു.
ഭാരതീയ ജനതയുടെ ഇപ്പോഴത്തെ മുന്‍ഗണന ജാതി സര്‍വ്വെയോ സനാതന ധര്‍മ്മത്തെ തകര്‍ക്കലോ ഹമാസിന് പിന്തുണക്കലോ അല്ല. ഒരു ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിനെ ശക്തമായി എതിര്‍ത്ത് ജെ.എന്‍.യു പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ കശ്മീരി വിദ്യാര്‍ത്ഥിനിയും ആക്ടിവിസ്റ്റുമായ ഷഹ്‌ല റഷീദ് പോലുള്ളവര്‍ കശ്മീര്‍ ഗാസയല്ല എന്ന് പറയുകയും മോദിയെയും അമിത് ഷാ യെയും പിന്തുണക്കുകയുമാണ്. ഭൂതകാലത്തിലെ ദൗര്‍ബല്യങ്ങളെ കുടഞ്ഞു കളഞ്ഞ് ഈ രാജ്യം വികസന പാതയില്‍ മുന്നോട്ട് കുതിക്കുകയാണ്. ശാന്തമായ കശ്മീരും ജനാധിപത്യത്തിനായി കെട്ടിയുയര്‍ത്തിയ പുതിയ ശ്രീ കോവില്‍ സെന്‍ട്രല്‍ വിസ്തയും, നൂറ്റാണ്ടുകളായി രാജ്യത്തെ ഇരു സമുദായങ്ങള്‍ തമ്മില്‍ നിലനിന്ന തര്‍ക്കം പരിഹരിച്ച് ഉയരുന്ന രാമ ക്ഷേത്രവും ദേശിയോത്ഗ്രഥനത്തിന്റെ പുതിയ മാതൃകയാണ്.
ഇന്ത്യന്‍ ജനതയില്‍ ഞാന്‍ കാണുന്ന ജാതി യുവാക്കളും സത്രീകളും കര്‍ഷകരും തൊഴിലാളികളുമാണന്നും അവര്‍ക്ക് ഞാന്‍ ഗ്യാരണ്ടിയാണെന്നുമുള്ള മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം വിശ്വസത്തിലെടുക്കാനാണ് ജനം ആഗ്രഹിച്ചത്. കോണ്‍ഗ്രസ് കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിച്ച സ്ത്രീസംവരണനിയമം പാസ്സാക്കപ്പെട്ടതും ക്ഷേമരാഷ്ട്രസങ്കല്‍പ്പത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ വീടും- ശുചിമുറിയും, വൈദ്യുതിയും – പാചക വാതകവും, ശുദ്ധ ജലവും- ആരോഗ്യ ഇന്‍ഷുറന്‍സും, കര്‍ഷക സമ്മാന്‍ നിധിയും – അസംഘടിത തൊഴിലാളികളുടെ ക്ഷേമ നിധിയും, കോവിഡ് കാലത്തെ സാര്‍വ്വത്രിക സൗജന്യ വാക്‌സിനേഷനും, 80 കോടി കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യവും, റോഡും-റയിലും സമ്മാനിക്കുന്ന സാമൂഹ്യ ക്ഷേമവും സാമ്പത്തിക മുന്നേറ്റവുമാണ് ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ മാനദണ്ഡമാക്കിയത്.
ലോക സാമ്പത്തിക ശക്തികളില്‍ അഞ്ചാം സ്ഥാനത്തേക്കുള്ള രാജ്യത്തിന്റെ വളര്‍ച്ചയും അടിസ്ഥാന സൗകര്യ മേഖലയിലെ അത്ഭുതാവഹമായ മുന്നേറ്റവും നരേന്ദ്ര മോദിയെ കൂടുതല്‍ ജനപ്രിയനാക്കുകയാണ്. മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് സര്‍വ്വേകള്‍ പ്രവചിച്ച ഭരണവിരുദ്ധ വികാരം മറികടന്ന് മൂന്നില്‍ രണ്ടിനു മേല്‍ ഭൂരിപക്ഷത്തോടെ ബി.ജെ.പി ക്ക് അധികാരത്തുടര്‍ച്ച ലഭിച്ചത് 2024 ല്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഫലത്തെ വ്യക്തമാക്കുന്നതാണ്. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് നരേന്ദ്ര മോദിയും ടീം ഇന്ത്യയും ചേര്‍ന്ന് ആര്‍ജിച്ചെടുത്ത നേട്ടങ്ങളും കരുത്തുറ്റ സമ്പത്ത് വ്യവസ്ഥയും കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും കൈയ്യില്‍ ഏല്‍പ്പിച്ചാല്‍ കുരങ്ങന്റെ കയ്യിലെ പൂമാല പോലെ പിച്ചിചീന്തപ്പെടുമെന്ന ഭയം രാജ്യത്തെ ജനങ്ങള്‍ക്കുണ്ട്. ബി.ജെ.പി യെ കഴിഞ്ഞ രണ്ടു തവണയും അധികാരത്തിലേറ്റുന്നതിന് പിന്തുണച്ച സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ലഭിക്കുന്നതിനേക്കാള്‍ 5 മുതല്‍ 10 ശതമാനം വരെ അധിക വോട്ട് ലോകസഭാ തിരഞ്ഞെടുപ്പില്‍ ലഭിക്കും എന്നതാണ് യാഥാര്‍ത്ഥ്യം. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു കൊണ്ടു തന്നെ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പ്രതിപക്ഷ മുന്നണിയുടെ യോഗം ചേരാന്‍ കഴിയാതെ വന്നിരിക്കുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ മരണത്തിന്റെ വ്യാപാരി എന്നും, ചായക്കടക്കാരനെന്നും, കാവല്‍ക്കാരന്‍ കള്ളന്‍, എന്നും വരെ ആക്ഷേപിച്ചവര്‍ ഈ തിരഞ്ഞെടുപ്പിലും പതിവ് തെറ്റിക്കാതെ ദുശ്ശകുനമെന്ന് ആക്ഷേപിച്ച് നരേന്ദ്ര മോദിയെ വേട്ടയാടുകയായിരുന്നു. അച്ഛനും മുന്‍ഗാമികളും പ്രധാനമന്ത്രിമാര്‍ ആയതിനാല്‍ താനും പ്രധാനമന്ത്രിയാകാന്‍ ജനിച്ചവനാണെന്ന മിഥ്യാധാരണ രാഹുല്‍ മാറ്റി വെക്കേണ്ടിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ കഠിനാധ്വാനത്തിലൂടെയുള്ള മുന്നേറ്റത്തില്‍ ക്രിയാത്മക പ്രതിപക്ഷമായി വര്‍ത്തിക്കുവാനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അധികാരം ലഭിച്ച സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനോടൊപ്പം ടീം ഇന്ത്യ എന്ന നിലയില്‍ പ്രവര്‍ത്തിക്കുക എന്നതുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കരണീയം.