കുടം തുറന്നു വിട്ടാല്‍ ജാതി സെന്‍സസ് എന്ന ഭൂതം തന്നെ ദില്ലി സിംഹാസനത്തില്‍ കൊണ്ടുചെന്നിരുത്തും എന്നാണ് രാഹുല്‍ ഗാന്ധി സ്വപ്‌നം കണ്ടത്. 2023-ലെ നിയമസഭാ തിരഞ്ഞെ ടുപ്പില്‍ കര്‍ണ്ണാടകയില്‍ വിജയിച്ചാല്‍ ജാതി സര്‍വ്വേ നടപ്പിലാക്കും എന്നും വാഗ്ദാനം ചെയ്തിരുന്നു. 2024ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ തുരുപ്പുശീട്ട് ജാതി സെന്‍സസ് ആണെന്നും അതുകൊണ്ട് ബി.ജെ.പിയുടെ ഹിന്ദുത്വയെ നേരിടുമെന്നുമാണ് വിലയിരുത്തപ്പെട്ടത്. 2023-ല്‍ കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് നേതൃത്വം തുറന്നു വിട്ട ജാതി സെന്‍സസ് എന്ന ഭൂതം കോണ്‍ഗ്രസ്സിനെ തന്നെ മെല്ലെ വിഴുങ്ങുകയാണ്.
എട്ടുവര്‍ഷം മുമ്പ് കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ കര്‍ണാടകത്തില്‍ സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ സര്‍വേ നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ശക്തമായ അഭിപ്രായം ഒ.ബി.സിക്കാരനായ മുഖ്യമന്ത്രി സിദ്ധരാമയ്യക്കുണ്ട്. എന്നാല്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ആവശ്യപ്പെട്ടത് ഈ റിപ്പോര്‍ട്ട് തള്ളണമെന്നാണ്. ബീഹാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസ് പുറത്തു വിട്ടതുപോലെ കര്‍ണാടക സര്‍ക്കാരും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന് പാര്‍ട്ടിയിലെ പിന്നാക്ക വിഭാഗക്കാരായ നേതാക്കള്‍ ആവശ്യപ്പെടുന്നു. അത് നടപ്പില്ലെന്ന് ലിംഗായത- വീരശൈവ – വൊക്കലിംഗക്കാരായ നേതാക്കള്‍ ഉറച്ചു നില്ക്കുന്നു. ജാതി സെന്‍സസ് എന്ന ഭൂതം കോണ്‍ഗ്രസ്സിനെ ഭിന്നിപ്പിച്ചു കുഴപ്പത്തിലാക്കിയിരിക്കുന്നു. ഭൂതം പണി തുടങ്ങിയിട്ടേയുള്ളു. അഞ്ച് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജാതി സെന്‍സസ് കോണ്‍ഗ്രസ്സിന് ഒരു ഗുണവും ചെയ്തില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി കഴിയുന്നതോടെ ബി.ജെ.പിയുടെ ഹിന്ദുത്വയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തുറന്നുവിട്ട ജാതീയമായ ഭിന്നിപ്പ് എന്ന ഭൂതം കോണ്‍ഗ്രസ്സിനെ തന്നെ ഭിന്നിപ്പിച്ച് ഇല്ലാതാക്കുന്ന അവസ്ഥയാണ് കാണുന്നത്.