രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ സ്വയംസേവകര്‍ എന്ന നിലയ്ക്ക് ഒരു തരത്തില്‍ നമ്മളെല്ലാവരും ഭാഗ്യം ചെയ്തവരാണ്. കാരണം നാമിപ്പോള്‍ ഭാരതത്തിന്റെയും സംഘത്തിന്റെ വിചാരധാരയുടെയും സ്വയംസേവകരുടെ കര്‍തൃത്വത്തിന്റെയും വിജയകാലത്തിനു സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. തൊണ്ണൂറില്‍പരം വര്‍ഷങ്ങളായി നമ്മള്‍ പ്രവര്‍ത്തിക്കുന്നു. പ്രാരംഭദശയിലെ ഇരുപതുവര്‍ഷക്കാലം സംഘവും അതിന്റെ വിചാരധാരയും കാര്യകര്‍ത്താക്കളും ആരാലും മുഖവിലയ്‌ക്കെടുക്കാത്ത അവസ്ഥയിലായിരുന്നു. തീര്‍ത്തും അവഗണിക്കപ്പെട്ട കാലം.
പിന്നീടുള്ള അറുപതു വര്‍ഷക്കാലം എല്ലാ ഭാഗത്തു നിന്നും എല്ലാ പ്രകാരത്തിലുമുള്ള നിരന്തരമായ വിരോധവും വിമര്‍ശനങ്ങളും സംഘവും കാര്യകര്‍ത്താക്കളും അഭിമുഖീകരിച്ചു. എങ്കിലും ഈ രണ്ടു കാലഘട്ടങ്ങളിലും പ്രവര്‍ത്തിച്ച നമ്മുടെ സ്വയംസേവകരും കാര്യകര്‍ത്താക്കളും ഈ അവഗണനയെയും എതിര്‍പ്പിനെയും ശ്രേയസ്‌കരമായി അതിജീവിച്ചു. സമാജത്തോട് നിസ്സീമമായ സ്‌നേഹവും സംഘത്തോട് അത്യപാരമായ സമര്‍പ്പണബോധവും വെച്ചു പുലര്‍ത്തിയിരുന്ന നമ്മുടെ കാര്യകര്‍ത്താക്കളുടെ ജീവിതാചരണം കൊണ്ടും കര്‍തൃത്വം കൊണ്ടും ധ്യേയനിഷ്ഠ കൊണ്ടുമാണ് സംഘം ഈ വെല്ലുവിളികളെ അതിജീവിച്ചത്. ഇപ്പോള്‍ അവഗണന തീരെയില്ല, എതിര്‍പ്പാകട്ടെ ഔപചാരികം മാത്രമാണ്. വാസ്തവത്തില്‍ സംഘത്തോട് യഥാര്‍ത്ഥവിരോധം കാത്തുസൂക്ഷിക്കുന്നവര്‍ വളരെ കുറവാണ്, അവരുടെ പരിശ്രമങ്ങളാവട്ടെ കാലങ്ങളായി നിഷ്ഫലവുമാണ്. ഇന്നിപ്പോള്‍ പ്രത്യക്ഷത്തില്‍ വിരോധം പ്രകടിപ്പിക്കുന്നവരുടെ ഉള്ളില്‍പോലും സംഘത്തിനൊരു പ്രത്യേക സ്ഥാനമുണ്ട്. സമാജത്തിന് സംഘത്തോട് സ്‌നേഹവും വിശ്വാസവുമുണ്ട്.മാത്രമല്ല സമാജമിപ്പോള്‍ സംഘത്തില്‍ നിന്ന് ചിലത് പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്.
സംഘത്തിന്റെ രൂപവും പ്രകൃതവും ഇപ്പോള്‍ കൂടുതല്‍ വിശാലമായിരിക്കുകയാണ്. സംഘത്തിന്റെ സ്വയംസേവകര്‍ സമാജത്തിന്റെ വിവിധമേഖലകളിലേക്ക് കടന്നുചെന്ന് പ്രഭാവം ചെലുത്തി, അതാതിടങ്ങളില്‍ വിജയം കൈവരിച്ചിരിക്കുകയാണ്. അതുകൊണ്ട് സമാജജീവിതത്തിന്റെ സമസ്ത തലങ്ങളിലും സംഘാനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഈ അനുകൂലാന്തരീക്ഷത്തില്‍, അംഗീകാരത്തിന്റെ കാലഘട്ടത്തില്‍ നമ്മുടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം എന്തായിരിക്കണം?
ഏതു ഗുണങ്ങളുടെ അടിസ്ഥാനത്തിലാണോ നമ്മള്‍ അവഗണനയെ അതിജീവിച്ചത് അതേ ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് നമ്മള്‍ എതിര്‍പ്പിനെയും അതിജീവിച്ചത്. അവഗണനയെയും എതിര്‍പ്പിനെയും അതിജീവിക്കുന്നതിനേക്കാള്‍ പ്രയാസകരമാണ് അംഗീകാരത്തെ അതിജീവിക്കാന്‍. അപ്പോള്‍ ഈ അനുകൂല കാലഘട്ടത്തിലൂടെ വിജയകരമായി കടന്നു പോകാന്‍ ഈ ഗുണങ്ങള്‍ നമുക്ക് സഹായകമാകുമോ? യഥാര്‍ത്ഥത്തില്‍ ഇതേ ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ അംഗീകാരത്തെയും അതിജീവിക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ. സംഘകാര്യത്തോടുള്ള നമ്മുടെ അചഞ്ചലവും ഉത്ക്കടവുമായ ധ്യേയനിഷ്ഠ, നമ്മുടെ സുശീലയുക്തമായ വ്യവഹാരം, നമ്മുടെ സംഘടിത സമാജശക്തി, എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ നമ്മെ ശീലിപ്പിച്ച നമ്മുടെ വീരവൃത്തി, സമ്പൂര്‍ണ്ണസമാജത്തോടുമുള്ള നമ്മുടെ നിരുപാധികവും നിസ്വാര്‍ത്ഥവുമായ സ്‌നേഹം എന്നിവയാണ് നമ്മുടെ പൂര്‍വ്വികര്‍ക്ക് ഉണ്ടായിരുന്ന ആ ഗുണങ്ങള്‍.
മഹാരാഷ്ട്രയില്‍ സമര്‍ത്ഥ രാംദാസ് ഗുരു ഉണ്ടായിരുന്നു. അനേകം വെല്ലുവിളികള്‍ ഉണ്ടായിരുന്ന പ്രക്ഷുബ്ധകാലത്തായിരുന്നു അദ്ദേഹം ജീവിച്ചത്. അക്കാലത്ത് സമാജത്തെയും രാഷ്ട്രത്തെയും ധര്‍മ്മത്തെയും വിജയത്തിലേക്ക് നയിക്കാന്‍ ആഗ്രഹിച്ചിരുന്ന വ്യക്തികളോട് അദ്ദേഹം ഒരാശയം പങ്കുവെച്ചിരുന്നു. ”അഞ്ചു സുല്‍ത്താന്‍മാരും ഒരു ചക്രവര്‍ത്തിയും ചേര്‍ന്ന് ഹിന്ദുസമാജത്തെ ഉന്മൂലനം ചെയ്യാന്‍ പ്രയത്‌നിച്ചു കൊണ്ടിരിക്കുന്ന കഠിനമായ സാഹചര്യത്തിലാണ് നാമുള്ളത്. നിരന്തര പോരാട്ടങ്ങളുടെ ഈ കാലഘട്ടത്തില്‍ അനേകം പേര്‍ യുദ്ധത്തില്‍ മരിക്കുകയും പരാജയപ്പെടുകയും മനസ്സുമടുക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ പലകാരണങ്ങള്‍ കൊണ്ട് ഒരുപാടാളുകള്‍ അകര്‍മ്മണ്യരായിത്തീര്‍ന്നു. ആരാണോ സ്വന്തം വിവേകം നിലനിര്‍ത്തിയത് അവര്‍ മാത്രമാണ് രണഭൂമിയില്‍ അവശേഷിച്ചത്.” അതുകൊണ്ട് മനസില്‍ ശുഭപ്രതീക്ഷ കാത്തുസൂക്ഷിക്കണം. വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കണം.
ശാഖ ഒരു കാര്യക്രമമല്ല. അത് സംഘത്തിന്റെ നിത്യസാധനയാണ്. ശാഖകളിലൂടെ നമ്മുടെ ഗുണങ്ങളും ക്ഷമതയും വികസിക്കുന്നു. ഇരുപത്തി മൂന്നു മണിക്കൂറിലെ സംഘേതര വ്യവഹാരത്തിലൂടെ നമ്മുടെ ശരീരത്തിനും മനസ്സിനും ബുദ്ധിക്കും ഉണ്ടായേക്കാവുന്ന ചലനങ്ങളെ ഒരു മണിക്കൂറു കൊണ്ട് ശുദ്ധീകരിക്കാനുള്ള കേന്ദ്രമാണ് ശാഖ. ദോഷങ്ങളെ ഇല്ലായ്മ ചെയ്യുവാനും ഗുണങ്ങളും ക്ഷമതയും വര്‍ദ്ധിപ്പിക്കുവാനും നമ്മുടെ സംഘടിതശക്തിയുടെ പ്രത്യക്ഷരൂപം നിത്യവും കണ്‍കുളിര്‍ക്കെ കാണാനുമുള്ള കേന്ദ്രമാണ് ശാഖ. ഈ നിത്യ സാധനയിലൂടെ നമ്മുടെ ശ്രദ്ധയും ഭക്തിയും വിശ്വാസവും വര്‍ദ്ധിക്കും. ഇതാണ് നമ്മുടെ സാധനയുടെ അടിസ്ഥാനം. ഈ സാധനയുടെ ബലത്തിലാണ് നാം അവഗണനയെയും എതിര്‍പ്പിനെയും ചെറുത്തു തോല്‍പ്പിച്ചത്. അംഗീകാരത്തിന്റെ കാലഘട്ടത്തിലാണ് ഈ സാധന കൂടുതല്‍ ആവശ്യമായി വരുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. അവഗണനയെ അതിജീവിക്കുക എളുപ്പമാണ്. ശ്രദ്ധിക്കാതെയും സഹനം സ്വീകരിച്ചുകൊണ്ടും അവഗണനയെ നമുക്ക് അതിജീവിക്കാം. ഇത്തിരി ഭയവ്യാകുലതകള്‍ ജനിപ്പിക്കുമെങ്കിലും എതിര്‍പ്പിനെയും നമുക്ക് തോല്‍പ്പിക്കാം. ദൃഢനിശ്ചയവും ഉത്കൃഷ്ടചിന്തയും കൊണ്ട് ഇവയെ നമുക്ക് എളുപ്പം തോല്‍പ്പിക്കാം. എന്നാല്‍ അംഗീകാരത്തിന്റെ വലയം സ്വല്പം അപകടകരമാണ്. മനുഷ്യനെ മോഹിപ്പിക്കാനുള്ള ശക്തി ഇതിനുണ്ട്. അംഗീകാരം നമ്മുടെ ആഗ്രഹങ്ങളെയും പ്രതീക്ഷകളെയും ഉണര്‍ത്തി നമ്മെ അസ്വസ്ഥരാക്കും. എത്രത്തോളം നാം അംഗീകാരത്തിനു വശംവദരാവുന്നോ അത്രത്തോളം കാര്യനിര്‍വഹണത്തില്‍ നിന്നും അകന്നു പോയിരിക്കും. ഇതില്‍ നിന്നും വേറിട്ടു നില്‍ക്കാന്‍ പ്രഖരധ്യേയനിഷ്ഠ ആവശ്യമാണ്. നിരന്തര സാധനയാണ് പ്രഖരധ്യേയനിഷ്ഠയിലേക്കുള്ള വഴി. ഇക്കാര്യം എല്ലായ്‌പ്പോഴും നമ്മുടെ മനസ്സിലുണ്ടായിരിക്കണം.
കഴിഞ്ഞ ദിവസം നാം ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. ശ്രീകൃഷ്ണഭഗവാന്റെ പ്രവര്‍ത്തനം എങ്ങനെയായിരുന്നു? ഒരു ദിവസം കംസന്റെ സന്ദേശവുമായി അക്രൂരന്‍ കൃഷ്ണബലരാമന്മാരെ കാണാനെത്തി. ”മഥുരയില്‍ നടക്കുന്ന യാഗത്തിനായി ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. നിങ്ങള്‍ എന്റെ അനന്തരവന്മാരാണെങ്കിലും ഞാന്‍ ഇതു വരെ നിങ്ങളെ കണ്ടിട്ടില്ല. നിങ്ങള്‍ വന്ന് ഇവിടത്തെ പ്രൗഢഗംഭീരമായ രാജനഗരികള്‍ കണ്ടാസ്വദിച്ച് യാഗത്തില്‍ പങ്കെടുക്കുക.” ഇതായിരുന്നു സന്ദേശം. കംസന്റെ കാപട്യം അറിയാവുന്നതുകൊണ്ട് കൃഷ്ണബലരാമന്മാര്‍ക്ക് പോകാന്‍ ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ അവിടത്തെ കാരാഗൃഹത്തില്‍ കംസന്‍ തങ്ങളുടെ മാതാപിതാക്കളെ ബന്ദികളാക്കിയിരിക്കുകയാണ് എന്ന് അക്രൂരന്‍ പറഞ്ഞപ്പോള്‍ ഇരുവരും പോകാന്‍ തയ്യാറായി. യാഗത്തില്‍ പങ്കെടുക്കുകയായിരുന്നില്ല ലക്ഷ്യം, അച്ഛനമ്മമാരെ മോചിപ്പിക്കാനായിരുന്നു യാത്ര. കംസന്റെ രാജധാനിയില്‍ കൃഷ്ണബലരാമന്മാര്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന സ്വീകരണം ലഭിച്ചു. രാജവീഥികളില്‍ അവരെ കാണാന്‍ നാട്ടുകാര്‍ തടിച്ചു കൂടി. എന്നാല്‍ കൃഷ്ണബലരാമന്മാര്‍ ഇതില്‍ മതിമറന്നില്ല. തുടര്‍ന്നുള്ള യാത്രയില്‍ ഒട്ടേറെ പ്രതിസന്ധികള്‍ വന്നു. ശക്തിയുടെ സാധകരായിരുന്ന യദുകുലനായകര്‍ അവയെ നിഷ്പ്രയാസം അതിജീവിച്ചു. ഈ വിജയങ്ങളില്‍ നഗരവാസികള്‍ അവരെ പ്രകീര്‍ത്തിച്ചു. കാതടപ്പിക്കുന്ന ജയകാരങ്ങള്‍ മുഴക്കി. എന്നാല്‍ ഈ ജയ് വിളികളിലും അവര്‍ ലയിച്ചു പോയില്ല. സ്വീകരിച്ച ലക്ഷ്യം കൈവരിക്കുന്നതിനിടയില്‍ അനേകം പ്രവര്‍ത്തനങ്ങള്‍ അവര്‍ നിര്‍വഹിച്ചു. പലതും അവരുടെതായിരുന്നില്ല. ജനനന്മയ്ക്ക് വേണ്ടിയുള്ളവയായിരുന്നു. അവയൊക്കെ നിര്‍വഹിക്കേണ്ടത് ആവശ്യവുമായിരുന്നു. ശ്രീകൃഷ്ണന്‍ തന്റെ കഴിവും ശക്തിയും ഉപയോഗിച്ച് കൊണ്ട് ജനങ്ങളെ സംരക്ഷിച്ചു. എന്നാല്‍ അതിനിടയില്‍ സ്വന്തം ലക്ഷ്യം മറന്നില്ല. വന്ന കാര്യം മറക്കാതെ അവര്‍ മുന്നോട്ടു പോയി. അച്ഛനമ്മമാരെ കാണുക, അവരെ കാരാഗൃഹത്തില്‍ നിന്നും മോചിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. യാഗവും സ്വീകരണവും ജനപ്രിയതയുമെല്ലാം നിമിത്തം മാത്രം. ഭഗവാനെ കൊല്ലാന്‍ കംസനയച്ച ആനയെ വകവരുത്തി അതിന്റെ കൊമ്പും കൊണ്ട് കംസന്റെ യജ്ഞവേദിയില്‍ എത്തി. അവിടുത്തെ വില്ലൊടിച്ചു കൊണ്ട് കംസനെ വെല്ലുവിളിച്ചു. രണ്ടുപേരും ചേര്‍ന്ന് കംസകിങ്കരന്മാരായ വലിയവലിയ മല്ലന്മാരെ കാലപുരിക്കയച്ചു. സമയമായപ്പോള്‍ സാക്ഷാല്‍ കംസനെയും കൊന്ന്, ദേവകിയെയും വസുദേവരെയും മോചിപ്പിച്ചു. അത് കഴിഞ്ഞപ്പോള്‍ ഉഗ്രസേനന്‍ അവരോട് രാജ്യഭരണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. തങ്ങള്‍ ഇവിടെ രാജ്യം ഭരിക്കാന്‍ വന്നതല്ല, അമ്മയെ കാണാനായി മാത്രം വന്നതാണ് എന്ന് പറഞ്ഞുകൊണ്ട് ഉഗ്രസേന മഹാരാജാവിനെ തന്നെ രാജ്യം ഏല്‍പ്പിച്ചു. എല്ലാ യോഗ്യതകളും ഉണ്ടായിട്ടും തന്റെ കര്‍മ്മവും ലക്ഷ്യവും അതല്ലാത്തതുകൊണ്ട് ഭഗവാന്‍ രാജ്യം ഏറ്റെടുത്തില്ല, ധ്യേയത്തില്‍ നിന്നും വ്യതിചലിച്ചില്ല. അച്ഛനമ്മമാരെ മോചിപ്പിച്ചതിന് ശേഷം അദ്ദേഹം ഗോകുലത്തിലേക്ക് തന്നെ തിരിച്ചു പോയി. വിദ്യയാര്‍ജ്ജിക്കാനായി സാന്ദീപനി മഹര്‍ഷിയുടെ ആശ്രമത്തിലേക്ക് പോയി. പൂതനയേയും കാളിയനെയും കംസനെയും വധിച്ച ഭഗവാന് ഗുരുസമക്ഷത്തില്‍ നിന്നും വിദ്യയാര്‍ജ്ജിക്കേണ്ട ആവശ്യമുണ്ടോ? യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന് ഇതൊരു ആവശ്യകതയല്ല, പക്ഷെ , സാധനയാണ്. ശ്രീകൃഷ്ണ ഭഗവാന്റെ ഈ ധ്യേയനിഷ്ഠയും നിത്യസാധനയും നാം സ്വായത്തമാക്കണം.
ആവശ്യത്തിനു ശക്തിയുള്ള വിശാലമായ ഒരു സംഘടനയാണ് ഇന്നു നമ്മുടേത്. നമ്മുടെ പ്രതീക്ഷയ്‌ക്കൊത്തുള്ള ശക്തി നമുക്കില്ല. എന്നാല്‍ പൊതുജനങ്ങളുടെ ദൃഷ്ടിയില്‍ നാം വലിയ ശക്തിശാലികളാണ്. സമാജം നമ്മില്‍ നിന്നും പലതും പ്രതീക്ഷിക്കുന്നു. അവരുടെ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കത്തക്ക ശക്തിയുള്ള മറ്റാരുമില്ല എന്നവര്‍ കരുതുന്നു. നമ്മുടെ പ്രതിജ്ഞയിലും ഇതു തന്നെയാണ് പറയുന്നത്. നമ്മുടെ പവിത്രമായ ഹിന്ദുധര്‍മ്മത്തെയും ഹിന്ദുസംസ്‌കാരത്തെയും ഹിന്ദുസമാജത്തെയും സംരക്ഷിച്ചിട്ട് ഹിന്ദുരാഷ്ട്രത്തിന്റെ സര്‍വ്വാംഗീണമായ ഉന്നതിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് നാം പ്രതിജ്ഞ ചെയ്യുന്നത്. സംഘം ചെറുതായിരുന്നപ്പോള്‍ ഇതു പ്രാവര്‍ത്തികമാക്കാനുള്ള ശക്തി സാമര്‍ത്ഥ്യങ്ങള്‍ നമുക്കില്ലായിരുന്നു. ഇപ്പോള്‍ ഇത് പ്രാവര്‍ത്തികമാക്കാനുള്ള സമയമായിരിക്കുന്നു. ഓരോ സ്വയംസേവകനും അവനവന്റെ കഴിവിനും സാഹചര്യത്തിനുമനുസരിച്ച് പ്രവര്‍ത്തിക്കണം.
ഒന്നാമത്തെ കാര്യം സംഘപ്രവര്‍ത്തനം ഇനിയും വിശാലമാക്കുകയും കാര്യകര്‍ത്താക്കളുടെ ഗുണവികാസം ഉറപ്പു വരുത്തുകയുമാണ്. ഇക്കാര്യം നേടിയെടുക്കുന്നതിനായി ചുമതലയെടുത്തു പ്രവര്‍ത്തിക്കുന്ന സ്വയംസേവകര്‍ സംഘത്തിനായി കൂടുതല്‍ സമയം നീക്കിവെക്കണം. ചുമതലയില്ലാത്ത സ്വയംസേവകര്‍ക്ക് നാലു കാര്യങ്ങള്‍ ചെയ്യാനുണ്ട്.
(1) സ്വയംസേവകന്‍ എന്ന നിലയ്ക്ക് നിത്യശാഖ എന്ന സാധന മുടങ്ങാതെ തുടരണം.
(2) ശാഖയിലൂടെ ലഭിച്ച ഗുണങ്ങള്‍ ജീവിതത്തില്‍ ആചരിക്കണം. അവ നമ്മുടെ സ്വഭാവത്തിന്റെ ഭാഗമാവണം. നമ്മുടെ ജീവിതവ്യവഹാരത്തിലൂടെ സംഘം ദൃശ്യമാവണം. അനുശാസന, ദേശഭക്തി, സക്രിയത, സ്വദേശി, ധ്യേയനിഷ്ഠ, സമരസത , ധര്‍മ്മനിഷ്ഠ തുടങ്ങീ എല്ലാ ഗുണങ്ങളും നമ്മുടെ സ്വഭാവത്തിന്റെ ഭാഗമായിത്തീരണം.
(3) വര്‍ഷത്തില്‍ ഒരു പുതിയ വ്യക്തിയെ ആദ്യം സുഹൃത്താക്കി , പിന്നെ സ്വയംസേവകനാക്കി ക്രമേണ സംഘത്തിലേക്ക് കൊണ്ടു വരണം.
(4) ഏതു കാര്യമാണോ സംഘം നമ്മെ ഏല്‍പ്പിക്കുന്നത് അത് നൂറുശതമാനം ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കണം.
ഈ നാലുകാര്യങ്ങള്‍ എല്ലാവരും ചെയ്യണം. അതിനായി ശാഖയിലെ ഒരു മണിക്കൂര്‍ മതിയാവില്ല. എല്ലാ സ്വയംസേവകരും അതിനു പുറമേ കുറച്ചു സമയം കൂടി സംഘകാര്യത്തിനു വേണ്ടി നീക്കി വെക്കണം. ഇതു രണ്ടിനും പുറമേ കുറച്ചു സ്വയംസേവകര്‍ തങ്ങളുടെ മുഴുവന്‍ സമയവും സംഘത്തിനു നല്‍കണം. പഠനം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ മൂന്നു വര്‍ഷം സംഘത്തിന് നല്‍കണം. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ സാധിക്കുമെങ്കില്‍ രണ്ടു വര്‍ഷം കൂടി നല്‍കണം. അതിനു ശേഷവും പ്രചാരകവ്രതം തുടരാന്‍ സാധിക്കുന്നവര്‍ ജീവിതകാലം മുഴുവനും പ്രചാരകനായി പ്രവര്‍ത്തിക്കുക. അല്ലാത്തവര്‍ തിരിച്ചു പോയി സ്വദേശത്ത് സംഘപ്രവര്‍ത്തനം തുടരുക. ഇനി കുറച്ചു പേര്‍ വാനപ്രസ്ഥികളായി പ്രവര്‍ത്തിക്കാന്‍ തയ്യാറാവണം. തങ്ങളുടെ കുടുംബപരമായ ഉത്തരവാദിത്തങ്ങള്‍ എല്ലാം നിറവേറ്റി, ജോലിയില്‍ നിന്നും വിടുതല്‍ നേടി, കുടുംബത്തെ പിന്‍ഗാമികളെ ഏല്‍പ്പിച്ചു ശിഷ്ടകാലം പൂര്‍ണ്ണമായും സംഘത്തിന് നല്‍കാന്‍ സാധിക്കുന്ന സ്വയംസേവകരാണ് വാനപ്രസ്ഥി പ്രചാരകര്‍.
ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നമുക്ക് ചെയ്യാനായിട്ടുണ്ട്. സംഘത്തെ ജീവിച്ചു കാണിക്കുക എന്നതാണ് ഏറ്റവും മുഖ്യം. ഇന്നത്തെ സാഹചര്യത്തില്‍ ഒരു യഥാര്‍ത്ഥ ഹിന്ദുവായി മാതൃകാജീവിതം നയിക്കണം. ജാതി, മത, പ്രാദേശിക ചിന്തകളില്‍ നിന്നുമുയര്‍ന്ന് സമ്പൂര്‍ണ്ണ ഹിന്ദുസമാജവും ഈ വിശാലരാഷ്ട്രവും തന്റെതാണെന്ന വൈകാരികഭാവത്തില്‍ ജീവിതം നയിക്കാന്‍ നമുക്ക് സാധിക്കണം. ഇവിടുത്തെ ഓരോ ഹിന്ദുവും എന്റെ ബന്ധുവാണെന്നു നിരന്തരം ചിന്തിക്കണം. സ്വദേശിജീവിതം എങ്ങനെയാണെന്നും മാതൃകാകുടുംബം എങ്ങനെയാണെന്നും സ്വയംസേവകര്‍ തങ്ങളുടെ ജീവിതം കൊണ്ട് സമാജത്തിന് കാണിച്ചു കൊടുക്കണം.
മുഴുവന്‍ സമാജത്തെയും ഒരുമിപ്പിക്കേണ്ടത് നമ്മുടെ പ്രവര്‍ത്തനമാണ്. ഇതിനായി സമ്പൂര്‍ണ്ണ സമാജവുമായും നാം സമ്പര്‍ക്കത്തില്‍ വരണം. 130 കോടി ജനങ്ങളും ശാഖയില്‍ വരുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍ ഇവരെയൊക്കെ ഒന്നൊഴിയാതെ നമുക്ക് സംഘടിപ്പിക്കേണ്ടതുണ്ട്. ഇവരില്‍ ചിലരൊക്കെ ശാഖയില്‍ വരുന്നുണ്ട്. ഇപ്പോള്‍ ശാഖയില്‍ വരുന്നവരെയും സംഘകാര്യക്രമങ്ങളില്‍ വരുന്നവരെയും ചേര്‍ത്ത് സ്വയംസേവകരുടെ സംഖ്യ ഏകദേശം 60 ലക്ഷം വരും. ഈ സംഖ്യ മൂന്നു കോടി വരെ എത്തിക്കണം. ഇപ്പോള്‍ നമ്മുടെ പ്രവര്‍ത്തനം വ്യാപിച്ചിരിക്കുന്നത് 60000 സ്ഥലങ്ങളിലാണ് . ഈ സംഖ്യ ഒന്നര ലക്ഷത്തോളം എത്തിക്കണം. ഇതാണ് വിസ്താരം അല്ലെങ്കില്‍ ദൃഡീകരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ പ്രവര്‍ത്തനത്തിനിടയില്‍ വിദ്യാര്‍ത്ഥികളായ മുഴുവന്‍ സ്വയംസേവകരുടെയും ശ്രദ്ധ തങ്ങളുടെ ഗുണവികാസത്തിലായിരിക്കണം. ഉത്കൃഷ്ട സ്വയംസേവകരായിത്തീരുക എന്നതായിരിക്കണം അവരുടെ ലക്ഷ്യം. വ്യവസായി തരുണ ശാഖകളിലെ സ്വയംസേവകര്‍ കാര്യകര്‍ത്താക്കളായി വരണം. ദേശീയ വിഷയങ്ങളില്‍ ഇടപെടാനും പിന്തുണക്കാനും ശേഷിയുള്ള പൗരന്മാരായി അതാതു ഗ്രാമങ്ങളിലെ പൊതുജനങ്ങളെ സജ്ജമാക്കുന്ന തരത്തില്‍ അവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുക. ഇതാണ് തരുണവ്യവസായി സ്വയംസേവകരുടെ കടമ. ഇക്കാര്യങ്ങള്‍ക്കുതകുന്ന പ്രശിക്ഷണമാണ് തരുണ വ്യവസായി ശാഖകളില്‍ നടത്തേണ്ടത്.
പ്രൗഢ സ്വയംസേവകര്‍ക്ക് സമാജത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. അതവരുടെ ശാരീരികക്ഷമതയെ അടിസ്ഥാനമാക്കിയുള്ളതല്ല. അവരുടെ പ്രായത്തിന്റെയും അനുഭവത്തിന്റെയും പ്രവൃത്തിയുടെയും ആദരവ് സമാജം അവര്‍ക്ക് നല്‍കുന്നുണ്ട്. അവരുടെ സാന്നിധ്യത്തിനും വാക്കുകള്‍ക്കും സമൂഹത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. കുടുംബപ്രബോധനം, സമരസത, സ്വദേശി പോലുള്ള വ്യത്യസ്ത ഗതിവിധി പ്രവര്‍ത്തനങ്ങളിലൂടെ സമാജപരിവര്‍ത്തനം ചെയ്യേണ്ടത് ഇവരാണ്. പ്രൗഢ ശാഖ നടക്കുന്ന ഗ്രാമങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം താനേ ഇല്ലാതാവണം. സംഘത്തിന്റെ ഇടപെടല്‍ കൊണ്ട് മാത്രമല്ല ഇത് സാധിക്കേണ്ടത്, സമാജത്തിന്റെ ഇടപെടലിലൂടെ വേണം. ജാഗരണശ്രേണിയിലെ കാര്യകര്‍ത്താക്കളാണ് ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്. സമാജത്തില്‍ വേറെയും ഒട്ടനവധി നല്ല പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അവ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ തന്നെ ചെയ്യുന്നതാവണമെന്നില്ല. എങ്കിലും അവയുമായി സഹകരിക്കുകയും അവയെ ശക്തിപ്പെടുത്തുകയും വേണം. നിലവില്‍ ചുമതലകള്‍ ഇല്ലാത്ത സ്വയംസേവകര്‍ക്ക് ഇത്തരം പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ഇടപഴകി പ്രവര്‍ത്തിക്കാവുന്നതാണ്. അതുപോലെ തന്നെ സമൂഹത്തില്‍ നമ്മുടെ അനുഭാവികളും അഭ്യുദയകാംക്ഷികളുമായി ധാരാളം പേരുണ്ട്. അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഇങ്ങനെ സമാജത്തില്‍ സഹകരണത്തിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെയും നിസ്വാര്‍ത്ഥബുദ്ധിയുടെയും അന്തരീക്ഷം സൃഷ്ടിക്കപ്പെടണം.
ഈ പ്രവര്‍ത്തനം നാം തുടര്‍ന്നുകൊണ്ടേയിരിക്കണം. മുന്നോട്ടുള്ള വെല്ലുവിളികള്‍ ഈ പ്രവര്‍ത്തനത്തിലൂടെ ഇല്ലാതാവും. അരാജകത്വം, തീവ്രവാദം, വിഘടനവാദം മുതലായ സാമൂഹികവിപത്തുകള്‍ ഈ പ്രവര്‍ത്തനങ്ങളിലൂടെ സ്വാഭാവികമായും ഇല്ലാതാവും. ഇതിനായി സമാജത്തെ തയ്യാറാക്കുക എന്നതാണ് നമ്മുടെ ദൗത്യം. ഇതിനെല്ലാം അനുയോജ്യരായ ഉത്തമ സ്വയംസേവകരെ ആവശ്യമുണ്ട്. ശീലസമ്പന്നരും ശക്തിശാലികളും ജ്ഞാനസമ്പന്നരും വീരവ്രതികളും ധ്യേയനിഷ്ഠരുമായ സ്വയംസേവകര്‍ ഉണ്ടാവണം. വ്യക്തിനിര്‍മ്മാണവും സമാജപരിവര്‍ത്തനവും വ്യവസ്ഥാപരിവര്‍ത്തനവും ഒരേ സമയം പ്രായോഗികമാക്കി കൊണ്ട് രാഷ്ട്രസംരക്ഷണത്തിനായി പ്രവര്‍ത്തിക്കാന്‍ നമ്മുടെ ശക്തിയും സമാജത്തില്‍ നമുക്ക് ലഭിച്ചിട്ടുള്ള സ്വീകാര്യതയും നാം ഉപയോഗപ്പെടുത്തണം. നമ്മുടെ സാധനയും വൈയക്തികഗുണങ്ങളും നിലനിര്‍ത്തിക്കൊണ്ടു തന്നെ ഈ പ്രയത്‌നങ്ങളില്‍ മുഴുകി പ്രവര്‍ത്തിച്ചാല്‍ ഭാരതം പരമവൈഭവം പ്രാപിച്ച് വിശ്വഗുരുസ്ഥാനം അലങ്കരിക്കുന്നത് നമുക്ക് ഇതേ കണ്ണുകള്‍ കൊണ്ട് തന്നെ കാണാനുള്ള ഭാഗ്യം സിദ്ധിക്കും.
പരിഭാഷ : ശരത് എടത്തില്‍