വരിക്കാശ്ശേരി മന കഥകളാണ് മലയാള സിനിമ എന്നു കളിയാക്കിയിരുന്ന പുരോഗമന ഇടത് സിനിമാനിരൂപകര്‍ ഇടത് സര്‍ക്കാരിന്റെ ചലച്ചിത്ര അക്കാദമിയില്‍ അംഗങ്ങളായപ്പോള്‍ സിനിമയിലൂടെ ഇടത് പുരോഗമന മാതൃക പ്രതീക്ഷിച്ചിരുന്നവര്‍ ഞെട്ടി. തങ്ങള്‍ വിമര്‍ശിച്ച നാടുവാഴി പ്രമാണിത്തം അതാ ചലച്ചിത്ര അക്കാദമിയില്‍ തേരോട്ടം നടത്തുന്നു. ചലച്ചിത്ര അക്കാദമി തന്നെ വരിക്കാശ്ശേരി മനയായിരിക്കുന്നു. അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് മനയുടെ പൂമുഖത്ത് ചാരുകസേര വലിച്ചിട്ട് കാലും കയറ്റിവെച്ച് മോഹന്‍ലാല്‍ ശൈലിയില്‍ കുക്കു പരമേശ്വരനോട് പറയുന്നു. നീ വീട്ടില്‍ പോ മോനേ ദിനേശാ… മുണ്ടിന്റെ കോന്തല പിടിച്ച് ആറാം തമ്പുരാന്‍ മനയിലൂടെ ധിക്കാര ഭാവത്തില്‍ നടക്കുന്നു.
അന്യോന്യം അംഗീകരിക്കാതെ പരസ്പരം പഴിചാരുകയും രാജിവെച്ചു പുറത്തു പോകുകയുമൊക്കെയാണ് അക്കാദമിയിലെ നാടകങ്ങള്‍. ഓരോ പുരോഗമനക്കാരനും ഓരോ നാടുവാഴിയാവുന്നു. അവര്‍ക്ക് മാതൃക മുഖ്യമന്ത്രിയാണ്, രാജകീയ രഥത്തില്‍ സംസ്ഥാനത്ത് തേരോട്ടം നടത്തുന്ന മുഖ്യന്‍ വിജയന്‍ സഖാവ് മാറ്റാരെയും അംഗീകരിക്കുന്നില്ല. തനിക്ക് സ്തുതി പാടുന്നവര്‍ക്കു മാത്രമേ അദ്ദേഹത്തിനു മുമ്പില്‍ സീറ്റുള്ളൂ.