മഹാനവമി ദിവസം. രാത്രി. കേസരി ഭവനിലെ നവരാത്രി സര്‍ഗ്ഗോത്സവത്തിലെ പ്രഭാഷണവും കേട്ട് കലാപരിപാടിയും കണ്ട് മടങ്ങുകയാണ് ഞങ്ങള്‍. കാറില്‍ നമ്പ്യാരങ്കിള്‍, ഉണ്ണിയേട്ടന്‍, ശ്രീമതി, പിന്നെ ഞാനും.
നമ്പ്യാരങ്കിള്‍ പറഞ്ഞു കേസരി ഭവന്‍ ഇപ്പോള്‍ കോഴിക്കോട്ടെ ഒരു പ്രധാന സാംസ്‌കാരിക കേന്ദ്രമായി മാറിക്കഴിഞ്ഞു.’
‘ശരിയാണ്’ ഞാന്‍ അതിനോട് യോജിച്ചു. ‘ഈ കഴിഞ്ഞ മൂന്നു വര്‍ഷമായി അവിടെ നടന്ന പ്രഭാഷണങ്ങള്‍, കലാപരിപാടികള്‍, ചര്‍ച്ചകള്‍, പലതരം വിദ്യകളുടെ അഭ്യാസം എന്നിവ കണക്കിലെടുത്താല്‍ തീര്‍ച്ചയായും കേസരി ഭവന്‍ ഏറ്റവും നല്ല സാംസ്‌കാരിക കേന്ദ്രം തന്നെയായി മാറി. ഇതൊക്കെ മഹാദ്ഭുതം തന്നെ. ഇത്രയൊക്കെ ആരും കരുതിയില്ല.’
‘ഇനിയിപ്പോ നാളത്തെ പൂജവെയ്പ്പും എഴുത്തിനിരുത്തും കൂടിയായാല്‍ കേമമായി അല്ലെ?’ ഉണ്ണിയേട്ടന്‍ കൂട്ടിച്ചേര്‍ത്തു.
‘അല്ല ഇതുപോലെയുള്ള പുസ്തകപൂജ ഭാരതത്തില്‍ വേറെ എവിടെയെങ്കിലും ഉണ്ടോ?’ ശ്രീമതിയ്ക്ക് സംശയം.
‘ചില സംസ്ഥാനങ്ങളില്‍ ദീപാവലിയ്ക്ക് രാമായണം പൂജിക്കും. ഒപ്പം പേന തുടങ്ങിയ എഴുത്ത് സാമഗ്രികളും. സരസ്വതി പൂജ ഇല്ല. നമ്മുടേതുപോലെയുള്ള പുസ്തക പൂജ എവിടെയുമില്ല.’ ഉണ്ണിയേട്ടന്റെ മറുപടി.
‘സിക്കുകാര്‍ ഗുരു ഗ്രന്ഥ സാഹിബ് എന്ന അവരുടെ പുണ്യപുസ്തകം പൂജിക്കും. അതുപോലെ ജപ്പാനിലും നമ്മുടെ കളരി പൂജ പോലെ വിദ്യയെ പൂജിക്കുന്നുണ്ട്. തായ്ലന്‍ഡ്, കമ്പോഡിയ എന്നീ രാജ്യങ്ങളില്‍ രാമായണം പൂജിക്കപ്പെടുന്നുണ്ട്.’
ഞാന്‍ ചെറിയ ഒരു കറക്ഷന്‍ വരുത്തി.
‘ലോകത്ത് എവിടെയും ഉണ്ടായിരുന്നില്ല എന്ന് പറയാന്‍ പറ്റില്ല. അത്തരം അറിവിനെ ആരാധിക്കുന്ന സംസ്‌കാരങ്ങള്‍ നശിപ്പിക്കപ്പെട്ടു എന്ന് പറയാം. മധ്യ അമേരിക്കയിലെ പുരാതന ആസ്‌ടെക് സാമ്രാജ്യത്തിലെ ജനങ്ങള്‍ക്ക് നമ്മുടേതുപോലെയുള്ള സംസ്‌കാരമായിരുന്നു. അവര്‍ അവരുടെ ഗ്രന്ഥങ്ങളെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും പൂജിക്കുകയും ചെയ്തുവന്നു. അവരുടെ ഏറ്റവും പ്രശസ്തമായ പുണ്യപുസ്തകം തര്‍ജ്ജമ ചെയ്ത ഡാനിയേല്‍ ജി. ബ്രിന്‍ടണ്‍ (1890) അതിന് പേര് നല്‍കിയത് ‘ഋഗ്വേദ അമേരിക്കാനോസ്’ എന്നാണ്. ഇപ്പോള്‍ പ്രോജക്ട് ഗുട്ടന്‍ബെര്‍ഗിന്റെ ഭാഗമാണത്. അവരുടെ മഹത്തായ സംസ്‌കാരത്തിലെ ആയിരക്കണക്കിനു ഗ്രന്ഥങ്ങളാണ് സ്പാനിഷ് അധിനിവേശ ശക്തികള്‍ നശിപ്പിച്ചത്. പുസ്തക പൂജ എന്ന ചടങ്ങ് അങ്ങനെ ലോകത്തിന് നഷ്ടപ്പെട്ടു.
അറിവിനെ, വിദ്യയെ ആദരിക്കുന്ന അപൂര്‍വ്വ ചടങ്ങുകള്‍ ഉയര്‍ത്തിക്കാട്ടി വേണം കേരളം ലോകശ്രദ്ധ പിടിച്ചുപറ്റേണ്ടത്.’
‘ശരിയാണ്. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വേണം നമ്മള്‍ നമ്പര്‍ വണ്‍ എന്നൊക്കെ പറയാന്‍. അല്ലാതെ കമ്മ്യൂണിസ്റ്റുകള്‍ പറയുന്ന പോലത്തെ പ്രബുദ്ധതയൊന്നും ഇവിടെ ഇല്ല.’
ഉണ്ണിയേട്ടന്‍ കുറച്ച് ഉറച്ചു പറഞ്ഞു.
‘അല്ല സാക്ഷരതയില്‍ ഒന്നാം സ്ഥാനം കേരളത്തിനല്ലേ, വായനശാല, ലൈബ്രറി പ്രസ്ഥാനം എന്നിവയിലും?’ നമ്പ്യാരങ്കിള്‍ ചൂണ്ടിക്കാട്ടി.
‘കേരളത്തില്‍ നടക്കുന്ന കാര്യങ്ങള്‍ കണ്ടാല്‍ അതുകൊണ്ടൊന്നും വലിയ കാര്യമില്ല എന്ന് തോന്നും. വ്യക്തമായ സംസ്‌കാരലോപം സംഭവിച്ചിരിക്കുന്നു. സാംസ്‌കാരികമായി നമ്മള്‍ വളരെ താഴ്ന്ന ലെവലിലാണ്. നമ്മള്‍ തിരഞ്ഞെടുത്ത് വിടുന്നവരെ നോക്കൂ. കേരളത്തിലെ കോളേജ് പിള്ളേര്‍ കാട്ടിക്കൂട്ടുന്നത് നോക്കൂ’ ഉണ്ണിയേട്ടന്‍ തര്‍ക്കിച്ചു.
‘ഇനി മനുഷ്യ സ്വഭാവത്തില്‍ കാതലായ മാറ്റം വരുത്തല്‍ മാത്രമായിരിക്കണം വികസനത്തിന്റെ അടുത്ത പടി. വെറും ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസനം കൊണ്ട് മാത്രം കാര്യമില്ല. സ്വഭാവദൂഷ്യം ഏത് തരം വികസനത്തേയും ഇല്ലാതാക്കും. വന്ദേ ഭാരതിന് കല്ലെറിയുമ്പോലെ.’ എന്ന് ഞാനും.
‘ശരിയാണ്’ എല്ലാവരും അതിനോട് യോജിച്ചു.
ഞാന്‍ കൂട്ടിച്ചേര്‍ത്തു. ‘ഒരിക്കല്‍ ഞാന്‍ എ.ഐയോട് (നിര്‍മ്മിതബുദ്ധി) ചോദിച്ചു. മനുഷ്യനില്‍ കാര്യമായ മാറ്റം വരുത്താനുതകുന്ന ഏത് പുസ്തകം ഉണ്ട് എന്ന്. മറുപടി വന്നു. ‘ങമി’ െലെമൃരവ ളീൃ ാലമിശിഴ’ യ്യ ഢശസീേൃ ഋ.എൃമിസ എന്ന്. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ പുസ്തകം. നാസി ഹോളോകോസ്റ്റ് തടവുകാരനായിരുന്നു എഴുത്തുകാരന്‍. ഒരു ജൂതനായിരുന്ന അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ നിറഞ്ഞതാണ് മനുഷ്യനെ മാറ്റി മറിക്കാന്‍ പോന്ന ഈ പുസ്തകം.’
പെട്ടെന്ന് എന്തോ ഒരു മൂകത. എല്ലാവരും ഹോളോകോസ്റ്റ്, ജൂതന്‍ എന്നൊക്കെ കേട്ടപ്പോള്‍ ഇപ്പോള്‍ നടക്കുന്ന ഹമാസ് ഇസ്രായേല്‍ യുദ്ധത്തില്‍ മനം നട്ടുകാണും.
ഞാന്‍ പറഞ്ഞു ‘ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട് ഗുഡ് ബുക്ക് പ്രൊഡ്യൂസ് ഗുഡ് പീപ്പിള്‍; ഈവിള്‍ ബുക്ക് പ്രൊഡ്യൂസ് ഈവിള്‍ പീപ്പിള്‍’
കാറില്‍ സ്വല്പനേരത്തേയ്ക്ക് മൗനം.
എല്ലാവരുടെയും ശ്രദ്ധ തിരിക്കാനായി ശ്രീമതി ചോദിച്ചു ‘വേറെ ഏതൊക്കെ പുസ്തകമാണ് എ.ഐ സജസ്റ്റ് ചെയ്തത്?’
‘രണ്ടു മൂന്നു പുസ്തകം. ദലൈ ലാമയും ഡെസ്മണ്ട് ടുട്ടുവും ചേര്‍ന്ന് എഴുതിയ ‘ദി ബുക്ക് ഓഫ് ജോയ്’, ഡോണ്‍ മിഗുഎലിന്റെ ‘ദി ഫോര്‍ അഗ്രീമെന്റ്‌സ്’ എന്നതേ ഇപ്പൊ ഓര്‍മ്മ വരുന്നുള്ളു. രണ്ടും വായിക്കണം.’
‘ഇതൊക്കെ എങ്ങനെ കിട്ടും? എപ്പോള്‍ വായിക്കും?’ നമ്പ്യാരങ്കിളിന് സംശയം.
‘അതിനൊരു വിദ്യയുണ്ട്. മകനുമായി ഈ പുസ്തകങ്ങളെക്കുറിച്ചു സംസാരിക്കും അവനത് വാങ്ങി വായിക്കും. പിന്നെ നാട്ടില്‍ വരുമ്പോള്‍ കൊണ്ട് വരും. അങ്ങനെ അത് എന്റേതാകും.’
‘ഹ.ഹ. അത് നല്ല ഐഡിയ.’
‘ഒരു കാലത്ത് സാഹിത്യവാരഫലം എം. കൃഷ്ണന്‍ നായര്‍ കുറെയേറെ ലാറ്റിന്‍ അമേരിക്കന്‍ – പാശ്ചാത്യ ഗ്രന്ഥകാരന്മാരെ മലയാളിക്ക് പരിചയപ്പെടുത്തി. മാര്‍കേസിന്റെ ‘വണ്‍ ഹണ്‍ഡ്രഡ് യീയേഴ്സ് ഓഫ് സോളിറ്റിയുഡ്’ ഞാന്‍ അങ്ങനെ വായിച്ചതാ.’ ഉണ്ണ്യേട്ടന്‍ അതിനെ പിന്തുണച്ചു.
‘ഇന്ന് വായന നന്നേ കുറഞ്ഞു. ഏറ്റവും കുറവ് വായനക്കാര്‍ ഇടതു പക്ഷക്കാരായിരിക്കും. എന്തൊരു ബുദ്ധിശൂന്യതയാണ്. അവരുടെ പഴയ നേതാക്കളെ അപേക്ഷിച്ച് ഇംഗ്ലീഷ് പരിജ്ഞാനം വളരെ മോശം. ഒന്നും വായിക്കില്ല ഒന്നും അറിയില്ല. ധിക്കാരം മാത്രമാണ് കൈമുതല്‍.’
‘ശരിയാണ്. സ്തുതിപാഠകര്‍ കാരണഭൂതനും ക്യാപ്റ്റനുമൊക്കെ ആക്കുന്ന നേതാവിന് പത്തമ്പത് ഉപദേശകര്‍ വേണം. എന്നിട്ടോ എന്തെങ്കിലും ചോദിച്ചാല്‍ നമ്പിയാരങ്കിളിന്റെ ഭാഷയില്‍ ‘എനക്കൊന്നുമറിയില്ല’ എന്നും!
എല്ലാവരും ചിരിച്ചു.
‘കൂട്ടത്തില്‍ എനിക്കിട്ടൊന്നു താങ്ങിയല്ലേ?’ എന്ന് ചോദിച്ചതും ഞാന്‍ തിരുത്തി ‘എനിക്ക്’ എന്നാക്കി.
‘ഹ..ഹ..ഹ..’ എല്ലാവരും വീണ്ടും ചിരിച്ചു.
ഉണ്ണിയേട്ടന്‍ തുടര്‍ന്നു ‘സാക്ഷരര്‍, പ്രബുദ്ധര്‍, കേരളം നമ്പര്‍ വണ്‍ എന്നൊക്കെ വീമ്പ് പറയുമെങ്കിലും ഇത്രയും പിടിപ്പ് കെട്ട ഒരു സര്‍ക്കാര്‍ വേറെ ഒരിടത്തും കാണില്ല. അല്ലെ?’
‘ഒരു കാലത്ത് സ്വാതി തിരുനാളിനെപ്പോലെ കര്‍മ്മകുശലനായ ഒരു ഭരണാധികാരി ഇരുന്ന ഇടത്താണ് ഇങ്ങനെ..’
‘സ്വാതി തിരുനാള്‍ സംഗീതജ്ഞനാണെന്നു കേട്ടിട്ടുണ്ട്. ഭരണ നിപുണനുമായിരുന്നുവോ?’ ശ്രീമതിയുടെ സംശയം.
‘സംശയമെന്താ? എല്ലാ കാര്യങ്ങളും സ്വന്തം തീരുമാനമെടുത്ത് നടപ്പാക്കും. ഒരു ഉപദേശകനും വേണ്ട. ആ കഴിവിനെ സ്വായത്ത സിദ്ധി എന്നാണ് അക്കാലത്ത് പറഞ്ഞിരുന്നത്. ഒരു കഥ കേട്ടിട്ടുണ്ട്. ഒരിക്കല്‍ ദിവാന്‍ജി ഒരു മാസം അവധി വേണമെന്ന് മഹാരാജാവിനോട് പറഞ്ഞു. ‘ആയിക്കോട്ടെ’ എന്ന് തിരുമനസ്സും. പോകുമ്പോള്‍ ദിവാന്‍ജി ഒന്നോര്‍മ്മിപ്പിച്ചു പകരം വരുന്ന ആള്‍ നല്ല തഴക്കവും പഴക്കവും ഉള്ള ആളായിരിക്കണം. ഇല്ലെങ്കില്‍ പ്രശ്‌നമുണ്ടാവാം. ‘ശരി’ എന്ന് പറഞ്ഞ മഹാരാജാവ് ദിവാന്‍ജി പോയതിനു ശേഷം കാര്യക്കാരനോട് ഹജൂര്‍ കച്ചേരി അടിച്ചു വാരുന്ന കുറ്റിച്ചൂല്‍ എടുത്ത് ദിവാന്‍ജിയുടെ കസേരയില്‍കൊണ്ടു പോയി വെക്കാന്‍ പറഞ്ഞു. ഒരു മാസം കഴിഞ്ഞു. ഒരു പ്രശ്‌നവുമുണ്ടായില്ല. ദിവാന്‍ജി മടങ്ങി വന്നപ്പോള്‍ തന്റെ കസേരയില്‍ കുറ്റിച്ചൂല്‍ കണ്ടു അരിശപ്പെട്ടു കാര്യം തിരക്കി. മഹാരാജാവ് തിരുമനസ്സ് കല്പിച്ചതാണ് അതെന്ന് കേട്ട് മൗനം പാലിച്ചു. അത്രേയുള്ളു.’
‘ഹ. ഹ..’ ഉണ്ണിയേട്ടന്‍ ചിരിച്ചു. ‘ഇവിടെ ഒരു മന്ത്രി പറഞ്ഞു’ ഇവിടെ കൃഷി ഇല്ലെങ്കിലും പ്രശ്‌നമില്ല അരി തമിഴ്‌നാട്ടീന്നു വരും എന്ന്. ഈ മന്ത്രി ഇല്ലെങ്കിലും പ്രശ്‌നമില്ല അത്രയും ചെലവ് കുറയും എന്ന് ഈ മൂര്‍ഖര്‍ മനസ്സിലാക്കാത്തതെന്താ?’
‘ശരിയാണ്. ശുദ്ധവങ്കന്മാര്‍’ എന്ന് ഞാന്‍ പറയലും വണ്ടി അമ്പല നടയ്ക്കലെത്തി നിന്നു.
രണ്ടു പേരും ഇറങ്ങി ഗുഡ് നൈറ്റ് പറഞ്ഞു.
നമ്പ്യാര്‍ അങ്കിള്‍ ഇത്രയും കൂടി ചേര്‍ത്തു. ‘പുസ്തകപൂജയില്‍ നിന്ന് കുറ്റിച്ചൂല്‍ വരെ എത്തി. ശരി കാണാം’
അവര്‍ യാത്ര പറഞ്ഞപ്പോള്‍ ഞങ്ങള്‍ വണ്ടി വലത്തോട്ട് തിരിച്ചു.