ലോകത്തിനു തന്നെ മാതൃകയാണ് കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടിനെ തിരഞ്ഞെടുത്ത രീതി എന്നാണ് കോണ്‍ഗ്രസ്സിന്റെ അവകാശവാദം. വന്‍ ഭൂരിപക്ഷത്തിന് രാഹുല്‍ മാങ്കൂട്ടം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതായി വാര്‍ത്തയും വന്നു. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു അബിന്‍ വര്‍ക്കിയെ വൈസ് പ്രസിഡണ്ടുമായി പ്രഖ്യാനിച്ചു. ഒരു കുഴപ്പവുമില്ലാതെ തിരഞ്ഞെടുപ്പു നടന്നു എന്നു സമാധാനിച്ചു കെ.പി.സി.സി. നേതാക്കള്‍ വിശ്രമിക്കുന്ന കുന്നില്‍ നിന്ന് തൊട്ടുപിന്നാലെ കറുത്ത പുകയും ലാവയും പ്രവഹിക്കാന്‍ തുടങ്ങി. നേതാക്കള്‍ ഒലിച്ചു പോയോ എന്നറിയില്ല. പിന്നെ ഇക്കാര്യത്തില്‍ അവരുടെ ശബ്ദം കേട്ടിട്ടില്ല. സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും യൂത്ത് കോണ്‍ഗ്രസ്സുകാര്‍ കള്ള തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി തിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന പരാതിയുമായി രംഗത്തെത്തി.
പത്തനംതിട്ടയിലും തിരുവനന്തപുരത്തും മാത്രമല്ല സംസ്ഥാനത്ത് പരക്കെ അട്ടിമറി നടന്നു എന്നാണ് പരാതി. ചില കോണ്‍ഗ്രസ്സുകാര്‍ ബി.ജെ. പി-സി.പി.എം. നേതാക്കള്‍ക്ക് വിവരം ചോര്‍ത്തി കൊടുത്തതു കൊണ്ടാവാം അവര്‍ വിഷയം കത്തിച്ചു. പിന്നാലെ പത്രക്കാരും. രാഹുല്‍ മാങ്കൂട്ടത്തിന്റെ അനുയായികളായ നാലു പേരെ പോലീസ് പിടികൂടി. അവരുടെ മൊബൈലില്‍ നിന്ന് വ്യാജ ഐ.ഡി. കാര്‍ഡിന്റെ തെളിവും കിട്ടി. 1.25 ലക്ഷം വ്യാജ തിരിച്ചറിയല്‍ കാര്‍ഡാണത്രെ ഉണ്ടാക്കിയത്. ഈ വാര്‍ത്തകേട്ട് ദല്‍ഹിയിലിരിക്കുന്നു രാഹുലും സോണിയയും മൂക്കത്ത് വിരല്‍ വെച്ചു. ഇതിലെന്ത് പുതുമ എന്നാണവര്‍ ചോദിച്ചത്. ഗാന്ധി കുടുംബവുമായി പുലബന്ധമില്ലാത്ത തങ്ങള്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നൊക്കെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി തിരഞ്ഞടുപ്പു കമ്മീഷനെ കൊണ്ടുവരെ അംഗീകരിപ്പിച്ചില്ലേ? അതിലും വലുതാണോ ഇത്? ഇക്കാര്യത്തില്‍ മാര്‍ക്‌സിസ്റ്റ് സഖാക്കളും മോശമല്ല. എം.വി.രാഘവന്റെ കയ്യിലുള്ള ഏ.കെ.ജി. ആശുപത്രിയും മറ്റും പിടിക്കാന്‍ അധികാരത്തിന്റെ മറവില്‍ അവര്‍ ഉണ്ടാക്കിയത് വ്യാജ തിരിച്ചറിയല്‍ കാര്‍ഡായിരുന്നു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കല്‍ രാജ്യദ്രോഹമാണെന്നു വാദിക്കുന്ന ഡിഫി നേതാക്കള്‍ ആദ്യം സമരം നയിക്കേണ്ടത് ഏ.കെ.ജി സെന്ററിലേക്കാണ്.