ഐതിഹാസികമായ വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച സാംഘിക്കില്‍ രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ മാനനീയ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ നടത്തിയ ബൗദ്ധിക്.
രാഷ്ട്രീയ സ്വയംസേവക സംഘം കേരളത്തില്‍ സര്‍വ്വത്ര ചിരപരിചിതമാണ്. നാഗപ്പൂരില്‍ ആരംഭിച്ച രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്ര വര്‍ത്തനം ഏകദേശം നൂറ് വര്‍ഷമായി അനുസ്യൂതം നടന്നുകൊണ്ടിരിക്കുന്നു. 1942 മുതല്‍ കേരളത്തിലും സംഘകാര്യം നിരന്തരം നടക്കുന്നു. സമൂഹത്തിന്റെ എല്ലാതലങ്ങളില്‍ നിന്നും വിഭാഗങ്ങളില്‍ നിന്നും ഉള്ള വ്യക്തികള്‍ ഇതിനോടകം സംഘത്തിന്റെ ഭാഗമായിക്കഴിഞ്ഞു. വിവിധ സമൂഹങ്ങളിലെ ഒട്ടനവധി മഹത് വ്യക്തിത്വങ്ങള്‍ പലപ്പോഴായി സംഘത്തിന് ശുഭാശംസകള്‍ നേര്‍ന്നിട്ടുണ്ട്. സമൂഹത്തിലെ ഒട്ടനേകം വിശിഷ്ട വ്യക്തിത്വങ്ങളോടൊന്നിച്ച് പ്രവര്‍ത്തിക്കാനും നമുക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. സംഘത്തിന്റെ മഹത്വവും മര്‍മ്മവും അറിഞ്ഞുകൊണ്ട് അത് സമാജത്തെ പറഞ്ഞ് മനസ്സിലാക്കുവാനുള്ള പരിശ്രമവും അവര്‍ കേരളത്തില്‍ നടത്തിയിട്ടുണ്ട്. അവര്‍ക്കെല്ലാവര്‍ക്കും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഭാഗത്തുനിന്നുള്ള ഹൃദയം നിറഞ്ഞ കൃതജ്ഞത അറിയിച്ചുകൊള്ളട്ടെ.
ഇവിടെ ലക്ഷക്കണക്കിന് വ്യക്തികള്‍ സംഘത്തില്‍ സ്വയംസേവകരായും കാര്യകര്‍ത്താക്കളായും പ്രവര്‍ത്തിച്ചുകൊണ്ട് ഹിന്ദു സമാജത്തെ സംഘടിപ്പിക്കുകയും അതുവഴി ഭാരതത്തെ പരമവൈഭവത്തിന്റെ ശിഖരങ്ങളില്‍ എത്തിക്കാനുള്ള സ്വപ്നത്തിന്റെ സാക്ഷാത്ക്കാരത്തിനുവേണ്ടി അഹര്‍ന്നിശം നിലകൊണ്ടിട്ടും ഉണ്ട്. സമാജത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ട് സംഘത്തിന്റെ കാഴ്ചപ്പാട് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുകൊടുത്ത നിരവധി സ്വയംസേവകര്‍ കേരളത്തില്‍ ഉണ്ട്. ഈ സംഘപ്രവര്‍ത്തനപഥത്തില്‍ ഒരുപാട് കാര്യകര്‍ത്താക്കള്‍ക്ക് സംഘകാര്യം മുന്നോട്ടുകൊണ്ടുപോകാന്‍ സ്വന്തം ജീവന്‍ പോലും ബലികൊടുക്കേണ്ടിവന്നിട്ടുണ്ട്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന് പലവിധത്തിലുള്ള കാര്യക്രമങ്ങള്‍ ഉണ്ട്. ദൈനംദിനം നടക്കുന്ന ശാഖ കൂടാതെ സമാജത്തിലുള്ള വിവിധ വ്യക്തികള്‍ക്ക് സംഘത്തിന്റെ ആശയം എത്തിക്കുന്നതിനുള്ള മറ്റു പല കാര്യക്രമങ്ങളും സമയാസമയങ്ങളില്‍ സംഘം നടത്താറുണ്ട്. ഇന്ന് ഇവിടെ നടക്കുന്ന ഒത്തുചേരല്‍ അത്തരത്തിലുള്ള ഒരു കാര്യക്രമമാണ്. ഇന്നത്തെ ഈ സാംഘിക്കിന്റെ മഹത്വവും സാഹചര്യവും നമ്മുടെ വിഭാഗ് കാര്യവാഹ് ആമുഖമായി പറഞ്ഞു. ഐതിഹാസികമായ വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ സ്മരണക്കാണ് ഈ കാര്യക്രമം സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. ഈ കാര്യക്രമത്തിന് രണ്ട് ഉദ്ദേശ്യമാണ് ഉള്ളത്. ഒന്ന്; നമ്മുടെ സമാജത്തില്‍ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ വേണ്ടിയിട്ടും തൊട്ടുകൂടായ്മ പോലുള്ള കളങ്കങ്ങളെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടിയിട്ടും നടന്ന ഐതിഹാസികമായ ആ മഹാ സത്യഗ്രഹത്തിന് നേതൃത്വം കൊടുത്ത കെ.കേളപ്പന്‍, ടി.കെ.മാധവന്‍, മന്നത്ത് പത്മനാഭന്‍ തുടങ്ങിയ മഹാരഥന്മാരോടും കൂടാതെ സത്യഗ്രഹത്തില്‍ സക്രിയമായി പങ്കെടുത്ത സര്‍വ്വസാധാരണക്കാരോടും ഹിന്ദു സമാജത്തിന്റെ പേരിലുള്ള കൃതജ്ഞത രേഖപ്പെടുത്തുക എന്നതാണ്.
രണ്ടാമത്തെ ഉദ്ദേശ്യം; എന്തു കാരണത്താലാണോ അക്കാലത്ത് സത്യഗ്രഹം നടത്തേണ്ടി വന്നത് എന്നും സാമാജിക സമരസതയും ഏകതയും സ്ഥാപിക്കുവാന്‍ നാമെല്ലാം ഒന്നാണെന്നും നമ്മുടെ ഉള്ളില്‍ ഭേദചിന്തകളോ കാലുഷ്യങ്ങളോ പാടില്ല എന്ന് പുനഃസങ്കല്‍പം ചെയ്ത് മുന്നോട്ട് പോകുവാന്‍ വേണ്ടിയിട്ടും കൂടിയാണ് ഈ ഐതിഹാസിക വര്‍ഷത്തില്‍ വൈക്കം കായലിനെ സാക്ഷിയാക്കി നാം ഒത്തുകൂടുന്നത്. സംഘകാര്യത്തിന്റെ ഉദ്ദേശ്യവും ഇതൊക്കെത്തന്നെയാണ്. സമാജത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഉച്ചനീചത്വങ്ങളോ മുന്നോക്ക പിന്നാക്ക ചിന്താഗതികളോ തൊട്ടുകൂടായ്മ പോലുള്ള ഭേദഭാവങ്ങളോ ഇല്ലാതെ, നാമെല്ലാം ഭാരതാംബയുടെ മക്കള്‍ ആണെന്നും അതിനാല്‍ സാഹോദര്യഭാവത്താല്‍ നാം ഒറ്റ സമൂഹമായി സംഘടിതമായി നിലകൊള്ളണമൊന്നും സംഘം ആഗ്രഹിക്കുന്നു. ഈ സാമാജിക സമരസതയാണ് സംഘ പ്രവര്‍ത്തനത്തിന്റെ ആധാരം. ആയതിനാല്‍ സ്വാഭാവികമായും എല്ലാ സ്വയംസേവകര്‍ക്കും ഐതിഹാസികമായ വൈക്കം സത്യഗ്രഹം നിരന്തര പ്രേരണദായകമാണ്.
1924-25 കാലഘട്ടത്തിലാണ് വൈക്കം സത്യഗ്രഹം നടന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അതിന് ആറുവര്‍ഷത്തിന് ശേഷം 1931-ല്‍ ഗുരുവായൂരില്‍ ക്ഷേത്രപ്രവേശത്തിനുള്ള സത്യഗ്രഹം നടന്നുവെന്നും നമുക്കാറിയാം. അതേ വര്‍ഷം, അതായത് 1931-ല്‍ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ ഇതുപോലെതന്നെ ക്ഷേത്രപ്രവേശനത്തിനായുള്ള മറ്റൊരു അത്ഭുത സംഭവം നടന്നു. ആ സമയം വീരവിനായക ദാമോദര സവര്‍ക്കര്‍ അവിടെ വീട്ടുതടങ്കലില്‍ ആയിരുന്നു. ജയില്‍ മോചിതനായതിനുശേഷം രത്‌നഗിരി ജില്ലയില്‍ നിന്ന് പുറത്തു കടക്കരുത് എന്ന വ്യവസ്ഥയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തെ അവിടെ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. അവിടെയാണ് സവര്‍ക്കറിന്റെ പ്രേരണയാല്‍ മേല്‍പ്പറഞ്ഞ സംഭവം നടന്നത്. ബോംബെയില്‍ നിന്നുള്ള ഒരു വ്യാപാരി സമാന മനസ്‌കരുടെ സഹായത്തോടെ രത്‌നഗിരിയില്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കുകയുണ്ടായി. ക്ഷേത്ര നിര്‍മ്മാണത്തിന്റെ കാരണം ആരാഞ്ഞാല്‍, ഹിന്ദു സമാജത്തിന്റെ ദൗര്‍ഭാഗ്യത്താല്‍ ചില സവര്‍ണ വിഭാഗത്തില്‍ പെട്ടവര്‍ മറ്റ് പിന്നാക്ക വിഭാഗത്തില്‍ പെട്ടവരെയും ദളിതരെയും അവിടുത്തെ ഗണേശോല്‍സവത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നില്ല എന്നതാണെന്ന് മനസ്സിലാക്കുവാന്‍ സാധിക്കും. ഈ പ്രവേശന വിലക്കിനെതിരെ സവര്‍ക്കര്‍ അവിടെ ക്ഷേത്രം നിര്‍മ്മിക്കുകയും ഈ വഞ്ചിതരായ ഹിന്ദുക്കള്‍ക്ക് അവിടെ പ്രവേശിച്ച് ആരാധന നടത്തുവാനുള്ള ഏര്‍പ്പാടുകള്‍ നടത്തുകയും ചെയ്തു. സവര്‍ക്കറിന്റെ പ്രേരണയാല്‍ ‘പതിത പാവനമന്ദിര്‍’ എന്ന പ്രസ്തുത ക്ഷേത്രം നിലവില്‍ വന്നു. ഹിന്ദു സമാജത്തിലെ പതിതര്‍ എന്ന് അറിയപ്പെട്ടിരുന്നവര്‍ പതിതരല്ല; മറിച്ച് പാവനരാണ് എന്ന സന്ദേശം നല്‍കാനായി ക്ഷേത്രത്തിന്റെ ഉദ്ഘാടനചടങ്ങില്‍ ശോഭായാത്രക്ക് ശേഷം ഹിന്ദു സമാജത്തിലെ സവര്‍ണാവര്‍ണ ഭേദമില്ലാതെ, ഉച്ചനീചത്വ ഭാവങ്ങളില്ലാതെ സര്‍വ്വര്‍ക്കും പ്രവേശനം ലഭ്യമാക്കി. സവര്‍ക്കര്‍ ഹിന്ദുത്വ ആശയങ്ങളെ മുഴുവന്‍ ലോകത്തിന്റെയും മുന്നില്‍ വച്ചത് ഇങ്ങനെയാണ്. സാമാജിക സമരസതയുടെ ഈ ഐതിഹാസിക കാര്യത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടത് സമാജത്തിന്റെ വൈഷമ്യങ്ങളെ ദൂരികരിച്ചുകൊണ്ടാണ്. ഇതാണ് ഹിന്ദുത്വത്തിന്റെ ആധാരശില.
സംഘകാര്യത്തെ ഹിന്ദു സമാജത്തിന്റെ സംഘാടനം എന്നാണ് നാം പൊതുവെ പറയാറുള്ളത്. നാം പ്രതിദിനം സംഘശാഖയില്‍, കാര്യക്രമങ്ങളില്‍ ഒന്നും ഭേദഭാവനകള്‍ കാട്ടാറില്ല. വര്‍ഷങ്ങളായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന സ്വയംസേവകര്‍ പോലും അപരന്റെ ജാതി ഏതെന്ന് അറിയാറില്ല. ഇപ്രകാരം ദൈനംദിന ആചരണത്തിലൂടെയും വ്യവഹാരത്തിലൂടെയും സമാജത്തിലും സ്വന്തം കുടുംബത്തിലും ഹിന്ദു സമാജത്തിനേറ്റ ഈ കളങ്കത്തെ… ശാപത്തെ.. കഴുകിക്കളഞ്ഞ് അതിനെ തൊട്ടുകൂടായ്മ അടക്കമുള്ള അനാചാരങ്ങളില്‍ നിന്ന് മോചിപ്പിക്കുവാനുള്ള പരിശ്രമങ്ങള്‍ സ്വയം സേവകരിലൂടെ ദിവസവും നടന്നു കൊണ്ടിരിക്കുന്നു.
പലതരത്തിലുള്ള മഹത്വമാര്‍ന്ന ഇടപെടലുകളും സമയാസമയങ്ങളില്‍ സംഘത്തിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. 1966ല്‍ പ്രയാഗ്‌രാജില്‍ കുംഭമേള നടന്നപ്പോള്‍ ഹിന്ദു സമാജത്തിലെ വിവിധ സന്ന്യാസി മഠങ്ങളുടെ മഹാമണ്ഡലേശ്വരന്മാര്‍ സാമുദായിക ആചാര്യന്മാര്‍, ധാര്‍മിക ഗുരുക്കന്മാര്‍ എന്നിവര്‍ പങ്കെടുത്ത മഹാസമ്മേളനം വിശ്വഹിന്ദു പരിഷത്തിന്റെ കാര്‍മ്മികത്വത്തില്‍ നടക്കുകയുണ്ടായി. സംഘത്തിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ആയിരുന്ന പൂജനീയ ഗുരുജി ഈ സമ്മേളനത്തില്‍ ‘ന ഹിന്ദു പതിതോ ഭവേത്’ (ഒരു ഹിന്ദുവും പതിതനല്ല) എന്ന ആപ്തവാക്യം ഹിന്ദു ധാര്‍മിക ഗുരുക്കന്മാരെക്കൊണ്ട് പ്രഖ്യാപിക്കുകയുണ്ടായി. അതുപോലെ 1969-ല്‍ കര്‍ണാടകയിലെ ഉഡുപ്പിയില്‍ ഒരു മഹാ സമ്മേളനം നടക്കുകയുണ്ടായി. ‘ഹിന്ദവ: സോദരാ സര്‍വ്വേ’ (ഹിന്ദുക്കളെല്ലാവരും സഹോദരരാണ്) എന്ന പ്രഖ്യാപനം അവിടെ വച്ച് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായി. ഇത്തരത്തിലുള്ള ഐതിഹാസികമായ സമ്മേളനങ്ങളിലൊക്കെ ഉണ്ടായ ഹിന്ദു സമാജത്തിലെ കളങ്കങ്ങള്‍” കഴുകിക്കളയാനുതകുന്ന തീരുമാനങ്ങളില്‍ സംഘം പിന്തുണകൊടുത്ത് ഉറച്ചുനിന്നു. ഇത്തരത്തില്‍ നമുക്കറിയാം, വരുന്ന മകരസംക്രാന്തി ദിവസം അയോദ്ധ്യയില്‍ ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ ഭവ്യക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടക്കാന്‍ പോവുകയാണ്. ഈ ക്ഷേത്രത്തിനായുള്ള പ്രക്ഷോഭകാലത്ത് 1989ല്‍ അയോദ്ധ്യയില്‍ ശിലാന്യാസം നടന്നിരുന്നു. ഈ കാര്യക്രമത്തില്‍ അവശ ജനവിഭാഗത്തില്‍ നിന്നുള്ള രാമേശ്വര്‍ചൗപാല്‍ ആണ് ശിലാന്യാസം നടത്തിയത്. ഇന്നും അദ്ദേഹം രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റി എന്ന നിലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
ആയിരക്കണക്കിന് വര്‍ഷങ്ങളായി ഹിന്ദുസമാജത്തിന്റെ തന്നെ ഉള്ളില്‍ നിന്നു വളര്‍ന്നുവന്നിട്ടുള്ള നവോത്ഥാന നായകര്‍, സന്ന്യാസി വര്യന്മാര്‍, മഹാപുരുഷര്‍ എന്നിവര്‍ സമാജത്തിനുള്ളിലെ ഭേദഭാവനകള്‍, കുറവുകള്‍, ദോഷങ്ങള്‍ എന്നിവ പരിഹരിക്കാനുള്ള പ്രയത്‌നങ്ങള്‍ നടത്തിയിട്ടുണ്ട്. സംഘമാവട്ടെ, ഇവരില്‍ നിന്നൊക്കെയുള്ള പ്രേരണകള്‍ ഉള്‍ക്കൊണ്ടു കൊണ്ടാണ് മുന്നോട്ട് പോവുന്നത്. സംഘം ഒരു ലക്ഷത്തിലധികം ചെറുതും വലുതുമായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പിന്നാക്ക സമൂഹത്തില്‍ ജനിച്ചു എന്ന കാരണത്താല്‍ ദാരിദ്ര്യത്തിലും കഷ്ടതയിലും കഴിയുന്ന നിരവധിയനവധി സഹോദരന്മാര്‍ക്ക് ആരോഗ്യം, വിദ്യാഭ്യാസം, സ്വാശ്രയം, സംസ്‌കാരം എന്നീ തലങ്ങളില്‍ വിവിധങ്ങളായ സേവനങ്ങള്‍ സ്വയംസേവകര്‍ വര്‍ഷം മുഴുവനും ചെയ്യുന്നു. കുറച്ചു നാള്‍ മുമ്പ് നമ്മുടെ പൂജനീയ സര്‍സംഘചാലക് സ്വയംസേവകരോടും പൊതുസമൂഹത്തോടുമായി പറഞ്ഞു, ഏതെങ്കിലും ഗ്രാമത്തില്‍ ക്ഷേത്രം, ജല സ്രോതസ്സുകള്‍, ശ്മശാനം എന്നിവ എല്ലാവര്‍ക്കും ആയി അനുവദനീയമല്ലെങ്കില്‍ അത് എല്ലാവര്‍ക്കുമായി ജാതി ഭേദമന്യേ തുറന്നു കൊടുക്കേണ്ടതാണ് എന്ന്. ഇതിനായി നാം (സ്വയംസേവകര്‍) രാജ്യമെങ്ങും പ്രവര്‍ത്തിക്കേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇങ്ങനെയൊരു സ്ഥിതി ഇല്ലായിരിക്കാം; പക്ഷെ, ഉത്തര ഭാരതത്തില്‍ അത്തരം സ്ഥിതി ഇന്നും നിലവിലുള്ള പ്രദേശങ്ങള്‍ ഉണ്ട്.
സ്വന്തം സമാജത്തിലെ ഇത്തരം കളങ്കങ്ങള്‍ നീക്കി സമാജത്തെ സാമര്‍ത്ഥ്യശാലിയും സ്വാവലംബിയും ശക്തിസമ്പന്നവുമായ ഹിന്ദുസമാജമായി പടുത്തുയര്‍ത്തേണ്ടതുണ്ട്. അത്തരത്തിലുള്ള ഒരു സമര്‍ത്ഥ-സംഘടിത ഹിന്ദു സമാജത്തെ ഭാരതത്തിന് മാത്രമല്ല വിശ്വത്തിലെ മുഴുവന്‍ മാനവികതക്കും ആവശ്യമുണ്ട്. ഇങ്ങനെയുള്ള സംഘടിത സമാജം വഴിയാണ് മാനവികതക്ക് ഉത്ഥാനം (വളര്‍ച്ച) ഉണ്ടാവുക. ഇതാണ് നമ്മുടെ വൈശിഷ്ട്യം. ഉദാഹരണത്തിന് ഭാരതത്തിന്റെ ഈ രാഷ്ട്ര ബോധം/ദേശീയ ബോധം ശക്തമാകുമ്പോള്‍ വിശ്വം മുഴുവനുള്ള മനുഷ്യര്‍ നമ്മെ സ്വീകരിക്കാന്‍ തയ്യാര്‍ ആകും എന്ന് കാണാന്‍ സാധിക്കും. ഈയിടെ ജി-20 സമ്മേളനങ്ങളുടെ സമാപനം ദല്‍ഹിയില്‍ നടന്നപ്പോള്‍ ലോകരാജ്യങ്ങള്‍ക്ക് നാം കൊടുത്ത സന്ദേശം ‘വസുധൈവ കുടുംബകം’ എന്നായിരുന്നു. മുഴുവന്‍ വിശ്വവും ഒരു കുടുംബമാണ് എന്നും ‘ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി’ എന്നും നാം അവരോട് ഉദ്‌ഘോഷിച്ചു. രണ്ടു വര്‍ഷം മുമ്പ് കോവിഡ് മഹാമാരി ഒരു വലിയ വെല്ലുവിളിയായി ഉയര്‍ന്നു വന്നു. ആ അവസരത്തില്‍ ലോകത്തിന് മുഴുവന്‍ വാക്‌സിന്‍ കൊടുക്കാന്‍ ഭാരതം തയ്യാറായി. ഭാരതം സമര്‍ത്ഥശാലിയും സംഘടിതവും ആയി മാറിയപ്പോള്‍ ആണ് ഇത് സാധ്യമായത്. അതിനാല്‍ എല്ലാ ഭേദഭാവങ്ങളും മറന്ന് ഒരു രാഷ്ട്രപുരുഷന്‍ എന്ന നിലയില്‍ നിവര്‍ന്നു നില്‍ക്കേണ്ടതുണ്ട്. ഇതേ മാര്‍ഗ്ഗം തന്നെയാണ് സ്വാമി വിവേകാനന്ദനും നമുക്ക് കാട്ടിത്തന്നിട്ടുള്ളത്. ഭാരതത്തിലെ ഹിന്ദു സമാജം സംഘടിതമാവണം എന്ന് അദ്ദേഹം നമ്മെ ഓര്‍മ്മിപ്പിച്ചു. അദ്ദേഹത്തിന്റെ ശിഷ്യയായിരുന്ന ഭഗിനി നിവേദിതയും ഇതുതന്നെ പറഞ്ഞിട്ടുണ്ട്. ”ഹിന്ദു സമാജത്തിലെ എല്ലാവരും ആഴ്ചയില്‍ ഒരിക്കല്‍ അവരവരുടെ ഗ്രാമത്തിലോ നഗരത്തിലോ ഒന്നിച്ചു കൂടിയാല്‍ അതില്‍ നിന്നൊരു അത്ഭുത ശക്തി ഉരുവാകും. എല്ലാവരുടെയും ഇടയിലുള്ള ഭേദഭാവം അപ്രത്യക്ഷമാവും. അവരില്‍ സ്വാഭിമാനം ജനിക്കും. ഭാരതം ഒരിക്കല്‍ കൂടി ഉയര്‍ത്തെഴുന്നേല്‍ക്കും. സംഘം ഈ പ്രേരണയാല്‍ ഇന്ന് രാജ്യത്തുടനീളം പ്രതിദിനം ആയിരക്കണക്കിന് ശാഖകള്‍ നടത്തിക്കൊണ്ട് ഹിന്ദു സമാജത്തിന്റെ സംഘടിത ശക്തി സാധ്യമാക്കാന്‍ പ്രയത്‌നിക്കുകയാണ്.
ഭാരതത്തെ ശക്തിസമ്പന്നവും സംസ്‌കാരസമ്പന്നവും സാമര്‍ത്ഥ്യ സമ്പന്നവും ആക്കിത്തീര്‍ക്കാനുതകുന്ന ഒരു സംഘടനയെയാണ് സംഘം വിഭാവനം ചെയ്യുന്നത്. ഇതില്‍ നിന്ന് സമാജത്തിനാവശ്യം വരുമ്പോള്‍ അവിടെ സേവന തത്പരരായി ഇറങ്ങി പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ സംഘങ്ങള്‍ ഉണ്ടാവും. ഇന്ന് ഗ്രാമഗ്രാമാന്തരങ്ങളിലും നഗരപ്രദേശങ്ങളിലും സമാജോന്നതിക്കായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കളെ നാം കാണുന്നു. സമാജത്തിന്റെ സംഘടനയിലൂടെ സേവനം സാധ്യമാവുകയും അതിലൂടെ രാഷ്ട്രവൈഭവം ഉണ്ടാവുകയും ചെയ്യുന്നു. സംഘടനയിലൂടെ കേവലം സേവനം മാത്രമല്ല. സമാജ സുരക്ഷയും സംഭവിക്കുന്നു. ഹിന്ദു സമാജത്തിനു മുന്നില്‍ ഒട്ടനവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. സംഘടിതശക്തികൊണ്ട് മാത്രമേ സമാജത്തെ സുരക്ഷിതമാക്കാന്‍ സാധിക്കൂ. ആയതിനാല്‍ സംഘസ്വയംസേവകര്‍ സമാജത്തിന്റെ വിവിധ മാര്‍ഗ്ഗങ്ങളിലുള്ള സമുദായ നേതൃത്വവുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തണം. ”സംഘച്ഛത്വം സബദത്വം സം വോ മനാം സി ജാനതാ…” ഒരുമിച്ച് മുന്നേറുമ്പോള്‍, ഒരുമിച്ച് സംസാരിക്കുമ്പോള്‍, ഒരുമിച്ച് ചിന്തിക്കുമ്പോള്‍ സമാജത്തില്‍ ഒരു പുതുശക്തി ഉദയം ചെയ്യുന്നു. ഈ ശക്തിയിലൂടെ സമാജത്തിന് ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കും. സമാജത്തെ വൈഭവത്തിലേക്കെത്തിക്കും. ഇതാണ് സംഘകാര്യത്തിന്റെ കാതല്‍.
സംഘകാര്യം കേവലമായ ഉപദേശങ്ങളോ കാര്യക്രമങ്ങളോ അല്ല; മറിച്ച് നിത്യേനയുള്ള സാധനയാണ്. ഈ സാധന അനുഷ്ഠിച്ചാല്‍ മാത്രമേ നാം സഫലതയില്‍ എത്തുച്ചേരുകയുള്ളൂ. നാം ഇപ്പോള്‍ ഏഷ്യന്‍ ഗെയിംസ് കാണുന്നുണ്ട്. നമ്മുടെ യുവതീയുവാക്കള്‍ അനവധി മെഡലുകള്‍ വാരിക്കൂട്ടുന്നുമുണ്ട്. അതിന്റെയൊക്കെ പിന്നില്‍ നിരന്തര പരിശ്രമവും സാധനയും തപസ്സും ഉണ്ട്. പ്രതിദിനം അവര്‍ക്ക് പരിശ്രമിക്കേണ്ടി വന്നു. അപ്പോഴാണ് സഫലത ലഭിച്ചത്. സംഗീതകാരന്മാര്‍ ഇതുപോലുള്ള സദസുകളില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് ആനന്ദവും മാനസികോല്ലാസവും ശാന്തിയും നല്‍കുന്നത് വര്‍ഷങ്ങളുടെ നിരന്തര സാധനയും പരിശീലനവും കൊണ്ടാണ്. പ്രതിദിനം സാധന ചെയ്തില്ല എങ്കില്‍ അവരുടെ സംഗീതത്തില്‍ മേല്‍പറഞ്ഞ പ്രഭാവം ഉണ്ടായിരിക്കില്ല. കായികതാരമാണെങ്കിലും സംഗീതകാരനാണെങ്കിലും സഫലതക്ക് നിത്യസാധന എത്രത്തോളം ആവശ്യമാണോ അത്രത്തോളം സംഘടനാ കാര്യം ചെയ്യുന്നവര്‍ക്കും ആവശ്യമാണ്.
ഹിന്ദു സമാജത്തില്‍ സമരസത കൊണ്ടുവരുവാനും ഭേദഭാവനകള്‍ ദൂരീകരിക്കുവാനും ചെയ്യുന്ന കാര്യങ്ങളാണ് സമാജ പരിവര്‍ത്തനം സാധ്യമാക്കുന്നത്. സംഘം അതിന്റെ ശതാ ബ്ദി ലക്ഷ്യങ്ങളൊന്നില്‍ പഞ്ച പരിവര്‍ത്തനം എന്ന ചിന്ത മുന്നോട്ട് വയ്ക്കുന്നു. ഈ അഞ്ച് ആയാമങ്ങളിലൂടെ നമുക്ക് സമാജത്തില്‍ പരിവര്‍ത്തനം വരുത്തേണ്ടതുണ്ട്. ഇതില്‍ ഒന്നാമത്തേത് സാമാജികസമരസതയാണ്. അത് നമ്മള്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞു. രണ്ടാമത്തേത് കുടുംബ പ്രബോധനമാണ്. ഹിന്ദു സമാജത്തിന്റെ ആധാരം കുടുംബങ്ങളാണ്. ഓരോ കുടുംബത്തിലെയും അംഗങ്ങള്‍ നമ്മുടെ ധര്‍മ-സംസ്‌കൃതികളുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തില്‍ നയിക്കപ്പെടുമ്പോള്‍ ആദര്‍ശ കുടുംബവും അതുവഴി ആദര്‍ശ സമാജവും ഉത്ഭൂതമാവുന്നു. അങ്ങനെ സുസ്ഥിരമായ കുടുംബം സ്വാഭാവികമായും സമരസതയെ കുറിച്ച് ചിന്തിക്കും. കുടുംബത്തിലെ പുതുതലമുറയിലെ കുട്ടികള്‍ ഹിന്ദുത്വ വിചാരങ്ങളാവുന്ന ധര്‍മം, സംസ്‌കൃതി, ദേശഭക്തി, സമാജ സേവ എന്നീ ഭാവനകളാല്‍ വളരുന്നു. സ്വന്തം പരിശ്രമത്താല്‍ സ്വജീവിതവും കെടിപ്പടുക്കണം. ഇതിന്റെയൊക്കെ ആദ്യപാഠങ്ങള്‍ അവര്‍ക്ക് സ്വകുടുംബങ്ങളില്‍ നിന്നുതന്നെ ലഭിക്കണം.
മൂന്നാമത്തേത് പരിസ്ഥിതിയാണ്. ഇതിനെ സംബന്ധിച്ച് ഇന്ന് മുഴുവന്‍ ലോകത്തിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കാട്, കൃഷിസ്ഥലം, മൃഗങ്ങള്‍ (ജംഗിള്‍, ജമീന്‍, ജാന്‍വര്‍) ഇവയെ സംരക്ഷിക്കണം. ജലവും വായുവും സംരക്ഷിക്കപ്പെടണം. ഇവയൊക്കെ അനുനിമിഷം മലിനപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം വര്‍ദ്ധിച്ചതിനാല്‍ ഭൂമി വിഷമയമായി മാറിക്കൊണ്ടിരിക്കുന്നു. അതിനാല്‍ തന്നെ മഴയില്ലായ്മയും കാലാവസ്ഥാ മാറ്റവും ഇന്ന് ലോകത്ത് വലിയ സമസ്യകളാണ്. ആയതിനാല്‍ നമുക്ക് വനവല്‍ക്കരണം സസ്യങ്ങള്‍ വച്ചുപിടിപ്പിക്കല്‍ ഇവയൊക്കെ നടത്തേണ്ടിയിരിക്കുന്നു. ജല മലിനീകരണം തടയേണ്ടതുണ്ട്. ഇങ്ങനെ, പരിസ്ഥിതി സംരക്ഷണത്തിന്റെ സാമാന്യമായ കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പകര്‍ത്തേണ്ടതുണ്ട്. അതിനാല്‍ പരിസ്ഥിതി സംരക്ഷണവും സ്വയംസേവകര്‍ മറ്റുള്ളവരെ കൂട്ടി നടത്തേണ്ടതുണ്ട്.
ഇനിയുള്ളത് സ്വദേശീ വ്രതമാണ്. ഭാരതത്തില്‍ നമുക്കെല്ലാം സ്വദേശീ ജീവിതരീതി അനുഷ്ഠിക്കേണ്ടതുണ്ട്.
വലുതായാലും ചെറുതായാലും നമ്മുടെ വീട്ടില്‍ ഉപയോഗിക്കുന്ന വസ്തു സ്വദേശി ആയിരിക്കണം. നമുക്കറിയാം ചന്ദ്രയാന്‍-3 നമ്മുടെ ശാസ്ത്രജ്ഞര്‍ പൂര്‍ത്തീകരിച്ചത്. സ്വദേശി നിഷ്ഠയോടെയാണ്. കേവലം ശാസ്ത്രരംഗത്തു മാത്രമല്ല ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഈ സ്വദേശി നിഷ്ഠ നാം പാലിക്കണം. സ്വദേശി-സ്വഭാഷാ-സ്വഭൂഷാ ഇവയൊക്കെ സാര്‍ത്ഥകമാക്കണം. ഇതിനായി നമ്മുടെ ഗ്രാമ-നഗരങ്ങളില്‍ പരിശ്രമം ഉണ്ടാവണം. സംഘകാര്യത്തില്‍ ഇതും മഹത്വമാര്‍ന്ന ഒരു പ്രവര്‍ത്തനമാണ്.
അഞ്ചാമത്തേത് പൗരധര്‍മ്മം ആണ്. നാമെല്ലാം ഭാരതത്തിന്റെ പൗരന്മാരാണ്. പൗരന്മാര്‍ എന്ന നിലയില്‍ നമുക്ക് നമ്മുടേതായ കര്‍ത്തവ്യങ്ങളും ഉണ്ട്. പൗരന്മാരെ സംബന്ധിച്ച് അച്ചടക്കം, അനുശാസനം എന്നിവ പാലിക്കാന്‍ ബാധ്യസ്ഥരാണ്. നമ്മുടെ ജീവിതത്തില്‍ സമാജത്തിന്റേതായ അനുശാസനങ്ങള്‍ പാലിക്കണം. സ്വയംസേവകരെന്ന നിലയില്‍ നാമിപ്പോള്‍ ഈ മൈതാനത്തിലിരിക്കുമ്പോള്‍, ഇത് നമ്മുടെ ആവശ്യത്തിന് മാത്രമുള്ളതല്ല; മറിച്ച് സമാജത്തിന്റെ ആവശ്യത്തിനും കൂടി ഉള്ളതാണെന്ന് മനസ്സിലാക്കണം. അതിനാല്‍ നമ്മുടെ കാര്യക്രമം കഴിഞ്ഞ് മൈതാനം വൃത്തിയാക്കി സൂക്ഷിക്കണം. ഇങ്ങനെ നിത്യജീവിതത്തില്‍ ട്രാഫിക് നിയമങ്ങളെ അനുസരിക്കുന്ന കാര്യത്തിലാണെങ്കിലും പൊതു മുതലുകള്‍ ഉപയോഗിക്കുന്ന കാര്യത്തിലാണെങ്കിലും നിയമപാലനത്തിന്റെ കാര്യത്തിലാണെങ്കിലും നാം പൗരധര്‍മ്മം പാലിക്കണം. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും സ്വാതന്ത്ര്യം ചില ഉത്തരവാദിത്തങ്ങളും കൂടി നമ്മെ ഏല്‍പിക്കുന്നുണ്ട്. എന്തും ചെയ്യാനുള്ള സ്വാതന്ത്രമല്ല നമുക്ക് ലഭിച്ചിട്ടുള്ളത്. ആയതിനാല്‍ ഭാരതീയ പൗരസമൂഹത്തിന് സ്വന്തം കര്‍ത്തവ്യങ്ങളെ കുറിച്ചും പൗരധര്‍മ്മത്തെക്കുറിച്ചും അവബോധം നല്‍കുക എന്നുള്ളതും സംഘകാര്യം തന്നെയാണ്.
ഈ പഞ്ച പരിവര്‍ത്തനങ്ങളെ സംഘം അതിന്റെ ശതാബ്ദിവേളയില്‍ സമാജത്തിന്റെ ഓരോ കോണിലും എത്തിക്കാനുള്ള പരിശ്രമം സ്വയം സേവകരിലൂടെ നടത്തുകയാണ്. ഇത് സമാജ പരിവര്‍ത്തനത്തിന്റെ പഞ്ച സ്തംഭങ്ങള്‍ (അഞ്ച് തൂണുകള്‍) ആണ്. ഇത് നമ്മുടെ നിത്യശാഖ നടക്കുന്ന സ്ഥാനുകളിലും ഗ്രാമ-നഗരങ്ങളിലും വിദ്യാലയങ്ങളിലും ഓഫീസുകളിലും കുടുംബങ്ങളിലും ഒക്കെ ആചരിക്കാനുള്ള സ്വഭാവം സമാജത്തില്‍ ഉണ്ടായിവരണം. സ്വയംസേവകര്‍ ഇവ ആചരിച്ചുകൊണ്ട് മറ്റുള്ളവരെയും ആചരിക്കാന്‍ പ്രേരിപ്പിക്കണം. Be and make (ആവുകയും ആക്കിത്തീര്‍ക്കുകയും ചെയ്യുക) ഇതാണ് നമ്മുടെ മന്ത്രം. സംഘകാര്യം-ഹിന്ദുസമാജത്തിന്റെ സംഘാടനം- ഇത് സ്വസാമര്‍ത്ഥ്യത്തിലൂടെയും ആത്മ സംയമനത്തിലൂടെയും അനുശാസനത്തിലൂടെയും വൈഭവശാലിയായ ഒരു ഭാരതത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യവും പേറിയാണ്. ഈ കാര്യങ്ങള്‍ ഗ്രാമനഗരങ്ങളില്‍ ശാഖയില്‍ പോകുന്ന സ്വയംസേവകര്‍ മറ്റുള്ളവരുടെ കൂടി പങ്കാളിത്തത്തോടെ നടപ്പാക്കണം എന്നാണ് സംഘം പ്രതീക്ഷിക്കുന്നത്. വൈക്കം സത്യഗ്രഹം എങ്ങനെയാണോ എല്ലാവരുടെയും പങ്കാളിത്തത്തോടെ സഫലമായത്, അതുപോലെ തന്നെ സമാജത്തിലെ എല്ലാവരുടെയും പങ്കാളിത്തത്തോടെ ഒരുമിച്ച് സമാജ പരിവര്‍ത്തനത്തിന്റെ ഈ കാര്യങ്ങള്‍ നടപ്പാക്കാന്‍ മുന്നേറാം. നമ്മള്‍ ശാഖ, നിത്യസാധന, സമാജം പരിവര്‍ത്തനമെന്ന ലക്ഷ്യം, സമാജത്തെ ഒപ്പം നിറുത്തുന്ന സ്വഭാവം ഇവയെല്ലാം ചേര്‍ത്ത് പ്രവര്‍ത്തിക്കണം. ഇന്ന് ഈ കാര്യക്രമത്തില്‍ പങ്കെടുത്ത സമാജത്തിലെ വിവിധ വിശിഷ്ട വ്യക്തികള്‍ക്കും സംഘബന്ധുക്കള്‍ക്കും സന്ന്യാസി ശ്രേഷ്ഠന്മാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി അറിയിച്ചു കൊള്ളുന്നു. നിങ്ങളുടെ ആശീര്‍വാദം എല്ലായ്‌പ്പോഴും ഞങ്ങള്‍ക്കുണ്ടാവണമെന്ന് പ്രാര്‍ത്ഥിക്കുന്നു. സംഘസ്വയംസേവകരോട് ഭാരതമാതാവിന്റെ പരമവൈഭവത്തിനായി ഒന്നിച്ചു മുന്നേറാം എന്നും പറഞ്ഞു കൊള്ളട്ടെ!
”തേരാ വൈഭവ് അമര്‍ രഹേ മാ
ഹമ് ദിന ചാര്‍ ന രഹേ”
(നിന്റെ വൈഭവം അമരമാവട്ടെ അമ്മേ; ഞങ്ങളുടെ ജീവനോ ക്ഷണികമല്ലേ)