Saturday, July 12, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home യാത്രാവിവരണം

അനുഭൂതിദായകമായ ഗംഗാ ആരതി (അവിസ്മരണീയമായ കാശിദര്‍ശനം തുടര്‍ച്ച)

ജിതേന്ദ്രന്‍ എസ്.മംഗലത്ത്

Print Edition: 3 November 2023

മൂന്നാം ദിവസമായ മാര്‍ച്ച് 30 ബുധനാഴ്ച രാവിലെയായിരുന്നു പിതൃതര്‍പ്പണം. ശിവാല ഘാട്ട് ആണ് അതിനുള്ള വേദി. രാവിലെ 5 മണിക്ക് കുളിച്ചു ശുദ്ധിയായി ശിവാല ഘാട്ടിലെത്തി. താമസസ്ഥലത്തുനിന്നും നടന്നെത്താവുന്ന ദൂരമേയുള്ളൂ. നമ്മുടെ ഏഴു തലമുറയില്‍പ്പെട്ട സകല പിതൃക്കള്‍ക്കും മുക്തി ലഭിക്കാന്‍ കാശിയിലെ ഗംഗാതീരത്തെ പിതൃപൂജയും ബലിതര്‍പ്പണവും കാരണമാകും എന്നാണ് വിശ്വാസം. കാശിയില്‍ സ്ഥിര താമസമാക്കിയ, ശങ്കരമഠത്തിലെ അംഗമായ, മലയാളിയായ, ഒരാചാര്യനായിരുന്നു കര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. എല്ലാവര്‍ക്കും വേണ്ട ബലിച്ചോര്‍ നമ്മള്‍ ഹോട്ടലില്‍ വച്ചു തയ്യാറാക്കി കൊണ്ടുവന്നിരുന്നു. അവിടെയുള്ളവര്‍ സാധാരണയായി ഗോതമ്പുമാവു കുഴച്ച് ഉരുളയാക്കിയാണ് പിണ്ഡം തയ്യാറാക്കാറുള്ളത്. പൂജയ്ക്കാവശ്യമായ മറ്റു വസ്തുക്കളെല്ലാം അദ്ദേഹം കൊണ്ടുവന്നിരുന്നു. എല്ലാവരേയും ഗംഗയുടെ വിശാലമായ പടവുകളില്‍ ഒരുമിച്ചിരുത്തി മൈക്കിലൂടെ നിര്‍ദ്ദേശങ്ങള്‍ തന്ന് സകല പിതൃക്കള്‍ക്കും വേണ്ടിയുള്ള ബലികര്‍മ്മങ്ങള്‍ ചെയ്യിച്ചു. കിഴക്കോട്ടു തിരിഞ്ഞ് ഗംഗാനദിക്ക് അഭിമുഖമായാണ് എല്ലാവരും ഇരുന്നത്. കര്‍മ്മങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ സുന്ദരമായ സൂര്യോദയം മുന്നില്‍ തെളിഞ്ഞുവന്നു. ആദിത്യനെ ദര്‍ശിച്ചു തൊഴുത് പിണ്ഡങ്ങള്‍ ഗംഗയില്‍ ഒഴുക്കി. വളരെ വികാരഭരിതമായ ഒരു അനുഭവമായിരുന്നു, ഗംഗാതീരത്തെ ആ ബലിതര്‍പ്പണം. അതിനുശേഷം ചിലരെല്ലാം ഗംഗയില്‍ മുങ്ങിക്കുളിച്ചു. ചിലര്‍ മുട്ടറ്റംവരെ ജലത്തില്‍ നിന്ന് പ്രോഷണം ചെയ്തു (ശിരസ്സിലും മുഖത്തും തളിച്ചു). വസ്ത്രങ്ങള്‍ നനഞ്ഞവര്‍ വീണ്ടും അവരവരുടെ മുറികളില്‍പ്പോയി വസ്ത്രം മാറിവന്നു. പ്രഭാത ഭക്ഷണത്തിനുശേഷം കാല്‍നടയായി കേദാര്‍ ഘാട്ടിലേക്കു നടന്നു. അവിടെയാണ് കേദാരേശ്വര്‍ മന്ദിര്‍. കേദാരേശ്വരിലെ ശിവലിംഗ പ്രതിഷ്ഠ, രണ്ടായി പകുത്ത ഒരു മണല്‍ക്കൂനയുടെ ആകൃതിയിലാണ്. മാന്ധാതാവു മുനിയുമായി ബന്ധപ്പെട്ടാണ് അതിന്റ ഐതിഹ്യം. മാന്ധാതാവു മുനി ലിംഗരൂപത്തിലുള്ള മഹാദേവ ദര്‍ശനം ലഭിക്കുവാനായി കേദാര്‍ഘട്ടില്‍ തപസ്സിരുന്നു. ജലപാനമില്ലാതെ ദിവസങ്ങളോളം തപസ്സു നീണ്ടു. അപ്പോള്‍ ഒരു അശരീരി കേട്ടുവത്രെ. ”നീ തപസ്സു മതിയാക്കി ഭക്ഷണം കഴിക്കൂ. അതിനുശേഷമേ ഞാന്‍ നിന്റെ മുന്നില്‍ പ്രത്യക്ഷനാകൂ” മഹാദേവന്റെ നിര്‍ദ്ദേശമാണെന്നു മനസ്സിലാക്കിയ മുനി, തപസ്സില്‍ നിന്നും ഉണര്‍ന്ന് ഭക്ഷണം തയ്യാറാക്കി. അവിടത്തുകാര്‍ കിച്ചടി എന്നു വിളിക്കുന്ന ഭക്ഷണമാണ് തയ്യാറാക്കിയത്. നമ്മുടെ ഉപ്പുമാവു പോലെ ഒരു ഭക്ഷണം. അദ്ദേഹം എപ്പോള്‍ ഭക്ഷണം കഴിക്കുമ്പോഴും ഒരു പങ്ക് മറ്റാര്‍ക്കെങ്കിലും കൊടുത്തേ ഭക്ഷിക്കാറുള്ളൂ. അതിനായി ചുറ്റും നോക്കുമ്പോള്‍ വൃദ്ധനായ ഒരു യോഗിയെ അവിടെ കണ്ടു. അദ്ദേഹത്തെ അടുത്തു വിളിച്ചു, ഉണ്ടാക്കിവെച്ച ഭക്ഷണം രണ്ടായി പകുത്തു. പകുതി പകുത്തപ്പോഴേക്കും അത് ശിലയായി മാറിയത്രെ. ഇത് എന്റെ ലിംഗരൂപമാണ്. അതിനെ നീ പൂജിക്കുക എന്നു പറഞ്ഞ് ആ യോഗി അപ്രത്യക്ഷനായി. യോഗിയായി വന്നത് മഹാദേവനാണെന്നു മനസ്സിലാക്കിയ മാന്ധാതാവു മുനി കേദാരേശ്വര്‍ എന്ന പേരില്‍ ആ ശിവലിംഗ രൂപത്തെ പ്രതിഷ്ഠിച്ചു, പൂജിച്ചു പോന്നു. അതാണ് കേദാരേശ്വര്‍ മന്ദിര്‍. ഹിമാലയത്തിലെ കേദാര്‍നാഥ് ക്ഷേത്രത്തിലെ ശിവലിംഗ പ്രതിഷ്ഠയും ഈ രൂപത്തില്‍ തന്നെയുള്ളതാണ് എന്നത് അതിശയകരമായ ഒരു കാര്യമാണ്.

കേദാരേശ്വര ദര്‍ശനത്തിന് ശേഷം വാരണാസിയുടെ ഇടുങ്ങിയ ഇടനാഴികളിലൂടെ സഞ്ചരിച്ച് തിലദാണ്ഡേശ്വര ക്ഷേത്രത്തിലെത്തി. തിലം എന്നാല്‍ എള്ള്. ദിവസേന ഒരു എള്ളിന്റെയത്രയും വലുപ്പത്തില്‍ വളര്‍ന്നുകൊണ്ടേയിരിക്കുന്ന ഗംഭീരമായ വളരെ വലുപ്പമുള്ള ഒരു ശിവലിംഗം. വിഭാണ്ഡമുനി ആരാധിച്ചിരുന്ന ശിവലിംഗമാണത്രെ അത്. അതിനോടു ചേര്‍ന്ന് ശനീശ്വര പ്രതിഷ്ഠയുമുണ്ട്. കൂടാതെ ഒരു അയ്യപ്പക്ഷേത്രവും ഉണ്ട്. മലയാളിയായ ഒരു പൂജാരിയാണ് അതിന്റെ നടത്തിപ്പ്. കുറെസമയം അവിടെ ചെലവഴിച്ചു ഹോട്ടലില്‍ നിന്നും വാഹനത്തില്‍ എത്തിച്ച ഉച്ചഭക്ഷണം ആ ക്ഷേത്ര പരിസരത്തുവച്ചു കഴിച്ചു. പായസ സഹിതമുള്ള ഭക്ഷണമായിരുന്നു. അതിനുശേഷം രാജാഹരിശ്ചന്ദ്രന്‍ ശ്മശാന കാവല്‍ക്കാരനായി സേവനം അനുഷ്ഠിച്ച ഹരിശ്ചന്ദ്രഘാട്ടിലേക്കു നടന്നു. അവിടെ ഇപ്പോഴും മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നുണ്ട്. ഇപ്പോള്‍ വൈദ്യുതി ശ്മശാനവും പ്രവര്‍ത്തിക്കുന്നു. ഹരിശ്ചന്ദ്രന്റെ സ്മരണയ്ക്കായി ഒരു ക്ഷേത്രവും അവിടെയുണ്ട്. അവിടെ നിന്നും രണ്ടു നിലകളുള്ള ഒരു വലിയ ബോട്ട് ബുക്കുചെയ്ത് അതില്‍ക്കയറി. ഗംഗാനദിയിലൂടെ ഒരു നൗകായാത്ര. ഗംഗയുടെ തീരത്തുള്ള എല്ലാ ഘാട്ടുകളും ദര്‍ശിച്ചു കൊണ്ടുള്ള യാത്ര ആരംഭിച്ചു. നിരവധി ഘാട്ടുകള്‍ ദര്‍ശിച്ചുകൊണ്ട് പഞ്ചഗംഗാഘാട്ടു വരെ സഞ്ചരിച്ച് അവിടെ ഇറങ്ങി. പടവുകള്‍ കയറി മുകളിലുള്ള ബിന്ദുമാധവ ക്ഷേത്രത്തിലെത്തി. മഹാദേവനും പാര്‍വതീദേവീയും കാശിയുടെ മണ്ണില്‍ ആനന്ദനൃത്തമാടുന്നതു കണ്ട് മഹാവിഷ്ണു ആനന്ദക്കണ്ണീര്‍ പൊഴിച്ച സ്ഥലമാണ് ബിന്ദുമാധവ ക്ഷേത്രം. ആ കണ്ണുനീര്‍ത്തുള്ളികള്‍ മാധവന്റെ (വിഷ്ണുവിന്റെ) രണ്ടു കണ്ണുകള്‍ക്കു കീഴെ ഉരുണ്ടുകൂടി രണ്ടു ബിന്ദുക്കളായി മാറി. അങ്ങനെ ഭഗവാന്‍ ബിന്ദുമാധവനായി. ആ അശ്രുബിന്ദുക്കളോടു കൂടിയ പ്രതിഷ്ഠയാണ്, ബിന്ദുമാധവക്ഷേത്രത്തില്‍. പണ്ട് വലിയ ക്ഷേത്രമായിരുന്നു. മുഗളന്മാര്‍ ആക്രമിച്ച് തകര്‍ത്ത് അവിടെയും മസ്ജിദ് പണിതു. അന്നത്തെ പൂജാരി ആ വിഗ്രഹം എടുത്തുകൊണ്ടുവന്ന് ക്ഷേത്രത്തിനടുത്തുള്ള തന്റെ ഭവനത്തിന്റെ ഒരു ഭാഗത്ത് പ്രതിഷ്ഠിച്ചു; അതാണ് ഇന്നു കാണുന്ന ബിന്ദുമാധവ ക്ഷേത്രം. പുരാതന ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരുന്ന 108 ശിവലിംഗങ്ങള്‍ ഇന്ന് പൂജാരിയുടെ ഗൃഹത്തോടു ചേര്‍ന്നു നില്‍ക്കുന്ന ഈ ക്ഷേത്രത്തിന്റെ ഒരു ഭാഗത്തായി ഒറ്റ മുറിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു അഥവാ സൂക്ഷിച്ചിരിക്കുന്നു എന്നു പറയാം. അതിനോടു തൊട്ടു ചേര്‍ന്ന് പൂജാരിയും കുടുംബവും ഇന്നും താമസിക്കുന്നു. പുരാതന ക്ഷേത്രമിരുന്ന ഭാഗത്ത് നിര്‍മ്മിച്ച വലിയ മസ്ജിദ് ഇന്നും ഉണ്ട്. ഇപ്പോള്‍ അതു പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തിലാണ്.

ബിന്ദുമാധവ ക്ഷേത്രം

അവിടെ നിന്നും ഇറങ്ങി വീണ്ടും ബോട്ടില്‍ കയറി, തിരികെയുള്ള യാത്ര ആരംഭിച്ചു. വീണ്ടും പല ഘാട്ടുകളുടെയും മുന്നിലൂടെ സഞ്ചരിച്ച് പ്രധാന ഘാട്ടുകളില്‍ ഒന്നായ മണികര്‍ണ്ണികാഘാട്ടിനു മുന്നിലെത്തി. അവിടെയാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത്. 24 മണിക്കൂറും ഊഴമിട്ട് ചിതകള്‍ എരിഞ്ഞുകൊണ്ടിരിക്കും. നദിയിലൂടെ വള്ളങ്ങളിലാണ് വിറകുകൊണ്ടുവന്നു സ്റ്റോക്ക് ചെയ്യുന്നത്. ആ ഘാട്ടില്‍ ഒരു കിണറുണ്ട്. മണികര്‍ണ്ണികാ കുണ്ഡ് എന്നാണതിനു പേര്. ശിവപാര്‍വ്വതിമാര്‍ ഈ കിണറില്‍ നിന്നും ജലം കോരി കുളിച്ചിരുന്നുവത്രെ. അങ്ങനെ കുളിക്കുമ്പോള്‍ ഒരു ദിവസം ശിവന്റെ കഴുത്തിലെ മണിയും പാര്‍വതിയുടെ കാതിലെ കര്‍ണ്ണികയും (കമ്മല്‍) ഈ കിണറ്റിനുള്ളില്‍ വീണുപോയി. അങ്ങനെയാണ് ഈ കിണറിന് മണികര്‍ണ്ണികാ കുണ്ഡ് എന്ന പേരുവന്നത്. അതുള്‍പ്പെടുന്ന ഘാട്ടിന് മണികര്‍ണ്ണികാ ഘാട്ടെന്നും പേരുവന്നു. ഈ ഘാട്ടില്‍ മൃതദ്ദേഹം സംസ്‌കരിക്കുന്നത് മോക്ഷകരമാണെന്നാണു വിശ്വാസം. ശിവപാര്‍വ്വതിമാരുടെ ഈ ആനന്ദകേളികളെല്ലാം വീക്ഷിച്ചുകൊണ്ട് കുറച്ചകലെയായി മഹാവിഷ്ണുവന്നുനിന്നുവത്രെ. ആ സ്ഥാനത്ത് മഹാവിഷ്ണുവിന്റെ പാദങ്ങള്‍ പതിഞ്ഞ ഇടം ചരണ്‍ പാദുക എന്ന പേരില്‍ ആരാധിക്കപ്പെടുന്നു. ഗംഗാ ആരതി തുടങ്ങുന്നതിനുമുമ്പ് ദശാശ്വമേധഘാട്ടിനു മുന്നില്‍ എത്തേണ്ടതുകൊണ്ട് ഞങ്ങള്‍ ബോട്ടില്‍ ഇരുന്നുകൊണ്ടു തന്നെ മണികര്‍ണ്ണികാഘാട്ടു ദര്‍ശിച്ചു. തന്നെയുമല്ല കത്തിക്കൊണ്ടിരിക്കുന്ന ചിതകള്‍ക്കും വിറകു കൂമ്പാരങ്ങള്‍ക്കും ഇടയിലൂടെ അവിടെ ബോട്ടില്‍ നിന്നും ഇറങ്ങി കയറാനും ബുദ്ധിമുട്ടാണ്. അവിടെ നിന്നും ബോട്ടു നീങ്ങി ഈ അടുത്തകാലത്ത് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പുതിയ ഗംഗാ ഇടനാഴിയായിരുന്നു അടുത്തഘാട്ട്. അവിടെ ബോട്ടടുപ്പിച്ച് ഞങ്ങള്‍ ഇറങ്ങി. വളരെ ഗംഭീരമായി പണിതിട്ടുള്ള കല്പ്പടവുകള്‍. പടവുകള്‍ കയറിച്ചെല്ലുമ്പോള്‍ ഗംഗാനദിക്ക് അഭിമുഖമായി നില്‍ക്കുന്ന വലിയ ഗോപുരം. അവിടെ സുരക്ഷാ പരിശോധനകള്‍ ഉണ്ട്. അകത്തു കടക്കുമ്പോള്‍ നീണ്ട വിശാലമായ ഇടനാഴി- അതിന്റെ ഒരുവശത്ത് ഭാരതമാതാവിന്റെ ഒരു വലിയ ശില്പം. സമീപത്തുതന്നെ ഒരു ശിവക്ഷേത്രം. വീണ്ടും മുന്നോട്ടു നടക്കുമ്പോള്‍ വലതുവശത്തായി അഹല്യാബായി ഹോല്‍ക്കര്‍ എന്ന മുന്‍ മറാത്ത രാജ്ഞിയുടെ പ്രതിമ. ഔറംഗസീബ് പുരാതനമായ ക്ഷേത്രം ആക്രമിച്ചു നശിപ്പിച്ചു മോസ്‌ക് പണിതതിനു ശേഷം കുറെകാലംകഴിഞ്ഞ്, മുന്‍പുണ്ടായിരുന്ന ക്ഷേത്രത്തിനോട് ചേര്‍ന്നു തന്നെ മസ്ജിദിനു സമീപമായി ഇന്നു കാണുന്ന 3 ഗോപുരങ്ങളോടു കൂടിയ പുതിയ ക്ഷേത്രം നിര്‍മ്മിച്ച് വിശ്വനാഥ പ്രതിഷ്ഠ നടത്തിയത് അഹല്യബായി ഹോല്‍ക്കറാണ്. ഗോപുരം സ്വര്‍ണ്ണം പൂശിയതൊക്കെ പില്‍ക്കാലത്താണ്. വീണ്ടും മുന്നോട്ടു പോകുമ്പോള്‍ ആദിശങ്കരാചാര്യരുടെ വിഗ്രഹം. അതും കടന്നു മുന്നോട്ടു നീങ്ങുമ്പോള്‍ വീണ്ടും ഒരു ഗോപുരവാതില്‍. അതുകടന്നു ചെല്ലുമ്പോള്‍ വിശാലമായ ഒരു വേദിയും മുന്നില്‍ ഗാലറി പോലെ കല്‍പ്പടവുകളും. ഈ വേദിയില്‍ വച്ചായിരുന്നു പുതിയ ഗംഗാ ഇടനാഴിയുടെ ഉദ്ഘാടനച്ചടങ്ങു നടന്നത്. പടവുകള്‍ കയറി മുകളിലെത്തുമ്പോള്‍ വീണ്ടും ഒരു ഗോപുരവാതില്‍. അതു കടന്നാല്‍ ചെന്നെത്തുന്നത് വിശ്വനാഥക്ഷേത്ര സമുച്ചയത്തിന്റെ മുറ്റത്തേക്കാണ്. ക്ഷേത്രസമുച്ചയത്തിലേക്ക് കിഴക്കു വശത്തുനിന്നുമുള്ള പ്രവേശനദ്വാരമാണ് ഗംഗാതീരത്തു നിന്നുമുള്ള ഈ ഇടനാഴി. പടിഞ്ഞാറെ ഗോപുരം വഴിയാണ് റോഡില്‍ നിന്നുള്ള പ്രവേശനം. ആദ്യദിവസം ആ വഴിയാണ് ഞങ്ങള്‍ മംഗള ആരതി ദര്‍ശനത്തിനു വന്നത്. ഗംഗാനദിയുടെ ബോട്ടിലോ വള്ളത്തിലോ സഞ്ചരിച്ചാല്‍ മാത്രമേ കിഴക്കുനിന്നുള്ള ഇടവഴി കടന്ന് ക്ഷേത്രസമുച്ചയത്തില്‍ എത്താന്‍ കഴിയൂ. വീണ്ടും ഒരിക്കല്‍ കൂടി വിശ്വനാഥ ദര്‍ശനം നടത്തിയതിനുശേഷം ഇടനാഴി വഴി തിരിച്ചിറങ്ങി ബോട്ടില്‍ കയറി. ആ സമയത്തും ക്ഷേത്രത്തില്‍ നല്ലതിരക്കായിരുന്നു. തലേന്നു ദര്‍ശിച്ച പോലെതന്നെ ശ്രീകോവിലിനു മുന്നില്‍ നിന്നു തൊഴാനേ കഴിഞ്ഞുള്ളൂ. വീണ്ടും പല ഘാട്ടുകള്‍ ബോട്ടില്‍ ഇരുന്നു ദര്‍ശിച്ച് അസി ഘട്ടിലെത്തിയപ്പോഴേയ്ക്കും ഗംഗാ ആരതിയുടെ സമയമായി. ദശാശ്വമേധ്ഘട്ടിനു മുന്നിലൂടെ പോകുമ്പോള്‍ ഗംഗാ ആരതിയ്ക്കു സമയമായില്ല. അതുകൊണ്ട് ദശാശ്വമേധ ഘാട്ടിനു മുന്നില്‍ നിന്നില്ല. ഏറ്റവും പുരാതനവും പ്രധാനപ്പെട്ടതും വലതുമായ ഘാട്ട് ദശാശ്വമേധ്ഘാട്ടാണ്. ദിവോദാസന്‍ എന്ന കാശി രാജാവ് 10 അശ്വമേധയാഗങ്ങള്‍ നടത്തിയത് ഈ ഘാട്ടിലാണ്. അങ്ങനെയാണ് ദശാശ്വമേധഘാട്ട് എന്ന പേരുവന്നത്. മുന്‍പ് ഇവിടെ മാത്രമേ ഗംഗാ ആരതി ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അസിഘട്ടിലും ഉണ്ട്. ഗംഗാനദിയില്‍, ബോട്ടിന്റെ മുകള്‍ത്തട്ടില്‍ ഇരുന്നുകൊണ്ട് ഗംഗാ ആരതി ദര്‍ശിച്ചു. ആ സമയം ആരതി നടക്കുന്ന ഘാട്ടുകള്‍ക്കു മുന്നിലെല്ലാം ഗംഗാനദിയില്‍, ബോട്ടുകളും വള്ളങ്ങളും കൊണ്ടു നിറയും. ഗംഭീരമായ ഒരു കാഴ്ചയാണ് ഗംഗയില്‍ നിന്നുള്ള ആ ഗംഗാ ആരതി ദര്‍ശനം. ആരതി പൂര്‍ത്തിയായതിനു ശേഷം അസിഘാട്ടില്‍ത്തന്നെ ബോട്ട് അടുപ്പിച്ച് ഞങ്ങള്‍ ഇറങ്ങി. അതിനടുത്തു തന്നെയായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്ന ഹോട്ടല്‍. എല്ലാവരും മുറിയിലെത്തി കുളിച്ചു വന്നപ്പോഴേക്കും പതിവുപോലെ അത്താഴം തയ്യാര്‍. അതും കഴിച്ച് വിശ്രമം. അങ്ങനെ 3-ാം ദിവസത്തെ കാശിദര്‍ശനം പൂര്‍ത്തിയായി.
(തുടരും)

 

Tags: അവിസ്മരണീയമായ കാശിദര്‍ശനം
Share14TweetSendShare

Related Posts

ഓര്‍മ്മകളുണര്‍ത്തുന്ന കാന്തല്ലൂര്‍

ആത്മസുരഭിലങ്ങളായ ശില്പചാരുതയിലേക്ക്‌

സ്വപ്നശലഭങ്ങളുടെ സ്വര്‍ഗ്ഗഭൂമി

ക്ഷേത്രഗോപുരം

മാതൃഭാഷയുടെ ഗുണം (പൂര്‍ബ്ബശ്രീകള്‍ 8)

നേതാജിയും ഐഎന്‍എയും (പൂര്‍ബ്ബശ്രീകള്‍ 7)

മണിപ്പൂര്‍ വിശേഷങ്ങള്‍ (പൂര്‍ബ്ബശ്രീകള്‍ 6)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies