ജനാധിപത്യത്തിന്റെ ഉത്സവങ്ങളാണ് തിരഞ്ഞെടുപ്പുകള്‍. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുകള്‍ അതിന്റെ നല്ല മാതൃകകളായി തീരേണ്ടതുണ്ട്. നാളെകളില്‍ നാടിനെ നയിക്കേണ്ടവരാണ് അവിടെ മാറ്റുരയ്ക്കുന്നത്. പക്ഷേ കേരളത്തിലെ ഭൂരിഭാഗം കലാലയങ്ങളിലും ജനാധിപത്യം എസ്എഫ്‌ഐയുടെ ഉരുക്കുമുഷ്ടിക്കുള്ളില്‍ പിടഞ്ഞു മരിക്കുന്നതിനാണ് കാലം സാക്ഷ്യം വഹിച്ചുകൊണ്ടൊരിക്കുന്നത്. കേരളത്തിലെ പൊതു രാഷ്ട്രീയ പരിത:സ്ഥിതിയില്‍ നിന്ന് തീര്‍ത്തും വിഭിന്നമാണ് കലാലയ രാഷ്ട്രീയ സാഹചര്യങ്ങള്‍. മലബാറിലെ പാര്‍ട്ടി ഗ്രാമങ്ങളിലെ നേര്‍ചിത്രമാണ് എസ്എഫ്‌ഐ ഭരിക്കുന്ന കോളേജുകളിലെയും സാഹചര്യം. കലാലയങ്ങളില്‍ 70 കള്‍ വരെ കെഎസ്യു എന്താണോ ചെയ്തുപോന്നിരുന്നത് അതിന്റെ പിന്തുടര്‍ച്ചാവകാശമായിരുന്നു എസ്എഫ്‌ഐ ഏറ്റെടുത്തത്. ഏകാധിപത്യത്തിന്റെ കോട്ടകള്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന പച്ചയായ യാഥാര്‍ഥ്യം തിരിച്ചറിയാന്‍ പോലും, കൊടികളില്‍ ജനാധിപത്യം ആലേഖനം ചെയ്തവര്‍ക്ക് സാധിക്കുന്നില്ല. 2008 ല്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ കെ. എസ്. സനൂപ് എന്ന വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ടത് ചെയര്‍പേഴ്‌സണായി വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുത്തതിന്റെ പേരിലാണ്. ശ്രീകൃഷ്ണ കോളേജില്‍ എസ്.എഫ്. ഐ.യുടെ ഏകാധിപത്യത്തിനേറ്റ കനത്ത അടിയായിരുന്നു എ.ബി.വി.പിയുടെ ശക്തമായ സാന്നിദ്ധ്യം. ചെയര്‍മാന്‍ സ്ഥാനമേറ്റയുടന്‍ കൃത്യമായ ആസൂത്രണത്തോടെ അക്രമിച്ചു. അദ്ദേഹത്തിന് ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും, ഒരു കണ്ണിന് സമ്പൂര്‍ണ്ണമായി കാഴ്ച നഷ്ടപ്പെട്ടു. ഒരു കാലും ഒരു കയ്യും തല്ലിയൊടിച്ചു. പരീക്ഷ എഴുതിക്കൊണ്ടിരിക്കെയാണ് ആക്രമിച്ചത്.
തൃശൂര്‍ കേരളവര്‍മ്മ കോളേജിലും കുന്നംകുളം വിവേകാനന്ദ കോളേജിലും കോഴിക്കോട് പിവിഎസ് കോളേജിലും കേരളത്തിലെ മറ്റ് പല കോളേജുകളിലും ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കേരള വര്‍മ്മ കോളേജില്‍ എബിവിപിയും എസ്എഫ്‌ഐയും കെഎസ്യു എന്നീ മൂന്ന് പാനലുകളിലുള്ള വിദ്യാര്‍ത്ഥികളാണ് ജനവിധി തേടിയത്. അതില്‍ കെഎസ്യു പാനലില്‍ നിന്ന് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച കാഴ്ച്ചപരിമിതിയുള്ള, കലാരംഗത്ത് മികവ് തെളിയിച്ച ശ്രീക്കുട്ടന് രാഷ്ട്രീയത്തിനതീതമായി വോട്ടുകള്‍ സമാഹരിക്കാന്‍ സാധിച്ചു. 2001 ല്‍ കേരളവര്‍മ്മയില്‍ എബിവിപി ചെയര്‍പേഴ്‌സണ്‍ വിജയിച്ചതിനുശേഷം നീണ്ട 22 വര്‍ഷക്കാലം എസ്എഫ്‌ഐയുടെ ചെയര്‍പേഴ്‌സണ്‍ മാത്രമേ കേരളവര്‍മ്മയില്‍ വിജയിച്ചിട്ടുള്ളൂ. അത് ചരിത്രമാകുമെന്ന് ഉറപ്പായപ്പോള്‍ ഒരു വിദ്യാര്‍ത്ഥി സംഘടനയ്ക്ക് പിറകില്‍ അധ്യാപകരും ഭരണകൂടവും ഒരുമിച്ച് അണിനിരക്കുന്നതിനാണ് കേരളം സാക്ഷ്യം വഹിച്ചത്. എത്ര ലളിതമായാണ് നിയമങ്ങളെല്ലാം എസ്എഫ്‌ഐയുടെ ഉരുക്കുമുഷ്ടിക്കുള്ളില്‍ നാമാവശേഷമായി മാറിയത്. 895 നെതിരെ 896 വോട്ട് നേടിയ ശ്രീകുട്ടന് റീകൗണ്ടിങ്ങില്‍ 889 ഉം എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിക്ക് 899 വോട്ടുമായി മാറുന്നു. അതുവരെ ജയിച്ച സ്ഥാനാര്‍ത്ഥിക്ക് വോട്ട് കുറയുന്നതും തോല്‍വി ഉറപ്പിച്ച സ്ഥാനാര്‍ത്ഥിക്ക് കൂടുന്നതുമായ അസാധാരണ പ്രതിഭാസം. അതുവരെ അസാധുവായിരുന്ന വോട്ടുകള്‍ സാധുവായിത്തീരുന്നു. ഇവിടെ ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണ്. ഭരണകൂടത്തെയും അധ്യാപകരെയും ജനാധിപത്യത്തെ കശാപ്പുചെയ്യാനുള്ള വെട്ടുകത്തികളാക്കി എസ്എഫ്‌ഐ മാറ്റി. കറണ്ട് പോവുക സ്വാഭാവികമാണ്, പക്ഷേ എസ്എഫ്‌ഐ ആയതുകൊണ്ട് അസ്വാഭാവികത സംശയിച്ചാല്‍ തെറ്റ് പറയാനില്ല. കാരണം പരീക്ഷ എഴുതാതെ പരീക്ഷ പാസ്സായവരാണ്, ഇല്ലാത്ത യുണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയവരാണ്, ഇല്ലാത്ത അധ്യാപനത്തിന് പ്രവര്‍ത്തി പരിചയ സര്‍ട്ടിക്കറ്റ് ഒറിജിനല്‍ ഹാജരാക്കിയവരാണ് അവര്‍. അങ്ങനെ എന്തെല്ലാം മായകള്‍, മന്ത്രങ്ങള്‍. എസ്എഫ്‌ഐ സ്ഥാനാര്‍ഥി തോറ്റു നില്‍ക്കുമ്പോള്‍, റീകൗണ്ടിങ് നടക്കുമ്പോള്‍ കറണ്ട് പോകുന്നു. രണ്ട് തവണ, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൗണ്ടിങ് നടത്താന്‍ വേണ്ടി വിളിച്ചുപറയുകയാണ്, ഒരു ഉളുപ്പുമില്ലാതെ. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് ഒരു കോളേജ് തിരഞ്ഞെടുപ്പില്‍ എന്താണ് കാര്യമെന്ന് ചോദിക്കരുത്. എസ്എഫ്‌ഐ ക്ക് വേണ്ടിയാണെങ്കില്‍ പാല്‍ സൊസൈറ്റി ചെയര്‍മാന്‍ വരെ ഇടപെടും. കലാലയ തിരഞ്ഞെടുപ്പിന്റെ പരമാധികാരി കോളേജ് വരണാധികാരിയാണ്. അതുകഴിഞ്ഞാല്‍ സര്‍വകലാശാല തലത്തില്‍ തിരഞ്ഞെടുപ്പ് മേല്‍നോട്ടത്തിന് ചുമതലപ്പെടുത്തിയ ആള്‍. പക്ഷേ ഇവിടെ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി മുതല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വരെ ഇടപെടുകയാണ്, അട്ടിമറിക്കുകയാണ് ജനാധിപത്യത്തെ. കുന്നംകുളം വിവേകാനന്ദ കോളേജില്‍ എബിവിപിയാണ് കഴിഞ്ഞ 25 വര്‍ഷങ്ങളായി വിജയിക്കുന്നത്. ആ ക്യാമ്പസിനകത്ത് എസ്എഫ്‌ഐയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കൃത്യമായ ഒത്താശയോടുകൂടി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടന്നു. പക്ഷേ പ്രബുദ്ധരായ വിദ്യാര്‍ത്ഥികള്‍ അതിനെതിരെ പ്രതിരോധത്തിന്റെ നെടുങ്കോട്ട തന്നെ പണിതീര്‍ത്തു. നമ്മുടെ കോപ്പിയടി ടീച്ചറെ അവിടെ എത്തിച്ചിരിക്കുകയാണ് സിപിഎം. രണ്ട് വാര്‍ഡ് കൗണ്‍സിലര്‍മാരാണ് ഇത്തവണ അവിടെ പ്രവേശനം നേടിയിരിക്കുന്നത്. ഒരു സംവിധാനത്തെ ഏകാധിപത്യത്തിന്റെ ഉരുക്കുമുഷ്ടിയില്‍ ഞെരിച്ചമര്‍ത്താന്‍ എത്ര കൃത്യമായ പദ്ധതിയുമായാണ് പാര്‍ട്ടി സംവിധാനങ്ങള്‍ ഒന്നടങ്കം കച്ച കെട്ടിയിറങ്ങുന്നത്? വയനാട് ഓറിയന്റല്‍ കോളേജില്‍ എസ്എഫ്‌ഐ യുണിറ്റ് പ്രസിഡന്റ് നോമിനേഷന്‍ പേപ്പറുമായി ഓടിക്കളഞ്ഞു. കുന്ദമംഗലം ഗവ.കോളേജില്‍ പരസ്യമായി ബാലറ്റ് പേപ്പറുകള്‍ കീറിക്കളഞ്ഞു. കോഴിക്കോട് പിവിഎസ് കോളേജില്‍ എസ്എഫ്‌ഐ നോമിനേഷനുകള്‍ തള്ളിക്കളഞ്ഞ വരണാധികാരിയായ അധ്യാപകനെ തുടര്‍ച്ചയായ മുന്നുദിവസമാണ് ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തത്. ഗത്യന്തരമില്ലാതെ അദ്ധ്യാപകന് നോമിനേഷനുകള്‍ തിരിച്ചെടുക്കേണ്ടി വന്നു. ഇത്തരം അക്രമങ്ങള്‍ ജനാധിപത്യത്തിന് തീരാകളങ്കമാണ്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന അര്‍ത്ഥവത്തായ വാക്കുകള്‍ കൊടിയെഴുത്തിലേക്ക് മാത്രം ഒതുക്കി, കൂറ്റന്‍ കവാടങ്ങളില്‍ ‘ചെങ്കോട്ടയിലേക്ക് സ്വാഗതം’ എന്നെഴുതി ചേര്‍ത്തു. കോളേജുകളില്‍ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും മരുപ്പച്ചകളായി മാറി. പല സംഭവങ്ങളും പൊതുസമൂഹം അറിയുന്നുപോലുമില്ല. ഇവിടെ കാഴ്ചപരിമിതിയുള്ള ശ്രീകുട്ടന് വാര്‍ത്താപ്രാധാന്യമുള്ളതിനാല്‍ മാധ്യമങ്ങള്‍ക്കത് ബ്രെക്കിങ്ങായി മാറി. മറ്റ് പല വിഷയങ്ങളിലും ഈ വാര്‍ത്ത പ്രാധാന്യം ഇല്ലാത്തതിനാല്‍ അവഗണിക്കപ്പെടുകയാണ്, അവിടെ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത് മനുഷ്യാവകാശ ലംഘനങ്ങളാണ്.
‘ഒറ്റയ്ക്ക് നടക്കുന്നതിനേക്കാള്‍ ആള്‍ക്കൂട്ടത്തോടൊപ്പം നടക്കുക’ എന്ന പൊതുബോധമാണ് കോളേജുകളില്‍ എസ്എഫ്‌ഐക്ക് ആധിപത്യം നല്‍കുന്നത്. അധികാരവും അധ്യാപകരും എസ്എഫ്‌ഐക്ക് വേണ്ടി രാപ്പകല്‍ പണിയെടുക്കുകയും എല്ലാ അനീതികളെയും നീതികളാക്കുകയും അസത്യങ്ങളെ സത്യങ്ങളാക്കി മാറ്റുമ്പോള്‍ കലാലയങ്ങളിലെ ജനാധിപത്യം മരീചികയായി അവശേഷിക്കുകയാണ്.
(എബിവിപി സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)