കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ-
ക്കേറിയും മറിഞ്ഞും കൊണ്ടന്യമാം രാജ്യങ്ങളില്‍
കേരളത്തിന് ഒരു പിറന്നാള്‍ കൂടി വരുമ്പോള്‍ ഓര്‍മ്മയിലേക്ക് ഓടിയെത്തുന്നത് പ്രൈമറി ക്ലാസില്‍ പഠിച്ച കവിതാഭാഗമാണ്. ശുദ്ധ കവി എന്നതിലപ്പുറം കവിതയുടെ വിപണന സാധ്യതകളിലൊന്നും അഭിരമിക്കാതെ കടന്നുപോയ പാലാ നാരായണന്‍ നായരുടെ രചന. നാടിന്റെ നാനാവിധമായ വളര്‍ച്ച മാത്രം സ്വപ്‌നം കണ്ട ശുഭാപ്തി വിശ്വാസിയുടെ വരികള്‍.
തീര്‍ച്ചയായും അങ്ങനെ സ്വപ്‌നം കാണാവുന്ന ഒരു കാലം ഓരോ മലയാളിക്കുമുണ്ടായിരുന്നു. അതിനു കാരണങ്ങള്‍ നിരവധിയായിരുന്നു. സാക്ഷരതയുടെയും മതസഹിഷ്ണുതയുടെയും കാര്യത്തില്‍ നാം രാജ്യത്തിനു മാതൃകയായിരുന്നു. വിദ്യാഭ്യാസ സൗകര്യങ്ങളില്‍ ഒന്നാംസ്ഥാനത്ത്. സുദീര്‍ഘമായ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഉടമകള്‍. വൈവിധ്യമാര്‍ന്ന നിരവധി കലകളുടെയും ആയോധന മുറകളുടെയും അവകാശികള്‍. രാജ്യത്തിനാകെ വെളിച്ചം പകര്‍ന്ന ആധ്യാത്മിക ചൈതന്യത്തിന്റെയും ചിന്താധാരകളുടെയും പ്രഭവകേന്ദ്രം. സാമൂഹിക നവോത്ഥാനത്തിനു സാരഥ്യം വഹിച്ച വിശ്വപ്രസിദ്ധരായ നിരവധി മഹത്തുക്കളുടെ ജന്മദേശം. ലോകത്തിന്റെ ഏതു കോണിലും എത്തിപ്പെടുവാനും അവിടെയൊക്കെ സ്വപ്രയത്‌നത്താല്‍ സാമൂഹികനേതൃത്വം ആര്‍ജ്ജിച്ചെടുക്കുവാനും കഴിവുള്ള പരിശ്രമശാലികളുടെ നാട്. സാംസ്‌കാരിക സമന്വയത്തിന്റെയും വൈകാരികോദ്ഗ്രഥനത്തിന്റെയും പതാകാവാഹകരായി രാജ്യത്തിനു മാതൃക കാണിച്ച ദേശം. പ്രകൃതിരമണീയതയാല്‍ ലോകരെ ആകര്‍ഷിച്ചുപോരുന്ന ദൈവത്തിന്റെ സ്വന്തം നാട്. നൂതന ജനാധിപത്യത്തിന്റെയും രാഷ്ട്രീയ പരീക്ഷണങ്ങളുടെയും ഈറ്റില്ലം. ഇതൊക്കെയാണ് കേരളത്തെ ഈവിധം ആവിഷ്‌ക്കരിക്കാന്‍ മഹാകവിക്കു പ്രേരണയായത്.
ഇത്രമാത്രമോ? വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ വിധത്തിലാണ് പ്രകൃതി തന്നെ സ്വയം സംവിധാനം ചെയ്തിരിക്കുന്നത്. മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ അതു മൂന്നായി വേര്‍തിരിഞ്ഞു കിടക്കുന്നു. പശ്ചിമഘട്ടമലനിരകളില്‍ നീലഗിരി, ആനമല, പഴനിമല എന്നിവയുടെയും ഉയരം കുറഞ്ഞ വര്‍ഷനാട്- ആണ്ടിപ്പട്ടി നിരകളുടെയും ഭാഗങ്ങള്‍ കേരളത്തിലാണുള്ളത്. ഏറ്റവും ഉയരം കൂടിയ ആനമുടിയും നമുക്കുള്ളതാണ്. നീലഗിരിമലകള്‍ക്കു തെക്കു കിഴക്കോട്ടും വടക്കുകിഴക്കോട്ടും ചാഞ്ഞിറങ്ങുന്ന വയനാട് പീഠഭൂമി ദക്ഷിണേന്ത്യയിലെ ഏറ്റവും വ്യാപ്തിയേറിയ ഭൂഭാഗമാണ്. പശ്ചിമഘട്ടത്തില്‍ നിന്നുത്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികള്‍ ഒരേസമയം നാടിനെ ജലസമ്പന്നവും വിഭവസമ്പന്നവുമാക്കുന്നു. ഭൂപ്രകൃതിക്ക് തികച്ചും അനുസൃതമായ ജലപ്രവാഹം. കാവേരിയുടെ പോഷകനദികളായ കബനി, ഭവാനി, പാമ്പാര്‍ എന്നിവ കിഴക്കോട്ടൊഴുകുന്നു.
ജലസമ്പന്നമായ കായലുകള്‍. ഇതില്‍തന്നെ 27 എണ്ണം കടലുമായി ബന്ധപ്പെട്ടവ. ഇതിനു പുറമെയാണ് ശുദ്ധജലതടാകങ്ങള്‍. 560 കിലോമീറ്റര്‍ നീളത്തിലുള്ള കടലോരം. കടലും കായലുകളുമായി നേരിട്ടുള്ള ജലവിനിമയത്തിന്റെ അനന്തസാധ്യതകള്‍. വാര്‍ഷികത്തോതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഏറ്റവുമധികം മഴ ലഭിക്കുന്ന സംസ്ഥാനം. തമിഴ്‌നാടിന്റെ മൂന്നിരട്ടിയും കര്‍ണ്ണാടകത്തിന്റെ ഇരട്ടിയുമാണത്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മഴയുടെ വാര്‍ഷികത്തോതില്‍ വലിയ ഏറ്റക്കുറച്ചില്‍ അനുഭവപ്പെടാത്ത ഒരേയൊരു നാടാണ് കേരളം.
നമ്മുടെ സസ്യസമ്പത്ത് ആരെയാണ് അതിശയിപ്പിക്കാത്തത്? ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ ഇവിടെയാണ് രചിക്കപ്പെട്ടത്. കേരളമെന്നാണു പേരെങ്കിലും കേരത്തേക്കാള്‍ വിദേശനാണ്യം നേടിത്തരുന്ന തേക്ക്, ഈട്ടി, ഇരൂള്‍ തുടങ്ങിയ വന്‍മരങ്ങളാല്‍ സമ്പന്നമായിരുന്നു നമ്മുടെ കാടുകള്‍. അതിവിശിഷ്ടമായ ചന്ദനം നമ്മുടെ അഭിമാനമാണിന്നും. നാണ്യവിളകളായി ഏലം, കാപ്പി, കുരുമുളക്, തേയില, റബ്ബര്‍ എന്നിവയും സമൃദ്ധമായി വിളയുന്നു. ആനക്കൊമ്പ്, മയില്‍, കുരങ്ങ് ഇവയൊക്കെ മുമ്പുമുതല്‍ കയറ്റുമതി ദ്രവ്യങ്ങളാണ്.
ധാതുസമ്പത്തിലും നമ്മള്‍ പിറകിലല്ല. ചെങ്കല്ല്, കളിമണ്ണ്, ചുണ്ണാമ്പുകല്ല് എന്നിവ യഥേഷ്ടം. ഇല്‍മനൈറ്റ്, മോണസൈറ്റ്, ഗ്രൈഫൈറ്റ് എന്നിവയുടെ നിക്ഷേപങ്ങള്‍ വ്യാപകം. രത്‌നക്കല്ലുകളുടെയും സ്വര്‍ണ്ണത്തിന്റെയും നിക്ഷേപങ്ങള്‍ നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ട്.
പ്രകൃതിക്കൊത്തു പുലര്‍ന്നുപോന്ന നമ്മുടെ പൂര്‍വികര്‍ തികച്ചും പ്രകൃത്യാനുസാരിയായ ഒരു കലണ്ടറും രൂപപ്പെടുത്തി. കലണ്ടറെന്നാല്‍ ഒരു ജനവിഭാഗത്തിന്റെ ജീവിതപദ്ധതിയല്ലാതെ മറ്റൊന്നുമല്ല. അങ്ങനെ നോക്കുമ്പോള്‍ മലയാളികളോളം പ്രകൃതിസ്‌നേഹികളും പ്രവര്‍ത്തന സജ്ജരും പ്രത്യുല്പന്നമതികളുമായ ഒരു ജനവിഭാഗം മറ്റെവിടെയെങ്കിലുമുണ്ടായിരുന്നോ എന്നു സംശയിക്കേണ്ടിവരും.
ജലസമ്പന്നമായ കേരളത്തില്‍ മുപ്പതുകളില്‍ തന്നെ വിദ്യുച്ഛക്തി ഉല്പാദിപ്പിക്കുന്നുണ്ട്. പള്ളിവാസലില്‍ തുടങ്ങി പഞ്ചവത്സര പദ്ധതികളുടെ ഭാഗമായി ഒട്ടേറെ പുതിയ പദ്ധതികള്‍ നടപ്പാക്കി. നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ മുമ്പു മുതല്‍ തന്നെ നിര്‍ണ്ണായകമാണ് മത്സ്യവിഭവങ്ങള്‍. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മേഖലയാണത്. സംഭരിക്കുന്നതില്‍ നല്ലൊരു പങ്കും കയറ്റുമതി ചെയ്യപ്പെടുന്നു. രാജ്യത്ത് ഉല്പാദിപ്പിക്കപ്പെടുന്ന കയറിന്റെ 90 ശതമാനവും കേരളത്തിലാണ്. ലക്ഷക്കണക്കിനാളുകള്‍ തൊഴിലെടുക്കുന്ന മേഖല. പ്രാചീനകാലം മുതല്‍ നിലനില്‍ക്കുന്ന കൈത്തറി വ്യവസായവും സമ്പദ്ഘടനയെ സ്വാധീനിക്കുന്നു. വന്‍തോതില്‍ വിദേശനാണ്യം നേടിത്തരുന്ന കശുവണ്ടി വ്യവസായവും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുന്‍പന്തിയിലാണ്. കരകൗശലവസ്തുക്കള്‍, കളിമണ്‍ പാത്രങ്ങള്‍ എന്നിങ്ങനെ ഗ്രാമീണ വ്യവസായസംരംഭങ്ങളുടെ കീഴില്‍ വരുന്നവയും ഏറെയുണ്ട്. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി തലയുയര്‍ത്തി നില്‍ക്കുന്ന വ്യവസായ സ്ഥാപനങ്ങളെത്ര? അവയിലൊക്കെ തൊഴിലെടുക്കുന്നവരെത്രെ? ആ വഴിയിലൂടെ പൊതുഖജനാവിലെത്തുന്ന സമ്പാദ്യമെത്ര?
ടൂറിസ്റ്റുകളുടെ പറുദീസയായി കേരളം കണക്കാക്കപ്പെട്ടു. പ്രകൃതി അങ്ങനെ വെറുതെ നിന്നാല്‍ തന്നെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കും. അതിനു പുറമെയാണ് ചരിത്രസ്ഥലങ്ങള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍, ആരാധനാ കേന്ദ്രങ്ങള്‍, കലാക്ഷേത്രങ്ങള്‍, ആയോധനകലകളുടെ കളരികള്‍, ജലകേളികള്‍, മലകയറ്റങ്ങള്‍ എന്നിവ.
കേരളം മറ്റുരാജ്യങ്ങളിലേക്ക് വളരുകയാണെന്ന് അക്കാലത്ത് കവി അഭിമാനിച്ചതില്‍ ലേശവും അതിശയോക്തിയില്ലെന്നു സമ്മതിക്കുമ്പോള്‍ തന്നെ ആ ഭാവനയുടെ സമകാലിക സാംഗത്യമെന്തെന്ന്, അഥവാ അങ്ങനെ സാംഗത്യമുണ്ടോ എന്ന് പരിശോധിക്കേണ്ടിവരും.
സാഹിത്യവാരഫലക്കാരന്‍ എം.കൃഷ്ണന്‍നായര്‍ ആവര്‍ത്തിച്ചു പറഞ്ഞ ഒന്നുണ്ട്. ‘വ്യക്തിയുടെ സൗന്ദര്യത്തിന്റെ അടിസ്ഥാനം മനസ്സമാധാനമാണ്. മനസ്സമാധാനത്തിന്റെ അടിസ്ഥാനമാകട്ടെ സാമ്പത്തിക ഭദ്രതയുമാണ്.’ ദാരിദ്ര്യത്തിലേയ്ക്ക് ആണ്ടുപോകുന്ന വ്യക്തിയുടെ മനസ്സമാധാനവും സൗന്ദര്യവും അതോടൊപ്പം മാഞ്ഞുപോകും എന്നു ചുരുക്കം. വ്യക്തിയുടെ സ്ഥാനത്ത് ഒരു നാടിനെ നിര്‍ത്തിയാലും ഇപ്പറഞ്ഞതില്‍ മാറ്റമില്ല. കടത്തില്‍ നിന്നു കടത്തിലേയ്ക്കു കൂപ്പുകുത്തുന്ന സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാവും. കേരളത്തിന് അല്പമെങ്കിലും സാമ്പത്തിക ഭദ്രതയുണ്ടെന്ന് ഭരണത്തിനു നേതൃത്വം നല്‍കുന്നവര്‍ക്കുപോലും ഇപ്പോള്‍ പറയാനാവില്ല. നമുക്കുണ്ടെന്ന് നാം അഭിമാനിച്ചുപോന്ന എല്ലാ ‘സൗന്ദര്യാംശങ്ങളും’ റദ്ദാക്കപ്പെടുകയാണെന്നര്‍ത്ഥം.
ഭാവിക്കുവേണ്ടിയുള്ള സമര്‍ത്ഥമായ ആസൂത്രണവും അതിന്റെ കുറ്റമറ്റ നിര്‍വഹണവുമാണ് ഒരു ജനക്ഷേമ സര്‍ക്കാരിന്റെ മുഖമുദ്ര. അക്ഷരാര്‍ത്ഥത്തില്‍ ഭാവിയുടെ വകുപ്പാണ് വിദ്യാഭ്യാസം. കഴിഞ്ഞ അരനൂറ്റാണ്ടിലെ നമ്മുടെ വിദ്യാഭ്യാസത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ പത്താം തരത്തോടെ കുട്ടികള്‍ കൂട്ടമായി നാടുവിടുന്നതിന്റെ രഹസ്യം വെളിപ്പെടും. ആര്‍ക്കും തൂത്തുവാരി വെടിപ്പാക്കാനാകാത്ത ഈജിയന്‍ തൊഴുത്താക്കി അതിനെ മാറ്റിയെടുക്കുന്ന പ്രക്രിയയിലായിരുന്നു നമ്മള്‍. ആ വകുപ്പിലെ ഗുണദോഷ ബാധിതരില്‍ Stake holders) ആരെയെങ്കിലും പിടിച്ചുനിര്‍ത്തി സംസാരിച്ചാലറിയാം, എന്താണവിടെ സംഭവിക്കുന്നതെന്നു കൃത്യതയോടെ പറയാന്‍ ഒരാള്‍ക്കുമാവില്ല. ആസൂത്രണരഹിതമായ വിദ്യാഭ്യാസപദ്ധതികള്‍ നാടിനെ നിസ്സഹായതയിലേക്കു നയിക്കുമെന്നു നാം തെളിയിച്ചിരിക്കുന്നു.
പശ്ചിമഘട്ടത്തിന്റെ സംരക്ഷണമുള്ള, മന്‍സൂണിന്റെ അനുഗ്രഹമുള്ള, ജല-വനസമൃദ്ധമായിരുന്ന, ധാതുസമ്പന്നമായിരുന്ന കേരളം എങ്ങനെ ഈവിധം ദരിദ്രമായി? പിറക്കാനിരിക്കുന്ന കുഞ്ഞുപോലും ലക്ഷത്തിലധികം രൂപയുടെ കടക്കാരിയായി? ഒരു പത്രപ്രവര്‍ത്തകന്റെ സാമാന്യവിവരാന്വേഷണസംവിധാനങ്ങളുപയോഗിച്ച് തിരക്കിയാല്‍ പോലും എളുപ്പത്തില്‍ എത്തിച്ചേരുന്ന നിഗമനം ഇതായിരിക്കും: കേരളത്തില്‍ ഭരണമെന്ന പേരില്‍ നടന്നുകൊണ്ടിരുന്നതും ഇപ്പോള്‍ നടക്കുന്നതും ഭരണമല്ല, അപഹരണമാണ്. പ്രാസ്ഥാനികപ്പുകമറയുള്ള കുറെയാളുകള്‍ ഒത്തുചേര്‍ന്നാല്‍ ഏതു കൊടുംകൃത്യവും ഇവിടെ സാധ്യമാണെന്ന് ഇപ്പോള്‍ നടക്കുന്ന ബാങ്കുകൊള്ളക്കഥകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഗ്രാമനഗരഭേദമില്ലാതെ കേരളസംസ്ഥാനത്തിന്റെ രക്തധമനികളാണ് സഹകരണസ്ഥാപനങ്ങള്‍. ഇടത്തട്ടുകാരും അവര്‍ക്കു കീഴെയുള്ളവരുമാണ് കൂടുതലും അവയുടെ ഗുണഭോക്താക്കള്‍. ഒരര്‍ത്ഥത്തില്‍ നാടിന്റെ പ്രാദേശിക ഖജനാവുകളാണവ. അത്തരം ഒട്ടേറെ സ്ഥാപനങ്ങളില്‍ ഗുരുതരമായ ക്രമക്കേടുകളും ധനാപഹരണവും നടന്നെന്ന വിവരം പുറത്തായിട്ടും വ്യവസ്ഥാപിത രാഷ്ട്രീയപ്രസ്ഥാനക്കാരൊന്നും ചടങ്ങിനെങ്കിലും ‘ഞെട്ടി’ യില്ല. അതിനര്‍ത്ഥം അവര്‍ക്കൊക്കെ നേരത്തെതന്നെ ഇതറിയാമായിരുന്നു എന്നാണ്. പുറംലോകമറിയാതെ വിത്തെടുത്തുകുത്തുന്ന പണിയിലായിരുന്നു അവര്‍. തീരദേശത്തെ മുടിച്ചുകൊണ്ടിരിക്കുന്ന ഒരു കരിമണല്‍ കമ്പനിയില്‍ നിന്നു ലാഭവിഹിതം കൈപ്പറ്റിയവരുടെ പട്ടിക പുറത്തായതും അടുത്ത കാലത്താണ്. ഉദ്യോഗസ്ഥ-ഭരണ-വ്യവസായ നേതൃത്വങ്ങള്‍ സംയുക്തമായി അഴിമതി നടത്തുന്നതിന്റെ ക്ലാസിക് ഉദാഹരണമായി അതിനെ പരിഗണിക്കാവുന്നതാണ്. പ്രതിപ്പട്ടികയിലുള്ളവര്‍ അപ്പുറവും ഇപ്പുറവുമുണ്ടെങ്കില്‍ നടുവിലുള്ള സാമാന്യജനം വിഡ്ഢികളാക്കപ്പെടുമെന്നതിന് വേറെയും ഉദാഹരണങ്ങളുണ്ട്.
ഭരണതലത്തിലെ കമ്മീഷന്‍ രാജാണ് കേരളത്തെ കൂത്തുപാളയെടുപ്പിച്ചത്. വികസനപ്രവര്‍ത്തനമെന്നാല്‍ നിര്‍മ്മാണപ്രവര്‍ത്തനം മാത്രമാണ്. പ്ലാന്‍ ഫണ്ടിന്റെ പകുതിപോലും സൈറ്റില്‍ ചെലവഴിക്കപ്പെടുന്നില്ല. അത്രയും പല കീശകളിലേയ്ക്കായി വീതിക്കപ്പെടുന്നു. മേസ്തിരിയുടെ ചട്ടുകത്തിലെ സിമന്റുണങ്ങുന്നതിനുമുമ്പ് നാടമുറിച്ചുദ്ഘാടിക്കാന്‍ നേതാക്കള്‍ക്ക് വെപ്രാളമാണ്. ഒരു മഴ നനഞ്ഞാല്‍, നാലു വെയിലുകൊണ്ടാല്‍ നിര്‍മ്മാണത്തിന്റെ ‘കൊണം’ വെളിപ്പെടുമെന്ന് അവര്‍ക്കറിയാം. പിന്നെ എന്തായി ഏതായി? അതൊന്നും ആര്‍ക്കും പ്രശ്‌നമല്ല. വീതം വെപ്പ് വേദവാക്യമായ കമ്മീഷന്‍ രാജിന്റെ നിത്യ സ്മാരകമാക്കാവുന്ന ഒരു നിര്‍മ്മിതി കോഴിക്കോട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി. ടെര്‍മിനല്‍.
എത്ര പൊതുമേഖലാസ്ഥാപനങ്ങളാണ് ഈ ചെറിയ സംസ്ഥാനത്തുള്ളത്? ഏതെങ്കിലുമൊന്ന് സ്ഥിരലാഭത്തില്‍ മുന്നേറുന്നുണ്ടോ? അങ്ങനെ ആര്‍ക്കെങ്കിലും വാശിയുണ്ടോ? കടത്തില്‍ നിന്നു കടത്തിലേയ്ക്ക് അവ തോറ്റാടിക്കൊണ്ടിരിക്കുന്നു. അതിന്റെ പരിണതഫലമാണ് ഇപ്പോള്‍ നാം അനുഭവിക്കുന്നത്.
ഓരോ വകുപ്പും കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലത്തെയെങ്കിലും പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്തുകൊണ്ടുള്ള സമഗ്രമായ ധവളപത്രം പുറപ്പെടുവിക്കേണ്ടതുണ്ട്. പഴുതടച്ച സംവിധാനങ്ങളിലൂടെ ധനച്ചോര്‍ച്ച ഒട്ടുമില്ലെന്നുറപ്പുവരുത്തി മുന്നോട്ടു നീങ്ങേണ്ടതുണ്ട്. തെരഞ്ഞെടുപ്പടുക്കുമ്പോഴുള്ള ഗിമ്മിക്കുകള്‍ക്കപ്പുറം അതീവ ഗൗരവത്തോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക നില വിശകലനം ചെയ്യപ്പെടണം. കേരളമാണ് വളരേണ്ടത്. ഏതാനും വ്യക്തികളും കുടുംബങ്ങളുമല്ല.