ഇസ്രായേല്‍ രഹസ്യാന്വേഷണവൃത്തങ്ങളിലും സുരക്ഷാസ്ഥാപനങ്ങളിലും വളരെയേറെ ബഹുമാന്യനായ വ്യക്തിയാണ് മേജര്‍ ജനറല്‍ (റിട്ട.) യെയിര്‍ റാവിദ് . ‘അബു ദൗദ്’ എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹം ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന് വേണ്ടി വിവിധരാജ്യങ്ങളില്‍ നിരവധി ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെക്കുറിച്ചും ഇസ്രായേലിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മേജര്‍ ജനറല്‍ (റിട്ട.) യെയിര്‍ റാവിദുമായി അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് അരുണ്‍ ലക്ഷ്മണന്‍ നടത്തിയ അഭിമുഖം.
സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ഇസ്രായേല്‍ അഭിമുഖീകരിച്ചത്. പലരും അതിനെ ഹോളോകാസ്റ്റുമായി ബന്ധപ്പെടുത്തി. എന്താണ് അങ്ങയുടെ അഭിപ്രായം?
♠അതെ, ഇതൊരു വലിയ ദേശീയദുരന്തമാണ്. നമുക്ക് നമ്മുടെ 1400 പൗരന്മാരെ നഷ്ടപ്പെട്ടു, 200-ലധികം പേര്‍ തീവ്രവാദികളുടെ കസ്റ്റഡിയിലായി. ഞങ്ങള്‍ തീര്‍ച്ചയായും ഒരു വലിയ പ്രശ്‌നം അഭിമുഖീകരിക്കുകയാണ്. എന്നിരുന്നാലും നിങ്ങള്‍ക്കറിയാവുന്നതുപോലെ ഞങ്ങള്‍ പ്രതിരോധശേഷിയുള്ളവരും കഠിനാധ്വാനികളുമായ ആളുകളുടെ ഒരു സമൂഹമാണ്. ഞങ്ങള്‍ ഇതിനെ അതിജീവിച്ച് രാജ്യത്തും ചുറ്റുപാടും സമാധാനവും സാധാരണജീവിതവും തിരിച്ചു കൊണ്ടുവരും.
ഇതില്‍ ഇന്റലിജന്‍സ് പരാജയം ഉണ്ടായതായി തോന്നുന്നുണ്ടോ? എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് മൊസാദിന് അറിയാന്‍ കഴിഞ്ഞില്ലേ?
♠ഞാന്‍ നിങ്ങളോട് പറയട്ടെ, മൊസാദിന് സമീപ പ്രദേശങ്ങളിലെ രഹസ്യാന്വേഷണത്തില്‍ ഒരു തരത്തിലും പങ്കില്ല. അത് പൂര്‍ണ്ണമായും ഷിന്‍ ബെറ്റും മിലിട്ടറി ഇന്റലിജന്‍സും ചേര്‍ന്നാണ് ചെയ്യുന്നത്. ഇത് ശരിക്കും ഒരു പരാജയമല്ല, മറിച്ച് ഒരുതരം അലംഭാവമായിരുന്നു. ഞങ്ങളുടെ ആത്മവിശ്വാസത്തില്‍ ഞങ്ങള്‍ വളരെയധികം പ്രതീക്ഷ പുലര്‍ത്തി. എന്ത് തന്നെയായാലും ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഇപ്പോള്‍ ഇതിനെക്കുറിച്ച് സംസാരിക്കാനുള്ള സമയമല്ല, കാരണം ഞങ്ങള്‍ യുദ്ധത്തിലാണ്. യുക്തിസഹമായ നിഗമനങ്ങളുള്ള ഒരു യുദ്ധമാണിത്.
ഇന്റലിജന്‍സ് വൃത്തങ്ങളില്‍ താങ്കള്‍ അബു ദൗദ് എന്നാണ് അറിയപ്പെട്ടിരുന്നത്. എന്തുകൊണ്ടാണത്?
♠ഞാന്‍ ലെബനനില്‍ നിരവധി ദൗത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. എനിക്ക് അതിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ കഴിയില്ല, പക്ഷേ ഞങ്ങളുടെ സര്‍ക്കിളുകളില്‍ എനിക്ക് അത്തരമൊരു പേര് ലഭിച്ചു.
താങ്കളുടെ ചെറുപ്പകാലത്ത് വലതു കൈയ്യില്‍ കുറേ വെടിയുണ്ടകള്‍ ഏറ്റിരുന്നു. അതിനാല്‍ ഇടതു കൈകൊണ്ട് സല്യൂട്ട് പോലും എടുത്തിട്ടുണ്ട്. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് ?
♠ഇസ്രായേല്‍ സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥനെന്ന നിലയില്‍ എനിക്ക് വെടിയുണ്ടകള്‍ ഏല്‍ക്കേണ്ടി വരികയും ധാരാളം രക്തം വാര്‍ന്നുപോകുകയും ചെയ്തു. എന്നാല്‍ ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചുവരികയും നിരവധി സൈനിക കോഴ്സുകള്‍ പൂര്‍ത്തിയാക്കുകയും രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദില്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിക്കുകയും ചെയ്തു.
1972-ലെ മ്യൂണിക്ക് ഒളിമ്പിക്സില്‍ ഇസ്രായേല്‍ അത്ലറ്റുകളെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യാനുള്ള മൊസാദ് ഓപ്പറേഷനെ കുറിച്ച് പറയാമോ?
♠മ്യൂണിക്ക് ഒളിമ്പിക് ഗ്രാമത്തില്‍ ഇസ്രായേലി കായികതാരങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും കനത്ത വില നല്‍കേണ്ടി വന്നതായി രേഖകളുണ്ട്. ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരും നിരവധി യൂറോപ്യന്‍ നഗരങ്ങളില്‍ സ്ഥിരതാമസമാക്കിയവരുമായ എല്ലാവരും കൊല്ലപ്പെട്ടു. അതിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ എനിക്ക് പരിമിതികളുണ്ട്.
ഹമാസ് ഇസ്രായേലിന് വലിയ പ്രഹരം ഏല്‍പ്പിച്ചു, മറ്റെന്തിനെക്കാളും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു? ഈ വിഷയത്തില്‍ നിങ്ങള്‍ എന്താണ് ചെയ്യാന്‍ പോകുന്നത്?
♠ഇതിന് ഹമാസ് വലിയ വില നല്‍കേണ്ടി വരും. വെറുതെ പറയാന്‍ വേണ്ടിയല്ല ഞാന്‍ പറയുന്നത്. ഇസ്രായേലിനെയും ഞങ്ങളുടെ സംവിധാനങ്ങളെയും അറിയുന്ന ആര്‍ക്കും അത് നന്നായി മനസ്സിലാകും. ഗൂഢാലോചനയില്‍ പങ്കെടുത്ത എല്ലാ ഉന്നത ഹമാസ് നേതാക്കളെയും തുടച്ചു നീക്കും. ഇതിന്റെ കൃത്യമായ വിവരങ്ങള്‍ ലഭിക്കുകയും പദ്ധതി ചിട്ടയോടെ നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. ആരും ഞങ്ങളുടെ കയ്യില്‍ നിന്ന് മോചിതരാകില്ല.
ഇസ്രായേലിനെതിരായ ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്‍ ആണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?
♠ഇതിന് പിന്നില്‍ ഇറാനാണോ അതോ മറ്റേതെങ്കിലും രാജ്യമാണോ എന്നതൊന്നും ഇസ്രായേല്‍ കാര്യമാക്കുന്നില്ല. ഇറാന്‍ എപ്പോഴും ഹമാസ്, ഹിസ്ബുള്ള തുടങ്ങി പല ഭീകരസംഘടനകളെയും പിന്തുണയ്ക്കുന്നു. ഇതിന്റെയെല്ലാം കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്, അതിനനുസരിച്ച് നടപടിയെടുക്കും. ഒരു രാജ്യമെന്ന നിലയില്‍ മറ്റൊരു കൂട്ടക്കൊല അനുവദിക്കില്ലെന്നും അതിനാല്‍ അവരെ ഈ പ്രപഞ്ചത്തില്‍ നിന്ന് തുടച്ചുനീക്കുന്നതുവരെ വിശ്രമിക്കാനാവില്ലെന്നും ഞങ്ങള്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട് . ഹമാസിനെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യുംവരെ ഇസ്രായേലിനും അതിന്റെ സൈന്യത്തിനും വിശ്രമമില്ല.
ഇസ്രായേല്‍ ഗാസയ്ക്ക് സമീപം വന്‍തോതില്‍ സൈനികരെ വിന്യസിച്ച്, കര ആക്രമണം ആരംഭിക്കാന്‍ പോകുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നിരുന്നാലും, ആക്രമണത്തിന് പോകുന്നതില്‍ നിന്നും ഇസ്രായേല്‍ പക്ഷത്തെ തടയുന്ന എന്തെങ്കിലും ഉണ്ടോ?
♠ഇസ്രായേല്‍ തീര്‍ച്ചയായും തങ്ങളുടെ സായുധസേനയെ ഉപയോഗിച്ച് ഗാസാമുനമ്പിനെ ആക്രമിക്കും. കര ആക്രമണം നടക്കും. ആക്രമണ സമയം തീരുമാനിക്കേണ്ടത് സൈന്യമാണ്, അതിനായി സൈന്യം സജ്ജമാണ്. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ഞങ്ങള്‍ അഭിപ്രായങ്ങളെ കാര്യമാക്കുന്നില്ല, ആദ്യം നമുക്ക് ഈ യുദ്ധം അവസാനിപ്പിക്കാം അതിനു ശേഷം സംസാരമാവാം.
നിരവധി ഭൂഗര്‍ഭ തുരങ്കങ്ങള്‍ ഹമാസ് കുഴിച്ചിട്ടുണ്ടെന്നും ഇത് ഇസ്രായേലിന് പ്രശ്നമുണ്ടാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടല്ലോ?
♠ഒരു പരിധിക്കപ്പുറം തുരങ്കത്തില്‍ ആര്‍ക്കും ഒളിക്കാന്‍ കഴിയില്ല. ഇതിന് ഓക്‌സിജനും ഇന്ധനവും മറ്റ് പല ഘടകങ്ങളും ആവശ്യമാണ്, അവരെ ഈ തുരങ്കങ്ങളില്‍ നിന്ന് ഞങ്ങള്‍ പുകച്ചു പുറത്താക്കും. ഭൂഗര്‍ഭ തുരങ്കങ്ങളില്‍ പോരാടാന്‍ കഴിയുന്ന ഏറ്റവും മികച്ച യൂണിറ്റ് ഞങ്ങളുടെ പക്കലുണ്ട്. എല്ലാ ഭീഷണിയെയും ഉന്മൂലനം ചെയ്യേണ്ട ഒരു യുദ്ധമാണ്, ഞങ്ങള്‍ പോരാടും.