ഒരു വശത്ത് ഥേരി സാധ്വികളുടെ പുരോഗമനപരമായ സാഹചര്യം കാണുമ്പോള്‍ മറുവശത്ത് സ്മൃതികളുടെ പിന്തിരിപ്പന്‍ ശാസ്ത്രസിദ്ധാന്തങ്ങളുടെ സൃഷ്ടിയും നാം കാണുന്നു. പുരാതനമായ സാമാജിക ജീവിതത്തെ സ്മൃതികള്‍ വിധി-നിഷേധങ്ങളുടെ കര്‍ക്കശമായ ചട്ടക്കൂട്ടില്‍ കെട്ടിയിട്ടു. അങ്ങനെ, സമാജത്തിന്റെ ജീവസുറ്റ സംഘടന, യാന്ത്രികമായ വ്യവസ്ഥിതിയുടെ രൂപം കൈവരിക്കുകയാണുണ്ടായത്. വേദകാലത്തെ സ്ത്രീയുടെ ജീവിതവും ഇതിന്റെ ഇരയായിത്തീര്‍ന്നു എന്നാണ് അനുഭവപ്പെടുന്നത്.
ഇവിടെ ‘ഒരു ധാന്യമണിയുടെ രണ്ടു പരിപ്പുകള്‍’ എന്ന വൈദികകാലത്തെ സങ്കല്പം വിസ്മരിക്കുകയാണ് ചെയ്യുന്നത്. ”സദാചാരഹീനനും ഗുണരഹിതനും പരസ്ത്രീയില്‍ അനുരക്തനുമായ ഭര്‍ത്താവ് പോലും പതിവ്രതകളായ സ്ത്രീകള്‍ക്ക് ദേവനെ പോലെ പൂജ്യനാണ്.”30 എന്നാണ് മനുവിന്റെ മാര്‍ഗ്ഗദര്‍ശനം. സ്ത്രീകള്‍ക്ക് പ്രത്യേകമായി യജ്ഞമില്ല; പ്രത്യേകമായി വ്രതമില്ല; പ്രത്യേകമായി ഉപവാസവും ഇല്ല. ഭര്‍ത്താവിന്റെ ശുശ്രൂഷ മാത്രമാണ് അവരുടെ യജ്ഞം, ഇതിലൂടെ അവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ ആദരം ലഭിക്കുന്നു- മനു പറയുന്നു. ഇതിനുശേഷം, മുന്നറിയിപ്പിന്റെ സ്വരത്തില്‍ ”ഭര്‍ത്താവ് ജീവിച്ചിരിക്കുമ്പോള്‍ ഉപവാസമോ വ്രതമോ ആചരിക്കുന്ന സ്ത്രീ ഭര്‍ത്താവിന്റെ ആയുസ്സ് അപഹരിക്കുന്നതുവഴി നരകത്തില്‍ ചെന്നുപതിക്കുന്നു. വൈദിക കാലത്ത് കുടുംബത്തില്‍ ഗോക്കളുടെ സംവര്‍ദ്ധനത്തിന്റെ ഉത്തരവാദിത്തം വഹിക്കുക വഴി ”ദുഹിത” എന്നറിയപ്പെട്ടിരുന്ന പുത്രി, സ്മൃതികാരന്മാരുടെ ദൃഷ്ടിയില്‍ എത്രമാത്രം ചുരുങ്ങിപ്പോയെന്നു നോക്കൂ! ”ബാല്യകാലത്തോ, യുവാവസ്ഥയിലോ, വാര്‍ദ്ധക്യത്തിലോ സ്ത്രീ തന്നിഷ്ടംപോലെ വീടുകാര്യങ്ങള്‍ നടത്തരുത്” എന്നാണ് കല്പന. ഈ വിഷയത്തില്‍ ഊന്നിക്കൊണ്ട് അടുത്തതായി പറയുന്നു; ”ബാല്യത്തില്‍ പിതാവിന്റെയും യൗവ്വനത്തില്‍ ഭര്‍ത്താവിന്റെയും വാര്‍ദ്ധക്യത്തില്‍ പുത്രന്റെയും അധീനതയില്‍ വേണം സ്ത്രീ ജീവിക്കാന്‍, ഒരിക്കലും സ്വതന്ത്രയായി ജീവിക്കരുത്; സ്വതന്ത്രയായി ജീവിച്ചാല്‍ രണ്ടു കുലങ്ങള്‍ക്കും അവള്‍ പേരുദോഷം വരുത്തിവെക്കും.” 34
മനു ഇവിടെ സ്ത്രീകളുടെ ദുര്‍വ്യവഹാരത്തെക്കുറിച്ചല്ല പറയുന്നത്. മറിച്ച്, അവര്‍ ഒറ്റക്ക് വേറിട്ട് താമസിക്കുമ്പോള്‍ സംഭവിച്ചേക്കാവുന്ന അപകടത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വ്യക്തി, കുലം, സമാജം എന്നിവയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം അച്ഛന്‍, ഭര്‍ത്താവ്, മകന്‍ എന്നിങ്ങനെ പുരുഷന്മാര്‍ക്ക് മാത്രമായുള്ളതാണെന്നാണ് അദ്ദേഹം പറഞ്ഞതിന്റെ താല്പര്യം. മുഖ്യമായ വിഷയം സുസംസ്‌കാരികമായ സാമാജികവും സദാചാരപരവും പാരിവാരികവുമായ ജീവിതത്തിന്റെ അസ്തിത്വമായിരുന്നു.
പക്ഷെ, സ്മൃതി കാലഘട്ടത്തില്‍ ഭാരതീയ സ്ത്രീയുടെ സ്ഥിതി വേദോപനിഷത്ത് കാലത്തെയപേക്ഷിച്ച് താഴ്ന്നു പോയിരുന്നുവെന്നത് നിസ്തര്‍ക്കമാണ്. ”പരമ്പരാഗതമായ പതിനാറ് സംസ്‌കാരങ്ങള്‍ ഏറെക്കുറെ അനിവാര്യമായിരുന്നെങ്കിലും സ്ത്രീകളുടെ കാര്യത്തില്‍ വേദമന്ത്രം ചൊല്ലല്‍ നിര്‍ത്തലാക്കപ്പെട്ടു. അപവാദം വിവാഹകാര്യത്തില്‍ മാത്രമായിരുന്നു. സ്ത്രീകളുടെ വേദപഠനം നിലച്ചിരുന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. യജ്ഞോപവീതധാരണം നിരോധിക്കപ്പെട്ടു; ബ്രഹ്മോപദേശം നിഷേധിക്കപ്പെട്ടു; മന്ത്രോച്ചാരണത്തോടെയുള്ള അനുഷ്ഠാനങ്ങള്‍ അവര്‍ക്ക് വിലക്കപ്പെട്ടു. അവര്‍ ഹോമഹവനാദികള്‍ നടത്തരുതെന്നായി. ഗുരുകുലവാസം എന്നത് ഭര്‍ത്താവിന്റെ ശുശ്രൂഷമാത്രമായിത്തീര്‍ന്നു. വീട്ടുകാര്യങ്ങള്‍തന്നെ അഗ്നിഹോത്രമായി.”35 അതായത്, സ്ത്രീയുടെ സ്വതന്ത്രമായ അസ്തിത്വം ഇല്ലാതാവുകയും അവള്‍ ഭര്‍ത്താവിന്റെ കേവലം അനുബന്ധമായിത്തീരുകയും ചെയ്തു. ഇവിടെ ഒരു വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നു. സ്ത്രീയുടെ ആദരവിനെ സംബന്ധിച്ച് അനേകം പണ്ഡിതന്മാര്‍ ”എവിടെ സ്ത്രീ ആദരിക്കപ്പെടുന്നുവോ അവിടെ ദേവതകള്‍ പ്രസാദിക്കുന്നു; എവിടെ ആദരിക്കപ്പെടുന്നില്ലയോ അവിടെ എല്ലാ ക്രിയകളും നിഷ്ഫലമായിത്തീരുന്നു.”36 എന്ന മനുവിന്റെ ശ്ലോകം ആവര്‍ത്തിച്ച് ഉദ്ധരിക്കാറുണ്ട്. ശ്രദ്ധയോടെ വിശകലനം ചെയ്താല്‍, ഇത് ഭര്‍ത്താവിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണെന്ന് കാണാന്‍ കഴിയും. ഭര്‍ത്താവില്‍ നിന്ന് എന്താണോ പ്രതീക്ഷിക്കുന്നത്, അതാണിവിടെ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. സ്ത്രീയെ സംബന്ധിച്ച കാഴ്ചപ്പാടും പെരുമാറ്റവും എന്തായിരിക്കണമെന്ന് പുരുഷന് നല്‍കിയ നിര്‍ദ്ദേശമാണിത്. പ്രത്യക്ഷത്തില്‍ സ്ത്രീയുടെ ജീവിതവുമായി ബന്ധപ്പെടുന്നതാണത്. സ്ത്രീക്ക് വിദ്യാഭ്യാസം നിഷേധിക്കുക, വേദാദ്ധ്യയനം വിലക്കുക, മറുവശത്ത് അവളെ ആരാധ്യയായി കാണുക, ഇവ രണ്ടിനും ഇടയ്ക്ക് രാവും പകലും തമ്മിലുള്ളതെന്ന പോലത്തെ അന്തരമുണ്ട്. വിദ്യാഭ്യാസമില്ലാത്ത സ്ത്രീ ആരാധ്യയായേക്കാം. എന്നാല്‍ ആരാധ്യകളായ എല്ലാ സ്ത്രീകളും വിദ്യാവിഭൂഷിതയാണെന്ന് പറയാനാവില്ല. ആരാധ്യയായി കാണുന്നത് ചിന്തയുടെയും ഭാവനയുടെയും കാര്യമാണ്. വിദ്യാഭ്യാസം നേടുന്നത് സാമൂഹിക തലത്തില്‍ ലഭിക്കുന്ന അംഗീകാരവുമായി ബന്ധപ്പെട്ട കാര്യമാണ്. വേദകാലത്തെ സ്വതന്ത്രവും ഉന്നതവുമായ സ്ത്രീ ജീവിതത്തിന് സ്മൃതിയുടെ കാലഘട്ടത്തില്‍ കൂച്ചുവിലങ്ങിട്ടു എന്നത് വ്യക്തമാണ്. ഈ വിലക്കുകള്‍ക്ക് പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് മനുസ്മൃതി പറയുന്നില്ല. അതിന് നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരവിന്റെ സ്വരമാണുള്ളത്. സ്വര്‍ഗ്ഗത്തിന്റെ അപ്രാപ്തി, നരകപ്രാപ്തി മുതലായ ജീവിതാനന്തര സാധ്യതകള്‍ക്ക് ഊന്നല്‍ നല്‍കുന്ന ആധികാരികതയില്ലാത്ത വാദഗതികളെയാണ് അത് പരിപോഷിപ്പിക്കുന്നത്.
മനുസ്മൃതി രചിക്കപ്പെട്ട കാലമേത്, ആ സമയത്തെ ചരിത്രം എന്തായിരുന്നു, രാജനൈതികമായ അധികാരം അപ്പോള്‍ ആരുടെതായിരുന്നു, അത് പ്രജകളിലുണ്ടാക്കിയ സ്വാധീനമെന്തായിരുന്നു മുതലായ വിഷയങ്ങളെക്കുറിച്ച് വ്യക്തമായ നിഗമനം ഇന്നോളം സാധ്യമായിട്ടില്ല. മാത്രമല്ല, മനുസ്മൃതി അദ്ദേഹത്തിന്റെ മസ്തിഷകത്തിന്റെ തന്നെ സൃഷ്ടിയാണോ, അതോ അപ്പോള്‍ നിലനിന്നിരുന്ന നാട്ടാചാരങ്ങള്‍ അദ്ദേഹം സങ്കലനം ചെയ്യുകയാണോ ഉണ്ടായത്? മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, മനു രചയിതാവായിരുന്നോ, അതോ സങ്കലന കര്‍ത്താവായിരുന്നോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയില്ല. യാജ്ഞവല്‍ക്യന്‍, പരാശരന്‍ മുതലായ മറ്റ് സ്മൃതികാരന്മാരുടെയും കാര്യം ഇതുതന്നെയാണ്. ഏതായാലും വേദകാലത്തെ സ്ത്രീകളുടെ സ്ഥിതി സ്മൃതികാലത്ത് അധഃപതിച്ചു എന്ന് നിസ്സംശയം പറയാനാകും. ഇതിന്റെ ഫലമായി മന്ത്രദ്രഷ്ട്രികളായ വിഭൂതികളായ സ്ത്രീകളുടെ ജന്മസ്രോതസ്സ് തന്നെ വറ്റിപ്പോയി. സൂര്യ, അപാല, ലോപാമുദ്ര തുടങ്ങിയവരുടെ ദിവ്യോദയം അസംഭവ്യവുമായിത്തീര്‍ന്നു. അഗ്നിഹോത്രത്തില്‍ ഭര്‍ത്താവിന്റെ പങ്കാളിയായിരുന്ന ഭാര്യ കേവലം സന്തത്യുല്പാദനം നടത്തുന്ന ”ജായാ”യായി മാറി. ഗാര്‍ഗി, മൈത്രേയി, ഇതര മുതലായ ധിഷണാശാലിനികള്‍, അസ്പൃശ്യവും അപ്രാപ്യവുമായ വിദൂരമായ നഭസ്സിലെ നക്ഷത്രങ്ങളായിത്തീര്‍ന്നു. ക്രമേണ സംസ്‌കൃതം സ്ത്രീസമൂഹത്തിന് പഠിക്കാന്‍ പാടില്ലെന്നായി. ”നിഃശേഷജാഡ്യപഹാ സരസ്വതീ ഭഗവതീ” ഭാരതീയ സ്ത്രീയ്ക്ക് അനുകരണീയമല്ലാതായി, കേവലം ഭജനീയയായി മാറി.
സാഹിത്യത്തില്‍ വിവേചനം
ഈ പ്രക്രിയ കാളിദാസന്റെ മുന്‍ഗാമിയായ ഭാസമഹാകവിയുടെ കാലഘട്ടത്തില്‍ ആരംഭിച്ചതാണെന്ന് പഠനത്തില്‍ നിന്ന് മനസ്സിലാക്കാം. അദ്ദേഹത്തിന്റെ പതിമൂന്ന് നാടകങ്ങളിലും സ്ത്രീ കഥാപാത്രങ്ങള്‍ പ്രാകൃത ഭാഷയില്‍ സംസാരിക്കണമെന്നത് ഒരു നിയമമായി തീര്‍ന്നിരുന്നു. പിന്നീട് അത് സംസ്‌കൃത നാടകങ്ങളുടെ രീതിയായി മാറി. വ്യാകരണവുമായി ബന്ധപ്പെട്ടോ സാഹിത്യദൃഷ്ടിയിലോ യാതൊരു കാരണവും കൂടാതെ, മഹാകവി ഭാസന്റെ മഹാകാവ്യമായ ശ്രീകൃഷ്ണ സംബന്ധിയായ ”ബാലചരിതം” നാടകത്തില്‍ ശ്രീകൃഷ്ണന്റെ പിതാവ് വസുദേവന്‍ സംസ്‌കൃതത്തില്‍ സംസാരിക്കുമ്പോള്‍, മാതാവായ ദേവകി പ്രാകൃതത്തിലാണ് സംസാരിക്കുന്നത് എന്നു കാണുമ്പോള്‍ അത് സാമാന്യബുദ്ധിക്ക് ആശ്ചര്യകരമായി തോന്നുന്നു. ”മധ്യമ വ്യായോഗ” ത്തില്‍ ഭീമപുത്രനായ ഘടോത്കചന്‍ സംസ്‌കൃതം പറയുമ്പോള്‍ അവന്റെ അമ്മ ഹിഡിംബിയും ബ്രാഹ്മണിയും ഇരുവരും പ്രാകൃതത്തിലാണ് സംസാരിക്കുന്നത്. ”ഭൂതഘടോത്കച” ത്തില്‍ രാജാവായ ധൃതരാഷ്ട്രന്‍ സംസ്‌കൃതത്തില്‍ സംസാരിക്കുമ്പോള്‍ റാണി ഗാന്ധാരി പ്രാകൃതത്തില്‍ സംസാരിക്കുന്നു. ദേവകീ- വസുദേവന്‍, ഗാന്ധാരി-ധൃതരാഷ്ട്രര്‍ എന്നിവര്‍ തലം, സ്ഥാനം, സ്ഥിതി, സംസ്‌കാരം എന്നിവയില്‍ സമന്മാരാണ്. അവരുടെ ജീവിതം ഒന്നുതന്നെയാണ്, എന്നിരുന്നിട്ടും ഒരേ ഭാഷ സംസാരിക്കാനുള്ള അധികാരമില്ല. ഇവിടെ ഉച്ചനീചത്വം എത്രമാത്രം അസ്വാഭാവികമാണ്!
മഹാകവി കാളിദാസനും ഈ വിരോധാഭാസത്തിന്റെ വഴിയിലൂടെയാണ് സഞ്ചരിച്ചത്. അദ്ദേഹത്തിന്റെ ‘വിക്രമോര്‍വശീയ’ത്തില്‍ ദേവകന്യകയായ ഊര്‍വ്വശി സ്വയം പ്രാകൃതത്തില്‍ പറയുമ്പോള്‍ ഊര്‍വ്വശിയുടെ മകന്‍ ശുദ്ധമായ സംസ്‌കൃതത്തിലാണ് സംസാരിക്കുന്നത്. വിശ്വോത്തരമായ ‘ശാകുന്തള’ത്തില്‍ അപ്‌സരയായ ‘മേനക’യുടെ മകള്‍ ശകുന്തള ശൈശവകാലം തൊട്ട് വളര്‍ന്നത് കണ്വന്റെ ഗുരുകുലത്തിലായിരുന്നെങ്കിലും സംസാരിച്ചത് പ്രാകൃതത്തിലാണ്. അതേസമയം രാജാവിന്റെ സേനാപതിയാകട്ടെ, സംസ്‌കൃതത്തിലും! ഉദാഹരണത്തിന്, ‘അന്യതോ ഗമിഷ്യാമി’ എന്നു പറയേണ്ടിടത്ത് ‘ശകുന്തള അണ്ണദോ ഗമിസ്സം’ എന്നാണ് പറയുന്നത്. എന്തൊരു വിധിവൈപരിത്യം. കാട്ടുജാതിക്കാരനായ പുരുഷന്‍ സംസ്‌കൃതത്തില്‍ പറയുമ്പോള്‍, ദേവകന്യകയായ സ്ത്രീയുടെ നാവില്‍ പ്രാകൃതവും! ഈ വൈരുദ്ധ്യം എങ്ങനെയാണ് പരിഹരിക്കുക? ഇത് ഒറ്റ നിഗമനത്തിലേക്കാണ് നമ്മെ എത്തിക്കുക: ”വേദകാലത്തെ ഒരു ധാന്യമണിയുടെ രണ്ട് പരിപ്പുകള്‍” എന്ന ചിന്ത വിസ്മരിക്കുകയും ആ പാത ഉല്ലംഘിക്കുകയും ചെയ്തു. സംസ്‌കൃത നാടകങ്ങളില്‍ പുരുഷന്‍ സംസ്‌കൃതം പറയുമ്പോള്‍ സ്ത്രീ പ്രാകൃതത്തില്‍ സംസാരിക്കുമെന്നത് അപകടകരമായ വാദഗതിയാണ്. ഈ നിയമം കഥാപാത്രത്തിന്റെ തലത്തിലധിഷ്ഠിതമല്ല, കേവലം ലിംഗത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്.
പുരുഷ പക്ഷപാതപരമായ ഈ മനോഭാവം പിന്നീട് ഭാരതീയ സാഹിത്യത്തിന്റെ സ്വഭാവമായി മാറി എന്നാണ് അനുഭവത്തില്‍ നിന്ന് മനസ്സിലാവുന്നത്. ”മാതൃവത് പരദാരേഷു” എന്ന ഉപദേശം നല്‍കിയപ്പോള്‍ തന്നെ സമാജത്തില്‍ പ്രചാരത്തിലുള്ള സാഹിത്യത്തില്‍ സ്ത്രീയെ താഴ്ന്നവളായി ചിത്രീകരിച്ചു; സ്ത്രീകളെ അവഹേളിക്കുന്നത് സഹജമായിത്തീര്‍ന്നു. ഈ കാലത്തെ സാഹിത്യരചനകളില്‍ സത്യവാന്‍-സാവിത്രീ, നള-ദമയന്തി, ദുഷ്യന്തന്‍-ശകുന്തള, അത്രി-അനസൂയ പോലുള്ള കഥകളുടെ സൃഷ്ടി നിലച്ചുപോയി. പകരം സ്ത്രീ അവഹേളന കഥയുടെ വിഷയമായിത്തീര്‍ന്നു. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ”കഥാസരിതസാഗരം.” പേര് സൂചിപ്പിക്കുന്നതുപോലെ അതില്‍ സ്ത്രീ-പുരുഷ സംബന്ധിതമായ നൂറുകണക്കിന് കഥകളുണ്ട്. എന്നാല്‍ അവയില്‍ ഒന്നുപോലും സമാജത്തിന് ഉപയുക്തമായ ഉല്‍കൃഷ്ട കഥകളുടെ ശ്രേണിയില്‍ സ്ഥാനം പിടിച്ചില്ല.
വിശ്വപ്രസിദ്ധമായ ‘പഞ്ചതന്ത്ര’മെന്ന കൃതി ഇതിന് ഉത്തമമായ ഒരുദാഹരണമാണ്. അതിലെ കഥകള്‍ ബാല-ബാലികന്മാരെ സുസംസ്‌കൃതരാക്കി തീര്‍ക്കുന്നതിന് അത്യന്തം ഫലപ്രദമാണ്. എന്നാല്‍ അതില്‍ അനേകം കഥകള്‍ ദമ്പതികളും കുടുംബാംഗങ്ങളും ഒരുമിച്ചിരിക്കുമ്പോള്‍ വായിക്കാന്‍ പറ്റാത്തവയാണ്. അതിന്റെ രചയിതാവ് ഒരുപക്ഷെ സ്ത്രീവിദ്വേഷി ആയിരുന്നിരിക്കണം. മൊത്തം സ്ത്രീകളെക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകള്‍ ഔദാര്യ പൂര്‍ണമല്ല. അതിനെ പുഷ്ടിപ്പെടുത്താന്‍ പാകത്തില്‍ നിരന്തരമായി കഥകള്‍ അവതരിപ്പിക്കുന്നുമുണ്ട്. ഇത് വ്യക്തമാക്കാന്‍ പാകത്തില്‍ രണ്ടോ നാലോ ഉദാഹരണങ്ങള്‍ നിങ്ങളുടെ മുമ്പില്‍ വെക്കാം. സ്ത്രീ ”അവള്‍ ഒരാളുമായി വൃഥാവാദം നടത്തുന്നു; രണ്ടാമത്തവനെ ഹൃദയംകൊണ്ട് ആഗ്രഹിക്കുന്നു, അവള്‍ക്ക് യഥാര്‍ത്ഥത്തില്‍ പ്രിയപ്പെട്ടവനാരാണെന്ന് ആര്‍ക്കറിയാം!”37
30. വിശീലഃ കാമവൃത്തോ വാ ഗുണൈര്‍വാ പരിവര്‍ജിതഃ
ഉപചര്യഃ സ്ത്രീയാ സാധ്‌വ്യാ സതതം ദേവവത് പതിഃ
(മനുസ്മൃതി 5-154)
31. നാസ്തി സ്ത്രീണാം പൃഥഗ്യജ്ഞോ ന വ്രതം നാപ്യുപോഷണം പതിം ശുശ്രൂഷതേ യേന തേന സ്വര്‍ഗേ മഹീയതേ (മനുസ്മൃതി 5-11)
32. പത്യൗ ജീവതി യാ തു സ്ത്രീ ഉപവാസം വ്രതം ചരേത് ആയുഷ്യം ഹരതേ ഭര്‍തൂ: നരകം ചൈവ ഗച്ഛതി
(പലരും ഇത് പ്രക്ഷിപ്തമെന്ന് കരുതുന്നു)
(മനുസ്മൃതി 5-155/6)
33. ബാലയാ വാ യുവാത്യാ വാ വൃദ്ധായാ വാങ്കപി യോഷിതാ ന സ്വതന്ത്രേ്യണ കര്‍ത്തവ്യം കിംചിത് കാര്യം ഗൃഹേഷ് വപി (മനുസ്മൃതി 5-147)
34. ബാല്യേ പിതൃവശേ തിഷ്‌ഠേത് പാണിഗ്രാഹസ്യ യൗവനേ പുത്രാണാം ഭര്‍തരി പ്രേതേ ന ഭജേത് സ്ത്രീ സ്വതന്ത്രതാം… ഗര്‍ഹ്യേ കുര്യാദുഭേ കുലേ (മനുസ്മൃതി 5-148, 149)
35. അമശ്രികാ തൂ കാര്‍യേയം സ്ത്രീണാമാവൃദ ശോഭതഃ
സംസ്‌കാരാര്‍ഥം ശരീരസ്യ യഥാകാലം യഥാക്രമം
വൈവാഹികോ വിധിഃ സ്ത്രീണാം സംസ്‌കാരോ വൈദികഃ സ്മൃതഃ പതിസേവാ ഗുരുര്‍വാസോ ഗൃഹാര്‍ഥോഗ്നി പരിക്രിയാ (മനുസ്മൃതി 2-66, 61)
(അര്‍ത്ഥം ശരീരസംസ്‌കാരത്തിന് നേരത്തെ പറഞ്ഞ സമയത്ത് ക്രമമനുസരിച്ച് സ്ത്രീകളുടെ വിവാഹമൊഴികെ എല്ലാ സംസ്‌കാരങ്ങളും മന്ത്രം കൂടാതെ വേണം ചെയ്യാന്‍. സ്ത്രീകളുടെ വിവാഹസംസ്‌കാരം തന്നെയാണ് വൈദിക സംസ്‌കാരം (യജ്ഞോപവീത ധാരണം), ഭര്‍ത്താവിനെ സേവിക്കുന്നതു തന്നെയാണ് ഗുരുകുലവാസം, വീട്ടുകാര്യങ്ങളുടെ നിര്‍വഹണം തന്നെയാണ് അഗ്നിഹോത്ര കര്‍മ്മം.)
36. യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ
യത്ര നാര്യസ്തു നാപൂജ്യന്തേ സര്‍വാസ്തുത്രാഫലാഃ ക്രിയാഃ (മനുസ്മൃതി 3-56)
37. ജല്‍പയന്തി സാര്‍ദ്ധമന്യേന പശ്യന്ത്യന്യം സവിഭ്രമാഃ