രാജ്യം വിശ്വഗുരുവും വിശ്വമിത്രവുമായി വികസിക്കുമ്പോള്‍ അറിഞ്ഞുകൊണ്ടോ അജ്ഞതകൊണ്ടോ അടിസ്ഥാനരഹിതമായ വിമര്‍ശന സ്വരങ്ങള്‍ ആഭ്യന്തരമായി ഉയര്‍ന്നുവരുന്ന നിര്‍ഭാഗ്യകരമായ സാഹചര്യം ഭാരതത്തില്‍ നിലനില്‍ക്കുകയാണ്.
ജി-20 ഉച്ചകോടി ന്യൂദല്‍ഹിയില്‍ സംഘടിപ്പിക്കപ്പെടുകയും ലോക നേതാക്കളൊന്നാകെ ഭാരതത്തില്‍ എത്തിച്ചേരുകയും ചെയ്ത സമയത്ത് ഡി.എം.കെ.നേതാവ് ഉദയനിധി സ്റ്റാലിന്‍ ഉയര്‍ത്തിയ വിമര്‍ശനമാണ് തമിഴ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഭാരതത്തില്‍ വൈദേശിക മത പ്രചാരണത്തിനുള്ള ശ്രമങ്ങളെയും വ്യാപകമായി നടക്കുന്ന മതംമാറ്റത്തെയും മറച്ചുപിടിക്കുന്നതിനായി പാശ്ചാത്യ മിഷനറിമാര്‍ നടപ്പാക്കിയ ഗൂഢപദ്ധതിയുടെ ഇന്നത്തെ വക്താവായി ഡി.എം.കെ.നേതാവ് മാറി. തമിഴ് ജനതയ്ക്ക് ഒരു സംസ്‌കാരമേ ഉള്ളൂ. അതാകട്ടെ, സനാതനധര്‍മത്തില്‍ അധിഷ്ഠിതമാണ്. ഓരോ പ്രദേശത്തും ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ആചാരാനുഷ്ഠാനങ്ങള്‍ വികസിച്ചുവന്നിരുന്നത്. ഇത്തരത്തില്‍ പ്രാദേശികമായ വൈജാത്യം നിലനിര്‍ത്താനുള്ള സ്വാതന്ത്ര്യമാണ് സനാതനധര്‍മത്തിന്റെ സവിശേഷത.
എന്നാല്‍, സമൂഹത്തിലെ ഈ ഒരുമയെ തകര്‍ക്കുകയെന്ന രഹസ്യ അജണ്ടയാണ് ബിഷപ് കാള്‍ഡ് വെല്ലിനെപ്പോലെയുള്ളവര്‍ വെച്ചുപുലര്‍ത്തിയത്. ‘എ കംപാരറ്റീവ് ഗ്രാമര്‍ ഓഫ് ദ് ദ്രവീഡിയന്‍ ഓര്‍ സൗത്ത് ഇന്ത്യന്‍ ഫാമിലി ഓഫ് ലാംഗ്വേജസ്’ എന്ന തന്റെ കൃതിയിലൂടെ ‘ദ്രവീഡിയന്‍’ എന്ന പ്രയോഗം ബിഷപ് കാള്‍ഡ് വെല്‍ അവതരിപ്പിച്ചു. തമിഴിന് സംസ്‌കൃതത്തിനുമേല്‍ മേല്‍ക്കോയ്മയുണ്ടെന്ന ചിന്ത പ്രചരിപ്പിക്കുകയും ചെയ്തു. ഈ ചിന്താഗതി ഇപ്പോഴും ദ്രവീഡിയന്‍ പ്രസ്ഥാനങ്ങള്‍ എന്ന് അവകാശപ്പെടുന്ന സംഘടനകള്‍ ഉയര്‍ത്തിപ്പിടിക്കുന്നു.
സനാതനധര്‍മത്തിനെതിരെ തീര്‍ത്തും ഏകപക്ഷീയമായ വിമര്‍ശനം ഉയര്‍ത്താന്‍ ഉദയനിധി തെരഞ്ഞെടുത്ത സമയവും സംശയങ്ങള്‍ക്ക് ഇട നല്‍കുന്നു. ലോകം ശിവമയമായിത്തീരുമ്പോഴാണ് സനാതനധര്‍മത്തെ കുഴിച്ചുമൂടണമെന്ന പ്രസ്താവന ഉയരുന്നത്. ചരിത്രത്തിലാദ്യമായി ജി-20 ഉച്ചകോടി പോലുള്ള ഒരു അന്തര്‍ദേശീയ സംഗമത്തിനു ന്യൂദല്‍ഹി ആതിഥ്യമരുളിയ നാളുകളിലായിരുന്നു ഡി.എം.കെ. നേതാവിന്റെ പരാമര്‍ശം. പ്രമുഖ രാഷ്ട്രങ്ങളുടെ നേതൃത്വങ്ങളൊന്നാകെ ന്യൂദല്‍ഹിയില്‍ തമ്പടിച്ച്, ഭാരതമെന്ന മഹിമയെ വിലയിരുത്തുകയും പ്രകീര്‍ത്തിക്കുകയും ചെയ്തുവരുന്നതിനിടെ രാജ്യത്തിനകത്തെ ഒരു രാഷ്ട്രീയ നേതാവ് വിമര്‍ശനമുയര്‍ത്തുന്നതു തീര്‍ത്തും നിഷ്‌കളങ്കമായിട്ടാണോ എന്നതാണു ചോദ്യം. ജി-20 ഉച്ചകോടി നടന്ന വേദിയുടെ പൂമുഖത്തു ഭാരതം ശിവനെ പ്രതിഷ്ഠിച്ചിരുന്നു. സംഗമവേദിയായ ഭാരതമണ്ഡപത്തിലെ മുഖ്യപ്രതീകമായാണു നടരാജനെ പ്രതിഷ്ഠിച്ചത്. ഇഴമുറിയാതെ നിലകൊള്ളുന്ന ഭാരതസംസ്‌കാരത്തിന്റെ ഏകതയെയും തുടര്‍ച്ചയെയും പ്രതിനിധാനം ചെയ്യുന്ന അടയാളമാണത്. ശിവതാണ്ഡവത്തിനു പ്രധാനമായും മൂന്നു വിധത്തിലുള്ള പ്രസക്തിയുണ്ട്. ഭൂമിയുടെ ഏകതയെയും എല്ലാവരും ഏക കുടുംബത്തിന്റെ ഭാഗമെന്ന സങ്കല്‍പത്തെയും ഏവര്‍ക്കും മുന്നിലുള്ള സമാനമായ ഭാവിയെയുമാണ് ശിവതാണ്ഡവം ഓര്‍മിപ്പിക്കുന്നത്.
ജി-20 എന്താണോ ലക്ഷ്യംവെക്കുന്നത്, ശിവതാണ്ഡവം അതിനെ പ്രതിനിധാനം ചെയ്യുന്നു. സൃഷ്ടി, സ്ഥിതി, സംഹാരവുമായി ശിവന്റെ നൃത്തത്തിനു ബന്ധമുണ്ട്. ധ്രുവീകൃതവും വേര്‍തിരിക്കപ്പെട്ടതുമായ ലോകത്തെ കൂട്ടിയിണക്കുകയെന്നതാണ് ജി-20യുടെ ലക്ഷ്യം. വരുംതലമുറകള്‍ക്കു ക്ഷേമം പകരുന്നതിനായി എല്ലാവരെയും ഭാഗമാക്കി, ആത്മവിശ്വാസത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന ഭാരതത്തിന്റെ, നവീകരിക്കപ്പെട്ട ആവേശത്തെയാണ് ഇന്നത്തെ ലോകചിത്രം പ്രതിഫലിപ്പിക്കുന്നത്.
(സണ്‍ഡേ ഇന്ത്യയിലെ ‘ഒപ്പീനിയന്‍’ പംക്തിയില്‍ എഴുതിയത്)