ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി ടി.എസ്. സിംഗ് ദിയോക്ക് എ.ഐ.സി.സിക്കുമുമ്പില്‍ നൂറ്റൊന്ന് ഏത്തമിടേണ്ടിവന്നു. അതുപോരാതെ മാപ്പപേക്ഷയും നല്‍കേണ്ടിവന്നു. കാരണമെന്താണെന്നോ? ഛത്തീസ്ഗഡിനു പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചു എന്നതുതന്നെ. മോദിയെ ചീത്തവിളിക്കാനല്ലാതെ നല്ലൊരു വാക്കു പറയാന്‍ കോണ്‍ ഗ്രസ്സുകാരുടെ നാവുയരരുത് എന്നതാണ് പാര്‍ട്ടി തിട്ടൂരം. പാര്‍ട്ടിയുടെ സംസ്ഥാന ചുമതലക്കാരി ഷെല്‍ജയ്ക്കു മുമ്പില്‍ ആദ്യം ക്ഷമാപണം നടത്തിയിരുന്നു. അതുകൊണ്ടൊന്നും പാര്‍ട്ടിക്ക് ക്ഷമിക്കാനായില്ല. എ.ഐ.സി.സിയില്‍ വിളിച്ചുവരുത്തിയാണ് ക്ഷമാപണം നടത്തിച്ചത്. ഉപമുഖ്യമന്ത്രി എന്ന നിലയ്ക്ക് സിംഗ് ദിയോ പറയുന്നത് നാട്ടുകാര്‍ വിശ്വസിച്ചുകളയും എന്നതാണ് കോണ്‍ഗ്രസ്സിനുപേടി. അദ്ദേഹത്തിന്റെ പ്രസ്താവന കോണ്‍ഗ്രസ്സിനു വലിയ ക്ഷതം വരുത്തിക്കഴിഞ്ഞു എന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജൂന്‍ ഗാര്‍ഗെ വിലയിരുത്തിയത്.
”ഞങ്ങള്‍ കേന്ദ്രസര്‍ക്കാരിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്രം ഏതെങ്കിലും വിവേചനം കാട്ടിയതായി തോന്നുന്നില്ല” എന്നാണ് സിംഗ്ദിയോ പറഞ്ഞത്. എന്തു പദ്ധതി കിട്ടിയാലും ശരി കേന്ദ്രം അവഗണിക്കുന്നേയെന്നു പറയണമെന്നാണ് പാര്‍ട്ടി നയം. എന്നാല്‍ കോണ്‍ഗ്രസ്സിനകത്തു തന്നെ ചില നേതാക്കള്‍ ഈ സമീപനത്തിനു എതിരാണ്. സര്‍ക്കാരിന്റെ ഭാഗമാകുമ്പോള്‍ പറയേണ്ടതും പാര്‍ട്ടിയുടെ ഭാഗമാകുമ്പോള്‍ പറയേണ്ടതും ഒരുപോലെയാണെന്നു കരുതാനാവില്ല എന്നാണ് അവരുടെ പക്ഷം. ജനാധിപത്യ ബോധമുള്ള ജനം ഇതൊക്കെ തിരിച്ചറിയും. തിരഞ്ഞെടുപ്പില്‍ പ്രകടിപ്പിക്കുകയും ചെയ്യും.