2023 സപ്തംബര്‍ 13ന് രാവിലെ പ്രാന്തകാര്യാലയത്തില്‍ നിന്നും അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുകുന്ദനെ കാണാന്‍ പുറപ്പെടുമ്പോഴാണ് മുകുന്ദന്‍ എന്നെന്നേക്കുമായി യാത്രയായി എന്ന വാര്‍ത്ത വന്നത്. പെട്ടെന്നുള്ള വേര്‍പാടിന്റെ വിവരം കുറച്ച് സമയം മനസ്സില്‍ വല്ലാത്ത അസ്വസ്ഥത സൃഷ്ടിച്ചു.
1967 മുതല്‍ 2007 വരെ സഹപ്രവര്‍ത്തകരായി പ്രവര്‍ത്തിച്ച കാലഘട്ടത്തിലെ ഒട്ടനവധി സ്മരണകള്‍ മനസ്സിലുണരുന്നു. 1965-ലെ കാലടി ഓടിസിയില്‍ (സം.ശി.വ.) വെച്ചാണ് മുകുന്ദനെ ആദ്യമായി പരിചയപ്പെട്ടത്. 1967ല്‍ ഞാന്‍ ആലപ്പുഴ ജില്ലാ പ്രചാരകനായിരിക്കുമ്പോഴാണ് മുകുന്ദന്‍ ചെങ്ങന്നൂരില്‍ താലൂക്ക് പ്രചാരകനായി വന്നത്. പിന്നീട് ദീര്‍ഘകാലം ഞങ്ങള്‍ ജില്ലാ, വിഭാഗ്, പ്രാന്ത തലങ്ങളില്‍ ചുമതലക്കാരായി ആത്മമിത്രങ്ങളായി പ്രവര്‍ത്തിച്ചു. സി.പി. ജനാര്‍ദ്ദനന്‍, പി.കെ. ചന്ദ്രശേഖര്‍ജി, മുകുന്ദന്‍ എല്ലാവരുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചകാലം മനസ്സിലൊരിക്കലും മായാത്ത മുദ്രപതിപ്പിച്ച ഒരു കാലഘട്ടമാണ്.
സമര്‍ത്ഥ സംഘാടകന്‍
മുകുന്ദന്‍ പ്രവര്‍ത്തിച്ച എല്ലാ സ്ഥലങ്ങളിലും സംഘവികാസത്തിനും, കാര്യകര്‍ത്താ നിര്‍മ്മാണത്തിനും കൊടുത്ത ശ്രദ്ധ അദ്ദേഹത്തിന്റെ അസാമാന്യ സംഘാടന നൈപുണ്യത്തിന്റെ കരുത്ത് തെളിയിക്കുന്നതാണ്. കമ്മ്യൂണിസ്റ്റ് ശക്തികേന്ദ്രങ്ങളായിരുന്ന ചെങ്ങന്നൂരിലെ വെണ്‍മണി, ആലുവായിലെ മേല്‍ക്കാലടി പ്രദേശം, തൃശ്ശൂരിലെ പടിഞ്ഞാറന്‍ കടലോരമേഖല എന്നിവിടങ്ങളിലെല്ലാം കടന്നു കയറി സംഘശാഖകള്‍ ആരംഭിച്ച് സംഘത്തിന്റെ ശക്തികേന്ദ്രങ്ങളാക്കിത്തീര്‍ത്തത് മുകുന്ദന്റെ സമര്‍ത്ഥ സംഘാടനത്തിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. ഇതര മതസ്ഥരുടെ നിരന്തര ചൂഷണങ്ങള്‍ക്ക് വിധേയരായി കഴിയേണ്ടിവന്ന, സാധാരണ കല്‍പ്പണിക്കാര്‍, മരപ്പണിക്കാര്‍, മറ്റ് കൂലിവേല ചെയ്യുന്നവര്‍ എന്നിവരെ സംഘടിതരാക്കി ആത്മാഭിമാനത്തോടെ ജീവിക്കാന്‍ മുകുന്ദന്‍ നടത്തിയ പരിശ്രമം വളരെ വലുതാണ്.
പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം
ആലുവ ഏലൂരിലെ നാറാണത്ത് ക്ഷേത്ര മൈതാന സംരക്ഷണം, കൊല്ലം കരുനാഗപ്പള്ളി പുതിയകാവ് ക്ഷേത്ര മൈതാന സംരക്ഷണം, തിരുവനന്തപുരം ശംഖുമുഖം (ശ്രീപത്മനാഭക്ഷേത്രം ആറാട്ട് കടവ്) പോപ്പ് വേദിയാക്കാന്‍ നടത്തിയ ശ്രമത്തിനെതിരെ നടത്തിയ പ്രക്ഷോഭം, മാറാട് കടപ്പുറത്തെ ഹിന്ദുകൂട്ടക്കൊലക്കെതിരെ നടന്ന സമര പരിപാടികള്‍, ക്ഷേത്രങ്ങള്‍ രാഷ്ട്രീയ മുക്തമാക്കാന്‍ നടന്ന കേരള വ്യാപക ജനജാഗരണ യാത്ര തുടങ്ങിയവ മുകുന്ദന്‍ നേതൃത്വം നല്‍കിയ പ്രക്ഷോഭ പരിപാടികളില്‍ ചിലതു മാത്രം.
കേരള സംഘചരിത്രത്തിലെ ഒട്ടനവധി ഐതിഹാസിക പരിപാടികളുടെ സംഘാടന നേതൃത്വം മുകുന്ദന്‍ അവിസ്മരണീയ മുഹൂര്‍ത്തങ്ങളാക്കി മാറ്റിയിട്ടുണ്ട്. 1975 ഫെബ്രുവരിമാസം തൃശ്ശൂരില്‍ നടന്ന പ്രാന്തീയ കാര്യകര്‍തൃ ശിബിരത്തോടനുബന്ധിച്ച് നടന്ന പഥസഞ്ചലനം; അതുകണ്ട് പ്രമുഖപത്രങ്ങള്‍ എഴുതിയത് ആര്‍.എസ്.എസ്. എന്നത് കേരളത്തില്‍ നുള്ളിക്കളയാന്‍ പറ്റാത്ത ശക്തിയാണെന്ന് ഇതോടെ തെളിയിച്ചിരിക്കുന്നു എന്നാണ്. 2000 ആളുകള്‍ പങ്കെടുത്ത ശിബിരത്തിന്റെ സമാപന പൊതുപരിപാടിയില്‍ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് 35000ത്തിലധികം അമ്മമാരും അനുഭാവികളും പങ്കെടുത്തിരുന്നു. ആ കാലഘട്ടത്തില്‍, അടിയന്തിരാവസ്ഥക്ക് മുന്‍പു തന്നെ കേരളത്തില്‍ ആഭ്യന്തരമന്ത്രി നേരിട്ടിടപെട്ട് – സംഘശാഖയെ തടസ്സപ്പെടുത്താന്‍ സംഘസ്ഥാനില്‍ കയറി ധ്വജം വരെ എടുത്തുകൊണ്ടുപോകുന്നതുള്‍പ്പെടെയുള്ള പരിശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. തൃശ്ശൂരിലെ പരിപാടി പരാജയപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടിക്കണ്ട് തൃശ്ശൂരിലെ സാമൂഹ്യ ജനജീവിത മണ്ഡലത്തിലെ ഏറ്റവും പ്രമുഖരായവരെ ഉള്‍പ്പെടുത്തി നടത്തിയ സ്വാഗതസംഘ രൂപീകരണം മുകുന്ദന്റെ ദീര്‍ഘവീക്ഷണം വിളിച്ചോതുന്നതാണ്.
ആഗോള കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് കേരളത്തിലെ യുവാക്കളെ ലക്ഷ്യം വച്ച് തൃശ്ശൂരില്‍ത്തന്നെ തേക്കിന്‍കാട് മൈതാനത്തു നടന്ന യുവസംഗമം, 1986ല്‍ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ഹിന്ദുസംഗമം, അതിന് മുന്നോടിയായി നടന്ന പുത്തരിക്കണ്ടം മൈതാനത്തിലെ ശുചിത്വപരിപാടി, പൂന്തുറ കലാപം നടന്ന സമയത്തുണ്ടായ ഹിന്ദുസംരക്ഷണവും, ചെറുത്തുനില്‍പ്പും തുടങ്ങിയവയെല്ലാം മുകുന്ദന്റെ നേതൃപാടവം തെളിയിക്കുന്നവയാണ്.
പ്രവര്‍ത്തിച്ച സ്ഥലങ്ങളിലും, മേഖലകളിലുമെല്ലാം വ്യക്തിപരമായും കുടുംബപരമായും സൃഷ്ടിച്ച ആത്മബന്ധം ജീവിതാവസാനം വരെ കാത്തുസൂക്ഷിച്ച വ്യക്തിത്വമാണ് മുകുന്ദന്റേത്. പ്രായഭേദമന്യേ എല്ലാവരേയും സ്വന്തം കുടുംബാംഗത്തെ പോലെ കണ്ടു.
കക്ഷി രാഷ്ട്രീയത്തിനതീതമായി, എല്ലാവരുടേയും സൗഹൃദം നേടാന്‍ തക്കതരത്തിലുള്ള ബന്ധം മുകുന്ദന്‍ പുലര്‍ത്തിയിരുന്നു. രാജനൈതിക രംഗം, മറ്റ് സാമൂഹിക, സാംസ്‌കാരിക, കലാരംഗം എന്നിവിടങ്ങളിലെല്ലാമുള്ള പ്രമുഖ വ്യക്തികളുമായി വലിയ ഒരു സുഹൃദ്ബന്ധം സ്ഥാപിക്കുവാനും മുകുന്ദന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു.
കേരളത്തിലെ സാമൂഹ്യമണ്ഡലത്തില്‍ സംഘടനാപ്രവര്‍ത്തനത്തിലൂടെ ചിരപ്രതിഷ്ഠനേടിയ മുകുന്ദന്റെ ജീവിതം എന്നെന്നും പ്രചോദനവും പ്രേരണാദയകവുമാണ്. ആ ധ്യേയ സമര്‍പ്പിത ജീവിതത്തിനുമുമ്പില്‍ നമുക്ക് ശ്രദ്ധാഞ്ജലികളര്‍പ്പിക്കാം.